
കക്ഷത്തിൽ ഒരു വലിയ മുഴയുമായി ഒരു ബാലൻ അവൻ്റെ അച്ഛനോടൊപ്പം ഡോക്ടറുടെ അടുത്തെത്തുന്നു. പഴുപ്പിച്ച ഒരു ഇരുമ്പ് ദണ്ഡ് വെച്ച് ആ മുഴ കരിച്ച് കളയണമെന്ന് ഡോക്ടർ പറയുന്നു. പിതാവ് അത് കേട്ട് ഞെട്ടുന്നു. പക്ഷേ ബാലന് കുലുക്കം ഉണ്ടായിരുന്നില്ല. അവൻ ആ ചികിത്സക്ക് തയ്യാറാകുന്നു.
ചെറിയ ക്ലാസ്സിൽ സർദാർ വല്ലഭായി പട്ടേലിനെ പറ്റിയുള്ള കഥ തുടങ്ങുന്നത് അങ്ങനെയാണ്.
ഇന്ന് ഗുജറാത്തിലെ ഏകതാ നഗറിൽ ഉള്ള പട്ടേലിന്റെ പ്രതിമ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയാണ്. 182 മീറ്ററാണ് ഈ പ്രതിമയുടെ കിളരം.
രണ്ട് ദിവസം മുൻപ് ഞാൻ ആ പ്രതിമ കാണാൻ ഇറങ്ങി തിരിച്ചെങ്കിലും തിങ്കളാഴ്ച ആയതുകൊണ്ട് പ്രവേശനം നടന്നില്ല. ഇന്ന് വീണ്ടും പ്രതിമ കാണാൻ പുറപ്പെട്ടു. ബറോഡയിൽ നിന്നും ഏകദേശം 100 കിലോമീറ്ററോളം ദൂരം; രണ്ടുമണിക്കൂർ ഡ്രൈവ്. പുതുവത്സരത്തിലെ ആദ്യ യാത്ര.
നർമ്മദയുടെ തീരത്ത് ഏകതാ നഗർ എന്ന പേരിൽ ഒരു പുതിയ പട്ടണം തന്നെ സൃഷ്ടിക്കപ്പെട്ടിരിക്കുകയാണ്. സന്ദർശകർ അവരുടെ വാഹനങ്ങൾ പാർക്ക് ചെയ്തതിന് ശേഷം, ടിക്കറ്റ് എടുത്ത് ഇവിടെ സജ്ജമാക്കിയിട്ടുള്ള ബസ്സുകളിൽ കയറി വേണം 5 കിലോമീറ്റർ ദുരെയുള്ള പ്രതിമയുടെ അടുത്തേക്ക് പോകാൻ. ധാരാളം പാർക്കിംഗ് ഇടങ്ങളുണ്ട് ഇവിടെ. അതിന് തൊട്ടടുത്ത് ഭക്ഷണം കഴിക്കാനുള്ള സൗകര്യങ്ങളും ഒട്ടനവധി.
150 രൂപയുടെ ടിക്കറ്റ് എടുത്താൽ പ്രതിമയുടെ അടിഭാഗം വരെ പോയി മടങ്ങാം. 380 രൂപയുടെ ടിക്കറ്റ് എടുത്താൽ പ്രതിമയ്ക്ക് ഉള്ളിൽ കയറി, നെഞ്ചിൻ്റെ ഭാഗം വരെ മുകളിലേക്ക് പോകാം. 1000ന് മുകളിൽ പണം മുടക്കാൻ തയ്യാറുള്ളവർക്ക് എക്സ്പ്രസ് ക്യൂവിൽ നിന്ന് പെട്ടെന്ന് പോയി വരാം.
പക്ഷേ രണ്ടാമത് പറഞ്ഞ ടിക്കറ്റുകൾ പരിമിതമാണ്. അത് നേരത്തെ തന്നെ ഓൺലൈൻ വഴി ബുക്ക് ചെയ്യണം. എനിക്കത് മുന്നേ അറിയാഞ്ഞത് കൊണ്ടും സാധിക്കാഞ്ഞത് കൊണ്ടും പ്രതിമയുടെ കീഴെ വരെ ചെന്ന് അത്രയും കാഴ്ചകൾ കണ്ട് മടങ്ങി. അതിൽ അല്പം പോലും വിഷമം തോന്നിയില്ല. ലോകത്തിലെ ഉയരമുള്ള പ്രതിമകൾ മറ്റൊന്നും ഞാൻ കണ്ടിട്ടില്ല എന്ന ശോചനീയാവസ്ഥ ഇന്നാണ് ശ്രദ്ധയിൽ പെട്ടത്. അതിൽ ചെറുതായി വിഷമമുണ്ട്.
സഹിക്കാൻ പറ്റാത്തത് ക്യൂ എന്ന സംവിധാനം പാലിക്കാൻ തയ്യാറല്ലാത്ത പൊതുജനങ്ങളുടെ പെരുമാറ്റമാണ്. രണ്ടിടത്ത് കടുപ്പത്തിൽ സംസാരിക്കേണ്ടി വന്നപ്പോൾ, ഇവനേത് അത്ഭുത ജീവി എന്ന മട്ടിലാണ് ജനങ്ങളുടെ നോട്ടം.
വാരണാസിയിലും മറ്റും ഉള്ളതുപോലെ, ഇവിടെ നർമ്മദ നദിക്കരയിൽ വൈകീട്ട് ആരതി എന്ന ചടങ്ങ് ഉണ്ട്. അത് കാണണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ ഇരുട്ട് വീണതിനുശേഷം പട്ടേൽ പ്രതിമയിൽ ലേസർ ഷോ ഉണ്ട്. അത് തുടങ്ങാൻ ഏഴ് മണിയാകും. ലേസർ ഷോ കഴിഞ്ഞതിന് ശേഷം, വീണ്ടും ബസ്സിൽ കയറി നർമ്മതയുടെ തീരത്തേക്ക് പോകണം ആരതി കാണാൻ.
ആരതി തുടങ്ങുന്നത് എട്ട് മണിയോടെ ആണ്. നദിക്കരയിൽ ഞാൻ ഒഴികെ എല്ലാവർക്കും ഭക്തി സാന്ദ്രമാണ് ആ സമയം. നർമ്മദയിലൂടെ ബോട്ട് റൈഡ് നടത്തി വരുന്ന സന്ദർശകർ വെള്ളത്തിൽ നിന്ന് ആരതിക്ക് സാക്ഷിയാകുന്നു. എല്ലാവരും ഭജനയുടെ താളത്തിൽ ആടുകയും കൈകൊട്ടുകയും ചെയ്യുന്നു. ആരതി കഴിഞ്ഞതിന് ശേഷം ഭാഗിക്കും എനിക്കും തങ്ങാൻ ഒരിടം കണ്ടുപിടിക്കുന്നതിൻ്റെ ബേജാർ ആയിരുന്നു എനിക്ക്. ഒരാഴ്ചയോളം ആകുന്നു ഭാഗിയിൽ ഉറങ്ങിയിട്ട്.
സാമാന്യം ഭേദപ്പെട്ട ‘സ്റ്റേറ്റർ ഇൻ’ എന്നൊരു ഹോട്ടലിന്റെ മുന്നിൽ, അങ്ങോട്ട് അതിഥികളുമായി എത്തിയ കാറിൻ്റെ ഡ്രൈവർമാർ തമ്പടിച്ചിട്ടുണ്ട്. ഞാൻ അവരുടെ നിരയിൽ ഭാഗിയെ പാർക്ക് ചെയ്ത് അവരിൽ ഒരാളായി. പാവങ്ങൾ സീറ്റ് പാതിമടക്കി വെച്ചാണ് കിടന്നുറങ്ങുന്നത്. അങ്ങനെ നോക്കിയാൽ ഭാഗിയിൽ എനിക്കുള്ള സൗകര്യങ്ങൾ പഞ്ചനക്ഷത്രമാണ്.
തുറസ്സായ പ്രദേശം ആയതു കൊണ്ടായിരിക്കണം സാമാന്യം നല്ല തണുപ്പുണ്ട്. അങ്ങനെ പുതുവർഷത്തിലെ ആദ്യരാത്രി പെരുവഴിയിൽ ഉറങ്ങുന്നു.
ശുഭരാത്രി.