Monthly Archives: September 2008

palavaka-021

ഗിന്നസ് ബുക്ക് 2009


സ്വന്തമായിട്ട് ഒരു ഗിന്നസ് ബുക്ക് വേണമെന്നുള്ളത് കുറെ നാളായി കൊണ്ടുനടക്കുന്ന ആഗ്രഹമായിരുന്നു. അപ്പോളതാ ‘ഗിന്നസ് ബുക്ക് 2009‘ പാതിവിലയ്ക്ക് വില്‍ക്കുന്നു. ചാടിവീണ് ഒരു കോപ്പി കരസ്ഥമാക്കി.

വീട്ടിലെത്തി ഒന്ന് ഓടിച്ച് നോക്കി. പലപടങ്ങളെല്ലാം അത്ര ക്ലിയറല്ല. ‘ അതുകൊണ്ടാകും പകുതി വിലയ്ക്ക് തന്നതല്ലേ ? ‘ എന്ന് പുസ്തകക്കടയില്‍ വിളിച്ച് ചോദിക്കുന്നതിന് മുന്‍പ് വീണ്ടും പേജുകള്‍ മറിച്ചപ്പോഴാണ് അബദ്ധം മനസ്സിലാക്കിയത്. ക്ലിയറല്ലാത്ത പടമൊക്കെ ത്രിമാന ചിത്രങ്ങളാണ്. അത് നോക്കാനുള്ള ‘കുട്ടിച്ചാത്തന്‍ കണ്ണടയും‘ പുസ്തകത്തിനകത്തുണ്ട്. ആ വിവരം വെലുങ്ങനെ പുസ്തകത്തിന്റെ പുറത്ത് എഴുതിവെച്ചിട്ടുമുണ്ട്.(അക്ഷരാഭ്യാസമില്ലെങ്കില്‍ അങ്ങനിരിക്കും)

കണ്ണടയൊക്കെ ഫിറ്റാക്കി നോക്കിയപ്പോള്‍ നല്ല രസം. ദാണ്ടേ കുറെ സാധനങ്ങളൊക്കെ പുസ്തകത്താളില്‍ ജീവനോടിരിക്കുന്നപോലെ. ദേശസ്നേഹം കാരണം ഇന്ത്യാക്കാരെ ആരെയെങ്കിലും പുസ്തകത്തിലെ താളുകളില്‍ കാണുന്നുണ്ടോ എന്ന് തിരഞ്ഞു. ഒറ്റയടിക്ക് കണ്ടത് നാല് കാര്യങ്ങളാണ്.

ഷംഷേര്‍ സിങ്ങ് എന്ന സിക്കുകാരന്‍ 6 അടി നീളമുള്ള താടിയും പിടിച്ച് നില്‍ക്കുന്നുണ്ട്.

1,77,003 ഇന്ത്യന്‍ സ്കൂള്‍ കുട്ടികള്‍ രാജ്യത്തിന്റെ 380 ഭാഗങ്ങളില്‍ ഒരുമിച്ച് കൂടി കോള്‍ഗേറ്റ് പാമോലിവിന്റെ ചിലവില്‍ പല്ല് തേക്കുന്ന പടമൊരെണ്ണം കണ്ടു.

പിന്നെ രാജാരവിവര്‍മ്മയുടെ 11 പെയിന്റുങ്ങുകള്‍ പകര്‍ത്തിയ സാരി പുതച്ച ഒരു സുന്ദരിയുടെ പടം. 3,931,627 രൂപയ്ക്ക് വിറ്റുപോയ ഈ സാരിയുണ്ടാക്കാന്‍ ചെന്നയ് സില്‍ക്ക്‌സ് 4760 മണിക്കൂറുകള്‍ എടുത്തു.

സുഭാഷ് ചന്ദ്ര അഗര്‍വാളും ഭാര്യ മധു അഗര്‍വാളും ഗിന്നസ് ബുക്കിന്റെ സര്‍ട്ടിഫിക്കറ്റൊക്കെ പിടിച്ച്‍ നില്‍ക്കുന്ന ചിത്രമാണ് കൂടുതല്‍ ശ്രദ്ധിച്ചത്. ഇവര്‍ ഗിന്നസ് ബുക്കില്‍ കയറിപ്പറ്റിയത് കത്തുകള്‍ എഴുതിയാണ്. ഭര്‍ത്താവിന്റെ 3699 കത്തുകളും ഭാര്യയുടെ 447 കത്തുകളും ഇന്ത്യയിലെ 30ല്‍പ്പരം വിവിധ പത്രങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ടത്രേ !

വാല്‍ക്കഷണം :- ചുമ്മാ ബ്ലോഗെഴുതി സമയം കളയാതെ, കത്തെഴുതാന്‍ പോയിരുന്നെങ്കില്‍ ലിംകാ ബുക്കിലോ, ഗിന്നസ്സ് ബുക്കിലോ കയറിപ്പറ്റാമായിരുന്നു. ആകപ്പാടെ ഒരു കത്താണ് ഇതുവരെ എഴുതിയിട്ടുള്ളതെങ്കിലും,ആ അനുഭവത്തിന്റെ വെളിച്ചത്തില്‍ ഞാനെന്തായാലും ഒരു കൈ നോക്കാന്‍ തന്നെ തീരുമാനിച്ചു. താല്‍പ്പര്യമുള്ളവര്‍ക്ക് രണ്ട് കൈയ്യും നോക്കാം.