അഴിമതി

ചേർത്ത് വായിക്കുക, സർക്കാർ പാപ്പരാണ്


789
ള്ള് ഷാപ്പിലെ രംഗങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത യുവതികൾക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തതിൽ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധം നടക്കുകയാണല്ലോ? ബോബി ചെമ്മണ്ണൂർ കള്ള് ഷാപ്പിൽ നിന്ന് പോസ്റ്റിട്ടപ്പോൾ അറസ്റ്റ് ഉണ്ടായില്ലല്ലോ ? ഫുഡ് വ്ലോഗർമാർ കള്ളുഷാപ്പുകളെ പ്രമോട്ട് ചെയ്തപ്പോൾ അറസ്റ്റുണ്ടായില്ലല്ലോ എന്നിങ്ങനെ പോകുന്നു പ്രതിഷേധിച്ചവരുടെ ചോദ്യങ്ങൾ. നമ്മളെല്ലാവരും ആ ചോദ്യങ്ങൾക്കൊപ്പമാണ് ആ പ്രതിഷേധങ്ങൾക്കൊപ്പമാണ്. തർക്കമില്ല.

ഇക്കഴിഞ്ഞ ദിവസം നമ്മൾ ശ്രദ്ധിക്കുകയും പ്രതികരിക്കുകയും ചെയ്തെങ്കിലും ചേർത്ത് വായിക്കാതെയും ചേർത്ത് മനസ്സിലാക്കാതെയും പോയ ചില സംഭവവികാസങ്ങൾ കൂടെ കേരളത്തിൽ ഉണ്ടായിട്ടുണ്ട്. വിശദമാക്കാം.

1000 കോടി നിയമവിരുദ്ധമായ വാഹനങ്ങളിൽ നിന്ന് പിരിക്കണമെന്നുള്ള സർക്കാരിൻ്റെ ഓർഡർ ആണ് അതിൽ പ്രധാനപ്പെട്ടത്. 80 ലക്ഷം വാഹന ഉടമകളിൽ നിന്ന് 1000 കോടി രൂപ നിയമലംഘനത്തിന് പിടിക്കണമെങ്കിൽ ഒരു വാഹന ഉടമയിൽ നിന്ന് ശരാശരി 1250 പിഴയായി ഈടാക്കണം. അവർ നിയമം ലംഘിക്കുന്നവരാണെങ്കിൽ പിടിച്ച് പിഴയിടുക തന്നെ വേണം. അത് പക്ഷേ വഴിപാട് പോലെ എപ്പോഴെങ്കിലും കുറച്ച് നാളേക്ക് ചെയ്യുന്ന ഒരു കാര്യമാകരുത്. എണ്ണയിട്ട യന്ത്രം പോലെ എന്നും നടപ്പിലാക്കേണ്ട കാര്യമാണത്. അങ്ങനെ ചെയ്താൽ അപകടമരണങ്ങളെങ്കിലും കുറക്കാനാവും.

പറഞ്ഞുവന്നത്…….സർക്കാർ പാപ്പരാണ്. കട്ട് മുടിക്കാവുന്നതിൻ്റെ അങ്ങേയറ്റം ചെയ്ത് കഴിഞ്ഞു. മുണ്ടുമുറുക്കിയുടുക്കണമെന്ന് ആഹ്വാനിച്ചതിന് ശേഷം തിളങ്ങുന്ന പാൻ്റ് അടിച്ചിട്ടാണ് നടക്കുന്നത്. ബന്ധുജനങ്ങൾക്കും ആശ്രിതർക്കും പാർട്ടിക്കാർക്കും പാർട്ടിസ്വാധീനത്തിൽ അനർഹമായ സ്ഥാനങ്ങളിൽ കയറി ഇരുന്നവർക്കുമെല്ലാം വാരിക്കോരി കൊടുത്തതും പോരാഞ്ഞ്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ പോലും കൈയിട്ട് വാരി നക്കിക്കഴിഞ്ഞപ്പോൾ സംസ്ഥാനം നടത്തിക്കൊണ്ട് പോകാൻ യാതൊരു മാർഗ്ഗവുമില്ലാതെ നട്ടം തിരിയുകയാണ്, ഭരണചക്രം തിരിക്കുന്ന പുംഗവന്മാർ.

ആയതിനാൽ, കള്ള് ഷാപ്പിലെ രംഗങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റാക്കിയാൽ, മുൻപ് പിടിക്കാത്തവരേയും ഇനിയങ്ങോട്ട് എക്സൈസ് പിടിച്ചെന്ന് വരും. റോഡിൽ എല്ലാത്തരം നിയമലംഘകരേയും പിടിക്കും എന്നിട്ടും ടാർഗെറ്റ് തികഞ്ഞില്ലെങ്കിൽ എന്തെങ്കിലും കുറ്റം അടിച്ചേൽപ്പിച്ച് പിടിച്ച് പറിക്കും. എവിടെയൊക്കെ കരം കുടിശ്ശിക വന്നിട്ടുണ്ടോ അവിടെയെല്ലാം വായിൽത്തോന്നിയ പിഴ ചുമത്തും. ഇതൊക്കെ സാധാരണക്കാരോട് മാത്രം. കോടികൾ കുടിശ്ശികയുള്ള വലിയ മുതലാളിമാർക്കെതിരേയും സ്ഥാപനങ്ങൾക്കെതിരേയും ചെറുവിരൽ അനക്കില്ല.

എങ്ങനേയും പണമുണ്ടാക്കാൻ, പൊലീസ്, മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെൻ്റ്, എക്സൈസ്, ടാക്സ് ഉദ്യോഗസ്ഥർ എന്നിങ്ങനെ എല്ലാവർക്കും സർക്കാരിൻ്റെ നിർദ്ദേശം പോയിട്ടുണ്ട്. അതിൽ മോട്ടോർ വാഹന വകുപ്പിന് നൽകിയ 1162 കോടി പിരിക്കാനുള്ള ഓർഡർ മാത്രമാണ് നമ്മൾ കണ്ടത്. അത് വ്യാജ വാർത്ത ആണെന്ന് സ്ഥാപിക്കാൻ ധനമന്ത്രി ശ്രമിച്ച് നോക്കിയെങ്കിലും മാദ്ധ്യമങ്ങൾ തെളിവടക്കം പുറത്ത് വിട്ടതും തൻ്റെ ന്യായീകരണ പോസ്റ്റ് മുക്കി രാജഗോപാലൻ മന്ത്രി തടിയൂരി.

എന്നുവെച്ച് സർക്കാർ പിരിവ് നിർത്തിയിട്ടൊന്നുമില്ല. ഔദ്യോഗികമായ അറിയിപ്പും സർക്കാർ ഓർഡറുകളും ഇല്ലാതെയും പിടിച്ചുപറി തുടരും. ഇപ്പറഞ്ഞതിൽ ഇനിയും സംശയമുണ്ടെങ്കിൽ സർക്കാർ ഓഫീസുകളിൽ ജോലി ചെയ്യുന്ന സുഹൃത്തുക്കളോടോ ബന്ധുക്കളോടോ അന്വേഷിച്ചാൽ മതിയാകും. മുലക്കരവും മീശക്കരവും തിരികെ കൊണ്ടുവന്നാലും അത്ഭുതപ്പെടാനൊന്നുമില്ല. കാരണം, ഭരണം ഇനിയുമുണ്ട് മൂന്ന് കൊല്ലത്തോളം ബാക്കി. കാൽക്കാശ് കൈയിലില്ലാതെ എങ്ങനെ ഭരിക്കുമെന്നാണ്?

ആയതിനാൽ ജാഗ്രതയോടെയിരുന്നാൽ നമ്മൾ ജനങ്ങൾക്ക് നല്ലത്. വിലക്കയറ്റത്തിലും ജോലിപ്രശ്നങ്ങളിലും കുടുങ്ങി രണ്ടറ്റം കൂട്ടിമുട്ടിക്കാൻ ബുദ്ധിമുട്ടി നിൽക്കുകയാണ്, അദാനിയും അംബാനിയും യൂസഫലിയും ഒഴികെയുള്ള സകലമാന ജനങ്ങളും. അതിൻ്റെ പുറമേ, റോഡിലും ഷാപ്പിലും കൂടെ ഫൈനടക്കാൻ നമ്മുടെ കൈയിൽ ഉണ്ടായെന്ന് വരില്ല.

ചേർത്ത് വായിക്കുക, ചേർത്ത് അനുഭവിക്കാതിരിക്കാൻ ശ്രദ്ധിക്കുക, സർക്കാർ പാപ്പരാണ്. നമ്മളും പാപ്പരാണ്. ജാഗ്രതൈ.