Monthly Archives: February 2012

marupiravi

മറുപിറവി


പ്പൽക്കമ്പനിയിലെ ഉദ്യോഗത്തിൽ നിന്ന് വിരമിച്ച് മുംബൈയിൽ വിസരജീവിതം നയിക്കുന്ന അരവിന്ദൻ നാട്ടിലേക്കൊരു യാത്രപുറപ്പെടുന്നത് വ്യക്തമായ ലക്ഷ്യത്തോടെയാണ്. പെരുമാൾ എന്ന മഹാരാജാസ് കോളേജ് സീനിയറും, ടൂറിസം വ്യവസായവുമായി ഈജിപ്റ്റിൽ പ്രവാസമനുഷ്ഠിക്കുന്ന ആസാദും, വ്യവസ്ഥാപിത വിദ്യാഭ്യാസത്തിൽ വിശ്വാസമില്ലാത്ത രാമഭദ്രനുമൊക്കെയായി കുറേ ദിവസങ്ങൾ നാട്ടിൽ തങ്ങി, നാടിന്റെ ചരിത്രത്തിലൂടെ പിന്നോട്ട് നടക്കുക, പ്രവാസജീവിതത്തിന്റെ മടുപ്പിൽ നിന്ന് കുറച്ച് കാലത്തേക്കെങ്കിലും രക്ഷപ്പെടുക എന്നതൊക്കെയാണ് ഉദ്ദേശങ്ങൾ. അരവിന്ദൻ എന്ന നായക കഥാപാത്രത്തിലൂടെ ഒരു നാടിന്റെ കഥ പറയുകയും ചരിത്രത്തിന്റെ ഉറുക്കഴിക്കുകയും ചെയ്യുമ്പോൾ, അത് സേതുവിന്റെ മറുപിറവി എന്ന നോവലായി മാറുന്നു.

കാലത്തിന്റെ കുത്തൊഴുക്കിൽ മണ്ണടിഞ്ഞുപോയ, മുചരി, മുചരിപ്പട്ടണം, മുസരീസ്, എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെട്ടിരുന്ന ഒരു പുരാതന തുറമുഖത്തിന്റെ ചരിത്രം, സാങ്കൽ‌പ്പിക കഥാപാത്രങ്ങൾക്കൊപ്പം ജീവിച്ചിരുന്ന കഥാപാത്രങ്ങളേയും ഉൾപ്പെടുത്തി അതീവ ഭംഗിയോടെ സന്നിവേശിപ്പിച്ചിരിക്കുന്നു മറുപിറവിയിൽ. മുസരീസ് തുറമുഖത്തിന്റെ പ്രാന്തപ്രദേശങ്ങളിലൊക്കെ കഥാകാരനടക്കം നമ്മൾ എല്ലാവരും കണ്ടും കേട്ടും അറിഞ്ഞിട്ടുള്ള പല പ്രമുഖരും നോവലിലെ കഥാപാത്രങ്ങളാണ്. സഹോദരൻ അയ്യപ്പനേയും, മഹാരാജാസ് കോളേജ് പ്രിൻസിപ്പാളായിരുന്ന ഭരതൻ മാഷിനേയും അഡ്വ:തോമസ് ഐസക്കിനേയും ശിവൻപിള്ളയേയും പോലുള്ള ചിലരെ മാത്രമേ വായനക്കാരനായ എനിക്ക് കേട്ടറിവുള്ളൂ. നോവലിസ്റ്റ് പക്ഷെ മുചരിയുടെ മക്കളെ ആരേയും വിട്ടുപോയിട്ടില്ല. സ്ക്കൂളിൽ അദ്ദേഹത്തിനൊപ്പം പഠിച്ചവരും നാട്ടിൽ അദ്ദേഹത്തിന്റെ ശ്രദ്ധിയാകർഷിച്ചിട്ടുള്ള അപ്രശസ്തരായവരും, പ്രശസ്തരെപ്പോലെ തന്നെ അവിടവിടെയായി കഥയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.

പാലിയം കൊട്ടാരത്തിന്റെ ചരിത്രവും പാലിയം സമരവുമൊക്കെ എന്താണെന്ന് ഊഹം പോലും ഇല്ലാത്തവർക്ക് മറുപിറവി ഒരു റഫറൻസ് ഗ്രന്ഥമായിത്തന്നെ പ്രയോജനപ്പെടും. മന്ത്രിയായിരുന്ന പാലിയത്തച്ചന്റെ, രാജാവിനേക്കാൾ കാര്യശേഷിയുള്ള പ്രവർത്തനങ്ങളും വേലുത്തമ്പി ദളവയുമായി ചേർന്നുള്ള നീക്കങ്ങളുമൊക്കെ ബഹുഭൂരിപക്ഷം വായനക്കാരും ഇതുവരെ കേൾക്കാത്ത ചരിത്രമായിരിക്കും. നമുക്കെല്ലാം കുറച്ചെങ്കിലും അറിയുന്ന, കൊച്ചിരാജാവും ഡച്ചുകാരും പറങ്കികളും ബ്രിട്ടീഷുകാരും സാമൂതിരിയുമൊക്കെ അടങ്ങുന്ന അത്രയേറെ പഴക്കമില്ലാത്ത കാലഘട്ടത്തിൽ നിന്നൊക്കെ ഒരുപാട് പിന്നോക്കം പോയി, കുരുമുളകിനായി യവനരും ഈജിപ്ഷ്യന്മാരും കേരളത്തിലെത്തിയിരുന്ന ഇരുളടഞ്ഞ ഒരു കാലത്തിന്റെ കഥയിലേക്ക് കൂടെയാണ് നോവൽ വെളിച്ചം വീശുന്നത്. ഇസ്രായേലിൽ നിന്ന് പാലായനം ചെയ്ത് കുടിയേറ്റക്കാരായി മുചരിയിൽ എത്തിയ യഹൂദന്മാർ, അവരുടെ അതിജീവനത്തിന്റെ കഥ, പൊന്നുവിളയുന്ന കേരളത്തിൽ നിന്ന് ഇസ്രായേൽ എന്ന തരിശുഭൂമിയിലേക്കുള്ള തിരിച്ചുപോക്കിന്റെ കഥ, ചിതറിപ്പോയവർ തലമുറകൾക്ക് ശേഷം സ്വന്തം മണ്ണിൽ തിരികെച്ചെന്നപ്പോൾ നേരിടേണ്ടി വന്ന ജീവിത യാഥാർത്ഥ്യങ്ങൾ, എന്നിങ്ങനെ മുചരിയുമായി ബന്ധപ്പെട്ടത് ചരിത്രമായാലും ഐതിഹ്യമായാലും ഒന്നും തന്നെ ലേഖകൻ ഒഴിവാക്കിയിട്ടില്ല. പാലിയത്തച്ചന്റെ വല്ലാർപാടം പള്ളിയുമായുള്ള മതമൈത്രി ബന്ധത്തിനൊപ്പം വല്ലാർപാടത്തെ അടിമ കിടത്തൽ ചടങ്ങിന്റെ ഐതിഹ്യവും നോവലിൽ സ്മരിക്കപ്പെടുന്നുണ്ട്.

കൊടുങ്ങല്ലൂർ കോവിലകത്തെ അന്തർജ്ജനങ്ങളുടെ ജീവിതത്തിലേക്ക് പോലും കമ്മ്യൂണിസ്റ്റ് പാർട്ടി വളർന്ന് കയറുന്നത്, ഒളിച്ചും പാത്തും വായിച്ചിരുന്ന പാർട്ടി പുസ്തകങ്ങളിൽ നിന്ന് ആവേശഭരിതരായി തമ്പുരാട്ടിമാരിൽ ചിലർ സമരമുഖങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നത്, എന്നിങ്ങനെ അക്കാലത്തെ വിപ്ലവകരമായ എല്ലാ സംഭവങ്ങളും കഥയുടെ ഭാഗമാണ്. ജലീലിനെപ്പോലുള്ള സഖാക്കളുടെ നിസ്സീമമായ പ്രവർത്തനങ്ങൾ, ടി.സി.എൻ. മേനോൻ (തെക്കേച്ചാലിൽ നാരായൺകുട്ടി മേനോൻ) എന്ന പ്രഗത്ഭ പാർലിമെന്റേറിയന്റെ അതിലേറേ പ്രാഗത്ഭ്യമുള്ള അഭിഭാഷണവൃത്തിയുടെ കഥകൾ, എന്നതൊക്കെ ചരിത്രം താൽ‌പ്പര്യമില്ലാത്തവർക്ക് പോലും അതീവ താൽ‌പ്പര്യത്തോടെ വായിച്ച് പോകാനാവും.

സ്പൈസ് റൂട്ടിലൂടെ കൊല്ലാകൊല്ലം സ്ഥിരമായി മുചരിത്തുറമുഖത്ത് എത്തിയിരുന്ന യവനരിൽ പ്രമുഖനായ ആഡ്രിയന് കിടക്ക വിരിച്ചിരുന്ന വടക്കോത്ത് തങ്കയും മകൾ പൊന്നുവും കാലചക്രം തിരിയുമ്പോൾ കഥാവശേഷരാകുന്നുണ്ടെങ്കിലും, പൊന്നുവിന്റെ മകൾ കുങ്കമ്മയെ ആധുനിക തുറമുഖമായ കൊച്ചഴി എന്ന കൊച്ചിയിലെ പ്രമുഖ വ്യവസായിയാക്കി മാറ്റുന്നുണ്ട് കഥാകാരൻ. മാണിക്കൻ, കിച്ചൻ എന്നീ ശക്തരായ കഥാപാത്രങ്ങളിലൂടെ മുചരിയുടെ കാർഷിക ഭൂപടത്തിലേക്കും, ആർക്കും വേണ്ടാത്ത കാട്ടുവള്ളിയിൽ പടർന്നിരുന്ന കുരുമുളക്, മുചരിയുടെ മുഖച്ഛായ തന്നെ മാറ്റിമറിച്ച സംഭവങ്ങളിലേക്കുമൊക്കെ കഥ കടന്നുചെല്ലുന്നു. ഇത്രയൊക്കെ പറഞ്ഞുപോകുന്ന ഒരു ഗ്രന്ഥത്തിൽ ചേന്ദമംഗലം കൈത്തറിയുടെ ചരിത്രവും വിശദമായി പ്രതിപാദിക്കുന്നുണ്ടെന്ന് പ്രത്യേകിച്ച് എടുത്തുപറയേണ്ടതില്ലല്ലോ ?

ലേഖകനെപ്പോലെ തന്നെ, വായനക്കാരനായ ഞാനും ഒരു മുചരിക്കാരനാണ്. മണ്ണിൽ‌പ്പുതഞ്ഞ് കിടക്കുന്ന മുചരിക്കഥകൾ വെളിയിൽ വരുന്നമ്പോഴൊക്കെ സാകൂതം വീക്ഷിക്കുന്ന ഒരാളെന്ന നിലയ്ക്ക്, വലിയൊരു അദ്ധ്വാനമാണ് മറുപിറവി എനിക്കൊഴിവാക്കിത്തന്നത്. ചിതറിക്കിടക്കുന്ന ചരിത്രമെല്ലാം ഒരിടത്തുനിന്ന് തന്നെ വായിക്കാം എന്ന സൌകര്യമാണത്. മുസരീസിന്റെ ചരിത്രം കിളച്ചെടുക്കാനായി സംഘകാല കൃതികൾ അടക്കം ലഭ്യമായ എല്ലാ ചരിത്രരേഖകളിലേക്കും, വ്യക്തികളിലേക്കും കൂന്താലിയുമായി ശ്രീ. സേതു ചെന്നുകയറിയിട്ടുണ്ട്.

ചരിത്രം എഴുതാൻ ബുദ്ധിമുട്ടാണ്, നോവലാകുമ്പോൾ അൽ‌പ്പം സ്വാതന്ത്ര്യമൊക്കെ എടുക്കാമല്ലോ എന്ന് രാമഭദ്രൻ എന്ന കഥാപാത്രം തന്നെ പറയുന്നുണ്ട്. എനിക്കതിനോട് യോജിക്കാനാവുന്നില്ല. ചരിത്രമാണെങ്കിൽ തലക്കെട്ടും ഇടക്കെട്ടുമൊക്കെയിട്ട് അദ്ധ്യായം തിരിച്ച് തിരിച്ച് പറഞ്ഞങ്ങ് പോയാൽ മതി. പക്ഷെ, ചരിത്രം ചികഞ്ഞെടുത്ത് 372 പേജുകളായി നീളുന്ന നോവലിലെ കഥാപാത്രങ്ങൾക്കിടയിൽ കാലയളവുകൾ തെറ്റാതെ അതിനെ സന്നിവേശിപ്പിക്കുക എന്നത് ഒരു ഭഗീരഥപ്രയത്നം തന്നെയാണ്. അതിൽ നോവലിസ്റ്റ് വിജയിച്ചിരിക്കുന്നു.

ഗോതുരുത്തിലെ മണ്ണിൽ വീണ തട്ടുങ്കൽ സാറ എന്ന ജൂതപ്പെണ്ണിന്റെ ചോരയെപ്പറ്റിയുള്ള പൊട്ടും പൊടിയുമൊക്കെ പലവട്ടം കേട്ടിട്ടുണ്ടെങ്കിലും, അതേപ്പറ്റി വിശദമായിട്ട് മനസ്സിലാക്കാൻ എനിക്കിതുവരെ സാധിച്ചിട്ടില്ല. അങ്ങനെയുള്ള ഒരുപാടൊരുപാട് സംഭവങ്ങൾ വള്ളിപുള്ളി വിടാതെ നോവലിൽ പിറവി കൊണ്ടിരിക്കുന്നു. നോവലിസ്റ്റിനോട് ഞാനടക്കമുള്ള എല്ലാ മുസരീസുകാരും, ചരിത്രത്തെ സ്നേഹിക്കുന്ന ഓരോ മലയാളിയും കടപ്പെട്ടിരിക്കുന്നു. ഓരോ പ്രദേശത്തും ഒന്നിടവിട്ടുള്ള തലമുറയിലെങ്കിലും ഒരു ചരിത്രകാരൻ ജനിക്കേണ്ടത് കാലത്തിന്റെ ആവശ്യമാണ്. മറുപിറവിയുടെ കഥാകാരൻ എന്നതിനേക്കാൾ ഉപരി, ചേന്ദമംഗലത്തിന്റേയും വടക്കൻ പറവൂരിന്റേയും ഗോതുരുത്തിന്റേയും കോട്ടപ്പുറത്തിന്റേയും കൊടുങ്ങല്ലൂരിന്റേയും പാലിയത്തിന്റേയുമൊക്കെ കഥകളും ചരിത്രവുമൊക്കെ രേഖപ്പെടുത്താൻ, ഈ തലമുറയിൽ പിറവിയെടുത്ത ചരിത്രകാരന്റെ സ്ഥാനമാണ് സേതുവിന് മുസരീസുകാർ കൊടുക്കേണ്ടത്. മറുപിറവിക്ക് ഒരു ചരിത്രനോവൽ എന്ന സ്ഥാനവും.

.