രാവിലെ 10 ഡിഗ്രി തണുപ്പുണ്ടായിരുന്നെങ്കിലും രാത്രി തെർമൽ സോക്സ് ധരിച്ച് സ്ലീപ്പിങ്ങ് ബാഗിൽ കിടന്നതുകൊണ്ട് ഭാഗിയുടെ ഉള്ളിൽ കാര്യമായ തണുപ്പ് തോന്നിയില്ല. പക്ഷേ പ്രഭാത കൃത്യങ്ങൾക്കായി സ്ലീപ്പിങ്ങ് ബാഗിൽ നിന്ന് പുറത്ത് കടന്നതും തണുപ്പിന്റെ കാഠിന്യം അറിഞ്ഞു.
തണുപ്പ് കാരണം, ഭാഗിയുടെ അടുക്കളയിലെ വെളിച്ചെണ്ണക്കുപ്പി ദിവസവും ചൂടാക്കേണ്ടി വരുന്നു എന്നതൊരു പ്രശ്നമാണ്. വെളിച്ചെണ്ണയ്ക്ക് പകരം ഈ നാട്ടിലെ മറ്റെന്തെങ്കിലും എണ്ണ കുപ്പിയിൽ നിറക്കേണ്ടി വരും.
50 കിലോമീറ്റർ ദൂരത്തുള്ള ഡീഗ് കോട്ടയിലേക്കാണ് ഇന്നത്തെ യാത്ര. ഒരു മണിക്കൂറോളം സഞ്ചാരമുണ്ട്. കോട്ടയുടെ രണ്ട് കവാടങ്ങൾക്കുള്ളിലേക്ക് വാഹനം ഓടിച്ചുകയറ്റി അകത്ത് പാർക്ക് ചെയ്യാം എന്നതാണ് സമതലത്തിൽ നിൽക്കുന്ന ഈ കോട്ടയിലെ ഒരു ഗുണം.
* ഡീഗ് കോട്ട സാമാന്യം വലിയ ഒന്നാണ്.
* ASI യുടെ കീഴിലാണ് ഇപ്പോൾ ഡീഗ് കോട്ട.
* കോട്ടയ്ക്ക് ചുറ്റും കിടങ്ങും അതിൽ വെള്ളവും ഉണ്ട്.
* കോട്ടയിൽ നാലിൽ അധികം പീരങ്കികൾ ഉണ്ട്. അതിൽ രണ്ടെണ്ണം 20 അടിയോളം നീളവും വണ്ണവും അതിനൊത്ത ഭാരവും ഉള്ള കൂറ്റൻ പീരങ്കികളാണ്.
* കോട്ടയ്ക്കുള്ളിൽ കൊട്ടാരവും ഉണ്ട്. നിലവിൽ അതിന്റെ അറ്റകുറ്റപ്പണികൾ നടക്കുകയാണ്. അതുകൊണ്ട് ആ ഭാഗത്തേക്ക് പ്രവേശനമില്ല.
* 1722ൽ മഹാരാജ ബദൻ സിങ്ങ് ആണ് ഈ കോട്ട ഉണ്ടാക്കിയത്.
* 1756ൽ മഹാരാജ സൂരജ് മാൾ ജാത്ത് ഡീഗ് കോട്ട പുതുക്കിപ്പണിതു.
* കോട്ടയ്ക്ക് 12 ഗോപുരങ്ങളും കൊത്തളങ്ങളും ഉണ്ട്.
* ജാത്ത് രാജവംശത്തിന്റെ രണ്ടാമത്തെ തലസ്ഥാനമായും വേനൽക്കാല വസതിയായും കോട്ടയും അതിനുള്ളിലെ കൊട്ടാരവും വർത്തിച്ചിരുന്നു.
* 1804ലെ ഡീഗ് – ബ്രിട്ടീഷ് പോരാട്ടത്തിന് ഈ കോട്ട സാക്ഷിയാണ്. വിജയം ബ്രിട്ടീഷുകാർക്ക് ആയിരുന്നു എന്നും ജാത്തുകൾക്ക് ആയിരുന്നു എന്നും രണ്ട് പക്ഷം കേൾക്കുന്നുണ്ട്. ഇക്കാര്യം സ്ഥിരീകരിക്കേണ്ടിയിരിക്കുന്നു.
* 20 അടിയോളം വീതിയുണ്ട് കോട്ട മതിലിന്. അതിന് മുകളിലൂടെ പൂർണ്ണമായും കോട്ടയെ ചുറ്റി നടക്കാൻ കഴിയും.
നന്നായി സമയമെടുത്ത് ഞാൻ ഓരോ കൊത്തളങ്ങൾക്ക് മുകളിലൂടെയും നടന്നു. എല്ലാ പീരങ്കികളും പരിശോധിച്ചു. കൊട്ടാരത്തിന്റെ ഭാഗത്ത് പുതുക്കിപ്പണി നടക്കുന്നതുകൊണ്ട് അങ്ങോട്ട് പോകാൻ പറ്റുന്നില്ല എന്നത് നിരാശനാക്കി.
രാജസ്ഥാനിൽ സമതലത്തിലുള്ള മിക്കവാറും കോട്ടകൾക്ക് കിടങ്ങുകൾ ഉണ്ടെന്നത് ശ്രദ്ധേയമാണ്. ഭരത്പൂരിൽ ഇന്നലെ സന്ദർശിച്ച ലോഹഗഡ് കോട്ടയുടേയും ഇന്ന് സന്ദർശിച്ച ഡീഗ് കോട്ടയുടെയും കിടങ്ങുകളിലൂടെ ഒഴുകുന്നത് നഗരത്തിലെ മുഴുവൻ മാലിന്യവും കലർന്ന ജലമാണ്.
ഇന്നായിരുന്നെങ്കിൽ കോട്ട കീഴടക്കാനായി കിടങ്ങ് നീന്തിക്കടക്കാൻ പടയാളികൾ വിസമ്മതിക്കുമായിരുന്നു. പകരം, രാജാവ് തങ്ങളുടെ തല കൊയ്തോളൂ എന്നവർ സമ്മതിക്കാനും മതി. ആ മലിന ജലത്തിൽ വീഴുന്നതിലും ഭേദം രാജഖഡ്ഗം തന്നെ.
കോട്ടയിൽ നിന്ന് നോക്കിയാൽ, റോഡിന് മറുവശത്തായി തടാകക്കരയിൽ ജൽമഹൽ കാണാം. ഡീഗിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന ഒരു ഘടകമാണ് രാജകുടുംബാംഗങ്ങളുടെ വേനൽക്കാല വസതി കൂടെ ആയിരുന്ന ജൽമഹൽ. കൊട്ടാരത്തിന്റെ ഉദ്യാനത്തിലും പരിസരങ്ങളിലും അങ്കണങ്ങളിലും അകത്തളങ്ങളിലും വരെ ഫൗണ്ടനുകൾ കൊണ്ട് സമ്പന്നമാണ് ജൽമഹൽ. ഒരു വശത്ത് കൃത്രിമമായി നിർമ്മിച്ച രൂപസാഗർ തടാകം കൂടെ ആകുമ്പോൾ ജൽമഹൽ എന്ന പേര് അന്വർത്ഥമാകുന്നു.
* 1772ൽ മഹാരാജ സൂരജ് മാൾ ജാത്ത് ആണ് ജൽമഹൽ നിർമ്മിച്ചത്.
* നിലവിൽ ഇതിനകത്തെ മൂന്ന് മഹലുകൾ മ്യൂസിയങ്ങൾ ആയി പ്രവർത്തിക്കുകയാണ്.
* കേശവ് ഭവനിൽ, കൊട്ടാരത്തിലെ മരം ഉരുപ്പിടികളും രാജാക്കന്മാരുടെ ചിത്രങ്ങളും പ്രദർശിപ്പിച്ചിരിക്കുന്നു.
* നന്ദു ഭവനിൽ ഗുസ്തി നടത്തിയിരുന്ന അഘാടയാണ് ഉള്ളത്.
* ഗോപാൽ ഭവനാണ് കൂട്ടത്തിൽ ഏറ്റവും ഭംഗിയുള്ള മ്യൂസിയം. രാജാവിന്റെ ദർബാർ, അദ്ദേഹത്തിൻ്റെ വിശാലമായ കിടപ്പുമുറി, അലമാരകൾ, ചതുരംഗ മുറി, പ്രൈവറ്റ് സെക്രട്ടറിയുടെ മുറി, എന്നിവ അൽഭുതം ജനിപ്പിക്കുന്നതാണ്.
* 30 അടിയോളം നീളമുള്ള ആറ് വിശറികളാണ് ഗോപാൽ ഭവൻ്റെ ദർബാറിന്റെ ഉത്തരത്തിൽ തൂങ്ങുന്നത്.
* നിർഭാഗ്യവശാൽ മൂന്ന് മ്യൂസിയങ്ങളിലും ഫോട്ടോഗ്രാഫി അനുവദിക്കുന്നില്ല.
* സ്ത്രീകൾക്ക് ഉല്ലസിക്കാൻ വേണ്ടി ഉണ്ടാക്കിയിട്ടുള്ളതാണ് സൂരജ് ഭവൻ.
സൂരജ് ഭവൻ്റെ മിനുക്ക് പണികൾ നടക്കുന്നുണ്ട്. അതിന്റെ അങ്കണത്തിൽ മരാമത്ത് പണി നടത്തുന്ന ജോലിക്കാർ കുളിക്കുകയും സോപ്പ് തേച്ച് വസ്ത്രങ്ങൾ കഴുകുകയും ചെയ്യുന്നു. രാജാവിന്റെ കാലത്താണെങ്കിൽ തല പോകുമായിരുന്ന പരിപാടിയാണത്.
ഡീഗ് കോട്ടയിൽ നിന്ന് മടങ്ങി ഭരത്പൂരിൽ എത്തിയശേഷം, ഭരത്പൂർ കോട്ടയിൽ ഒന്നുകൂടെ കറങ്ങണമെന്ന് ആഗ്രഹിച്ചിരുന്നു. പക്ഷേ തിരികെ എത്തിയപ്പോഴേക്കും സമയം അഞ്ച് മണിയായി. ഡീഗ് കോട്ടയിലും ജൽമഹലിലും ധാരാളം നടന്നത് കൊണ്ട് ചെറിയ ക്ഷീണം ഉണ്ടായിരുന്നു. ഞാൻ നേരെ ആർ.കെ റസ്റ്റോറന്റിലേക്ക് മടങ്ങി.
ക്യാമ്പ് മറ്റൊരു സ്ഥലത്തേക്ക് മാറ്റണമെന്ന ആഗ്രഹം ഇന്ന് നടപ്പിലാക്കാൻ നിവൃത്തിയില്ല. തൽക്കാലം അത്താഴവും കഴിച്ച്, തണുപ്പ് വാരിപ്പുതച്ച് ഇവിടെത്തന്നെ കൂടുന്നു.
ശുഭരാത്രി.