ഇന്ന് ചിങ്ങം ഒന്ന്; മലയാളികളുടെ പുതുവർഷം പ്രമാണിച്ച് മലയാളവുമായി ബന്ധപ്പെട്ട ഒരു കാര്യം ബോധിപ്പിക്കാൻ ആഗ്രഹിക്കുന്നു.
വയനാട്ടിലെ കുഞ്ഞഹമ്മദിക്ക എന്ന പൊതുപ്രവർത്തകനെ പലപ്രാവശ്യം ഞാൻ പരിചയപ്പെടുത്തിയിട്ടുണ്ട്. എങ്കിലും അദ്ദേഹവുമായി ബന്ധപ്പെട്ട് പറയാത്ത ചില കാര്യങ്ങൾ കൂടെ സൂചിപ്പിക്കാം.
രണ്ടാം ക്ലാസ് വരെ മാത്രമേ പഠിച്ചിട്ടുള്ളൂ എങ്കിലും നൂറുകണക്കിന് വിവരാവകാശ രേഖകൾ പല പല സർക്കാർ ഓഫീസുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും കത്തെഴുതി വാങ്ങിയിട്ടുള്ള ആളാണ് കുഞ്ഞഹമ്മദിക്ക. മുൻ പ്രസിഡണ്ട് ശ്രീ അബ്ദുൽ കലാമിന് പോലും കത്തെഴുതി അതിന്റെ മറുപടി കൈപ്പറ്റിയിട്ടുണ്ട് അദ്ദേഹം. കലാമിന് അടക്കമുള്ള മേൽപ്പടി എല്ലാ കത്തുകളും എഴുതിയിട്ടുള്ളത് മലയാള ഭാഷയിലാണ്. അതിന്റെ മറുപടി ലഭിച്ചിട്ടുള്ളതും മലയാളത്തിൽത്തന്നെ. അതിനർത്ഥം ഏത് ഭാഷയിലുള്ള കത്ത് ലഭിച്ചാലും രാഷ്ട്രപതിയുടെ ഓഫീസിൽ അത് തർജ്ജിമ ചെയ്ത് മറുപടി അയക്കാനുള്ള സംവിധാനമുണ്ട് എന്നുതന്നെയാണ്.
അങ്ങനെയുള്ള രാജ്യത്ത്, ഇന്ന് ചിങ്ങമാസം ഒന്നാം തീയതി കുഞ്ഞഹമ്മദിക്ക ഒരു വിവരാവകാശ കത്ത് രജിസ്റ്റർ ചെയ്ത് അയക്കാൻ വേണ്ടി സുൽത്താൻ ബത്തേരിയിലെ ചുങ്കം പോസ്റ്റ് ഓഫീസിൽ ചെന്നു. കത്തിന് അഡ്രസ്സ് എഴുതിയിരുന്നത് മലയാളത്തിലാണ്. അതുപോര വിലാസം ഇംഗ്ലീഷിൽ വേണമെന്ന് പോസ്റ്റ് ഓഫീസിലെ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടു. അദ്ദേഹം മലയാളിയല്ല, മലയാളം എഴുതാനും വായിക്കാനും അറിയില്ല എന്ന് കുഞ്ഞഹമ്മദിക്ക പറയുന്നു.
ഇന്ത്യൻ പ്രസിഡണ്ടിനു പോലും മലയാളത്തിൽ കത്ത് എഴുതിയിട്ടുള്ള കുഞ്ഞഹമ്മദിക്കയോട്, കേരളത്തിനകത്ത് ഒരു കത്ത് അയക്കാൻ ഇംഗ്ലീഷിൽ വിലാസം എഴുതണം എന്ന് പറഞ്ഞാൽ, രണ്ടാം ക്ലാസുകാരനായ കുഞ്ഞഹമ്മദിക്ക എവിടെ പോകും, എന്തുചെയ്യും ?
കേരളം സമ്പൂർണ്ണ സാക്ഷരത കൈവരിച്ചിട്ടുള്ളത് മലയാളത്തിലല്ലേ, ഇംഗ്ലീഷിൽ അല്ലല്ലോ? മാത്രമല്ല തനിക്ക് മലയാളം തന്നെ കാര്യമായി വഴങ്ങില്ല എന്നാണ് യാതൊരു സങ്കോചവുമില്ലാതെ കുഞ്ഞഹമ്മദിക്ക പറയുന്നത്. കത്തിലെ അഡ്രസ്സ് (ചിത്രത്തിൽ) വായിച്ചാൽ ആർക്കും അക്കാര്യം ബോദ്ധ്യമാകും.
ആവശ്യം തൻ്റേതായതുകൊണ്ട്, വെളിയിൽ എവിടെയോ പോയി പരസഹായത്തോടെ അഡ്രസ്സ് ഇംഗ്ലീഷിലാക്കി കുഞ്ഞഹമ്മദിക്ക കാര്യം സാധിച്ചു.
ഔദ്യോഗിക ഭാഷ മലയാളമാക്കാൻ സർക്കാർ തലത്തിൽ നീക്കങ്ങൾ നടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. പല സർക്കാർ ഓഫീസുകളിലും, മാസാമാസം മലയാളത്തിൽ എഴുതിയ കത്തുകളുടേയും രേഖകളുടേയും കണക്കെടുപ്പുണ്ട്. 100% ആണ് പലയിടങ്ങളിലേയും റിപ്പോർട്ടുകൾ. ചിലയിടങ്ങളിൽ സമ്മാനങ്ങൾ നൽകി മലയാളം കത്തിടപാടുകളെ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്.
ചില കോർപ്പറേറ്റ് ഭീമന്മാരുമായും ഇതര ഭാഷക്കാരുമായും ഇടപഴകുന്ന ഓഫീസുകളിൽ മാത്രമാണ് ഇംഗ്ലീഷിൽ കത്തിടപാടുകൾ തുടരുന്നത്.
ഇങ്ങനെയുള്ളപ്പോൾ പ്രൈമറി വിദ്യാഭ്യാസം മാത്രം ലഭിച്ചിട്ടുള്ള സാധാരണക്കാരായ മനുഷ്യർ ഇംഗ്ലീഷിൽ വിലാസം എഴുതണമെന്ന് ഏതെങ്കിലുമൊരു പോസ്റ്റ് ഓഫീസ് ജീവനക്കാരൻ നിഷ്ക്കർഷിക്കുന്നത് അനുചിതമല്ലേ, നിയമവിരുദ്ധമല്ലേ ? ഇതിനെതിരെ നടപടി ഉണ്ടാകേണ്ടതല്ലേ ?
ഇനിയിപ്പോൾ തപാൽ വകുപ്പ്, കേന്ദ്രസർക്കാറിന്റെ കീഴിലായതുകൊണ്ടാണോ ഇങ്ങനെ ?
എന്തായാലും മലയാള വർഷാരംഭത്തിൽ സാധാരണക്കാരനായ ഒരു മലയാളിയോട് കാണിച്ച ഈ പ്രവർത്തി മോശമായിപ്പോയി. ഇംഗ്ലീഷ് അറിയാത്തവർക്കുള്ളതല്ല ഈ നാടെങ്കിൽ അത് വളരെയേറെ മോശമായിപ്പോയി. എന്തെങ്കിലും നടപടി ഇക്കാര്യത്തിൽ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
ഇപ്പറഞ്ഞ കാര്യം ആർക്ക് വേണമെങ്കിലും സുൽത്താൻ ബത്തേരി യിലെ ചുങ്കം പോസ്റ്റോഫീസിൽ പോയി, വിലാസം മലയാളത്തിൽ എഴുതിയ ഒരു രജിസ്റ്റേഡ് കത്തയച്ച് ബോദ്ധ്യപ്പെടാവുന്നതാണ്.