ഖർ ദോൽ കോട്ട (കോട്ട # 167) (GIE 2025-26. Day#57 – Jan 24)


12
രാരാവിലെ ഉറക്കം ഉണർന്ന ശേഷമാണ് കിടന്നിരുന്ന സ്ഥലം ഏതാണെന്ന് ശരിക്കൊന്ന് കാണാനൊത്തത്. ഭാഗിയുടെ പിന്നിലെ കുടിലിന്റെ പരിസരത്ത് ഉണ്ടായിരുന്ന എരുമകൾ ഏതോ അത്ഭുത ജീവിയെ കാണുന്നതുപോലെ എന്നെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു. എന്തായാലും രാത്രി വന്യജീവികളുടെ ആക്രമണം ഉണ്ടായില്ല എന്നത് ഭാഗ്യം. അവറ്റകളെ ഒന്നിനെപ്പോലും കാണാൻ പറ്റിയില്ല എന്നത് നിർഭാഗ്യം.

ഇമു എഴുന്നേറ്റ് വന്നത് വളരെ വൈകിയാണ്. എനിക്കപ്പോഴേക്കും നല്ല വിശപ്പ് തുടങ്ങിയിരുന്നു. ആ കാട്ടിലേക്ക് വന്ന വഴിയിലൂടെ മടങ്ങുന്നതിന് പകരം, മറ്റൊരു വഴി പിടിച്ച്, ജാപോരി പോത്താർ ഗ്രാമത്തിനുള്ളിലൂടെ ഞങ്ങൾ പുറത്ത് കടന്നു.

അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലാതെ കാടിന്റെ അതിർത്തിയിൽ എത്ര കുടുംബങ്ങൾ ആണെന്നോ കഴിയുന്നത്. മുള കൊണ്ടുള്ള ആ വീടുകൾ തണുപ്പിനെ തടുക്കാൻ പോലും അപര്യാപ്തമാണ്. അവരുടെ വളർത്തുമൃഗങ്ങളെ ഇടയ്ക്ക് കാട്ട് മൃഗങ്ങൾ പിടിച്ചുകൊണ്ട് പോവുകയും ചെയ്യും. അവർക്ക് ആ ജീവിതം സ്വാഭാവികമായ ഒന്നായി മാറിക്കാണും.

ഇമുവിനെ ഓർക്കിഡ് പാർക്കിൽ തിരികെ വിട്ട് അവിടന്ന് തന്നെ പ്രാതൽ കഴിച്ചശേഷം ഞാൻ ഖർ ദോലിലേക്ക് തിരിച്ചു. അതൊരു കോട്ട ആണെന്നാണ് വിക്കിപീഡിയ ലിസ്റ്റ് പറയുന്നത്. അതു കോട്ട ആണെങ്കിൽ ആസാമിലെ അവസാനത്തെ കോട്ടയും അത് തന്നെയാണ്. കാസിരം രണ്ടുമണിക്കൂറോളം യാത്രയുണ്ട് തേസ്പൂരിൽ ഉള്ള ഖർ ദോലിലേക്ക്. ASI യുടെ സംരക്ഷണയിലുള്ള ആ പ്രദേശത്ത് ഒരു കോട്ട ഉണ്ടായിരുന്നോ എന്ന് ഉറപ്പിച്ച് പറയാൻ ആവില്ല. ചില കെട്ടിടങ്ങളുടെ തകർന്ന് അവശിഷ്ടങ്ങൾ മാത്രമാണ് അവിടെ ഉള്ളത്. ഏറെക്കുറെ ബിസ്മാക്ക് നഗറിലെ കോട്ടയുടെ അവശിഷ്ടങ്ങളെ പോലെ. ചുടുകട്ടകൾ കൊണ്ടാണ് ആ നിർമിതി ആ നിർമിതി ഉണ്ടായിരുന്നത്.

7 – 8 നൂറ്റാണ്ട് കാലഘട്ടത്തിൽ ഉണ്ടാക്കി എന്ന് കരുതപ്പെടുന്ന ഈ നിർമിതി, ശിവന്റെയും പാർവതിയുടെയും ക്ഷേത്രങ്ങൾ ആയിരുന്നു എന്നാണ് നാട്ടുഭാഷ്യം. കലിക പുരാണം പോലുള്ള ഗ്രന്ഥങ്ങൾ പ്രകാരം ബാണാസുര രാജാവാണ് ഇത് ഉണ്ടാക്കിയതെന്ന് കരുതപ്പെടുന്നു. എന്തായാലും ഒരു കോട്ടയുടേതായ ലക്ഷണങ്ങൾ ഇവിടെ തീരെയില്ല. ആസാമിലെ വിക്കിപീഡിയ ലിസ്റ്റ് പ്രകാരമുള്ളതൊന്നും കൃത്യമായി കോട്ടയുടെ സ്വഭാവം കാണിക്കുന്ന നിർമ്മിതികൾ അല്ല. ഈ അവശിഷ്ടങ്ങളുടെ കാര്യത്തിലും അങ്ങനെ തന്നെയാണ് തോന്നുന്നത്.

ആർക്കിയോളജി എഴുതി വച്ചിരിക്കുന്നതും ഇവിടെ മതപരമായ കെട്ടിടങ്ങൾ ഉണ്ടായിരുന്നു എന്ന നിലക്കാണ്. ഏഴാം നൂറ്റാണ്ടിലെ രേഖകൾ കൃത്യമായിട്ട് ഒന്നും ആർക്കിയോളജി വകുപ്പിനും കിട്ടിക്കാണില്ല.

അവശിഷ്ടങ്ങളുടെ പിന്നിലായി പുതുതായി പണികഴിപ്പിച്ച ഒരു ശിവക്ഷേത്രം ഉണ്ട്. നിലവിലുള്ള പുരയിടത്തിന്റെ ഒരു കോണിൽ പാർവതി ക്ഷേത്രവും ഉണ്ട്. പിന്നെയുള്ളത് അല്പം മാറി ഒരു ഹെലിപാഡ് ആണ്. ഇത്രയുമായാൽ ഖർ ദോൽ കഴിഞ്ഞു.

ഇതിന് ഒരു കോട്ടയായി കൂട്ടണമോ വേണ്ടയോ എന്ന് ഇതു വായിക്കുന്ന നിങ്ങൾ അഭിപ്രായം പറയൂ. കോട്ട ആക്കണം എന്നാണെങ്കിൽ ഇത് 167-) മത്തെ കോട്ടയാണ്.

അതിനിടയ്ക്ക് ഭാഗിക്ക് ഫൈൻ അടിച്ചിരിക്കുന്നു എന്ന് പറഞ്ഞ് ഒരു മെസ്സേജ് വന്നു. അത് പരിശോധിച്ചപ്പോൾ, കാസിരംഗ അനിമൽ കോറിഡോറിൽ വെച്ച് ഞാൻ വേഗത കൂട്ടിയിരിക്കുന്നു എന്ന് മനസ്സിലാക്കാനായി. 40 ആണ് അവിടത്തെ വേഗത. കോറിഡോർ തുടങ്ങുന്ന സ്ഥലം എനിക്ക് മനസ്സിലായെങ്കിലും അവസാനിക്കുന്ന സ്ഥലത്തിന്റെ കാര്യത്തിൽ ഒരു ചിന്താ കുഴപ്പം വന്നിരുന്നു. അങ്ങനെയാകാം വേഗത കൂടിയതും 2000 രൂപ ഫൈൻ എന്ന അവസ്ഥ ഉണ്ടായതും. കാസിരംഗ വഴി ഡ്രൈവ് ചെയ്ത് പോകുന്നവർ ആ ഭാഗത്ത് മൃഗങ്ങൾക്ക് പരിഗണന നൽകണം, വേഗത കുറച്ച് ഓടിക്കണം. അല്ലെങ്കിൽ പിഴ ഉറപ്പാണ്.

സമയം മൂന്നര മണി കഴിഞ്ഞിരിക്കുന്നു. മൂന്ന് മണിക്കൂറിൽ അധികം യാത്രയുണ്ട് ഗോഹാട്ടിയിലേക്ക്. സൗത്ത് പോയന്റ് സ്കൂളിലേക്ക് തന്നെയാണ് ഇന്ന് മടങ്ങുന്നത്. ഷൈനി പാസിഗഡിൽ നിന്ന് സ്കൂളിൽ എത്തിക്കഴിഞ്ഞിരിക്കുന്നു. വാർഡൻ ജൂലിയറ്റ് അതുകൊണ്ടു തന്നെ വളരെ സന്തോഷത്തിലാണ്. ഞാൻ ചെന്ന് കയറിയതും അവർ എന്നെ അത്താഴം കഴിക്കാൻ കൊണ്ടുപോയി.

ഷൈനി നാളെ കേരളത്തിലേക്ക് മടങ്ങുകയാണ്. എനിക്കിനി കടക്കാനുള്ളത് മിസോറാം, മണിപ്പൂർ, ത്രിപുര, മേഘാലയ എന്നീ സംസ്ഥാനങ്ങളിലേക്കാണ്. ആ യാത്രയിൽ അജു കൂടെ ഉണ്ടാവും. പക്ഷേ അതിനു മുൻപ് ഒരു ട്വിസ്റ്റ് ഉണ്ട്. അത് നാളെ പറയാം.

ശുഭരാത്രി.

#greatindianexpedition2025_26
#greatindianexpedition
#niraksharan
#northeastindia
#motorhome
#kaziranga
#wildlife
#KazirangaNationalPark
#northeast
#assam

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>