bad-road

റോഡ് നന്നാക്കൂ, എന്നിട്ട് പിഴയടിക്കൂ.


റണാകുളം ജില്ലയിൽ, നഗരത്തിന്റെ ഹൃദയഭാഗത്ത് ജീവിക്കുന്ന ഒരാൾ എന്ന നിലയ്ക്കാണ് ഇതെഴുതുന്നത്. പറയാനുള്ളത് നഗരഹൃദയത്തിന്റെ നാഡീഞരമ്പുകളായ റോഡുകളെപ്പറ്റിത്തന്നെയാണ്. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് കഴിഞ്ഞ് പുതിയ മേയർ വന്ന ഉടനെ നഗരത്തിലെ മിക്കവാറും എല്ലാ റോഡുകളും പുതുക്കിപ്പണിതിരുന്നു. കഷ്ടി 7 മാസം കൊണ്ട് ആ റോഡുകളൊക്കെയും വീണ്ടും താറുമാറായിക്കഴിഞ്ഞിരിക്കുന്നു.  ട്രാൻസ്‌പോർട്ട് ബസ്സ് സ്റ്റാന്റിലേക്ക് പോകുന്ന വഴി, സ്മാർട്ടായിട്ടുള്ള ഒരു നഗരത്തിനെന്നല്ല, ഒരു കൂതറ നഗരത്തിന് പോലും ചേരുന്ന കോലത്തിലല്ല കിടക്കുന്നത്. ഹൈക്കോർട്ടിന്റെ പരിസരത്തും, തേവരപ്പാലത്തിന്റെ ഭാഗത്തും, ചിറ്റൂർ റോഡിലും, ഫോർട്ട് കൊച്ചിയിലും, എന്നുവേണ്ട നഗരത്തിലെ പ്രധാനപ്പെട്ട എല്ലാ റോഡുകളും കുണ്ടും കുഴിയുമായി, മഴവെള്ളം നിറഞ്ഞ് കുഴികളുടെ ആഴം പോലും മനസ്സിലാക്കാൻ പറ്റാത്ത അവസ്ഥയിലാണ്. കുണ്ടും കുഴിയും എന്ന് പറഞ്ഞാൽ അതൊരു ശരിയായ വർണ്ണനയാകില്ല. ഗർത്തങ്ങളാണ് പല റോഡുകളിലും. ഓണക്കാലത്ത് പാതാളത്തിൽ നിന്ന് മാവേലിക്ക് കയറി വരാൻ പാകത്തിനാണോ റോഡിലുള്ള ഈ ഗർത്തങ്ങളൊക്കെ ഇങ്ങനിട്ടിരിക്കുന്നത് എന്നൊരു സഹൃദയന് സംശയം തോന്നിയാൽ തെറ്റ് പറയാനാവില്ല.

കേരളത്തിലെ റോഡുകൾ മോശമാകുന്നതിനെപ്പറ്റി പറയുമ്പോൾ പലപ്പോഴും കേട്ടിട്ടുള്ള ചില ന്യായീകരണങ്ങളുണ്ട്. മരങ്ങളുടെ ചോലകൾ നിറയെയുള്ള റോഡുകൾ മോശമാകാനുള്ള സാദ്ധ്യത അധികമാണ്. മഴയും പിന്നെ മരമഴയും ഒക്കെ ഉണ്ടാകുന്നത് കൊണ്ടാണിതത്രേ! റോഡുകൾ മോശമായാൽ പിന്നെ അതൊന്ന് ശരിയാക്കണമെങ്കിൽ മഴ ഒന്ന് തീരണമല്ലോ എന്നൊരു ന്യായീകരണവും ഉണ്ട്. ഇത് രണ്ടും വെറും മുട്ടാപ്പോക്ക് ന്യായങ്ങൾ മാത്രമാണെന്നാണ് എന്റെ പക്ഷം. അതിനെ സാധൂകരിക്കാനായി ഒരുദാഹരണം ചൂണ്ടിക്കാട്ടാം. എന്റെ ഗ്രാമമായ വൈപ്പിൻ കരയിൽ 2004 ൽ ആണ് അവസാനമായി റോഡ് പണി നടന്നത്. 25 കിലോമീറ്ററിലധികം ദൈർഘ്യമുള്ള റോഡ് വളരെ മനോഹരമായാണ് അന്ന് പുതുക്കിപ്പണിഞ്ഞത്. റോഡിൽ പലയിടത്തും മഴക്കാലത്ത് സ്ഥിരമായി വെള്ളക്കെട്ടുണ്ടാകുന്ന ഇടങ്ങളുണ്ട്. ഇപ്പോഴും മഴക്കാലത്ത് ആ ഭാഗമൊക്കെ വെള്ളത്തിനടിയിലാകും. എന്നിട്ടും റോഡ് ഇതുവരെ പൊട്ടിയിട്ടില്ല. അന്ന് ആ റോഡ് നിർമ്മാണസമയത്ത് മണിക്കൂറുകളോളം ഞാൻ നോക്കി നിന്നിട്ടുണ്ട്. ഒരടിക്ക് മേൽ കനത്തിലായിരുന്നു ടാറും മെറ്റലുമൊക്കെ ഇട്ട് റോഡ് കെട്ടിപ്പൊക്കിയത്. റോഡ് പണി കഴിഞ്ഞപ്പോൾ റോഡിനിരുവശത്തുമുള്ള ഭാഗം താഴ്‌ന്ന് പോയതുകൊണ്ട്, ഇരുചക്രവാഹനങ്ങൾ പലതും ശ്രദ്ധിക്കാതെ അതിലേക്ക് തെന്നി അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. പിന്നീട് അവിടേയും ചെങ്കൽ‌പ്പൊടി കൊണ്ടുവന്നിട്ട് റോഡിന്റെ ഒപ്പം പൊക്കിയെടുക്കുകയായിരുന്നു. ഇപ്പറഞ്ഞതൊന്നും കണക്കിലെടുക്കണമെന്നില്ല. മനുഷ്യനിർമ്മിതമായ വില്ലിങ്ങ്‌ടൺ ഐലന്റിൽ സായിപ്പ് ഉണ്ടാക്കിയിട്ട് പോയ റോഡുകൾ എത്രയോ വർഷങ്ങൾ കഴിഞ്ഞിട്ടും കാര്യമായ കേടുപാടുകളില്ലാതെ നിലനിന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.

പറഞ്ഞ് വന്നത്, റോഡ് പണിയേണ്ട രീതിയിൽ നല്ലവണ്ണം പണിതാൽ പിന്നെ കൊല്ലത്തിൽ ഒരിക്കലോ മറ്റോ അവിടവിടെ ഉണ്ടായേക്കാവുന്ന വിള്ളലുകൾ അടച്ചാൽ മതിയാകും. പക്ഷെ ഇപ്പറഞ്ഞതുപോലൊന്നുമല്ല പൊതുവെ നമ്മുടെ നാട്ടിൽ റോഡുണ്ടാക്കപ്പെടുന്നത്. റോഡ് പണിയുമായി ജീവിതം മുന്നോട്ട് നയിക്കുന്ന കുറേ കോൺ‌ട്രാൿടർമാർക്ക് കാലാകാലം കറവപ്പശുവായി കൊണ്ടുനടക്കാനുള്ള ഒരു പദ്ധതി; ഒറ്റയടിക്ക് നല്ല റോഡ് നിർമ്മിക്കപ്പെട്ടാൽ അതിന്റെ പേരിൽ കൊല്ലാകൊല്ലം തടയുന്ന കിംബളം ഇല്ലാതായിപ്പോകുമെന്ന് ഭയന്ന് പേരിനൊരു റോഡ് നന്നാക്കലിന് കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥന്മാരുടെ കെടുകാര്യസ്ഥത; നല്ല രീതിയിൽ കാലാകാലം നിലനിൽക്കുന്ന റോഡിനുള്ള പദ്ധതികൾ ആവിഷ്ക്കരിക്കാതെ മിനുക്കുപണികൾ നടത്തി മുന്നോട്ട് പോയാൽ മതി എന്ന് തീരുമാനിക്കുന്ന ഭരണകൂടത്തിന്റെ പിടിപ്പുകേട് ; ഇതൊക്കെയാണ് നമ്മുടെ നാട്ടിലെ റോഡുകളുടെ ശോചനീയാവസ്ഥയ്ക്ക് പ്രധാന കാരണങ്ങൾ.  ഇപ്പറഞ്ഞതിന്റെ പൊരുൾ കൃത്യമായി മനസ്സിലാക്കാൻ ‘വെള്ളാനകളുടെ നാട് ‘ എന്ന സിനിമ ഒന്ന് കണ്ടാൽ മതിയാകും.

മുകളിൽ ഞാൻ പരാമർശിച്ച വൈപ്പിൻ മുനമ്പം റോഡിന്റെ ‘പുതുവൈപ്പ് ‘ ഭാഗമൊക്കെ ഇപ്പോൾ പൊട്ടിനാശമായിട്ടുണ്ട്. അതിന് കാരണം മറ്റൊന്നുമല്ല. പൈപ്പ് ഇടാൻ വേണ്ടി റോഡിന്റെ വശങ്ങൾ കുഴിച്ചത് മാത്രമാണ്. റോഡ് പണി കഴിഞ്ഞ ഉടനെ തന്നെ പൈപ്പ് ഇടാനോ കേബിൾ ഇടാനോ ആയി കുഴിക്കുന്നത് ഒരു സ്ഥിരം കാഴ്ചയാണല്ലോ ? കുഴിക്കുന്ന ഡിപ്പാർട്ട്മെന്റുകാർ റോഡ് നന്നാക്കാനുള്ള പണം കൊടുക്കാറുണ്ടെന്നാണ് അറിവ്. പക്ഷെ അതുകൊണ്ട് ജനങ്ങൾക്കെന്ത് കാര്യം? അടുത്ത പ്രാവശ്യം കാര്യമായ റോഡ് പണി നടക്കുമ്പോളല്ലാതെ ഈ കുഴികൾ മൂലം റോഡിനുണ്ടായ പരിക്കുകൾ ചികിത്സിക്കപ്പെടുന്നില്ല.

നിവൃത്തികേടുകൊണ്ട് ഇതൊക്കെ സഹിക്കാമെന്ന് വെക്കാം. ഇതുമായി ബന്ധപ്പെട്ട് മറ്റൊരു കാര്യം സൂചിപ്പിക്കട്ടെ. നമ്മുടെ നാട്ടിൽ ഇപ്പോൾ ഹെൽമറ്റ് ധരിക്കുന്നതും സീറ്റ് ബെൽറ്റ് ഇടുന്നതുമൊക്കെ നിർബന്ധമാക്കിയിരിക്കുകയാണല്ലോ ? (ഡ്രൈവർ മാത്രം സീറ്റ് ബൽറ്റ് ഇട്ടാൽ മതി, ഡ്രൈവർ മാത്രം ഹെൽമറ്റ് വെച്ചാൽ മതി എന്ന നിയമത്തിന്റെ അടിസ്ഥാനമെന്തെന്ന് ഇതുവരെ പിടികിട്ടിയിട്ടുമില്ല.) ഒരാൾ ഈ രണ്ട് കാര്യങ്ങളും ചെയ്തില്ലെങ്കിൽ അയാൾ അപകടത്തിൽ പെട്ടെന്ന് വരും, മരിച്ചുപോയെന്നും വരും. അങ്ങനെ സംഭവിച്ചാൽ അതുകൊണ്ട് ഭരണകൂടത്തിനോ കോടതിക്കോ നഷ്ടമൊന്നും ഇല്ലല്ലോ ? പിന്നെന്തിനാണ് ഈ രണ്ട് നിയമങ്ങൾ ? അവനവന് വേണ്ടെങ്കിൽ അവനവന്റെ കുടുംബത്തിന് വേണ്ടെങ്കിൽ പിന്നെ ഇതൊക്കെ ഉപയോഗിക്കണമെന്ന് ബലം പിടിക്കുന്നത് എന്തിനാണ്. ഇപ്പറഞ്ഞ നിയമങ്ങൾ ലംഘിച്ചതിന്റെ പേരിൽ വാഹന ഉടമകളുടെ കൈയ്യിൽ നിന്നും പണം പിടുങ്ങുക എന്നത് മാത്രമല്ലേ ലക്ഷ്യം ? അല്ലാതെ വാഹനങ്ങൾ ഓടിക്കുന്ന ജനങ്ങളുടെ ജീവൻ സംരക്ഷിക്കണമെന്ന ആഗ്രഹത്തോടെയുള്ള നിയമം അല്ലല്ലോ ഇത്. ജനങ്ങളുടെ സുരക്ഷയാണ് ആഗ്രഹിക്കുന്നതെങ്കിൽ, പിഴ ഇടാക്കുന്നതിനു മുൻപ് ചെയ്യേണ്ടത് റോഡിലെ ഈ ഗർത്തങ്ങളിൽ വീണ് അപകടം ഉണ്ടാകാതിരിക്കാനായി റോഡുകൾ നന്നായി സംരക്ഷിക്കുകയും അറ്റകുറ്റപ്പണികൾ നടത്തുകയുമല്ലേ ? നടപ്പാതകൾ എന്ന് പറയുന്ന ഓവുചാലുകൾക്ക് മുകളിലുള്ള പൊട്ടിപ്പൊളിഞ്ഞ സ്ലാബുകൾ മാറ്റിയിടുകയല്ലേ ? അതൊക്കെ എന്തുകൊണ്ട് ചെയ്യുന്നില്ല. അതൊക്കെ ചെയ്തിട്ട് പോരേ ഹെൽമറ്റും സീറ്റ് ബൽറ്റും ഇടാത്തവന് പിഴയടിക്കുന്നത്.

ഇതുപോലുള്ള നിയമങ്ങൾ കർശനമായി നടപ്പിലാക്കുകയും അത് പാലിക്കാത്തവർക്ക് പിഴയടിക്കുകയും ചെയ്യുന്ന ചില രാജ്യങ്ങളിൽ കരമടക്കുന്ന ഓരോ പൌരന്റേയും എല്ലാ ചികിത്സാച്ചെലവുകളും സർക്കാർ തന്നെയാണ് വഹിക്കുന്നത്. അതിനാൽ, ഈ നിയമങ്ങൾ ലംഘിക്കുന്ന ജനങ്ങൾക്ക് പിഴയടിക്കാനുള്ള അവകാശം അവർക്കുണ്ട്. നമ്മുടെ രാജ്യത്ത് സ്വന്തം വാഹനവുമായി അപകടത്തിൽ പെടുന്നവന് സർക്കാർ സഹായമൊന്നും നൽകാറില്ലല്ലോ ? ഇക്കാരണങ്ങളൊക്കെക്കൊണ്ടുതന്നെ, മദ്യപിച്ച് വാഹനം ഓടിക്കുന്നവർക്കും ഫോൺ ചെയ്തുകൊണ്ട് വാഹനം ഓടിക്കുന്നവർക്കും പിഴ അടിക്കാമെന്നല്ലാതെ സീറ്റ് ബെൽറ്റ്, ഹെൽമറ്റ് എന്നിവ ഉപയോഗിക്കാത്തവരെ പിഴിയാനുള്ള ധാർമ്മികമായ അവകാശം ഭരണകൂടത്തിനില്ല. അതുണ്ടാകണമെങ്കിൽ ആദ്യം വാഹനം ഓടിക്കാൻ പാകത്തിന് റോഡുകൾ നന്നാക്കിയിടണം. അതുമല്ലെങ്കിൽ വാഹനാപകടത്തിൽ പെടുന്നവന്റെ എല്ലാ ചികിത്സാച്ചിലവുകളും സർക്കാർ തന്നെ വഹിക്കുന്നുണ്ടായിരിക്കണം.

ഈ വക കാര്യങ്ങളൊക്കെ ബഹുമാനപ്പെട്ട നീതിന്യായ കോടതിക്ക് മുന്നിൽ എത്തിക്കാനായി ഇക്കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്നേ  ഞാനൊരു തീരുമാനമെടുത്തു. എറണാകുളം നഗരത്തിൽ വാഹനം ഓടിക്കുമ്പോൾ സീറ്റ് ബെൽറ്റ് ഇടില്ല. പോലീസ് പിടിച്ച് നിയമം ലംഘിച്ചെന്ന് പറഞ്ഞ് പിഴ ഇടാക്കാൻ ശ്രമിച്ചാൽ പിഴ കൊടുക്കില്ല, പകരം എനിക്ക് കോടതിയിലേക്കുള്ള കടലാസ് തന്നാൽ മതി എന്ന് പറയും. എന്നിട്ട് കോടതിയിൽച്ചെന്ന് കാര്യം ബോധിപ്പിക്കും. ഇതായിരുന്നു തീരുമാനം. മാസങ്ങളോളം ഞാനങ്ങനെ സീറ്റ് ബൽട്ട് ഇടാതെ വാഹനമോടിച്ചു. ഈ ദിവസങ്ങളിലെല്ലാം കൂടെ യാത്ര ചെയ്യുന്ന ഭാര്യ വല്ലാത്ത അങ്കലാപ്പിലായിരുന്നെങ്കിലും ഞാനത് കാര്യമാക്കിയില്ല. എന്റെ ലക്ഷ്യം കോടതിയിൽ എത്തിപ്പറ്റുക എന്നതായിരുന്നു.

അങ്ങനൊരു ദിവസം എറണാകുളം സൌത്ത് പാലം ഇറങ്ങി വളഞ്ഞമ്പലേക്ക് കടന്നപ്പോൾ ട്രാഫിൿ പൊലീസുകാരൻ ഒരാൾ കൈകാണിച്ച് വാഹനം നിർത്തി. സീറ്റ് ബെൽട്ട് ഇട്ടിട്ടില്ലല്ലോ പിഴ അടച്ച് പോയാൽ മതി എന്ന് പറഞ്ഞു. തൊട്ടപ്പുറത്ത് നിർത്തിയിട്ട പൊലീസ് ബൈക്കിനരുകിൽ സബ് ഇൻസ്പെൿടർ പിഴ കൈപ്പറ്റാനായി നിൽക്കുന്നുണ്ട്. വാഹനം അരികുചേർത്ത് നിറുത്തി ഞാൻ എസ്.ഐ.യുടെ അടുത്തെത്തി. 100 രൂപ പിഴയടക്കണമെന്ന് എസ്.ഐ. ; പറ്റില്ലെന്നും കോടതിയിലേക്കുള്ള കടലാസ് തന്നാൽ ബാക്കി കാര്യങ്ങളൊക്കെ അവിടെ ബോധിപ്പിച്ചോളാമെന്നും ഞാൻ. ആ ദിവസങ്ങളിൽ സൌത്ത് പാലം മുഴുവൻ ടാറിങ്ങിനായി കൊത്തിക്കിളച്ച്  ഇട്ടിരിക്കുകയായിരുന്നു. പക്ഷെ, തുടർച്ചയായ മഴ കാരണം, ടാർ ചെയ്യാനാകാതെ പാലം അതേ അവസ്ഥയിൽത്തന്നെ ആഴ്ച്ചകളോളം കിടന്നുപോയി.

“100 രൂപയുടെ പെറ്റി കേസൊന്നും കോടതിയിലേക്ക് വിടുക പതിവില്ല, അത്രയ്ക്ക് നിർബന്ധമാണെങ്കിൽ അതിവേഗത്തിലും അലക്ഷ്യമായും മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ വാഹനം ഓടിച്ചു എന്നൊരു കേസ് ചാർജ്ജ് ചെയ്ത് ഞാൻ തന്നെ കോടതിയിലേക്ക് വിടാം. അതാകുമ്പോൾ 1000 രൂപ പിഴയടക്കേണ്ട ചാർജ്ജ് ആണ്. ” ഐ.ഐ. വളരെ മാന്യമായിട്ട് തന്നെയാണ് ആദ്യാവസാനം സംസാരിച്ചത്.

“ഈ റോഡിന്റെ ഇപ്പോഴത്തെ അവസ്ഥയിൽ ഞാനിതിലൂടെ അതിവേഗത്തിൽ വാഹനം ഓടിച്ചെന്ന് സാറ് ചാർജ്ജ് ഷീറ്റ് എഴുതിയാൽ കോടതിക്ക് പോലും മനസ്സിലാകും അത് കള്ളക്കേസ്സാണെന്ന്. അങ്ങനൊരാൾക്കും വാഹനം ഓടിക്കാൻ പറ്റാത്ത അവസ്ഥയാണ് ഈ പാലത്തിലെന്ന് സാറിനുമറിയാം കോടതിക്കുമറിയാം. അതുകൊണ്ട് കള്ളക്കേസ് ഉണ്ടാക്കിയാൽ കോടതിൽ സാറിന് ഉത്തരം മുട്ടിയെന്ന് വരും. അത് മാത്രമല്ല ചെയ്യാത്ത കുറ്റം ഞാനൊരിക്കലും ഏൽക്കുകയുമില്ല.” എസ്.ഐ.മാന്യമായി ഇടപെടുന്നെന്ന് കണ്ടപ്പോൾ എനിക്ക് ഭയങ്കര ധൈര്യം.

“താൻ പെട്ടെന്ന് പണമടച്ച് പോകുന്നുണ്ടോ. താനൊരാൾ കാരണം എത്രപേരെയാണ് ഞാനിപ്പോൾ പിടിക്കാതെ വിട്ടത്. ഇവിടെ ഒരു വണ്ടിയിൽക്കൂടുതൽ പാർക്ക് ചെയ്യാൻ സ്ഥലമില്ലെന്ന് കണ്ടുകൂടെ ? “

“ഇല്ല സാർ, ഞാൻ പിഴയടക്കില്ല. എന്നെ കോടതിയിലേക്ക് വിട്ടാൽ മതി. എനിക്ക് തിരക്കൊന്നും ഇല്ല. ഞാനിവിടെ കാത്തുനിൽക്കാം. സാറ് മറ്റുള്ളവരെയൊക്കെ പിടിച്ച് പിഴയൊക്കെ അടപ്പിച്ചതിനുശേഷം മാത്രം എന്റെ കാര്യം പരിഗണിച്ചാൽ മതി”

ഇതിനിടയിൽ ഹെൽമറ്റ് വെക്കാത്തവർ രണ്ട് പേർ പിടിക്കപ്പെട്ടു. പിഴയടച്ച് ഒന്നുമറിയാത്ത ഭാവത്തിൽ അവർ സ്ഥലം കാലിയാക്കുകയും ചെയ്തു.

“താൻ പറയുന്ന കാര്യമൊക്കെ ന്യായം തന്നെ. പക്ഷെ റോഡ് നന്നാക്കൽ എന്റെ ജോലിയല്ലല്ലോ ? അതൊക്കെ സർക്കാർ ചെയ്യേണ്ട കാര്യമല്ലേ. ഞാൻ എന്നെ ഏൽ‌പ്പിച്ചിരിക്കുന്ന ജോലിയാണ് ചെയ്യുന്നത് ”

“സർക്കാറിന്റെ പ്രതിനിധിയായിട്ടാണല്ലോ സാറ് എന്നെ പിടിച്ചിരിക്കുന്നത്. അപ്പോൾപ്പിന്നെ എനിക്ക് സർക്കാറിനോട് പറയാനുള്ള കാര്യങ്ങൾ സാറിനോടല്ലാതെ ആരോട് പറയും? കോടതിയാണ് പിന്നൊരു ആശ്രയം. അതുകൊണ്ടല്ലേ കോടതിയിലേക്കുള്ള കടലാസ് ചോദിക്കുന്നത്.?

“ഇയാളെക്കൊണ്ട് വലിയ ശല്യമായല്ലോ ? “ എസ്.ഐ.യുടെ ക്ഷമ നശിക്കാൻ തുടങ്ങിയെന്ന് മനസ്സിലായപ്പോൾ ഞാനൊരു ഒത്തുതീർപ്പ് ഫോർമുല നിർദ്ദേശിച്ചു.

“ കോടതിയിൽച്ചെന്ന് എന്റെ പരാതി ബോധിപ്പിക്കാനായിട്ടാണ് ഞാനിത്രയും നാൾ നിയമം ലംഘിച്ച് നടന്നിരുന്നത്. സാറ് പറയുന്നത് പ്രകാരം 100 രൂപയുടെ പെറ്റിക്കേസുകൾ കോടതിയിലേക്ക് വിടില്ലെന്ന് ഞാനിപ്പോൾ മനസ്സിലാക്കി. അതുകൊണ്ട് ഞാനിന്നുമുതൽ സീറ്റ് ബെൽറ്റ് ഇട്ട് വണ്ടി ഓടിച്ചോളാം. പകരം ഈ നിയമലംഘനം സാറ് കണ്ടില്ലാന്ന് വെക്കണം. സമ്മതമാണെങ്കിൽ ഞാൻ പോകുന്നു. അല്ലെങ്കിൽ ഞാനിവിടെത്തന്നെ ഇന്ന് മുഴുവനും നിന്നോളാം.”

എസ്.ഐ.ക്ക് ശരിക്കും ചിരി വരുന്നുണ്ടായിരുന്നു. പേരെന്താണെന്നും വീടെവിടാണെന്നും ജോലിയെന്താണെന്നുമൊക്കെ ലോഹ്യം ചോദിച്ച് അദ്ദേഹമെന്നെ പിഴയടിക്കാതെ പറഞ്ഞുവിട്ടു. സീറ്റ് ബെൽട്ട് ഇട്ടുകൊണ്ടുതന്നെ ഞാനവിടന്ന് വണ്ടിയുമെടുത്ത് യാത്ര തുടർന്നു.

ഈ സംഭവത്തിന് ശേഷം പുതിയ കോർപ്പറേഷൻ വന്നു. റോഡുകൾ ഒക്കെ നന്നാക്കി. പക്ഷെ മാസങ്ങൾക്കകം റോഡുകളൊക്കെ പഴയ അവസ്ഥയിലായി. ഇനിയിപ്പോൾ മഴയൊക്കെ മാറാതെ റോഡ് പണിയൊന്നും നടക്കുമെന്ന് തോന്നുന്നില്ല. പണിതാലും ഒരു അടുത്ത മഴയിൽ പൊളിഞ്ഞിരിക്കുമെന്ന് കോൺ‌ട്രാൿടറന്മാരും അവരുടെ പണി പരിശോധിച്ച് വിലയിരുത്താൻ നിയമിക്കപ്പെട്ട ഉദ്യോഗസ്ഥരും ഉറപ്പുവരുത്തിയിരിക്കും. ഇതങ്ങനെ തുടർന്ന് പോകും. ആയിക്കോളൂ. പക്ഷേ…. ഹെൽമറ്റ് ഇടാത്തവനേയും സീറ്റ് ബൽറ്റ് ഇടാത്തവനേയും പിടിച്ച് പിഴയടിക്കുന്നതിന് മുന്നേ, റോഡുകൾ നന്നാക്കണം. അവിടവിടെ ഒറ്റപ്പെട്ട ഒന്നോ രണ്ടോ കുഴികളൊക്കെ ഞങ്ങളങ്ങ് സഹിച്ചോളാം. പക്ഷെ ഇതുപോലെ താറുമാറായിക്കിടക്കുന്ന റോഡിൽ വണ്ടി ഓടിക്കുന്നതിന് 15 വർഷത്തെ ടാക്സ് ഒറ്റയടിക്ക് നൽകുന്ന ജനങ്ങളെ, അവരുടെ സുരക്ഷയ്ക്കെന്ന പേരിൽ, പിഴയെന്ന ഓമനപ്പേരിട്ട് പിടിച്ചുപറി നടത്തരുത്.

വാൽക്കഷണം:‌- ഹെൽമറ്റ്, സീറ്റ് ബൽറ്റ് എന്നതൊക്കെ വാഹനം ഓടിക്കുന്നവർ മാത്രമല്ല യാത്രക്കാർ എല്ലാവരും ഉപയോഗിക്കേണ്ടതാണ്. അതൊക്കെ ഉപയോഗിച്ചാൽ നമ്മുടെ പോക്കറ്റ് കാലിയാകില്ലെന്ന് മാത്രമല്ല, ജീവനും ചിലപ്പോൾ ബാക്കിയുണ്ടാകും. നമ്മളുടെ സുരക്ഷ നമ്മൾ തന്നെ നോക്കണം. മുകളിൽ‌പ്പറഞ്ഞതൊക്കെയും, ഹൈക്കോർട്ട് പരിസരത്ത് ജീവിച്ചിട്ടും കോടതിയിൽ കയറി സ്വന്തം പ്രതിഷേധം അറിയിക്കാൻ പറ്റാതെ, പാതാളസമാനമായ ഈ റോഡിലൂടെ നിരന്തരം വാഹനമോടിക്കുകയും, ആഴ്ച്ചയിൽ നാല് പ്രാവശ്യമെങ്കിലും നിയമലംഘനം നടത്തിയിട്ടുണ്ടോ എന്നറിയാനായി വാഹനം തടയപ്പെടുകയും പരിശോധിക്കപ്പെടുകയും ചെയ്യുന്ന ഒരുവന്റെ പ്രതിഷേധക്കുറിപ്പ് മാത്രം.

ചിത്രങ്ങൾക്ക് കടപ്പാട് :- ഗൂഗിൾ

Comments

comments

61 thoughts on “ റോഡ് നന്നാക്കൂ, എന്നിട്ട് പിഴയടിക്കൂ.

  1. മുകളിൽ‌പ്പറഞ്ഞതൊക്കെയും, ഹൈക്കോർട്ട് പരിസരത്ത് ജീവിച്ചിട്ടും കോടതിയിൽ കയറി സ്വന്തം പ്രതിഷേധം അറിയിക്കാൻ പറ്റാതെ, പാതാളസമാനമായ ഈ റോഡിലൂടെ നിരന്തരം വാഹനമോടിക്കുകയും, ആഴ്ച്ചയിൽ നാല് പ്രാവശ്യമെങ്കിലും നിയമലംഘനം നടത്തിയിട്ടുണ്ടോ എന്നറിയാനായി വാഹനം തടയപ്പെടുകയും പരിശോധിക്കപ്പെടുകയും ചെയ്യുന്ന ഒരുവന്റെ പ്രതിഷേധക്കുറിപ്പ് മാത്രം.

  2. ജനം പ്രതിഷേധിച്ചാല്‍ മാറുന്ന കാര്യങ്ങളെ കേരളത്തില്‍ ഉള്ളു..പക്ഷെ ജനങ്ങളെ നേരുട്ടു ബാധിക്കുന്ന പ്രശ്നങ്ങളില്‍ പ്രതിഷേധിക്കാന്‍ ഇവിടെ ആരും ഇല്ലല്ലോ.

    സ്വാശ്രയ പ്രശ്നതിനെതിരെയോ, ഗാട്ടുകരാരിനെതിരെയോ സദ്ദാം ഹുസൈനെ തൂക്കിലെ റ്റി യാതിനെതിരെയോ നമ്മള്‍ സമരം നടത്തും..ഹര്‍ത്താലും. എന്നാല്‍ നാല് രൂപ മിനിമം ചാര്‍ജു അന്ചാക്കിയാലോ, മില്‍മ പാലിന് ഒരു രൂപ കൂട്ടിയാലോ നമുക്ക് ഒരു ചുക്കും ഇല്ല. മറ്റു സംസ്ഥാനങ്ങളില്‍ ബസ് ചാര്‍ജു കുറവാണ് , പാലിന് വില കുറവാണ് എന്ന് പറയാന്‍ മാത്രമല്ലെ നമുക്ക് പറ്റു.

    പോസ്റ്റ്‌ നന്നായി…

  3. ഇതുപോലുള്ള നിയമങ്ങൾ കർശനമായി നടപ്പിലാക്കുകയും അത് പാലിക്കാത്തവർക്ക് പിഴയടിക്കുകയും ചെയ്യുന്ന ചില രാജ്യങ്ങളിൽ കരമടക്കുന്ന ഓരോ പൌരന്റേയും എല്ലാ ചികിത്സാച്ചെലവുകളും സർക്കാർ തന്നെയാണ് വഹിക്കുന്നത്. അതിനാൽ, ഈ നിയമങ്ങൾ ലംഘിക്കുന്ന ജനങ്ങൾക്ക് പിഴയടിക്കാനുള്ള അവകാശം അവർക്കുണ്ട്. നമ്മുടെ രാജ്യത്ത് സ്വന്തം വാഹനവുമായി അപകടത്തിൽ പെടുന്നവന് സർക്കാർ സഹായമൊന്നും നൽകാറില്ലല്ലോ ? ഇക്കാരണങ്ങളൊക്കെക്കൊണ്ടുതന്നെ, മദ്യപിച്ച് വാഹനം ഓടിക്കുന്നവർക്കും ഫോൺ ചെയ്തുകൊണ്ട് വാഹനം ഓടിക്കുന്നവർക്കും പിഴ അടിക്കാമെന്നല്ലാതെ സീറ്റ് ബെൽറ്റ്, ഹെൽമറ്റ് എന്നിവ ഉപയോഗിക്കാത്തവരെ പിഴിയാനുള്ള ധാർമ്മികമായ അവകാശം ഭരണകൂടത്തിനില്ല. അതുണ്ടാകണമെങ്കിൽ ആദ്യം വാഹനം ഓടിക്കാൻ പാകത്തിന് റോഡുകൾ നന്നാക്കിയിടണം. അതുമല്ലെങ്കിൽ വാഹനാപകടത്തിൽ പെടുന്നവന്റെ എല്ലാ ചികിത്സാച്ചിലവുകളും സർക്കാർ തന്നെ വഹിക്കുന്നുണ്ടായിരിക്കണം.

    ഞാനും പിന്തുണയ്ക്കുന്നു ഈ വരികള്‍

  4. ഏതോ സിനിമയിൽ പോലീസ് സ്റ്റേഷനിൽ കയറിപ്പറ്റാനായി ജഗതി പായും തലയിണയും എടുത്ത് നടുറോഡിൽ കിടന്ന സീൻ ഓർമ വന്നു :D

    റോഡിനെ കുറിച്ച് ഞാനെന്ത് പറയാൻ! എല്ലാർക്കും അറിയുന്നതല്ലേ…

  5. @ ഒരു യാത്രികന്‍ – നാട്ടിലേക്കല്ലേ മറ്റന്നാൾ വണ്ടി കയറുന്നത് ? എറണാ’കുള’ത്തേക്ക് പോകുന്നുണ്ടെങ്കിൽ ഒരു ലൈഫ് ഇൻഷൂറൻസ് പോളിസി കൂടെ എടുത്തോളൂ… :)

  6. ഹെൽമെറ്റ് സീറ്റ്ബെൽറ്റ് ഭിക്ഷാടനത്തിനായി ഏമാന്മാർ കാത്തുനിൽക്കുന്നതും റോഡിൽ ഗട്ടറുള്ള ഭാഗങ്ങളിലായിരിക്കും.

    വെള്ളാനകൾക്കെതിരെ എല്ലാവരും ഒരുമിച്ച് പ്രതിഷേധിക്കേണ്ടിയിരിക്കുന്നു.

  7. ചില രാജ്യങ്ങളില്‍ ജനിക്കുന്ന മനുഷ്യരുടെ ദുര്‍ഭാഗ്യം

  8. മനോജേട്ടാ വൈപ്പിനിലെ റോഡുകൾ അന്ന് ശരിയാക്കിയത് ഹൈക്കോടതിയുടെ ഒരു ഉത്തരവിനെത്തുടർന്നാണെന്നത് ഓർമ്മകാണുമല്ലൊ. റോഡ് അഞ്ചുവർഷത്തെ എങ്കിലും ഗ്യാരന്റിയോട് പണിയണമെന്നും ഇതിന്റെ എല്ലാ വശങ്ങളും കോടതിയെ അറിയിക്കണമെന്നും അന്ന് ജില്ലാകളൿടർക്ക് ഹൈക്കോടതി ഉത്തരവു നൽകിയിരുന്നു. പള്ളിപ്പുറത്തുനിന്നും നിത്യവും ഹൈക്കോടതിയിൽ എത്തിയിരുന്ന ജസ്റ്റിസ് സിരിജഗന്റെ ബഞ്ചിൽ തന്നെ ഈ കേസ് വന്നതിനാൽ ആർക്കും അദ്ദേഹത്തെ പറ്റിക്കാനും പറ്റിയില്ല. കാരണം ജഡ്ജി ഈ മുപ്പതു കിലോമീറ്റർ നിത്യവും യാത്രചെയ്യുന്ന വഴിയല്ലെ. അങ്ങനെ ഉണ്ടായ ആ റോഡ് ഇപ്പോൾ വീണ്ടും പൊട്ടിപ്പൊളിയാൻ തുടങ്ങിയിരിക്കുന്നു. കാരണം കാലാവധി കഴിഞ്ഞു. അതുകൊണ്ടുതന്നെ കൃത്യമായ അറ്റകുറ്റപ്പണികൾ ഇല്ല. ഈ അഞ്ചു വർഷവും കളൿടറും കോടതിയും കൃത്യമായി റോഡിനെക്കുറിച്ചുള്ള പരാതികൾ പരിഗണിച്ചിരുന്നു. വീണ്ടും ഒരു ഹർജി നൽകേണ്ടി വരും റോഡ് നന്നാവാൻ. അതിനായി ഹൈക്കൊടതിയിലെ വൈപ്പികരക്കാരായ പ്രമുഖ അഭിഭാഷകർ മുൻ‌കൈ എടുക്കും എന്നതാണ് എന്റെ പ്രതീക്ഷ.

  9. ‘വികസനത്തിന്റെ പാതയിലൂടെ കുതിച്ച് പായുന്ന‘ എറണാകുളമെന്ന ‘സ്മാർട്ട് സിറ്റിലെ’ റോഡുകളുടെ അവസ്ഥ ഇതാണങ്കിൽ ബാക്കി കേരളത്തിന്റെ അവസ്ഥ എന്തായിരിക്കും.. ഐ.ടി വിപ്ലവം, മറ്റ് വങ്കിട പദ്ധതികള്, അടുത്ത അന്താരാഷ്ട്ര എയർപോർട്ട് കണ്ണുരില്, മെട്രോ റെയില്വേ. മാങ്ങാത്തൊലി.. നേരെചൊവ്വെ റോഡ് മെയിന്റയ്ൻ ചെയ്യാൻ പറ്റാത്ത നമ്മടെ സർക്കാരും രാഷ്ട്രീയപാർട്ടികളുമാ ഇതൊക്കെ ഒലത്താൻ പോകുന്നെ.. ഒരു രാജ്യത്തിന്റെ പുരോഗതിക്കും വികസനത്തിനും ഏറ്റവുമാദ്യമുണ്ടാകേണ്ട ഇൻഫ്രാസ്ട്രക്ചറൊന്നുമില്ലാതെ, ഒരു പ്ലാനിംഗുമില്ലാതെ ‘എങ്ങോട്ടോ, എങ്ങനെയൊക്കെയോ’ കുറേ എൻ.ആർ.ഐ കാശും, കള്ളപ്പണക്കാരുടെ റിയൽ എസ്റ്റേറ്റ് കളികളിലുമൊതുങ്ങുന്ന വികസനം. :(

  10. എസ്.ഐ. ഒരു മാന്യനായതു നന്നായി….:)ഏതായാലും പ്രതിഷേധം കലക്കി….

  11. ഇത്ര നല്ല പോസ്റ്റിനു ഒരുപാട് നന്ദി ….

    തിരുവനന്ത പുരത്ത് താമസിച്ചിരുന്നപ്പോള്‍ , എറണാകുളത്തെ വീട്ടിലെത്താനുള്ള കൊതി കൊണ്ട് എല്ലാ വെള്ളിയാഴ്ചകളിലും വൈകീട്ട് പോരും, വെറും 200Km ദൂരം എത്താന്‍ ചുരുങ്ങിയത് 5 മണിക്കൂര്‍ , നമ്മുടെ ദേശീയ പാതയിലെ ശരാശരി സ്പീഡ് 45Km !! വണ്ടി ഓടിക്കുന്ന ഭര്‍ത്താവിനെക്കാള്‍ ടെന്‍ഷന്‍ ആണ് കൂടെയിരിക്കുന്ന എനിക്ക് , കണ്ണിലെണ്ണയോഴിച്ചെന്ന പോലെ റോഡിലേക്കും നോക്കി അഞ്ചര മണിക്കൂറോ ളമുള്ള ആ ഇരുപ്പു ആലോചിച്ചാല്‍ ഇപ്പോഴും പേടിയാണ് … വീട്ടില്‍ എത്തുന്നത്‌ വരെ വീട്ടുകാര്‍ക്കും ഇല്ല സമാധാനം. ആലപ്പുഴ ബൈ പാസ് ഈ ജന്മത്തു ശരിയാവും എന്ന പ്രതീക്ഷ നശിച്ചു. ഉള്ള റോഡുകള്‍ എങ്കിലും നേരെ ചൊവ്വേ ഉള്ളതായിരുന്നെങ്കില്‍ ! ട്രാഫിക് സിനിമ കണ്ടു കുറെ പേര്‍ ചോദിക്കുന്ന കേട്ടു, ഇതിലെന്താ ഇത്രയ്ക്ക് ! ശ്രീനിവാസന്‍ ഒരു വണ്ടി എറണാകുളത്തു നിന്ന് പാലക്കാടു വരെ ഓടിക്കുന്നു, അതിത്ര വല്യ കാര്യമാണോ എന്ന് ! ആ ബുദ്ധിമുട്ട് അറിയാത്ത ഒത്തിരി ആളുകള്‍ നമ്മുടെ നാട്ടില്‍ ഉണ്ടല്ലോ എന്ന് അതിശയിച്ചു പോയി ! ഒരു പ്രാവശ്യം, ഒറ്റയ്ക്കൊരു പ്രാവശ്യം തിരുവനന്തപുരത്ത് നിന്ന് എറണാകുളം വരെയോ പാലക്കാടുനിന്നു എറണാകുളം വരെയോ ഒന്ന് വണ്ടി ഓടിച്ച്ചവര്‍ ആരും ആ സിനിമയെ കുറ്റം പറയില്ല .
    “America has good roads not because America is developed country, America is a developed country because america has good roads.” ഇങ്ങനെ ഏതോ ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ പരസ്യം കണ്ടതാണ് …

  12. ലിപി പറഞ്ഞത് ശെരിയാ… വണ്ടി ഓടിക്കാന്‍ തന്നെ പേടിയാണ്… വണ്ടി ഓടിക്കുന്ന ആളെ കൂടി പേടിപ്പെടുതും ഞാന്‍ പലപ്പോഴും…എന്ത് ചെയ്താല്‍ ആണ് നമ്മുടെ സര്‍ക്കാരിനു ബോധം ഉണ്ടാകുക….എല്ലാ മന്ത്രിമാരും പല വട്ടം വിദേശയാത്ര ഒക്കെ നടത്തിയിരിക്കുമല്ലോ… അവരൊക്കെ കാണുന്നില്ലേ..മറ്റു രാജ്യങ്ങളിലെ റോഡുകള്‍? നമ്മുക്കും അതിന്റെ അടുത്തെങ്കിലും എത്തണം എന്ന ഒരു തോന്നല്‍ ഇതുവരെ തോന്നിയിട്ടില്ല എന്നത് അത്ഭുതം തന്നെ!!

  13. ഇതിനൊക്കെയിടയ്ക്കാണ് എവിടെയെങ്കിലും ഒരു നല്ല റോഡ് കണ്ടാൽ ബി എസ് എൻ എൽ കാരും വാട്ടർ അതോറിറ്റിക്കാരും കിളയ്ക്കാൻ ഇറങ്ങുന്നത്.നല്ല റോഡുണ്ടായത് കാണുന്നതേ ഇവർക്ക് അലർജിയാണ്.

  14. ഹാ, മഴ! ഹാ ചെളിവെള്ളം കെട്ടിക്കിടക്കുന്ന കുണ്ടും കുഴിയുമുള്ള റോഡുകള്‍, ഹാ വഴിയിലെ പോലീസുകാരന്‍…ഗൃഹാതുരത്വം ഇളക്കിമറിക്കുന്ന ദൃശ്യങ്ങള്‍!

    നിരക്ഷരന്റെ പോലീസ് ഡയറി ഏറെ രസിച്ചു. ഞാന്‍ ഒരു കാര്യം ഉറപ്പിച്ചിട്ടുണ്ട്: നാട്ടില്‍ ഒരിക്കലും വണ്ടിയോടിക്കില്ല – സൈക്കിള്‍ പോലും. പിന്നൊന്ന് മഴക്കാലത്തും ശബരിമല സീസണിലും നാട്ടില്‍ പോകില്ലെന്നും.

  15. ആ എസ് ഐ യുടെ കൈയ്യില്‍ നിന്നും മുട്ടന്‍ ഇടി വാങ്ങിയ ഭാഗം മാത്രം ഒഴിവാക്കി അല്ലേ മനോജേട്ടാ !

    പോസ്റ്റ്‌ വളരെ നന്നായിരിക്കുന്നു. ഞാനും പ്രതിഷേധിക്കുന്നു!

  16. ഓ..എറണാകുളത്തും ഇത് പോലൊക്കെത്തന്നെയാണോ?
    ഞാന്‍ വിചാരിച്ചത് ഇതൊക്കെ ഞങ്ങളുടെ സ്ഥലത്തെ മാത്രം പ്രശ്നമാണെന്നാ..
    തലശേരിയിലെക്കുള്ള പ്രൈവറ്റ് ബസ്സുകള്‍ ഓട്ടം നിര്‍ത്തി പ്രതിഷേധിച്ചിരിപ്പാണ്.
    ഇന്നലെ പുറത്ത് പോയി വന്നപ്പോള്‍ നടു ഉളുക്കിയ പോലെയായി.പാവം ഓട്ടോ ഡ്രൈവര്‍മാരെ ഓര്‍ത്ത് സങ്കടം തോന്നി.ഒരു തവണ പോയി വരുമ്പോഴേക്കും എനിക്കിത്ര ബുദ്ധിമുട്ട് അനുഭവപ്പെട്ടെങ്കില്‍ രാവിലെ മുതല്‍ വൈകിട്ട് വരെ റോഡില്‍ കൂടെ തലങ്ങും വിലങ്ങും ഓടുന്ന അവരുടെ അവസ്ഥ എന്തായിരിക്കും?

  17. എഴുത്തും വായനയുമറിയാത്ത ഒരു പാവമല്ലേയെന്നു കരുതി എസ്. ഐ വെറുതേ വിട്ടതാവും :)

    എന്തായായും കാര്യം പറഞ്ഞാല്‍ കേള്‍ക്കാന്‍ മനസ്സുള്ള ഒരു എസ്.ഐയെ കാണാന്‍ പറ്റിയ നിരക്ഷരന്‍ ഭാഗ്യവാന്‍ തന്നെ.

  18. നിരക്ഷരന്‍ ഭായ്, റോഡ്‌ പൊളിയുന്നതിന്റെ കാരണം ലളിതം ആണ്..നല്ല,പൊളിയാത്ത റോഡ്‌ ഉണ്ടാക്കിയിട്ട് വേണം പാവപ്പെട്ട കൊണ്ട്രാക്ടര്‍ പട്ടിണി കിടക്കാന്‍..റോഡ്‌ പൊളിഞ്ഞാല്‍ അല്ലെ വീണ്ടും വീണ്ടും ടെന്ടെര്‍ ഉറപ്പിച്ചു പണി നടത്താന്‍..പുതിയ റോഡുകള്‍ ഉണ്ടാവുന്നില്ല…അപ്പോള്‍ ഉള്ള റോഡുകള്‍ അല്ലേ നന്നാക്കാന്‍ പറ്റൂ??ഇതാണ് ഇതിന്റെ ഉള്ളിലെ ചുറ്റിക്കളി എന്ന് തോന്നുന്നു..ഇത് നമ്മുടെ വിധി..

  19. ഞാന്‍ കാര്‍ ഓടിച്ചുപോകുമ്പോള്‍ ആലപ്പുഴ വച്ച്‌ NH-47 ട്രാഫിക്‌ പോലീസ്‌ തടഞ്ഞു -
    വണ്ടി അരികിലേക്ക്‌ ഇടാന്‍ പറഞ്ഞപ്പോഴാണ്‌ സീറ്റ്‌ ബെല്‍ട്ട്‌ ഇല്ലാത്തതിന്റെ പിഴ അടപ്പിക്കാനാണ്‌ എന്ന് മനസ്സിലായത്‌ -
    പിഴ രസീതും മടക്കി പോക്കറ്റിലിട്ട്‌ സീറ്റ്ബെല്‍റ്റ്‌ അണിയാന്‍ തുനിഞ്ഞപ്പോള്‍ രസീതു തന്ന പോലീസുകാരന്‍ പറയുകയാണ്‌ -
    “ഇനി ഇത്‌ ഇട്ടില്ലെങ്കിലും കുഴപ്പം ഇല്ല – ഇന്നേ ദിവസത്തേക്ക്‌ ഈ രസീത്‌ കാണിച്ചാല്‍ മതി” .
    എന്റെ സംശയം:-
    ഒരു കുറ്റവും അതിനുള്ള ശിക്ഷയും കഴിഞ്ഞ്‌ അന്നേ ദിവസം ഇതേ കുറ്റം എത്ര തവണ വേണമെങ്കിലും ആവര്‍ത്തിക്കാമോ? രസീത്‌ കാണിച്ചാല്‍ കുറ്റവിമുക്തമാവുമോ?

  20. വെള്ളാനകളുടെ നാട് നന്നാവൂല മാഷെ. നഗരങ്ങളിലെ റോഡിന്റെ അവസ്ഥ ഇതാണെങ്കില്‍ ഗ്രാമങ്ങളിലെത് വളരെ മോശമാണ്. തൃശൂര്‍ ജില്ലയില്‍ ജപ്പാന്‍ കുടിവെള്ളപൈപ്പിടാന്‍ റോഡ് വെട്ടിപ്പൊളിച്ചിട്ടിരുന്നത് കഴിഞ്ഞ തവണ ഇതേ സമയത്ത് നാട്ടിലുണ്ടായിരുന്ന്പ്പോള്‍ കണ്ടിരുന്നു. (അഷ്ടമിച്ചിറ മുതല്‍ മാള-നെയ്തക്കുടി-കൊമ്പത്തുകടവ്-പുല്ലൂറ്റ് കെ.കെ.ടി.എം.കോളേജ് വരെയും പിന്നെ കൊടുങ്ങല്ലൂര്‍ ചന്തപ്പുര മുതല്‍ പടിഞ്ഞാറോട്ട് തിരുവള്ളൂര്‍ റോഡ് മുഴുവന്‍ വലിയ പൈപ്പുകള്‍ ഇടാന്‍ വേണ്ടി വെട്ടിപ്പൊളിച്ച് മൂടിയപ്പോള്‍ ബാക്കിയായത് 1.5 മീറ്റര്‍ വീതിയിലുള്ള ടാറിംഗ്! ഒന്നു രണ്ട് തവണ രാത്രി ഈ വഴികളില്‍ വഴിമാറിപ്പോയി. (ഇപ്പോളെങ്ങിനെയാണാവോ?).

  21. ജനങ്ങൾക്ക് ആവശ്യമില്ല…അത് കൊണ്ട് ഈ വ്യവസ്ഥിതി മാറുന്നില്ല…കുണ്ടും കുഴിയുമായ റോഡിലൂടെ എന്നും സർക്കാരിനെ ശപിച്ച് കൊണ്ട് വണ്ടിയോടിക്കും…ഒന്നോ രണ്ടോ പേർ ഇത് പോലെ എതിരെ നിൽക്കും…ബാക്കിയുള്ളവർ കഴ്സിൽ മാത്രം ഒതുക്കും…

    ഒരു ജനത അർഹിക്കുന്നതെ അവർക്ക് ലഭിക്കൂ…പോലീസും മന്ത്രിയും കോടതിയും കണ്ട്രാക്കും ഒക്കെ ഉണ്ടായി വരുന്നത് ജനൻഗ്ഗളിൽ നിന്നു തന്നെയല്ലേ….

  22. മനോജ്…പ്രതിഷേധിച്ച രീതിക്ക് പ്രത്യേക അഭിനന്ദനങ്ങൾ.കാരണം ഏതാണ്ട് ഈ രീതിയിലുള്ള പ്രതിഷേധ മുറ ഒരിക്കൽ ഞാനും ഒന്ന് പരീക്ഷിച്ചുനോക്കിയതാണ്. പക്ഷെ പോലീസുകാരുടെ പൂരപ്പാട്ട് കേട്ട് ചെവിയടച്ചതു മിച്ചം.. കേരളത്തിലെ ജനം, പ്രത്യേകിച്ച് യുവാക്കൾ, ഒഴുക്കിലെ പൊങ്ങുതടി പോലെ ജീവിച്ചുതീർക്കുന്ന ഈ കാലത്ത്, ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങൾ അങ്ങനെതന്നെ നിലനിൽക്കും.രാഷ്ട്രീയ സംഘടനകളുടെ കീറക്കൊടിക്കുകീഴിൽ അണിനിരക്കുന്ന ഒരു വിഭാഗത്തിനാണെങ്കിൽ, നാടിന്റെ വികസനകാര്യങ്ങളേക്കാൾ താത്പര്യം,ജനജീവിതം ദുസ്സഹമാക്കുന്ന ബന്തുകളൂം,ഹർത്താലും വിജയിപ്പിക്കുന്നതിലാണ്.ഇതിനിടയിൽ എല്ലാ രീതിയിലും നട്ടം തിരിയുന്ന ജനം അരെയാണ് ആശ്രയിക്കുക….? ആരുമില്ല എന്നതു തന്നെ ഉത്തരം…നമ്മുടെ നാടിന്റെ ഈ ആവസ്ഥയെക്കുറിച്ച് അല്പമെങ്കിലും ആശങ്കപ്പെടുന്നത് മറുനാടുകളിൽ ജീവിതം വളരെ കഷ്ടപ്പെട്ടുതന്നെ ജീവിച്ചുതീർക്കുന്ന ഒരു പറ്റം പ്രവാസികളാണ്.കാരണം സ്വർഗ്ഗതുല്യമായിരുന്ന നാടിനെയും,പഴയകാല ഓർമ്മകളെയും മനസ്സിൽ മാത്രം കൊണ്ടുനടന്ന് ആസ്വദിക്കുവാൻമാത്രം വിധിക്കപ്പെട്ടവനാണല്ലോ അവൻ.ആ പഴയ നാടിനെ സ്വപ്നം കണ്ട് തിരികെയെത്തുന്ന മലയാളിയുടെ മനസ്സിലുണ്ടാകുന്ന വികാരങ്ങൾ വളരെ നന്നായിത്തന്നെ മനോജ് അവതരിപ്പിച്ചിരിക്കുന്നു..എല്ലാ വിധ പിന്തുണകളും…….ആശംസകൾ..

  23. “25 കിലോമീറ്ററിലധികം ദൈർഘ്യമുള്ള റോഡ് വളരെ മനോഹരമായാണ് അന്ന് പുതുക്കിപ്പണിഞ്ഞത്. റോഡിൽ പലയിടത്തും മഴക്കാലത്ത് സ്ഥിരമായി വെള്ളക്കെട്ടുണ്ടാകുന്ന ഇടങ്ങളുണ്ട്. ഇപ്പോഴും മഴക്കാലത്ത് ആ ഭാഗമൊക്കെ വെള്ളത്തിനടിയിലാകും. എന്നിട്ടും റോഡ് ഇതുവരെ പൊട്ടിയിട്ടില്ല.”

    ഇതു പോലെ തന്നെ ആലുവാ-പെരുമ്പാവൂർ പ്രിവറ്റ് റോഡ്. ആദ്യത്തെ റബറൈസ്ഡ് റോഡുകൾ വരുന്ന കൂട്ടത്തിൽ ടാർ ചെയ്തതായിരുന്നൂ. ഒരു 10 കൊല്ലം മുൻപു. ആ റോഡ് ഇതു കഴിഞ്ഞ വർഷം വരെ ഒരു കുഴപ്പവുമുണ്ടായില്ല , ഒരു കുഴപ്പവുമില്ലാത്തെ ആ റോഡ്, വെറുതെ കഴിഞ്ഞ കൊലം റീടാർ ചെയ്തു. എന്തിന്നാനറിയില്ല!! അതു ഈ മഴയത്ത് പോളിഞ്ഞ് നാശമായി കിടക്കുന്നൂ.

  24. നിരക്ഷര്‍ ഭായ് ചുരുക്കം പറഞ്ഞാല്‍ പഴയ കാരണവന്മാരെ പോലെ ഞങ്ങള് ചെയ്യാനുള്ളതൊന്നും ഞങ്ങള് ചെയ്യില്ല എന്നാല്‍ ഞങ്ങള് പറയണതൊക്കെ നിങ്ങള് ചെയുകയും വേണം എന്നാ ലൈന്‍ അല്ലെ . പിന്നെ പണ്ടൊരിക്കെ എന്നെ നമ്മട ഓള്‍ഡ്‌ തേവര റോഡിലെ അജന്ത ബാറില്‍ നിന്നും മദ്യപിച്ചു ബയ്കില്‍ പുറത്തു വരുമ്പോ ഗെയ്റ്റില്‍ കാത്തു നിന്നിരുന്ന പോലീസു പൊക്കി .അവിടുന്ന് കഷ്ടി 200 മിറെരെ ഉള്ളു വീട്ടിലേക്കു ഒരു ഓരം പിടിച്ചു മെല്ലെ പോകാം എന്ന് കരുതിയതാണ് . .എന്തായാലും തെറ്റ് നമ്മുടേത്‌ തന്നെ അതിനെ ന്യായീകരിക്കുന്നില്ല . എറണാകുളത്തെ മറ്റു ബാറിന്റെ നേരെ മുന്നിലൊന്നും ചെക്കിംഗ് ഉണ്ടാവാറില്ല അവര് വേണ്ട പോലെ ഏമാന്‍ മാരെ കാണുന്നുണ്ടായിരിക്കും. പക്ഷെ കോടതിയില്‍ കേസ് വരാന്‍ നേരം എഫ് .ഐ .ആറിന്റെ കോപ്പി ഒന്ന് വായിച്ചു അന്ന് ചിരിച്ചത് പോലെ പിന്നീടു ഉണ്ടായിട്ടില്ല .മദ്യപിച്ചു മദോന്‍മത്തനായി വാഹനം റോഡിന്റെ തലങ്ങും വിലങ്ങും ഓടിക്കുകയും അശ്ളീല പദങ്ങള്‍ ഉപയോഗിക്കുകയും തടഞ്ഞു നിര്‍ത്തിയ പോലീസിനോട് തട്ടി കയറുകയും…… അപ്പൊ എന്താ പോലിസുകാരാ മദ്യപിച്ചു വാഹനം ഓടിച്ചു എന്ന് മാത്രം എഴുതിയാല്‍ കോടതിയില്‍ കയറ്റൂലെ . എഫ് ഐ ആറിന്റെ കോപ്പി വീട്ടിലെങ്ങാനും കിട്ടിയിരുന്നെങ്ങില്‍ പെറ്റമ്മ പൊറുക്കില്ല .പിന്നെ ബാറിലേക്കുള്ള യാത്ര സൈകിളില്‍ ആക്കി .മദ്യപിച്ചു സൈകിള്‍ ചവിട്ടുന്നത് തെറ്റല്ലല്ലോ അല്ലെ

  25. ഹെല്‍മറ്റ് ഇടാത്തവനേയും സീറ്റ് ബല്‍റ്റ് ഇടാത്തവനേയും പിടിച്ച് പിഴയടിക്കുന്നതിന് മുന്നേ, റോഡുകള്‍ നന്നാക്കണം. അവിടവിടെ ഒറ്റപ്പെട്ട ഒന്നോ രണ്ടോ കുഴികളൊക്കെ ഞങ്ങളങ്ങ് സഹിച്ചോളാം. പക്ഷെ ഇതുപോലെ താറുമാറായിക്കിടക്കുന്ന റോഡില്‍ വണ്ടി ഓടിക്കുന്നതിന് 15 വര്‍ഷത്തെ ടാക്സ് ഒറ്റയടിക്ക് നല്‍കുന്ന ജനങ്ങളെ, അവരുടെ സുരക്ഷയ്ക്കെന്ന പേരില്‍, പിഴയെന്ന ഓമനപ്പേരിട്ട് പിടിച്ചുപറി നടത്തരുത്.

    ഇതൊക്കെ ആരോടാണു പറയേണ്ടത്. ഇതിനൊക്കെയായി ഒരു പൊതുതാല്പര്യ ഹര്‍ജ്ജി കോടതിയില്‍ കൊടുക്കാന്‍ പറ്റില്ലെ. ടാക്സും പിഴയും മറ്റും ഈടാക്കുന്ന സര്‍ക്കാരു തന്നെയാണ് അപകടത്തില്‍പ്പെടുന്നവരുടെ ചികിത്സാ ചെലവും ഏറ്റടെയുക്കേണ്ടതെന്നത് ശരിയാണ്.

    മനോജേട്ടന്‍ കാണിച്ച ധൈര്യം എല്ലാവരും കാണിച്ചുതുടങ്ങിയാല്‍ ചിലപ്പോള്‍ ഇതൊക്കെ അധികാരികളുടെ ശ്രദ്ധയില്‍ പെട്ടേക്കാം.

    ഒരു സുരേഷ്ഗോപി സിനിമ കാണുന്ന ട്യൂണിലാണ് ഇതു വായിച്ചു തീര്‍ത്തത്.

  26. എനിക്കു തോന്നിയ ഒരു കാര്യം,ആ എസ് ഐ തികച്ചും മാന്യന്‍ തന്നെ.അല്ലെങ്കില്‍ ഇങ്ങിനെയാവുമായിരുന്നില്ലല്ലോ പ്രതികരണം.(സംഭവം സത്യം തന്നെയാണല്ലോ അല്ലേ?)
    പിന്നെ റോഡിന്റെ കാര്യം.റോഡു പണി ( പൊതുവായ എല്ലാ പണികളും) നടക്കുമ്പോള്‍ ഉപയോഗിക്കേണ്ട സാധനങ്ങളുടെ അളവും ഗുണമേന്മയും പണി നടത്തുന്ന രീതിയും മറ്റും നിരീക്ഷിക്കുന്നതിനായി ഒരു ജനകീയ സമിതി ഉണ്ടെങ്കില്‍ ഒരു പക്ഷേ മാറ്റമുണ്ടായേക്കും. (പക്ഷേ അതിനൊക്കെ ആര്‍ക്കാണിവിടെ സമയവും സൌകര്യവും???? എനിക്കില്ലേ…..)

  27. @ പാവത്താൻ – സംഭവം സത്യം സത്യം സത്യം. ഇതേ എസ്.ഐ. അതിനടുത്ത ആഴ്ച്ച വെള്ളമടിച്ചിട്ടുണ്ടോന്ന് നോക്കാനായി ഹൈക്കോർട്ടിന്റെ പരിസരത്ത് വെച്ച് വീണ്ടും പിടികൂടി :) ഞങ്ങളിപ്പ വല്യ കമ്പനിയാ…

  28. ഒറ്റയ്ക്കൊരാളുടെ പ്രതിഷേധം ഇങ്ങനെയൊക്കെയല്ലേ അവസാനിക്കൂ . പിന്നീടു വന്ന് പിഴയൊടുക്കിയവരൊക്കെ ഇതിനു തയ്യാറായിരുന്നെങ്കിൽ … അതിനൊക്കെ എവിടെ സമയം . ആരും ആർക്കുവേണ്ടിയും കാത്തു നിൽക്കില്ലല്ലോ .
    നമ്മുടെ റോഡ് പൊന്മുട്ടയിടുന്ന താറാവല്ലേ കോണ്ട്രാക്ടർമാർക്കും ഉദ്യോഗസ്ഥർക്കും ! ഈ മെട്രോ റെയിലെങ്ങാനും ഇവിടെ വരുമോ ആവോ .
    നാട്ടിലൊക്കെ റോഡിലെ കുഴികളിൽ വാഴനട്ടു പ്രതിഷേധിക്കുന്ന പരിപാടിയുണ്ടാവാറുണ്ട് . ഈ കുഴികളിൽ ആൽ മരം പിഴുതു വെക്കേണ്ടി വരും !

  29. കൊള്ളാം മാഷെ .. :)
    ഞാന്‍ സ്ഥിരം ചിന്തിക്കുന്ന കാര്യം ആണിത് .. നമ്മടെ എറണാകുളത്തിന്റെ കാര്യം തികച്ചും ശോചനീയം തന്നെ .. കുഴി ഇല്ലാത്ത റോഡുകള്‍ ഒരെണ്ണം പോലും ഇല്ല ..
    ഒരു ആയിരം രൂപയുടെ എലെക്രോനിക് ഉപകരണം വാങ്ങിയാല്‍ പോലും അതിനു ഗാരണ്ടി ഉണ്ട് .. ലക്ഷങ്ങള്‍ മുടക്കി നിര്‍മിക്കുന്ന റോഡുകള്‍ക്ക് അങ്ങിനെ ഒരു ഗാരണ്ടി നിര്‍ബന്ധിതം ആക്കെണ്ടാതല്ലേ ?

  30. വായിച്ച് അഭിപ്രായം അറിയിച്ചവർക്കെല്ലാം നന്ദി.

    ഈ വിഷയം എന്റെ ഗൂഗിൾ ബസ്സിൽ നിന്ന് ഷെയർ ചെയ്യപ്പെട്ട് മറ്റൊടത്ത് ചർച്ചയായത് കണ്ടു. ബസ്സ് ഷെയർ ചെയ്യുന്നവർ കമന്റ് ഡിസേബിൾ ചെയ്തിരുന്നെങ്കിൽ ചർച്ചകൾ, (അതല്ല എന്നെ തെറി വിളിക്കാനുണ്ടെങ്കിൽ അതൊക്കെയും) ഇവിടെത്തന്നെ ആക്കാൻ സാധിക്കുമായിരുന്നു. മറ്റൊരിടത്ത് ഈ പോസ്റ്റിന്റെ ചർച്ച നടക്കുന്നുണ്ടെന്ന് ഒരാൾ പറഞ്ഞതുകൊണ്ടാണ് അറിഞ്ഞത്. എല്ലായിടത്തും സ്വയം പോയി നോക്കി കണ്ടുപിടിക്കുക എളുപ്പമല്ലല്ലോ ? എന്തായാലും എല്ലായിടത്തും പോയി മറുപടി പറയാൻ ഉദ്ദേശിക്കുന്നില്ല. സദുദ്ദേശത്തോടെ ചെയ്ത ഒരു കാര്യം പങ്കുവെച്ചെന്ന് മാത്രം. എങ്ങനെ വേണമെങ്കിലും എടുക്കാം.

    ഹെൽമറ്റ് വെച്ചും സീറ്റ് ബൽറ്റ് ഇട്ടുമാണ് വാഹനം ഓടിക്കാറ് പതിവ്. പക്ഷെ ഒരിക്കൽ ഒരു പ്രാവശ്യം ഇങ്ങനൊരു ചിന്ത വന്നുപോയതുകൊണ്ട് കുറച്ച് നാൾ സീറ്റ് ബൽറ്റ് ഇടാതെ ഓടിച്ചെന്ന് മാത്രം. അതുകൊണ്ട് ഉദ്ദേശിച്ച ഫലം കിട്ടിയതുമില്ല. പൊതുതാൽ‌പ്പര്യ ഹർജി എന്നൊന്ന് കേട്ടിട്ടില്ലേ/ആകാമായിരുന്നില്ലേ ? എന്ന് ചോദിക്കുന്നവരോട്…. അതിന് ചിലവുണ്ടല്ലോ ? ഇതിനൊരു ചിലവ് ഇല്ലതാനും. അങ്ങനെ എത്രയോ കാര്യങ്ങൾ നമുക്കൊക്കെ മുന്നിലുണ്ട് പൊതുതാൽ‌പ്പര്യ ഹർജിക്ക് വിഷയമാക്കാൻ പറ്റിയത്. തൽക്കാലം നവാബ് രാജേന്ദ്രൻ ആകാൻ ഉദ്ദേശിക്കുന്നില്ല. സീറ്റ് ബൽട്ട് ഇടാത്തതുകൊണ്ട് നേരിട്ട് ബാധിക്കുന്ന അവസ്ഥയിൽ ഒരു ചിലവുമില്ലാതെ കോടതിയിൽ പോയി കാര്യം പറയാനാകുമല്ലോ എന്ന വഴിക്കാണ് ചിന്തിച്ചത്. മറ്റുള്ളവർ ചിന്തിക്കുന്നത് പോലെ ഞാൻ ചിന്തിക്കണമെന്നില്ലല്ലോ.

    തൽക്കാലം ഇവിടെ ഫൈൻ അടക്കുക, എന്നിട്ട് കോടതിയിൽ പോയി തനിക്ക് പറയാനുള്ള കാര്യങ്ങൾ പറഞ്ഞോളൂ എന്ന് എസ്.ഐ. സാർ നിർദ്ദേശിച്ചതാണ്. അതെനിക്ക് പണച്ചിലവല്ലേ ? മാത്രമല്ല പിഴ അടച്ചുകഴിഞ്ഞാൽ ഞാൻ ഈ ചെയ്ത കുറ്റം സമ്മതിച്ചുകഴിഞ്ഞല്ലോ എന്ന് മറുപടി കൊടുക്കുകയും ചെയ്തിരുന്നു. മുക്കാൽ മണിക്കൂറോളം ഉണ്ടായ സംസാരമാണ് വെട്ടിച്ചുരുക്കി എഴുതിയത്. അതേതായാലും രഞ്ജി പണിക്കരുടെ സംഭാഷണത്തിന്റെ നിലവാരം (താഴ്ന്നതായാലും ഉയർന്നതായാലും) പുലർത്തി എന്നൂടെ കേട്ടപ്പോൾ പെരുത്ത് സന്തോഷായി :) പൊലീസുകാരൻ പരമ മര്യാദക്കാരനായതാണ് ഇവിടെ പ്രശ്നമായത്. രണ്ടെണ്ണം പൊട്ടിച്ച് വിട്ടിരുന്നെങ്കിൽ ഇങ്ങനൊന്ന് എഴുതാൻ തന്നെ ഞാൻ പോകില്ലായിരുന്നല്ലോ :) :)

    ബസ്സിലുള്ളവർക്കായി ഈ കാര്യം അവിടെയും പറഞ്ഞതിനുശേഷം അവിടത്തെ കമന്റ് ബോക്സ് അടച്ചിരിക്കുകയാണ്. ബ്ലോഗിലെ ഈ കമന്റുറ തുറന്ന് തന്നെ കിടക്കുന്നുണ്ടല്ലോ. ചർച്ച ഇവിടെയാകാം.

  31. കോടതീല്‍ പോകാതിരുന്നത് നന്നായി !! അത് ഇതിനേക്കാള്‍ വലിയ നരകമാണ്.പൌരനും അവന്റെ സമയത്തിനും വിലയില്ലാത്ത സ്ഥലം. കന്നുകാലികളെ കെട്ടിയിട്ടതുപോലെ പൌരന്മാരെ കയറില്ലാതെ കെട്ടിയിട്ടു ദ്രോഹിക്കുന്ന ജനാധിപത്യവിരുദ്ധ സംവിധാനം ! ജനങ്ങളെല്ലാം കുറ്റവാളികളാണെന്ന് വിശ്വസിക്കുന്ന വ്യവസ്ഥിതി ഭരണപ്പണി എളുപ്പമുള്ള കന്നുകാലി മെയ്ക്കലാക്കുന്നുണ്ട്.

    റോഡ് പണി നടത്തുമ്പോള്‍ ആവശ്യത്തിനു ടാര്‍ ഉപയോഗിച്ചാല്‍ തന്നെ റോഡ് കേടുവരാതെ വര്‍ഷങ്ങള്‍ ഈടു നില്‍ക്കും. രാഷ്ട്രീയ കമ്മീഷന്‍ ഏജന്റുമാരുടേയും,ഉദ്ദ്യോഗസ്തരുടേയും,കോണ്ണ്ട്രാക്റ്റര്‍മാരുടേയും വരുമാനം മുടങ്ങിപ്പോകും എന്നതിനാല്‍ വേഗം റോഡ് കേടുവരാനുള്ള സാങ്കേതികവിദ്യയാണ് ടാര്‍ ഉപയോഗം കുറക്കല്‍. ഫലത്തില്‍ പ്രകൃതിവിഭവങ്ങാളായ മെറ്റലും, മണലും, നമ്മുടെ ഓടകളിലും പുഴകളിലും അരച്ച് ഒഴുക്കുന്ന പരിപാടിയായിരിക്കുന്നു റോഡ് നിര്‍മ്മാണം.

  32. പ്രതികരണം അത് പഴിചാരലുകളില്‍ അവസാനിക്കമ്പോഴാണ്….പ്രശ്​നം അതുപോലെ നിലനില്‍ക്കുന്നത്… ഇതുവരെയും നമ്മുടെ നാട്ടില്‍ ആരും പ്രശ്നപരിഹാരത്തിന് മിനക്കെടാറില്ല.. ഈ ഞാനുള്‍പ്പെടെ .. അതുചെയ്യാനായി മറ്റുപലറും ഉണ്ടാകും എന്ന ചിന്തയാണല്ലോ… എല്ലാവരിലും ആരും ഒന്നും ഒരിക്കലും …ചെയ്യുന്നില്ല… ചര്‍ച്ചകളിലും … വാര്‍ത്തകളിലും എന്നും ഫ്രശ്നങ്ങള്‍ അവസാനിക്കുന്നു… അടുത്തൊരു പ്രതികരണ വാര്‍ത്ത വരുന്നതുവരെ….

  33. കോടികള്‍ മുടക്കി വിഴിഞ്ഞം പൂവാര്‍ റോഡ് സര്‍ക്കാര്‍ ടാര്‍ ചെയ്തു. വെറും ടാറിടല്‍ അല്ല, എന്തൊക്കെയോ വലിയ വലിയ സംഭവങ്ങള്‍ കൊണ്ടുവന്ന് പ്രത്യേക രീതിയിലാണ് ചെയ്തത്. കണ്ടെയ്നര്‍ ടെര്‍മിനല്‍ വരുന്നതിന്റെ മുന്നോടിയാണ്. ഒരാഴ്ച കഴിഞ്ഞില്ല റോഡ് ഇടിഞ്ഞ് റോഡ് പണിക്കാരുടെ ടിപ്പറും ഒരു ബൈക്കും താഴെ. ജോലിയും കഴിഞ്ഞ് എത്രയു പെട്ടെന്ന് വീടെത്താന്‍ പുതിയ റോഡിലൂടെ സാമാന്യം നല്ല വേഗതയില്‍ വന്ന ഞങ്ങള്‍ കാണുന്ന കാഴ്ച ഇതാണ്.
    ഒരു ടിപ്പര്‍ കയറിയാല്‍ ഇടിയുന്ന ഈ റോഡാണ് ടണ്‍കണക്കിന് ഭാരവുമായ് പോകുന്ന കണ്ടെയ്നര്‍ ലോറികള്‍ക്കായ് ഒരുക്കിവച്ചിരിക്കുന്നത്. മനുഷ്യജീവനുകള്‍ക്ക് വിലയില്ലാതായാല്‍ ജനാധിപത്യമായാലും രാജാവു ഭരിച്ചാലും എല്ലാം കണക്കു തന്നെ. കോരന് കഞ്ഞി എന്നും കുമ്പിളിലാണ്

  34. അങ്ങനെ സംഭവിച്ചാൽ അതുകൊണ്ട് ഭരണകൂടത്തിനോ കോടതിക്കോ നഷ്ടമൊന്നും ഇല്ലല്ലോ ? പിന്നെന്തിനാണ് ഈ രണ്ട് നിയമങ്ങൾ ? അവനവന് വേണ്ടെങ്കിൽ അവനവന്റെ കുടുംബത്തിന് വേണ്ടെങ്കിൽ പിന്നെ ഇതൊക്കെ ഉപയോഗിക്കണമെന്ന് ബലം പിടിക്കുന്നത് എന്തിനാണ്. ഇപ്പറഞ്ഞ നിയമങ്ങൾ ലംഘിച്ചതിന്റെ പേരിൽ വാഹന ഉടമകളുടെ കൈയ്യിൽ നിന്നും പണം പിടുങ്ങുക എന്നത് മാത്രമല്ലേ ലക്ഷ്യം ?

  35. ഹെൽമെറ്റ് ധരിച്ച് വണ്ടിയോടിക്കാൻ കഴിയാത്തതിനാൽ (ഇതുപോലൊരു അസ്വസ്ഥത വേറെയില്ല. പുറകിൽ നടക്കുന്നതൊന്നും അറിയുകയുമില്ല) ബൈക്ക് ഓടിപ്പ് നിർത്തി അന്യന്റെ ലിഫ്റ്റിനെയും ബസുകളെയും പ്രണയിക്കുന്ന ഒരാളാണ് ഞാൻ! കാറിൽ വേണമെങ്കിൽ സീറ്റ് ബെൽറ്റിട്ടിരിക്കാം.പക്ഷെ ഹെൽമെറ്റ് പ്രയാസം തന്നെ. മാത്രവുമല്ല എന്റെ പറട്ട തലയ്ക്ക് ഒരു ഹെൽമെറ്റും പാകമാകുന്നതുമില്ല. ഒരു മാതിരി കുട്ടുവം കമത്തിയ മാതിരി ഇരിക്കും ഞാൻ ഹെൽമെറ്റ് ധരിച്ചാൽ…! ഈ നിയമങ്ങൾക്ക് പിന്നിലുള്ള ഹെൽമെറ്റ് കമ്പനിക്കാരുടെ ഗുണ്ടകൾ ഇതൊന്നും വായിക്കാതിരുന്നാൽ മതിയായിരുന്നു!

  36. ഈ നല്ലൊരു പോസ്റ്റിനും ധീരമായ പ്രവര്‍ത്തിക്കും അഭിനന്ദനങ്ങള്‍. എനിക്ക് തോന്നുന്നു ഇത് വ്യവസ്ഥിതിയുടെ കുഴപ്പമാണെന്ന്. ഇന്നലെ പ്രധാനമന്ത്രിയുടെ TV പ്രസംഗത്തില്‍ പറയുന്നു തൊഴില്‍ ഇല്ലായ്മയാണ് ഏറ്റവും വലിയ പ്രശ്നം എന്ന്. അല്ല പകരം കള്ളപ്പണവും അഴിമതിയും മാത്രമാണ് നമ്മളുടെ പ്രശ്നം എന്ന് തോന്നുന്നു.

    നല്ല പോസ്റ്റിനു നന്ദി

  37. അനാഗതശ്മശ്രു പറഞ്ഞ ഒരു അനുഭവം എനിക്കുമുണ്ടായിട്ടുണ്ട്. ഒരു സുഹൃത്തിന്റെ ബൈക്കില്‍ പോകുകയായിരുന്നു. അവന്‍ ഹെല്‍മെറ്റ് വെച്ചിട്ടുമില്ല. ചെറായി – പറവൂര്‍ റോഡാണ് സംഭവസ്ഥലം. ഇവിടെ കമന്റ് ചെയ്തിരിക്കുന്ന മണീകണ്ഠനും നീരക്ഷരനും സ്ഥലമറിയാം. അത് പറയാന്‍ കാരണം വണ്ടി മറ്റൊരു വഴി തിരിച്ച് വിടാന്‍ പോലും കഴിയാത്ത റോഡാണ്. ഒരു പാടാത്തിന്റെ നടുക്കുകൂടിയുള്ള റോഡ്. പോലീസ് പിടിച്ചു. എന്റെ കൈയിലുണ്ടായിരുന്ന 100 രൂപ കൊടുത്തു. അപ്പോള്‍ കൂട്ടുകാരന്റെ ന്യായമായ ചോദ്യം. സര്‍, അത്യാവശ്യമായി ഒരു സാധനം വാങ്ങുവാനാണ് ഞങ്ങള്‍ ഇപ്പോള്‍ പറവൂര്‍ക്ക് പോകുന്നത്. ഏതാണ്ട് ഒരു അരമണിക്കൂറിനകം തന്നെ തിരികെ വരും. അന്നേരവും എന്റെ തലയില്‍ ഹെല്‍മെറ്റ് കാണില്ല. അപ്പോള്‍ ഒരു 100 കൂടെ തരേണ്ടി വരുമോ..

    പോലീസേമ്മാന്‍ : ഒരിക്കലും ഇല്ല.. ഇന്നേ ദിവസം നിനക്കിനി ഹെല്‍മെറ്റ് വെക്കാതെ എവിടെ വേണമെങ്കിലും പോകാം. ഏതെങ്കിലും പോലീസ് കൈകാണിച്ചാല്‍ ഈ പിഴയടച്ച രസീത് കാണിച്ചാല്‍ മതി എന്ന്.. ചില പാലങ്ങളിലൊക്കെ കോമണ്‍ ടോള്‍ പിരിവുള്ളത് പോലെ.. അപ്പോള്‍ ഇതൊന്നും ജനങ്ങളുടെ നന്മക്കല്ല. മറിച്ച് ഖജനാവ് നിറക്കാന്‍ മാത്രം. എന്നിട്ട് നിറയുന്നുണ്ടോ.. അതെപ്പോഴും കാലിയെന്നാണ് കേള്‍ക്കുന്നതും.

  38. Chetta I am sory, oru karyathil mathram chettanodu yojikkan vayya. Helmetum seat belttum.karanam Pala hospittalilai 3 varsham Critical and triage deptil ayi jolicheitittulla njan orupdu vedanayode manasilakkiya oru karyam, bik accidnt akunna pala teensum series head ninjury kondu marikkunnathu. If they wer were a helmet they may survive. Kure jeevanukal swantham kaiyiloode choornnu pokunnathu kanumbol ariyathe paranjupokum “ninakku oru helmet vachukoode ennu”. n it is proved that many of the death in road trafic accidents(bik) are caused by head injuries because of not wearing a helmet or wear low quality helmet.ATLEAST v CAN reduce the intensity.

  39. @ അനോണി അനിയാ – ഈ ലേഖനത്തിന്റെ വാൽക്കഷണം വായിച്ചില്ലേ ? ദയവായി ഞാൻ എന്താണ് പറയാൻ ശ്രമിക്കുന്നതെന്ന് മനസ്സിലാക്കാൻ ശ്രമിക്കൂ. എല്ലാവരും സീറ്റ് ബൽറ്റും ഹെൽമറ്റും ഉപയോഗിക്കണം എന്ന് തന്നെയാണ് ഞാൻ ആ വാൽക്കഷണത്തിൽ പറഞ്ഞവസാനിപ്പിച്ചത്. പക്ഷെ ഭരണകൂടം ആ പേരും പറഞ്ഞ് പിടിച്ച് പറി നടത്തുന്നത് ജനത്തോടുള്ള സ്നേഹം കൊണ്ടല്ല, ആയിരുന്നെങ്കിൽ റോഡുകൾ കൂടെ നന്നാക്കുമായിരുന്നു. എന്റെ ആ ചിന്ത വായനക്കാരിലേക്കെത്തിക്കാൻ പറ്റാതെ പോയത് അതെന്റെ നിരക്ഷരത്വം കാരണം തന്നെ എന്ന് സങ്കടപൂർവ്വം മനസ്സിലാക്കുന്നു. :(

  40. വളരെ നല്ല പോസ്റ്റ്‌ .. ഇത്രയും നല്ല പോലീസുകാരോ ??? അതും നമ്മുടെ കേരളത്തില്‍ !!!!!!

  41. അതേതാടൊ ഞാനറിയാത്ത പോലീസുകാരു……….? ഉം.പോട്ടെ…..പിന്നെ..കൊച്ചിടെ കാര്യം പറഞ്ഞ്‌ കൂടുതൽ നാറ്റിക്കരുത്‌…..ഒന്നുമില്ലെങ്കിലും നമ്മളൊക്കെ കൊച്ചിക്കാരല്ലേ……….?

  42. കേരളത്തിലെങ്ങും ഇതുതന്നെയാണു മാഷേസ്ഥിതി.
    സത്യത്തില്‍, കേരളത്തിലെ റോഡുകളുടെയും വാഹനങ്ങളുടെയും നിലവാരം അനുസരിച്ച്, സീറ്റ്ബെല്‍റ്റ് ഇടുന്നത് കൂടുതല്‍ അപകടമല്ലേ ഉണ്ടാക്കൂ. വിദേശ ചാനലുകളില്‍ കാനിക്കുന്ന്തു പോലെയുള്ള, എത്ര തലകുത്തി മറിഞ്ഞാലും തകരാത്ത വാഹനങ്ങളിലെ ഡ്രൈവര്‍‌മാര്‍ക്കല്ലേ സീറ്റ് ബെല്‍റ്റ് പ്രയോജനകരം? മറിഞ്ഞാല്‍ പപ്പടം പോലെ പൊടിയുന്ന നമ്മുടെ വാഹനങ്ങളില്‍ അവ അപകടം കൂട്ടുകയല്ലേ ചെയ്യുന്നത്??

  43. @ പുന്നകാടൻ – അൽ‌പ്പം പ്രായമുള്ള എസ്.ഐ. ആണ്. സർവ്വീസിൽ ഇരുന്ന് സീനിയോരിറ്റി വഴി എസ്.ഐ. ആയതുപോലെ ഒരു ഓഫീസർ. എന്തായാലും ഡയ്യറൿറ്റ് എസ്.ഐ. റിക്രൂട്ട്മെന്റ് അല്ല. അൽ‌പ്പസ്വൽ‌പ്പം നരയൊക്കെ ഉള്ളതുകൊണ്ടാണ് ഇങ്ങനെ പറയുന്നത്. (അല്ലെങ്കിൽ‌പ്പിന്നെ എന്നെപ്പോലെ ബാലനര ആയിരിക്കും :) :)… ) ഒരു കൃസ്ത്യൻ പേര് ആണ്. ജോൺസൺഎന്നോ സാമുവൽ എന്നോ ആണെന്നാണ് ഓർമ്മ. പേരും നാളുമൊക്കെ കൃത്യമായി 2 മാസത്തിനുള്ളിൽ അറിയിക്കാം. എന്നെ ഇനീം പിടിക്കുമെന്ന് ഉറപ്പാണ്.

  44. പലപ്പോഴും ആലോചിക്കാറുണ്ട് എന്തായിരിക്കും ഒറ്റമാസം കൊണ്ട് റോഡുകള്‍ ഇങ്ങനെ പൊലിയുന്നത് .വേണ്ടത്ര ടാര്‍ ഉപയോഗിക്കാതതാണോ കാരണം .ടാറിന്റെ ഗുണനിലവാരം കുറഞ്ഞതാവനുംസാധ്യതയില്ലേ ?ഈ വഴിക്ക് ഒരു അന്വേഷണം ആവശ്യമാണ് .അഴിമതിയുണ്ട് എന്നതില്‍ സംശയം ഇല്ല .ഒരു നൂറു മീറ്റര്‍ ടാറിംഗ് നടകുമ്പോള്‍ അതിനു വേണ്ട സാധനങ്ങളുടെ ലിസ്റ്റ് പൊതുവായി പരസ്യപെടുത്തനം.ജനങ്ങള്‍ക് ഇത നോകി ആവശ്യത്തിന് വേണ്ടതെല്ലാം ചെര്‍കുന്നുണ്ടോ എന്ന് നിരീക്ഷികാനുള്ള അവസരം ഉണ്ടാകണം .കാരണം ടാറിംഗ് നടകുമ്പോള്‍ റോഡ്‌ ബ്ലോക്ക്‌ ചെയ്തു അവര്‍ പണി നടത്തുന്നു .ആര്‍ക്കറിയാം രണ്ട്‌ എന്ടിലെയും ടാര്‍ വീപകള്‍കുള്ളില്‍ എന്ത് നടകുന്നു എന്ന് .നൂറു മീറ്റര്‍ ടാര്‍ ചെയ്യാന്‍ വേണ്ട സാധനങ്ങള്‍ എത്രയാണെന്ന് ജനത്തിന് ബോധം വേണം .ഞാന്‍ നോകിയിറ്റ്‌ ഇതേ ഒരു വഴിയുള്ളൂ .എന്തായാലും മഹാബലി തമ്പുരാന് എളുപ്പത്തില്‍ ഇങ്ങു കയരിവരാം …

  45. സംശയം എന്താ ..ഓണം വരുവല്ലേ..മാവേലിക്ക് കടന്നുവരാന്‍ പാതാളത്തിലേക്ക്‌ തുരങ്കം പണിതെക്കാം എന്നു പുതിയ കൊര്‍പ്പറെഷന്റെ തവള പത്രത്തില്‍ ഉണ്ടാരുന്നു കണ്ടില്ല അല്ലെ..?

  46. ലതു കൊള്ളാം , കഴിഞ്ഞ രണ്ടു തവണ നാട്ടില്‍ പോയപ്പോഴും സീറ്റ് ബെല്റ്റ് വകയില്‍ നൂറു വച്ച് ഞാനും കൊടുത്തു.
    ഇങ്ങനെയൊക്കെ സര്‍ക്കാരിനോട് ചോദിക്കണമെന്ന് തോന്നിയിട്ടുമുണ്ട്.
    പിന്നെ പാവം കൊണ്ട്രാക്ടര്മാര്‍ ജീവിച്ചു പോട്ടെ :)
    കാലിക പ്രധാന്യംമുള്ള വിഷയം

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>