000

മീരാമാറും ഡോണാപോളയും


‘കൊച്ചി മുതല്‍ ഗോവ വരെ‘ യാത്രയുടെ ആദ്യഭാഗങ്ങള്‍
1, 2, 3, 4, 5, 6, 7, 8, 9, 10, 11, 12, 13, 14, 15, 16, 17, 18.
————————————————————

ദിവസങ്ങളിലൊക്കെ ഗോവയിലെ ബീച്ചുകളിലാണ് കൂടുതല്‍ സമയവും ചിലവഴിച്ചത്. അവസാനദിവസമായ ഇന്നെങ്കിലും കുറേ പള്ളികളില്‍ കയറിയിറങ്ങണം. കൂട്ടത്തില്‍ പഞ്ചിം, മീരാമാര്‍, ഡോണാ പോള എന്നിവിടങ്ങളിലും പോകണം. നാളെ മടക്കയാത്രയ്ക്ക് ആവശ്യമായ വെള്ളം, ജ്യൂസ്, ബിസ്‌ക്കറ്റുകള്‍, ഗോവയില്‍ വന്നെന്നുള്ളതിന്റെ തെളിവിലേക്കായി പോര്‍ട്ട് വൈന്‍, ഫെനി തുടങ്ങിയ ദ്രാവകങ്ങള്‍ ഒക്കെ വാങ്ങണം. നേരത്തേ ഹോട്ടലില്‍ മടങ്ങിയെത്തി കിടന്നുറങ്ങണം. ഇതൊക്കെയാണ് പദ്ധതികള്‍.

റോഡിന് നടുവില്‍ ഒരു കപ്പേള.

പനാജി വഴി മീരാമാറിലേക്കും ഡോണാ പോളയിലേക്കുമുള്ള യാത്രയില്‍ പേരും നാളുമൊന്നും അറിയാത്ത പള്ളികളിലൊക്കെയും കയറിനോക്കി. വെളുത്ത ചായം പൂശി വൃത്തിയാക്കി ഇട്ടിരിക്കുന്നുണ്ട് പള്ളികളും ചുറ്റുമതിലുകളുമെല്ലാം. അതിലൊരു ചെറിയ കപ്പേള നില്‍ക്കുന്നത് റോഡിന്റെ ഒത്തനടുക്കാണ്. പള്ളിക്ക് വേണ്ടി റോഡ് രണ്ടായി പിരിഞ്ഞ്, പള്ളി പിന്നിട്ട ശേഷംവീണ്ടും ഒന്നാകുന്നു.

ഓപ്പണ്‍ എയര്‍ റസ്റ്റോറന്റില്‍ നിന്നുള്ള ഭക്ഷണത്തിന് രുചി കൂടുതലാണ്.

വഴിയരുകിലുള്ള ഒരു റസ്റ്റോറന്റില്‍ നിന്ന് ബ്രേക്ക് ഫാസ്റ്റ് കഴിച്ച് മീരാമാറിലേക്ക് യാത്ര തുടര്‍ന്നു.  ഗോവന്‍ തലസ്ഥാനമായ പനാജി(Panaji)യില്‍ നിന്ന് അധികം ദൂരമില്ല മീരാമാറിലേക്ക്. പഞ്ചിം(Panjim) എന്ന പറങ്കിപ്പേരാണ് പിന്നീട് പനാജി ആയി മാറിയത്. പഞ്ചിം തുടങ്ങി മീരാമാര്‍ വരെയുള്ള ഏകദേശം 3 കിലോമീറ്റര്‍ വഴി എനിക്ക് വളരെ ഇഷ്ടമാണ്. സഹപ്രവര്‍ത്തകന്‍ നിഷാദുമായി അതിലൂടെ പലപ്രാവശ്യം ഞാന്‍ നടന്നിട്ടുണ്ട്. ഒരു രാജപാതപോലെ മനോഹരമാണത്. കൂറ്റന്‍ വടവൃക്ഷങ്ങള്‍ തണല്‍ വിരിക്കുന്ന ആ റോഡരുകിലെ നടപ്പാതയിലൂടെ മണ്ടോവിപ്പുഴയും കണ്ട് നടക്കുന്നതിന്റെ ഒരു സുഖം ഒന്ന് വേറെയാണ്.

മീരാമാറില്‍ തന്നെയാണ് എന്റെ മറ്റൊരു സഹപ്രവര്‍ത്തകനും പോര്‍ച്ചുഗീസ് പരമ്പരക്കാരനുമായ അന്റോണിയോ ഗ്രേഷ്യസ് താമസിക്കുന്നത്. നിര്‍ഭാഗ്യവശാല്‍ അദ്ദേഹത്തിന്റെ ഫോണ്‍ നമ്പര്‍ എന്റെ കൈയ്യില്‍ ഇല്ലാതെ പോയി. കൃസ്‌തുമസ്സ് പ്രമാണിച്ച് ടോണി (ഞങ്ങള്‍ അങ്ങനെയാണ് അദ്ദേഹത്തെ വിളിക്കുന്നത്) വീട്ടിലുണ്ടെന്നെനിക്കറിയാം. പലപ്രാവശ്യം ക്ഷണിച്ചിട്ടുള്ളതുമാണ് വീട്ടിലേക്ക്. ഒരു കണക്കിന് ഫോണ്‍ നമ്പര്‍ കൈയ്യില്‍ ഇല്ലാതിരുന്നത് നന്നായെന്ന് തോന്നി. ഈ യാത്രയ്ക്കിടയില്‍ അദ്ദേഹത്തിന്റെ ആതിഥ്യത്തിനായി ചിലവാക്കാന്‍ സമയമില്ല. കണ്ടുമുട്ടിയാല്‍ വിശേഷങ്ങളൊക്കെപ്പറഞ്ഞ് ഒരു നേരത്തെ ഭക്ഷണമെങ്കിലും കഴിക്കാതെ പിരിയാനാവില്ല. അത്രയും സമയം ഞങ്ങള്‍ക്ക് വളരെ വിലപിടിച്ചതാണ്.

മീരാമാര്‍ ബീച്ചില്‍ നിന്ന് റോഡിലേക്കുള്ള കാഴ്ച്ച

മീരാമാറിനുമുണ്ട് ഗാസ്‌പര്‍ ഡയാസ് (Gasper Dias) എന്ന് രണ്ടാമതൊരു പേര്. ‘കടല്‍ കാണല്‍‘ (Viewing of the sea) എന്നതാണ് മീരാമാര്‍ എന്ന പോര്‍ച്ചുഗീസ് പദത്തിന്റെ അര്‍ത്ഥം. വിശാലമായ കടല്‍ക്കരയാണ് മീരമാറില്‍. പക്ഷെ വടക്കന്‍ ഗോവയിലെ മറ്റ് ബീച്ചുകളെപ്പോലെ ബീച്ച് ഷാക്കുകള്‍ മീരാമാറില്‍ ഇല്ല.

ബീച്ച് ഷാക്കുകള്‍ ഇല്ലാത്ത മീരാമാര്‍ ബീച്ച് ഒരു ദൃശ്യം.

ബീച്ചിലേക്കുള്ള റോഡ് കടന്നുപോകുന്ന വൃത്തത്തിനു നടുവില്‍ കാണുന്ന പ്രതിമകള്‍ ശ്രദ്ധേയമാണ്. അതിനുചുറ്റും ഒന്നുരണ്ട് പീരങ്കികള്‍ പൊയ്പ്പോയ പറങ്കിസാമ്രാജ്യത്തിന്റെ ഓര്‍മ്മയും പേറി നില്‍ക്കുന്നു. വൃത്തത്തിന്റെ ഇരുവശങ്ങളിലായി ഒരു ചെറിയ കുരിശടിയും ഒരു അമ്പലവുമുണ്ട്. ബീച്ചിലേക്കിറങ്ങി നിന്നാല്‍ അഴിമുഖത്തിനപ്പുറം ദൂരെ വടക്കുദിക്കിലായി തലേന്ന് കണ്ടുമടങ്ങിയ അഗ്വാഡ ഫോര്‍ട്ടും, ജയിലും, ലൈറ്റ് ഹൌസുകളുമൊക്കെ കാണാം.

മീരാമാര്‍ റൌണ്ട് എബൌട്ടിലെ പ്രതിമകള്‍.

മീരാമാര്‍ ബീച്ചില്‍ നിന്ന് കാണുന്ന അഗ്വാഡ ഫോര്‍ട്ടും, ജയിലും, ലൈറ്റ് ഹൌസുകളും.

ബീച്ചില്‍ നിന്ന് ഡോണാ പോളയിലേക്കുള്ള പാതയൊക്കെ അന്താരാഷ്ട്രനിലവാരത്തിലാണിപ്പോള്‍ നിര്‍മ്മിച്ചിരിക്കുന്നതും പരിപാലിക്കപ്പെടുന്നതും. നടപ്പാതയില്‍ സഞ്ചാരികള്‍ക്ക് വിശ്രമിക്കാനുതകുന്ന തരത്തിലുള്ള പാര്‍ക്ക് ബെഞ്ചുകളോക്കെയിട്ട അത്തരം റോഡുകള്‍ കാണുന്നത് തന്നെ ഒരു കുളിര്‍മയാണ്.

മീരാമാര്‍ ഡോണാ പോള റോഡിന്റെ മനോഹാരിത.

മീരാമാര്‍ ബീച്ചിലെ Caranzalem പാര്‍ക്ക്.

ഞങ്ങള്‍ക്കിനി പോകാനുള്ളത് ഡോണാ പോളയിലേക്കാണ്. അങ്ങോട്ടുള്ള വഴിയിലാണ് Caranzalem പാര്‍ക്ക്. നാഷണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രഫിയും ഈ മാര്‍ഗ്ഗമദ്ധ്യേ തന്നെ. ഡോണാ പോളവരെയുള്ള മുഴുവന്‍ ദൂരവും കാറില്‍ പോകാനാവില്ല. പാര്‍ക്ക് ചെയ്യാനുള്ള കുറവാണെന്നുള്ളതാണ് കാരണം. വാഹനം തൊട്ടടുത്തുള്ള ഒരു പഴയ പള്ളിയുടെ മുന്നിലിട്ട് ഞങ്ങളിറങ്ങി നടന്നു. തിരുപ്പിറവിയുടെ പ്രതിമകള്‍ കാലിത്തൊഴുത്തില്‍ ഉണ്ടെന്നുള്ളതൊഴിച്ചാല്‍ വിജനമാണ് പള്ളിപ്പരിസരമൊക്കെ.

ഡോണാ പോളയിലെ ആളൊഴിഞ്ഞ ഒരു പഴയ പള്ളി.

വഴി അല്‍പ്പം താഴേക്കിറങ്ങിച്ചെല്ലുന്നത് ഡോണാ പോളയിലേക്കാണ്. ഇവിടെ പക്ഷെ കടല്‍ക്കരയൊന്നും ഇല്ല. മൂന്ന് ചുറ്റിനും വെള്ളമാണ്. തുണിത്തരങ്ങള്‍ വില്‍ക്കുന്ന വഴിവാണിഭക്കാരുടെ പെട്ടിക്കടകളുടെ നീണ്ട നിരയുള്ള പാലത്തിലൂടെ കടന്നുചെല്ലുന്നത് ഒരു മുനമ്പിലേക്കും അവിടെയുള്ള ഉയര്‍ന്ന പാറപ്പുറത്തേക്കുമാണ്. പാലത്തിനിരുവശവും വഴിവിളക്കുകളൊക്കെ നാട്ടിയും നിലത്ത് തറയോടുകള്‍ വിരിച്ചും വഴി മോടിപിടിപ്പിച്ചിരിക്കുന്നു.

ഡോണാ പോള ഒരു ദൃശ്യം.

ഡോണാ പോളയെപ്പറ്റി പറയുമ്പോള്‍ ചരിത്രത്തിനും കേട്ടുകേള്‍വിക്കും ഇടയിലെവിടെയോ പെട്ടുപോയ ഒരു പ്രേമകഥ പരാമര്‍ശിക്കാതെ മുന്നോട്ട് പോകാനാവില്ല.

പോര്‍ച്ചുഗീസ് ഇന്ത്യയിലെ പഴയൊരു വൈസ്രോയിയുടെ മകളായ ഡോണാ പോളയാണ് (Dona Paula) പ്രേമകഥയിലെ നായിക. നിറയെ റിസോര്‍ട്ടുകളും ഹോട്ടലുകളുമൊക്കെ ഇന്നിവിടെ കാണാമെങ്കിലും പഴയൊരു മത്സബന്ധന ഗ്രാമമായിരുന്നു ഇത്. സ്വദേശിയായ ഗാസ്‌പര്‍ ഡയസ് എന്നുപേരുള്ള (Gaspar Dias)ഒരു സ്വദേശി മുക്കുവനുമായി കഥാനായിക അടുപ്പത്തിലാവുകയും ആ ബന്ധം വിവാഹത്തിലെത്തില്ല എന്ന് മനസ്സിലാക്കിയപ്പോള്‍ ഈ മുനമ്പിലെ പാറപ്പുറത്തുനിന്ന് കടലിലേക്ക് ചാടി ആത്മഹത്യ ചെയ്തു എന്നുമാണ് കെട്ടുകഥ.

വഴിവാണിഭക്കാര്‍ നിറഞ്ഞ ഡോണാ പോള പാലം – പാറപ്പുറത്ത് നിന്നൊരു കാഴ്ച്ച.

നിലാവില്‍ക്കുളിച്ച് നില്‍ക്കുന്ന രാത്രികളില്‍ എപ്പോഴൊക്കെയോ, കഴുത്തില്‍ മുത്തുമാല മാത്രമണിഞ്ഞ് കടല്‍ത്തിരകളില്‍ നിന്ന് ഡോണാ പോള ഉയര്‍ന്ന് വരുമെന്നുള്ള കഥയും പ്രചരിക്കുന്നതുകൊണ്ട് അങ്ങനൊരു കാഴ്ച്ചയ്ക്കായി രാത്രികാലങ്ങളില്‍ ഈ മുനമ്പിലെത്തുന്ന സഞ്ചാരികളും ഒട്ടും കുറവല്ല. മുന്‍പൊരിക്കല്‍, നല്ല നിലാവുള്ളൊരു രാത്രിയില്‍ ഒരു പാക്കേജ് ടൂര്‍ ടീമിന്റെ കൂടെ ഞാനുമെത്തിയിട്ടുണ്ട് ഡോണാ പോളയില്‍. മുത്തുമാല കഴുത്തിലിട്ട് ഡോണാ പോള ഉയിര്‍ത്തെഴുന്നേറ്റ് വന്നില്ലെങ്കിലും, ഇന്നീ പകലിനേക്കാള്‍ ഞാന്‍ ആസ്വദിച്ചത് നിലാവുള്ള ആ രാത്രി തന്നെയായിരുന്നു.

ഡോണാ പോള മുനമ്പ് – പാറപ്പുറത്തുനിന്നുള്ള ദൃശ്യം.

രസകരമായ കാര്യം അതല്ല. ഈ പ്രേമകഥയടക്കം കാല്‍ ഡസന്‍ കഥകള്‍ വേറെയും ഡോണാ പോളയുമായി ബന്ധപ്പെട്ട് പറയപ്പെടുന്നുണ്ട്. ഡോണയ്ക്കൊപ്പം കാമുകന്‍ ഗാസ്‌പര്‍ ഡയസും ഇവിടന്ന് കടലിലേക്ക് ചാടിച്ചത്തിട്ടുണ്ടെന്നാണ് കഥയുടെ മറ്റൊരു വേര്‍ഷന്‍. ഡോണയുടെ ഭര്‍ത്താവായ പോളോ മത്സ്യബന്ധനത്തിന് പോയിട്ട് മടങ്ങിവന്നില്ലെന്നും, കാത്തുകാത്ത് ഈ കടവില്‍ നിന്ന ഡോണ അവസാനം കല്ലായിപ്പോകുകയും ചെയ്തു എന്നാണ് അടുത്ത വേര്‍ഷന്‍.

ഡോണാ പോളയുടെ ചരിത്രം എങ്ങനെയാണ് കെട്ടുകഥകളായി മാറിയതെന്ന് ഗവേഷണങ്ങള്‍ തന്നെ നടന്നിട്ടുണ്ട്. അത്തരത്തിലൊരു അന്വേഷണം വെളിച്ചത്ത് കൊണ്ടുവന്ന വിവരങ്ങള്‍ ഇപ്രകാരമാണ്. പോര്‍ച്ചുഗീസ് ആചാരപ്രകാരം ഡോണ എന്നത് വിവാഹിതകള്‍ക്ക് കൊടുക്കുന്ന ഒരു വിശേഷണമാണ്. ശ്രീലങ്കയിലെ പോര്‍ച്ചുഗീസ് വൈസ്രോയിയുടെ മകളായിരുന്ന Paula Amaral എന്ന വനിത കെട്ടുകഥകളിലല്ല ചരിത്രത്തില്‍ത്തന്നെ ഇടം പിടിച്ചിട്ടുള്ള സ്ത്രീയാണ്. തന്റെ കുടുംബത്തോടൊപ്പം 1644ല്‍ ഗോവയിലെത്തിയ അവര്‍ 1656 ഒരു സ്‌പെയിന്‍ കാരനായ Dom Antonio de Souto Maior എന്ന വ്യക്തിയെയാണ് വിവാഹം ചെയ്തത്. ഡോണാ പോള മുനമ്പിന്റെ തൊട്ടടുത്തുതന്നെയുള്ള രാജ് ഭവന്‍ ബംഗ്ലാവ് ഇരിക്കുന്ന സ്ഥലമടക്കമുള്ള പ്രദേശമൊക്കെ വളരെ ഉന്നത നിലയിലുള്ള ഈ കുടുബത്തിന്റേതായിരുന്നു.

ഡോണാ പോള ഒരുപാട് ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ടെന്നും ഒഡ്ഡാവെല്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഈ സ്ഥലത്തെ ഗ്രാമവാസികള്‍ക്കായി ഒരുപാട് സല്‍ക്കര്‍മ്മങ്ങള്‍ നടത്തിയിട്ടുള്ളതായും രേഖകളുണ്ട്. പോളാ അമറാല്‍ 1682 ഡിസംബര്‍ 16ന് കാലയവനികയ്ക്ക് പിന്നില്‍ മറഞ്ഞു. അവരോടുള്ള ആദരസൂചകമായാണ് ഒഡ്ഡാവെല്‍(Oddavell)എന്ന സ്ഥലപ്പേര് ഗ്രാമവാസികള്‍ ഡോണാ പോള എന്നാക്കി മാറ്റിയത്. ഗവര്‍ണ്ണറുടെ ബംഗ്ലാവിനോട് ചേര്‍ന്നുള്ള അവരുടെ കല്ലറയ്ക്ക് മുകളില്‍ ഭാഗികമായാണെങ്കിലും ഈ ചരിത്രമൊക്കെ കൊത്തിവെച്ചിട്ടുള്ളത് കണ്ടെടുത്തിട്ടുമുണ്ട്.

ആദ്യം പറഞ്ഞ നാട്ടുകഥകള്‍ കാരണമാകണം ഡോണാ പോളയ്ക്ക് ലവേഴ്സ് പാരഡൈസ് എന്നൊരു പേരുകൂടെ വീണിട്ടുണ്ട്. പടികള്‍ കയറി പാറക്കെട്ടിന്റെ മുകളിലേക്ക് ചെല്ലുമ്പോള്‍ കാണുന്ന അപൂര്‍ണ്ണമെന്ന് തോന്നിക്കുന്ന സ്ത്രീപുരുഷപ്രതിമകള്‍ ഈ കഥകള്‍ക്കൊക്കെ നിറം പകര്‍ന്നുകൊണ്ട് നിലകൊള്ളുന്നു. ഡോണാ പോളയേയും കാമുകനുമായും ബന്ധപ്പെടുത്തിയാണ് ഈ പ്രതിമകളും സ്മരിക്കപ്പെടുന്നതെങ്കിലും അതിന്റെ സത്യാവസ്ഥയും മറ്റൊന്നാണ്.

ശ്രീമാന്‍ ശ്രീമതി Robert Knox സ്മാരകം.

തത്ത്വചിന്തകനായിരുന്ന റോബര്‍ട്ട് നോക്സ് (Robert Knox) നോടുള്ള ആദരസൂചകമായി ഡച്ചുകാരിയായ Baroness Yrse Von Leistner എന്ന ശില്പിയാണ് ആ ശില്‍പ്പങ്ങള്‍ ഇവിടെ കൊത്തിവെച്ചത്. അക്കാര്യം ശില്‍പ്പത്തിനു താഴെ മാര്‍ബിള്‍ ഫലകത്തില്‍ രേഖപ്പെടുത്തിയിട്ടുമുണ്ട്. എന്നിട്ടും ടൂറിസ്റ്റ് ഗൈഡുകള്‍ അടക്കമുള്ളവര്‍ പ്രചരിപ്പിക്കുന്നത് ഡോണാ പോളയുടെ ഇല്ലാത്ത പ്രേമകഥയും, ആത്മാഹുതിക്കഥയുമൊക്കെ ആണെന്നുള്ളത് വിരോധാഭാസം മാത്രം.

ജലസാഹസിക വിനോദങ്ങള്‍ ഡോണാ പോളയിലും ഉണ്ട്.

ഡോണാ പോളയിലെ പാറപ്പുറത്തുനിന്ന് തീരത്തിന്റെ ഒരു ദൃശ്യം.

 മുനമ്പിന്റെ മുകളില്‍ കയറിനിന്നാല്‍ Mormugao ഹാര്‍ബര്‍ അടക്കമുള്ള തീരങ്ങളുടെയൊക്കെ നല്ലൊരു കാഴ്ച്ച കിട്ടും. വാട്ടര്‍ സ്പോര്‍ട്ട്സ് തകൃതിയായി നടക്കുന്നുണ്ട് ഡോണാ പോളയിലും. ചെറിയ ഒറ്റക്കണ്ണന്‍ ദൂരദര്‍ശിനികളില്‍ കാഴ്ച്ചകളൊക്കെ കാണിച്ചുകൊടുത്ത് ചില്ലറ വരുമാനമുണ്ടാക്കുന്ന നാട്ടുകാരായ ബാലവേലക്കാര്‍, ചിരിച്ചുല്ലസിച്ച് ഒരു വലിയ മലയാളി സുഹൃത്‌സംഘം, വഴിവാണിഭക്കാര്‍…… കുറേ പടങ്ങളൊക്കെ എടുത്തും കാഴ്ച്ചകളൊക്കെ ആസ്വദിച്ചും അക്കൂട്ടത്തില്‍ ഞങ്ങളും.

ഡോണാ പോളയില്‍ നിന്ന് ഒരു കുടുംബചിത്രം.

 ബ്രിട്ടീഷ് വാര്‍ മ്യൂസിയവും , രാജ് ഭവനും മീരാമാറീന് തൊട്ടടുത്ത് തന്നെയാണ്. രാജ് ഭവന് അകത്തേക്ക് പ്രവേശനം ഇല്ലെങ്കിലും, ഗേറ്റ് വരെ ഒന്ന് എത്തിനോക്കാന്‍ ആരുടേയും അനുവാദം ആവശ്യമില്ലല്ലോ ? ഞങ്ങള്‍ ഡോണാ പോളയോട് വിടവാങ്ങി.

കാബോ രാജ് ഭവന്റെ ഗേറ്റ്.

ഗോവ ഗവര്‍ണ്ണറുടെ ഔദ്യോഗിക വസതിയെ കാബോ രാജ് ഭവന്‍ എന്ന പേരിലാണ് വിളിക്കുന്നത്. രാജ് ഭവനിലേക്കുള്ള വഴിയരുകില്‍ത്തന്നെ ബ്രിട്ടീഷ് വാര്‍ മ്യൂസിയം കാണാം. 1802 ലാണ് ഇംഗ്ലീഷുകാര്‍ ഈ സെമിത്തേരി നിര്‍മ്മിക്കുന്നത്. നെപ്പോളിയന്‍ കാലഘട്ടത്തിന്റെ ഓര്‍മ്മയ്ക്കായി ഗോവന്‍ പ്രദേശത്ത് അവശേഷിക്കുന്ന ഏക സ്മാരകമാണ് 208 വര്‍ഷത്തോളം പഴക്കമുള്ള ഈ സെമിത്തേരി.

ഡോണാ പോളയിലെ ബ്രിട്ടീഷ് വാര്‍ മ്യൂസിയം.

 സമയം ഉച്ചയാകുന്നു. മീരാമാറില്‍ എവിടന്നാണ് നല്ല പോര്‍ട്ട് വൈനും ഫെനിയുമൊക്കെ കിട്ടുന്നതെന്ന് എനിക്ക് കൃത്യമായറിയാം. മീരാമാറില്‍ നിന്ന് പഞ്ചിമിലേക്കുള്ള മടക്കവഴിയില്‍ വിശാലമായി വാഹനം പാര്‍ക്ക് ചെയ്ത് ഇതൊക്കെ വാങ്ങാനുള്ള സൌകര്യമുണ്ട്. സഞ്ചാരികളുടെ ബസ്സുകളും മറ്റ് വാഹനങ്ങളുമൊക്കെയായി എപ്പോഴും നല്ല തിരക്കാണവിടെ. ഗോവയില്‍ നിന്ന് വാങ്ങുന്ന ഈ ‘പഴച്ചാറുകള്‍ ‘ സ്റ്റേറ്റിന് വെളിയില്‍ കൊണ്ടുപോകുന്നതിന് നിബന്ധനകള്‍ ഉണ്ട്. ഒരാള്‍ക്ക് 2 ബോട്ടില്‍ കൊണ്ടുപോകാനുള്ള പെര്‍മിറ്റ് കടയില്‍ നിന്ന് തന്നെ അവര്‍ എഴുതിത്തരും. അതുണ്ടെങ്കില്‍ കര്‍ണ്ണാടക-ഗോവ അതിര്‍ത്തിയിലെ ചെക്ക് പോസ്റ്റില്‍ കുഴപ്പമൊന്നും ഇല്ല എന്നാണ് വെപ്പ്.

മറ്റൊരു പുരാതന ദേവാലയം.

ഒരു ദേവാലയത്തിന്റെ അള്‍ത്താരയും ഇരിപ്പിടങ്ങളും അടക്കമുള്ള ഉള്‍ഭാഗം.

മടക്കവഴിയില്‍ വീണ്ടും ചില പള്ളികളില്‍ കയറിയിറങ്ങി. പലതും പൂട്ടിയിട്ടിരിക്കുകയാണ്. അല്‍പ്പനേരം അതിനകത്തൊക്ക കയറി ഇരിക്കണമെന്ന ആഗ്രഹം നടന്നില്ല. ഗോവന്‍ പള്ളികളില്‍ ചിലതില്‍ ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന ഗ്ലാസ്സ് പെയിന്റിങ്ങുകളുണ്ട്. അതിലൊന്ന് കാണാനായി ഞാനും സഹപ്രവര്‍ത്തകന്‍ നിഷാദും ഓട്ടോറിക്ഷ പിടിച്ച് കിലോമീറ്ററുകളോളം അലഞ്ഞിട്ടുണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ്. ഗോവന്‍ ടൂറിസത്തിന്റെ ചില പരസ്യഫോട്ടോകളില്‍ കാണുന്ന ഗ്ലാസ്സ് പെയിന്റുങ്ങുകളുടെ പടങ്ങളും കൈയ്യിലെടുത്തായിരുന്നു അന്വേഷണം. പള്ളിയുടെ പേരറിയില്ല, സ്ഥലപ്പേര് അറിയില്ല. എന്നിട്ടും ആ പള്ളി കണ്ടുപിടിക്കാന്‍ ഞങ്ങള്‍ക്കായിട്ടുണ്ട്. രസകരമായ അനുഭവമായിരുന്നു അതൊക്കെ.

തോമാസ്ലീഹയുടെ കൂറ്റന്‍ ഗ്ലാസ് പെയിന്റിങ്ങ് – ഒരു ഗോവന്‍ ദേവാലയത്തില്‍ നിന്ന്.

ഉച്ചഭക്ഷണത്തിന് ഭാഗ ബീച്ചിലേക്ക് പോകാമെന്ന് തീരുമാനിച്ചു. ഇത്രയൊക്കെ ആയിട്ടും ബീച്ചുകള്‍ ആസ്വദിച്ച് മതിയായിട്ടില്ല ഞങ്ങള്‍ക്കാര്‍ക്കും. ബീച്ച് ഷാക്കിലൊന്നില്‍ കയറുന്നതിന് മുന്നേ ടൂര്‍ പ്രമോട്ടര്‍ ഒരാള്‍ പിടികൂടി. ഇയാളുടെ സഹപ്രവര്‍ത്തകര്‍ മറ്റ് 3 പേര്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഞങ്ങളുമായി മുട്ടിയതാണ്. ആദ്യത്തെ ആളെ കണ്ടുമുട്ടിയപ്പോള്‍ ഞങ്ങള്‍ക്ക് അത്ഭുതവും ആഹ്ലാദവുമായിരുന്നു. അയാളുടെ കൈയ്യില്‍ ഉള്ള ഒരു ഗിഫ്റ്റ് വൌച്ചര്‍ ഞങ്ങള്‍ക്ക് തന്നു. അതിലെ മറച്ചുവെച്ചിരിക്കുന്ന ഒരു ഭാഗം ചുരണ്ടി നോക്കിയപ്പോള്‍ ഞങ്ങള്‍ക്ക് സമ്മാനം കിട്ടിയിരിക്കുന്നു. ലാപ്പ്‌ടോപ്പ് ഒരെണ്ണമാണ് അടിച്ചിരിക്കുന്നത്. വൈകീട്ട് അവരുടെ റിസോര്‍ട്ടില്‍ നടക്കുന്ന സമ്മാനദാന ചടങ്ങില്‍ പങ്കെടുത്ത് ലാപ്പ്‌ടോപ്പ് കൈപ്പറ്റിയാല്‍ മാത്രം മതി എന്നാണ് പറയുന്നത്. എനിക്കതത്ര പന്തിയായി തോന്നിയില്ല. തുടര്‍ന്നുള്ള ദിവസങ്ങളിലും ഇതേ ഗിഫ്റ്റ് വൌച്ചര്‍ വഴി, വിമാനടിക്കറ്റ് ടീ-ഷര്‍ട്ട്, ഐ-പോഡ് തുടങ്ങിയ പല സമ്മാനങ്ങളും കിട്ടി. ഇത്തരം സമ്മാനങ്ങള്‍ വാങ്ങാന്‍ അവിടെച്ചെന്നുകഴിയുമ്പോള്‍ അവര്‍ക്ക് മറ്റ് പല നിബന്ധനകളും ഉണ്ടായിരിക്കും. അതില്‍പ്പലതും നമ്മളുടെ കൈയ്യില്‍ നിന്ന് പണം പോകുന്ന സ്ഥിതിവിശേഷത്തിലേക്ക് മാത്രമേ കൊണ്ടെത്തിക്കൂ. ഒന്നും കാണാതെ പട്ടര് വെള്ളത്തില്‍ ചാടില്ലല്ലോ !

ബാഗ ബീച്ച് – ബീച്ച് ഷാക്കില്‍ നിന്നുള്ള കാഴ്ച്ച.

 പതിവുപോലെ ഷാക്കിലെ ഭക്ഷണവും ഉറക്കവുമൊക്കെ കഴിഞ്ഞ്, അക്ഷരാര്‍ത്ഥത്തില്‍ ടൂര്‍ പ്രമോട്ടറുടെ കണ്ണ് വെട്ടിച്ചിട്ടാണ് അവിടന്ന് വെളിയില്‍ കടന്നത്. കലാഗ്യൂട്ട് ബീച്ചിലെ ജോളീസ് ഷാക്കിലായിരുന്നു രാത്രി ഭക്ഷണം. അത് അവസാനിച്ചത് ഒരു ചെറിയ വെടിക്കെട്ടോടുകൂടെയാണ്. പുതുവത്സരം കൂടുതല്‍ അടുത്തെത്തിക്കഴിഞ്ഞിരിക്കുന്നു. ഗോവ വീണ്ടും ആഘോഷത്തിമിര്‍പ്പില്‍ മുങ്ങാന്‍ പോകുകയാണ്.

തലേ ദിവസത്തെ പോലെ കലാഗ്യൂട്ട്-അഗ്വാഡ റൂട്ടില്‍ വണ്ടിയോടിച്ച് രാത്രിക്കാഴ്ച്ചകള്‍ കുറേ ആസ്വദിച്ചിട്ടുതന്നെയാണ് മനസ്സില്ലാമനസ്സോടെയാണെങ്കിലും ഹോട്ടലിലേക്ക് മടങ്ങിയത്.

ഗോവന്‍ ബീച്ചുകളിലൂടെ എത്ര നടന്നിട്ടും മതിവരാതെ….

29 ഡിസംബര്‍ 2009. നേരം പുലര്‍ന്നു. റോഡില്‍ തിരക്കേറുന്നതിന് മുന്നേ, തലേന്ന് രാത്രിയിലെ ആഘോഷമൊക്കെ കഴിഞ്ഞ് ഗാഢനിദ്രപൂണ്ടുകിടക്കുന്ന ഗോവയോട് ഞങ്ങള്‍ വിട പറഞ്ഞു.

മടക്കയാത്രയില്‍ മനസ്സുകൊണ്ട് ഒരു കണക്കെടുപ്പ് എന്നും പതിവുള്ളതാണ്. ഈ കുറിപ്പുകളില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെങ്കിലും, ഓള്‍ഡ് ഗോവയിലെ പല പ്രമുഖ പള്ളികളിലും പോകാന്‍ പലപ്പോഴായി എനിക്കായിട്ടുണ്ട്. എന്നാലും ഒരുപാട് സ്ഥലങ്ങളില്‍ ഇനിയും പോകാന്‍ ഇനിയും ബാക്കിയുണ്ട് ഓള്‍ഡ് ഗോവയില്‍. ഗോവയിലെ ബുധനാഴ്ച്ച ചന്ത (Wednesday Market) പ്രത്യേകതകള്‍ നിറഞ്ഞതാണെന്ന് കേട്ടിട്ടുണ്ട്. പക്ഷെ അത് കാണാന്‍ ഞങ്ങള്‍ക്കായിട്ടില്ല. നല്ല മഴയുള്ളപ്പോള്‍ ഗോവയുടെ സൌന്ദര്യം ഞാനിതുവരെ കണ്ടിട്ടില്ല. കാണാക്കാഴ്ച്ചകള്‍ക്കൊക്കെയായി പറങ്കികളുടെ ഈ പഴയ കോളനിയിലേക്ക് ഇനിയും പലപ്രാവശ്യം വരാതിരിക്കാനാവില്ല.

യാത്രയുടെ തുടക്കത്തില്‍ ഞാന്‍ സൂചിപ്പിച്ചതുപോലെ കാമുകിയുടെ വീട്ടില്‍ തന്റെ കുട മനഃപ്പൂര്‍വ്വം മറന്ന് വെച്ചിട്ട് അതെടുക്കാനെന്ന ഭാവത്തില്‍ വീണ്ടും പോകുന്ന ഒരു കാമുകനെപ്പോലെ…. ചിലതൊക്കെ പിന്നില്‍ അറിഞ്ഞുകൊണ്ടുതന്നെ ബാക്കിയിട്ടിരിക്കുകയാണ്…. വീണ്ടുമൊരു ഗോവന്‍ യാത്രയ്ക്ക് വഴിയൊരുക്കാന്‍ വേണ്ടി.

ഇക്കണ്ട ദിവസങ്ങളൊക്കെ അലഞ്ഞുതിരിഞ്ഞിട്ടും ഞങ്ങള്‍ക്കാര്‍ക്കും ഒരു ബുദ്ധിമുട്ടോ ആരോഗ്യപ്രശ്നങ്ങളോ ടൂറിസ്റ്റ് ഇടങ്ങളില്‍ നിന്നുള്ള എന്തെങ്കിലും മോശം അനുഭവമോ ഉണ്ടായിട്ടില്ലെന്നത് എടുത്ത് പറയാതെ വയ്യ. ഒരു പഞ്ചര്‍ പോലും തരാതെ ഞങ്ങളുടെ വാഹനവും സഹകരിച്ചു. മോശം അനുഭവമെന്ന് പറയാന്‍ ഗോവ-കര്‍ണ്ണാടക ചെക്ക് പോസ്റ്റില്‍ ഉണ്ടായ പിടിച്ചുപറി മാത്രം.

അക്കഥ ഇപ്രകാരമാണ്. ഫെനിയും വൈനും വാങ്ങിയപ്പോള്‍ കിട്ടിയ പെര്‍മിറ്റ് ഗോവ-കര്‍ണ്ണാടക ചെക്ക് പോസ്റ്റിലുള്ള പൊലീസുകാരന്‍ വകവെച്ചില്ല. പഴച്ചാറുകള്‍ക്ക് ചിലവായതിന് തത്തുല്യമായ തുകയാണ് കര്‍ണ്ണാടക അതിര്‍ത്തി കാക്കുന്ന പൊലീസുകാരന്‍ പോക്കറ്റടിച്ചത്.

“ ഇത് ശാരായം, ഡൂ യൂ അണ്ടര്‍സ്റ്റാന്റ് ? “

ഫെനിയുടെ ബോട്ടില്‍ കാറിന്റെ പിന്നില്‍ നിന്ന് വെളിയിലെടുത്ത് പൊലീസുകാരന്‍ ആക്രോശിക്കുകയായിരുന്നു. കൈക്കൂലി വാങ്ങാനുള്ള ഒരു തന്ത്രം. പെര്‍മിറ്റിനെപ്പറ്റി പറഞ്ഞത് അദ്ദേഹം ചെവിക്കൊണ്ടില്ല. വിജനമായ ചെക്ക് പോസ്റ്റില്‍ പെര്‍മിറ്റ് പൊക്കിപ്പിടിച്ച് തര്‍ക്കിക്കുന്നതോ വാദപ്രതിവാദം നടത്തുന്നതോ ഗുണം ചെയ്യില്ലെന്ന് എനിക്കുറപ്പായിരുന്നു. ദ്രാവകങ്ങള്‍ രണ്ടും നിലത്തൊഴിച്ച് കളയാമെന്നുള്ള എന്റെ പരിഹാരനിര്‍ദ്ദേശമൊന്നും ചെവിക്കൊള്ളാന്‍ പൊലീസുകാരന്‍ തയ്യാറല്ലായിരുന്നു. അയാള്‍ക്ക് പണം വേണം അല്ലെങ്കില്‍ തൊണ്ടി വേണം. തൊണ്ടി കൊടുക്കാന്‍ ഞാന്‍ തയ്യാറായിരുന്നില്ല. അവസാനം പണം കൊടുത്ത് ഒഴിവാകുകയായിരുന്നു. മതിയായ രേഖകള്‍ കൈയ്യില്‍ ഉണ്ടായിരുന്നിട്ടും പിടിച്ചുപറിക്കപ്പെട്ട പണമാണത്. തസ്‌ക്കരന്‍ മണിയന്‍ പിള്ളയുടെ തത്ത്വശാസ്ത്രപ്രകാരം ആ പണം അയാള്‍ക്ക് ഉപകാരപ്പെട്ടിട്ടുണ്ടാകില്ല എന്ന് വിശ്വസിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു.

ബാംഗ്ലൂര് നിന്ന് ഒറ്റയടിക്ക് കൊച്ചിയിലേക്ക് വാഹനം ഓടിച്ച് വരുന്നത് പതിവായിരുന്നു ഞങ്ങളുടെ ബാംഗ്ലൂര്‍ ജീവിതകാലത്ത്. ഏകദേശം 550 കിലോമീറ്റര്‍ വരുന്ന ആ ദൈര്‍ഘ്യമാണ് ഒരു ദിവസത്തില്‍ വണ്ടി ഓടിച്ചിട്ടുള്ളതിന്റെ പേരില്‍ എനിക്കുള്ള റെക്കോര്‍ഡ്. ഇപ്പോള്‍ ഞാനത് ഭേദിക്കാന്‍ തന്നെയാണ് ഉദ്ദേശിക്കുന്നത്. ഗോവയില്‍ നിന്ന് വിട്ട് വൈകീട്ട് 7 മണിയോടെ ചെന്ന് കയറിയത് എന്റെ സ്വപ്നഭൂമിയായ വയനാട്ടിലേക്കാണ്. 690 കിലോമീറ്ററിന് മുകളിലുള്ള അത്രയും ദൂരം വണ്ടി ഓടിക്കാനുള്ള ഊര്‍ജ്ജം ഗോവയില്‍ നിന്ന് ഞാന്‍ സംഭരിച്ചിട്ടുണ്ടെന്ന് എനിക്കുറപ്പായിരുന്നു. ഒരു തളര്‍ച്ചയും തോന്നിയില്ല മാനന്തവാടിയില്‍ എത്തിയിട്ടും.

വഴിക്കെവിടെ വെച്ചോ ആ വിവരം അറിഞ്ഞിരുന്നു. അറയ്ക്കല്‍ കെട്ടില്‍ നിന്ന് കളവുപോയ അമൂല്യമായ തമ്പുരാട്ടി വിളക്ക് പൊലീസ് കണ്ടെടുത്തിരിക്കുന്നു. വല്ലാത്ത സന്തോഷം തോന്നി.

കുറേയധികം കോട്ടകള്‍, വ്യത്യസ്തമായ ചില ആരാധനാലയങ്ങള്‍, മറിയുമ്മയേയും ഷേക്ക് പരീദിനേയും പോലുള്ള വ്യക്തിത്വങ്ങള്‍, പഠനകാലത്തിന്റെ ഓര്‍മ്മകള്‍ അയവിറക്കാന്‍ ഇടയാക്കിത്തന്നുകൊണ്ട് കണ്ണൂര്‍…. മറക്കാനാവാത്ത അനുഭങ്ങള്‍ തന്നെയായിരുന്നു ഈ യാത്രയിലുടനീളം കിട്ടിയത്.

എല്ലാ യാത്രകളും ഇതുപോലെ ആയിരുന്നെങ്കില്‍! കാണാത്ത കാഴ്ച്ചകളും, നിറയെ പുത്തനറിവുകളും തന്നുകനിഞ്ഞ് ഒരു ഒഴുക്കിലെന്ന പോലെ മനസ്സിനെ ശുദ്ധീകരിക്കാന്‍ എല്ലാ യാത്രകള്‍ക്കും ആയിരുന്നെങ്കില്‍ ! അഷ്ടവസുക്കളുടെ അനുഗ്രഹം എല്ലാ യാത്രകള്‍ക്കും ഉണ്ടായിരുന്നെങ്കില്‍ !

……അവസാനിച്ചു…….

Comments

comments

49 thoughts on “ മീരാമാറും ഡോണാപോളയും

  1. വേറും ഡയറിക്കുറിപ്പുകള്‍ മാത്രമായിരുന്നു 19 ഭാഗങ്ങളായി ബൂലോകത്തെ ബോറടിപ്പിച്ച ‘കൊച്ചി മുതല്‍ ഗോവ വരെ‘ എന്ന ഈ യാത്രാപരമ്പര. കണ്ടതൊക്കെയും എഴുതി ഫലിപ്പിക്കാന്‍ ആയിട്ടില്ല, നല്ല ഫോട്ടോകള്‍ കാഴ്ച്ചവെക്കാനും ആയിട്ടില്ല. എന്നിട്ടും ഈ വഴി വന്നവര്‍ക്ക്, ഈ യാത്രയില്‍ കൂടെക്കൂടിയവര്‍ക്ക്… പ്രോത്സാഹനങ്ങളും നിര്‍ദ്ദേശങ്ങളും തന്നവര്‍ക്ക്…എല്ലാവര്‍ക്കും.. അകമഴിഞ്ഞ നന്ദി.

    സസ്നേഹം
    -നിരക്ഷരന്‍
    (അന്നും, ഇന്നും, എപ്പോഴും)

  2. എന്നെപ്പോലുള്ള വീട്ടമ്മമാര്‍ക്ക് ഒരു പക്ഷേ ഒരിക്കലും ഇങ്ങനെയള്ള യാത്രകള്‍ക്കാവില്ല. വിവരണങ്ങള്‍ വളരെ നന്നായി. മനസ്സുകൊണ്ട് അവിടങ്ങളില്‍ എല്ലാം എത്തിയ പോലെ.

  3. മനസ്സിനെ ശുദ്ധീകരിക്കാന്‍ എല്ലാ യാത്രകള്‍ക്കും ആയിരുന്നെങ്കില്‍ ! അഷ്ടവസുക്കളുടെ അനുഗ്രഹം എല്ലാ യാത്രകള്‍ക്കും ഉണ്ടായിരുന്നെങ്കില്‍ !

    യാത്രയില്‍ കൂടെ ഉണ്ടായിരുന്നു….

    അഭിനന്ദനങ്ങള്‍ !

  4. ഇനി ഏതാ പുതുയാത്ര……….

    ഒന്ന് എഴുതിതീര്‍ക്കുമ്പോള്‍….മറ്റോരു യാത്രയിലായിരിക്കുമല്ലോ ഈ യാത്രികന്‍…

    മനോഹരമായ മറ്റോരു യാത്രയ്ക്ക് ജഗദീശ്വരന്‍ അനുഗ്രഹിക്കട്ടെ.

  5. ഇതൊരു വലിയ inspiration ആയിരുന്നു , സ്ഥലങ്ങള്‍ കാണാന്‍ പോകുന്നതൊക്കെ ബാചീലെര്സിനും കാശുള്ളവര്‍ക്കും മാത്രം നടക്കുന്ന പരിപാടികള്‍ ആണെന്നുള്ള ഒരു തെറ്റിധാരണ ഉണ്ടായിരുന്നു എനിക്ക് ..ഇത് വായിച്ചപ്പോള്‍ വേണമെങ്കില്‍ ഇത് പോലൊക്കെ പ്ലാന്‍ ചെയ്താല്‍ നടക്കും എന്നൊരു വിശ്വാസം കിട്ടി. പിന്നെ ടൂര്‍ പ്ലാന്‍ ചെയുമ്പോള്‍ സ്വിറ്റ്സെര്ലണ്ടും , ലണ്ടനും, അമേരിക്കയും മാത്രം സ്വപ്നം കാണാതെ , അതിലും മനോഹരവും കണ്ടിരിക്കെണ്ടാതുമായ സ്ഥലങ്ങള്‍ നമ്മുടെ നാട്ടില്‍ ഉണ്ടെന്നും അതൊക്കെ കാണാന്‍ ശ്രമിക്കണമെന്നും മനസിലായി. ഇതൊക്കെ പോരാഞ്ഞു ഇവ്ടെല്ലാം പോയിട്ട് വേണം യാത്ര വിവരണമെഴുതി 4 ആളെ
    കൊതിപ്പിക്കാനെന്നും മനസ്സിലായി.
    വീണ്ടും വീണ്ടും ഇത് പോലത്തെ ഡയറി കുറിപ്പുകള്‍ ഉണ്ടാവട്ടെ

  6. നിരൂ,
    ഈ യാത്ര അങ്ങനെ അവസാനിപ്പിച്ചു, അല്ലേ?
    ഗോവയില്‍ ഇനിയും കാണാന്‍ ഇനിയും സ്ഥലങ്ങളുണ്ട്. കഴിഞ്ഞ വട്ടം പോയപ്പോള്‍ അമ്മ കൂടെയുണ്ടായിരുന്നതിനാല്‍ പരിപാടികള്‍ കുറെ വെട്ടിച്ചുരുക്കേണ്ടി വന്നു.

    എങ്കിലും ഗോവ എന്ന് വച്ചാല്‍ ബീച്ചുകളും ഫെനിയും സീഫുഡ്ഡും തന്നെ എന്ന് പറയാം. പിന്നെ പള്ളികളും!

    ആശംസകള്‍!

  7. അപ്പോ അങ്ങനെ യാത്രയേക്കാളും നീണ്ട വിവരണം അവസാനിച്ചു.

    ഇടയ്ക്കു ചിലതു ഭാഗങ്ങള്‍ വായിക്കാന്‍ വിട്ടുപോയിരുന്നെങ്കിലും.. എല്ലാം തീര്‍ത്തു!!

    നട്സ് ചോദിച്ചതുപോലെ ഇനിയെങ്ങോട്ടാണ്?

  8. മീരാമാർ എന്നല്ല മിറാമാർ എന്നാണെന്നാണെനിക്കു തോന്നുന്നത് :-)

    19 ഭാഗങ്ങളിലൂടെ സഞ്ചരിച്ച് അവസാനിച്ചപ്പോൾ ഒരു ഓണക്കാലം അവസാനിച്ചതു പോലെ ഇനി അടുത്ത ഓണത്തിനായുള്ള കാത്തിരുപ്പ്, അടുത്ത യൂറോപ്യൻ യാത്രാവിവരണത്തിനു :-)

  9. മനോജ് ഭായീ,
    ബൂലോകത്തെ ബോറടിപ്പിച്ച യാത്രയെന്നൊക്കെ പറയല്ലേ.. ആർക്കും ബോറടിച്ചില്ല. തീർന്നതിലുള്ള വിഷമമുണ്ട്. പക്ഷെ, സാരമില്ല. പറമ്പിക്കുളമല്ലേ അടുത്തത്. വരട്ടെ.മൃഗലാളനം ഏൽക്കാതെ തിരിച്ചെത്തിയതല്ലേ.. സത്യത്തിൽ മുൻപൊക്കെ പുസ്തകശാലകളിൽ ചെന്നാൽ ഞാൻ ഒട്ടും തന്നെ ശ്രദ്ധിക്കാത്ത ഒരു വിഭാഗമായിരുന്നു യാത്രാവിവരണം. പക്ഷെ, ഈ ബൂലോകത്ത് വന്ന് നിരക്ഷരൻ, അച്ചായൻ, ശിവ, സിയ, കൊച്ചുത്രേസ്യ.. നിങ്ങളെയൊക്കെയാണ് മുടങ്ങാതെ വായിക്കുന്നതെന്ന് എന്നെ തന്നെ അത്ഭുതപെടുത്തിയ കാര്യമാണ്. മാത്രമല്ല, ഇപ്പോൾ ഞാൻ യാത്രാവിവരണ പുസ്തകങ്ങൾ തേടിപ്പിടിച്ചു തുടങ്ങി. ഒത്തിരി നന്ദി.

  10. @ സജി, നട്ടപ്രാന്തന്‍ – ആഗസ്റ്റ് മാസത്തില്‍ തെക്കന്‍ ജില്ലകളിലേക്കും തമിഴ്‌നാട്ടിലേക്കും ഒരാഴ്ച്ച നീളുന്ന ഒരു യാത്ര കുടുംബത്തിനൊപ്പം പ്ലാന്‍ ചെയ്യുന്നുണ്ട്. അങ്ങ് ധനുഷ്‌ക്കോടി വരെ പോകണമെന്നാണ് പദ്ധതി. കൂടാതെ ‘തുഞ്ചന്‍ മുതല്‍ കുഞ്ചന്‍ വരെ‘ എന്ന ഒരു ഹെറിറ്റേജ് യാത്രയും പരിപാടിയുണ്ട്. അത് പല ഘട്ടമായേ തീര്‍ക്കാന്‍ പറ്റൂ. പക്ഷെ ഇതൊക്കെ എഴുതിയിടാന്‍ വീണ്ടും വൈകും. കാരണം… കഴിഞ്ഞ വര്‍ഷം നടത്തിയ യൂറോപ്പ് യാത്രയും, ഇക്കഴിഞ്ഞ ജൂണില്‍ നടത്തിയ പറമ്പികുളം യാത്രയും ഒക്കെ എഴുതാന്‍ ബാക്കി കിടക്കുന്നുണ്ട്.

    അനിതാ ഹാരിഷ്, ജോ, നട്ടപ്രാന്തന്‍, കണ്ണനുണ്ണി, മാളു, കൈതമുള്ള്, സജി, സജി തോമസ്, മനോരാജ്, jayalekshmi…യാത്രയില്‍ കൂടെക്കൂടിയ സുഹൃത്തുക്കളേ..എല്ലാവര്‍ക്കും നന്ദി :)

  11. നിരക്ഷരന് ….യാത്രകള്‍ തുടരട്ടെ ..ഒരു യാത്രികന്‍ യാത്ര അവസാനിപ്പിക്കുനില്ല എന്ന് വായനക്കാരോട് പറയുന്ന ഉറപ്പ് കേള്‍ക്കാനും ഒരു സുഖം …ആ വഴിയില്‍ ഞാനും പോകുന്നത് കൊണ്ടും ആവാം,എനിക്കും യാത്രകള്‍ മുന്‍പോട്ടു പോകണം എന്ന് തോന്നുന്നതും ..അടുത്ത എല്ലാ യാത്രകള്‍ക്കും എന്‍റെ എല്ലാ വിധ ആശംസകളും

  12. മനോജ് ഭായ്… ഗോവന്‍ കാഴ്ചകള്‍ അവസാനിച്ചതില്‍ ഒരു ചെറിയ വിഷമം…

    “കാമുകിയുടെ വീട്ടില്‍ തന്റെ കുട മനഃപ്പൂര്‍വ്വം മറന്ന് വെച്ചിട്ട് അതെടുക്കാനെന്ന ഭാവത്തില്‍ വീണ്ടും പോകുന്ന ഒരു കാമുകനെപ്പോലെ..” അപ്പോ, ഇനിയും മറ്റൊരവസരത്തില്‍ കൂടുതല്‍ പ്രതീക്ഷിക്കാം അല്ലെ.

    കര്‍ണ്ണാടക അതിര്‍ത്തികളില്‍ പോലീസുകാരുടെ ഇത്തരം ആക്രാന്തം പലപ്പോഴും കണ്ടിട്ടുണ്ട്, എന്നാലും ഭാഗ്യവശാല്‍ (ആരുടെയാണോ..) അനുഭവിക്കേണ്ടി വന്നിട്ടില്ല ഇതു വരെ..

    അടുത്ത യാത്രക്ക് എല്ലാ ആശംസകളും…

  13. മനോജേട്ടാ വളരെയധികം പുതിയ അറിവുകള്‍ നല്‍കിയ ഒരു യാത്ര ഇവിടെ അവസാനിക്കുന്നതില്‍ വിഷമമുണ്ട്. ഒട്ടും മടുപ്പിക്കാത്ത വിവരണം, ഇത്രയും വിശദമായ എഴുത്ത് ഇതെല്ലാം ഈ സ്ഥലങ്ങളില്‍ പോകാതെ തന്നെ അവയുടെ പ്രത്യേകതകള്‍ മനസ്സിലാക്കാന്‍ സഹായിച്ചു. ചിത്രങ്ങള്‍ കൂടിയാവുമ്പോള്‍ പലപ്പോഴും ഈസ്ഥലങ്ങളെല്ലാം നേരിട്ട് കാണണം എന്ന ആഗ്രഹം മനസില്‍ ഉണ്ടാക്കി. മാളിയേയ്ക്കലും മറിയുമ്മയും, കണ്ണൂര്‍ കോട്ട, ബേക്കലും ചന്ദ്രഗിരിക്കോട്ടയും, അനന്തപുര തടാകക്ഷേത്രം, 1000 തൂണുകളുള്ള ജൈനക്ഷേത്രം, മുരുദേശ്വര്‍, ഗോകര്‍ണ്ണവും കാര്‍വാറും, അഗ്വാഡാ ഫോര്‍ട്ട് ഇതെല്ലാം ഈ യാത്രയിലെ എന്റെ പ്രിയ താവളങ്ങളായി. കേട്ട് മാത്രം പരിചയമുള്ള ഗോവന്‍ കടല്‍ തീരങ്ങളെക്കുറിച്ചും,അവിടുത്തെ ജീവിത ശൈലികളെ കുറിച്ചും കൂടുതല്‍ അറിയാന്‍ സാധിച്ചു. ഇത്രയധികം സമയം ഈ യാത്രാവിശേഷങ്ങള്‍ ഞങ്ങള്‍ക്കായി അവതരിപ്പിക്കാന്‍ കണ്ടെത്തിയതിന് വളരെ നന്ദി. യാത്രയ്ക്ക് ആവശ്യമായതിലും കൂടുതല്‍ സമയം ഇതു തയ്യാറാക്കാന്‍ വേണ്ടി വന്നിട്ടുണ്ടാവും എന്നതില്‍ സംശയം ഇല്ല.

    എങ്കിലും എന്റെ ഒരു ചെറിയ വിമര്‍ശനം കൂടി ഇവിടെ സൂചിപ്പിക്കട്ടെ. ഗോവയിലെ പള്ളികളെകുറിച്ച് കേള്‍ക്കുമ്പോല്‍ മനസ്സില്‍ ആദ്യം എത്തുന്നത് സെന്റ് ഫ്രാന്‍സീസ് സേവ്യറിന്റെ തിരുശേഷിപ്പ് സൂക്ഷിച്ചിട്ടുള്ള പഴയ ഗോവയിലെ The Basilica of Bom Jesus (പേര് ഇതുതന്നെയാണോ എന്ന് വ്യക്തമായി അറിയില്ല) എന്ന പള്ളിയെകുറിച്ച് ഒന്നും പരാമര്‍ശിച്ചു കണ്ടില്ല എന്നതാണ്. മനോജേട്ടന്‍ യാത്രചെയ്ത സ്ഥലങ്ങളില്‍ നിന്നും ദൂരെയാണൊ ഈ പള്ളി എന്നത് എനിക്കറിയില്ല. അങ്ങനെയെങ്കില്‍ ഈ പരമര്‍ശത്തിന് ക്ഷമചോദിക്കുന്നു.

    വരാനിരിക്കുന്ന യാത്രാവിവരണങ്ങള്‍ പറമ്പിക്കുളവും ഉണ്ടെന്നത് സന്തോഷകരം തന്നെ. കൂടുതല്‍ യാത്രാ വിവരണങ്ങള്‍ക്കായി കാത്തിരിക്കുന്നു. ആശംസകള്‍

  14. @MANIKANDAN [ മണികണ്ഠന്‍‌ ] – ഈ കമന്റിന് നന്ദി. മണി സസൂക്ഷ്മം ഈ യാത്ര പിന്തുടരുന്നുണ്ടായിരുന്നു എന്ന് മനസ്സിലാക്കുന്നു. വളരെ സന്തോഷം.

    വിമര്‍ശനത്തിനും നന്ദിയുണ്ട്. വിമര്‍ശിച്ചാലേ എന്റെ നിരക്ഷരത്വം അല്‍പ്പമെങ്കിലും മാറിക്കിട്ടൂ :)

    ഓള്‍ഡ് ഗോവയിലെ The Basilica of Bom Jesus പള്ളിയും അവിടെ ഇപ്പോഴും സൂക്ഷിച്ചിരിക്കുന്ന സെന്റ് ഫ്രാന്‍സീസ് സേവ്യറിന്റെ ശരീരത്തേയും പറ്റിയൊക്കെ എഴുതണമെന്ന് കരുതി അതിന്റെ പടം വരെ എടുത്ത് വെച്ചതാണ്. 2പ്രാവശ്യം ഞാനവിടെ പോയിട്ടുണ്ട്. എങ്കിലും ഈ പോസ്റ്റില്‍ അതിനെപ്പറ്റിയുള്ള പരാമര്‍ശം ഒഴിവാക്കാന്‍ കാരണമുണ്ട്.

    1. ഓള്‍ഡ് ഗോവയില്‍ ഞാന്‍ പല പ്രാവശ്യം പോയിട്ടുണ്ട്. പക്ഷെ ഇപ്രാവശ്യം പോയിട്ടില്ല.

    2.ആ ഒരു പള്ളിയെപ്പറ്റി മാത്രം എഴുതി ഓള്‍ഡ് ഗോവയെ ഒഴിവാക്കാനാവില്ല.പള്ളികളും ക്ഷേത്രങ്ങളുമൊക്കെയായി ഒരുപാട് കാര്യങ്ങളുണ്ട് ഓള്‍ഡ് ഗോവയെപ്പറ്റി എഴുതാന്‍.

    3.മുന്‍യാത്രകളില്‍ ഞങ്ങള്‍ സൌത്ത് ഗോവയിലെ ബീച്ചുകളിലും ദിവസങ്ങളോളം ചിലവഴിച്ചിട്ടുണ്ട്.

    മുന്‍ യാത്രകളിലെ എല്ലാ കാര്യങ്ങളും ഈ യാത്രയ്ക്കിടയില്‍ പറയാന്‍ പോയാല്‍ ഈ യാത്രാവിവരണം തീര്‍ക്കാന്‍ ബുദ്ധിമുട്ടായെന്ന് വരും. സൌത്ത് ഗോവയിലും, ഓള്‍ഡ് ഗോവയിലും ഇനിയും പോകണമെന്ന് എനിക്കാഗ്രഹമുണ്ട്. അന്ന് എന്റെ മുന്‍ അനുഭവങ്ങളടക്കം മണി പറഞ്ഞ കാര്യങ്ങളൊക്കെ വിശദമായി എഴുതാന്‍ ശ്രമിക്കുന്നതാണ്.

    ഇപ്രാവശ്യം പോയ സ്ഥലങ്ങളില്‍ മാത്രമായി ഈ യാത്രാവിവരണം ഒതുക്കിയതാണ്. മനസ്സിലാക്കുമല്ലോ.

    @ മണികണ്ഠന്‍, സിയ, പൊറാടത്ത്..വായനയ്ക്കും അഭിപ്രായത്തിനും നന്ദി :)

  15. ഗോവ എന്ന സംസ്ഥാനത്തിന്റെ കാര്യത്തില്‍ ഞാന്‍ എത്രമാത്രം ‘നിരക്ഷരനാ’ണെന്ന് ഇപ്പോള്‍ മനസ്സിലായല്ലൊ. പഴയ ഗോവയെക്കുറിച്ച് കൂടുതല്‍ അറിയണം എന്നാഗ്രഹമുണ്ട്. സമയം പോലെ ഒരിക്കല്‍ അതും എഴുതും എന്ന് പ്രതീക്ഷിക്കുന്നു.

  16. “മറക്കാനാവാത്ത അനുഭങ്ങള്‍ തന്നെയായിരുന്നു ഈ യാത്രയിലുടനീളം കിട്ടിയത്.”

    ഞങ്ങള്‍ക്കും. നന്ദി,മനോജ്……..

  17. കൂടുതല്‍ യാത്രാ വിവരണങ്ങള്‍ക്കായി കാത്തിരിക്കുന്നു. ആശംസകള്‍….

  18. സഫരോം കി സിന്ദഗീ ജോ കഭി നഹീ ഖത്തം ഹോ ജാതി ഹേ…
    യാത്രകളും എഴുത്തും തുടരട്ടെ..
    ആശംസകള്‍.

  19. വിവരണം അവസാനിച്ചപ്പോള്‍ ചെറിയ ഒരു വിഷമം ആണ് തോന്നുന്നത്…സ്കൂള്‍ പഠന കാലത്ത് ഗോവയില്‍ പോയിട്ടുണ്ടെങ്കിലും ഈ വിവരണം വായിച്ചപ്പോള്‍ ആണ് ഗോവയെ കുറിച്ച് ഒരുപാടു വിവരങ്ങള്‍ മനസ്സിലായത്.പക്ഷെ മണികണ്ഠന്‍ പറഞ്ഞ ആ പള്ളിയില്‍ ഞാന്‍ പോയിട്ടുണ്ട്. സെന്റ് ഫ്രാന്‍സീസ് സേവ്യര്‍ ന്റെ ശരീരവും കണ്ടിട്ടുണ്ട്.പിന്നെ പണ്ട് ശിവ ക്ഷേത്രംയിരുന്ന ഒരു പള്ളിയും കണ്ടിട്ടുണ്ട്..പേര് ഓര്‍മയില്ല….
    മനോജ്‌ ന്റെ ഓരോ പോസ്റ്റും ഒരുപാടു വിവരങ്ങള്‍ പകര്‍ന്നു തരുന്നുണ്ട്.. അത് വെറുമൊരു യാത്രാവിവരണം മാത്രമല്ല.ഹൃദയം നിറഞ്ഞ നന്ദി… ഒപ്പം പറമ്പികുളം യാത്രക്കായി കാത്തിരിക്കുന്നു.

  20. പോരാ…. എയുത്തു കാലം കഴിയുന്തോറും ..ഒരു ഗുമ്മു കിട്ടുന്നില്ല ,,മുന്ബോക്കെ ,,വായിക്കുമ്പോള്‍,,,നിങ്ങളുടെ കൂടെ സഞ്ചരിക്കുന്ന പോലെയായിരുന്നു ,,,ഇപ്പോള്‍ എഴുത്തിന്റെ ശൈലി മാറി എന്ന് തോന്നുന്നു ,,,ഏതായാലും ,,,ഗുഡ്‌ ഗുഡ്‌

  21. @MUHAMMED SADATH KUNNATH – എഴുത്ത് ബോറാകുന്നുണ്ടെന്ന് എനിക്കറിയാം. ശൈലി മാറ്റാന്‍ സ്വയം ഒരു ശ്രമം നടത്തിയിട്ടുണ്ട്. അതിന്റെ പരിണിത ഫലമാകാം ഈ ഗുമ്മില്ലായ്മ:) അഭിപ്രായം തുറന്ന് പറയാന്‍ താങ്കള്‍ കാണിച്ച സന്മനസ്സിന് നന്ദി.

    അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇനിയും അറിയിക്കുമല്ലോ ? നന്ദി.

  22. യാത്രയുടെ ആരംഭം മുതല്‍ ഞാനും ഉണ്ടായിരുന്നു. യാത്രകള്‍ തുടരട്ടെ ഞാനും കൂടെ ഉണ്ട്. എല്ലാ വിധ ആശംസകളും

  23. എല്ലാ യാത്രാവിവരണങ്ങളും ഇതുപോലെ ആയിരുന്നെങ്കില്‍! കാണാത്ത കാഴ്ച്ചകളും, നിറയെ പുത്തനറിവുകളും തന്നുകനിഞ്ഞ് ഒരു ഒഴുക്കിലെന്ന പോലെ മനസ്സിനെ ശുദ്ധീകരിക്കുന്നവ.(അവസാനത്തെ രണ്ടു വാക്കുകള്‍ ബോള്‍ഡ് ആന്‍ഡ് അണ്ടര്‍ലൈന്‍ഡ്)

  24. ഇത്ര കാലം ബോബെയില്‍ ഉണ്ടായിരിന്നിട്ടും ഗോവയില്‍ ഒന്നു പോകാന്‍ തരപ്പെട്ടില്ലല്ലോ എന്ന വിഷമം ഇത് വായിച്ചപ്പോള്‍ തോന്നി.ഗോവ കണ്ട പ്രതീതി.

  25. ഗോവ ഒരിക്കലും കണ്ടിട്ടില്ല.അതിനുള്ള ശ്രമവും ഉണ്ടായിട്ടില്ല എന്നു തന്നെ വേണം പറയാൻ.എന്തായാലും ഗോവയെ കുറിച്ചൊരു രൂപം കിട്ടി.സന്തോഷം മനോജ്. നാട്ടിൽ വരുമ്പോൾ വിളിക്കുമല്ലോ?.

  26. പരമ്പരയായി ഇങ്ങനെ ഒരു യാത്രാവിവരണം ആലോചിക്കാന്‍ പോലും എനിക്ക് കഴിയുന്നില്ല. എങ്കിലും നമ്മുടെ കൊച്ചുയാത്രകള്‍ എഴുതുന്നു, അതിന് താങ്കളുടെ ഈ പരമ്പര നല്‍കിയ ഊര്‍ജ്ജം ചെറുതല്ല എന്ന് മാത്രം…

  27. “കൊച്ചി മുതല്‍ ഗോവ വരെ” എന്ന തലക്കെട്ട് ഞാന്‍ മറന്നുപോയി. തിരിച്ചുപോക്കിന്റെ വിവരങ്ങളും ഉണ്ടാവുമെന്ന് കരുതി. തിരിച്ച് അടിച്ചുവിട്ടങ്ങ് പോയോ? :)

  28. നിരൂജി….അങ്ങനെ ആ യാത്ര കഴിഞ്ഞു അല്ലെ. ഞാന്‍ ഈ ആഴ്ച നാട്ടില്‍ എത്തുന്നു…..പുതിയ യാത്രകള്‍ക് എന്‍റെ മുന്‍‌കൂര്‍ ആശംസകള്‍……സസ്നേഹം

  29. മനൊജേട്ടാ യാത്ര അതി ഗംഭീരം, വിവരണം സമ്മോഹനം….

    കര്‍ണാടക അതിര്‍ത്തിയിലെ ഈ പകല്‍ക്കൊള്ള അവസാനിപ്പിക്കാന്‍ ഗോവന്‍ മദ്യ വിതരണ‍ക്കാര്‍ക്ക് ഇനിയും ആയിട്ടില്ലന്നത് കഷ്ടം തന്നെ, 1989 ഇല്‍ നാട്ടിലെ ചേട്ടന്മാരോടൊത്തുള്ള ഒരു യാത്രയില്‍ ഉറങ്ങുന്ന കുട്ടി എന്ന ആനുകൂല്യത്തില്‍ ഏതാനും കുപ്പി ഫെനി ഇവരുടെ കയ്യില്‍ പെടാതെ രക്ഷപെടുത്തി കൊണ്ടുപോരുന്നതില്‍ ഞാന്‍ സ്തുത്യര്‍ഹമായ സേവനം അനുഷ്ടിച്ചിട്ടുണ്ട്, ട്രൈനില്‍ മഡ്ഗാവിലിറങ്ങി ഗോവ കാണാന്‍ പോയപ്പൊള്‍ ഒന്നും ഇത്തരം ഒരു പിടിച്ച് പറിക്കല്‍ കര്‍ണാടക, റെയില്വേപോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല

  30. നിരക്ഷരന്‍ഭായീ വിവരണം വളരെ നന്നായി ബോബെ 2 ഗോവ പ്രതീക്ഷിക് കുന്നു. എല്ലാ വിധ ആശംസകളും

    ലിജു ഡാനിയല്‍
    ബോബെ

  31. @NATURE – ശാന്തിമോൻ, അഗസ്ത്യകൂടത്തിലും മറ്റും പോകാനായി തിരുവനന്തപുരത്ത് വരുന്നുണ്ട് താമസിയാതെ. അപ്പോൾ അറിയിക്കാം. സഹ്യാദ്രി സൈറ്റ് കണ്ടു. നിങ്ങളുടെ മിഷൻ ഉദ്ദേശിച്ചതുപോലെ ഭംഗിയായി നടക്കുമാറാകട്ടെ.

  32. ഒരാഴ്ച നിങ്ങളോടൊപ്പം യാത്രചെയ്ത പ്രതീതി..വീണ്ടും യാത്രകുരിപ്പുകൾ പ്രതീക്ഷിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>