sree

കാടിന്റെ ശ്രീകോവിലിലേക്ക്.


വൃക്ഷങ്ങളിൽ നിങ്ങളെന്തെങ്കിലും ദൈവീകത കാണുന്നുണ്ടെങ്കിൽ, നിറയെ വൃക്ഷങ്ങൾ നട്ടുപിടിപ്പിച്ച് നല്ലൊരു കാട് തന്നെ സൃഷ്ടിച്ചെടുത്തിട്ടുള്ള ഒരു പുരയിടത്തിന് ‘ശ്രീകോവിൽ‘ എന്നല്ലാതെ മറ്റെന്ത് പേരാണ് ചേരുക ?

ഇക്കഴിഞ്ഞ ദുഃഖവെള്ളിയാഴ്ച്ച ദിവസം രാവിലെ 11 മണിക്ക് ഞാൻ ചെന്നുകയറിയത് അത്തരമൊരു ശ്രീകോവിലിലേക്കാണ്. ശ്രീ.കെ.വി.ദയാൽ എന്ന പ്രകൃതിസ്നേഹി നട്ടുവളർത്തിയെടുത്ത മരങ്ങൾ തണൽ വിരിച്ച്, വേനൽച്ചൂടിലും കുളിർമ പ്രദാനം ചെയ്യുന്ന കാടിന്റെ ശ്രീകോവിലിലേക്ക്.

ദുഃഖവെള്ളിയാഴ്ച്ച, വാഹനമോടിച്ച് ദൂരയാത്രകൾ പോകാൻ പറ്റിയ ദിവസമാണ്. നിരത്തിൽ പതിവുപോലെ അത്രയ്ക്കധികം വാഹനങ്ങൾ ഉണ്ടാകില്ല എന്നത് തന്നെയാണ് പ്രധാന കാരണം. മൂന്നാറിലേക്കും വയനാട്ടിലേക്കുമൊക്കെ പോകാൻ പദ്ധതിയിട്ടെങ്കിലും പല കാരണങ്ങളാൽ അതൊന്നും നടന്നില്ല. ഇത്രയും യാത്രാസൌകര്യമുള്ള ഒരു ദിവസം പാഴാക്കുന്നതെങ്ങനെ ? അപ്പോഴാണ് രണ്ട് ദിവസം മുൻപ് നാട്ടിലുള്ള ഒരു സുഹൃത്ത്, ദയാൽ സാറിനെപ്പറ്റി വാചാലയായത് ഓർമ്മ വന്നത്. ഉടനെ തന്നെ അദ്ദേഹത്തിന്റെ നമ്പർ തപ്പിയെടുത്ത് വിളിച്ചു. നല്ല സുഖമില്ലാതിരിക്കുകയാണെങ്കിലും 11 മണിയോടെ ചെന്നാൽ അൽ‌പ്പസമയം സംസാരിച്ച് ഇരിക്കാം എന്ന് ഉറപ്പുകിട്ടിയതനുസരിച്ച് യാത്ര പുറപ്പെട്ടു. ആലപ്പുഴ ജില്ലയിലെ മുഹമ്മയ്ക്കടുത്തുള്ള കായിപ്പുറത്താണ് ‘ശ്രീകോവിൽ‘. മുഹമ്മ എനിക്ക് നല്ല പരിചയമുള്ള സ്ഥലമാണ്. വൂൾഫ് ഗ്യാങ്ങ് എന്ന ഓസ്ട്രിയക്കാരൻ സായിപ്പിന്റെ മുഹമ്മയിലുള്ള വീട്ടിൽ വർഷങ്ങൾക്ക് മുൻപ് തങ്ങിയിട്ടുണ്ട്.

ഒരു മണിക്കൂറുകൊണ്ട് മുഹമ്മയിലെത്തി. കായിപ്പുറത്ത് ദയാൽ സാറിന്റെ വീട് എവിടെയാണെന്ന് ആരോടെങ്കിലും ചോദിക്കാമെന്ന് വെച്ച് വാഹനത്തിന് വേഗത കുറച്ചപ്പോൾ, കവലയിൽ ഓട്ടോ റിക്ഷാസ്റ്റാന്റിന് അപ്പുറത്തുള്ള തൊടി ഞാൻ ശ്രദ്ധിച്ചു. സൂര്യപ്രകാശം നിലത്ത് വീഴാത്തവിധം കാടുപിടിച്ച് കിടക്കുന്ന ഒരു പുരയിടം. കേട്ടറിഞ്ഞിടത്തോളം ഇതുതന്നെയാകണം ഞാൻ അന്വേഷിക്കുന്ന കാട്. അപ്പോഴേക്കും മതിലിനുമേൽ ശ്രീകോവിൽ എന്ന പേര് കണ്ടു. കാടുകൾ അപ്രത്യക്ഷമായിക്കഴിഞ്ഞിരിക്കുന്ന സംസ്ഥാനത്ത് ആൾവാസമുള്ള ഒരിടത്ത് കാടുപിടിച്ച് കിടക്കുന്ന ഒരു തൊടി ആരുടേയും ശ്രദ്ധയാകർഷിക്കും. അന്വേഷിച്ച് കണ്ടുപിടിക്കേണ്ട ആവശ്യം വരുന്നുമില്ല. വാഹനം പുരയിടത്തിനകത്തേക്ക് ഒതുക്കി വെളിയിലിറങ്ങി. വേനൽച്ചൂടിൽ വെന്തുകിടക്കുന്ന ഭൂമിയല്ല ശ്രീകോവിലിനുള്ളിൽ. മാനം മുട്ടെ മരങ്ങൾ വളർന്നുനിൽക്കുന്നിടത്ത് സ്വാഭാവികമായും ഉണ്ടാകുന്ന കുളിർമയാണവിടെയുള്ളത്. അധികം താമസിയാതെ ദയാൽ സാർ പൂമുഖത്തെത്തി, ഞങ്ങളെ കാട്ടിനുള്ളിലേക്ക് നയിച്ചു.

കാടിനുള്ളിൽ ‘ശ്രീകോവിലി‘ന്റെ ഒരു ഭാഗം.

പുരയിടത്തിലൂടെ ഒരുചുറ്റ് നടക്കുമ്പോൾ വ്യത്യസ്തമായ ഒട്ടനവധി മരങ്ങളെ അദ്ദേഹം പരിചയപ്പെടുത്തി. പലതും നട്ടുവളർത്തിയത് തന്നെയാണെങ്കിലും വിത്ത് വാരിയെറിഞ്ഞ് വളർന്നുവന്ന മരങ്ങളും ധാരാളമുണ്ട്. പ്ലാവ് നടുമ്പോൾ കുഴികുത്തി അതിൽ വെക്കരുതെന്നുള്ളത് എനിക്ക് പുതിയ അറിവായിരുന്നു. മേൽമണ്ണിന് മുകളിൽത്തന്നെ മണ്ണ് കൂട്ടി വെച്ച് അതിൽ വേണം പ്ലാവിൻ തൈ നടാൻ. കീഴോട്ട് വേരോടിയാൽ പ്ലാവ് നന്നായി കായ്ക്കില്ലത്രേ ! കുഴികുത്തിവെക്കുമ്പോൾ തായ്‌വേരിനടിൽ ഒരു കട്ടയോ കല്ലോ എടുത്തുവെച്ച് അതിനെ ആഴത്തിലേക്ക് പോകാതെ വഴിതിരിച്ച് വിട്ടാലും മതി. “ചക്ക കഴിക്കുമോ“ എന്ന അദ്ദേഹത്തിന്റെ ചോദ്യത്തിന് “ചക്ക മാത്രമേ കഴിക്കൂ“ എന്നായിരുന്നു എന്റെ മറുപടി. പുരയിടത്തിൽ കായ്ച്ച് നിൽക്കുന്ന പ്ലാവ് ഒരെണ്ണം ഞാൻ നോട്ടമിട്ട് നിൽക്കുമ്പോളാണ് രോഗി ഇച്ഛിച്ചതും വൈദ്യൻ കൽ‌പ്പിച്ചതും ചക്ക എന്ന മട്ടിൽ അദ്ദേഹത്തിന്റെ ചോദ്യം. ഒരു പ്ലേറ്റ് ചക്ക ഇരുന്ന ഇരിപ്പിൽ ഞാൻ അകത്താക്കി.

20വർഷം മുൻപ് അദ്ദേഹം ഈ സ്ഥലം വാങ്ങുമ്പോൾ ആലപ്പുഴ ഭാഗത്തൊക്കെ സാധാരണയായി കാണുന്ന തരത്തിലുള്ള വെളുത്ത നിറത്തിലുള്ള മണൽ മാത്രമായിരുന്നു ഇവിടെ. നിറയെ തെങ്ങുകൾ വെച്ചുപിടിപ്പിച്ചു. ഒക്കെയും നന്നായി വളർന്നുവന്നു. പക്ഷെ കുലയ്ക്കുന്ന സമയമായപ്പോഴേക്കും എല്ലാത്തിനും രോഗം ബാധിച്ചു. കൃഷിവകുപ്പുകാർ പറഞ്ഞുകൊടുത്ത മാർഗ്ഗങ്ങൾ എല്ലാം നടപ്പിലാക്കി. രാസവളവും ജൈവവളവും എന്നുവേണ്ട എല്ലാം പ്രയോഗിച്ച് നോക്കി. പക്ഷെ രക്ഷപ്പെട്ടില്ല. പിന്നെന്ത് ചെയ്യും എന്നുള്ള ചിന്ത കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സമയത്താണ് ജാപ്പാനീസ് കർഷകനായ മസനോബു ഫുക്കുവോക്കയുടെ പ്രകൃതി കൃഷിയെപ്പറ്റിയുള്ള ‘One Straw Revolution’ എന്ന പുസ്തകം വായിക്കാനിടയായത്. അതൊരു വഴിത്തിരിവായിരുന്നു. മനസ്സുകൊണ്ട് ഫുക്കുവോക്ക, ദയാൽ സാർ അടക്കമുള്ള ഒരുപാട് പേരുടെ ആചാര്യൻ കൂടെയാണിപ്പോൾ. ഫുക്കുവോക്കയുടെ ചിത്രമൊരെണ്ണം പൂമുഖപ്പടിയിൽ തൂങ്ങുന്നതിന്റെ കാരണവും മറ്റൊന്നല്ല.

മസനോബു ഫുക്കുവോക്ക. (ചിത്രം:-വിക്കിപീഡിയ)

അങ്ങനെയാണ് കാട് വെച്ച് പിടിപ്പിക്കാം എന്ന ആശയം ഉടലെടുത്തത്. ആദ്യമാദ്യം പലരും എതിർത്തു. കാടുപിടിച്ച് കിടന്നാൽ പാമ്പും എലീം ഒക്കെ വരും, തലവേദനയാകും എന്ന അഭിപ്രായങ്ങൾ ഉയർന്നു. പറമ്പായാൽ വെട്ടിത്തെളിച്ച് സമയാസമയത്ത് കിളച്ച് ചപ്പുചവറുകൾ തീയിട്ട് സംരക്ഷിക്കുന്നതാണല്ലോ നമ്മുടെ ശീലം. അനുഭവത്തിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട ദയാൽ സാർ പറയുന്നത് ചവറൊന്നും തീയിടരുത് എന്നാണ്. എല്ലാം മണ്ണിൽ അലിഞ്ഞ് ഇല്ലാതാകണം. സൂര്യനാണ് ഏക ഊർജ്ജസ്രോതസ്സ് എന്നത് നമ്മൾക്കറിയാം. പക്ഷെ നമ്മൾ ആ സ്രോതസ്സിനെ പൂർണ്ണമായും ഉപയോഗപ്പെടുത്തുന്നില്ല. അൽ‌പ്പം പോലും വെയിൽ ഭൂമിയിൽ വീഴാൻ അനുവദിച്ചുകൂടാ. ചപ്പും ചവറും ഇലകളുമൊക്കെക്കൊണ്ട് ഭൂമി നിറഞ്ഞുനിൽക്കണം. അതിലേക്കാവണം വെയിൽ വീഴേണ്ടത്. അത് ഭൂമിയിൽ പൊടിഞ്ഞ് അലിഞ്ഞ് ചേരുമ്പോൾ അത്രയും ഊർജ്ജം ഭൂമിയിലേക്കെത്തുകയായി. മരങ്ങളിൽ ശേഖരിക്കപ്പെടുന്ന കാർബൺ ആണ് മണ്ണിലടിഞ്ഞ് കറുത്തനിറമുള്ള കാർബോഹൈഡ്രേറ്റ് ആയി മാറുന്നത്. ഇലകളും മറ്റും കത്തിക്കുന്നതോടെ ഈ കാർബണും, സൂര്യപ്രകാശത്തിൽ നിന്ന് അതിൽ ശേഖരിക്കപ്പെട്ടിട്ടുള്ള ഊർജ്ജവുമാണ് ഇല്ലാതാകുന്നത്. ഊർജ്ജം ഒരു രൂപത്തിൽ നിന്ന് മറ്റൊരു രൂപത്തിലേക്ക് പരിവർത്തനം ചെയ്യാനാകും പക്ഷെ ഉണ്ടാക്കിയെടുക്കാനാവില്ല എന്ന് ചെറിയ ക്ലാസ്സുകളിൽ നാം പഠിച്ചിട്ടുള്ളതാണ്. ഹൈസ്ക്കൂളിൽ പഠിച്ച ഊർജ്ജതന്ത്രവും രസതന്ത്രവും പ്രായോഗികമാക്കുന്നില്ല എന്നതാണ് നമ്മുടെ പരാജയം. ഹരിത വിപ്ലവം വന്നപ്പോൾ മുതൽ ശാസ്ത്രീയമെന്ന് പേരിൽ നടപ്പിലാക്കി വരുന്നത് പലതും അശാസ്ത്രീയമായ കൃഷി രീതികളാണ്.

ഒന്നരയേക്കർ വീടിനുചുറ്റും കാണുന്ന മരങ്ങളിൽ പലതും കുരു ഏറിഞ്ഞ് മുളപ്പിച്ച് വളർത്തിയെടുത്തതാണ്. ദയാൽ സാറിന്റെ കാട്ടിൽ ഇപ്പോൾ 250ൽ‌പ്പരം വൃക്ഷലതാദികൾ വളരുന്നുണ്ട്. മരങ്ങളിലേക്ക് കുരുമുളക് പോലുള്ള വള്ളികൾ പറ്റുന്നത്രയ്ക്ക് പടർത്തിയിരിക്കുന്നു. ഇന്ത്യയിൽ നിന്നും വിദേശത്തുനിന്നുമൊക്കെ കിട്ടാൻ സാദ്ധ്യതയുള്ള എല്ലാ വൃക്ഷങ്ങളും സംഘടിപ്പിച്ച് അദ്ദേഹം ഇവിടെ വളർത്തുന്നുണ്ട്. രണ്ട് കുളങ്ങൾ കുഴിച്ച് അതിൽ നിന്നുള്ള വെള്ളം വൃക്ഷങ്ങൾക്ക് വേണ്ടി പ്രയോജനപ്പെടുത്തുന്നു. തൊടിയുടെ ഒരുഭാഗത്ത് പച്ചക്കറിത്തോട്ടമാണ്. ചുരയ്ക്ക അടക്കം ഒരുവിധം എല്ലാ പടർപ്പുകളും ഇവിടെയുണ്ട്. ഇതിനൊക്കെ പുറമേ ഒട്ടനവഴി ഷട്പദങ്ങളും ജീവജാലങ്ങളും ഈ കാട്ടിൽ വളരുന്നു. മഴപ്പാറ്റ എന്ന് വിളിക്കുന്ന ചുവന്ന നിറത്തിലുള്ള ജീവിയെ പ്രകൃതിദത്തമായ കാടുകളിൽ പോലും വളരെ ദുർലഭമായിട്ടേ കാണാനാവൂ. ഇവിടെയതിനെ ചവിട്ടിയിട്ട് നടക്കാനാവില്ല എന്ന അവസ്ഥയാണ്. തേനീച്ചകൾക്കും പക്ഷികൾക്കുമൊക്കെയായി കൂടുകളും ഒരുക്കിക്കൊടുത്തിട്ടുണ്ട്, വൃക്ഷങ്ങൾക്ക് മുകളിൽ.

മഴപ്പാറ്റകൾ

പച്ചക്കറി കൃഷി നടക്കുന്ന ഭാഗത്തുള്ള രണ്ടാമത്തെ കുളത്തിനോട് ചേർന്ന് അൽ‌പ്പം ഉയരത്തിൽ മണ്ണ് കൂട്ടിയിട്ട് അതിനുള്ളിൽ സാധാരണ സർപ്പക്കാവുകളിൽ കാണാറുള്ള മരങ്ങളൊക്കെ നട്ടുപിടിപ്പിച്ച് ഒരു കാവുതന്നെ സൃഷ്ടിച്ചെടുത്തിട്ടുണ്ട്. മേമ്പൊടിക്ക്, കല്ലിൽ തീർത്ത ഒരു സർപ്പ പ്രതിഷ്ഠയുമുണ്ട്. അതൊരു പരീക്ഷണത്തിന്റെ ഭാഗമായി തീർത്ത പ്രദേശം കൂടെയാണ്. വല്ലാത്ത കാറ്റുള്ള ഇടങ്ങളിൽ കാറ്റിനെ നിയന്ത്രിക്കാൻ എങ്ങനെ സാധിക്കും എന്നതിന്റെ ഉദാഹരണമാണ് ആ കാവും അതിനോട് ചേർന്ന കുളവും. ഒരു പരിധിവരെ കാറ്റിനെ തടഞ്ഞ് നിർത്താൻ മരങ്ങൾക്കാവുമെങ്കിലും കാറ്റ് ശമിപ്പിക്കണമെങ്കിൽ തൊട്ടടുത്ത് തന്നെ ഒരു താഴ്ന്ന പ്രദേശം ഉണ്ടായിരിക്കണം. കുളം ആ ജോലി നിർവ്വഹിക്കുന്നു. കൃഷിയിടങ്ങളിൽ കാറ്റിന്റെ വല്ലാത്ത ശല്യമുള്ള തമിഴ്‌നാട്ടിലെ പ്രദേശങ്ങളിൽ പലരും ഈ മോഡൽ പ്രാവർത്തികമാക്കാൻ തുടങ്ങിയിരിക്കുന്നു. പോരാത്തതിന് മരങ്ങളിൽ തട്ടി പെയ്തിറങ്ങുന്ന മഴവെള്ളം കുളത്തിലെ ജലവിതാനം ഉയർത്തുകയും ചെയ്യുന്നു.

പുഴയരികിലുള്ള സ്ഥലത്ത് അൽ‌പ്പം ഉപ്പിന്റെ കനമുള്ള വെള്ളം എങ്ങനെ ശുദ്ധമാക്കിയെടുക്കാൻ എന്ന എന്റെ ചോദ്യത്തിന് ദയാൽ സാറിന്റടുത്ത് ഉത്തരം റെഡിയാണ്. കണ്ടൽക്കാടും കൈതയും മുളയുമൊക്കെ വെച്ചുപിടിപ്പിക്കുക. ഇതിന്റെയൊക്കെ വേരോടാൻ തുടങ്ങിക്കഴിഞ്ഞാൽ‌പ്പിന്നെ വേലിയേറ്റത്തിന് പോലും ഉപ്പ് വെള്ളം ഭൂമിയിലേക്ക് കടക്കില്ല. മഴ പെയ്തിറങ്ങുന്ന വെള്ളം വീണുവീണ് ഭൂമിക്കടിയിലെ ജലവും തൻ‌മൂലം കുളത്തിലേയും കിണറ്റിലേയും വെള്ളം ശുദ്ധമാകുകയും ചെയ്യും.

സർപ്പക്കാവും പ്രതിഷ്ഠയും

കൃഷിക്ക് വേണ്ടി മണ്ണിനെപ്പറ്റി പഠിക്കാൻ തുടങ്ങിയതോടെ മനുഷ്യൻ കഴിക്കുന്ന ഭക്ഷണത്തെപ്പറ്റിയും അവന്റെ ആരോഗ്യത്തെപ്പറ്റിയും പഠിക്കാൻ ആരംഭിച്ചു. മണ്ണിന്റെ pH ബാലൻസിങ്ങിനെ കുറിച്ച് പഠിക്കാൻ തുടങ്ങിയപ്പോൾ മനുഷ്യരക്തത്തിന്റെ pH ബാലൻസിങ്ങിനെപ്പറ്റി മനസ്സിലാക്കാനായി. രക്തത്തിലും മജ്ജയിലുമൊക്കെ pH 7.41 ന് അടുക്കെ നിയന്ത്രിച്ച് നിർത്താനാകുമെങ്കിൽ കാര്യമായ രോഗങ്ങൾ ഒന്നും വരില്ലെന്നും പിടികിട്ടി. യോഗ പഠിപ്പിക്കാനായി ചിലിയിലേക്ക് പോയ സുഹൃത്തിനോട് അവിടെയുള്ള സുന്ദരന്മാരും സുന്ദരികളുമായ ജനങ്ങളെ നിരീക്ഷിച്ച് അവരുടെ ഭക്ഷണ രീതി മനസ്സിലാക്കി വരാൻ ആവശ്യപ്പെട്ടു. മൂന്ന് നേരവും അവിടെയുള്ളവർ കഴിക്കുന്നത് ബട്ടർ ഫ്രൂട്ട് അഥവാ അവക്കാഡോ ആണെന്ന് മനസ്സിലായി. pH ന്യൂട്രലായിട്ടുള്ള ഒരു ഫലമാണ് അവക്കാഡോ. നല്ലവണ്ണം ഫാറ്റ് ഉള്ള പഴവുമാണത്. ഏഴെട്ട് വർഷം കൊണ്ട് വളർത്തി കായിച്ചെടുക്കാൻ പറ്റുന്ന ബട്ടർ ഫ്രൂട്ട് അദ്ദേഹം പിടിപ്പിച്ചെടുത്തിട്ടുണ്ട്. രണ്ട് മരമെങ്കിലും ഇല്ലെങ്കിൽ കായുണ്ടാകില്ല എന്നത് ശ്രദ്ധിക്കണമെന്ന് മാത്രം. ഒരേ മരത്തിൽ തന്നെയാണ് ആൺ‌പൂവും പെൺ‌പൂവും ഉണ്ടാകുന്നത്. പക്ഷേ, പെൺ‌പൂവ് വിരിഞ്ഞ് താഴെ വീണ് കഴിഞ്ഞതിന് ശേഷം മാത്രമേ ആണ് പൂവ് വിരിയൂ. അതുകാരണം പരാഗണം നടക്കാനുള്ള സാദ്ധ്യത ഇല്ലാതാകുന്നു. രണ്ട് മരങ്ങൾ ഉണ്ടെങ്കിലേ ഈ പ്രശ്നം പരിഹരിക്കാനാവൂ.

ഭക്ഷണത്തിൽ ഫാറ്റ്, പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ് എന്നിവ ഉണ്ടാകണമെങ്കിൽ മണ്ണിലും ഫാറ്റ് എത്തണം. അതുകൊണ്ട് മീൻ‌വളം എല്ലുപൊടി എന്നുള്ളതിനൊക്കെ പ്രസക്തി കൂടുതലാണ്.അവക്കാഡോ പോലുള്ള ഫലങ്ങൾക്ക് മീൻ‌വളം നന്നായി ആവശ്യമാണ്. മലയാളികൾ പീനട്ട് ബട്ടർ ഫ്രൂട്ട്, അവക്കാഡോ എന്നീ പഴവർഗ്ഗങ്ങൾ കൂടുതലായി കഴിക്കണമെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്.

ഇഷ്ടം പോലെ ചെറുപ്പക്കാർ ജൈവകൃഷിയിലും മറ്റും താൽ‌പ്പര്യം കാണിച്ചുതുടങ്ങിയിരിക്കുന്നു എന്നത് നല്ലൊരു ലക്ഷണമായിട്ടാണ് അദ്ദേഹം കാണുന്നത്. പോയ കാടുകളൊക്കെയും തിരിച്ചുവരും എന്ന പ്രതീക്ഷയിലാണദ്ദേഹം. ഗാന്ധിജി യൂണിവേർസിറ്റിയിൽ ഒരു കോർസ് തന്നെ തുടങ്ങിയെടുക്കാൻ ദയാൽ സാറിനും സഹപ്രവർത്തകർക്കും ആയിട്ടുണ്ട്. 20 ദിവസം കൊണ്ട് കൃഷിയെപ്പറ്റി പഠിപ്പിക്കുന്ന ഒരു സർട്ടിഫിക്കറ്റ് കോഴ്സാണത്. ജൈവകർഷ സമിതി എന്ന പേരിൽ പ്രായോഗിക കൃഷിരീതികൾ സ്വയം കണ്ടെത്തി മറ്റ് കർഷകരുമായി ഒത്തുകൂടെ അതിന്റെ അനുഭവങ്ങൾ പങ്കുവെക്കുന്ന ഒരു സമിതിയുടെ കൺ‌വീനർ കൂടെയാണ് അദ്ദേഹം. കേരളത്തിൽ അങ്ങോളം ഇങ്ങോളം സഞ്ചരിച്ച് ക്ലാസ്സുകൾ എടുക്കുകയും കൃഷിരീതികൾ പ്രചരിപ്പിക്കുകയുമൊക്കെ ചെയ്യുന്നുണ്ട് ‘അണ്ണൻ‘.

ദയാൽ സാറിനൊപ്പം അദ്ദേഹത്തിന്റെ വീട്ടിൽ.

നാട്ടുകാരും അടുപ്പക്കാരുമൊക്കെ അദ്ദേഹത്തെ വിളിക്കുന്നത് അണ്ണൻ എന്നാണ്. എനിക്ക് പക്ഷെ സാർ എന്നോ മാഷേ എന്നോ വിളിക്കാനാണ് താൽ‌പ്പര്യം. ചുറ്റുമുള്ള പ്രകൃതിക്ക് കോട്ടം വരാതെ അതിനെക്കൂടെ സംരക്ഷിച്ചുകൊണ്ട് അതിജീവനത്തിന്റെ പാഠങ്ങൾ ഉദാഹരണ സഹിതം ജനങ്ങളിലേക്ക് പകർന്നുകൊടുക്കുന്ന ഒരാൾ എന്തുകൊണ്ടും ഗുരുസ്ഥാനത്തിന് തന്നെ അർഹനാണ്.

ഏതൊക്കെ മരങ്ങൾ എങ്ങനൊക്കെ നട്ടുപിടിപ്പിക്കണം, എന്തൊക്കെ വളങ്ങൾ ഉപയോഗിക്കണം, അടുക്കളകൃഷി എങ്ങനെ പരിരക്ഷിക്കണം, എന്തൊക്കെ ഭക്ഷണങ്ങൾ വർജ്ജിക്കണം, എന്തൊക്കെ കഴിക്കണം, എന്നിങ്ങനെ ഒരുപാടൊരുപാട് അറിവുകളാണ് അദ്ദേഹം പകർന്നുതന്നത്. മുഴുവനായി എഴുതി ഫലിപ്പിക്കാൻ എനിക്കാവില്ല. എത്തിപ്പറ്റാൻ സാധിക്കുന്നവർ ഒരിക്കലെങ്കിലും കായിപ്പുറത്തെ ഈ ശ്രീകോവിലിലേക്ക് ഒരു യാത്ര തരപ്പെടുത്തണം. കുറേനേരം ദയാൽ സാറുമായി സംസാരിച്ചിരിക്കണം. ജീവിതത്തോടുള്ള കാഴ്ച്ചപ്പാട് തന്നെ ചിലപ്പോൾ മാറിമറിഞ്ഞെന്ന് വരും, അങ്ങനെയൊരു യാത്രയ്ക്ക് മുതിർന്നാൽ.

മൂന്നാറിലേക്കോ വയനാട്ടിലേക്കോ പോകാൻ സാധിക്കാതിരുന്നതിൽ എനിക്കിപ്പോൾ അൽ‌പ്പം പോലും ഖേദമില്ല. ഈ ദിവസത്തെ ദുഃഖവെള്ളി എന്ന് വിളിക്കാനും ഞാൻ തയ്യാറല്ല. എനിക്കതൊരു ഗുഡ് ഫ്രൈഡേ തന്നെ ആയിരുന്നു. ———————————————————————————————————————  
ദയാൽ സാറിനെപ്പറ്റി കൂടുതൽ അറിയാൻ താഴെയുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്യുക.
  1. ജനയുഗം ലേഖനം.
  2. മാധ്യമം 2009 ഓണപ്പതിപ്പ് ലേഖനം. -

Comments

comments

41 thoughts on “ കാടിന്റെ ശ്രീകോവിലിലേക്ക്.

  1. ഇത് പൂർണ്ണമായും യാത്രാവിവരണത്തിന്റെ പരിധിയിൽ വരുന്നുണ്ടോ എന്നാശങ്കയുണ്ട്. ജീവിതയാത്രയിൽ, ഇതുവരെ കടന്നുപോയിട്ടുള്ള വനങ്ങളിൽ, മനുഷ്യനിർമ്മിതമായ ഒരു വനത്തിലൂടെയുള്ള യാത്രയായതുകൊണ്ട് ‘ചില യാത്രകൾ’ ബ്ലോഗിൽ തന്നെ പോസ്റ്റ് ചെയ്യുന്നു.

  2. നല്ല ജീവിതം. കൊതിപ്പിക്കാന്‍ ഇങ്ങനെ ചില ജീവിതങ്ങള്‍ ശേഷിക്കുന്നതു നല്ലതാണ്‌. നന്ദി

  3. നിരക്ഷരന്‍,
    ദയാല്‍ സാറിനെ പരിചയപ്പെടുത്തി തന്നതിന് നന്ദി.

    വര്‍ഷങ്ങള്‍ക്കു മുന്‍പ് സുഗതകുമാരി ടീച്ചറും, എന്‍.. വി കൃഷ്ണവാരിയര്‍ സാറുമെല്ലാം ചേര്‍ന്ന് അട്ടപ്പാടിയിലെ മൊട്ടക്കുന്നുകളെ വനമാക്കി മാറ്റിയത്(കൃഷ്ണ വനം)മാതൃഭൂമിയില്‍ വായിച്ചത് ഓര്‍ത്തുപോയി.

  4. ഏറെ ആദരണീയനായ ഒരു വ്യക്തിയെ പരിചയപ്പെടുത്തിയതിൽ ഒരു പാടു നന്ദി. ഇദ്ദേഹത്തെ പൊലുള്ളവരിൽ നിന്നും നമുക്കേറെ പഠിക്കാനുണ്ടെൻകിലും നമ്മൾ അകന്നു നില്കുന്നു.എൻകിലും പ്രതീക്ഷ കൈവിടാതിരിക്കാം…..സസ്നെഹം

  5. നന്നായി. …നന്ദി, ദയാൽ സാറിനും മനോജിനും. ഒറ്റവൈക്കോൽ വിപ്ലവം നടക്കട്ടെ, നാടാകെ.

  6. ഇതൊരു “ജീവിത”യാത്രാ വിവരണം എന്ന് പറയാം. ഭാവുകങ്ങൾ. ഇങ്ങിനെ ഒരു സംഗതി അവതരിപ്പിച്ചതിന് നന്ദി.

  7. ആത്മകഥയും ജീവചരിത്രവും യാത്രാവിവരണവും തമ്മിലുള്ള വരമ്പ് വളരെ വളരെ ചെറിയതാണ്. നന്നായൊന്ന് ചാറിയാല്‍ പരസ്പരം പടരുന്നത്ര ചെറുത്.

  8. ഹൗ .. മനസ്സ് കുളിർത്തു ഇത് വായിച്ചു വന്നപ്പോൾ .. ഈ മഴപ്പാറ്റകളുടെയൊക്കെ ഫോട്ടോ കണ്ടപ്പോഴാ പഴയ ഓരോ ഓർമ്മകൾ വരുന്നത് .. ഇന്ന് നാട്ടിൽ എത്ര നോക്കിയാലും അതിനെയൊന്നും കാണാനേ ഇല്ല ..

  9. സന്തോഷം കൊണ്ടെനിക്കിരിയ്ക്കാന്‍ വയ്യേ ഇത് വായിച്ചിട്ട്. ശ്രീകോവിലിലേയ്ക്ക് ഞാനും പോവും ഒരിക്കല്‍. അപ്പോള്‍ മനോജിനെ വിളിച്ച് ദയാല്‍ സാറിന്റെ നമ്പര്‍ ചോദിക്കും. തന്നേക്കണേ :)

    (റെഡ് കോട്ടണ്‍ ബഗ് എന്ന് മാത്രം പരിചയമുള്ള ആ പ്രാണിക്ക് മഴപ്പാറ്റ എന്നാണ് മലയാളത്തില്‍ പറയുക എന്ന് അറിയില്ലായിരുന്നു. നാട്ടില്‍ അപൂര്‍വമേ കണ്ടിട്ടുള്ളൂ).

    1. @ Bindu Unny – ദയാൽ സാറിന്റെ ഫോൺ നമ്പർ, ഈ പോസ്റ്റിന് താഴെ കൊടുത്തിരിക്കുന്ന മാധ്യമം ലിങ്കിലെ ലേഖനത്തിൽ നിന്ന് ലഭ്യമാണ്. എന്നെ ഫോണിൽ കിട്ടിയില്ലെങ്കിലും ശ്രീകോവിലിലേക്കുള്ള യാത്ര മുടക്കണ്ട :)

  10. കെ.വി. ദയാലിന്‍െറ ജീവിതം ഡി.സി ബുക്സ് പുസ്തകമാക്കിയിട്ടുണ്ട്…

    പച്ചമണ്ണിന്‍െറ മണം
    എന്ന പേരില്‍

  11. ഒരു വ്യക്തിക്ക് തന്നെ വേണമെന്ന് കരുതിയാല്‍ ഒരു വിപ്ലവം നടത്താം.. ദയാല്‍ സാറിലേക്കും വനത്തിലേക്കുമുള്ള യാത്ര ഹൃദ്യം

  12. ദയാല്‍ സാറിനെപ്പറ്റി മുമ്പ് വായിച്ചറിഞ്ഞിട്ടുണ്ട്.
    എന്നാല്‍ ഇങ്ങനെയൊരു വിവരണം ഇതാദ്യമായാണ് വായിയ്ക്കുന്നത്

    താങ്ക്സ് രവീന്ദ്രന്‍.

  13. കൊതി തോന്നുന്നു ചിലപ്പോഴൊക്കെ ,എല്ലാം ഇട്ടെറിഞ്ഞു നാട്ടിൽ പോകാൻ…. പറ്റില്ലാന്നു അറിയാമെങ്കിലും… നല്ലൊരു വിവരണത്തിന് നന്ദി മനോജ്‌…:)

  14. പതിവ്‌ പോലെ നിരക്ഷരന്‍റെ ഹൃദ്യമായ വിവരണം .
    അടുത്ത തവണ നാട്ടില്‍ വരുമ്പോള്‍ “കായിപ്പുറത്ത്” ഒന്ന് പോകണ൦ എന്ന് ആഗ്രഹിക്കുന്നു

  15. പ്രിയ മനോജ്‌ ഭായ്
    സന്തോഷം .
    നല്ലൊരു കുറിപ്പായി ഇത് .
    ദയാൽ സാറും അദ്ദേഹം സൃഷ്ടിച്ച ഒരു ലോകവും .
    ഒരു ആത്മീയ ലോകം തന്നെയാവണം അത് .
    വെറും കുറിപ്പായി മാത്രം മാറ്റി വെക്കാവുന്നതല്ല ഇത് . കുറെ അറിവുകളിലേക്കും കാരണമായി .
    ഇവിടെയൊന്ന് പോകാനും കാണാനും മനസ്സ് ആഗ്രഹിച്ചു തുടങ്ങി .
    നല്ല പരിചയപ്പെടുത്തലിന് . യാത്രക്ക് നന്ദി സ്നേഹം

  16. പ്രിയപ്പെട്ട മനോജ്, “പച്ചമണ്ണിന്റെ മണം” എന്ന രചനയിലൂടെ എന്റെ മനസ്സിൽ വളരെ മുൻപേ ഇടം പിടിച്ചിട്ടുള്ള ആളായിരുന്നു ദയാൽ സാർ…
    അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ, പ്രകൃതിയോടുള്ള കറയില്ലാത്ത സ്നേഹം, ഒരു കാടിനെ എങ്ങനെ സൃഷ്ടിച്ചെടുക്കാം, അതെല്ലാം ആ ബുക്കിൽ വ്യക്തമാക്കിയിട്ടുണ്ട്… അതുകൊണ്ടുതന്നെ “പച്ചമണ്ണിന്റെ മണം” ഞാൻ പലർക്കും വായിയ്ക്കുവാൻ കൊടുക്കാറുണ്ട്….ഒരാൾക്കെങ്കിലും അതുകൊണ്ട് ഉപകാരം ഉണ്ടായെങ്കിലോ,,,,,

    ഞാൻ മാധ്യമത്തിൽനിന്നും നമ്പർ എടുത്ത് സാറിനെ വിളിച്ചിരുന്നു,,, മനോജിന്റെ സുഹൃത്ത് ആണെന്നാണ് പരിചയപ്പെടുത്തിയത്… അടുത്ത മാസം നാട്ടിലെത്തുമ്പോൾ ശ്രീകോവിലിൽ ഒരു ദിനം ചിലവഴിയ്ക്കുവാനുള്ള അനുവാദവും കിട്ടിയിട്ടുണ്ട്…. :)

    ഈ പരിചയപ്പെടുത്തൽ പലർക്കും ഉപകാരപ്രദമാകുമെന്ന് ഉറപ്പുണ്ട്… ഏറെ നന്ദി ഈ വിവരണത്തിന്……. സ്നേഹപൂർവ്വം….

  17. ഇതെഴുതിയത് നന്നായി മനോജേട്ടാ. എനിക്കുമൊരു കാടൊരുക്കണം എന്ന തോന്നലുണ്ട്. അത് കുറച്ചൂടി ശക്തമായി ഇപ്പോൾ. വൃക്ഷങ്ങളും കുന്നിച്ചെടികളും നിറഞ്ഞ ഒരു പറമ്പുണ്ട് ഞങ്ങൾക്ക്. വെട്ടിത്തെളിയ്ക്കണം എന്ന് അമ്മ എപ്പോഴും പറയും. വേനലിൽ കുന്നുമണികൾ കാണാൻ മാത്രം ആ കാട് അതുപോലെ നിർത്താൻ ഞാൻ പറയും.

  18. ദയാൽ സർ കാടൊരുക്കി കാത്തിരിക്കുകയാവാം..ഈ കാഴ്ചപ്പാടുകളുള്ള ഇളം തലമുറക്കാരെ. ഉള്ള ഇത്തിരി സ്ഥലത്ത് പച്ചപ്പുണ്ടാക്കി, മനസ്സു മുഴുവൻ കാട്ടു പച്ചയുമായി ഞാനുമുണ്ട്..

  19. മനോജേട്ടാ ..വായിക്കുമ്പോള്‍ അവിടെ പോയി കാട്ടിലൂടെ നടന്നു വന്ന ഫീല്‍ .
    കാടിനെ ഇഷ്ടപ്പെടുന്ന ഒരാള്‍

  20. ഈ പോസ്റ്റിന്റെ ലിങ്ക് ഫേസ്ബുക്കിൽ വന്നപ്പോൾ അവിടെ ഒരു കമന്റ് എഴുതിയിട്ടു. പിന്നെ ഇങ്ങോട്ട് വന്ന് ഇത് വായിക്കാൻ വിട്ടുപോയി. ഇത്രയും അടുത്ത് ആലപ്പുഴയിൽ തന്നെ ഇങ്ങനെ ഒരു സംഭവം ഒരു വ്യക്തി തന്റെ ശ്രമഫലമായി ഉണ്ടാക്കി എന്നതു തന്നെ അത്ഭുതം. ഇത് പരിചയപ്പെടുത്തിയതിനു നന്ദി.

  21. തകർപ്പൻ അനുഭവം…അവിടത്തെ അന്തരീക്ഷം അനുഭവിയ്ക്കാൻ പറ്റി വായനയിൽ..കൊതിപ്പിയ്ക്കുന്ന ജീവിതം ലളിതമായി എഴുതിയിരിയ്ക്കുന്നു..

    ആ ചുവന്ന പ്രാണിയുടെ പേരു മഴപ്പാറ്റ എന്നാണെന്നറിയില്ലായിരുന്നു..പക്ഷേ കാടുകളിൽപ്പോലും അത് വിരളമാണെന്നെഴുതിയത് ശരിയല്ലാട്ടോ..നാട്ടിലും ധാരാളമായി കാണാം അതിനെ..എന്റെ അമ്മയുടെ വീട്ടിലെ തൊടിയിലൊക്കെ നിറയെ ഉണ്ട്.ചരൽ പ്രദേശത്താണെന്നു തോന്നുന്നു അവ കാണപ്പെടുക,അതാവും വിരളം എന്ന് തോന്നിയത്.[അവിടത്തെ ഇനിയും ബാക്കി നിൽക്കുന്ന കാവാണ് കാടെന്ന സ്വപ്നത്തിനെ ഇത്തിരിയെങ്കിലും സാധിപ്പിയ്ക്കുന്നത്]

  22. “പൂഞ്ഞാറിനടുത്ത് മലയിഞ്ചിപ്പാറയില്‍ ഒരു വനയിടമുണ്ട്. മരങ്ങളെ മക്കളായിക്കണ്ട് പരിപാലിക്കുന്ന പൂണ്ടിക്കുളം ദേവസ്യാച്ചന്റെ ഭവനം. വിടിനു ചുറ്റുമുള്ള ആറ് ഏക്കര്‍ സ്ഥലം മരങ്ങള്‍ വച്ചുപിടിപ്പിച്ച് കാടിനു സമാനമായി മാറ്റി അദ്ദേഹം കാത്തിരിക്കുന്നു. പ്രകൃതിയെ സ്നേഹിക്കുന്ന ആര്‍ക്കും ഇവിടേയ്ക്കു കടന്നു വരാം.”

    http://poonjarblog.blogspot.com/2013/03/blog-post_10.html

    1. @ കാക്കര – മലയിഞ്ചിപ്പാറയിലെ ദേവസ്യാച്ചനെ പരിചയപ്പെടുത്തി തന്നതിന് വളരെയധികം നന്ദി. ദേവസ്യാച്ചനെ നമിക്കുന്നു. അടുത്ത പ്രാവശ്യം കോട്ടയം സൈഡിലേക്ക് ഇറങ്ങുമ്പോൾ, കാട് കാണാനും അനുഭവിക്കാനുമായി മലയിഞ്ചിപ്പാറയിലേക്ക് കൂടെ പോകാൻ ശ്രമിക്കുന്നതായിരിക്കും.

  23. വ്യത്യസ്ഥമായ കാഴ്ചകള്‍ക്ക് നന്ദി മനോജ്, ഇതു വരെ കായിപ്പുറം എന്നാല്‍ നമ്മുടെ വൈദ്യരുടെ ഹോട്ടല്‍ മാത്രമായിരുന്നു മനസ്സില്‍ …

  24. നന്നായിട്ടുണ്ട്…
    സ്കൂളില്‍ പഠിക്കുമ്പോ ഒറ്റവൈക്കോല്‍ വിപ്ലവം വായിച്ചിരുന്നു. അന്ന് അതൊക്കെ വായിച്ചപ്പോള്‍ കൊതി തോന്നി… അതൊക്കെ നമ്മുടെ നാട്ടിലും പ്രാവര്‍ത്തികമാണ് അപ്പോള്‍! കൃഷിപഠനത്തിന് ഓഫ്‌ലൈന്‍ ആയി distant education പോലെ വല്ല കോഴ്സുമുണ്ടോ? സോഫ്റ്റ്വെയര്‍ ജോലിയാണ് ബെംഗളൂര്. എന്നെങ്കിലും നാട്ടിലെ വീട്ടില്‍ സ്ഥിരമാവുമ്പോള്‍ പ്രയോഗിക്കാമല്ലോ!

    സ്നേഹവും ആദരവും നിറഞ്ഞ ഒരു നിര്‍ദ്ദേശം: നിരക്ഷരന്‍ ഫോട്ടോഗ്രാഫി കുറച്ച് കൂടി പഠിച്ചാല്‍- ചിത്രങ്ങള്‍ കുറച്ചുകൂടി നന്നാക്കിയാല്‍(ഇപ്പോ ഉള്ളത് മോശം എന്ന് കരുതല്ലേ!) ഈ വിവരണങ്ങള്‍ പതിന്‍‌മടങ്ങ് ആകര്‍ഷകമായേനേ.

    1. @ രഘു – വായനയ്ക്കും അഭിപ്രായത്തിനും നിർദ്ദേശത്തിനും ഒരുപാട് നന്ദി.

      എന്റെ ഫോട്ടോഗ്രാഫിയുടെ കാര്യം മുൻപ് ഒരിക്കൽ ഏതോ പോസ്റ്റിനടിയിൽ ചർച്ചാവിഷയം ആയിട്ടുണ്ട്. അതിന്റെ ഒരു രത്നച്ചുരുക്കം കുറിക്കുന്നു. ‘യാത്ര പോകുമ്പോൾ പടങ്ങൾ എടുത്തുകൊണ്ടിരുന്നാൽ യാത്ര ആസ്വദിക്കാൻ പറ്റുമോ?’ എന്ന് ഒരു സുഹൃത്ത് ചോദിച്ചു. വളരെ അർത്ഥവത്തായ ചോദ്യമായിരുന്നു അത്. സത്യത്തിൽ ഞാൻ പടമെടുക്കാൻ അൽ‌പ്പം പോലും മെനക്കെടാറില്ല, അതുകൊണ്ടുതന്നെ അതിനായി സമയം അധികം ചിലവാക്കാറുമില്ല. പോകുന്ന പോക്കിൽ ക്ലിക്ക് കഴിഞ്ഞിരിക്കും. ശ്രദ്ധയും ചിന്തയും മറ്റുപലതിലും ആയിരിക്കും. അതിന്റെ കുറവ് എല്ലാ ചിത്രങ്ങളിലും ഉണ്ടാകാറുമുണ്ട്. എന്തുകൊണ്ടോ ഫോട്ടോഗ്രഫി എന്റെ വിഷയമായിട്ട് ഒരിക്കലും തോന്നിയിട്ടില്ല. പിന്നെ, യാത്രാവിവരണത്തിൽ ഒരു ഏകദേശ ധാരണ വായനക്കാർക്ക് നൽകാനായി മാത്രം ഒരു പടം എടുക്കുന്നെന്ന് മാത്രം. മുകളിൽ കമന്റിട്ടിരിക്കുന്ന ഷിബു തോവാളയെപ്പോലൊക്കെ നല്ല ചിത്രങ്ങൾ എടുത്ത് ബ്ലോഗിൽ ഇട്ടാൽ പിന്നെ വായിക്കുന്നവർ ഇതൊക്കെ കണ്ട് അങ്ങ് തൃപ്തിയടഞ്ഞാലോ ? എല്ലാവരും നേരിൽ പോയി കാണണം, ഈ കാഴ്ച്ചകളൊക്കെ എന്നതാണ് എന്റെ താൽ‌പ്പര്യം. എന്റെ പടങ്ങൾ അതിനൊരു വിലങ്ങുതടി ആവരുത്. :)

  25. യാത്രകൾ സഫലമാകുന്നത് ദയാൽ സാറെ പോലുള്ളവരുടെ സാമീപ്യം തന്നെയാണ് .. അതിജീവനത്തിന്റെ പാഠങ്ങൾ ജനങ്ങളിലേക്ക് പകര്ന്നു കൊടുക്കുന്ന ഈ ഗുരുവിനെ കാണാൻ അതിയായ ആഗ്രഹം ഉണ്ട് …
    സസ്നേഹം ….
    ആഷിക്ക് തിരൂർ

  26. യാത്രയെ അങ്ങേയറ്റം ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാന്‍.,വിവരണം അല്പം ചുരുക്കിയെന്നു തോന്നി.പെട്ടന്നുതീര്‍ന്നുപോയ പോലെ.എങ്കിലും ഹൃദ്യമായി.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>