french-2Bembessy-2B-2B1

ഫ്രാൻസിലേക്ക് (1)-ഷെങ്കൺ വിസ


2009 ഏപ്രിൽ 30. ഇംഗ്ലണ്ടിലെ പീറ്റർബറോയിൽ ഞങ്ങൾ കുടുംബസമേതം താമസിച്ചിരുന്ന വാടക വീട്ടിൽ നിന്ന് ലണ്ടനിലേക്കുള്ള തീവണ്ടിയാത്രയ്ക്കിടയിലും, ലണ്ടനിലെ ഫ്രഞ്ച് എംബസിയിൽ ഷെങ്കൺ വിസയ്ക്കുള്ള കാത്തിരിപ്പിനിടയിലും ഞാൻ വല്ലാതെ അസ്വസ്ഥനായിരുന്നു.

യൂറോപ്പ് യാത്ര എന്നത് എന്നും ഒരു സ്വപ്നമായിരുന്നു. നല്ലപാതി മുഴങ്ങോടിക്കാരിയുടെ ജോലി സംബന്ധമായി യു.കെ.യിൽ എത്തിപ്പറ്റി കുറച്ച് കാലം അവിടെ ജീവിക്കാനായതുകൊണ്ട്, ആ സ്വപ്നയാത്ര എത്തിപ്പിടിക്കാവുന്ന ദൂരത്തിലാണ് ഇപ്പോഴുള്ളത്. അക്കാലത്ത് ഷെങ്കൺ വിസ (യൂറോപ്യൻ രാജ്യങ്ങളിൽ പോകാൻ എടുക്കുന്ന വിസ. ഷെങ്കൺ എന്നും ചെങ്കൺ എന്നും പറഞ്ഞ് കേട്ടിട്ടുണ്ട്.) ഇല്ലാതെ തന്നെ സ്വിസ്സർലാൻഡിലേക്ക് പോകാൻ സാധിക്കുമായിരുന്നതുകൊണ്ട് സ്വിസ്സർലാൻഡിൽ ഒരിക്കൽ പോകാനായിട്ടുണ്ട്. മറ്റൊരു യൂറോപ്യൻ രാജ്യത്തിലും പോകാൻ കഴിഞ്ഞിട്ടുമില്ല. എന്തെങ്കിലും ചെറിയ കാരണത്താൽ ഷെങ്കൺ വിസ നിരസിക്കപ്പെട്ടാൽ, വിസ-ഫീസ് എന്നയിനത്തിൽ മൂന്നുപേർക്കുമായി അടച്ച നല്ലൊരു തുക നഷ്ടമാകും എന്നതിനേക്കാൾ, യൂറോപ്പ് യാത്ര എന്ന സ്വപ്നം, ഒരു സ്വപ്നം മാത്രമായി അവശേഷിക്കുമോ എന്നതായിരുന്നു എന്റെ അസ്വസ്ഥതയ്ക്ക് കാരണം. വിസ നിരസിക്കപ്പെട്ട ഒരു അറബ് വംശജനും കുടുംബവും എംബസി കെട്ടിടത്തിനകത്ത് ബഹളമുണ്ടാക്കുന്നത് കേട്ടപ്പോൾ ആ അസ്വസ്ഥത കൂടിക്കൂടി വന്നു. വർഷങ്ങൾക്ക് മുൻപ്, ഉന്നതവിദ്യാഭ്യാസത്തിനായി അമേരിക്കയ്ക്ക് പോകാനുള്ള വിസ അടിച്ചുകിട്ടാൻ, മദ്രാസിലുള്ള അമേരിക്കൻ കോൺ‌സുലേറ്റിൽ ഇതുപോലെ കാത്തിരുന്നപ്പോളൊന്നും എനിക്കിത്രയും അസ്വസ്ഥതയുണ്ടായിരുന്നില്ല. അന്നത്തെപ്പോലെ തന്നെ ഇന്നും വിസ നിഷേധിക്കപ്പെടുമോ ? എന്നെ സംബന്ധിച്ചിടത്തോളം, മറ്റൊരു പ്രശ്നം ഞാൻ കൂടെ കൊണ്ടുനടക്കുന്നുണ്ട്. കുഴപ്പം പിടിച്ച സകലമാന അറേബ്യൻ രാജ്യങ്ങളുടേയും ഒന്നിലധികം വിസകൾ എന്റെ പാസ്സ്പോർട്ടിൽ പല്ലിളിച്ച് പറ്റിപ്പിടിച്ച് കിടക്കുന്നുണ്ട്. ഇവൻ ഒരു പിശക് കേസാണല്ലോ എന്ന് എംബസിക്കാർ ആരെങ്കിലും തെറ്റിദ്ധരിച്ചാൽ കുറ്റം പറയാനാവില്ല. ആശങ്കാഭരിതമായ നിമിഷങ്ങൾ ഇഴഞ്ഞിഴഞ്ഞാണ് നീങ്ങിയത്. അതെപ്പോഴും അങ്ങനെയാണല്ലോ!

യു.കെ.യിലെ ഫ്രെഞ്ച് എംബസിക്ക് വെളിയിലെ വിസാ ക്യൂ.

‘ഓ.. ഞാനിങ്ങനെ കുറെ രാജ്യങ്ങളൊക്കെ കണ്ടിട്ടുള്ളതാ, നിങ്ങൾടെ യൂറോപ്യൻ രാജ്യങ്ങളിൽ ഒരിടത്തും സ്ഥിരമായി തങ്ങാനുള്ള ഉദ്ദേശമൊന്നും എനിക്കില്ല. നിങ്ങൾക്ക് നല്ല മനസ്സുണ്ടെങ്കിൽ വിസ താ, അല്ലെങ്കിൽ ടൂറിസം വകയിൽ കിട്ടേണ്ട കുറേ യൂറോ നിങ്ങൾക്ക് നഷ്ടം.‘ …….. എന്ന ഭാവം മോന്തായത്തിൽ തേച്ചുപിടിപ്പിച്ചാണ് വിസാ കൗണ്ടറിന് മുന്നിൽ ഹാജരായത്. എന്തൊക്കെയായാലും അപകടഘട്ടം പെട്ടെന്ന് തന്നെ തരണം ചെയ്തു. മൂന്നുപേർക്കും വിസ അടിച്ചുകിട്ടി. കിട്ടിയ വിസയുമായി നേരേ പീറ്റർ‌ബറോയിലേക്ക് മടങ്ങുന്നതിന് പകരം ഫ്രഞ്ച് എംബസി പ്രദേശമാകെ ഒന്ന് ചുറ്റിയടിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു.

എംബസി കെട്ടിടത്തിലേക്ക് നടക്കുമ്പോൾ നോട്ടമിട്ടിരുന്ന നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം, ജിയോളജിക്കൽ സർവ്വേ മ്യൂസിയം എന്നിവയ്ക്ക് പുറമേ തൊട്ടടുത്ത തെരുവിൽത്തന്നെയാണ് പ്രശസ്തമായ ലണ്ടൻ ഇമ്പീരിയൽ കോളേജിന്റെ സൗത്ത് കെൻസിങ്ങ്ടൺ ക്യാമ്പസ്. വിദേശ യൂണിവേഴ്സിറ്റികളിൽ പഠിക്കാൻ പറ്റിയില്ലെങ്കിലെന്താ, ആ യൂണിവേഴ്സിറ്റിയിലെ ഒരു വിദ്യാർത്ഥിയെന്ന ഭാവേന, ക്യാമ്പസിലൊക്കെ കറങ്ങി നടന്ന് പൂതി തീർക്കാൻ തന്നെ ഞാൻ തീരുമാനിച്ചു. ക്യാമ്പസിന്റെ കുറേ ചിത്രങ്ങളൊക്കെ എടുത്ത് ചുറ്റിനടന്നതിനുശേഷം, ആ ഭാഗത്ത് എവിടെ നിന്ന് നോക്കിയാലും കാണാനാകുന്ന ക്വീൻസ് ടവറിന് കീഴെയെത്തി.

287 അടി ഉയരത്തിൽ ക്വീൻസ് ടവർ.

1887 ൽ വിൿറ്റോറിയാ രാജ്ഞിയുടെ ഗോൾഡൻ ജ്യൂബിലിയുടെ പ്രതീകമായാണ് ക്വീൻസ് ടവർ അടക്കമുള്ള അനേകം കെട്ടിടങ്ങൾ നിർമ്മിച്ചത്. കാലങ്ങൾക്ക് ശേഷം, ഈ ഗോപുരമൊഴികെയുള്ള മറ്റ് ജ്യൂബിലി കെട്ടിടങ്ങളെല്ലാം ഇമ്പീരിയൽ ഇൻസ്റ്റിസ്റ്റ്യൂട്ടിൽ നിന്ന് പൊളിച്ച് മാറ്റി. 1960 കളുടെ തുടക്കത്തിൽ പൊളിച്ചടുക്കൽ ആരംഭിച്ചപ്പോൾ അതിനെതിരായി പ്രക്ഷോഭങ്ങൾ ഉണ്ടാകുകയും അതിന്റെ ഫലമായി ക്വീൻസ് ടവർ മാത്രം നില നിർത്തുകയുമാണുണ്ടായത്. 287 അടി ഉയരമുള്ള ഗോപുരത്തിന്റെ ചുമരിൽ പതിപ്പിച്ചിരിക്കുന്നത് പോർട്ട്ലാന്റ് കല്ലുകളാണ്. വിൿറ്റോറിയൻ ശില്‍പ്പകലയുടെ ഉത്തമ ഉദാഹരണമായി നിലനിൽക്കുന്നു, ചെമ്പിൽ പൊതിഞ്ഞ ഗോപുരത്തിന്റെ മകുടം. ചെമ്പിൽ ക്ലാവ് പിടിച്ചതിന്റെ നിറമാണോ അതോ ക്ലാവിന്റെ നിറമായ പച്ചനിറം തന്നെ പൂശിയതാണോ എന്നറിയില്ല,  മകുടത്തിന് ക്ലാവിന്റെ നിറമാണ്. ഗോപുരത്തിന്റെ മുകളിലേക്കുള്ള കവാടത്തിന്റെ മുൻപിൽ രണ്ട് സിംഹ പ്രതിമകൾ വിശ്രമിക്കുന്നു. രണ്ടല്ല നാല് സിംഹങ്ങളാണ് അവിടെ കാവലുണ്ടായിരുന്നത്. അതിൽ നിന്ന് രണ്ട് സിംഹങ്ങൾക്ക് ഇപ്പോൾ ഡ്യൂട്ടി, ഹോളണ്ട് പാർക്കിലുള്ള കോമൺ‌വെൽത്ത് ഇൻസ്റ്റിസ്റ്റ്യൂട്ടിലാണ്. ഗോപുരത്തിന് മുകളിലേക്ക് മുൻ‌കാലത്ത് സന്ദർശകരെ അനുവദിച്ചിരുന്നെങ്കിലും ഇപ്പോൾ പൊതുജനത്തിന് മുന്നിൽ അത് അടഞ്ഞ വാതിലാണ്. ടവറിനകത്തുള്ള 10 മണികൾ ഓരോന്നിനും… രാജ്ഞി, രാജ്ഞിയുടെ മൂന്ന് മക്കൾ, രാജ്ഞിയുടെ മരുമകൾ, 5 പേരക്കുട്ടികൾ എന്നിവരുടെ പേരുകളാണിട്ടിരിക്കുന്നത്. രാജകുടുംബത്തിലെ വിശേഷദിവസങ്ങളിൽ ഉച്ചയ്ക്ക് 1നും 2നും ഇടയിൽ മാത്രമാണ് ഈ മണികൾ ശബ്ദമുണ്ടാക്കുക.

ടവറിന്റെ കവാടവും കാവൽ കിടക്കുന്ന സിംഹങ്ങളും.

ടവറിന്റെ മുകളിലേക്ക് കയറാനാകാത്ത വിഷമം തീർക്കാനായി, ടവറിന്റെ ചുറ്റും ഇട്ടിരിക്കുന്ന നീളൻ കസേരകളിലൊന്നിൽ ഞാൻ ഇരിപ്പുറപ്പിച്ചു. ക്യാമ്പസിലെ ചില മരാമത്ത് പണികൾ നടത്തുന്ന ജോലിക്കാർ, ഉച്ചഭക്ഷണം കഴിക്കാനായി തൊട്ടടുത്ത ബഞ്ചുകളിലിരുപ്പുണ്ട്.

ടവറിന് കീഴെയുള്ള ശിലാഫലകവും അത് മറയ്ക്കുന്ന കസേരയും -  ഒരു ക്യാമ്പസ് ദൃശ്യം

പേരുകേട്ട ഒരു ക്യാമ്പസിൽ ചരിത്രപ്രാധാന്യമുള്ള ഒരു ഗോപുരത്തിന് കീഴെയുള്ള ബഞ്ചിൽ ഇന്നീ ദിവസം അല്‍പ്പസമയം വന്നിരിക്കാൻ എനിക്കൊരു നിയോഗം ഉണ്ടായിരിക്കാം. അല്ലെങ്കിൽ ഷെങ്കൺ വിസയ്ക്ക് വന്ന ഞാനിവിടെ എന്തിന് വന്നിരിക്കണം!? ഓരോ അരിമണിയിലും അത് കഴിക്കുന്നവന്റെ നാമം എഴുതപ്പെട്ടിരിക്കുന്നു എന്ന മഹദ്‌വചനം പോലെതന്നെ, ഓരോരുത്തനും ഓരോ നിമിഷവും എവിടെ ചിലവഴിക്കണമെന്ന് എവിടെയെങ്കിലും എഴുതിവെച്ചിട്ടുണ്ടോ ?

എന്തൊക്കെയോ ആലോചിച്ച് അവിടെയിരുന്ന എന്റടുത്തേക്ക് ഉറച്ച കാൽ‌വെപ്പുകളോടെ സായിപ്പ് ഒരാൾ നടന്നടുത്തപ്പോൾ ഞാനൊന്ന് അമ്പരന്നു. എന്റെ മുന്നിൽ വന്നുനിന്ന് “Can you please get up for a moment ” എന്ന് സായിപ്പ് പറഞ്ഞതോടെ ഞാൻ ശരിക്കും വിരണ്ടു. കുറെ നേരമായി സംശയാസ്പദമായ സാഹചര്യത്തിൽ ക്യാമറയുമായി ക്യാമ്പസിൽ കറങ്ങി നടന്നിരുന്ന ഞാനിതാ പിടിക്കപ്പെട്ടിരിക്കുന്നു. ഇനിയും ഇതിനകത്ത് ചുറ്റിത്തിരിഞ്ഞാൽ നിയമ നടപടികൾ സ്വീകരിക്കുമെന്നോ മറ്റോ, സായിപ്പ് പറയുമെന്ന് പ്രതീക്ഷിച്ച് നിന്ന എന്നെ വീണ്ടും അമ്പരപ്പിച്ചുകൊണ്ട് അദ്ദേഹം ക്ഷമ ചോദിച്ചു. ഞാനിരിക്കുന്ന കസേരയ്ക്ക് പിന്നിലായി ഒരു ശിലാഫലകമുണ്ട്. കസേര അല്‍പ്പം നീക്കി അതിന്റെ പടമെടുക്കലാണ് കക്ഷിയുടെ ലക്ഷ്യം. ഫലകത്തിൽ എഴുതിയിരിക്കുന്ന കാര്യങ്ങൾ എന്നെ അത്ഭുതപ്പെടുത്തിയതുകൊണ്ട് പടമെടുക്കാൻ ഞാനും കൂടി.

THIS STONE WAS LAID BY HER MAJESTY QUEEN VICTORIA EMPRESS OF INDIA ON THE 4TH DAY OF JULY 1887 ON THE 51ST YEAR OF HER REIGN.

ക്യൂൻസ് ടവറിന്റെ ശിലാഫലകം.

സൂര്യൻ അസ്ഥമിക്കാത്ത സാമ്രാജ്യത്തിന്റെ അധിപയായിരുന്ന രാജ്ഞിയെ,  Empress of India എന്നാണ് ഫലകത്തിൽ വിശേഷിപ്പിച്ചിരിക്കുന്നത്. സായിപ്പ് പോയിക്കഴിഞ്ഞപ്പോൾ കസേര വലിച്ചിട്ട്, ഒരു ഇന്ത്യാക്കാരനെന്ന തികഞ്ഞ അഭിമാനത്തോടെ, അല്‍പ്പം നേരം കൂടെ ഞാനവിടെത്തന്നെ ഇരുന്നു. തോൾസഞ്ചിയിൽ കരുതിയിരുന്ന സാൻ‌വിച്ച് ഒരെണ്ണം ഇതിനകം അകത്താക്കുകയും ചെയ്തു.

നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം ഒരു പാർശ്വവീക്ഷണം.

ചുറ്റുവട്ടത്തുള്ള എല്ലാ മ്യൂസിയങ്ങളും കണ്ടു തീർക്കാൻ ബാക്കിയുള്ള അര ദിവസം തികയില്ലെന്ന് എനിക്കറിയാം. തൽക്കാലം നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം മാത്രം കാണാൻ തീരുമാനിച്ച് ഇമ്പീരിയൽ ക്യാമ്പസിനോട് വിടപറഞ്ഞു. മ്യൂസിയത്തിനകത്ത് കടന്നപ്പോളാണ് മനസ്സിലായത്, അതിനകമാകെ ഒന്ന് ഓടിനടന്ന് കണ്ടുതീർക്കാൻ പോലും അര ദിവസം കൊണ്ടാകില്ല. ഇതിപ്പോൾ ഒരു കടത്തുകഴിക്കൽ മാത്രമേ നടക്കൂ. പോയിട്ടുണ്ടോ എന്ന് ചോദിച്ചാൽ പോയിട്ടുണ്ടെന്ന് വീമ്പിളക്കാം; അത്രതന്നെ. കിട്ടാവുന്നത്രയും ഫോസിലുകളും, സെമി പ്രഷ്യസ് സ്റ്റോണുകളും, പാറക്കല്ലുകളും, കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത മീനുകളുടെയും പക്ഷി മൃഗാദികളുടേയും അസ്ഥികൂടങ്ങളുമൊക്കെയായി ഭൂമിയുടെ ചരിത്രത്തിലേക്ക് ആഴത്തിലുള്ള ഒരു മുങ്ങിത്തപ്പലിന് മ്യൂസിയം അവസരമൊരുക്കുന്നു. ഖിയാമത്ത് നാളുകളിൽ അവതരിക്കുമെന്ന് പറയപ്പെടുന്ന തിന്മയുടെ മൂത്തീകരണമായ ഒറ്റക്കണ്ണൻ ദജ്ജാലിന്റെ പ്രതിമ അവിടെ വെച്ചാണ് ഞാൻ ആദ്യമായി കാണുന്നത്. ‘മാറ്റമല്ലാതെ മറ്റൊന്നും സ്ഥായിയല്ല‘ എന്ന പാഠത്തോടൊപ്പം, ഭൂമിയുടെ ഭാവിയെന്താണെന്ന് കൂടെ മ്യൂസിയം കണ്ടിറങ്ങുമ്പോഴേക്കും മനസ്സിലാക്കാനാവും.

മ്യൂസിയത്തിനകത്ത് – പിന്നിൽ വടിയുമായി ഒറ്റക്കണ്ണൻ ദജ്ജാൽ

നല്ല ക്ഷമയോടെ ദിവസങ്ങളോ ആഴ്ച്ചകളോ തന്നെ ചിലവഴിക്കാൻ വകുപ്പുണ്ടായിരുന്ന ഒരിടത്ത് മണിക്കൂറുകൾ മാത്രം ചിലവഴിച്ച്, എന്നും ചെയ്യാറുള്ളതുപോലെ സോവനീർ ഷോപ്പിൽ നിന്ന് ഫ്രിഡ്ജ് മാഗ്‌നറ്റുകൾ വാങ്ങി മടങ്ങേണ്ടിവന്നതിൽ ഞാനിന്നും ഖേദിക്കുന്നു.

ജിയോളജിക്കൽ സർവ്വേ മ്യൂസിയം.

സ്റ്റേഷനിലേക്കുള്ള മടക്കവഴിയിൽ ജിയോളജിക്കൽ സർവ്വേ മ്യൂസിയം നോക്കി നെടുവീർപ്പിടാൻ മാത്രമേ കഴിഞ്ഞുള്ളൂ. ഇക്കാഴ്ച്ചകളൊക്ക കൊതിതീരും വരെ കാണാനായി ഞാനിനിയും എത്തുമായിരിക്കാം ഈ മഹാനഗരത്തിൽ. ഈ തെരുവുകളിൽ വീണ്ടുമൊരിക്കൽ ഞാൻ കാലുകുത്തുന്ന നാളും സമയവും എവിടെയെങ്കിലും ഒരിടത്ത് അരിമണിയിൽ എന്നതുപോലെ എഴുതിവെച്ചിട്ടുണ്ടായിരുന്നാൽ മാത്രം മതിയായിരുന്നു.

02 മെയ് 2009. യൂറോപ്പ് യാത്ര ആരംഭിക്കുകയായി. യാത്രയുടെ ആദ്യഘട്ടമെന്ന നിലയ്ക്ക് 3 ദിവസം ഫ്രാൻസിൽ മാത്രം പോയി വരാനാണ് ഞങ്ങളുടെ പദ്ധതി. ഏത് യൂറോപ്യൻ രാജ്യത്തിന്റെ എംബസിയിൽ നിന്നാണോ ഷെങ്കൺ വിസ എടുക്കുന്നത് ആ രാജ്യത്ത് ആദ്യം പ്രവേശിക്കണമെന്നുള്ളത് ഒരു നിബന്ധനയാണ്. ഉദാഹരണത്തിന്…, ജർമ്മൻ എംബസിയിൽ നിന്നാണ് ഷെങ്കൺ വിസ എടുക്കുന്നതെങ്കിൽ ആദ്യം ജർമ്മനിയിൽ പ്രവേശിച്ചതിനുശേഷം മറ്റ് യൂറോപ്യൻ രാജ്യങ്ങളിളേക്ക് കടക്കാം.

സ്വിസ്സർലാൻഡിലേക്ക് യാത്ര പോയപ്പോൾ നേഹ ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്നില്ല. അതിന് പകരമായി പാരീസിലുള്ള ഡിസ്‌നി ലാൻഡിൽ കൊണ്ടുപോകാമെന്ന് നേഹയ്ക്ക് ഉറപ്പ് കൊടുത്തിരുന്നു. സത്യത്തിൽ മൂന്നുദിവസത്തേക്ക് ഫ്രാൻസിലേക്ക് പോകാനുള്ള കാരണം തന്നെ നേഹയാണ്.

രാവിലെ 3 മണിക്ക് പീറ്റർബറോയിൽ നിന്ന് റോഡ് മാർഗ്ഗം വെംബ്ലിയിലേക്ക് പുറപ്പെട്ടു. ടാക്സിയിലാണ് യാത്ര. ഞങ്ങളുടെ എയർപ്പോർട്ട് യാത്രകൾക്കായി സ്ഥിരമായി ആശ്രയിക്കാറുള്ള പാക്കിസ്ഥാനിയായ ഹുസൈൻ ആണ് ടാക്സി ഡ്രൈവർ. ഹുസൈനോട് എവിടത്തുകാരനാണെന്ന് ചോദിച്ചാൽ ഹുസൈൻ പറയും, പാക്കിസ്ഥാൻ എന്ന്. പാക്കിസ്ഥാനിൽ എവിടാണ് സ്ഥലമെന്ന് ചോദിച്ചാൽ, പറയും കാശ്‌മീർ എന്ന്. കേൾക്കുന്ന ഇന്ത്യാക്കാരായ നമ്മളൊന്ന് ഞെട്ടും. നമ്മുടെ കാഴ്ച്ചപ്പാടിൽ ഹുസൈൻ ഒരു പാക്ക് അധിനിവേശ കാഷ്‌മീരുകാരനാണ്. ഹുസൈനെ സംബന്ധിച്ചിടത്തോളം അങ്ങനൊരു അധിനിവേശ പ്രശ്നം തന്നെ ഉദിക്കുന്നില്ല. അത് അവരുടെ സ്വന്തം നാടാണ്. അതുകൊണ്ടുതന്നെ യാത്രയ്ക്കിടയിൽ, ഇത്തരം കാര്യങ്ങളൊന്നും പറഞ്ഞ് അലോസരമുണ്ടാകാതിരിക്കാൻ ഞങ്ങൾ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ഒരു ഹുസൈനോ ഒരു നിരക്ഷരകുടുംബമോ തർക്കിച്ചതുകൊണ്ട് തീർക്കാനാവുന്ന പ്രശ്നമൊന്നും അല്ലല്ലോ അത്.

04:30 ന് വെംബ്ലിയിൽ എത്തി. പുറത്ത് നല്ല തണുപ്പ്. ഫ്രാൻസിലേക്ക് പോകുന്നത് ബസ്സിലാണ്. 06:15ന് ബസ്സ് പുറപ്പെടും. അതുവരെ വെളിയിൽ നിന്നാൽ തണുത്ത് മരവിച്ചുപോകുമെന്നതുകൊണ്ട് തൊട്ടടുത്ത് തുറന്നിരിക്കുന്ന ഒരു ടാക്സി ബുക്കിങ്ങ് ഓഫീസിലേക്ക് കടന്നിരിക്കാൻ അവർ ഞങ്ങൾക്കനുവാദം തന്നു. ഇംഗ്ലണ്ടിലും ഭവനരഹിതരായ ഒരുപാട് വൃദ്ധജനങ്ങളുണ്ട്. തണുപ്പിൽ നിന്ന് രക്ഷപ്രാപിക്കാനായി അതിലൊരു സ്ത്രീ ആ ഓഫീസിനെ അഭയം പ്രാപിച്ചിട്ടുണ്ട്. ആ സമയത്ത് അവിടുണ്ടായിരുന്ന മൂന്ന് ടാക്സിക്കാരും ഇന്ത്യാ-പാക്ക് വംശജർ തന്നെ. അതൊരൊരുവൻ ആ സ്ത്രീയെ ശരിക്കും ശല്യപ്പെടുത്തുന്നുണ്ടായിരുന്നു. “എന്റെ ഓഫീസിൽ കയറാൻ നിന്നോടാരു പറഞ്ഞു?” എന്നൊക്കെ ചോദിച്ച് അവരോട് സംസാരിക്കുന്നത് തമാശയാണെന്ന് തോന്നിപ്പിക്കുമെങ്കിലും ഒരു പരിധിക്കപ്പുറം ആ സ്ത്രീയ്ക്കും കേട്ടിരിക്കുന്ന ഞങ്ങൾക്കും അത് ബുദ്ധിമുട്ടുണ്ടാക്കാൻ തുടങ്ങി. അവരുടെ പൂർവ്വികർ അടക്കി ഭരിച്ചിരുന്ന രാജ്യങ്ങളിൽ നിന്ന് വന്നവർ,  ഇന്നവരെ പുറത്തുള്ള തണുപ്പിനേക്കാൾ കാഠിന്യമുള്ള വാക്കുകളാൽ കുത്തി നോവിക്കുന്നു. പെട്ടെന്ന് ബസ്സ് വന്നാൽ മതിയെന്നായി എനിക്ക്. സ്റ്റാർ ടൂറിന്റെ ഒന്നല്ല, ഒരുപാട് ബസ്സുകൾ അവിടെ നിന്ന് യൂറോപ്പിലെ പല രാജ്യങ്ങളിലേക്ക് യാത്ര പുറപ്പെടുന്നുണ്ട്. ഞങ്ങൾക്ക് പരിചയമുള്ള ഒരുപാട് മുഖങ്ങളുമുണ്ട് ബസ്സിൽ കയറാനായി നിൽക്കുന്നവരുടെ കൂട്ടങ്ങളിൽ. എല്ലാവരും ഇന്ത്യാ പാക്ക് വംശജർ തന്നെ. സ്റ്റാർ ടൂർ പൊതുവേ ഇന്ത്യാക്കാർക്ക് വേണ്ടിയുള്ള ഒരു ടൂർ കമ്പനിയാണ്. എന്നിരുന്നാലും പല ബസ്സുകളിലേയും ഡ്രൈവർമാർ ഇംഗ്ലീഷുകാർ തന്നെ. ബസ്സിനകത്ത് ഒരു കൊച്ചു ടോയ്ലറ്റ് വരെ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ആർക്കെങ്കിലും മൂത്രശങ്കയോ മറ്റോ വന്നാൽ, നാട്ടിലെ പോലെ റോഡരുകിൽ വണ്ടിനിർത്തി, നിരന്നുനിന്ന് കാര്യം സാധിക്കുന്ന ഏർപ്പാട് ഈ രാജ്യത്ത് നടക്കില്ലല്ലോ.

സ്റ്റാർ ടൂറിന്റെ ബസ്സിന്റെ ഉൾവശം.

ഞങ്ങളുടെ ബസ്സിൽ ഡ്രൈവർ ജോൺ ഒഴികെയുള്ള 48 പേരും ഇന്ത്യാക്കാരാണ്. ബസ്സിനകത്തെ സംഗീതവും ഇന്ത്യൻ തന്നെ. ബസ്സ് നീങ്ങിത്തുടങ്ങിയതോടെ, ടൂർ ഗൈഡ് കൽ‌പേഷ് അടുത്ത മൂന്ന് ദിവസത്തെ കാര്യപരിപാടികൾ വിശദീകരിച്ചു. നല്ല റോഡുകളായതുകൊണ്ട് യു.കെ.യിലെ ദീർഘദൂര ബസ്സ് യാത്രകൾ ക്ഷീണമുണ്ടാക്കുന്നില്ല. 08:45ന് ഞങ്ങൾ ഡോവർ തുറമുഖത്തെത്തി. പക്ഷെ ബസ്സിലെ ക്ലോക്ക് 09:45 ആണ് കാണിക്കുന്നത്. ഫ്രാൻസിലെ സമയമാണത്.

ഡോവർ പോർട്ടിലെ ഒരു ദൃശ്യം. മുകളിലായി ഡോവർ കാസിൽ കാണാം.

ഡോവറിലേത് ആശ്ചര്യജനകമായ ഒരു പോർട്ട് ആണ്. ആയിരക്കണക്കിന് വാഹനങ്ങൾ ഈ തുറമുഖത്തുനിന്ന് ഇംഗ്ലീഷ് ചാനൽ കടന്ന് ഫ്രാൻസിലേക്ക് പോകുന്നു. കുറഞ്ഞ സമയം കൊണ്ട് നൂറുകണക്കിന് ബസ്സുകളും ട്രക്കുകളും കാറുകളുമൊക്കെ ആധുനിക സജ്ജീകരങ്ങൾ ഉപയോഗിച്ച് കൂറ്റൻ കപ്പലുകളിലേക്ക് കയറ്റപ്പെടുന്നു. ഫോർട്ട് കൊച്ചിയിലോ മുനമ്പത്തോ വിരലിൽ എണ്ണാവുന്ന വാഹനങ്ങൾ ജങ്കാറിനകത്തേക്ക് കയറ്റുന്നത് മാത്രം കണ്ടുശീലിച്ചിട്ടുള്ള എന്നെപ്പോലൊരാൾക്ക് അതൊരു അത്ഭുതക്കാഴ്ച്ച തന്നെയാണ്. ഞങ്ങളുടെ ബസ്സ്, ‘പ്രൈഡ് ഓഫ് കെന്റ് ‘ എന്ന കപ്പലിന്റെ അഞ്ചാമത്തെ നിലയിലാണ് കയറ്റി നിർത്തിയത്. എല്ലാ പാർക്കിങ്ങ് ഇടങ്ങളിൽ നിന്നും കപ്പലിന്റെ മുകളിലേക്ക് പലനിറത്തിലുള്ള പടികളുണ്ട്. വാഹനങ്ങളിൽ നിന്നിറങ്ങി എല്ലാവർക്കും കപ്പലിനകത്തേക്ക് കടന്നിരിക്കാം. പക്ഷെ വാഹനങ്ങളിലേക്ക് മടങ്ങി വരുമ്പോൾ, കയറിപ്പോയ അതേ നിറത്തിലുള്ള പടികളിലൂടെ തന്നെ വേണം ഇറങ്ങി വരാൻ. അല്ലെങ്കിൽ ഓരോരുത്തർക്കും അവരവരുടെ വാഹനങ്ങളിൽ എത്തിപ്പെടാൻ പറ്റിയെന്ന് വരില്ല. അത്രയ്ക്കധികം വാഹനങ്ങളാണ് പല തട്ടുകളിലായി കപ്പലിനകത്തുള്ളത്.

കപ്പലിനകത്തെ ഒരു ദൃശ്യം.

പച്ച നിറത്തിലുള്ള പടികൾ കയറി ഞങ്ങൾ മുകളിലുള്ള വിശാലമായ ഡെക്കുകളിലേക്ക് കടന്നു. പലതരം റസ്റ്റോറന്റുകളും നിറയെ ഇരിപ്പിടങ്ങളും മേശകളുമൊക്കെ അകത്തുണ്ട്. വെളിയിലേക്ക് കടന്ന് കാറ്റ് കൊണ്ടിരിക്കണമെന്നുള്ളവർക്ക് ഓപ്പൺ ഡെക്കുകളിലും ധാരാളം സ്ഥലമുണ്ട്. ഇതിനൊക്കെ പുറമേ ബാറുകളും, കളിസ്ഥലങ്ങളും, ഷോപ്പിങ്ങ് സൗകര്യങ്ങളും, മറ്റ് വിനോദങ്ങൾക്കായുള്ള ഇടങ്ങളുമൊക്കെയുണ്ട്. തീറ്റയും കുടിയും കളിയുമൊക്കെയായി 90 മിനിറ്റ് ചിലവഴിക്കുമ്പോഴേക്കും, കപ്പൽ ചാനൽ മുറിച്ചുകടന്ന് ഫ്രാൻസിലെത്തും.

കപ്പലിലെ വിവിധ ഡെക്കുകളും സൗകര്യങ്ങളും.
കപ്പലിന്റെ പുറത്തെ ഡെക്കുകളിൽ ഒന്ന്.

ചാനൽ എന്ന് ഒറ്റവാക്കിൽ പറയാറുള്ളത് പ്രസിദ്ധമായ ഇംഗ്ലീഷ് ചാനലിനെത്തന്നെയാണ്. ബ്രിട്ടനേയും നോർത്ത് ഫ്രാൻസിനേയും വേർതിരിക്കുന്ന അറ്റ്ലാന്റിൿ കടലിടുക്കാണ് ഇംഗ്ലീഷ് ചാനൽ. എത്രയോ സാഹസികരായ ജനങ്ങൾ നീന്തി കീഴടക്കിയിട്ടുള്ള ചാനലിന്, യു.കെ.യിലെ ഡോവർ പോർട്ടിൽ നിന്ന് ഫ്രാൻസിലെ കാലൈസ് പോർട്ടിലേക്ക് 34 കിലോമീറ്റർ ദൂരമാണുള്ളത്. മദ്രാസുകാരനായ ഒരു ടീനേജ് പയ്യൻ ചാനൽ നീന്തിക്കടക്കുന്നതിന്റെ ടീവി ദൃശ്യങ്ങൾ ഇന്നുമെന്റെ ഓർമ്മയിലുണ്ട്. വെള്ളത്തിലെ തണുപ്പിനെ അതിജീവിക്കാനായി ശരീരത്തിൽ വെളുത്ത നിറത്തിലുള്ള രാസപദാർത്ഥമൊക്കെ തേച്ചുപിടിപ്പിച്ചിട്ടാണ് നീന്തുന്നത്. താരതമ്യേനെ ചൂടുകൂടിയ കാലങ്ങളിലേ ചാനൽ നീന്തക്കടക്കുന്ന പരിപാടികൾക്ക് സാദ്ധ്യതയുള്ളൂ. വെളിയിലെ കാറ്റിനുപോലും നല്ല തണുപ്പുള്ള ഈ സമയത്തൊക്കെ നീന്തുന്നത് ആത്മഹത്യാപരം തന്നെയാണ്.

ഇംഗ്ലീഷ് ചാനൽ – ഒരു ഗൂഗിൾ ചിത്രം

മുൻപൊരിക്കൽ ഐൽ ഓഫ് വൈറ്റ് കാണാൻ പോയപ്പോൾ, ഭാഗികമായി ചാനൽ മുറിച്ച് കടക്കാൻ എനിക്കായിട്ടുണ്ട്. അന്ന് പോർട്ട്സ്മൗത്ത് തുറമുഖത്തുനിന്ന് ചെറിയൊരു ജങ്കാറിലാണ് ചാനലിലേക്ക് കടന്നതെങ്കിൽ ഇന്നിതാ ഡോവർ പോർട്ടിൽ നിന്ന് ജങ്കാറിനേക്കാളൊക്കെ പലമടങ്ങ് വലിപ്പമുള്ളൊരു കപ്പലിലാണ് യാത്ര . ഇംഗ്ലീഷ് ചാനൽ പൂർണ്ണമായും മുറിച്ച് കടക്കുന്ന ജീവിതത്തിലെ ആദ്യയാത്ര. അങ്ങനെയൊക്കെ ചിന്തിക്കുമ്പോഴാണ് യാത്രയ്ക്കൊരു ത്രസിപ്പുണ്ടാകുന്നത്. അല്ലെങ്കിൽ ഒന്നര മണിക്കൂർ നീളുന്ന വെറുമൊരു കപ്പൽ സവാരി മാത്രം. കപ്പൽ പകുതി ദൂരം പിന്നിട്ടപ്പോഴേക്കും മൊബൈലിൽ ഫോണിൽ, ഫ്രാൻസിൽ നിന്നുള്ള സന്ദേശങ്ങൾ വരാൻ തുടങ്ങി.  അല്‍പ്പസമയത്തിനകം ഞങ്ങൾ ഫ്രാൻസിന്റെ തീരത്തെത്തും.

ഫ്രാൻസ് എന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിൽ ഓടിയെത്തുന്നത് മൂന്നാം ക്ലാസ്സിൽ പഠിച്ചിട്ടുള്ള നെപ്പോളിയൻ ബോണപ്പാർട്ടിനെപ്പറ്റിയുള്ള പാഠമാണ്, പിന്നെ ഈഫൽ ടവറും.

തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Comments

comments

27 thoughts on “ ഫ്രാൻസിലേക്ക് (1)-ഷെങ്കൺ വിസ

  1. ഒരുപാട് നാളായി എഴുതാനാതെ കിടന്നിരുന്ന ഒരു യാത്രയുടെ ഓർമ്മകൾ പൊടിതട്ടി എടുത്തതാണിത്. എത്രത്തോളം നീതി പുലർത്താനാകുമെന്ന് അറിയില്ല. പൂർത്തിയാക്കാൻ ആകുമോ എന്നും ഉറപ്പില്ല. ഓർമ്മകൾക്ക് നിറം മങ്ങിത്തുടങ്ങിയിരിക്കുന്നു :(

  2. നല്ല തുടക്കം. ഇത് വായിച്ചപ്പോൾ, ഇംഗ്ലണ്ടിൽ താമസമാക്കിയിട്ടു വേണം ആ സ്റ്റാർ ബസ്സിൽ കയറി ഫ്രാൻസിൽ പോകാൻ എന്ന് തീരുമാനിച്ചു. ഈ ഭൂമിമലയാളം മുഴുവൻ വാണിരുന്നപ്പോഴും വിക്ടോറിയ ഇന്ത്യയുടെ തമ്പുരാട്ടിയായി അറിയപ്പെടാനാണിഷ്ടപ്പെട്ടതന്ന് താങ്കൾ കണ്ടെത്തിയല്ലോ, അഭിനന്ദനം!

  3. അങ്ങനെ ഫ്രാൻസ് യാത്രയുടെ ആമുഖം വായിച്ചു. ഇതിൽത്തന്നെ എത്രമാത്രം പുതിയ അറിവുകൾ. ഫ്രാൻസ് യാത്രയുടെ തുടർന്നുള്ള ഭാഗങ്ങൾക്കാ‍യി കാത്തിരിക്കുന്നു.
    ഒരു ഓഫ് ടോപ്പിക്ക് കൂടെ യാത്രാവിവരണം ബ്ലോഗിൽ എഴുതുന്ന വ്യക്തികളുടെ പേര് ക്രമീകരിച്ചിരിക്കുന്നത് ഇപ്പോഴാണ് കണ്ടത്. ശരിക്കും സൂപ്പർ.

  4. വീണ്ടും ഓൺ ട്രാക്ക് അല്ലേ മനോജേട്ടാ…..ഒറ്റസ്ട്രെച്ചിൽ വായിച്ചു തീർത്തു…ആ നിരക്ഷരൻ ഫ്ലോ ഒള്ള പൊസ്റ്റ് …പ്രൊസീഡ്

  5. പോകാന്‍ ആഗ്രഹമുള്ള സ്ഥലമാണ് യുറോപ്പ്… മനോജിന്റെ യാത്ര വിവരണങ്ങള്‍ മനസ്സിരുത്തി വായിച്ചിട്ട് വേണം എവിടെയൊക്കെ പോണമെന്ന് തീരുമാനിക്കാന്‍….. കൊതിപ്പിക്കുന്ന വിവരണം…. തുടര്ച്ചക്കായി കാത്തിരിക്കുന്നു.

  6. പശ്ചിം ദിഗന്തേ പ്രദോഷ്‌ കാലേ വായിച്ചിട്ടൂണ്ടോ?
    1992-ല്‍ ആനന്ദ്‌ ബസാര്‍ പത്രികയുടെ അസോ. എഡിറ്ററായ വിക്രമന്‍ നായര്‍ നടത്തിയ യൂറോപ്പ്‌ യാത്രയുടെ എഴുത്ത്‌. ഞാന്‍ പലവട്ടം വായിച്ച ഒരു പുസ്‌തകം.
    യൂറോപ്പ്‌ ഒരു സ്വപ്‌നമാണ്‌, ലാറ്റിനമേരിക്ക പ്രതീക്ഷയും. ഒരു നാള്‍ ഞാനും… :)

  7. @MANIKANDAN [ മണികണ്ഠൻ ] – മണീ, പിശക് തിരുത്തിയിട്ടുണ്ട്. നന്ദി :)

    @ഷാഫി – പശ്ചിം ദിഗന്തേ പ്രദോഷ്‌ കാലേ വായിച്ചിട്ടില്ല. പേര് പറഞ്ഞ് തന്നതിന് നന്ദി. സംഘടിപ്പിച്ച് വായിക്കാം. ഒരാൾ പലവട്ടം വായിച്ച പുസ്തകമെന്ന് പറയുമ്പോൾ അതിലെന്തെങ്കിലും കാര്യമായി കാണാതെ വരില്ലല്ലോ.

  8. ലണ്ടനിൽനിന്നും കാറിലും,തീവണ്ടിയിലും,ബസ്സിലും മൂന്ന് തവണ ഫ്രെഞ്ചുസഞ്ചാരാം നടത്തിയിട്ടും ഇത്രസുന്ദരമായിട്ട് ഇതുപോലെ എനിക്കൊന്നും ഇതിനെപറ്റിയൊന്നും എഴുതാൻ സാധിക്കാത്തതിന്റെ അസൂയയാണ് ഇത് വായിക്കുമ്പോൾ ഉണ്ടാകുന്നത് കേട്ടൊ ഭായ്

  9. മുരളിയേട്ടൻ പറഞ്ഞത് തന്നെ എനിക്കും. ഇതേ വഴിയിൽ കൂടി ഒരു പാരിസ് പര്യടനം നടത്തിയിട്ടും, മനോജേട്ടൻ എഴുതിയത് വായിക്കുമ്പോൾ പുതിയ ഒത്തിരി അറിവുകൾ.. :)

  10. കലാകാരന്‍മാരുടെ പറുദീസയായ പാരീസ് എന്‍റെയും ചിരകാല സ്വപ്നമാണ്. ഞാനും കാത്തിരിക്കയാണ് ആ യാത്രയ്ക്. ഈ ഗംഭീര വിവരണം ഒരു സഹായമാവും എനിക്ക്……സസ്നേഹം

  11. പ്രിയ നിരക്ഷരന്‍ ..പറയാതെ വയ്യ
    ഈ മുഴങ്ഗോടിക്കാരി താങ്കളുടെ മിക്ക പോസ്റ്റിലും കയറി വരുന്നു
    താങ്കളുടെ വാമഭാഗം എന്നതില്‍ കവിഞ്ഞു എന്താണ് വായനക്കാരുമായി, പോസ്റ്റുമായി ടി യാള്‍ക്ക് ബന്ധം.വി കെ എന്റെ വേദവതിയും തകഴിയുടെ കാത്തയും ഒക്കെ പോലെ ഒരാളാണോ ?
    സമീപകാലത്തായി കുറച്ചു ബ്ലോഗേര്‍ന്മാര്‍ സ്വന്തം ഭാര്യയെയും കുട്ടികളെയും കഥാപാത്രങ്ങള്‍ ആകി പരസ്യങ്ങള്‍ക്ക് ശ്രമിച്ചു കാണുന്നു
    ഇതിലെ ജാള്യത മനസിലാകണമെങ്കില്‍ ശ്രീ മുരളി തുമ്മരുകുടിയുടെ ലേഖനം മാതൃഭൂമി ഓണ്‍ ലൈനില്‍ ഒന്ന് വായിക്കുക..
    വായനാസുഖം ഉള്ള താങ്കളുടെ പോസ്റ്റുകള്‍ വീണ്ടും പ്രതിക്ഷിക്കുന്നു
    സ്നേഹപൂര്‍വ്വം

  12. പ്രിയ മനോജ്‌
    വളരെ മനോഹരമായ വിവരണം.
    ഓരോ യാത്രയുടെയും വിവരണത്തിലൂടെ ഓരോ ദേശത്തിന്റെയും സാമൂഹികവും ചരിത്രപരവും ആയ വിവരങ്ങള്‍ വായനക്കാരിലേക്ക് പകരുവാന്‍ താങ്കള്‍ക്ക് കഴിയുന്നുണ്ട്. ഒരു മാസം കൊണ്ട് തന്നെ താങ്കളുടെ എല്ലാ പോസ്റ്റും വായിച്ചു കഴിഞ്ഞു. പുതിയ പോസ്റ്റുകള്‍ക്കായി കാത്തിരിക്കുന്നു.

    യാത്രകള്‍ ഒരുപാടിഷ്ടപെടുന്ന,

    സജീവ്‌

  13. വായിച്ചു വന്നപ്പോൾ ഒരുപാടു നീളമുണ്ട്. പിന്നെ ഓടിച്ചു വായിക്കലായി. അപ്പോൾ പലതും മിസും ആയി. കാര്യങ്ങൾ അറിയാനുള്ള വ്യഗ്രതയും. ഇടയ്ക്ക് ഉറക്കവും വന്നു. ചുരുക്കം പറഞ്ഞാൽ അലസ വായനയ്ക്ക് പറ്റിയ പോസ്റ്റല്ലെന്ന് മനസിലായി. ഇനി മനസിരുത്തി വായിക്കണണം. ബാക്കി ഭാഗത്തിനും കാക്കുന്നു. വളരെ ഇൻഫോർമേറ്റീവ് ആയ യാത്രാവിവരണം.

  14. ജീവിതത്തില്‍ എനിക്ക് അവിടെയൊന്നും പോകാന്‍ പറ്റുമെന്ന് തോന്നുന്നില്ല എന്നാലും പോയപോലെ ഒരു തോന്നല്‍ ഉണ്ടായി . നന്ദിയുണ്ട്

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>