ഇന്നലെ രാത്രി കിഷ്കിന്ധാകാണ്ഡം സിനിമ തുടങ്ങിയതും എന്നെ ഉറക്കം പിടികൂടി. സിനിമയുടെ കുഴപ്പമല്ല. മിനിയാന്ന് രാത്രിയിലെ ഉറക്കം ബാക്കി നിൽക്കുന്നതുകൊണ്ടാണ്. ബ്രിട്ടോയുടെ വീടിനകത്ത് തന്നെ കിടന്നുറങ്ങി. ഭാഗിയിൽ കിടന്ന് ഉള്ളതിനേക്കാളും 5 ഡിഗ്രിയെങ്കിലും താപമാനം വീടിനകത്ത് കൂടുതലാണ്.
രാവിലെ 10:30 മണിയോടെ ഇൻഡോർ (Indor) കോട്ടയിലേക്ക് പുറപ്പെട്ടു. ഗുഡ്ഗാവിൽ നിന്ന് 65 കിലോമീറ്റർ മാറി ഒരു ചെറിയ ഗ്രാമമാണ് ഇൻഡോർ. ഏറെക്കുറെ രാജസ്ഥാൻ ഗ്രാമങ്ങളെ അനുസ്മരിപ്പിക്കുന്ന ഒന്ന്. രാജസ്ഥാനിലെ അരാവല്ലി മലനിരകളുടെ ബാക്കി കുറച്ച് ഹരിയാനയിലേക്കും പരന്ന് കിടക്കുന്നുണ്ട്. ഗ്രാമത്തിലേക്ക് കടക്കുന്നതും മലനിരകൾ കാണാം. അതിന് മുകളിൽ എവിടെയെങ്കിലും ആയിരിക്കും കോട്ട എന്ന് ഞാൻ ഊഹിച്ചത് തെറ്റിയില്ല.
പക്ഷേ, ഗൂഗിൾ കാണിക്കുന്ന അവസാനത്തെ ഒരു കിലോമീറ്റർ വഴിയിലൂടെ ഭാഗിക്ക് കടന്നുപോകാൻ പറ്റില്ല. അത്ര ഇടുങ്ങിയ വഴിയാണ് അത്. ഞാൻ ശരിയായ ഒരു വഴിക്ക് വേണ്ടി പ്രധാന പാതയിലൂടെ തന്നെ ഗ്രാമത്തിൽ കറങ്ങി നടന്നു.
കൃഷിയിടത്തിന്റെ ഒരു മൂലക്ക് ഒരു ക്ഷേത്രമെന്ന് തോന്നിക്കുന്ന ചെറിയ മണ്ഡപത്തിന്റെ കീഴിൽ ഗ്രാമവാസികൾ തടിച്ച് കൂടിയിട്ടുണ്ട്. ഏതെങ്കിലും ഗ്രാമപഞ്ചായത്ത് ആണെങ്കിൽ അതൊന്ന് കാണണമെന്ന് കരുതി ഞാൻ അങ്ങോട്ട് നടന്നു. പകുതി വഴിക്ക് ഒന്ന് ശങ്കിച്ച് നിന്നപ്പോൾ ഗ്രാമവാസികൾ എന്നോട് വരാൻ ആംഗ്യം കാണിച്ചു.
ചെറിയ ഒരു ഹോമകുണ്ഡം ഉണ്ടാക്കി അതിൽ പൂജ നടക്കുന്നുണ്ട്, അതിന്റെ പ്രസാദം വിതരണം ചെയ്യുന്നുണ്ട്. എന്താണ് നടക്കുന്നത് എന്ന് അന്വേഷിച്ചപ്പോൾ ‘ഹവൻ’ എന്ന് പറഞ്ഞു. ഹവനം, ഹോമം, അതുതന്നെ സംഭവം. ഇടയ്ക്കിടയ്ക്ക് ഇങ്ങനെ നടത്താറുണ്ട് പോലും. മുകളിലെ മണ്ഡപത്തിൽ ഒരു പുരുഷനും സ്ത്രീയും ഇരിക്കുന്ന നിലയ്ക്കുള്ള പ്രതിമകളാണ്.
“അതാരൊക്കെയാണ്?”
” മാതാപിതാക്കന്മാർ.”
“ആരുടെ മാതാപിതാക്കൾ?”
” എല്ലാവരുടെയും.”
എനിക്ക് അപ്പോൾ അത് കൃത്യമായി മനസ്സിലായില്ലെങ്കിലും മടക്കവഴിയിൽ ഗ്രാമത്തിലെ പല കൃഷിയിടങ്ങളിലും ഇങ്ങനെ മാതാപിതാക്കന്മാരുടെ പ്രതിമകൾ കണ്ടു. തമിഴ്നാട്ടിലെ ചിലയിടങ്ങളിലും കർണാടകത്തിലും കൃഷിയിടത്തിന്റെ ഒരു മൂലക്ക് മരിച്ചവരെ അടക്കം ചെയ്യുകയോ ദഹിപ്പിക്കുകയോ ചെയ്യാറുണ്ട്. ഇവിടേയും, അങ്ങനെ സംസ്ക്കരിച്ച സ്ഥലത്താകാം ഈ പ്രതിമകൾ ഉണ്ടാക്കി വെച്ചിരിക്കുന്നത്.
ഗ്രാമവാസികൾ കസേരയിട്ട് എന്നെ അതിൽ ഇരുത്തി. എനിക്ക് പ്രസാദം തന്നു, ഉണക്കപ്പഴങ്ങൾ തന്നു, റോബസ്റ്റ പഴം തന്നു, പൂരി ബാജി തന്നു. എന്റെ വിശേഷങ്ങൾ ചോദിച്ചറിഞ്ഞു. കേരളത്തിൽ നിന്നാണ് വരുന്നതെന്ന് പറഞ്ഞപ്പോൾ കേരളം എവിടെയാണെന്നായി ചോദ്യം. ഇന്ത്യയുടെ ഭൂപടം എടുത്ത് അതിൽ കേരളം കാണിച്ചു കൊടുക്കാം എന്ന് കരുതിയപ്പോഴാണ് ശ്രദ്ധിച്ചത് മൊബൈൽ നെറ്റ്‌വർക്ക് ഇല്ല. ഞാൻ മണ്ണിൽ ഭൂപടം വരച്ച് ഹരിയാനയിൽ നിന്ന് രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കർണാടക, വഴി താഴേക്ക് കേരളം കാണിച്ചുകൊടുത്തു. അവരിൽ എത്രപേർക്ക് ഭൂപടം കണ്ടാൽ മനസ്സിലാകുമോ എന്തോ? എന്തായാലും ഇന്ത്യയുടെ മറ്റേ അറ്റത്ത് നിന്നാണ് ഞാൻ വന്നിരിക്കുന്നത് എന്ന് അവർക്ക് പിടുത്തം കിട്ടി.
അടുത്ത ചോദ്യം ഏത് ജാതി എന്നായിരുന്നു. എന്റെ മതം അവരങ്ങ് ഉറപ്പിച്ചെന്ന് തോന്നുന്നു. ജാതിയും മതവും ചോദിക്കുന്നവരെ എനിക്ക് തീരെ പിടിക്കാറില്ലെങ്കിലും ഈ നിഷ്കളങ്കരായ ഗ്രാമവാസികളോട് ആ രസകേട് കാണിച്ചിട്ട് എന്ത് കാര്യം? അവർക്ക് അതിനുള്ള വിവരവും വിദ്യാഭ്യാസവും അല്ലേ ഉള്ളൂ.
എനിക്ക് പെട്ടെന്ന് വായിൽ വന്ന ജാതി ‘നായാടി’ എന്നാണ്. വെള്ളാപ്പള്ളി നടേശൻ സ്ഥിരം പറയാറുണ്ടല്ലോ ‘നായാടി മുതൽ നമ്പൂരി വരെ’ എന്ന്. ആ വാചകത്തിൽ നിന്നാണ് നായാടി മനസ്സിൽ കയറിക്കൂടിയത്.
“നായാടി.”
“നിങ്ങളുടെ നാട്ടിൽ ഗുജർ ഇല്ലേ?”
“ഇല്ല.”
“ഏറ്റവും കൂടുതലുള്ളത് ഏത് ജാതിയാണ്?”
“നായാടി.”
“പിന്നെ ഏതൊക്കെ ജാതി ഉണ്ട്?”
“നായർ, നമ്പൂരി, ഈഴവ, അങ്ങനെ കുറേയുണ്ട്. അതെല്ലാം പക്ഷേ എണ്ണത്തിൽ കുറവാണ്.”…. ഞാൻ തട്ടി വിട്ടുകൊണ്ടിരുന്നു.
പാവങ്ങൾ. അവർക്ക് ഇതിൽ ഏതാണ് വലിയ ജാതി, ചെറിയ ജാതി, എന്നൊന്നും പിടി കിട്ടാത്തതിന്റെ വിഷമം ഉണ്ടായിരുന്നു.
കോട്ടയിലേക്കുള്ള വഴി അവർ കൃത്യമായി പറഞ്ഞു തന്നു. അര കിലോമീറ്ററോളം ഒന്നാന്തരം ഓഫ് റോഡ് ഡ്രൈവ്. അതുകഴിഞ്ഞാൽ ഇറങ്ങി നടന്ന് മല കയറണം.
അവഗണിക്കപ്പെട്ട് കിടക്കുന്ന കോട്ടയാണ്. നന്നായി കാട് പിടിച്ചിട്ടുമുണ്ട്. പക്ഷേ എനിക്കിപ്പോൾ അത്തരം കോട്ടകൾ ശീലമായിരിക്കുന്നു. പോരാത്തതിന് നാട്ടുകാർക്ക് അറിയാം, ഞാൻ കോട്ടയിലേക്ക് പോയിട്ടുണ്ടെന്ന്. എന്തെങ്കിലും അനിഷ്ട സംഭവം ഉണ്ടായാലും, എന്നെ കാണാതാകുമ്പോൾ അവർ തിരക്കി വന്നോളും.
കോട്ടയിലെ കുറ്റിക്കാടിനുള്ളിലൂടെ നടന്ന് കയറാൻ പറ്റുന്ന ഭാഗങ്ങളിലൊക്കെ ചെന്ന് കയറിക്കണ്ട് പടങ്ങളും വീഡിയോകളും എടുത്തു. മിക്കവാറും ഭാഗങ്ങൾ ഇടിഞ്ഞ് കിടക്കുകയാണ്. അതിനിടയിലൂടെ ഗ്രാമവാസികളുടെ പശുക്കൾ പോയതിനെ അടയാളവും ചാണകവും ഒക്കെ ഉണ്ട്. അതുകൊണ്ടുതന്നെ വന്യമൃഗങ്ങളെ പേടിക്കേണ്ടതില്ല എന്നെനിക്ക് തോന്നി.
കോട്ടയുടെ കീഴ് ഭാഗത്ത് നാല് മിനാരങ്ങൾ ഉള്ള ഒരു പഴയ കെട്ടിടമുണ്ട്. അതും കാടുപിടിച്ച് കിടക്കുകയാണ്. കയറാനേ പറ്റുന്നില്ല. കോട്ടയുടെ ചരിത്രം ഒന്നും തന്നെ ലഭ്യമല്ല. സാമാന്യം വലിയ ഒരു കോട്ടയുടെ കാര്യമാണ് ഈ പറയുന്നത്.
എന്തായാലും, ഹരിയാനയിൽ ആദ്യമായി ഒരു കോട്ട കയറി കാണാനെങ്കിലും പറ്റി എന്ന സന്തോഷമുണ്ട്.
5 മണിയോടെ തിരികെ ബ്രിട്ടോയുടെ വീട്ടിൽ എത്തി. ബ്രിട്ടോ Britto Zacharias ഓഫീസിൽ നിന്ന് വന്നശേഷം അടുക്കളയിൽ കയറിയിട്ടുണ്ട്. എന്നെപ്പോലെ തന്നെ അദ്ദേഹവും വലിയ മത്സ്യപ്രിയനാണ്. കൊല്ലത്തെ ചില മത്സ്യ വിഭവങ്ങളുടെ പാചകവിധികളൊക്കെ അദ്ദേഹം പറഞ്ഞ് തന്നിട്ടുണ്ട്. ഇക്കാലത്തിനിടയ്ക്ക് ഞാൻ അതൊന്നും ആ ജില്ലയിൽ പോയി കഴിച്ചിട്ടില്ലല്ലോ എന്നതിൽ വലിയ ഖേദമുണ്ട്. സൂപ്പ് കറിയാണ് അതിൽ ഏറെ എന്നെ ആകർഷിച്ചിരിക്കുന്നത്. കേരളത്തിൽ തിരിച്ചെത്തിയിട്ട് കൊല്ലത്തേക്ക് ഒന്ന് പോകാനുണ്ട്.
ഇന്ന് കിടക്കുന്നതിന് മുൻപ് കിഷ്കിന്താകാണ്ഡം കണ്ട് തീർക്കണം.
ശുഭരാത്രി.