മിസോറാമിലേക്ക് കടക്കുന്നു (GIE 2025-26. Day#69 – Feb 05)


12
രാവിലെ ഉണർന്നതിന് ശേഷമാണ് ലേക്ടാക് തടാകത്തിലെ സാൻഡ്ര ദ്വീപിൻ്റെ ചുറ്റുവട്ടം പകൽവെളിച്ചത്തിൽ ഭംഗിയായി കാണാനൊത്തത്. ലോകത്ത് ആകെയുള്ള ഒരു ഫ്ലോട്ടിങ്ങ് ദ്വീപിൽ അന്തിയുറങ്ങാനും അവസരമുണ്ടായിരിക്കുന്നതിൽ സന്തോഷിക്കുക തന്നെ.

ഏഴര മണിയോടെ ഹോം സ്റ്റേയുടെ നോട്ടക്കാരനും ഭാര്യയും വള്ളം തുഴഞ്ഞ് എത്തി. കുറഞ്ഞ സമയം കൊണ്ട് അവർ പ്രാതൽ ഉണ്ടാക്കി തന്നു. ബ്രഡ്, ഓംലറ്റ്, ഗ്രീൻ ടീ എന്നത് കൂടാതെ കറുത്ത അരി കൊണ്ട് ഉണ്ടാക്കിയ ചക്കാവ് ഖീറും തന്നു. ഞാനത് ആദ്യമായാണ് കഴിക്കുന്നത്. അൽപ്പം വില കൂടിയ ഒന്നാണ് കറുത്ത അരി.

പ്രാതൽ കഴിഞ്ഞപ്പോഴേക്കും ഞങ്ങളെ കരയിലേക്ക് കൊണ്ടുപോകാൻ തോണിക്കാരൻ എത്തി. ഇന്നലെ രാത്രി വന്ന ജലപാതയിലൂടെ പകലുള്ള സഞ്ചാരം രസകരമായിരുന്നു.

കരയ്ക്ക് എത്തിയശേഷം വാഹനങ്ങൾ (ഭാഗിയും അജുവിൻ്റെ കാറും) എടുത്ത് ദ്വീപിന് ചുറ്റുമുള്ള വഴികളിൽ ചുറ്റിയടിച്ചു. സാമാന്യം വലിയ ഒരു റിസോർട്ടിൻ്റെ പരസരത്തുള്ള ഉയർന്ന പ്രദേശത്ത് ചെന്ന് നോക്കിയപ്പോൾ ഫ്ലോട്ടിങ്ങ് ദ്വീപിൻ്റെ കുറേക്കൂടി വിശദമായ കാഴ്ച്ച തരമായി.

അതിനിടയ്ക്ക് ഭാഗിയുടെ പിന്നിൽ ഇടത് വശത്തെ ടയറിൽ കാറ്റ് കുറവാണെന്ന് പാനലിൽ മുന്നറിയിപ്പ് വന്നു. കഴിഞ്ഞ പ്രാവശ്യം പറ്റിയ അബദ്ധം ഇപ്രാവശ്യം ഉണ്ടാകാൻ ആഗ്രഹമില്ല. കാറ്റ് കുറഞ്ഞാൽ എന്തോ ഒന്ന് കുത്തിക്കയറിയിരിക്കുന്നു എന്ന് തന്നെയാണ് സാരം. പഞ്ചർ കടയിൽ ചെന്ന് ചക്രം അഴിപ്പിച്ചപ്പോൾ ഒരിഞ്ച് നീളമുള്ള കമ്പിക്കഷണം ഒരെണ്ണം കുത്തിക്കയറിയതായി കണ്ടെത്തി. ഈ യാത്രയിൽ ഭാഗിയുടെ രണ്ടാമത്തെ പഞ്ചർ. ഭാഗ്യവശാൽ രണ്ട് പ്രാവശ്യവും എനിക്ക് ടയർ അഴിക്കേണ്ടി വന്നില്ല. ട്യൂബ് ലെസ്സ് ടയർ ആയതുകൊണ്ടുള്ള ഗുണമാണ് ഇത്.

ഇനി 200ൽപ്പരം കിലോമീറ്റർ ഓടിച്ച് മണിപ്പൂരിൽ നിന്ന് പുറത്ത് കടക്കുകയാണ്. മിസ്സോറാമിലെ Ngopa ആണ് ലക്ഷ്യമിടുന്നത്. ആറ് മണിക്കൂർ യാത്രയുണ്ട്.

ആ വഴിക്ക് ധാരാളം പൊലീസ്- പട്ടാള ചെക്ക് പോസ്റ്റുകൾ ഉണ്ട്. ചുരാചന്ദ്പൂർ എന്ന സ്ഥലത്ത് ഒരു കിലോമീറ്ററിൽ താഴെ ദൂരത്ത് 8 പരിശോധനകളാണ് ഉള്ളത്. അത് വലിയ കുക്കി പ്രദേശവും മുൻപ് പ്രശ്നങ്ങൾ ഉണ്ടായ ഇടവുമാണ്. സത്യത്തിൽ അവിടെ നിർത്തി നിർത്തിയുള്ള പരിശോധന യാത്ര വെറുത്ത് പോകുന്ന തരത്തിലുള്ളതാണ്. പക്ഷേ അതും ഒരു അനുഭവമാണ്. ജാതി, മതം, വർഗ്ഗം, വർണ്ണം, കക്ഷി രാഷ്ട്രീയം എന്നതിൻ്റെയൊക്കെ പേരിൽ പോരടിക്കാനും കൊന്ന് കൊലവിളിക്കാനും പോയാൽ ഇങ്ങനെയിരിക്കും എന്നുള്ള പാഠം കൂടയാണിത്.

50 കിലോമീറ്ററോളം റോഡ് മഹാമോശം. പൊടിയടിച്ച് ഭാഗി കോലം കെട്ടു. ഇടയ്ക്ക് ഒരു നീർച്ചാലിൽ നിന്ന് വരുന്ന വെള്ളം പിടിച്ച് ഞാനവളെ ചെറുതായി കഴുകിയെടുത്തു.

അവസാനത്തെ 50 കിലോമീറ്റർ നല്ല വളവും തിരിവും ഉള്ളതാണെങ്കിലും നന്നായി ടാറിട്ട് റിഫ്ളക്ടറുകൾ പിടിപ്പിച്ച റോഡ് ആയിരുന്നു. Ngopa എത്തിയപ്പോൾ ആറര മണി. നന്നായി ഇരുട്ട് വീണിരുന്നു. തങ്ങാനുള്ള ഇടം തേടി അജു കുറച്ചധികം കറങ്ങി. അവസാനം രണ്ടിടത്തായാണ് 4 പേർക്കുള്ള മുറികൾ കിട്ടിയത്.

ഇത് കാര്യമായി യാത്രികർ വന്ന് പോകുന്ന ഇടമല്ലാത്തത് കൊണ്ടാകാം മുറികൾക്ക് ക്ഷാമം. അതേ അവസ്ഥ തന്നെയാണ് റസ്റ്റോറൻ്റിൻ്റെ കാര്യത്തിലും. ആറ് മണിക്ക് ശേഷം ഭക്ഷണം കിട്ടാൻ ഒരു മാർഗ്ഗവും ഇല്ല.

ഫോറസ്റ്റ് ഡിപ്പാർട്മെന്റിൻ്റെ ഒരു ഗസ്റ്റ് ഹൗസിലാണ് അജുവിനും എനിക്കും താമസ സൗകര്യം തരമായത്. അവരുടെ സ്റ്റാഫ് കോർട്ടേർസിൻ്റെ അടുക്കളയിൽ ഭക്ഷണം ഉണ്ടാക്കാനുള്ള സൗകര്യങ്ങൾ അവർ ചെയ്തു തന്നു. ബീബിളിൻ്റെ ബാഗിൽ ഉണ്ടായിരുന്ന ടേസ്റ്റി നിബിൾസിൻ്റെ കപ്പയും മീൻ കറിയും ചൂടാക്കി കഴിച്ചു.

ഇവിടെ 10 ഡിഗ്രി തണുപ്പുണ്ട്. കുറച്ചുനേരം കോർട്ടേഴ്സിന്റെ വരാന്തയിൽ അവിടത്തെ ജീവനക്കാർക്ക് ഒപ്പം തീ കാഞ്ഞ് ഇരിക്കുമ്പോഴേക്കും കൽക്കട്ടയിൽ നിന്ന് ജാവേദിൻ്റെ ഫോൺ വന്നു.

മണിപ്പൂരിലെ പ്രശ്നങ്ങൾക്ക് അയവ് വന്നതോടെ, രാഷ്ട്രപതി ഭരണം പിൻവലിച്ച്, ബിജെപി ഭരണം ഏറ്റെടുക്കുന്നതിൻ്റെ വിജ്ഞാപനം വന്നത് ഇന്നലെയായിരുന്നു. അതോടെ പ്രശ്നക്കാർ വീണ്ടും തലപൊക്കി. ഞങ്ങൾ വൈകിട്ട് കടന്നുവന്ന ചുരാചന്ദ്പൂരിലെ വഴികളിൽ തീവെപ്പ് ഉണ്ടായിരിക്കുന്നു. 24 മണിക്കൂർ നേരത്തേക്ക് എല്ലാ ചെക്ക് പോസ്റ്റുകളും അടച്ചിരിക്കുകയാണ്. ഞങ്ങൾ കഷ്ടിച്ചു കടന്നുപോന്നത് ഭാഗ്യം കൊണ്ടാണ്. അല്ലെങ്കിൽ ആ തെരുവിൽ എവിടെയെങ്കിലും കുടുങ്ങുമായിരുന്നു.

എന്തായാലും തൽക്കാലം മണിപ്പൂര്‍ അദ്ധ്യായം കഴിഞ്ഞു. മണിപ്പൂരിലെ പ്രശ്നങ്ങൾ കഴിഞ്ഞതിനുശേഷം പിന്നീട് ഏതെങ്കിലും കാലത്ത് വീണ്ടും സന്ദർശിക്കാൻ അവസരം ഉണ്ടായേക്കാം.

മിസോറാമിലേക്ക് കടക്കുന്നതോടെ രാജ്യത്തെ പതിനേഴാമത്തെ സംസ്ഥാനത്തിലൂടെയാണ് ഞാൻ (പലപ്പോഴായി) വാഹനം ഓടിക്കുന്നത്. ഇനിയും എത്രയോ സംസ്ഥാനങ്ങൾ ബാക്കി കിടക്കുന്നു.

നാളെ മിസോറാമിലെ ചെമ്പായി എന്ന സ്ഥലത്തേക്കാണ് യാത്ര.

ശുഭരാത്രി.

#greatindianexpedition2025_26
#greatindianexpedition
#niraksharan
#Manipur
#missoram
#Ngopa

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>