സിറ്റി പാലസ് ഒരു സമുച്ചയമാണ്. ഇന്നലെ ഞാൻ കണ്ട കൊട്ടാരം തന്നെയാണ് അതിലെ പ്രധാനം ആകർഷണം. അവിടന്ന് ടിക്കറ്റുകൾ വീണ്ടുമെടുത്താൽ ബോട്ടിൽ കയറി ജഗ് മന്ദിർ ഐലൻ്റ് പാലസിലേക്ക് പോകാം. അതേ സിറ്റി പാലസിൻ്റെ ഒരു ഭാഗത്ത് പ്രവർത്തിക്കുന്ന ഫത്തേ പ്രകാശ് പാലസിൽ കയറാം. പിന്നെയുള്ളത് ലേക്ക് പാലസ്. അതിൽ കയറണമെങ്കിൽ അവിടെ നടന്ന് പോരുന്ന പഞ്ചനക്ഷത്ര ഹോട്ടലിൽ മുറിയെടുക്കണം. ഈ പറഞ്ഞ എല്ലാ പാലസുകളിലേക്കും 500 രൂപയ്ക്ക് മുകളിൽ പ്രവേശന ഫീസ് ഉണ്ട്. സമുച്ചയത്തിന് അകത്ത് കയറാൻ മാത്രമാണെങ്കിൽ 50 രൂപ മതി.
ഇന്ന് ഞാൻ ലക്ഷ്യമിട്ടിരുന്നത് ജഗ് മോഹൻ ഐലൻ്റ് പാലസാണ്. ഇന്നലെ സൂചിപ്പിച്ചത് പോലെ ഓരോ കൊട്ടാരത്തിൻ്റേയും വിശദമായ ചരിത്രം പറയാൻ ഉദ്ദേശിക്കുന്നില്ല.
പതിനഞ്ചോളം പേർക്ക് ഇരിക്കാവുന്ന ബോട്ടിൽ ജഗ് മോഹൻ പാലസിലേക്ക് നേരിട്ട് കൊണ്ടുപോകുകയല്ല ചെയ്യുന്നത്. ലേക്കിൽ അത്യാവശ്യം ഒന്ന് ചുറ്റിയടിച്ച ശേഷമാണ് ജഗ് മോഹൻ പാലസിൽ ചെല്ലുക. അവിടേയും ഫൈഫ് സ്റ്റാർ മുറികളുണ്ട്. കൂടാതെ സാമാന്യം നല്ല തുക ചിലവാകുന്ന ഒരു റസ്റ്റോറൻ്റുമുണ്ട്. ആ കണക്ക് നോക്കി നിന്നാൽ ഒന്നും കഴിക്കാനാവില്ല. സമയം 2 മണി ആയതുകൊണ്ട് ഞാൻ ഉച്ചഭക്ഷണം ഓർഡർ ചെയ്തു. ഒരു കാട്ടി റോളിനും കട്ടൻ ചായയ്ക്കും കൂടെ 1100 രൂപ. അത് പക്ഷേ കുഴപ്പമില്ല എന്ന് കരുതണം. ഗ്രാൻ്റിലോ പാരഗണിലോ എപ്പോൾ വേണമെങ്കിലും പോയി നമുക്ക് കഴിക്കാം. അതുപോലെ ഏത് സമയത്തും ഈ ദ്വീപിൽ വന്ന് കഴിക്കാനാവില്ലല്ലോ.
ജഗ് മോഹൻ ഐലൻ്റിൽ കഴിഞ്ഞ് കരയിൽ വന്ന് ഫത്തേ പ്രകാശ് പാലസിലേക്ക് കയറി. ടാജ് ആണ് ഇപ്പോൾ ആ ഹോട്ടൽ നടത്തുന്നത്. അതിനകത്താണ് മേവാർ രാജാക്കന്മാരുടെ ക്രിസ്റ്റൽ ശേഖരമുള്ളത്. കപ്പ്, സോസർ, പ്ലേറ്റ് എന്ന് തുടങ്ങി, മേശ, കസേര, കട്ടിൽ, തൊട്ടിൽ, മച്ചിൽ ആടുന്ന വലിയ വിശറി എന്ന് വേണ്ട എന്തൊക്കെ ലോഹത്തിൽ ഉണ്ടാക്കാമോ അതെല്ലാം ക്രിസ്റ്റലിലും ഉണ്ടാക്കിയിട്ടുണ്ട് രാജാക്കന്മാർക്കും പ്രഭുക്കന്മാർക്കും വേണ്ടി. അതെല്ലാം കടൽ കടന്ന് വന്നത് തന്നെ. ഒന്നും രണ്ടുമല്ല, രാജാക്കന്മാർ ഉപയോഗിച്ചിട്ടുള്ള അത്രയും ക്രിസ്റ്റൽ വസ്തുക്കൾ അവിടെ പ്രദർശിപ്പിച്ചിരിക്കുന്നു. പക്ഷേ ഒന്നിൻ്റെ പോലും ഫോട്ടോ എടുക്കാനാവില്ല. മൊബൈൽ ഫോൺ ആദ്യമേ പിടിച്ച് വെക്കും.
ഒരു ചെറിയ ആശ്വാസമുള്ളത് ക്രിസ്റ്റൽ ഗാലറിയിലൂടെ നടക്കുമ്പോൾ താഴെ കാണാനാകുന്ന ദർബാർ ഹാളിൻ്റേയും അവിടെ കാണുന്ന തീന്മേശകളുടേയും മച്ചിലെ ഷാൻ്റലിയറുകളുടേയും ഫോട്ടോ ഗാലറിയുടേയും പടങ്ങൾ എടുക്കാം. 10 അടി നീളവും 6 അടി വ്യാസവുമുള്ള ഭീമാകാരമായ ഷാൻ്റലിയറുകൾ മൂന്നെണ്ണം ആ ഹാളിലുണ്ട്. അതേ നീളവും 3 അടി വ്യാസവുമുള്ള 4 എണ്ണം വേറെയും. അധികമാരും ഫത്തേ പ്രകാശ് പാലസിലേക്ക് ടിക്കറ്റ് എടുക്കുന്നില്ല എന്ന് വ്യക്തം. ഞാൻ ഇറങ്ങിപ്പോരുന്നത് വരെ മറ്റൊരാൾ അതിലേക്ക് വന്നിട്ടില്ല. അതുകൊണ്ട് തന്നെ എനിക്ക് കാര്യമായി പടങ്ങളും വീഡിയോയും എടുക്കാനായി.
ഉദയ്പൂരിലെ രാജകൊട്ടാരങ്ങൾ ഏറെക്കുറെ കണ്ട് കഴിഞ്ഞിരിക്കുന്നു. ഇനി കോട്ടകളിലേക്ക് കടക്കണം. അതിന് മുൻപ് കോട്ടകളെപ്പറ്റിയുള്ള പുസ്തകങ്ങൾ വല്ലതും കണ്ടെത്തണം. സിറ്റി പാലസിൻ്റെ മുൻപിൽ ചില ബുക്ക് സ്റ്റാളുകളുണ്ട്. ഭാഗ്യത്തിന് അവിടന്ന് തന്നെ പുസ്തകം കിട്ടി. റീത്താ ശർമ്മയും വിജയ് ശർമ്മയും ചേർന്ന് തയ്യാറാക്കിയിട്ടുള്ള ഫോർട്ട്സ് ഓഫ് രാജസ്ഥാൻ. പക്ഷേ, 2000 രൂപ അൽപ്പം കടുത്ത വിലയാണ്. അതിൽ എല്ലാ കോട്ടകളെപ്പറ്റി പരാമർശിക്കുന്നുമില്ല.
പുസ്തകവും വാങ്ങി അവിടെയുള്ള ഒരു റസ്റ്റോറൻ്റിൽ നിന്ന് ഒരു കസേര വലിച്ചിട്ട് പാലസിന് അഭിമുഖമായി കുറേ നേരം ഇരുന്നു. അൽപ്പം വായിച്ചു. ഇടയ്ക്ക് തലപോക്കി കൊട്ടാരത്തെ നോക്കി. വീണ്ടും വായിച്ചു. അങ്ങനെ അഞ്ചര വരെ തുടർന്നു. അഞ്ചരയ്ക്ക് സുരക്ഷാ ജീവനക്കാരുടെ ബാൻഡ് മേളം ഉണ്ടെന്ന് ഇന്നലെ പറഞ്ഞിരുന്നല്ലോ അത് കൂടെ കഴിഞ്ഞ് ഇറങ്ങാനായിരുന്നു പദ്ധതി.
ഇന്ന് ബാൻഡ് കുറേക്കൂടെ നന്നായി ക്യാമറയിൽ പകർത്താനായി. ഇനി ഭാഗിക്ക് അടുത്തേക്ക് മടങ്ങണം. കഴിഞ്ഞ ദിവസങ്ങളിൽ നിന്ന് വിഭിന്നമായി ഇന്ന് മൂന്നര കിലോമീറ്റർ നടന്ന് കജ്രി ഹോട്ടലിലേക്ക് പോകാൻ തീരുമാനിച്ചു. ഗൂഗിൾ അൽപ്പം വളഞ്ഞ വഴിയാണ് കാണിക്കുന്നത്. ഓട്ടോ പോലും പോകാത്ത മാർക്കറ്റ് റോഡിലൂടെ ഹോട്ടലിൻ്റെ ദിശ ലക്ഷ്യമാക്കി നടന്നതുകൊണ്ട്, പട്ടണത്തിൻ്റെ അകത്ത് തന്നെയുള്ള മറ്റൊരു ലോകം കാണാനായി. സാധാരണക്കാരിൽ സാധാരണക്കാരുടെ മാർക്കറ്റ്. മുള ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്ന വലിയൊരു പ്രദേശം. തൊട്ടടുത്ത് തന്നെ അതിൻ്റെ വിൽപ്പനയും നടക്കുന്നുണ്ട്. മധുരപലഹാരങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, എന്നിങ്ങനെ എല്ലാം ആ മാർക്കറ്റ് വഴി കയറി ഇറങ്ങിയാൽ വാങ്ങിക്കൊണ്ട് പോരാം. പക്ഷേ, മുന്നിലെന്ന പോലെ പിന്നിലും വശങ്ങളിലും രണ്ട് കണ്ണുകൾ വേണം. ഇരുചക്രവാഹനങ്ങളുടെ തേർവാഴ്ച്ചയാണ് ആ വഴിയിൽ. ചുമ്മാതല്ല ഈ ദിവസങ്ങളിൽ ഓട്ടോക്കാർ പോലും ആ വഴിക്കെന്നെ കൊണ്ടുപോകാതിരുന്നത്.
എന്തായാലും ആ വഴിയിലൂടെയുള്ള നടത്തം നല്ല അനുഭവമായിരുന്നു. ഏതൊരു പുതിയ സ്ഥലത്തും ഒരിക്കലെങ്കിലും അൽപ്പദൂരം നടന്ന് പോയാൽ വഴികളെപ്പറ്റി ഒരു ധാരണ കിട്ടും. ഇവിടെയാണെങ്കിൽ അഞ്ചരമണിയോടെ തുടങ്ങിയ തണുപ്പിൽ നിന്ന് രക്ഷപ്പെടാൻ ഈ നടത്തം ഉപകരിക്കുകയും ചെയ്തു.
കജ്രി ഹോട്ടലിൽ വന്നപ്പോൾ, GTDC ജനറൽ മാനേജർ സുനിൽ എന്നെ ഒരു പരിപാടിക്ക് ക്ഷണിച്ചു. മുകളിലെ നിലയിൽ ഓഷോ ശിഷ്യന്മാരുടെ ഒരു പ്രാർത്ഥനാ യോഗം നടക്കുന്നിടത്തേക്കാണ് ക്ഷണം. സത്യത്തിൽ ഞാനിതുവരെ ഓഷോ കൂട്ടരെ ആരെയും അവരുടെ വേഷവിധാനത്തിൽ കണ്ടിട്ടില്ല. എന്നാൽപ്പിന്നെ ആ പരിപാടി കൂടെ നടക്കട്ടെ എന്ന് കരുതി അവരുടെ ഹാളിലേക്ക് ചെന്നു. വെള്ളയും മെറൂണും ളോഹകൾ അണിഞ്ഞ ഇരുപതോളം ആണുങ്ങളും പെണ്ണുങ്ങളും അവിടുണ്ട്. പരിപാടി കഴിഞ്ഞിരിക്കുന്നു. അവസാനത്തെ ചടങ്ങായ ഗ്രൂപ്പ് ഫോട്ടോ എടുക്കലിൽ സുനിലും ഞാനും ചേർന്നു.
ദുങ്കാപൂരിൽ നിന്ന് വന്നിരിക്കുന്ന അംബാലാൽ ചൗബീസ എന്ന എഴുപതുകാരൻ പെട്ടെന്ന് എന്നോടൊരു ചോദ്യം.
“ഓഷോ എന്ന് കേട്ടിട്ടുണ്ടോ?“
അങ്ങേർക്ക് മലയാളികളെപ്പറ്റി നല്ല ധാരണയില്ലെന്ന് തോന്നുന്നു.
The books secrets ഉം Courage – The joy of living എന്നീ രണ്ട് പുസ്തകങ്ങൾ വായിച്ചിട്ടുണ്ടെന്ന് പറഞ്ഞപ്പോൾ അങ്ങേർക്ക് വലിയ സ്നേഹം. (Sex matters എന്ന പുസ്തകത്തിൻ്റെ കാര്യം ഉടനടി പറയേണ്ടെന്ന് ബോധപൂർവ്വം വിട്ട് കളഞ്ഞതാണ് ) അതോടെ, ദുങ്കാപൂരിലെ കോട്ടകൾ കാണിക്കാനുള്ള ഏർപ്പാട് അങ്ങേർ ഏറ്റെടുത്ത് കൈയ്യോടെ ഫോൺ നമ്പറും തന്നു. ജനിക്കുകയോ മരിക്കുകയോ ചെയ്യാതെ ചുമ്മാ കുറച്ച് നാൾ ഈ ഗ്രഹം സന്ദർശിച്ച് പോയ ഓഷോ എന്ന ആത്മാവ് കാരണം എനിക്കെന്തെങ്കിലും പ്രയോജനം ഈ യാത്രയിൽ കിട്ടുന്നുണ്ടെങ്കിൽ എന്തിന് വേണ്ടെന്ന് വെക്കണം?
രാത്രി ഭക്ഷണം കഴിച്ചത്, കജ്രിയിൽ ഓഷോ ടീമിന് വേണ്ടി തയ്യാറാക്കിയ വലിയ ബുഫേ ആയിപ്പോയി. അതിന് 420 രൂപയാണ് റേറ്റ്. അത്രയും ഞാൻ കൊടുക്കേണ്ടതില്ല, മാനേജരോട് ചോദിച്ചശേഷം പിന്നീട് ബില്ല് തരാമെന്ന് കൗണ്ടറിലെ ജീവനക്കാരൻ പറഞ്ഞു. അത് സാരമില്ല, 420 തന്നേക്കാം എന്ന് ഞാൻ പറഞ്ഞപ്പോൾ മനസ്സില്ലാ മനസ്സോടെ അയാൾ ബില്ലടിച്ചു. പണം കൊടുക്കുമ്പോൾ കക്ഷിയുടെ വക ഒരു തമാശ, അഥവാ എനിക്ക് ഒരു പുതിയ അറിവ്. ഹിന്ദിക്കാർ പലരും 420 രൂപയുടെ ബില്ല് അടിക്കില്ല പോലും. ചാർ സൗ ബീസ് (420) എന്ന് പറഞ്ഞാൽ ചതി, വഞ്ചന ഒക്കെയാണല്ലോ അവർക്ക്. അതുകൊണ്ട് അവർ 419ൻ്റെ അല്ലെങ്കിൽ 421ൻ്റെ ബില്ലടിക്കും.
എനിക്ക് പെട്ടെന്ന് പതിമൂന്നാം കോടതി മുറി ഇല്ലാത്ത കേരള ഹൈക്കോർട്ട് കെട്ടിടം ഓർമ്മ വന്നു.
വാൽക്കഷണം:- ഇന്ന് പ്രധാന കവാടത്തിലൂടെ അകത്തേക്ക് കടക്കുമ്പോൾ രാജകുമാരിയെ തൊട്ടടുത്ത് നിന്ന് കണ്ടു. “രാജ്ഞി വരുന്നു, രാജ്ഞി വരുന്നു” എന്ന് ഒരു തെരുവ് കച്ചവടക്കാർ പതിഞ്ഞ ശബ്ദത്തിൽ പറയുന്നത് കേട്ടാണ് തിരിഞ്ഞ് നോക്കിയത്. കൂടെ നാലഞ്ച് അനുചരന്മാരും ഉണ്ട്. കച്ചവടക്കാരൻ അവരെ വണങ്ങുകയും അവർ നടു വളച്ച് അതേ അളവിൽ തിരിച്ച് വണങ്ങുകയും ചെയ്തു. ഒരു സാധാരണ സാരി തലയിലൂടെ പുതച്ച് കാര്യമായ ആഭരണങ്ങൾ ഒന്നുമണിയാതെ കുലീനയായ ഒരു നാൽപ്പത്തഞ്ചുകാരി. അത് രാജ്ഞിയാകാൻ സാദ്ധ്യതയില്ല. പ്രായം വെച്ച് കണക്കാക്കിയാൽ യുവരാജാവിൻ്റെ ഭാര്യ ആകാനേ തരമുള്ളൂ. ക്യാമറ ഓണാക്കി പിടിച്ച അവസ്ഥയിലും അവരുടെ പടമെടുക്കാൻ മുതിർന്നില്ല. അവർ പൊതുചടങ്ങിൽ അല്ലല്ലോ. തെരുവിലൂടെ മറ്റെന്തോ കാര്യത്തിന് പോകുന്ന ഒരു സ്ത്രീയ്ക്ക് കിട്ടേണ്ട സ്വകാര്യത രാജകുടുംബത്തിലെ സ്ത്രീകൾക്കും കിട്ടണം, നൽകണം.
(തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…)
#greatindianexpedition
#gie_by_niraksharan
#gie_rajasthan
#fortsofrajasthan
#boleroxlmotorhome
#motorhomelife