വീണ്ടും ഭാഷാപരിഷ്ക്കരണം!


24
ഴയലിപി, പുതിയലിപി, അച്ചടിക്കാരുടെ സൗകര്യത്തിന് മറ്റൊരു ലിപി, വീണ്ടും ദാ ഭാഗികമായി പഴയ ലിപിയിലേക്ക്.

ഇന്നത്തെ പത്രവാർത്തയുടെ ചുവട് പിടിച്ചാണ് ഇത് പറഞ്ഞത്. മലയാളം വീണ്ടും പരിഷ്ക്കരിച്ച് ഭാഗികമായി പഴയ ലിപിയിലേക്ക് മാറുന്നു പോലും !

ഏകദേശം 47 വർഷം മുൻപ്, അഞ്ച് വയസ്സിൽ, എൽ. പി. സ്കൂളിലാണ് മലയാളം പഠിച്ച് തുടങ്ങിയത്. അവിടന്നങ്ങോട്ട് 10 വർഷം അതായത് പത്താം ക്ലാസ്സ് വരെ മലയാളം പഠിച്ചിട്ടുണ്ട്. അക്കാലയളവിൽ ഉണ്ടായ ലിപി പരിഷ്ക്കരണങ്ങളെല്ലാം മലയാളം അദ്ധ്യാപകർ പഠിപ്പിച്ചോ എന്ന് പോലും അറിയില്ല. അന്നെഴുതിയ ‘അദ്ധ്യാപകൻ‘ എന്ന വാക്ക് (അങ്ങനെ പലതും) ഇന്ന് അധ്യാപകൻ ആയി മാറി. അച്ച് നിരത്തുന്നവർക്ക് പണി കുറക്കാൻ വേണ്ടിയാണ് പോലും ‘ദ്ധ്യ‘ മാറ്റി ‘ധ്യ‘ ആക്കിയത്. വേറെന്തെങ്കിലും ന്യായീകരണമോ കാരണങ്ങളോ ഉള്ളതായി അറിയില്ല. ഉണ്ടെങ്കിൽ പറഞ്ഞ് തന്നാൽ ഉപകാരം. അദ്ധ്യാപകനും അധ്യാപകനും ശരിയാണെന്ന് പിന്നീട് വന്ന തീരുമാനങ്ങളും കേൾക്കാനിടയായി.

പത്ത് വർഷം (1974-1984 വരെ) തുടർച്ചയായി മലയാളം പഠിച്ചതിനിടയിൽ ചില്ലക്ഷരത്തിന് ശേഷം ഇരട്ടിപ്പ് വേണ്ട എന്നത് പോലും എന്നെയാരും പഠിപ്പിച്ചിട്ടില്ല. അതുകൊണ്ടുതന്നെ, പാർ‘ട്ടി‘, മാർ‘ഗ്ഗം‘, എന്നൊക്കെ എഴുതാനേ കൈയും കീബോർഡും വളയൂ. പാർ‘ടി‘യും മാർ‘ഗ‘വും ചതുർത്ഥിയാണ്.

ഭാഷയിൽ തർക്കം നില നിൽക്കുന്ന അങ്ങനെ പല കാര്യങ്ങളും തീർപ്പായിക്കൊണ്ടിരിക്കുന്ന കാലമാണ്. ലിപിയിലെ പരിഷ്ക്കരണമല്ലെങ്കിലും മറ്റൊരു ഉദാഹരണം കൂടെ പറയാം.

‘അവതാരിക‘യും ‘അവതാരക‘യും പ്രയോഗിക്കുമ്പോൾ വരുന്ന പിഴവിനെപ്പറ്റി അഥവാ വ്യത്യാസത്തെപ്പറ്റിയാണത്. ഏതെങ്കിലും ഒരു പുസ്തകത്തിൻ്റെ മുൻവശത്ത് അതിനെ പരിചയപ്പെടുത്തിക്കൊണ്ട് ഒരാൾ എഴുതുന്ന ആസ്വാദനത്തെ അവതാരിക എന്ന് പറയുന്നു. ഏതെങ്കിലും ഒരു (റേഡിയോ, ടീവി, സ്റ്റേജ്) പരിപാടി അവതരിപ്പിക്കുന്ന സ്ത്രീജനത്തെ അവതാരക എന്ന് പറയുന്നു. ഇത് പലർക്കും മാറിപ്പോകുകയും അവതാരകയെ അവതാരിക എന്ന് പറയുന്നത് ഒരു തർക്ക വിഷയമാണിന്നും. ഇപ്പോൾ ദാ അക്കാര്യത്തിൽ പുതിയ ഒരു അഭിപ്രായം അഥവാ തീർപ്പ് കൂടെ വന്നിരിക്കുന്നു. അദ്ധ്യാപകൻ്റെ സ്ത്രീലിംഗത്തെ അദ്ധ്യാ‘പി‘ക എന്നാണ് പറയുന്നത്. അദ്ധ്യാപക എന്നല്ല. അതുവെച്ച് കണക്കാക്കിയാൽ അവതാരകൻ്റെ സ്ത്രീലിംഗത്തെ അവതാ‘രി‘ക എന്ന് പറയാമത്രേ ! അങ്ങനെയാകുമ്പോൾ പുസ്തകത്തിൻ്റെ അവതാരികയെപ്പറ്റിയാണോ അതോ പരിപാടിയുടെ അവതാരികയെപ്പറ്റിയാണോ പറയുന്നത് എന്നെങ്ങനെ വേർതിരിച്ച് മനസ്സിലാക്കും എന്ന ചോദ്യം ഉയർന്നേക്കാം. സന്ദർഭത്തിനനുസരിച്ച് മനസ്സിലാക്കുക. പോരാത്തതിന് രണ്ടും ശരിയാണ് എന്ന നയോപായമോ, നയകോവിദത്വമോ( Diplomacy) സ്വീകരിക്കുക എന്നതാണ് മറ്റൊരു മാർഗ്ഗം.

കൂടുതൽ പറഞ്ഞ് നീട്ടുന്നില്ല. നാളെ വീണ്ടും പല പരിഷ്ക്കരണങ്ങളും വന്നെന്നിരിക്കും. കാലാകാലം പുതുക്കിക്കൊണ്ടിരിക്കുന്നത് പഠിച്ച് അതിനനുസരിച്ച് ഇതുവരെ പഠിച്ച് ഹൃദിസ്തമാക്കിയ ഭാഷ മാറ്റിപ്പണിയാൻ പറ്റണമെന്നില്ല. ബുദ്ധിമുട്ടാണെന്ന് മാത്രമല്ല, ഇതുവരെ ശരിയാണെന്ന് കരുതി കൊണ്ടുനടന്നിരുന്നതൊക്കെ ചവറ്റുകൊട്ടയിലിടാൻ വിഷമവുമുണ്ട്. അതുകൊണ്ട് പണ്ട് പഠിച്ചതൊക്കെ തുടരും. പുതുതായി കൊണ്ടുവരുന്ന നിയമങ്ങൾ പുതിയ കുട്ടികളെ പഠിപ്പിച്ചോളൂ. അതല്ല ശരി, ഇതാണ് ശരി എന്ന തർക്കങ്ങളുമായി 50 കടന്ന എന്നെപ്പോലുള്ളവരിലേക്ക് വരാതിരുന്നാൽ ഉപകാരം.

കുളിപ്പിച്ച് കുളിപ്പിച്ച് കൊച്ചില്ലാണ്ടാകരുത് എന്നൊരു അപേക്ഷയുണ്ട്. വെറും കൊച്ചല്ല, ശ്രേഷ്ഠമലയാളമാണെന്നത് മറക്കരുത്.

വാൽക്കഷണം:- പരിഷ്ക്കാരികളല്ലാത്ത വൃദ്ധർക്കും പടുവൃദ്ധർക്കും എന്തെങ്കിലും ഇളവുണ്ടോ ?

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>