വയനാട്ടിലെ ബത്തേരിക്കടുത്ത് കൊമ്പൻമൂല കാടിനുള്ളിൽ ആദിവാസി യുവതിയും കുടുംബവും പട്ടിണിയിലാണെന്ന് ഏഷ്യാനെറ്റ് വാർത്ത വന്നത് ചിലരെങ്കിലും കണ്ടു കാണുമല്ലോ ?
അതിനുപിന്നാലെ ട്രൈബൽ വകുപ്പ് ഉദ്യോഗസ്ഥർ ആദിവാസി കുടിയിൽ ചെന്ന് ആ സ്ത്രീയെ ചീത്ത പറഞ്ഞ് പോകുന്നു. അതും ചാനലിൽ വരുന്നു. അതോടെ കളി കാര്യമായി.
പിന്നീടുണ്ടായത് ഗുണകരമായ സംഭവങ്ങളാണ്. ഭക്ഷ്യ വകുപ്പ് ഉദ്യോഗസ്ഥർ, സ്ഥലം MLA ഐ.സി. ബാലകൃഷ്ണൻ തുടങ്ങി പലരും കാട്ടിനുള്ളിൽ എത്തി കുടുംബത്തെ സന്ദർശിക്കുന്നു. അവർക്ക് ഉടൻ തന്നെ റേഷൻകാർഡ് ഉണ്ടാക്കിക്കൊടുക്കാമെന്ന് അറിയിക്കുന്നു.
പരാതി പറഞ്ഞ ആദിവാസി യുവതി ബിന്ദുവിന് ആധാർ കാർഡ് ഇല്ലാത്തതുകൊണ്ടാണ് റേഷൻ കാർഡ് കിട്ടാതെ പോയത്. യുവതിയുടെ ഭർത്താവിന് ആധാർ കാർഡ് ഉണ്ട്. അത് വെച്ച് 24 മണിക്കൂറിനുള്ളിൽ, റേഷൻകാർഡ് കിട്ടുന്നു.
ഇത്രയും നാൾ അവർക്ക് കിട്ടാതെ പോയ റേഷൻ കാർഡ്, മണിക്കൂറുകൾക്കുള്ളിൽ ഉണ്ടാക്കിക്കൊടുക്കാൻ ആയെങ്കിൽ അതിനർത്ഥം, വേണമെന്ന് വെച്ചാൽ ചക്ക മരത്തിൽത്തന്നെ കായ്ക്കുമെന്നും അത് പ്ലാവ് നട്ടതിന് പിറ്റേന്നുതന്നെ കായ്ക്കുമെന്നുമാണ്.
ഈ പട്ടിണി വിവരം വാർത്തയാക്കിയ ഏഷ്യാനെറ്റിനും ഇക്കാര്യം ഏഷ്യാനെറ്റിലേക്ക് എത്തിച്ച കുഞ്ഞഹമ്മദിക്കയ്ക്കും അഭിനന്ദനങ്ങൾ!!
കൂട്ടത്തിൽ ചില കാര്യങ്ങൾ കൂടെ പങ്കുവെക്കട്ടെ. ഇപ്പറയുന്നതിന്റെ സത്യാവസ്ഥ എത്രത്തോളം ആണെന്ന് അറിയില്ല. വയനാട്ടിലെ എംപിയും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധി പട്ടിണി വാർത്ത കാണാൻ ഇടയായെന്നും അദ്ദേഹം വയനാട് ജില്ലാ കളക്ടറെ വിളിച്ച് വിവരങ്ങൾ തിരക്കിയെന്നും ഉടനടി കുടുംബത്തിന് റേഷൻകാർഡ് കൊടുക്കാനുള്ള നടപടിയുണ്ടാകണമെന്ന് ആവശ്യപ്പെട്ടു എന്നുമാണ് അറിയാൻ കഴിഞ്ഞത്.
സംഭവം സത്യമാണെങ്കിൽ രാഹുൽ ഗാന്ധിയോട് ഒരു കാര്യം പറഞ്ഞോട്ടെ. രാഹുൽഗാന്ധിക്ക് മലയാളം വായിക്കാൻ സാദ്ധ്യതയില്ല എന്നതുകൊണ്ട് ഏതെങ്കിലും കോൺഗ്രസ്സുകാർ അദ്ദേഹത്തെ ഈ വിവരം ധരിപ്പിച്ചാൽ ഉപകാരമായിരുന്നു.
റേഷൻ കാർഡ് ഇല്ലാത്തതുകൊണ്ട് സർക്കാരിന്റെ സൗജന്യ റേഷനും ഓണക്കിറ്റും അടക്കം പല സൗജന്യങ്ങളും കിട്ടാതെ പോകുന്ന ഒരുപാട് ആദിവാസി കുടുംബങ്ങളുണ്ട് വയനാട്ടിൽ. ബത്തേരിയിലും പരിസരങ്ങളിലും മാത്രം അത്തരത്തിൽ പതിനഞ്ചോളം കുടുംബങ്ങളാണുള്ളത്.
ഇതിന് പിന്നിൽ രാഹുൽഗാന്ധിയുടെ കരങ്ങൾ ഉണ്ടെങ്കിൽ, അദ്ദേഹത്തിന്റെ നിർദ്ദേശം ഉണ്ടെങ്കിൽ, ഇനിയവിടെ ബാക്കിയുള്ള 15ൽപ്പരം കുടുംബങ്ങൾക്കും റേഷൻകാർഡ് നേടി കൊടുക്കാൻ രാഹുൽഗാന്ധിക്ക് കഴിയും. വയനാട്ടിലെ കോൺഗ്രസ് പ്രവർത്തകരോ നേതാക്കന്മാരോ ഒന്ന് മനസ്സ് വെച്ച് റേഷൻകാർഡ് ഇല്ലാത്ത ആദിവാസി കുടുംബങ്ങളുടെ ലിസ്റ്റ് എടുത്ത് രാഹുൽഗാന്ധിയിലേക്ക് എത്തിച്ചാൽ മാത്രം മതിയാകും. അതിനായി അധികം ബുദ്ധിമുട്ടണമെന്നില്ല. ലിസ്റ്റ് നിങ്ങളുടെ കയ്യിൽ എത്തിച്ച് തരാം.
എന്റെ അറിവിൽ ഓണത്തിനും പ്രളയത്തിനുമെല്ലാം ഈ കുടുംബങ്ങൾക്ക് കൃത്യമായി ഭക്ഷ്യക്കിറ്റ് എത്തിക്കുന്നത് കുഞ്ഞഹമ്മദിക്കയാണ്. റേഷൻകാർഡ് ഇല്ലാത്ത 15 കുടുംബങ്ങളുടെയെങ്കിലും വാർഡും പഞ്ചായത്തും പേരും വിലാസവുമൊക്കെ 3 ദിവസത്തിനകം ഇതേയിടത്തിൽ പങ്കുവെക്കാം. അവർക്ക് കൂടെ ഓരോ റേഷൻകാർഡ് ഉണ്ടാക്കി കൊടുക്കാൻ നിങ്ങൾക്ക് ആകുമെങ്കിൽ അതൊരു ഒരു വലിയ സേവനം തന്നെയായിരിക്കും. ക്രെഡിറ്റ് മുഴുവനായി നിങ്ങൾക്ക് തന്നെ എടുക്കാം; ചാനലുകാർക്ക് വേണമെങ്കിൽ അവർക്കും പകുത്തു കൊടുക്കാം.
ഈ ജോലി അങ്ങനെ രാഹുൽഗാന്ധിക്കോ കോൺഗ്രസുകാർക്കോ മാത്രമായി വിട്ടുകൊടുക്കണമെന്നില്ല. ഏത് കക്ഷിരാഷ്ട്രീയക്കാരനും ഇടപെടാം. കാര്യം നടക്കണമെന്ന് മാത്രം. കാര്യമായ വോട്ട് ലാഭമൊന്നും ഉണ്ടാകില്ലെന്ന് അറിഞ്ഞിരിക്കുക. അതുകൊണ്ടാണല്ലോ ഇത്രയും നാൾ ഇതൊന്നും നടക്കാതെ പോയതും.
വാൽക്കഷണം:- കൂട്ടത്തിൽ ഒരു വിവരാവകാശ കണക്ക് കൂടി കേട്ടോളൂ. 2006 മുതൽ 2016 വരെയുള്ള 10 വർഷത്തിനുള്ളിൽ ആദിവാസികൾക്ക് വേണ്ടി വകയിരുത്തിയത് 42 കോടി രൂപയാണ്. അതിൽ ചിലവഴിച്ചത് 20 കോടി രൂപ മാത്രം. അത്രയും തുക കട്ടും മോട്ടിച്ചും പോകാതെ ഈ അയ്യോ പാവം ആദിവാസികളിലേക്ക് നേരെചൊവ്വേ എത്തിയിട്ടുണ്ടായിരുന്നെങ്കിൽ, അവരോരോരുത്തരും ഇന്ന് മിഡിൽ ഇൻകം ഗ്രൂപ്പിലാണ്.