പ്രതികരണം

കളമശ്ശേരി കഞ്ചാവ് ടെക്നിക്


2
നുഭവം 1:- ഒരാഴ്ച മുൻപ് വാഹനത്തിന്റെ ഇൻഷുറൻസ് പുതുക്കാൻ, ഒരു സ്ഥാപനത്തിൽ ചെന്നപ്പോൾ അവിടെ മൂന്ന് നാല് ചെറുപ്പക്കാർ കയറി വന്നു.

ആ സ്ഥാപനത്തിൽ സ്വർണ്ണം പണയത്തിനെടുക്കുന്ന ഏർപ്പാടും ഉണ്ട്. ഒരു ചെറിയ കമ്മലിന്റെ ഭാഗം വിൽക്കാനാണ് അവർ വന്നിരിക്കുന്നത്. കടക്കാരൻ അത് വാങ്ങാതെ അവരെ പറഞ്ഞു വിട്ടു. ആ സമയം ഞാൻ ആ ചെറുപ്പക്കാരെ ശ്രദ്ധിക്കുകയായിരുന്നു. ആകെ എരിപിരി സഞ്ചാരം കൊണ്ട യുവാക്കൾ!

അവർ അവിടുന്ന് പോയതും കടക്കാരൻ എന്നോട് ഒരു കാര്യം പറഞ്ഞു. “മരുന്നടി ടീമാണ്. സ്ഥിരമായി താഴെ കവലയിൽ പ്രശ്നമുണ്ടാക്കുന്നവർ. അതുകൊണ്ടാണ് ഞാൻ സ്വർണ്ണം വാങ്ങാതിരുന്നത്.”

അനുഭവം 2:- കഴിഞ്ഞ ഞായറാഴ്ച ഇന്ത്യ-ന്യൂസിലൻഡ് ചാമ്പ്യൻസ് ട്രോഫി ഫൈനൽ നടക്കുന്ന സമയം. ലുലു മാളിൻ്റെ വിശാലമായ അങ്കണത്തിൽ വലിയ സ്ക്രീനിൽ അവസാന ഓവറുകൾ കണ്ടു നിൽക്കുന്ന ജനക്കൂട്ടത്തിൽ ഞാനുമുണ്ട്. അതിൽ ഒരു ചെറുപ്പക്കാരന്റെ ആംഗ്യവിക്ഷേപങ്ങളും കോപ്രായങ്ങളും നടത്തവും നൃത്തവും എല്ലാം വിചിത്രം.

അവൻ നിൽക്കുന്ന ഭാഗത്ത് 10 അടിയോളം വിട്ടുനിൽക്കുകയാണ് ജനങ്ങൾ. അവൻ ഇടയ്ക്കിടയ്ക്ക് ചീറ്റുന്നുണ്ട് അലറുന്നുണ്ട് നൃത്തം ചവിട്ടുന്നുണ്ട്, ആക്രോശിക്കുന്നുണ്ട്. ജനങ്ങളിൽ ചിലർ അവനെ ഭയത്തോടെ നോക്കുന്നു, ചിലർ ചിരിക്കുന്നു. അവന് അതൊന്നും പ്രശ്നമേയല്ല. മറ്റേതോ ലോകത്താണ് അവൻ. കളി പോലും അവൻ ശരിക്ക് ശ്രദ്ധിക്കുന്നില്ല.

ലഹരി സേവിക്കലും വില്പനയും ആൺകുട്ടികളെപ്പോലെ തന്നെ പെൺകുട്ടികൾക്കും ഉണ്ട് എന്നത് കൂടുതൽ ഞെട്ടിക്കുന്നു.

ലഹരി അടിച്ച ചെറുപ്പക്കാർ പോലീസുകാരെ അസഭ്യം പറയുന്നതും ആക്രമിക്കുന്നതും പലപല വീഡിയോകളിൽ കണ്ടു. അതെല്ലാം ലഹരി കൊടുക്കുന്ന ധൈര്യമാകാം അല്ലെങ്കിൽ പിന്നിൽ ശക്തരായ ആളുകൾ ഉണ്ടെന്നതിൻ്റെ ധൈര്യം. ക്യാമറയിൽ ചിത്രീകരണം നടക്കുന്നതുകൊണ്ട് തിരികെ ഒന്നും ചെയ്യാൻ പറ്റാതെ നിസ്സഹായരായ പോലീസുകാർ.

ലഹരി കിട്ടാതാകുമ്പോൾ ഉറക്കഗുളിക പോലുള്ള സാധനങ്ങളെ ആശ്രയിക്കുന്ന ചെറുപ്പക്കാർ അതും കിട്ടാതെ വന്നപ്പോൾ, തിരുവനന്തപുരം ഭാഗത്ത് ഒരു മെഡിക്കൽ ഷോപ്പ് തല്ലിത്തകർക്കുന്ന കാഴ്ചയും ഇന്നലെ കണ്ടു. അങ്ങനെയങ്ങനെ നേരിട്ട് അനുഭവമുള്ളതും അല്ലാത്തതുമായ എത്രയോ സംഭവങ്ങൾ.

വെളിയിൽ ഇറങ്ങാൻ നല്ല ഭയമാണ് ഇപ്പോൾ. നിരത്തിൽ വാഹനം ഓടിക്കുന്നവരിൽ നല്ലൊരു ശതമാനവും ലഹരി മരുന്നുകൾ കഴിച്ചവർ ആയിരിക്കാം. അവരുമായി തട്ടുകയോ മുട്ടുകയോ ചെയ്താലുള്ള അവസ്ഥ ആലോചിക്കാൻ വയ്യ. സ്വബോധത്തിൽ അല്ലാത്തതുകൊണ്ടും എന്തും ചെയ്യാനുള്ള ധൈര്യം, ലഹരി മരുന്നുകൾ അവർക്ക് നൽകിയിട്ടുള്ളത് കൊണ്ടും, തിരികെ വീട്ടിലെത്തിയാൽ മാത്രമാണ് ശ്വാസം നേരെ വീഴുന്നത്.

ഇന്നലെ രാത്രി കളമശ്ശേരി പോളിടെക്നിക്കിൽ നടന്ന റെയ്ഡിൽ 9 കിലോഗ്രാമിൽ അധികം കഞ്ചാവ് പിടിച്ചു എന്ന വാർത്ത കേട്ടാണ് നേരം പുലർന്നത്. എന്റെ വീട്ടിൽ നിന്ന് കഷ്ടി രണ്ട് കിലോമീറ്റർ ദൂരത്താണ് ഈ പറയുന്ന കളമശ്ശേരി പോളിടെക്നിക്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ റെയ്ഡ് നടത്തി കഞ്ചാവ് പിടിച്ച പോലീസിന് അഭിനന്ദനങ്ങൾ. പക്ഷേ പിടികൂടിയ വിദ്യാർത്ഥികൾക്കും മുകളിൽ ഒരു കണ്ണിയെ എങ്കിലും പിടിച്ചതായി തുടർവാർത്ത കൂടെ കേൾക്കണം. മേൽത്തട്ടിലേക്ക് അന്വേഷണം വ്യാപിക്കുമ്പോൾ പൊലീസിന് മുട്ടുവിറക്കുന്നില്ല എന്ന് ഉറപ്പു തരണം. അല്ലാതെയുള്ള ഈ കഞ്ചാവ് പിടുത്തമൊക്കെ കയ്യടി കിട്ടാൻ വേണ്ടിയുള്ളതായി മാത്രം കണക്കാക്കപ്പെടും.

പുറത്തുനിന്ന് ഒരു ഗ്ലാസ് വെള്ളമോ ജ്യൂസോ ഭക്ഷണമോ കഴിക്കാൻ ഭയമായി തുടങ്ങിയിരിക്കുന്നു. ഭക്ഷണത്തിൽ കലർത്തി തന്ന് അടിമകളാക്കുന്ന പരിപാടിയിലേക്ക് ഇവർ വ്യാപകമായി കടന്നാലുള്ള അവസ്ഥ എന്തായിരിക്കും? ഇതിന് അടിമപ്പെടില്ല എന്ന് തീർച്ചപ്പെടുത്തിയിരുന്ന എത്രയോ യുവാക്കൾ അങ്ങനെ ചതിയിൽപ്പെട്ട് അടിമപ്പെട്ടിട്ടുണ്ടാകാം?

ഈ തലമുറയുടെ അടുത്ത തലമുറ എങ്ങനെയായിരിക്കും എന്ന് ഇടയ്ക്ക് വെറുതെ ആലോചിക്കാറുണ്ട്. അച്ഛനും അമ്മയും മക്കളും ഒരുമിച്ചിരുന്ന് ലഹരി മരുന്ന് സേവിക്കുമായിരിക്കും!

ആലോചിച്ചാൽ ഒരു അന്തവും കുന്തവുമില്ല. ആലോചിക്കാതിരിക്കാനും ആവുന്നില്ല.
രാജ്യത്ത് ഏറ്റവും കൂടുതൽ മയക്കുമരുന്ന് കടന്നു വരുന്നത് ഗുജറാത്ത് വഴിയാണെന്ന്, കേജരിവാൾ കണക്കുകൾ നിരത്തുന്നതിൻ്റെ ഒരു വീഡിയോയുടെ കണ്ടിരുന്നു ഈയിടെ. അത് ശരിയാകാം അല്ലായിരിക്കാം. അതെന്തായാലും കേരളത്തിലേക്ക് മയക്കുമരുന്ന് കടന്നുവരുന്ന അതിർത്തികളേതെന്ന് നമുക്കറിയാം. സ്കൂൾ കോളേജ് ക്യാമ്പസുകളിലാണ് ഇത് കൂടുതലായി ചിലവഴിക്കപ്പെടുന്നതെന്നും ഇപ്പോൾ പകൽ പോലെ വ്യക്തമാണ്. അതിന് തടയിടാൻ ഈ സ്റ്റേറ്റിന് തന്നെയാണ് സാധിക്കുക. പക്ഷേ, നല്ല ഇച്ഛാശക്തി വേണം. മുഖം നോക്കാതെ നടപടിയെടുക്കാൻ പൊലീസിന് അധികാരം കൊടുക്കണം. പൊലീസുകാർക്കും സുരക്ഷ നൽകണം.

ഇതൊന്നും പറ്റുന്നില്ലെങ്കിൽ അടുത്ത അഞ്ചുവർഷത്തിനുള്ളിൽ, ‘ലഹരി മരുന്നുകളുടെ സ്വന്തം നാട് ‘ എന്ന് പേരുമാറ്റാൻ തയ്യാറായിക്കൊള്ളുക.

വാൽക്കഷണം:- കളമശ്ശേരി പോളിടെക്നിക്കിന്റെ പേരിൽ ഒരു വ്യത്യാസം എന്തായാലും വരുത്തണം. കളമശ്ശേരി കഞ്ചാവ് ടെക്നിക് എന്നതായിരിക്കും കൂടുതൽ യോജിക്കുക.

#antinarcotics