ഇന്നെനിക്ക് അവധി ദിവസമാണ്. എന്നുവെച്ചാൽ, കോട്ടകൾ ഒന്നും സന്ദർശിക്കുന്നില്ല. പക്ഷേ, കോട്ട ജില്ലയിൽ നിന്ന് 250 കിലോമീറ്ററോളം സഞ്ചരിച്ച് ജയ്പൂരിൽ എത്തേണ്ടതുണ്ട്. ജയ്പൂരിൽ നിന്ന് 140 കിലോമീറ്റർ ദൂരമുണ്ട് അടുത്ത ഹബ്ബായ അൽവാറിലേക്ക്. ഇതെല്ലാം ഒറ്റ ദിവസം കൊണ്ട് സഞ്ചരിക്കാൻ ഉദ്ദേശമില്ല. ആയതിനാൽ, ഇന്ന് രാത്രി ജയ്പൂരിൽ തങ്ങുന്നു. നാളെ അൽവാറിലേക്ക്.
കേരളത്തിൽ നിന്ന് രാജസ്ഥാൻ കാണാൻ, എൻ്റെ രണ്ടാമത്തെ സഹോദരിയുടെ സഹപാഠി, ആഷ ബോസും കുടുംബവും ജയ്പൂരിൽ എത്തിയിട്ടുണ്ട്. അവരെ കാണുന്നതും ഒരു ലക്ഷ്യമാണ്. നാല് മലയാളികളെ ഒരുമിച്ച് കണ്ടിട്ടും മിണ്ടീട്ടും ഇന്നേക്ക് 65 ദിവസം കഴിഞ്ഞിരിക്കുന്നു.
ബാപ്പു മാർക്കറ്റിൽ ഷോപ്പിംഗ് നടത്തിക്കൊണ്ടിരുന്ന ആ കുടുംബത്തെ അവിടെ ചെന്ന് കണ്ടു. ഒരുമിച്ച് ഉച്ചഭക്ഷണം കഴിച്ച ശേഷം ആ അഞ്ചംഗ കുടുംബത്തെ ഡൽഹിയിലേക്ക് യാത്രയാക്കി. കൊച്ചിയിൽ നിന്ന് ഡൽഹി വരെ വിമാനത്തിൽ സഞ്ചരിച്ച് അവിടന്ന് കാറ് വാടകയ്ക്ക് എടുത്താണ് അവർ രാജസ്ഥാനിൽ എത്തിയിരിക്കുന്നത്.
ജയ്പൂർ ബ്ലൂ ആർട്ട് എന്ന കടയിൽ നിന്ന് ചില സോവനീറുകൾ വാങ്ങിയശേഷം റെയിൽവേ കോളനിയിൽ, മഞ്ജു പരീക്കിൻ്റെ ക്വാർട്ടേഴ്സിലേക്ക് തിരിച്ചു. അവിടെയാണ് ഭാഗിയെ പാർക്ക് ചെയ്തിരിക്കുന്നത്.
ഒരു അവധി ദിവസം ഇതിൽ കൂടുതലായി ഒന്നുമില്ല.
നാളെ ഭാൻഗഡ് കോട്ടയിലേക്ക് പോകാനാണ് ഉദ്ദേശിക്കുന്നത്. ഭാൻഗഡ് ഏതാണ് കോട്ട എന്ന് മനസ്സിലായില്ലേ? ഭൂതപ്രേതയക്ഷികളുടെ ശല്ല്യം ഉണ്ടെന്ന് കരുതപ്പെടുന്ന ആൽവാർ പ്രവിശ്യയിലെ നിഗൂഡമായ ആ കോട്ട തന്നെ. എൻ്റെ നൂറാമത്തെ കോട്ട എന്ന എണ്ണം തികയ്ക്കാൻ അതിലും ഗംഭീരമായ മറ്റൊരു കോട്ടയുണ്ടോ?
ശുഭരാത്രി.