തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയിലുള്ള കുന്തരപ്പള്ളിയിൽ വെള്ളിയാഴ്ച്ചകളിൽ നടക്കുന്ന കാലിച്ചന്ത കാണാൻ, വ്യാഴ്ച്ച തന്നെ ശൂലഗിരിയിൽ ചെന്ന് ക്യാമ്പ് ചെയ്തു.
അതിരാവിലെ പോകണമെന്നാണ് നിർദ്ദേശം കിട്ടിയത്. അതനുസരിച്ച് 6 മണിക്ക് തന്നെ കുന്തരപ്പള്ളിയിലേക്ക് തിരിച്ചു. 25 കിലോമീറ്റർ ദൂരത്തുള്ള കുന്തരപ്പള്ളിയിലേക്ക് ഗൂഗിൾ കൊണ്ടുപോകുന്നുണ്ടെങ്കിലും ചന്തയിലേക്ക് എത്തിക്കുമോ എന്ന ആശങ്കയ്ക്ക് അവസാനത്തെ 2 കിലോമീറ്ററിൽ വിരാമമായി.
ആ വഴിക്ക് പോകുന്ന വാഹനങ്ങളായ വാഹനങ്ങൾ, എന്നുവെച്ചാൽ ട്രക്കുകൾ, ഓട്ടോകൾ, പിക്കപ്പുകൾ, സ്ക്കൂട്ടറുകൾ, ബൈക്കുകൾ, എന്നിങ്ങനെ മിക്കവാറും വാഹനങ്ങളിലെല്ലാം യാത്രക്കാർ ആടുമാടുകൾ തന്നെ. അതിലൊരു വാഹനത്തിന് പിന്നാലെ വെച്ചുപിടിച്ചു. ചെന്ന് നിന്നത് ചന്തയിൽത്തന്നെ.
6 മണിക്ക് തന്നെ ചന്ത തിങ്ങിനിറഞ്ഞിരിക്കുന്നു. വാഹനമൊതുക്കാൻ ഒരു ഇടത്തിനായി നന്നായി ബുദ്ധിമുട്ടി.
എങ്ങും ആടുകളുടേയും പശുക്കളുടേയും കരച്ചിൽ, അവറ്റകളുടെ കാട്ടവും ചാണകവും. വാഹനങ്ങളിൽ നിന്ന് സ്വയമിറങ്ങുകയും വലിച്ചിറക്കപ്പെടുകയും ചെയ്യുന്ന കാലികൾ; റോഡിന് നടുക്ക് വാഹനം നിർത്തി ആട് മാടുകളെ ഇറക്കി ഗതാഗത തടസ്സം ഉണ്ടാക്കുന്നവർ. വിലപേശി കച്ചവടം ഉറപ്പിക്കുന്നവർ. അതിനിടയ്ക്ക് പനിയാരം, പൂരി, അച്ചപ്പം, നുറുക്ക് എന്നിങ്ങനെ വിവിധയിനം ഭക്ഷണങ്ങളുണ്ടാക്കുന്ന സ്ത്രീകൾ.
നടന്ന് പോകാൻ വിസമ്മതിക്കുന്ന കന്നുകാലികളെ വലിച്ചിഴക്കുന്ന യജമാനന്മാർ. മൂക്ക് കയറിൽ ബലം കൊടുത്തത് കാരണം ചോര ഇറ്റുന്ന കാലികളുമുണ്ട് അക്കൂട്ടത്തിൽ. ആ മൃഗങ്ങളിൽ പലതും എല്ലാ ആഴ്ച്ചകളിലും ഈ ചന്തയിൽ എത്തുന്നവരാകാം. ചിലർ ആദ്യമായി എത്തിയതുകൊണ്ടുള്ള പരിഭ്രമത്തിൽ ഒച്ചയും വിളിയും ഉണ്ടാക്കുന്നവരാണെന്ന് മറ്റ് ചിലരുടെ നിസ്സംഗത കണ്ടപ്പോൾ തോന്നി.
പേശി ഉറപ്പിച്ച വിലയുടെ അടിസ്ഥാനത്തിൽ, കൊല്ലാനാണോ വളർത്താനാണോ എന്ന് ഉറപ്പില്ലാതെ പുതിയ യജമാനനൊപ്പം പോകുന്ന മിണ്ടാപ്രാണികൾ.
വാൽക്കഷണം:- സോവനീർ വിഭാഗത്തിൽ ഒരു ഗംഭീര മടക്ക് കത്തി വാങ്ങി. 70 രൂപയ്ക്ക്, ലോകത്ത് ഒരിടത്തും കിട്ടില്ല അത്രയ്ക്ക് ഫിനിഷിങ് ഉള്ള, അത്രയും സ്ലീക്ക് ആയ ഒരു മടക്ക് കത്തി.
#greatindianexpedition
#gie_by_niraksharan
#boleroxl_motor_home
#fortsofkarnataka
#fortsofindia