ഇന്ന് രാവിലെ ജാംപോർ ബീച്ചിൽ ബ്രേക്ക്ഫാസ്റ്റ് പെട്ടിക്കടക്കാരൻ വന്നില്ല. കുറച്ചുനേരം ബീച്ചിൽ ഇരുന്നശേഷം ഗജാനൻ റസ്റ്റോറന്റിൽ പോയി ഇഡ്ഡലി കഴിച്ചു.
അഞ്ച് കിലോമീറ്റർ ദൂരമേയുള്ളൂ ജെറോം കോട്ടയിലേക്ക്. മോത്തി കോട്ടയിൽ നിന്ന് നോക്കിയാൽ മറുകരയിൽ ജെറോം കോട്ട കാണാം. പാലം കടന്ന് ചുറ്റി പോകുന്നത് കൊണ്ടാണ് ദൂരം കൂടുന്നത്. നാനി ദമൻ എന്നാണ് മറുകരയുടെ പേര്. അവിടെയാണ് ജെറോം കോട്ട നിലകൊള്ളുന്നത്.
* പോർച്ചുഗീസുകാരാണ് ഈ കോട്ട നിർമ്മിച്ചത്.
* 1614ൽ നിർമ്മിക്കാൻ തുടങ്ങിയ കോട്ട 1672 ലാണ് പൂർത്തിയാക്കിയത്.
* ദമൻഗംഗ നദിയുടെ വലത് കരയിലാണ് ജെറോം കോട്ട നിലകൊള്ളുന്നത്. ഇടത് കരയിൽ മോത്തി കോട്ടയും ഉണ്ട്.
* പൊതു സ്ഥലത്ത് മരണ ശിക്ഷ നടപ്പിലാക്കിയ അവസാനത്തെ പോർച്ചുഗീസ് കേന്ദ്രമാണ് ഇത്. 1870ന് ശേഷം മരണശിക്ഷ പോർച്ചുഗീസുകാർ അവസാനിപ്പിച്ചു.
* കോട്ടയ്ക്കകത്ത് പള്ളിയും (Our lady of season) സ്കൂളും സെമിത്തേരിയും കുരിശടികളും ഉണ്ട്. തടവറയുടെ ഭാഗങ്ങളും കോട്ടയിൽ കാണാം.
* കാര്യമായ തകർച്ചയൊന്നും കോട്ടയ്ക്ക് സംഭവിച്ചിട്ടില്ല. എങ്കിലും കവാടം തകർന്ന് വീണിട്ടുണ്ട്. ഇപ്പോൾ പുതിയ കവാടമാണ് വെച്ചിരിക്കുന്നത്.
* ധാരാളം പുതുക്കി പണിയലുകൾ കോട്ടയ്ക്ക് പുറത്തും അകത്തുമായി നടക്കുന്നുണ്ട്. കോട്ടയ്ക്ക് ചുറ്റുമതിലും കെട്ടുന്നുണ്ട്.
* കോട്ടയ്ക്ക് വെളിയിൽ ഒരു ക്ഷേത്രവും ഫിഷറീസ് ഓഫീസും ഉണ്ട്.
എന്റെ ജെറോം കോട്ട സന്ദർശനം പെട്ടെന്ന് പൂർത്തിയായി. ഇനിയുള്ളത്, ഗുജറാത്തിലെ അവസാനത്തെ കോട്ടയാണ്. ശിവജി പർനേറ കോട്ട. 23 കിലോമീറ്റർ ദൂരെയാണ് ആ കോട്ട. മുക്കാൽ മണിക്കൂർ യാത്രയുണ്ട്.
12 മണിയോടെ ഞാൻ പർനേറ കോട്ടയ്ക്ക് കീഴെ എത്തി. അര കിലോമീറ്ററോളം ദൂരം വാഹനം കുന്നിന്റെ മുകളിലേക്ക് ഓടിച്ചു കയറ്റാം. അതുകഴിഞ്ഞാൽ 500ൽപ്പരം പടികൾ നടന്ന് കയറണം. 300 മീറ്ററാണ് കുന്നിന്റെ ഉയരം.
കോട്ടയ്ക്ക് മുകളിൽ ഒന്നിലധികം ക്ഷേത്രങ്ങളും ചാന്ദ് പിർ ബാബയുടെ ദർഗ്ഗയും ഉണ്ട്. അതുകൊണ്ട് തന്നെ അടിവാരത്തിലും കോട്ടയിലേക്കുള്ള വഴിയിലും ധാരാളം ഭക്തജനങ്ങളുണ്ട്. കുത്തനെയുള്ള ഒരു കുന്നാണ് അത്. 563 പടികൾ എനിക്കിപ്പോൾ ഒരു വിഷയമല്ല. പക്ഷേ ചൂട് ഒരു വിഷയമാണ്. രാവിലെ അല്പനേരം തണുപ്പുണ്ട് എന്നതൊഴിച്ചാൽ ഗുജറാത്തിൽ പകൽ മുഴുവൻ തണുപ്പ് ഒഴിവായിക്കഴിഞ്ഞു. ഇരുൾ വീണാൽ പോലും തണുപ്പില്ല.
പർനേറ കോട്ടയിൽ നിന്നും നോക്കിയാൽ വൽസാദ് നഗരത്തിൻ്റെ പൂർണ്ണമായ ദൃശ്യം ലഭ്യമാണ്. കുന്നിന് മുകളിലായി കോട്ട പരന്ന് നിൽക്കുന്നു. അതിനിടയിലായി തീരെ പഴക്കമില്ലാത്ത മൂന്ന് ക്ഷേത്രങ്ങളും ഒരു ദർഗ്ഗയും. ഭക്തജനങ്ങളുടെ തിരക്കിനിടയിൽ ഫോട്ടോ എടുക്കാൻ ഞാൻ നന്നേ ബുദ്ധിമുട്ടി.
ഏത് വർഷമാണ് കോട്ട നിർമ്മിച്ചത് എന്നൊന്നും വ്യക്തമല്ല. പക്ഷേ ശിവാജിയും ശത്രുക്കളുമായി കോട്ടയിൽ ഏറ്റുമുട്ടിയിട്ടുണ്ടെന്ന് ചരിത്രം പറയുന്നു. ശത്രുക്കൾ നാലുപാട് നിന്നും വളഞ്ഞപ്പോൾ ബാദൽ എന്ന തൻ്റെ കുതിരപ്പുറത്ത് കയറി, ശത്രു പട്ടാളക്കാർക്ക് മുകളിലൂടെ ശിവജി കുതിരയെ ചാടിച്ചു എന്നാണ് കഥ.
ഒന്നൊഴികെ, ലിസ്റ്റിലുള്ള എല്ലാ ഗുജറാത്ത് കോട്ടകളും കണ്ടിരിക്കുന്നു. പിൻഡ്വൽ കോട്ടയിലേക്ക് മാത്രമാണ് എത്താൻ പറ്റാതിരുന്നത്. ഗൂഗിൾ കൃത്യമായി ലൊക്കേഷൻ തന്നില്ലെങ്കിൽ പല കോട്ടകളിലും പോകുക സാദ്ധ്യമല്ല.
2024 സെപ്റ്റംബർ പകുതിയോടെ, ചൂട് അവസാനിക്കാൻ ആയപ്പോൾ എത്തിയതാണ് രാജസ്ഥാനിൽ. ഇപ്പോൾ ദാ 2025ലെ ചൂട് തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. ഒരു ശൈത്യകാലം മുഴുവൻ രാജസ്ഥാനിലും ഹരിയാനയിലും ഗുജറാത്തിലും ആയി ചിലവഴിച്ചു. ഒഴുക്കിലെ ഇല എന്നത് കണക്കെ 153 ദിനങ്ങൾ. ഇനി മടക്കയാത്രയ്ക്കുള്ള സമയമാണ്.
സമയം രണ്ട് മണി ആയിട്ടേയുള്ളൂ. കോട്ടയുടെ താഴ്വാരത്ത് നിന്നും ദേശീയപാതയിലേക്ക് വന്ന് ഉച്ചഭക്ഷണം കഴിച്ച് മടക്കയാത്രയ്ക്ക് തുടക്കമിട്ടു. എവിടെ എപ്പോൾ നിർത്തണം എന്നൊന്നും കൃത്യമായി തീരുമാനിക്കാതെ ഒരൊറ്റ പോക്കായിരുന്നു. ഇരുള് വീഴുന്നത് വരെ ഭാഗിയെ നയിക്കാം എന്നായിരുന്നു പദ്ധതി.
225 കിലോമീറ്റർ സഞ്ചരിച്ച് പനവേലിൽ എത്തിയപ്പോൾ ഇരുട്ടായി കഴിഞ്ഞിരുന്നു. പർനേറ മല കയറ്റവും 5 മണിക്കൂർ നേരം ഡ്രൈവിങ്ങും ആയപ്പോൾ നല്ല വിശപ്പും ക്ഷീണവും. ധാരാളം റസ്റ്റോറന്റുകൾ ഉണ്ട് പനവേൽ ദേശീയപാതയുടെ ഓരത്ത്. അതുപോലെ തന്നെ ഗ്യാസ് സ്റ്റേഷനുകളും. ഭക്ഷണത്തിനുശേഷം ആസ്വാദ് എന്ന ഗ്യാസ് സ്റ്റേഷനിൽ ഭാഗിക്കുള്ള ഇടം കണ്ടെത്തി.
ഗോവ വഴിയാണ് മടങ്ങുന്നത്. 10 മണിക്കൂർ യാത്രയുണ്ട് പനവേലിൽ നിന്ന് ഗോവയ്ക്ക്. അത്രയും ദൂരം ഒറ്റ ദിവസം സഞ്ചരിക്കാൻ ഉദ്ദേശിക്കുന്നില്ല. ഇടക്ക് എവിടെയെങ്കിലും തങ്ങി മറ്റന്നാൾ ഗോവയിലെത്താനാണ് പദ്ധതി.
ശുഭരാത്രി.