വാർത്ത 1:- ഐ.പി.എല്ലില്‍ ചിയര്‍ലീഡേഴ്‌സിന് പകരം ഭക്തിഗാനം വെക്കണമെന്ന് ദിഗ്‌വിജയ് സിങ്ങ്.
കമന്റ് 1 :- വിക്കറ്റിൽ ഗോമാതാക്കളെ മേയാൻ വിടണമെന്ന് പറയാതിരുന്നത് ഭാഗ്യം.
വാർത്ത 2:- വനം നഷ്ടപ്പെടുന്നത് വലിയ കാര്യമൊന്നുമല്ലെന്ന് വൈദ്യുതമന്ത്രി എം.എം. മണി.
കമന്റ് 2:- ഭരണം നഷ്ടപ്പെട്ട് കഴിഞ്ഞാൽപ്പിന്നെ വനം നഷ്ടപ്പെടുന്നത് വലിയ കാര്യമായി മാറും.
വാർത്ത 3:- ഔദ്യോഗിക വസതിയിലേക്ക് യോഗി ആദിത്യനാഥിനൊപ്പം അഞ്ച് പശുക്കളും എത്തുന്നു.
കമന്റ് 3:- പശുക്കളുമായി നിയമസഭയിലേക്ക് എത്തുന്നത് എന്നാണാവോ ?
വാർത്ത 4:- ദിഗ്‌വിജയ് സിങ് ബി.പി.എല്‍ പട്ടികയില്‍.
കമന്റ് 4:- അരീം പഞ്ചസാരേം വാങ്ങാൻ റേഷൻ കടയുടെ മുന്നിൽ നിൽക്കുന്നതും കാണേണ്ടി വരുമോ ?
വാർത്ത 5:- ഇടത് എം.എല്‍.എ.മാര്‍ ആരും ഭൂമാഫിയയ്‌ക്കൊപ്പമില്ലെന്ന് കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍.
കമന്റ് 5:- എസ്. രാജേന്ദ്രന്‍ ഭൂമാഫിയയുടെ ആളാണെന്ന കാര്യത്തില്‍ സംശയമില്ലെന്ന് വി.എസ്. അച്ചുതാനന്ദൻ.
വാർത്ത 6:- സര്‍ക്കാരിനെതിരെ വിദേശ ശക്തികള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് മന്ത്രി ജി.സുധാകരൻ.
കമന്റ് 6:- കാക്കിയിട്ടവരുടേയും മക്കൾക്ക് വേണ്ടി നിരാഹാരം കിടക്കുന്ന അമ്മമാരുടേയും രൂപത്തിലാണ് പ്രധാനമായും ഈ വിദേശശക്തികൾ പ്രവർത്തിക്കുന്നതെന്നും കണ്ടെത്തിയിരിക്കുന്നു.
വാർത്ത 7:- സൗന്ദര്യമില്ലെന്നാരോപിച്ച് നവവധു ഭര്‍ത്താവിനെ അമ്മിക്കല്ലുകൊണ്ടടിച്ചുകൊന്നു.
കമന്റ് 7:- സുന്ദരനാണെങ്കിലും അല്ലെങ്കിലും കല്യാണത്തിന് മുൻപ് ഒരു മിക്സി വാങ്ങുന്നത് നന്നായിരിക്കും.
വാർത്ത 8:- കേരളത്തില്‍ കോണ്‍ഗ്രസ് നേതാക്കളെ ചാക്കിലാക്കാന്‍ ബിജെപി.
കമന്റ് 8:- ഗോമാതാക്കൾക്കുള്ള പിണ്ണാക്ക് കൊണ്ടുവന്ന ചാക്കുകൾക്ക് ക്ഷാമമില്ലല്ലോ.
വാർത്ത 9 :- നടുറോഡില്‍ തിരഞ്ഞെടുപ്പ് കൊട്ടിക്കലാശം കാരണം ദേശീയപാതയില്‍ ഒന്നരമണിക്കൂര്‍ ഗതാഗതസ്തംഭനം.
കമന്റ് 9- ഞങ്ങൾ നിങ്ങളെ വഴി നടക്കാൻ സമ്മതിക്കില്ല; നിങ്ങൾ ഞങ്ങൾക്ക് വോട്ട് ചെയ്ത് വിജയിപ്പിക്കൂ.
വാർത്ത 10:- കതിരൂര്‍ മനോജ് വധക്കേസിലെ പ്രതിക്ക് വ്യാജരേഖ നല്‍കിയ ഡോക്ടര്‍ക്ക് സര്‍ക്കാര്‍വക ഉന്നതസ്ഥാനം.
കമന്റ് 10:- കള്ളത്തരം കാണിക്കുന്നവർക്ക് പട്ടും വളയും, കുറ്റവാളികൾക്ക് മുൻകൂർ ജാമ്യം, നിരപരാധികൾക്ക് കാരാഗൃഹം.