NH 66-ൽ മനപ്പൂർവ്വം അപകടം ഉണ്ടാക്കുന്നവർ


12
ഇന്നലെ വൈകിട്ട് കോഴിക്കോട് നിന്ന് എറണാകുളത്തേക്ക് മടങ്ങുകയായിരുന്നു. NH 66ലൂടെ ഭാഗിയിൽ (Thar 3 Door) ആയിരുന്നു യാത്ര.

കുറ്റിപ്പുറം എത്തുന്നതിന് മുൻപാണ് സംഭവം. ഇരുട്ട് വീണിരുന്നു. നടുവിലെ ട്രാക്കിൽ പൊയ്ക്കൊണ്ടിരുന്ന ഞാൻ, മുൻപിലുള്ള വാഹനത്തെ ഓവർടേക്ക് ചെയ്യാൻ ഫാസ്റ്റ് ട്രാക്കിലേക്ക് കയറി. ഓവർ ടേക്കിങ്ങ് കഴിഞ്ഞ് സുരക്ഷിത ദൂരം ആയതിനുശേഷം വീണ്ടും നടുവിലെ ട്രാക്കിലേക്ക് മടങ്ങാനുള്ള പുറപ്പാടിൽ ആയിരുന്നു.

പെട്ടെന്നതാ ഫാസ്റ്റ് ട്രാക്കിൽ എനിക്ക് നേരെ ഒരു വെളുത്ത സെഡാൻ കാർ സാമാന്യം വേഗത്തിൽത്തന്നെ വരുന്നു. ആ ഭാഗത്തെ റോഡിന് ഇടതുവശത്തേക്ക് ഒരു ചെറിയ വളവുണ്ട്. ആയതിനാൽ മീഡിയന് എതിർവശത്തുകൂടെ പോകുന്ന വാഹനങ്ങളുടെ ഹെഡ് ലൈറ്റ് ചെറുതായി കണ്ണിൽ വീഴും. അത്തരത്തിൽ അപ്പുറത്ത് പോകുന്ന ഒരു വാഹനത്തിൻ്റെ ലൈറ്റാണ് അതെന്നാണ് ഞാൻ ആദ്യം കരുതിയത്. പിന്നെയാണ് മനസ്സിലായത് അയാൾ എൻ്റെ ട്രാക്കിൽത്തന്നെ എതിരെയാണ് വരുന്നതെന്ന്. ഞൊടിയിടയിൽ ഞാൻ നടുവിലെ ട്രാക്കിലേക്ക് വാഹനം വെട്ടിച്ചത് കൊണ്ട് ഒരു അപകടം ഒഴിവായി. ഭാഗ്യത്തിന് അപ്പോഴേക്കും, നടുവിലെ ട്രാക്കിൽ ഞാൻ മറികടന്ന വാഹനം കുറച്ച് പിന്നിൽ ആയിട്ടുണ്ടായിരുന്നു. അയാൾ എൻ്റെ തൊട്ട് പുറകിൽ ഉണ്ടായിരുന്നെങ്കിൽ, നടുവിലെ ട്രാക്കിൽ ഒരു കൂട്ടിയിടിക്കുള്ള സാദ്ധ്യതയുണ്ടായിരുന്നു.

കഴിഞ്ഞ കുറേ ദിവസങ്ങളായി NH 66-ൽ ഇത്തരത്തിൽ ഫാസ്റ്റ് ട്രാക്കിൽ എതിർദിശയിൽ നിന്ന് വാഹനം ഓടിക്കുന്നതിൻ്റെ ധാരാളം ദൃശ്യങ്ങൾ കണ്ടിരുന്നതുകൊണ്ട് രാത്രിയും പകലും വളരെ ശ്രദ്ധയോടെയാണ് ഞാൻ പൊയ്ക്കൊണ്ടിരുന്നത്. അമിതവേഗം ഒരിക്കലും എടുത്തില്ല. ഥാർ അങ്ങനെ അമിതവേഗത്തിൽ ഓടിക്കാൻ സുഖമുള്ള ഒരു വാഹനവുമല്ല. 90kmph ന് മുകളിൽ ഒരിടത്തും ഞാൻ ഓടിച്ചിട്ടില്ല. എക്സിറ്റ്/എൻട്രി പോയൻ്റുകളിൽ വീണ്ടും വേഗത കുറച്ചാണ് പോയിരുന്നത്. ആ ഭാഗത്ത് എപ്പോൾ വേണമെങ്കിലും ഒരപകടം ഉണ്ടാകാം എന്ന അവസ്ഥയുണ്ട്.

എക്സിറ്റിൽ നിന്ന് എൻട്രി അടിക്കുകയും എൻട്രിയിൽ നിന്ന് എക്സിറ്റ് അടിക്കുകയും ചെയ്യുന്ന ധാരാളം വാഹനങ്ങളെ ഇന്നലെ കണ്ടു. എന്നിരുന്നാലും ഭാഗ്യവശാൽ, പകൽ സമയത്ത് കോഴിക്കോട്ടേക്ക് പോയപ്പോൾ ഒരു വാഹനവും എതിരെ വന്നില്ല. രാത്രി ഫാസ്റ്റ് ട്രാക്കിലൂടെ ഒരു വാഹനം എതിരെ വന്നാൽ അപകടസാദ്ധ്യത കൂടുതലാണ്. ജീവൻ തിരികെ കിട്ടിയാൽ ഭാഗ്യം.

ഞാൻ ഇന്നലെ തിരികെ വീട്ടിലെത്തിയത് എൻ്റെ അരിയെത്താത്തത് കൊണ്ട് മാത്രമാണ്. നിരത്തിലിറങ്ങി നടക്കുന്ന ഓരോ മനുഷ്യരുടേയും അവസ്ഥ ഇപ്പോൾ ഇതുതന്നെയാണ്. NH 66-ൽ ഇത്തരം നിയമലംഘനങ്ങൾക്ക് കൂച്ചുവിലങ്ങിടാൻ MVD-യുടെ പക്കൽ ഒരു സംവിധാനവും ഇല്ലേ? എതിരെ വരുന്നത് ഒരു ജഡ്ജിയുടെ മകനോ ധനാഢ്യനോ ഉന്നതങ്ങളിൽ പിടിപാടുള്ളവനോ ആണെങ്കിൽ, റോഡിലും കോടതിയിലും നിലവിളിക്കാൻ പോലും അർഹതയില്ലാത്തവരായി ചത്തൊടുങ്ങിക്കോട്ടേ സാധാരണക്കാരൻ എന്നാണോ?

#nh66
#roadsofkerala
#കേരളത്തിലെ_റോഡുകൾ

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>