9d

വഴി മുടക്കുന്ന ഫ്ലക്സ് ബോർഡുകൾ


മാലിന്യസംസ്ക്കരണം എന്ന വിഷയം അധികാരി വർഗ്ഗത്തിന് ഇപ്പോഴും വലിയ കീറാമുട്ടിയായിത്തന്നെ നിൽക്കുകയാണ്. ഇന്ന് വിളപ്പിൽശാല പ്ലാന്റിലേക്ക് മാലിന്യങ്ങൾ കടത്തിവിട്ട് നിയമ വാഴ്ച്ച നടപ്പിലാക്കുമെന്ന് തിരുവനന്തപുരം കോർപ്പറേഷനും, ജീവൻ കൊടുത്തും ആ ശ്രമം തടയുമെന്ന് സമര സമിതിക്കാരും പ്രഖ്യാപിച്ചിട്ടുണ്ട്.

സത്യത്തിൽ മാലിന്യസംസ്ക്കരണം അത്ര വലിയ കീറാമുട്ടിയൊന്നുമല്ല്ല. ജനങ്ങളെ ബോധവൽക്കരിക്കുകയും, ജൈവ മാലിന്യങ്ങൾ ഉറവിടത്തിൽത്തന്നെ സംസ്ക്കരിക്കുകയും ചെയ്താൽപ്പിന്നെ ബാക്കിയുള്ളത് പ്ലാസ്റ്റിക്കും പേപ്പറും അതുപോലുള്ള ചീഞ്ഞ് നാറി പ്രശ്നങ്ങൾ ഉണ്ടാക്കാത്ത മാലിന്യങ്ങളും മാത്രമാണ്. ഫ്ലാറ്റിൽ ജീവിക്കുന്ന ഞങ്ങളെപ്പോലുള്ളവർ മാലിന്യസംസ്ക്കരണം എപ്രകാരം നടപ്പാക്കുന്നു എന്നതിനെപ്പറ്റി മുൻപ് ഒരു ലേഖനത്തിൽ സൂചിപ്പിച്ചിട്ടുള്ളതാണ്. ഒരു സെന്റ് ഭൂമിയെങ്കിലും സ്വന്തമായിട്ടുള്ളവന് സ്വന്തം മാലിന്യം സംസ്ക്കരിക്കാൻ മറ്റുള്ളവന്റെ പുരയിടത്തേയോ പൊതുനിരത്തിനേയോ ആശ്രയിക്കേണ്ട ആവശ്യമില്ല, പുഴകളേയും കടലിനേയും മലിനമാക്കേണ്ടതുമില്ല. സമയം ഇനിയും വൈകിയിട്ടില്ല. സമഗ്രമായ ബോധവൽക്കരണ പദ്ധതിയിലൂടെയും ചിലവ് കുറഞ്ഞ മാർഗ്ഗങ്ങളിലൂടെയും മാലിന്യ പ്രശ്നങ്ങൾ തുടച്ച് നീക്കാൻ വലിയ ബുദ്ധിമുട്ടൊന്നും ഇല്ല. മുൻ‌കൈ എടുക്കേണ്ടത് ഭരണകൂടം തന്നെയാണ്. ജനങ്ങൾ സഹകരിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട. മാലിന്യങ്ങൾ കാരണം, ഇക്കൊല്ലം പകർച്ചവ്യാധികൾ കാര്യമായ തോതിൽ ആർത്തുപിടിച്ചില്ല എന്നുള്ളത് ഒരു നേട്ടമായിട്ട് ആരോഗ്യവകുപ്പടക്കം ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അവർ വിഡ്ഢികളുടെ സ്വർഗ്ഗത്തിലാണ്. പെയ്യാതെ പോയ മഴയ്ക്കുള്ളതാണ് ആ നേട്ടത്തിന്റെ ക്രെഡിറ്റ്. അത് മറക്കരുത്.

പറയാൻ ഉദ്ദേശിച്ച വിഷയം ഇതല്ല, പക്ഷെ ഇതുമായി ബന്ധമുള്ള ഒന്നാണ്. മേൽ‌പ്പറഞ്ഞ മാലിന്യപ്രശ്നങ്ങൾ നിലനിൽക്കെത്തന്നെ അതിലേക്ക് മുതൽക്കൂട്ടാകുന്ന ‘ഫ്ലക്സ് ബോർഡുകൾ‘ എന്നൊരു വില്ലൻ കൂടെ അവതരിച്ചിട്ട് നാളുകൾ ഏറെയായി. ഫ്ലക്സ് ബോർഡുകൾ ഉപയോഗം കഴിഞ്ഞതിനുശേഷം മാത്രമല്ല, ഉപയോഗം തുടങ്ങുന്നത് തന്നെ പൊതുജനത്തിന് ശല്യമായിട്ടാണ്. കേരളത്തിൽ അങ്ങോളമിങ്ങോളം പ്രധാന പാതയോരങ്ങളിലും ടെലഫോൺ പോസ്റ്റുകളിലും വൈദ്യുത പോസ്റ്റുകളിലും മരങ്ങളിലുമൊക്കെ കാണുന്ന ഫ്ലക്സ് ബോർഡുകൾ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തെത്തന്നെ വെല്ലുവിളിച്ചുകൊണ്ടാണ് നിൽക്കുന്നത്. ഫ്ലക്സ് ബോർഡുകളുടെ ശല്യം പാതകളിലേയും നാലുവഴികളിലേയും തിരക്കിന് നേരിട്ടുള്ള അനുപാതത്തിലാണ്. തിരക്ക് കൂടുതലുള്ളയിടത്ത് ഫ്ലക്സ് ശല്യം കൂടുമെന്ന് സാരം. നഗരത്തിലെ പല നടപ്പാതകളിലും തലയിൽ ഇടിക്കുന്ന ഉയരത്തിലും, വഴി തന്നെ മുടക്കുന്ന വിധത്തിലും ഫ്ലക്സ് ബോർഡുകൾ പോർവിളി നടത്തുന്നു.

ഇടതുവശത്ത് പറിഞ്ഞ് കിടക്കുന്ന ഫ്ലക്സ് മുന്നിൽ വേറേയും. നടവഴി ഏത് ?

വാണിജ്യസ്ഥാപനങ്ങൾ, സ്ക്കൂളുകൾ, പാരലൽ കോളേജുകൾ, ആരാധനാലയങ്ങൾ, ആത്മീയ ആചാര്യന്മാർ, രാഷ്ട്രീയക്കാർ, വ്യക്തിഗത താൽ‌പ്പര്യക്കാർ, ടീവീ സീരിയലുകാർ, സിനിമാ പരസ്യക്കാർ, പത്രമാദ്ധ്യമങ്ങൾ  എന്നിങ്ങനെ എല്ലാവരുമുണ്ട് റോഡിൽ ഫ്ലക്സ് ബോർഡുകൾ നിരത്തി ജനങ്ങളെ പൊറുതിമുട്ടിക്കുന്നവരുടെ കൂട്ടത്തിൽ.

കൊച്ചിൻ കോർപ്പറേഷൻ ഓഫീസിന് മുന്നിലെ നടപ്പാത.

KSRTC ജട്ടിക്ക് സമീപത്തെ ബസ് സ്റ്റാൻഡിന് മുന്നിൽ കീറിപ്പറിഞ്ഞ് പറക്കുന്ന ഫ്ലക്സ്.

നടവഴിയും റോഡും കൈയ്യേറിയ മറ്റൊരു ഫ്ലക്സ് ബോർഡ്.

എന്നിരുന്നാലും ഒരു ഒന്നാം സ്ഥാനം ആർക്കെങ്കിലും കൊടുക്കണമെങ്കിൽ, അത് കിട്ടുക രാഷ്ട്രീയക്കാർക്ക് തന്നെയായിരിക്കും. എം.എൽ.എ, മന്ത്രി, എം.പി, എന്നിങ്ങനെ അധികാരക്കസേരകളിൽ ഇരിക്കുന്നവർ അന്നും ഇന്നും അവരവരുടെ ഫണ്ടുകളിൽ നിന്ന് റോഡ് പണിക്കും, കെട്ടിടം പണിക്കും മറ്റ് പൊതുക്കാര്യങ്ങൾക്കുമൊക്കെയായി തുക ചിലവഴിക്കാറുണ്ട്.  ഫ്ലക്സ് സമ്പ്രദായം വന്നതിനുശേഷം ഇങ്ങനെ ചിലവഴിക്കുന്ന തുകകളുടെ വലിപ്പവും അത് സ്വന്തം ഫണ്ടിൽ നിന്ന് അനുവദിച്ച നേതാവിന്റെ കൂറ്റൻ ചിത്രവും അടങ്ങുന്ന ഫ്ലക്സ് ബോർഡുകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ് ഗ്രാമപ്രദേശങ്ങൾ മുതൽ നഗരം വരെയുള്ള ഇടവഴികളെല്ലാം. ഓരോ പഞ്ചായത്തിന്റേയും മെമ്പർ‌മാരുടെ പേരിൽ‌പ്പോലും ഇത്തരം ഫ്ലക്സ് ബോർഡുകൾ എല്ലാ മുക്കിലും മൂലയിലും കാണാനാവും. എം.എൽ.എ. /എം.പി. ഫണ്ടിൽ നിന്നൊക്കെ തുക ചിലവഴിക്കുന്നത് ജനപ്രതിനിധികളുടെ കടമ മാത്രമാണ്. അതിന്റെ പേരിൽ ജനത്തെ ഇത്തരത്തിൽ ദ്രോഹിക്കാൻ ആരും അവർക്ക് അവകാശം കൊടുത്തിട്ടില്ല. ചെയ്ത കാര്യങ്ങൾ ഒക്കെ ജനദ്രോഹപരമായി ഇങ്ങനെ കൊട്ടിഘോഷിക്കുന്നതിൽ എന്ത് മഹത്വമാണുള്ളത് ? ഇലക്ഷൻ കാലത്ത് സ്ഥാനാർത്ഥികളുടെ ഫ്ലക്സുകൾ നിരോധിച്ചുകൊണ്ടുള്ള നടപടി വന്നതുകൊണ്ട് കുറച്ചെങ്കിലും ആശ്വാസമുണ്ട്. പക്ഷെ അതിന്റെ പ്രതികാരമെന്ന് തോന്നിപ്പിക്കുന്ന വിധത്തിലാണ് തിരഞ്ഞെടുപ്പിന് ശേഷം ജനപ്രതിനിധികൾ ഫ്ലക്സ് ബോർഡുകൾ നിരത്തിക്കൊണ്ടിരിക്കുന്നത്.

‘നോ എൻ‌ട്രി‘ ട്രാഫിക് ബോർഡ് മറച്ചുകൊണ്ട് മെട്രോ റെയിൽ അഭിനന്ദനങ്ങൾ !

എറണാകുളത്ത് പൊതുവഴികളെ വീർപ്പുമുട്ടിക്കുന്ന അത്തരം ചില ഫ്ലക്സ് ബോർഡുകളിൽ നിറഞ്ഞ് നിൽക്കുന്നത് മുഖ്യമന്ത്രി ശ്രീ.ഉമ്മൻ ചാണ്ടിയും, കേന്ദ്രമന്ത്രി പ്രൊ:കെ.വി.തോമസും സ്ഥലം എം.എൽ.എ.ആയ ശ്രീ.ഹൈബി ഈഡനുമാണ്. കേന്ദ്രസർക്കാർ മെട്രോ റെയിലിന് അനുമതി നൽകിയ ദിവസം വൈകീട്ട് നഗരത്തിൽ പ്രത്യക്ഷപ്പെട്ട കൂറ്റൻ ഫ്രക്സ് ബോർഡുകൾ പലതും ട്രാഫിക്ക് ബോർഡുകളെപ്പോലും മറച്ചുകൊണ്ടാണ് നിൽക്കുന്നത്. അതൊക്കെ മെട്രോ റെയിൽ പണി കഴിയുന്നത് വരെ അവിടെത്തന്നെ നിന്നെന്നും വരാം. അതിനിടയ്ക്ക് ഇനിയും ഉണ്ടാകാം നേട്ടങ്ങളുടെ പട്ടിക. അതിന്റെ ഒക്കെയും ഫ്ലക്സ് എവിടെ നിരത്തും ? എന്റെ ഒരു സ്ഥിരം റൂട്ടായ വൈപ്പിൻ കരയിലേക്ക് കടന്നാൽ സ്ഥലം എം.എൽ.എ. ആയ ശ്രീ. എസ്.ശർമ്മയുടെ ഫ്ലക്സുകളാണ് മേൽ‌പ്പറഞ്ഞ രാഷ്ട്രീയക്കാർക്കൊപ്പം മത്സരിച്ച് നിൽക്കുന്നത്. പള്ളിപ്പുറം പഞ്ചായത്തിന്റെ ഇടവഴികളിലേക്കെത്തിയാൽ മെമ്പർ‌മാരുടേതടക്കം നിരവധി ഫ്ലക്സുകൾ വേറെയുമുണ്ട്. മണ്ഡലത്തിന് വേണ്ടി ഞാൻ ചെയ്യുന്ന കാര്യങ്ങൾ ഫ്ലക്സ് ബോർഡുകളിൽ അടിച്ച് പ്രദർശിപ്പിക്കരുതെന്ന് പറയാനുള്ള ആർജ്ജവം നേതാക്കന്മാർ ഓരോരുത്തരും കാണിക്കണം. ‘ഇക്കാലത്ത് രാഷ്ട്രീയപ്രവർത്തനം എന്ന് വെച്ചാൽ കൂടുതലും പരിസ്ഥിതി പ്രവർത്തനമാണ് ’ എന്നുപറഞ്ഞ ശ്രീ. ഹൈബി ഈഡനെപ്പോലുള്ള യുവ നേതാക്കന്മാർ ഇത്തരത്തിലുള്ള ഫ്ലക്സ് പ്രചരണങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്ന കാര്യത്തിൽ മാതൃക കാണിക്കണമെന്ന് അപേക്ഷിക്കുന്നു.

ഫാർമസി ജങ്‌ഷനിലെ ഫ്ലക്സ് കൂമ്പാരം. ഇടത്തേക്ക് തിരിഞ്ഞാൽ ബാനർജി റോഡ്.

കൈയ്യിൽ പണമുള്ള ഏതൊരു സ്വകാര്യവ്യക്തിക്കും തെരുവുനീളെ ഫ്ലക്സ് പോസ്റ്ററുകൾ നിരത്താമെന്നതാണ് ഇപ്പോഴത്തെ അവസ്ഥ. മഴവിൽ മനോരമ ചാനലിൽ ‘മികവ് തെളിയിച്ച് പ്രേക്ഷകരുടെ പ്രശംസ പിടിച്ചുപറ്റിയ‘ (അത്രേയുള്ളൂ, അതിനപ്പുറം ഒന്നുമില്ല) വൈപ്പിൻ കരയുടെ അഭിമാനതാരമായ ഒരു യുവ ഗായികയ്ക്ക് അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ടുള്ള ഫ്ലക്സുകൾ സൂചി കുത്താൻ ഇടമില്ലാത്ത ഞങ്ങളുടെ ആ ദ്വീപിലെ എല്ലാ പ്രധാന സ്റ്റോപ്പുകളിലും നിറഞ്ഞുനിൽക്കുന്നു. സ്ഥാപനങ്ങളുടേയും മറ്റും സ്ഥിരമായി നാട്ടിനിർത്തുന്ന ബോർഡുകൾക്ക് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിൽ കൊല്ലാകൊല്ലം നിശ്ചിത തുക അടക്കേണ്ടതുണ്ട്. പക്ഷെ, വഴിവക്കിലെ പോസ്റ്റുകളിൽ തൂക്കപ്പെടുന്ന ഫ്ലക്സ് ബോർഡുകളിൽ നിന്ന് അങ്ങനൊരു വരുമാനവും സർക്കാരിന് കിട്ടുന്നില്ല എന്നതാണ് വിരോധാഭാസം. ഏതെങ്കിലും പ്രത്യേക തീയതിയിലെ പരിപാടികൾ കാണിച്ചുകൊണ്ടുള്ള ബോർഡുകൾ ആ ദിവസം കഴിഞ്ഞാലും വഴിയരികിൽത്തന്നെ ഉണ്ടാകും. ബോർഡ് കൊണ്ടുവന്ന് സ്ഥാപിച്ചവർ അതെടുത്ത് മാറ്റാൻ ശുഷ്‌ക്കാന്തി കാണിക്കുന്നതേയില്ല. അത് പിന്നെ പൊട്ടിപ്പൊളിഞ്ഞും കീറിപ്പറിഞ്ഞും ഓടകളിലേക്ക് പതിച്ച്, പൊതുവെ സ്തംഭനത്തിലായ ഓടകളെ കൂടുതൽ സ്തംഭിപ്പിക്കുന്നു. ബാക്കിയുള്ളത് മാലിന്യ കൂമ്പാരത്തിലെ പ്ലാസ്റ്റിക്ക് ശതമാനത്തിന് മുതൽക്കൂട്ടാകുന്നു.

അഭിനന്ദന പ്രവാഹമായി വരുന്ന പോസ്റ്ററുകൾക്ക് പ്രത്യേക കാലപരിധിയൊന്നും ഇല്ല. സ്വയം കീറിപ്പറിഞ്ഞ് വീഴുന്നത് വരെ അതങ്ങനെ തൂങ്ങിനിൽക്കുകയോ വഴിമുടക്കുകയോ ചെയ്യുന്നു. നല്ലൊരു ഉദാഹരണം ചൂണ്ടിക്കാണിക്കാം. ഈ മന്ത്രിസഭ വന്നതിന് തൊട്ടുപിന്നാലെയാണ് ചുമട്ടു തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർ‌മാനായി അഡ്വ:കെ.പി.ഹരിദാസ് സ്ഥാനാരോഹണം ചെയ്യുന്നത്. അത് കഴിഞ്ഞിട്ട് കൊല്ലം ഒന്ന് കഴിഞ്ഞിരിക്കുന്നു. ഗോശ്രീ പാലത്തിന്റെ തൂണുകളിലെല്ലാം കേരളത്തിന്റെ തനതുകലകളുടെ കലാസൃഷ്ടികളാണ് ലക്ഷങ്ങൾ മുടക്കി ചെയ്തിരിക്കുന്നത്. അതെല്ലാം മറച്ചുകൊണ്ട് അഡ്വ:ഹരിദാസിന്റെ ഫ്ലക്സ് പോസ്റ്ററുകൾ അവിടെ തൂങ്ങിക്കിടക്കുന്നത് ആരെങ്കിലും എന്നെങ്കിലും എടുത്ത് മാറ്റുമെന്ന് പ്രതീക്ഷിക്കാനാവുമോ ? അദ്ദേഹത്തിന്റെ പാർട്ടിക്കാരല്ലാത്ത ആരെങ്കിലും അതെടുത്ത് മാറ്റിയാൽ എന്താകും അവസ്ഥ ?! നഗരത്തിലെ തെരുവുകളിൽ ഇനിയുമൊരുപാടുണ്ട് കീറിപ്പറിഞ്ഞതും അല്ലാത്തതുമായ അദ്ദേഹത്തിന്റെ ഫ്ലക്സുകൾ. അദ്ദേഹം ചുമട്ട് തൊഴിലാളി ക്ഷേമനിധി ചെയർമാന്റെ പോസ്റ്റിൽ നിന്ന് ഇറങ്ങുന്നത് വരെ അതൊക്കെയും പൊതുനിരത്തിലും ഗോശ്രീ പാലത്തിലും പ്രദർശിപ്പിക്കും എന്നാണോ ?

ഗോശ്രീ പാലത്തിൽ അനുഗ്രഹം ചൊരിഞ്ഞുകൊണ്ട് കാലഹരണപ്പെട്ട ഫ്ലക്സുകൾ.

കേരളത്തിലെ റോഡുകളിൽ, കാൽനടക്കാർക്കും സൈക്കിൾ സാവാരിക്കാർക്കും മോട്ടോർ വാഹനങ്ങൾക്കുമൊക്കെ വേറേ വേറേ പാതകളൊന്നുമില്ല. മഴ പെയ്താൽ വെള്ളക്കെട്ടലുണ്ടാകുന്ന കുണ്ടും കുഴികളുമൊക്കെയുള്ള ഒറ്റവരി പാതയിലൂടെ തന്നെയാണ് എല്ലാവർക്കും സഞ്ചരിക്കേണ്ടത്. ആ പാതയുടെ നല്ലൊരു ഭാഗമാണ് ഫ്ലക്സ് സംസ്ക്കാരം വന്നതോടെ അപഹരിക്കപ്പെട്ടിരിക്കുന്നത്. തൊട്ടപ്പുറത്തുള്ള വളവിനെ പൂർണ്ണമായും മറച്ചുകൊണ്ട്, അവിടെ നിന്ന് വാഹനങ്ങൾ എന്തെങ്കിലും വരുന്നുണ്ടോ എന്ന് മനസ്സിലാക്കാൻ പോലും പറ്റാത്ത വിധത്തിലാണ് ഫ്ലക്സ് ബോർഡുകൾ പലതും നിലകൊള്ളുന്നത്. ട്രാഫിക്ക് സിഗ്നൽ കാണാൻ പറ്റാത്ത ഗതികേട് വരെയുണ്ട് എറണാകുളത്ത് ഫാർമസി ജങ്‌ഷനിൽ. പാതയോരത്തിന്റെ നല്ലൊരു പങ്ക് അപഹരിച്ചിരിക്കുന്ന ഫ്ലക്സ് ബോർഡുകൾക്കും മറ്റ് പരസ്യപ്പലകകൾക്കും ഇടയിൽ നിന്ന്, വാഹനം ഓടിക്കുന്ന ഒരാൾ ട്രാഫിക്ക് ബോർഡുകൾ കാണുന്നതെങ്ങനെ ? അപകടം ഒന്നും ഉണ്ടാക്കാതെ വാഹനം ഓടിച്ച് പോകുന്നതെങ്ങനെ ? റോഡരുകിൽ ട്രാഫിക് ബോർഡുകൾക്കായിരിക്കണം കൂടുതൽ പ്രാധാന്യം. ഇഞ്ചോടിഞ്ച് മുട്ടിമുട്ടി വാഹനങ്ങൾ പ്രവഹിക്കുന്ന റോഡുകളിൽ, ചെറിയ സ്ക്കൂൾ കുട്ടികൾ സഞ്ചരിക്കുന്ന വാഹനങ്ങൾ സ്ഥിരമായി അപകടമുണ്ടാക്കിക്കൊണ്ടിരിക്കുകയാണ് കേരളത്തിൽ. റോഡുകളുടെ അവസ്ഥ മോശമാക്കുന്നതിലും വാഹനാപകടങ്ങളിലേക്ക് നയിക്കുന്നതിലും ചെറുതൊന്നുമല്ലാത്ത പങ്ക്, ഫ്ലക്സ് ബോർഡുകൾ സംഭാവന ചെയ്യാൻ പോകുന്ന കാലമാണ് നമ്മെ കാത്തിരിക്കുന്നത്.

ഓവു ചാലിലേക്ക് ലയിച്ചു ലയിച്ചില്ല എന്ന മട്ടിൽ ഒരു ഫ്ലക്സ്.

സ്ക്കൂളുകൾക്കും പാരലൽ കോളേജുകാർക്കും അവരവരുടെ മേന്മ പ്രദർശിപ്പിക്കാൻ, പാസ്സായിപ്പോയ സകല കുട്ടികളുടെയും ഫോട്ടോ വെച്ചുകൊണ്ട് രജനീകാന്തിന്റെ കട്ടൌട്ടുകളേക്കാൾ വലിയ ഫ്ലക്സ് ബോർഡുകൾ പ്രദർശിപ്പിക്കാതെ വയ്യ എന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്. അതിൽ നിന്ന് ഒരു കുട്ടിയെ കണ്ടുപിടിക്കണമെങ്കിൽ മാർഗ്ഗതടസ്സം സൃഷ്ടിച്ച് പത്ത് മിനിറ്റെങ്കിലും ഒരാൾ അതിന് മുന്നിൽ ചിലവഴിച്ചേ പറ്റൂ.

ഈയിടെ നിയമസഭയിൽ ഒരു പ്രതിപക്ഷ എം.എൽ.എ. പറയുന്നത് ടീവിയിൽ കണ്ടു. യു.ഡീ.എഫ്. അധികാരത്തിൽ വന്നതിനുശേഷം എത്രയോ അധികം ഫ്ലക്സ് പ്രിന്റിങ്ങ് സ്ഥാപനങ്ങളാണ് പൊട്ടിമുളച്ചിരിക്കുന്നതെന്ന്. അപ്പറഞ്ഞത് ശരിതന്നെ ആകാനാണ് സാദ്ധ്യത. പക്ഷെ അത് പറഞ്ഞ എം.എൽ.എ.യും അദ്ദേഹത്തിന്റെ പാർട്ടിക്കാരും സ്വന്തം ഫണ്ടിൽ നിന്ന് മണ്ഡലത്തിന് വേണ്ടി ചിലവാക്കിയ ലക്ഷങ്ങളുടെ കണക്കുകൾ ഫ്ലക്സ് ബോർഡിന്റെ രൂപത്തിൽ മണ്ഡലത്തിൽ നിരത്തിയിട്ടില്ലെന്ന് നെഞ്ചത്ത് കൈവെച്ച് പറയാനാകുമോ ? ഭരണകക്ഷിയും പ്രതിപക്ഷവും ഇക്കാര്യത്തിൽ മത്സരത്തിൽത്തന്നെയാണ്. തോൽക്കുന്നത് എന്നത്തേയും പോലെ പൊതുജനം എന്ന കഴുത തന്നെ.

ഈ ഫ്ലക്സും അതിരിക്കുന്ന പോസ്റ്റും നടപ്പാതയും കഴിഞ്ഞുള്ള റോഡിലാണ്.

ഇപ്പറഞ്ഞതെല്ലാം ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിക്കാരനെ മാത്രം വിമർശിക്കുന്നതായി ആരും കാണരുത്. ഇക്കൂട്ടത്തിൽ ഒരു സ്വയം  വിമർശനവും എനിക്കുണ്ട്. എന്നെ അറിയിക്കാതെയും സമ്മതം വാങ്ങാതെയും എന്റെ പടം വെച്ച ഒരു ഫ്ലക്സ് ബോർഡ് ഒന്നുരണ്ട് മാസങ്ങൾക്ക് മുൻപ് എന്റെ നാട്ടിൽ പ്രത്യക്ഷപ്പെടുകയുണ്ടായി. അധികം താമസിയാതെ അത് നീക്കം ചെയ്യുകയും ചെയ്തു. ഒരാൾ മരിച്ചാൽ ആയാളുടെ വീട്ടിലേക്ക് പോകുന്ന വഴി തുടങ്ങുന്നയിടത്ത് പരേതന്റെ ഫോട്ടോയടക്കമുള്ള ‘ആദരാജ്ഞലികൾ ഫ്ലക്സ് ‘ വലിച്ച് കെട്ടുന്നത് നാട്ടിൻപുറത്തെല്ലാം സർവ്വസാധാരണമായ കാഴ്ച്ചയാണിന്ന്. അങ്ങനെയൊരു ഏർപ്പാട് ഉള്ളതിന്റെ വെളിച്ചത്തിൽ പറയുകയാണ്. ഇനിയങ്ങോട്ട്, മരിക്കുന്നതിന് മുൻപോ മരണശേഷമോ എന്റെ ഫോട്ടോയോ പേരോ വെച്ച് ഫ്ലക്സ് ബോർഡുകൾ ഒന്നും തന്നെ ഒരിടത്തും പ്രദർശിപ്പിക്കരുത്.

ഫ്ലക്സ് മയം. നടപ്പാത താമസിയാതെ അപ്രത്യക്ഷമാകും.

നീയേ രക്ഷ രാമ.

ഒരെണ്ണം താഴെ, മൂന്നെണ്ണം മുകളിൽ.

ഫ്ലക്സ് ബോർഡുകൾ കുറേപ്പേരുടെ ജീവിത മാർഗ്ഗമാണ്, അവരുടെ വയറ്റത്തടിക്കാനാണ് പരിപാടി അല്ലേ ? എന്നു തുടങ്ങി ഒരുപാട് എതിരഭിപ്രായങ്ങൾ ഈ വിഷയത്തിലും ഉണ്ടാകുമെന്നറിയാം. അത്തരം അഭിപ്രായങ്ങളുമായി വരുന്നവർക്ക് പോലും നിഷേധിക്കാൻ ആവുന്നതല്ല ഇതുണ്ടാക്കാൻ പോകുന്ന പരിസ്ഥിതി പ്രശ്നങ്ങളും പൊതുനിരത്തിലെ സുരക്ഷാ പ്രശ്നങ്ങളും. ഫ്ലക്സ് ബോർഡുകൾ പൂർണ്ണമായും നിരോധിക്കണമെന്നൊന്നും ആവശ്യപ്പെടുന്നില്ല. പക്ഷെ കർശനമായ നിയന്ത്രണം ഏർപ്പെടുത്തേണ്ടത് ആത്യാവശ്യമാണ്. സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തിക്കൊണ്ട് ഒരു ബോർഡുപോലും നിരത്തിൽ ഉണ്ടാകാൻ പാടില്ല. ഇലൿട്രിക്ക് പോസ്റ്റിലും ടെലിഫോൺ പോസ്റ്റിലും പാതയോരത്തുള്ള മരങ്ങളിലുമെല്ലാം പ്രദർശിപ്പിക്കപ്പെടുന്ന ഓരോ ബോർഡിനും അതിന്റെ വലിപ്പത്തിനനുസരിച്ച് നിശ്ചയിച്ചിട്ടുള്ള തുക തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് കിട്ടുന്നുണ്ടെന്ന് സർക്കാർ ഉറപ്പ് വരുത്തണം. അതിന്റെ തെളിവ് ഫ്ലക്സുകളിൽ പ്രദർശിപ്പിക്കണം. വാച്ചുകൾക്കെല്ലാം 10 % വിലക്കുറവാണെന്ന് പറഞ്ഞ് ഒരു പ്രമുഖ കമ്പനിയുടെ പരസ്യഫ്ലക്സ് നഗരത്തിലെ കമ്പിക്കാലുകളിലെല്ലാം തൂങ്ങുന്നുണ്ട് ഇപ്പോൾ. അത്തരത്തിലുള്ളത് നിരോധിക്കപ്പെടുക തന്നെ വേണം. അതുപോലുള്ള പരസ്യങ്ങൾ നൽകാൻ അവർക്ക് ടീവി, റേഡിയോ, പത്രങ്ങൾ എന്നിങ്ങനെ ഒരുപാട് ഇടങ്ങൾ വേറെയുണ്ടല്ലോ.

കാറ്റിൽ പാറിപ്പറന്ന് അപകടം ഉണ്ടാക്കാൻ പാകത്തിൽ ഒരു ഫ്ലക്സ്.

ബ്ലോഗ് ലേഖനങ്ങൾ പൊതു താൽ‌പ്പര്യ ഹർജിയായി പരിഗണിച്ച് എന്തെങ്കിലും നടപടികൾ എടുക്കാനുള്ള വകുപ്പുണ്ടെങ്കിൽ, ബഹുമാനപ്പെട്ട കോടതി ഇതൊന്ന് പരിഗണിക്കണം. പല കാര്യങ്ങളിലും ഞങ്ങൾ സാധാരണക്കാരന്റെ അവസാനത്തെ പ്രതീക്ഷ ഇന്നും നീതിന്യായ വ്യവസ്ഥിതി തന്നെയാണ്. കുടിവെള്ളവും, ശ്വസിക്കുന്ന വായുവും മലിനപ്പെട്ട് നിൽക്കുമ്പോൾ തൊട്ടുമുന്നിലുള്ള കാഴ്ച്ചകൾ പോലും ഫ്ലക്സ് ബോർഡുകൾ കൊണ്ട് മറയ്ക്കപ്പെടാൻ പോകുന്നെന്ന് ആധി കയറിയ ഒരു നിരക്ഷര പ്രജയുടെ അപേക്ഷയാണ്.

വാൽക്കഷണം:‌- ബ്ലോഗർ സുഹൃത്തും സംവിധായകനുമായ മാർജ്ജാരൻ എന്ന മണിലാലിന്, അദ്ദേഹത്തിന്റെ ‘പ്രണയത്തിൽ ഒരുവൾ വാഴ്‌ത്തപ്പെടും വിധം‘ എന്ന ഹ്രസ്വചിത്രം നേടിയ സംസ്ഥാന അവാർഡുകളുടെ പേരിൽ സുഹൃത്തുക്കൾ ചേർന്ന് നടത്തിയ അനുമോദനച്ചടങ്ങിൽ “ഇങ്ങനെ ഫ്ലക്സ് ബോർഡ് വെച്ചുകൊണ്ടുള്ള പരിപാടികൾക്കൊന്നും എനിക്ക് താൽ‌പ്പര്യമില്ല. ഇത്തരം ഫ്ലക്സ് ബോർഡുകൾക്ക് എതിരാണ് ഞാൻ.” എന്ന് വെട്ടിത്തുറന്ന് മറുപടി പറഞ്ഞ മണിലാൽ നല്ലൊരു കൈയ്യടി അർഹിക്കുന്നു.

Comments

comments

22 thoughts on “ വഴി മുടക്കുന്ന ഫ്ലക്സ് ബോർഡുകൾ

  1. ഫ്ലെക്സ് വെക്കുന്നതിനോട് ഞാൻ എതിരല്ല. ഒരു പരിധിവരെ അതും ഒരു ആശയ വിനിമയ ഉപാധിയാണ്. പക്ഷെ ചേട്ടൻ പറഞ്ഞതുപോലെ ഇത് മറ്റുള്ളവർക്ക് ഒരു ശല്യമാവരുത്. എനിക്കു തോന്നുന്നത് ഇതിന്റെ ഏറ്റവും വലിയ ശല്യം ട്രാഫിക് സിഗ്നലുകൾ/സൂചകങ്ങൾ പലതും മറയ്ക്കുന്നു എന്നതാണ്. ഡിവൈഡറുകളിൽ പോലും പരസ്യപ്രചാരണം…. ഒരു ഡ്രൈവറുടെ/യാത്രികന്റെ ശ്രദ്ധതിരിയാൻ അതു ധാരാളം. ഭരണകർത്താക്കൾ ഇതിനെതിരെ ശബ്ദമുയർത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

  2. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് തിര:കമ്മീഷന്‍ വിനൈല്‍ ഫ്ലെക്സ്‌ ഉപയോഗിക്കാന്‍ പാടില്ലാന്ന് പറഞ്ഞിരുന്നു. വിനൈലിനു പകരം തുണി ഉപയോഗിച്ചാണ് അന്ന് പരസ്യങ്ങള്‍ അടിച്ചത്. പക്ഷെ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ വീണ്ടും വിനൈല്‍ ഫ്ലെക്സ്‌ തിരികെവന്നു.

    പലപ്പോഴും റോഡില്‍ ആളെ കുരുതി കൊടുക്കുന്നതും ഇത്തരം ഫ്ലെക്സ്‌ ആണെന്നതില്‍ സംശയം വേണ്ട.

    സിറ്റിയിലെ പല പ്രധാന റോഡുകളുടെയും അരികില്‍ പരസ്യത്തില്‍ അടിവസ്ത്രം മാത്രം ധരിച്ച സുന്ദരിമാരെ ഫ്ലെക്സ്‌ അടിച്ചു വെച്ചിട്ടുണ്ട്. ഫ്ലെക്സിലെ അടിവസ്ത്രം ആസ്വദിക്കുന്നവന്‍ ഫ്ലൈഓവറിന്റെ അടിയില്‍ കിടക്കും എന്നത് പറയണ്ടല്ലോ…

    അതെ, എല്ലാര്‍ക്കും കാണാന്‍ വേണ്ടി തന്നെയാണ് ഇതൊക്കെ അടിച്ചു വെക്കുന്നത്. എന്നാല്‍ പിന്നെ മനുഷ്യന് സമയമെടുത്തു നിന്ന് കണ്കുളിര്‍ക്കെ കണ്ടു ആസ്വദിക്കാന്‍ പറ്റിയ ഒരിടത്ത് വെക്കരുതോ? ട്രാഫിക്കിനും മറ്റു യാത്രക്കാര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാക്കാതെ വയ്ക്കാമല്ലോ!

  3. ഇത്തരം ഒരു പോസ്ടിട്ട നിരക്ഷരന്‍ എന്നാ ബ്ലോഗര്‍ക്ക് അഭിനന്ദനങ്ങള്‍ എന്നൊരു ഫ്ലക്സ് അടിക്കാന്‍ പ്രസ്സില്‍ കൊടുത്തിട്ടുണ്ട്. എവിടെ ഇടണം എന്നാണു ആലോചിക്കുന്നത് :)
    വളരെ ഇമ്മെച്ചുര്‍ ആയ ഒരു ജനതയാണ് നമ്മുടേത്‌. ഇത്തരം വീണ്ടു വിചാരങ്ങള്‍ നല്ലതാണ്. സാമൂഹിക പ്രസക്തിയുള്ള വിഷയം കൈകാര്യം ചെയ്യുന്ന നല്ലൊരു പോസ്റ്റ്‌ !

  4. മനോജേട്ടാ നല്ല ലേഖനം. പ്ലാസ്റ്റിക്കിന്റെ ഉപയോഗത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഉള്ളതുപോലെ (അത് നടപ്പിൽ വരുന്നുണ്ടോ എന്നത് മറ്റൊരുകാര്യം) ഫ്ലക്സ് ബോർഡുകളുടെ കാര്യത്തിൽ കടുത്തനിയന്ത്രണങ്ങൾ ആവശ്യമാണെന്ന് ഞാനും വിശ്വസിക്കുന്നു. ഗതാഗതതടസ്സം ഉണ്ടാക്കുന്ന ഫ്ലക്സ് ബോർഡുകൾ സ്ഥാപിക്കുന്നവർക്കെതിരേയും നടപടി വേണം. കാലഹരണപ്പെട്ട ഫ്ലക്സിന്റെ കാര്യത്തിൽ പെട്ടന്ന് ഓർമ്മയിൽ വന്നത് നെയ്യറ്റിൻകരയിൽ ശെൽവരാജിന്റെ തിരഞ്ഞെടുപ്പാണ്. ആദ്യം ഇടതുപക്ഷസ്ഥാനാർത്ഥിയായി മത്സരിച്ച ശെൽവരാജ് കോൺഗ്രസ്സ് സ്ഥാനാർത്ഥിയായി ഒരു വർഷത്തിനു ശേഷം മത്സരിച്ചപ്പോഴും പഴയ ചില ബോർഡുകൾ മാറ്റിയിരുന്നില്ലത്രെ.

  5. Dear Niraksharan,

    Thank you very much for this post.

    Flex boards have become eyesores and detrimental to safe driving in Kerala. During election times in addition to posters every road and every wall used to be written over with political slogans and appeals to the voters to vote for a particular candidate or party. I found it extremely distasteful. With the advent of flex boards the situation has become even more unbearable.

    Keralites have lost the sense of beauty. Well, most people are helpless destined to suffering from the ugliness. Government needs to pass a law banning the practice of indiscriminate advertising through posters and billboards and ensure that the law is strictly adhered to.

    I wish to comment on the nature of advertising through posters in South Africa. In Grahamstown, for example, there is an Arts festival celebrated over ten days in June/July every year. Hundreds of plays, music and comedy shows , art exhibitions and workshops are conducted over this period in various venues in the town. These events are advertised through posters all over the city. But on the day after the culmination of the festival all the posters are removed promptly and the city is as clean and beautiful as before.

    In Kerala social sense is non-existent. That is why people throw rubbish into the streams, rivers, public thoroughfare and other people’s property. Government is to be equally blamed for failing to provide facilities and systems to dispose off rubbish hygienically. Lack of public amenities like clean toilets makes travel in the state a nightmare.

    Kerala has to go quite a long way before it can call itself a civilized society.

  6. ഫ്ലക്സ് ബോര്‍ഡ് ഒരു ശല്യം ആയി എനിക്ക് തോന്നുന്നില്ല പക്ഷെ എവിടെ വെക്കണം എങ്ങനെ വെക്കണം എന്ന കാര്യത്തില്‍ കുറച്ചു വിയോചിപ്പും എനിക്ക് ഉണ്ട് എന്നറിയിക്കുന്നു ……….പൊതു സ്ഥലങ്ങളില്‍ വെക്കുമ്പോള്‍ കുറച്ചു കൂടി ശ്രദ്ധ കാണിക്കേണ്ടതാണ് …. വീണ്ടും വരാം

  7. സിനിമാ പോസ്റ്ററുകളിൽ നികുതി അടച്ച നഗരസഭയുടെ സീൽ നിർബന്ധമാക്കിയതുപോലെ ഫ്ലക്സുകളിലും നികുതി അടച്ച സീൽ നിർബന്ധമാക്കണം. അതോടെ നിന്നോളും ഈ സൗജന്യ പരസ്യങ്ങൾ.

  8. സിനിമാക്കാര്‍ ഉടുത്തതും ഉടുക്കാത്തതുമായ മാംസളങ്ങള്‍ കാണിച്ച് കോരിത്തരിപ്പിച്ച് മതിലും സമൂഹ മനസ്സും വികൃതമാക്കി…!! കാലം ഫ്ലെക്സ് യുഗത്തിലേക്ക് മാറി…ഇന്ന് രാഷ്ട്രീയക്കാരേക്കാളും ബോര്‍ഡുകള്‍ ആള്‍ ദൈവങ്ങള്‍ക്കും കിഴവന്മാരായ സൂപ്പര്‍ സ്റ്റാറുകള്‍ക്കും മെഗാസ്റ്റാറുകള്‍ക്കുമാണ്.ഇന്നിപ്പോള്‍ ഗ്രാമങ്ങളില്‍ പോലും കല്ല്യാണാശംസകള്‍ നേരുന്നത് വരെ ഫ്ലെക്സിലായി…എത്ര നല്ല ആചാരം എത്ര നല്ല സംസ്കാരം!!നാം മുന്നോട്ട്!!

  9. പലപ്പോഴും ഫ്ലെക്സ്ബോര്‍ഡുകള്‍ ശല്യവും അപകടകാരണങ്ങളും ആകുന്നുണ്ട്. നഗര സഭകള്‍ അതിനൊരു നിയന്ത്രണം കൊണ്ടുവന്നെങ്കില്‍ ..

  10. ഇതിനെല്ലാമുള്ള നിയമങ്ങൾ വേണ്ടവിധത്തിൽ പരിപാലിക്കാൻ ശ്രമിക്കാത്തതാണ് കുഴപ്പം. നിയമങ്ങളും ചട്ടങ്ങളും ഇല്ലാഞ്ഞിട്ടല്ല.
    ആശംസകൾ…

  11. ഫ്ലക്സ് കണ്ടുപിടിച്ചിട്ട് അധികകാലമായില്ല മാഷേ. അതിന്റെ ആവേശമാ. കുറച്ചുനാൾ കഴിയുമ്പോൾ താനേ കെട്ടടങ്ങും. ഇപ്പോൾ ഫ്ലക്സുകളുടെ ബാഹുല്യം കാരണം അതൊന്നും ആരും ശ്രദ്ധിക്കാറുപോലുമില്ല. നേർച്ച പോലെ ഓരോരുത്തരും കൊണ്ടു നിരത്തി വയ്ക്കുകയാണ്.

    1. അതൊന്നും അല്ല മാഷെ. ഇതു ഇനി കൂടുകയേ ഉള്ളു. അല്ലെങ്കില്‍ നാട്ടുകാര്‍ ഒത്തുകൂടി കത്തിക്കേണ്ടി വരും. ജങ്ക്ഷനില്‍ പോയാല്‍ അപ്പുറത്തു നിന്നുള്ള വണ്ടി പോലും കാണാന്‍ പറ്റാത്ത വിധം വെച്ച ചില ബോര്‍ഡുകള്‍ ഞാന്‍ ദേഷ്യം വന്നിട്ട് കീറിയിട്ടുണ്ട്. ഒരുത്തനും ചോദിക്കാന്‍ വന്നിട്ടില്ല.

  12. കാലികപ്രാധാന്യമുള്ള വിഷയമാണ്. അധികാരികള്‍ ആരെങ്കിലും ഇതൊന്ന് കണ്ടാല്‍ ഭാഗ്യം.അധികമായാല്‍ അമൃതും വിഷമെന്നത് നാമോരുത്തരും അറിയേണ്ടതുമുണ്ട്.

  13. തെളിവുകൾ സഹിതമാണല്ലോ ഭായ്.

    പണ്ടത്തെ പെയിന്റടി, വരപ്പും എല്ലാം ഒഴിവാക്കി ഫ്ല്ക്സ് വന്നപ്പോൾ അതിന്റെ പുറകേ കൂടുതൽ ഓടിയത് രാഷ്ട്രീയക്കാർ തന്നെയാണു. ഇതിന്റെ പരിസിഥിതി പ്രശ്നങ്ങളെക്കുറിച്ച് ഇതു വരെ ബോധമുണ്ടായിരുന്നില്ല. അത് കൂടുതൽ ആളുകളിലേക്ക് എത്തട്ടെ എന്നാശംസിക്കുന്നു. ഭാവിയിൽ ഇലക്ട്രോണിക് ബോർഡുകൾ ആവും കൂടുതൽ പ്രചാരം അപ്പോൾ ഇതൊഴിവാകും, പക്ഷേ അതും ഇതുപോലുഌഅ പ്രശ്നങ്ങളുണ്ടാക്കും.

  14. മുകളിൽ നിന്ന് ഏഴാമത്തെ ചിത്രം. അതായത് ഹരിദാസ് വക്കീൽ ഗോശ്രീ പാലത്തിൽ തൂങ്ങി നിൽക്കുന്ന ഫ്ലക്സ് നീക്കം ചെയ്തിരിക്കുന്നു. അത് ഇങ്ങനൊരു പോസ്റ്റ് വന്നതിന്റെ ഫലമായിട്ടാണെന്ന് കരുതുന്നില്ല. പാലത്തിന്റെ മറ്റ് ചില തൂണുകളിൽ മിനുക്കുപണികൾ നടക്കുന്നുണ്ടെന്ന് തോന്നുന്നു. അതിന്റെ ഭാഗമായിട്ട് നീക്കിയതാകാം.

  15. അമ്പാടീ,
    ഞാൻ ഇപ്പോൾ ഈ വഴിയൊന്നും വരാത്തതിനാൽ ഈ പോസ്റ്റ് കാണാതെ പോയി.സമയോചിതമായ, അതിലേറെ പ്രസക്തിയുള്ള ഈ പോസ്റ്റിനു നന്ദി.

  16. Lathika Subhasha – ചേച്ചീ, പ്രസക്തിയുള്ള പോസ്റ്റ് എന്നൊക്കെ പറഞ്ഞ് പോയാൽ മാത്രം പോരാ. ഇപ്പോൾ ദാ കെ.പി.സി.സി. പുനഃനിർണ്ണയം കഴിഞ്ഞപ്പോൾ കേരളത്തിലെ റോഡുകളിൽ ബാക്കിയുണ്ടായിരുന്ന സ്ഥലം കൂടെ കെ.പി.സി.സി. ഭാരവാഹികളുടെ 6 x 4 അടി വലിപ്പമുള്ള ഫ്ലക്സ് ബോർഡുകൾ കൈയ്യടക്കിയിരിക്കുകയാണ്. ഇനിയത് കൊല്ലങ്ങളോളം അവിടെ തൂങ്ങിയാടും. പറ്റുമെങ്കിൽ ഒരു മാസത്തിനകം അത് നീക്കം ചെയ്യാനുള്ള നടപടികൾ പാർട്ടി തലത്തിൽ ചെയ്യാൻ ചേച്ചി മുൻ‌കൈ എടുക്കണം. അല്ലെങ്കിൽ….ക്ഷമിക്കണം, ഈ പോസ്റ്റിനുള്ള അഭിനന്ദനം വെറുമൊരു മേനി പറച്ചിൽ മാത്രമായി കണക്കാക്കാനേ എനിക്കാവൂ.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>