മാലിന്യ വിഷയത്തിൽ സ്ഥാനാർത്ഥികൾ എന്ത് പറയുന്നു ?


66
ദ്ദേശ തിരഞ്ഞെടുപ്പിന്റെ ഒച്ചപ്പാടും ബഹളവും വീക്ഷിച്ചപ്പോൾ ശ്രദ്ധിക്കാനായ പ്രധാനം കാര്യം, തേഞ്ഞ് തേഞ്ഞ് ഇല്ലാതായ വികസനം എന്ന വാക്ക് തന്നെയാണ്.

‘ഇന്നാട്ടിൽ വികസനം ഒന്നും ഉണ്ടായിട്ടില്ല; അവർ ചെയ്യാത്ത വികസനം ഞങ്ങൾ ചെയ്യും; വികസനത്തുടർച്ചയുണ്ടാകാൻ ഞങ്ങളെ വിജയിപ്പിക്കൂ‘ എന്നിങ്ങനെ പോകുന്നു വികസനത്തെ വലിച്ചിഴച്ചുള്ള വോട്ട് പിടുത്തവും കസർത്തുകളും ?

അറിയാഞ്ഞിട്ട് ചോദിക്കുകയാണ്. പശ്ചിമഘട്ടത്തിനും അറബിക്കടലിനും ഇടയിൽ നിന്ന് എങ്ങോട്ടാണ് നിങ്ങളിനി ഈ സംസ്ഥാനത്തെ വികസിപ്പിക്കാൻ പോകുന്നത് ? വികസനമെന്നാൽ നിർമ്മിതികൾ മാത്രമാണ് നിങ്ങൾക്ക്. റോഡ്, കാന, പാലം, ബസ്സ് ഷെഡ്, പാവങ്ങൾക്ക് വീട്, സ്കൂൾ കെട്ടിടം എന്നിങ്ങനെ വിവിധതരം നിർമ്മിതികൾ മാത്രമല്ലേ നിങ്ങളുദ്ദേശിക്കുന്ന വികസനം ?

ഇപ്പറഞ്ഞ നിർമ്മിതികൾക്കെല്ലാം നിങ്ങൾ കമ്മീഷൻ അടിക്കുന്നില്ലേ ? ഏത് കോണ്ട്രാൿടറുടെ ബില്ലാണ് കമ്മീഷൻ വാങ്ങാതെ നിങ്ങൾ പാസ്സാക്കി കൊടുത്തിട്ടുള്ളത്. പാവങ്ങൾക്ക് വീടുണ്ടാക്കി കൊടുക്കുന്നതിൽ പോലും കോടികൾ കമ്മീഷനടിച്ച് അതിന്റെ പങ്കും പറ്റി ബാക്കിയുള്ള തുകയ്ക്ക് നിർമ്മിതി നടത്തിയതിന്റെ പേരിലല്ലേ ഇപ്പോൾ അന്വേഷണങ്ങൾ നടക്കുന്നത് ? പാലാരിവട്ടം പാലത്തിന്റെ കഥ ഇനിയും പറയിപ്പിക്കരുത്. വികസനമെന്ന് പറഞ്ഞ് നിങ്ങൾ പണിത ഏത് റോഡാണ് ഒരു കൊല്ലത്തിലധികം നിലനിന്നിട്ടുള്ളത്. നല്ലൊരു റോഡ് ഏതെങ്കിലും കേരളത്തിൽ ഉണ്ടെങ്കിൽ അതിന്റെ കോണ്ട്രാൿടർ ആത്മഹത്യ ചെയ്തിട്ടുമില്ലേ ?

സ്ക്കൂളുകളുണ്ടാക്കി എന്ന് കൊട്ടിഘോഷിക്കുന്നുണ്ട് കുറേ വികസനക്കാർ. കൈകൊണ്ട് അമർത്തുമ്പോൾ ആ സ്ക്കൂൾ കെട്ടിടങ്ങളുടെ ചുമർ അടർന്ന് വീഴുന്ന രംഗങ്ങൾ ഇഷ്ടം പോലെ പ്രചരിക്കുന്നുണ്ട് ഓൺലൈനിൽ. അതിനകത്തേക്ക് കുട്ടികളെ പഠിക്കാൻ വിടുന്ന മാതാപിതാക്കളുടെ ആർത്തലച്ചുള്ള കരച്ചിലിന്റെ രംഗങ്ങളാകും അധികം വൈകാതെ കാണേണ്ടി വരുക. അങ്ങനെ സംഭവിക്കാതിരിക്കണമെങ്കിൽ ആ കെട്ടിടങ്ങലെല്ലാം ബഹു: ഈ. ശ്രീധരനെപ്പോലെ ആരെങ്കിലും പരിശോധിച്ച് ഉപയോഗ യോഗ്യമാണെന്ന് ഉറപ്പ് വരുത്തേണ്ടിയിരിക്കുന്നു.

ഇതൊക്കെയല്ലേ നിങ്ങൾ പറയുന്ന വികസനം ? നിങ്ങളുടെ സ്വന്തം പോക്കറ്റ് വികസനവും പാർട്ടിഫണ്ട് വികസനവുമാണ് യഥാർത്ഥത്തിൽ നടക്കുന്നതെന്ന് ആർക്കാണ് അറിയാത്തത്.

കുറ്റം സമ്മതിദായകരുടെ പക്ഷത്തും ഉണ്ട്. വികസനമെന്ന് പറഞ്ഞ് വോട്ട് പിടിക്കാൻ വരുന്നവരോട് ഏതെങ്കിലും സമ്മതിദായകൻ ഇതുവരെ ചോദിച്ചിട്ടുണ്ടോ, വികസിച്ച് വികസിച്ച് പൊട്ടാറായി നിൽക്കുന്ന ഇന്നാട്ടിലെ മാലിന്യസംസ്ക്കരണത്തിന്റെ കാര്യത്തിൽ നിങ്ങളെന്ത് നിലപാടാണ് സ്വീകരിക്കുകയെന്ന്. അങ്ങനെ മാലിന്യനിർമ്മാജ്ജനത്തെക്കുറിച്ച് സംസാരിക്കുന്ന, മാലിന്യസംസ്ക്കരണത്തിന് നടപടി ഉറപ്പ് തരുന്ന ഏതെങ്കിലും സ്ഥാനാർത്ഥിയെ നിങ്ങളിതുവരെ ടീവിയിലോ പത്രത്തിലോ കണ്ടോ ? കണ്ടെങ്കിൽ എനിക്ക് കൂടെ കാണിച്ച് തരൂ. ഞാനെങ്ങും അങ്ങനെ ഒരു സ്ഥാനാർത്ഥിയേയോ പാർട്ടിയേയോ കണ്ടില്ല.

ജയിച്ചാൽ, സ്വന്തം വാർഡിലെ മാലിന്യസംസ്ക്കരണ വിഷയം പരിഹരിക്കാൻ ആകുന്നില്ലെങ്കിൽ മാലിന്യം മുഴുവൻ അവരുടെ വീട്ടുപടിക്കൽ കൊണ്ടിട്ടോളൂ എന്ന് സമ്മതിച്ച് വരുന്ന സ്ഥാനാർത്ഥിക്കുള്ളതാണ് നിങ്ങളുടെ വോട്ട്, എന്ന് നേരിട്ടും സോഷ്യൽ മീഡിയ വഴിയും പറയാനും പ്രവർത്തിക്കാനും സമ്മതിദായകർ തയ്യാറാണോ?

പ്രശ്നങ്ങൾ അവതരിപ്പിച്ചപ്പോൾ റോഡിനും പാലത്തിനും വീടിനും ചോർന്നൊലിക്കുന്ന കൂരയ്ക്കും പുറമേ മാലിന്യവിഷയം കൂടെ അവതരിപ്പിച്ചിട്ടില്ലെങ്കിൽ കുറ്റം സമ്മതിദായകന്റേത് തന്നെയാണ്. അങ്ങനെയാണ് നിങ്ങളർഹിക്കുന്ന ഭരണകർത്താക്കളെ നിങ്ങൾക്ക് കിട്ടുന്നത്, അഥവാ നിങ്ങൾ തിരഞ്ഞെടുക്കുന്നത്.

വികസനം എന്ന് പറഞ്ഞാൽ കുറേ നിർമ്മിതികൾ മാത്രമല്ല. ആ നിർമ്മിതികളിൽ ജീവിക്കുകയും പെരുമാറുകയും ചെയ്യുന്ന മനുഷ്യന്മാർ അവിടെ സൃഷ്ടിക്കുന്ന മാലിന്യം, പ്രകൃതിയ്ക്കും സ്വയം അതേ മനുഷ്യർക്കും ശല്യമാകാൻ ഇടവരുത്താതെ സംസ്ക്കരിക്കുന്നതും വികസനമാണ്.

വാൽക്കഷണം:- മാലിന്യക്കൂമ്പാരങ്ങൾ നന്നായി വികസിച്ചിട്ടുണ്ട്. അത് പറയാതിരിക്കാൻ വയ്യ.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>