യാത്ര തമിഴ്നാട്ടിലെ ശൂലഗിരിയിൽ നിന്ന് ബാംഗ്ലൂർ വഴി കർണ്ണാടകയിലെ ചിത്രദുർഗ്ഗ ജില്ലയിൽ എത്തി.
ഇനിയാണ് കോട്ടകളിലേക്കുള്ള പ്രയാണം തുടങ്ങുന്നത്. ചിത്രദുർഗ്ഗ കോട്ടയിൽ രണ്ട് പ്രാവശ്യം പോയിട്ടുണ്ട്. അത് മുന്നേ തന്നെ യൂട്യൂബ് ചാനലിൽ പരിചയപ്പെടുത്തിയിട്ടുമുണ്ട്. എന്നിരുന്നാലും ഇന്ന് വീണ്ടും കോട്ടയിലേക്ക് പോയി.
1500 ഏക്കറിലധികം സ്ഥലത്താണ് ചിത്രദുർഗ്ഗ പരന്നുകിടക്കുന്നത്. വൃത്തിയായിട്ട് ഒന്ന് കണ്ട് തീർക്കാൻ രണ്ട് ദിവസമെങ്കിലും എടുക്കും. കോട്ടയ്ക്കുള്ളിൽ എന്നെ ഏറ്റവും മോഹിപ്പിക്കുന്നത് ജയിലും അതിലേക്കുള്ള വഴിയുമാണ്. ഇത്രയും വ്യാപ്തിയും പ്രത്യേകതകളുമുള്ള മറ്റൊരു കോട്ട ഞാനിതുവരെ കണ്ട 44 കോട്ടകളിൽ ഇല്ല. ഏതൊരാളും ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട കോട്ടയാണിതെന്ന് ഞാൻ നിർദ്ദേശിക്കും.
കഴിഞ്ഞ പത്ത് ദിവസവും മോട്ടോർ ഹോം പാർക്ക് ചെയ്ത് കിടന്നത് മുൻപരിചയമുള്ളതും വലിയ കുഴപ്പമില്ലാത്തതുമായ സ്ഥലങ്ങളിൽ ആയിരുന്നു. ഇന്നുമുതൽ ആ കളി മാറുകയാണ്. ഇനിയെല്ലാം അപരിചിതമായ ഇടങ്ങളായിരിക്കും.
അത്തരം ദിവസങ്ങളിൽ ഉച്ചയ്ക്ക് രണ്ട് മണി കഴിയുമ്പോഴേക്കും, കിടക്കാനുള്ള സ്ഥലത്തിന് വേണ്ടി കണ്ണുകൾ പരതാൻ തുടങ്ങും. കോട്ടയുടെ ചുറ്റുമുള്ള പാർക്കിങ്ങ് ഇടങ്ങളാണ് ആദ്യം നോട്ടമിട്ട് വെച്ചിരുന്നത്. അവിടെ നിന്നിരുന്ന രണ്ട് പൊലീസുകാരോട് അതേപ്പറ്റി തിരക്കി. “എന്തിനാണ് ഇവിടെ പാർക്ക് ചെയ്യുന്നത്? 100 മീറ്റർ അപ്പുറം മയൂരദുർഗ്ഗ എന്നപേരിൽ സർക്കാറിന്റെ സത്രമുണ്ട്. അവിടെ പോയി എന്തെങ്കിലും ഭക്ഷണം കഴിച്ചശേഷം അവിടെ കിടക്കുന്നതാകും നല്ലത് ” എന്ന് പൊലീസുകാർ ഉപദേശിച്ചു.
മയൂരദുർഗ്ഗയിൽ നിന്ന് പച്ചക്കൊടി കിട്ടി. പക്ഷേ ഒരു ചിന്ന കുഴപ്പം. അവരുടെ പുരയിടത്തിൽ പാമ്പിന്റെ ശല്യമുണ്ട്. കുറഞ്ഞത് നാലിടത്തെങ്കിലും മുന്നറിയിപ്പ് എഴുതി വെച്ചിട്ടുണ്ട്. പാതിയുറക്കത്തിൽ ‘ഒന്നാം ക്ലാസ്സിൽ’ പോകാൻ മോട്ടോർ ഹോമിൽ നിന്ന് പുറത്തിറങ്ങുമ്പോൾ പണി കിട്ടാൻ സാദ്ധ്യതയുണ്ട്. എന്നാൽപ്പിന്നെ കോട്ടയുടെ പാർക്കിങ്ങിലേക്ക് തന്നെ പോയാലോ എന്ന് നോക്കിയപ്പോൾ അവിടെ മുടിഞ്ഞ ശൂന്യത. ആരെങ്കിലും വിളിച്ചെഴുന്നേൽപ്പിച്ച് കൊള്ളയടിച്ചാലോ കൊന്നിട്ട് പോയാലോ, നേരം പുലരുന്നത് വരെ ആരും അറിഞ്ഞെന്ന് വരില്ല. മാത്രമല്ല, മയൂരദുർഗ്ഗയിലുള്ള തക്ഷകൻ്റെ കൂട്ടാളികൾ100 മീറ്റർ അപ്പുറത്തുള്ള കോട്ടയുടെ പരിസരത്തും ഉണ്ടാകും. തമ്മിൽ ഭേദം മയൂരദുർഗ്ഗയുടെ പുരയിടം തന്നെ.
മൂന്നര മണിക്കൂർ ഓടിയാണ് ബാംഗ്ലൂര് നിന്ന് ചിത്രദുർഗ്ഗയിൽ എത്തിയത്. കോട്ടയ്ക്കുള്ളിലെ ഒരു മണിക്കൂർ നടത്തം കൂടെ ആയപ്പോൾ ഇന്നത്തെ ഊർജ്ജം അവസാനിച്ചിരിക്കുന്നു. അത്താഴത്തിന് ഒരു സൂപ്പും കുറച്ച് ഫ്രഞ്ച് ഫ്രൈസും ഓർഡർ ചെയ്തിട്ടുണ്ട്. അത് കഴിച്ചശേഷം നാഗങ്ങളെയൊന്നും ചവിട്ടാതെ വാഹനത്തിലെത്തി ഷട്ട് ഡൗൺ ചെയ്യുന്നതാണ്.
ശ്രീരാമേട്ടൻ്റെ ശൈലിയിൽ പറഞ്ഞാൽ….’ആകയാലും കൂട്ടരേ ശുഭരാത്രി’.
വാൽ:- ഇന്നത്തെ ചില ചിത്രങ്ങൾ ഇതിനൊപ്പം ചേർക്കുന്നു. ഇവിടെ പറയാത്തത് പലതും ചിത്രങ്ങളുടെ വിവരണങ്ങളായി പറയുന്നുണ്ട്.
#greatindianexpedition
#gie_by_niraksharan
#boleroxl_motor_home