മെച്ചുക്കയും ലാമാങ്ങും (GIE 2025-26. Day#43 – Jan 10)


12
മെച്ചുക്ക വളരെ നന്നായി പദ്ധതിയിട്ട് കെട്ടിപ്പടുത്തിരിക്കുന്ന ഒരു ചെറിയ പട്ടണമാണ്. അഥവാ അങ്ങനെ അല്ലെങ്കിലും അത്തരത്തിലുള്ള ഒരു തോന്നലാണ് ഈ കൊച്ച് പട്ടണം ഉളവാക്കുന്നത്. ഒരു വില്ലേജ് പട്ടണമായി വളർന്ന് വന്നതാണെന്നും വ്യാഖ്യാനിക്കാം. മൂന്നോ നാലോ സമാന്തര വഴികൾ. അതിനിടയിൽ വീടുകൾ. വഴിയോരങ്ങളിൽ കച്ചവട സ്ഥാപനങ്ങൾ. ഏതു വഴിയിലൂടെ കയറിയാലും പ്രധാന പാതയിലേക്ക് എത്താൻ പറ്റും. ഓരോ ഇടവഴിയിലേക്ക് കൃത്യമായ ചൂണ്ടുപലകകൾ. GTL ഹോംസ്റ്റേയുടെ എതിർവശത്ത് ഒരു ഫുട്ബോൾ മൈതാനവും പ്രധാന ബുദ്ധ ക്ഷേത്രത്തിനോട് ചേർന്ന് പട്ടാള എയർപോർട്ടും ഉണ്ട്.

ഒരു വശത്ത് ഷിയോം നദി ഒഴുകുന്നു. പലയിടത്തും അതിനെ കുറുകെ കടക്കാൻ വേണ്ടിയുള്ള തൂക്കുപാലങ്ങൾ. പശ്ചാത്തലത്തിൽ അവിടെവിടെയായി പർവ്വത നിരകൾ. ഹിമാലയ മലനിരകളുടെ തുടക്കം എന്ന് പറയാൻ പറ്റുന്ന ഭാഗങ്ങൾ അതിനും പിന്നിലായി തലയുയർത്തി നിൽക്കുന്നു.

മെച്ചുക്കയിൽ എത്തുന്നവരെല്ലാം പിന്നീട് ഇവിടന്ന് പോകുന്നത് ലാമാങ്ങ് എന്ന ചൈന അതിർത്തിയിലേക്കാണ്. നേരത്തെ കാലത്തെ തലയൊന്നിന് 200 രൂപ വീതം ഫീസടച്ച് പാസ്സ് എടുത്ത് അതിൻ്റെ നാല് കോപ്പി വീതം കയ്യിൽ വെച്ച് വേണം അങ്ങോട്ട് പോകാൻ. വഴിക്ക് നാലിടത്ത് പട്ടാളത്തിന്റെ പരിശോധനയുണ്ട്. ചെക്ക് പോസ്റ്റിൽ ഒരിടത്തും പടങ്ങൾ എടുക്കാൻ പാടില്ല.

50 കിലോമീറ്റർ ദൂരം പോകാൻ 2 മണിക്കൂർ എന്ന് കേട്ടപ്പോൾത്തന്നെ എന്നിലെ അക്രോഫോബിയക്കാരൻ ഉണർന്നു. ഇടുങ്ങിയതാണെങ്കിലും വഴി നല്ലതാണ്. അതുകൊണ്ട് ഭാഗിയെ നയിച്ച് യാത്ര തുടങ്ങി. 20 കിലോമീറ്റർ കഴിഞ്ഞാൽ ഹനുമാന്റെ മുഖം കല്ലിൽ പ്രത്യക്ഷപ്പെട്ടത് പോലെ ഒരു ഭാഗമുണ്ട്, താഴ്വരയുടെ എതിർവശത്തുള്ള മലയിൽ. ഈ ഭാഗത്ത് ഒരു ഹനുമാൻ ക്ഷേത്രം തയ്യാറായിക്കൊണ്ടിരിക്കുന്നുണ്ട്.

അവിടെ എത്തിയപ്പോൾ എനിക്ക് എന്തോ ഒരു ഉൾവിളി ഉണ്ടായി. ഇനി അങ്ങോട്ടുള്ള റോഡ് ശരിയാകില്ല എന്നൊരു തോന്നൽ വന്നു. ഭാഗിയെ അവിടെ റോഡരികിൽ ഉപേക്ഷിച്ച് ഞാൻ ഷഫീക്കിന്റെ ബൈക്കിന് പിന്നിൽ കയറി.

യാത്ര മുന്നോട്ട് നീങ്ങിയതും എന്റെ തീരുമാനം ശരിയായിരുന്നു എന്ന് ബോദ്ധ്യപ്പെട്ടു. പലയിടത്തും റോഡ് പൊട്ടിപ്പൊളിഞ്ഞ് പരിതാപകരമായ അവസ്ഥയിലാണ്. അടിവശം തട്ടാതെ ഭാഗിക്ക് കയറിപ്പോകാൻ ആകില്ല. ചിലയിടങ്ങളിൽ പട്ടാള ട്രക്കുകൾ എതിരെ നിന്ന് വരുമ്പോൾ സൈഡ് ഒതുക്കുന്നത് വളരെ ബുദ്ധിമുട്ടായി മാറുന്നു. പോരാത്തതിന് ലാമാങ്ങിലേക്ക് പോകുന്ന ഇരുചക്രവാഹനങ്ങളുടെ തിരക്ക് വേറെയും. ഈ അസൗകര്യങ്ങൾക്കിടയിലും ധാരാളം ചെറു വാഹനങ്ങൾ കയറി പോകുന്നുണ്ട്.

ഷെഫീഖ് നല്ല എണ്ണം പറഞ്ഞ റൈഡർ ആണ്. ബൈക്കിനു പോലും ദുസ്സഹമായ വഴികളിൽ, പുറകിൽ എന്നെയും ഇരുത്തി അതീവ നിയന്ത്രണത്തോടെയാണ് അദ്ദേഹം ബൈക്ക് ഓടിക്കുന്നത്.

ഓരോ കിലോമീറ്റർ കഴിയുന്നതോടെ താപമാനം ഓരോ ഡിഗ്രി വീതം താഴേക്ക് പൊയ്ക്കൊണ്ടേയിരുന്നു. ബൈക്കിൽ ഇരുന്ന് കാറ്റടിക്കുമ്പോൾ അത് നല്ല തണുപ്പായി അനുഭവപ്പെടുന്നുമുണ്ട്. അവസാനത്തെ അഞ്ച് കിലോമീറ്റർ ദൂരം റോഡിന് ഇരുവശത്തും മല മുകളിലും മഞ്ഞുവീണ് കിടക്കുന്നത് കാണാറായി തുടങ്ങുന്നു. ചിലയിടങ്ങളിൽ വെള്ളം ഒഴുകി വന്നിരുന്നത് ഘനീഭവിച്ച് കട്ടയായി തൂങ്ങി കിടക്കുന്നതും കാണാം.

അവസാനത്തെ ചെക്ക്പോസ്റ്റിൽ എഴുതി വെച്ചിരിക്കുന്നത് ഇനിയങ്ങോട്ട് ടൂറിസ്റ്റുകൾക്ക് പ്രവേശനമില്ല എന്നാണ്. പക്ഷേ വാഹനങ്ങൾ അരികിൽ ഒതുക്കി നടന്ന് പോകാൻ സഞ്ചാരികളെ അനുവദിക്കുന്നുണ്ട്. മഞ്ഞു വീണ് കിടക്കുന്ന ആ വഴിയിലൂടെ ഒരു കിലോമീറ്ററോളം മുന്നിലേക്ക് നടക്കുമ്പോൾ ഇരുവശത്തും പട്ടാള ക്യാമ്പുകൾ കാണാം. ക്യാമ്പും പട്ടാളത്തിന്റെ കെട്ടിടങ്ങളും ഉള്ള ഭാഗത്ത് പടങ്ങൾ എടുക്കാൻ പാടില്ല എന്നാണ് നിർദ്ദേശം. ആ വഴി ചെന്ന് അവസാനിക്കുന്നത് അതിർത്തിയിലുള്ള മരം കൊണ്ടുള്ള ഒരു ചെറിയ വീടിൻ്റെ മുന്നിലാണ്. അതും പട്ടാളത്തിന്റേതാണ്. ‘അവസാനത്തെ കഫേ’ എന്ന് അവിടെ ബോർഡ് വെച്ചിട്ടുണ്ട്. 20 രൂപ നൽകിയാൽ പട്ടാളത്തിൻ്റെ വക ഒരു ചായ കുടിക്കാം. പച്ചനിറത്തിലുള്ള പട്ടാളത്തിന്റെ വാഹനങ്ങൾ ഒന്നുരണ്ടെണ്ണം അവിടെയുണ്ട്. ആ കെട്ടിടത്തിന് മുന്നിലെ ഇരുമ്പ് പാലം കടന്ന് ചെന്നാൽ വളരെ പ്രധാനപ്പെട്ട ഒരു കാഴ്ചയുണ്ട്.

1986-ൽ തകർന്നുവീണ ഇന്ത്യൻ എയർ ഫോഴ്സിൻ്റെ റഷ്യൻ നിർമ്മിത MI 8 എന്ന ഹെലികോപ്റ്റർ അവിടെയാണ് കിടക്കുന്നത്. 32 സൈനികർക്ക് കയറാൻ സൗകര്യമുള്ള ആ ഹെലികോപ്റ്റർ തകർന്നു വീണപ്പോൾ അതിൽ ഉണ്ടായിരുന്ന സൈനികരെല്ലാം അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. ഇന്ന് ആ ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങൾ സഞ്ചാരികൾക്ക് കാണാനും പടങ്ങൾ എടുക്കാനും വേണ്ടിയുള്ള ഒരു ടൂറിസ്റ്റ് ഇടമായി മാറിയിരിക്കുന്നു.

IAF ൽ വിങ്ങ് കമാൻഡർ ആയി വിരമിച്ച എൻ്റെ അമ്മാവൻ ക്യാപ്റ്റൻ ഹേമചന്ദ്ര മോഹനെ Hemchandra Mohan ഞാനപ്പോൾ സ്മരിച്ചു. അദ്ദേഹവും ഇതുപോലെ ഒരു ഹെലികോപ്റ്റർ ക്രാഷിൽ നിന്ന് രക്ഷപ്പെട്ടിട്ടുള്ള പൈലറ്റ് ആണ്. മെൻ്റർ ബുക്ക്സ് പ്രസിദ്ധീകരിച്ച ഹെലികോപ്റ്റർ സ്റ്റോറീസ് എന്ന അദ്ദേഹത്തിന്റെ പുസ്തകത്തിൽ അതെപ്പറ്റി വിവരണമുണ്ട്.

പട്ടാളക്കാർ നമുക്ക് വേണ്ടി അനുഭവിക്കുന്ന ദുരിതങ്ങളെപ്പറ്റി നമുക്ക് ബോധ്യമുള്ളതാണല്ലോ. അവിടെ ഉണ്ടായിരുന്ന ആശിഷ് എന്ന പട്ടാള ഉദ്യോഗസ്ഥനുമായി ഞാൻ കുറച്ചുനേരം സംസാരിച്ചു . കഴിഞ്ഞ സീസണിൽ മൈനസ് 16 വരെ തണുപ്പുണ്ടായിരുന്നു അവിടെ. നമ്മുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് അവർ അത്രയും മഞ്ഞും തണുപ്പും അനുഭവിക്കുന്നത്. ബിഗ് സല്യൂട്ട്.

1962-ൽ ആണ് ഈ ഭാഗത്ത് അവസാനമായി ഒരു യുദ്ധം നടന്നത്. അന്ന് മരിച്ചുവീണ ചില പട്ടാളക്കാരുടെ യുദ്ധ സ്മാരകങ്ങൾ വഴിവക്കിൽ പൂക്കളർപ്പിക്കാൻ പോന്ന രീതിയിൽ കാണുന്നുണ്ട്.

ഉച്ചയ്ക്ക് 12 മണിക്ക് പോലും, ഫോണിൽ പടങ്ങൾ എടുക്കാൻ ബുദ്ധിമുട്ടുള്ള തരത്തിൽ കൈകൾ വല്ലാതെ മരവിച്ചിരുന്നു. 4 ഡിഗ്രിയായിരുന്നു ആ സമയത്തെ താപമാനം. ഇരുട്ട് വീഴാൻ തുടങ്ങിയാൽ തണുപ്പ് കഠിനമാകും. ഞങ്ങൾ പെട്ടെന്ന് താഴേക്ക് ഇറങ്ങാൻ തുടങ്ങി.

അതിർത്തിയിൽ നിന്ന് കുടിച്ച പട്ടാള ചായ അല്ലാതെ ഉച്ചയ്ക്ക് ഒന്നും കഴിച്ചിട്ടുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ നല്ല വിശപ്പുണ്ടായിരുന്നു. യാത്രാമദ്ധ്യേ ഒരു ഗുരുദ്വാര ശ്രദ്ധിച്ചിരുന്നു. ഉച്ചയ്ക്ക് സൗജന്യ ഭക്ഷണം വിളമ്പുന്നത് ഗുരുദ്വാരകളിലെ പതിവാണ്. ഗുജറാത്തിലെ പാക്കിസ്ഥാൻ അതിർത്തിയിൽ ഇതുപോലൊരു ഉച്ചക്ക് കറങ്ങി നടന്ന് വിശന്ന് വലഞ്ഞ സമയത്ത് ഗുരുദ്വാരയിൽ നിന്ന് കഴിച്ച ഭക്ഷണത്തിന്റെ രുചി ഇന്നും നാവിലുണ്ട്. പലപല കാരണങ്ങാൽ അന്ന് ഞാൻ കരച്ചിലിന്റെ വക്കോളം എത്തിയിരുന്നു.

58-)ം ജന്മദിനത്തിൽ ഇതുപോലൊരു യാത്രയും, ഗുരുദ്വാരയിൽ നിന്നുള്ള ഭക്ഷണവും വീണ്ടും എന്നെ അതേ അവസ്ഥയിൽ എത്തിച്ചിരിക്കുന്നു. നന്ദി ആരോട് ഞാൻ ചൊല്ലേണ്ടൂ. ഈ ദിവസം ഇത്രയും മനോഹരമാക്കിയതിന് ഷഫീനോട് തീർച്ചയായും നന്ദി പറയേണ്ടതുണ്ട്. പെരുത്ത് നന്ദി ഷഫീക്ക്. Mohammed Shafeek

തെരുവിലെ കടകളിൽ കയറിയിറങ്ങിയും സൊവനീർ ഷോപ്പിംഗ് നടത്തിയും ഇരുട്ട് വീഴുന്നത് വരെ സമയം കൊന്നു. നെറ്റ്‌വർക്ക് ഇല്ലാത്തതുകൊണ്ട് UPI വഴി പണമിടപാടുകൾ ഒന്നും നടക്കുന്നില്ല. ആകെയുള്ള SBI യുടെ ATM-ൽ സാമാന്യം നല്ല ക്യൂ ഉണ്ട്. 99 ലക്ഷം രൂപയാണ് ബാങ്ക് ഒറ്റയടിക്ക് അതിൽ നിറയ്ക്കുന്നത്. അത് 30 ലക്ഷമായി ചുരുങ്ങുമ്പോഴേക്കും താഴെ ആലോയിൽ നിന്ന് പണം എത്തിക്കും. ATM കാലി ആയാൽ സഞ്ചാരികളെല്ലാം കുഴഞ്ഞത് തന്നെ. സാധാരണ 2000 രൂപയിൽ കൂടുതൽ കയ്യിൽ വെക്കാറില്ലെങ്കിലും ഇപ്രാവശ്യം ഞാൻ കുറച്ച് അധികം പൈസ ATM നിന്ന് എടുത്തു വെച്ചു.

GTL ഹോം സ്റ്റേയിൽ തങ്ങിയിരുന്ന ഒരുപാട് സ്വദേശികളും മറ്റ് സംസ്ഥാനക്കാരുമായി ഞങ്ങൾ ലോഹ്യത്തിലായി. അതിൽ ഇറ്റാ നഗറിൽ നിന്നുള്ളവർ ഉണ്ട്, പാറ്റ്ണയിൽ നിന്നുള്ളവരുണ്ട്. അതാത് ഇടങ്ങളിൽ ചെല്ലുമ്പോൾ അവർ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു.

തണുപ്പ് കത്തിക്കയറുകയാണ്. ഇന്നലെ രാവിലെ -1 വരെ പോയി എന്നാണ് ഭാഗിയിലെ താപമാപിനി പറഞ്ഞത്.

നാളെ മടക്കയാത്ര ഉണ്ടെന്ന് ആലോചിക്കുമ്പോൾത്തന്നെ ഉറക്കം നഷ്ടമാകുന്നു. ഇങ്ങോട്ട് വന്ന വഴിയെപ്പറ്റി ചിന്തിക്കുമ്പോൾത്തന്നെ നല്ല ഭയമുണ്ട്. പക്ഷേ സുരക്ഷിതമായി തിരികെ എത്തിയല്ലേ പറ്റൂ. ജനിച്ചതിന്റെ തൊട്ടടുത്ത ദിവസം തന്നെ മരിക്കുന്നത് എങ്ങനെ ശരിയാകും? അതും ഷഷ്ടി പോലും തികയ്ക്കാതെ.

ശുഭരാത്രി.

#greatindianexpedition2025_26
#greatindianexpedition
#niraksharan
#ArunachalPradesh
#northeastindia
#menchukha
#Lamang
#lamangarunachal
#IAF
#Mi8

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>