മുസ്‌രീസ് ബോട്ട് റൂട്ട് സുരക്ഷിതമാക്കുക


94

ഞായറാഴ്ച്ച (07 ഓഗസ്റ്റ് 2016) സഞ്ചാരി ഫേസ്‌ബുക്ക് ഗ്രൂപ്പിനൊപ്പം മുസ്‌രീസ് യാത്രയിലായിരുന്നു. അതിന്റെ വിവരണമൊക്കെ മറ്റ് സഞ്ചാരികൾ തരും. ഞാനിനീം അതേപ്പറ്റി പറഞ്ഞാ‍ൽ ആവർത്തന വിരസത കടന്നുവരും.

എനിക്ക് പറയാനുള്ളത് മറ്റൊന്നാണ്…..

ഹോപ് ഓൺ ഹോപ് ഓഫ് ബോട്ട് സവാരിയാണ് മുസ്‌രീസ് യാത്രയുടെ ഒരു ഹൈലൈറ്റ്. ആ ബോട്ട് യാത്രയിൽ പക്ഷേ ചില അപകടങ്ങൾ പതിയിരിക്കുന്നുണ്ട്. ഞാനിക്കാ‍ര്യം ഒരു പ്രാവശ്യം ഓൺലൈനിൽ വിളിച്ച് പറഞ്ഞതാണ്. ബോറടിച്ചാലും വേണ്ടീല, പിന്നേം പറയുന്നു. കേട്ടില്ലെങ്കിൽ ഇനീം ഇനീം പറയും. കാരണം ഇത് മനുഷ്യജീവനുകൾ വെച്ചുകൊണ്ടുള്ള ടൂറിസം കളിയാണ്. അപകടം ഉണ്ടായിക്കഴിഞ്ഞിട്ട് നടപടികൾ എടുത്തിട്ട് കാര്യമില്ല. എം.ടി.രണ്ടാമൻ (മുരളി തുമ്മാരുകുടി) സുരക്ഷയുടെ പാഠങ്ങൾ എഴുതിക്കൊണ്ടേയിരിക്കുന്നത് ആരും കാണുന്നില്ലെന്നാണോ ?

888

മുൻപത്തേക്കാൾ വഷളായിട്ടുണ്ട് കാര്യങ്ങൾ. മുൻപ് എഴുതിയിരുന്ന രണ്ട് വിഷയങ്ങൾ അതേപടി താഴെ പകർത്തി എഴുതുന്നു. മൂന്നാമത്തേത് പുതിയ പ്രശ്നമാണ്.

1. ബോട്ട് പോകുന്ന വഴിയിലുള്ള ഊന്നിവലകൾ നിലകൊള്ളുന്നത് വളരെ അപകടകാരികളായിട്ടാണ്. ഇത് ദേശീയ ജലപാത ആണെന്നത് പോലും വിസ്മരിച്ചുകൊണ്ടാണ് ഇത്തരം ഊന്നിവലകൾ സ്ഥാപിച്ചിരിക്കുന്നത്. അതിനിടയിൽക്കൂടെ വളരെ പ്രയാസപ്പെട്ടാണ് ജീവനക്കാർ ബോട്ട് കടത്തിക്കൊണ്ട് പോകുന്നത്. പലയിടത്തും ബോട്ട് കടന്ന് പോകാതിരിക്കാൻ ഊന്നിക്കുറ്റികൾക്ക് കുറുകെ കയർ വലിച്ച് കെട്ടിയിരിക്കുന്നത് ഈ വീഡിയോയിൽ (53 സെക്കന്റ് മുതൽ 2:07 മിനിറ്റ് വരെ) വ്യക്തമായി കാണാം. ഊന്നിക്കിറ്റിയിലേ കുറുകെയുള്ള കയറിലോ തട്ടി അപകടമുണ്ടായിക്കഴിഞ്ഞതിന് ശേഷം കുറ്റക്കാരെ കണ്ടുപിടിക്കാനും തെളിവെടുക്കാനും ശിക്ഷിക്കാനും നടക്കുന്നതിനേക്കാൾ നല്ലത് ഉടനടി നടപടി എടുക്കുന്നതാണ്. അപകടങ്ങൾ എന്തെങ്കിലും സംഭവിച്ച് കഴിഞ്ഞാൽ, ജനങ്ങൾ ഈ വഴി വരാൻ മടിച്ചെന്ന് വരും. 400 കോടിയെല്ലാം ചിലപ്പോൾ വെള്ളത്തിൽ വരച്ച വരകളായെന്ന് വരും. അനധികൃമായി സ്ഥാപിച്ച ഊന്നിവലകൾക്ക് ഒരു ലക്ഷവും, ലൈസൻസ് ഉള്ള ഊന്നിവലകൾക്ക് രണ്ട് ലക്ഷവും ഈ പദ്ധതിയുടെ ഭാഗമായി നഷ്ടപരിഹാരം നൽകിയിട്ടുണ്ടെന്നാണ് മനസ്സിലാക്കാനായത്. ഈ അവസരം മുതലെടുത്ത് പുതിയ ഊന്നിവലകൾ സ്ഥാപിച്ച് പണമുണ്ടാക്കാൻ ശ്രമിക്കുന്നവരാണ് ഇതിന് പിന്നിലെങ്കിൽ സർക്കാർ കർശന നടപടികൾ എടുക്കേണ്ടതാണ്. പദ്ധതി പ്രദേശങ്ങളിലെ എം.എൽ.എ.മാരായ ശ്രീ വി.ഡി.സതീശനും, ശ്രീ. എസ്.ശർമ്മയും ഇക്കാര്യം മുന്നിൽക്കണ്ട് പ്രവർത്തിക്കേണ്ടതാണ്. അപകടങ്ങൾ സർക്കാറിന്റെ ചുവപ്പ് നാടകൾ നീങ്ങാനായി കാത്തുനിൽക്കില്ല എന്നും പ്ലാറ്റ്ഫോം വിട്ടുപോയ തീവണ്ടിക്ക് ടിക്കറ്റെടുത്തിട്ട് കാര്യമില്ല എന്നും മനസ്സിലാക്കുക. മുൻപത്തേതിനേക്കാൾ കൂടുതൽ ഊന്നിവലകൾ ഇപ്പോൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നു എന്നതും ശ്രദ്ധേയമാണ്. ഊന്നിക്കുറ്റികൾ ഊരിയെടുക്കാൻ ഹാർബർ ഡിപ്പാർട്ടെന്റ് ടെൻഡർ വിളിക്കുന്നുണ്ട് എന്നും കേട്ടിരുന്നു. ഒരു കെട്ടുവള്ളവുമായി നാല് പൊലീസുകാരും രണ്ട് തൊഴിലാളികളും പോയാ‍ൽ തീർക്കാവുന്ന പ്രശ്നം ബോധപൂർവ്വം ചുവപ്പുനാടയിലിട്ട് കുരുക്കിക്കളിക്കുന്നത് നല്ലതിനല്ല. അപകടം വരുന്നത് ടെൻഡർ വിളിച്ച് ഏറ്റവും കുറഞ്ഞ മരണനിരക്ക് ഉറപ്പാക്കിയിട്ടാകും എന്ന് കരുതുന്നത് മൌഢ്യമാണ്.

2. സുരക്ഷയ്ക്കായി ലൈഫ് വെസ്റ്റുകളാണ് നിലവിൽ ബോട്ടുകളിൽ വെച്ചിരിക്കുന്നത്. അരമണിക്കൂറോളം സമയം വെള്ളത്തിൽ കിടന്നാൽ ലൈഫ് വെസ്റ്റുകൾ വെള്ളം കുടിച്ച് വീർക്കുകയും മുങ്ങിപ്പോകുകയും ചെയ്യും. മാത്രമല്ല. ലൈഫ് വെസ്റ്റ് ധരിച്ചുകൊണ്ട് ബോട്ടിൽ ഇരുന്നാൽ, ഒരു അപകടം ഉണ്ടാകുന്ന സമയത്ത് കൊട്ടിയടച്ച എ.സി.ബോട്ടിനകത്തേക്ക്, കയറാവുന്ന ദ്വാരങ്ങളിലൂടെയെല്ലാം വെള്ളം കയറുമ്പോൾ ലൈഫ് വെസ്റ്റ് ധരിച്ചിരിക്കുന്ന യാത്രക്കാരൻ ബോട്ടിന്റെ മുകൾത്തട്ടിലേക്ക് ഉയർത്തപ്പെടുകയും അയാൾക്ക് അത്യാഹിത ജനലിലൂടെ പുറത്തേക്ക് കടക്കാൻ പറ്റാതെയുമാകുന്നു. തുറന്ന ബോട്ടുകളിൽ മാത്രമേ ഇത്തരം ലൈഫ് ജാക്കറ്റുകളും വെസ്റ്റുകളും പ്രയോജനപ്പെടൂ. കൊട്ടിയടച്ച ഈ ബോട്ടിൽ വേണ്ടത് വിമാനത്തിലും മറ്റും ഉപയോഗിക്കുന്ന തരത്തിലുള്ള, അത്യാഹിത സമയത്ത് വീർപ്പിക്കാൻ പറ്റുന്ന തരത്തിലുള്ള ലൈഫ് ജാക്കറ്റുകളാണ്. എത്രയും പെട്ടെന്ന് ഈ ലൈഫ് വെസ്റ്റുകൾ മാറ്റി അനുയോജ്യമായ ലൈഫ് ജാക്കറ്റുകൾ നൽകേണ്ടതാണ്.

3. പായൽ വന്ന് നിറഞ്ഞിരിക്കുന്നതുകൊണ്ട് പാലിയം കടവിലേക്ക് ബോട്ടുകൾ അടുക്കുന്നില്ല. ആയതിനാൽ പാലിയം കൊട്ടാരം, പാലിയം നാലുകെട്ട് എന്നീ മ്യൂസിയങ്ങളിലേക്ക് പോകാൻ സുരക്ഷിതമല്ലാത്ത സ്വകാര്യ കടവുകളിൽ ഇറങ്ങി റോഡ് മാർഗ്ഗം കൂടുതൽ നടക്കേണ്ടി വരുകയും തന്മൂലം സമയ നഷ്ടം ഉണ്ടാകുകയും ചെയ്യുന്നു. പദ്ധതിയുടെ തുടക്കത്തിൽത്തന്നെ ഇത്തരത്തിലാണ് കാര്യങ്ങൾ പോ‍കുന്നതെങ്കിൽ കുറേക്കൂടെ കഴിഞ്ഞാൽ എന്താകും അവസ്ഥ. കായലിൽ നിന്ന് പായൽ നീക്കാനുള്ള സ്ഥിരം സംവിധാനം ഉണ്ടായേ പറ്റൂ. അല്ലെങ്കിൽ കൊട്ടിഘോഷിച്ച് കൊണ്ടുവന്നിരിക്കുന്ന ഈ പദ്ധതി മുളയിലേ തന്നെ വാടിക്കരിഞ്ഞെന്ന് വരാം.

തൽക്കാല്ലം ഇത്രേയുള്ളൂ. വേണ്ടിവന്നാൽ ഇനീം വരാം. ഇതുകൊണ്ടൊന്നും ചെകിടന്മാർക്ക് എന്തെങ്കിലും അനക്കമുണ്ടാകുമെന്ന് പ്രതീക്ഷയൊന്നും ഇല്ല. ചിലർക്ക് കാലൻ പറഞ്ഞാലേ കേൾക്കാനാകൂ എന്നാണെങ്കിൽ നമുക്ക് തടുക്കാനാവില്ലല്ല്ലോ.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>