സാഹിത്യം

അങ്ങനെയൊരു പുസ്തകമില്ല


22
ണ്ട് ദിവസമായി ഫേസ്ബുക്കിൽ ഫോളോവേർസ് പതിവിലധികം കൂടിക്കൂടി വരുന്നു. ഫ്രണ്ട് റിക്വസ്റ്റുകളും അങ്ങനെത്തന്നെ. ഒരാളെപ്പറ്റി ആരെങ്കിലും എവിടെയെങ്കിലും പരാമർശിക്കുമ്പോളോ അല്ലെങ്കിൽ ടാഗ് ചെയ്യുമ്പോളോ ആണ് ഈ പ്രതിഭാസം ഉണ്ടാകുക പതിവ്. പക്ഷേ, അങ്ങനെ പ്രത്യേകിച്ച് ടാഗിങ്ങ് ഒന്നും മനസ്സിലാക്കാനും സാധിച്ചില്ല. പിന്നെന്താകും കാരണം?

അങ്ങനെയിരിക്കുമ്പോഴാണ് മഹാത്മാഗാന്ധി യൂണിവേർസിറ്റിയിൽ നിരക്ഷരൻ്റെ ‘ഗോവയിലെ കോട്ടകൾ‘ എന്ന ലേഖനം പഠനവിഷയമാകുന്നതിൻ്റെ സിലബസ്സ് കിട്ടിയത്. അത് തന്നെ കാരണം! കുട്ടികൾ പഠനം തുടങ്ങിക്കാണും; നിരക്ഷരൻ ആരെന്ന് പരതിത്തുടങ്ങിക്കാണും.

ഹൈപ്പർ ലിങ്കുകളാണ് ആ ഓൺലൈൻ ലേഖനത്തെ പഠനവിഷയമാക്കാൻ കാരണമായത് എന്നാണ്, ഇതേപ്പറ്റി സംസാരിക്കാൻ വേണ്ടി മാസങ്ങൾക്ക് മുൻപ് എൻ്റെ നമ്പർ തപ്പിപ്പിടിച്ച് ഫോൺ ചെയ്ത മിനി ആലീസ് ടീച്ചർ (യു. സി. കോളേജ് ആലുവ) പറഞ്ഞത്.

ഗോവയിലെ 20 കോട്ടകളെപ്പറ്റി പരാമർശിക്കുന്ന ആ ലേഖനത്തിലുള്ള 14 ലിങ്കുകൾ വഴി അത്രയും കോട്ടകളെപ്പറ്റി വിശദമായി പ്രതിപാദിക്കുന്ന യൂ ട്യൂബ് വീഡിയോകൾ വായനക്കാരന് കാണാനാകും. ബാക്കിയുള്ള 6 കോട്ടകൾ നാമാവശേഷമായതുകൊണ്ട് അതിൻ്റെ വീഡിയോകൾ നിർമ്മിക്കാൻ എനിക്കായിട്ടില്ല.

പക്ഷേ, അതിനും മാർഗ്ഗങ്ങൾ തെളിഞ്ഞു വന്നിട്ടുണ്ട്, സാങ്കേതിക വിദ്യ തകർത്താടുന്ന ഇക്കാലത്ത്. AI ഉപയോഗിച്ച് ആ 6 കോട്ടകളെ അത് നിലനിന്നിരുന്ന സ്ഥലത്ത് തന്നെ സാങ്കൽപ്പികമായി പുനർനിർമ്മിക്കാനുള്ള ഊർജ്ജമാണ് മഹാത്മാഗാന്ധി യൂണിവേർസിറ്റി തന്നിരിക്കുന്നത്. ഞാനൊരു ശ്രമം തീർച്ചയായും നടത്തും.

പറഞ്ഞുവരുന്നത് ഇതൊന്നുമല്ല…..

രണ്ട് ദിവസമായി ഇൻബോക്സിൽ പലരും വന്ന് ‘ഗോവയിലെ കോട്ടകൾ‘ എന്ന പുസ്തകം എവിടെ കിട്ടും എന്ന് അന്വേഷിച്ചുകൊണ്ടിരിക്കുന്നു. സത്യത്തിൽ അങ്ങനെയൊരു പുസ്തകം ഞാൻ പ്രസിദ്ധീകരിച്ചിട്ടില്ല.

വർഷങ്ങൾക്ക് മുൻപ്, കൊച്ചി മുതൽ ഗോവ വരെ നടത്തിയ ഒരു യാത്രയുടെ വിവരണങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് ‘കഥ പറയുന്ന കോട്ടകൾ‘ എന്നൊരു പുസ്തകം 2023-ൽ മെൻ്റർ മീഡിയ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിൽ പക്ഷേ, കബോഡ രാമ, ചപ്പോറ, അഗ്വാഡ എന്നിങ്ങനെ മൂന്ന് ഗോവൻ കോട്ടകൾ മാത്രമാണുള്ളത്.

ഗോവയിലെ എല്ലാ കോട്ടകളേയും ആ കോട്ടകൾ തേടിപ്പോയ എൻ്റെ ഗോവൻ ദിനങ്ങളേയും ഉൾക്കൊള്ളിച്ച് ഒരു പുസ്തകത്തിന് വകുപ്പുണ്ട്. പക്ഷേ, എഴുത്തും പുസ്തകങ്ങളും എൻ്റെ മുൻഗണനയല്ല, ഞാൻ എഴുത്തുകാരനുമല്ല. എന്നെങ്കിലും അങ്ങനെയൊന്ന് സംഭവിച്ചെന്നിരിക്കാം. അതെന്നാണെന്ന് പറയുക വയ്യ. യാത്ര ചെയ്യാൻ തന്നെ സമയം തികയുന്നില്ല എന്ന അവസ്ഥയാണ് ഇവിടെ.

വിദ്യാർത്ഥികളേയും സിലബസ്സിനേയും മുന്നിൽക്കണ്ട് അങ്ങനെയൊരു പുസ്തകം പടച്ചിറക്കാൻ എന്തായാലും ഉദ്ദേശിക്കുന്നില്ല. പഠനവിഷയം ആണെന്ന് വെച്ച് കുട്ടികൾ എല്ലാവരും ആ പുസ്തകം വാങ്ങാൻ പോകുന്നില്ല എന്നതുകൊണ്ട് കൂടെയാണ് അത് ചെയ്യാത്തത്. ആരെങ്കിലും ഒന്നോ രണ്ടോ കുട്ടികൾ വാങ്ങി, മറ്റുള്ള കുട്ടികൾ അതിൻ്റെ ഫോട്ടോക്കോപ്പി എടുത്ത് പഠിക്കുക എന്നതാണ് കലാലയങ്ങളിലെ നടപ്പ് സമ്പ്രദായം. അതൊരു തരത്തിൽ പകർപ്പവകാശ നിയമലംഘനമാണ്. പാവപ്പെട്ട കുടുംബങ്ങളിൽ നിന്ന് വരുന്ന കുട്ടികൾക്ക് അങ്ങനെ ചെയ്യാനേ നിവൃത്തിയുള്ളൂ. അതിൻ്റെ പേരിൽ എനിക്കൊരു അലോഹ്യവുമില്ല. ഞാനവരെ അത്തരമൊരു നിയമലംഘനത്തിലേക്ക് തള്ളിവിടാൻ ഉദ്ദേശിക്കുന്നുമില്ല.

വീണ്ടും ഒരിക്കൽക്കൂടെ പറയുന്നു. ‘ഗോവയിലെ കോട്ടകൾ‘ എന്നൊരു പുസ്തകം എൻ്റേതായി ഇല്ല. ‘കഥ പറയുന്ന കോട്ടകൾ‘ എന്ന പുസ്തകത്തിൽ പറയുന്നത് പൂർണ്ണമായും ഗോവൻ കോട്ടകളെപ്പറ്റി അല്ല. അത് കൊച്ചി മുതൽ ഗോവ വരെയുള്ള ഒരു യാത്രാവിവരണമാണ്. 3 ഗോവൻ കോട്ടകൾ അടക്കം 11 കോട്ടകളുടെ കഥകളും ചരിത്രവും 24 അദ്ധ്യായങ്ങളുള്ള ആ പുസ്തകത്തിൽ കടന്നുവരുന്നുണ്ട്.