യാത്ര തുടങ്ങിയിട്ട് 20 ദിവസമായി എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല എത്ര പെട്ടെന്നാണ് സമയം കടന്ന് പോകുന്നത്.
ഭാഗിക്ക് ഇന്നും അവധി കിട്ടി. ഞാൻ നടന്ന് സിവിൽ ലൈൻ മെട്രോ സ്റ്റേഷനിൽ പോയി അവിടന്ന് ബഡി ചോപ്പട് സ്റ്റേഷനിൽ ഇറങ്ങി.
ഇന്ന് ആദ്യം പോകാൻ ഉദ്ദേശിച്ചിരുന്നത് ‘ഗാഥോഡ് കി ഛത്രിയാം’ എന്ന സ്ഥലത്തേക്കാണ് നഗരത്തിൽ നിന്ന് കഷ്ടി 4 കിലോമീറ്റർ ദൂരമുള്ളൂ. അവിടെയാണ് രാജകുടുംബാഗംങ്ങളുടെ സ്മൃതി മണ്ഡപങ്ങൾ ഉള്ളത്. പക്ഷേ ഗാഥോഡ് കി ഛത്രിയാം എന്നൊക്കെ പറഞ്ഞിട്ട് ഓട്ടോറിക്ഷക്കാർക്ക് മനസ്സിലാകുന്നില്ല. ഛത്രിയാം എന്ന് പറഞ്ഞാൽ മതി അവരോട്.
നഗരത്തിന്റെ കാര്യമായ തിരക്കുകൾ ഇല്ലാത്ത ആറവല്ലി മലയുടെ താഴ് വാരം. അവിടെയാണ് രജപുത്ര രാജാക്കന്മാർ അന്ത്യവിശ്രമം കൊള്ളുന്നത്. 30 രൂപ പ്രവേശന ഫീസ് ഉണ്ട്. ജയ്പൂർ നഗരം കാണാൻ എത്തുന്നവരുടെ ചെറിയൊരു ശതമാനം മാത്രമേ ഇവിടെ എത്തുന്നുള്ളൂ എന്നാണ് എനിക്ക് തോന്നിയത്. സെക്യൂരിറ്റി സ്റ്റാഫ് ഒരാൾ തന്നെ ഗൈഡ് ആയി എൻ്റെ കൂടെ വന്നു. കൃത്യമായ റേറ്റ് ഒന്നുമില്ല. എന്തെങ്കിലും തന്നാൽ മതി എന്ന് നിലപാട്. അര മണിക്കൂർ ജോലിക്ക് 100 രൂപ കിട്ടിയപ്പോൾ അയാൾക്ക് സന്തോഷം.
പതിനെട്ടാം നൂറ്റാണ്ടിൽ ജയ്പൂരിന്റെ സ്ഥാപകനായ ജയ്സിംഗ് രണ്ടാമനാണ് ഈ സ്ഥലം സ്മൃതിമണ്ഡപങ്ങൾക്കായി തിരഞ്ഞെടുത്തത്. സവായ് ഈശ്വരി സിംഗ് ഒഴികെ മിക്കവാറും എല്ലാ രാജാക്കന്മാരുടേയും സ്മൃതിമണ്ഡപങ്ങൾ ഇവിടെയുണ്ട്. അദ്ദേഹത്തിൻ്റെ സംസ്ക്കാരം നടന്നത് സിറ്റി പാലസ് സമുച്ചയത്തിൽ ആയിരുന്നു.
12 റാണിമാരിലായി മാൻ സിങ്ങ് ഒന്നാമന് 15 മക്കളാണ് ഉണ്ടായിരുന്നത്. അതിൽ 14 മക്കളും മലേറിയ വന്ന് മരണപ്പെട്ടു. പതിനഞ്ചാമൻ റാണ പ്രതാപ് മാത്രമാണ് മരണത്തിൽ നിന്ന് രക്ഷപ്പെട്ടത്. 14 കുട്ടികളുടേയും സ്മൃതിമണ്ഡപങ്ങൾ ഒറ്റ ഒരിടത്ത് തന്നെ കാണാം. അതിന് തൊട്ടുമുന്നിലായി സ്വയംഭൂവായ ശിവക്ഷേത്രമുണ്ട്.
സ്മൃതി മണ്ഡപങ്ങൾ ഓരോന്നും ആരുടേതാണെന്ന് എഴുതി വെച്ചിട്ടില്ല എന്നത് ഒരു ന്യൂനതയാണ്. ഗൈഡ് പറയുന്നത് അപ്പാടെ വിശ്വസിക്കാൻ തോന്നിയതുമില്ല.
അവിടന്ന് ഇറങ്ങി വെളിയിൽ വന്നാൽ വലതുവശത്തുള്ള പടികൾ കയറി മുകളിലേക്ക് ചെന്നെത്തുന്നത് ഗണേശ ക്ഷേത്രത്തിലാണ്. ഇന്നലെ ശോഭ മഹലിൽ ഇരുന്ന് രാജാവ് കാണുന്ന ക്ഷേത്രം എന്ന് പറഞ്ഞത് ഇതാണ്. ആറവല്ലി മലയുടെ മുകളിലേക്ക് കുത്തനെ കയറിയാൽ ക്ഷേത്രത്തിൽ എത്താം. സമയവും കാലവുമൊന്നും നോക്കാതെ ഞാൻ കയറ്റം ആരംഭിച്ചു. താരതമ്യേന കുത്തനെയുള്ള കയറ്റം തുടങ്ങിയതും കാണിച്ചത് മണ്ടത്തരമാണെന്ന് ഞാൻ മനസ്സിലാക്കി.
സൂര്യൻ കത്തി നിൽക്കുകയാണ്. കയറ്റത്തിലുള്ള കൈവരികൾ ഉണ്ടാക്കിയിരിക്കുന്നത് ഇരുമ്പ് പൈപ്പുകൾ കൊണ്ടാണ്. അത് ചുട്ടുപൊള്ളി കിടക്കുന്നു. ഒന്ന് വീണാൽ പോലും പിടിക്കാൻ പറ്റാത്ത അത്ര ചൂട്. ഒരുവിധത്തിന് മുകളിലെത്തിയതും ക്ഷേത്രനട അടച്ചിട്ടുണ്ടായിരുന്നു. നാലുമണിക്കാണ് വീണ്ടും തുറക്കുന്നത്. ദൈവങ്ങളുമായി ബന്ധമില്ലാത്തതുകൊണ്ട് ക്ഷേത്രനട അടച്ചത് എനിക്കൊരു വിഷയമാകുന്നില്ല.
മലമുകളിൽ നിന്ന് താഴേക്ക് സ്മൃതി മണ്ഡപങ്ങളും ജയ്പൂർ നഗരവും പൂർണ്ണമായി കാണാം. മലയുടെ മറുവശത്ത് ആമർ പട്ടണവും കാണാം.
മലയിറങ്ങുമ്പോൾ തണൽ വിരിച്ച മറ്റൊരു വഴി കിട്ടി. അതിൽ കുത്തനെയുള്ള പടികളില്ല. അല്പം വളഞ്ഞ വഴി ആണെങ്കിലും, കാട്ടിലെ മരങ്ങൾക്കിടയിലൂടെയാണ് ഇറങ്ങുന്നത്. താഴെ എത്തിയപ്പോഴേക്കും ശരിക്കും ക്ഷീണിച്ചിരുന്നു. നഗരത്തിലേക്ക് തിരികെ പോകാൻ ഒരു വാഹനം കിട്ടാനുമില്ല.
സത്യത്തിൽ ഇവിടെ വാഹനം പാർക്ക് ചെയ്യാനുള്ള സ്ഥലം ധാരാളമുണ്ട്. ഭാഗിയേയും കൊണ്ട് വന്നാൽ മതിയായിരുന്നു. കുറച്ചധികം നേരം കാത്തിരുന്നപ്പോൾ ഒരു ടുക്ക് ടുക്ക് വന്നു. അതിൽക്കയറി ആൽബർട്ട് ഹാളിലേക്ക് വിട്ടു.
ജയ്പൂരിന്റെ സെൻട്രൽ മ്യൂസിയം ആണ് ആൽബർട്ട് ഹാളിലുള്ളത്. മ്യൂസിയം എന്നതിലുപരി ആ കെട്ടിടം തന്നെ മനോഹരമായ ഒരു കാഴ്ചയാണ്. രാം നിവാസ് ബാഗിനുള്ളിലാണ് ആൽബർട്ട് ഹാൾ നിലകൊള്ളുന്നത്.
വെയിൽസ് രാജകുമാരൻ ആൽബർട്ട് എഡ്വേർഡിൻ്റെ ജയ്പൂർ സന്ദർശന വേളയിൽ, 1876ൽ ആണ് ഈ കെട്ടിടത്തിന് തറക്കല്ലിടുന്നത്. അന്ന് ഈ കെട്ടിടത്തിൽ എന്താണ് ചെയ്യേണ്ടത് എന്ന് തീരുമാനമായിട്ടുണ്ടായിരുന്നില്ല. അതെന്തായാലും ഈ കെട്ടിടം അങ്ങനെ ആൽബർട്ട് ഹാള്‍ ആയി.
ടൗൺ ഹാൾ ആക്കാനും വിദ്യാഭ്യാസ സ്ഥാപനം ആക്കാനും സാംസ്ക്കാരിക സ്ഥാപനം ആക്കാനും ഒക്കെ നിർദേശങ്ങൾ ഉണ്ടായിരുന്നു. അക്കാലത്ത് റെസിഡന്റ് ഡോക്ടറായിരുന്ന തോമസ് ഹോൾബീൻ ഹെൻഡ്ലിയുടെ നിർദ്ദേശ പ്രകാരം സവായ് മാൻ സിങ്ങ് രണ്ടാമൻ ഈ കെട്ടിടത്തെ, പ്രദേശിക കലാകാരന്മാരുടെ വ്യാവസായിക ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കാനുള്ള കെട്ടിടമായി അംഗീകരിക്കുന്നു.
പിന്നീട് പല പരിവർത്തനങ്ങളും സംഭവിച്ചു. ഇന്ന് ഇതൊരു ഗംഭീര മ്യൂസിയമായി എന്ന് നിലകൊള്ളുന്നു. ഞാൻ ആദ്യമേ പറഞ്ഞില്ലേ, കെട്ടിടത്തിന്റെ നിർമ്മാണ വൈഭവമാണ് അവിടത്തെ പ്രദർശന വസ്തുക്കളേക്കാൾ കൂടുതൽ എൻ്റെ ശ്രദ്ധയാകർഷിച്ചത്.
പ്രദർശനത്തിന്റെ കാര്യത്തിൽ പ്രത്യേകം എടുത്തു പറയേണ്ട ഒന്ന്, പ്രദർശന വസ്തുക്കളിൽ ലൈറ്റ് നൽകിയിരിക്കുന്ന വിധമാണ്. ആ ലൈറ്റുകൾ ക്യാമറയിൽ വീഴാത്ത വിധം ഭംഗിയായി പ്രദർശന വസ്തുക്കളുടെ ഫോട്ടോ എടുക്കാൻ കഴിയും.
പഴയ വസ്തുക്കളിലും ഉരുപ്പടികളിലും നോട്ടമുള്ള എൻ്റെ നിയന്ത്രണം തെറ്റിക്കാൻ പോന്ന പ്രദർശന വസ്തുക്കൾ ആയിരുന്നു മ്യൂസിയത്തിൽ ഉണ്ടായിരുന്നത്. ചൈനീസും യൂറോപ്യനും ഈജിപ്ഷ്യനും എന്ന് വേണ്ട ലോകത്തിന്റെ എല്ലാ പലയിടങ്ങളിൽ നിന്നുമുള്ള പ്രദർശന വസ്തുക്കൾ അവിടെ ഉണ്ട്.
മണിക്കൂറുകളോളം ഞാൻ മ്യൂസിയത്തിനകത്ത് ചിലവിട്ടു. പുറത്തേക്കിറങ്ങുമ്പോൾ നന്നായി ക്ഷീണം ഉണ്ടായിരുന്നതുകൊണ്ട് പുറത്തെ തളത്തിലെ ബെഞ്ചിൽ കുറച്ചു നേരം ഇരുന്നു. ക്ഷീണം കാരണമാകാം അവിടെയിരുന്ന് ഉറങ്ങിപ്പോയി. ഏകദേശം ഒരു മണിക്കൂർ ഉറങ്ങിയിട്ടുണ്ടാകും. സുരക്ഷാ ജീവനക്കാരോ പോലീസുകാരോ വന്ന് എഴുന്നേൽപ്പിച്ച് വിട്ടില്ല എന്നത് ഭാഗ്യം.
ഒരു കാര്യം കൂടി ഇന്ന് ചെയ്ത് തീർത്താൽ ജയ്പൂർ സന്ദർശനം ഏറെക്കുറെ പൂർത്തിയാകും. ബിർള മന്ദിർ ആണ് ആ ഇടം. സമയം ആറുമണി കഴിഞ്ഞിരിക്കുന്നു. ഇന്നിനി ബിർള മന്ദിറിലേക്ക് പോകുന്നില്ല എന്ന് തീരുമാനിച്ചു. ഒരു ഓട്ടോ പിടിച്ച് ഹവാ മഹലിന്റെ മുന്നിൽ ചെന്നിറങ്ങി. രാത്രി ലൈറ്റുകൾ ഇട്ടതിനുശേഷം ഹവാ മഹൽ ഒരു നല്ല കാഴ്ചയാണെന്ന് കേട്ടിട്ടുണ്ട്. ഞാനവിടെ നിന്ന് ഹവാ മഹലിന്റെ വീഡിയോ എടുത്തു കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് അതിന്റെ ലൈറ്റുകൾ തെളിഞ്ഞു. അത് സ്വാഭാവികമായി എൻ്റെ ക്യാമറയിൽ പതിഞ്ഞു.
വരും ദിവസങ്ങളിലെ കാര്യങ്ങളുടെ ചില പദ്ധതി തയ്യാറാക്കാനുണ്ട് നാളെ. ആയതിനാൽ പകൽ മറ്റെങ്ങും പോകുന്നില്ല. വൈകിട്ട് ബിർള മന്ദിറിൽ പോകുന്നതോടെ ജയ്പൂർ സന്ദർശനം ഏറെക്കുറെ പൂർത്തിയാകും. മറ്റന്നാൾ ജയ്പൂർ വിടാനാണ് ഉദ്ദേശിക്കുന്നത്.
എന്നാലും കാമുകിയുടെ വീട്ടിൽ ഒന്ന് രണ്ട് ചെറിയ കുടകൾ ബോധപൂർവ്വം മറന്ന് വെക്കുന്നുണ്ട്. ഇനിയും വരാൻ ചില കാരണങ്ങൾ വേണമല്ലോ.
ശുഭരാത്രി.