ഇത്തരം വീടുകൾ മോഹിക്കരുത്


34
വീടുകളെപ്പറ്റിയുള്ള ലേഖനങ്ങളും വീഡിയോകളും എന്നും ശ്രദ്ധിക്കാറുണ്ട്. പടുകൂറ്റൻ ആഡംബര വീടുകളേക്കാൾ, അത്യാവശ്യം സൗകര്യങ്ങളുള്ള ഒറ്റ നിലയിലുള്ള ചെറിയ വീടുകൾ ആണ് എപ്പോഴും ആകർഷിച്ചിട്ടുള്ളത്.

ഒറ്റ നിലയെന്ന് തോന്നിക്കുന്ന പടം, ശാന്തത, പ്രകൃതിയോട് ചേർന്ന, ആരും കൊതിക്കുന്നത്, പാഠപുസ്തകം, എന്നൊക്കെയുള്ള മനോരമയുടെ വർണ്ണനകൾ. ഇത്രയും കണ്ടപ്പോൾ
ഒന്നെത്തി നോക്കി.

ഒന്നരയേക്കറോളം(1.4) സ്ഥലത്ത് മരങ്ങളെല്ലാം വെട്ടി വെളുപ്പിച്ച് ലക്ഷങ്ങൾ ചിലവാക്കി പുല്ല് പിടിപ്പിച്ച് അതിനിടയിൽ ടൈല് പാകിയ വിശാലമായ മുറ്റമുള്ള വീട്, പ്രകൃതിയോട് ചേർന്ന് നിൽക്കുന്നു പോലും! ഈ ഒന്നരയേക്കറിനപ്പുറം കാടിന്റെ പച്ചപ്പ് ചിത്രത്തിൽ വ്യക്തമാണ്. മുറ്റത്തെങ്ങും ഒരു മരം പോലുമില്ല. ഉണ്ടായിരുന്ന മരങ്ങളെല്ലാം വീട് വെക്കാനായി മഴുവേറ്റിയെന്ന് വ്യക്തം. ജാക്കൂസിയും ഹോം തീയറ്ററും 10 പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാവുന്ന കൂറ്റൻ ഡൈനിങ് ടേബിളും, സെവൻസ് ഫുട്ബോൾ കളിക്കാൻ പോന്ന അടുക്കളയുമുള്ള വീട് ആരും കൊതിച്ചു പോകുമത്രേ! ഒരു കൂര പോലും വെക്കാൻ വകയില്ലാത്തവരെയാണ് കൊതിപ്പിക്കുന്നത്. ഓരോ മുറികളും 500 സ്ക്വയർ ഫീറ്റിലധികം കാണും. മൊത്തത്തിൽ 6000 സ്ക്വയർ ഫീറ്റിൽ കുറയാത്ത 5 കിടപ്പുമുറികളുള്ള സൗധം. ഇനിയുള്ള കാലത്ത് ഇതൊക്കെ കൊതിക്കുന്ന കെൽപ്പില്ലാത്തവർ വിഡ്ഢികളുടെ സ്വർഗ്ഗത്തിലാണ്.

വലിയ വലിയ വീടുകൾ വെച്ചിരുന്ന വിദേശ മലയാളികൾ പോലും കടക്കെണിയിൽ പെട്ടിരിക്കുന്ന കാലമാണെന്ന് മറക്കരുത്. ഈ സമയത്തെങ്കിലും, സാധാരണക്കാർക്കും കോവിഡ് ബാധിച്ച് ദുരിതത്തിലായവർക്കും താങ്ങാൻ പറ്റുന്ന തരത്തിലുള്ള കൊച്ച് വീടുകളുടെ പദ്ധതികൾ പ്രചരിപ്പിക്കൂ മനോരമേ. ജനങ്ങളെ ഇങ്ങനെ അതിമോഹത്തിന്റേയും അത്യാഢംബരത്തിന്റേയും പടുകുഴികളിൽ കൊണ്ടുചെന്ന് നിർദാക്ഷിണ്യം തള്ളരുത്. ഈ വീട് പാഠപുസ്തകമാണെന്നാണ് മനോരമ പറയുന്നതെങ്കിൽ, ആ പാഠപുസ്തകം കത്തിച്ച് കളയണമെന്നാണ് എന്റെ പക്ഷം.

കാശുള്ളവൻ എത്ര വലിയ കൊട്ടാരവും പണിയട്ടെ. പക്ഷേ, ഇത്തരം വീടുകൾ ആരും കൊതിച്ചു പോകുമെന്ന് കൊട്ടിഘോഷിച്ച്, ഭവന നിർമ്മാണത്തിന്റെ കാര്യത്തിൽ പൊതുവേ ധാരാളികളും ധൂർത്തരും വീണ്ടുവിചാരമില്ലാത്തവരുമായ ഒരുവിധപ്പെട്ട മലയാളികളെ വീണ്ടും വഴി തെറ്റിക്കരുത്.

എന്ന്…….
സ്വന്തം ആവശ്വത്തിലേക്കായി, പരമാവധി 400 സ്ക്വയർ ഫീറ്റ് വിസ്തൃതിയുള്ള ടൈനി ഹോമുകളെപ്പറ്റി കൂലംകഷമായി അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്ന അക്ഷരാഭ്യാസമില്ലാത്ത ഒരുവൻ.

ഒപ്പ്…
കുത്ത്….

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>