മദ്യം വാറ്റുന്ന ആൻഡ്രോ ഗ്രാമം (GIE 2025-26. Day#66 – Feb 02)


12
രാവിലെ ഇൻഫാൽ നഗരത്തിന് നടുവിലുള്ള കൻങ്കല കോട്ടയിലേക്ക് പോകാനായിരുന്നു തീരുമാനം. പക്ഷേ പിന്നീട് മനസ്സിലാക്കി തിങ്കളാഴ്ച കോട്ട അടഞ്ഞു കിടക്കുമെന്ന്. അതുകൊണ്ട് 28 കിലോമീറ്റർ മാറിയുള്ള ആൻഡ്രോ ഗ്രാമത്തിലേക്ക് പുറപ്പെട്ടു. ഒരു മണിക്കൂർ യാത്രയുണ്ട്.

മഹാരാജ ജയ് സിങ്ങിൻ്റെ അധികാരവുമായി ബന്ധപ്പെട്ട ആലേഖനങ്ങളോടെ CE 1822ൽ സ്ഥാപിച്ച, ഒരു ശിലയാണ് അവിടത്തെ പ്രധാനപ്പെട്ട ഒരു കാഴ്ച്ച. ഞങ്ങൾ ചെല്ലുമ്പോൾ പക്ഷേ ആ ശില ഇരിക്കുന്ന കെട്ടിടത്തിന്റെ പുരയിടം അടച്ചിട്ടിരിക്കുന്നു. കാവൽക്കാരൻ വരുന്നത് വരെയുള്ള സമയം തൊട്ടടുത്തുള്ള പിക്നിക് സ്പോട്ടിലേക്കും തടാകത്തിലേക്കും പോകാൻ തീരുമാനിച്ചു.

തിങ്കളാഴ്ച ആയിട്ടും ധാരാളം സഞ്ചാരികൾ പിക്നിക്കിനായി അവിടേക്ക് വന്നുകൊണ്ടിരുന്നുണ്ട്. ആൻഡ്രോ എന്ന ആ ഗ്രാമത്തിന് മറ്റു ചില പ്രത്യേകതകൾ കൂടെ ഉണ്ട്. അത് അവിടെ ചെന്ന് ഉടനെ മനസ്സിലാക്കാൻ കഴിഞ്ഞു.

മണിപ്പൂർ ഒരു ഡ്രൈ സ്റ്റേറ്റ് അഥവാ മധ്യനിരോധിത സ്റ്റേറ്റ് ആണ്. പക്ഷേ ആൻഡ്രോ പിക്നിക് സ്പോട്ടിന് സമീപമുള്ള എല്ലാ ചെറു കടകളിലും വിദേശമദ്യവും നാടൻ വാറ്റ് മദ്യവും സുലഭമാണ്. യാതൊരു ഒളിവും മറവുമില്ലാതെ മദ്യം അവിടെയുള്ള പെട്ടിക്കടകളിൽ നിരത്തി വെച്ചിരിക്കുന്നു.

” മദ്യനിരോധനം ഉള്ള ഒരു സംസ്ഥാനത്ത് ഇതുപോലെ മദ്യം നിരത്തിവെക്കുന്നതും വിൽക്കുന്നതും പ്രശ്നമല്ലേ?”….എന്ന് ഒരു കടയിലെ ചെറുപ്പക്കാരനോട് ചോദിച്ചപ്പോൾ…

“ഈ ഭാഗത്ത് അതൊന്നും പ്രശ്നമല്ല”….എന്നാണ് മറുപടി കിട്ടിയത്.

ഞങ്ങൾ അതിന്റെ വീഡിയോ പകർത്തുന്നതും അയാൾക്ക് ഒരു പ്രശ്നമായിരുന്നില്ല.

ആൻഡ്രോ ഗ്രാമം ഒരു മദ്യവാറ്റ് കേന്ദ്രം കൂടെ ആണെന്നുള്ള അറിവ് അജു പങ്കുവെച്ചു. ആൻഡ്രോ ലേബൽ ഒട്ടിച്ച വിദേശമദ്യത്തെ വെല്ലുന്ന കുപ്പികളിലും പാക്കറ്റുകളിലും ഉള്ള മദ്യവും കടകളിൽ വെച്ചിട്ടുണ്ട്. എന്നാൽപ്പിന്നെ അത്തരത്തിൽ ഒരു വാറ്റു കേന്ദ്രം കണ്ടുപിടിച്ച് കാണണമെന്ന ആഗ്രഹം കലശലായി.

ഭാഷ മണിപ്പൂരിൽ വലിയ പ്രശ്നമാണ്. നഗരത്തിൽ പോലും ഹിന്ദി സംസാരിക്കുന്നവർ വിരളമാണ്. റസ്റ്റോറന്റുകളിലും മറ്റു കച്ചവട സ്ഥാപനങ്ങളിൽ പോലും ഹിന്ദി ചിലവാകുന്നില്ല. അങ്ങനെയുള്ളപ്പോൾ ഒരു വാറ്റുകേന്ദ്രം കണ്ടുപിടിച്ച് അവിടം സന്ദർശിച്ച് കാര്യങ്ങൾ മനസ്സിലാക്കുക അത്ര എളുപ്പമായിരുന്നില്ല.

പെട്ടെന്ന് ദൈവദൂതയെ പോലെ ഒരു മണിപ്പൂരി സ്ത്രീ ഞങ്ങൾക്ക് മുന്നിലെത്തി. അവർ ഭംഗിയായി ഹിന്ദിയും ഇംഗ്ലീഷും സംസാരിക്കുന്നുണ്ട്. അവർ ഞങ്ങളെ തടാകത്തിന്റെ സമീപത്തുള്ള ചില വീടുകളിലേക്ക് കൂട്ടിക്കൊണ്ടുപോയി. കക്ഷി ചില്ലറക്കാരിയൊന്നുമല്ല. ഗ്രാമ മുഖ്യൻ്റെ ഭാര്യയാണ്. പേര് ഡയാന കോം. അതെ, നമ്മുടെ ബോക്സിങ് താരം മേരി കോമിൻ്റെ ഗോത്രവർഗ്ഗക്കാരി തന്നെ.

അവർ ഞങ്ങളെ കൊണ്ടുപോയ സ്ഥലങ്ങളും വീടുകളും സത്യത്തിൽ അമ്പരപ്പെടുത്തി. ആ വീടുകളിൽ എല്ലാം മദ്യ നിർമ്മാണം നടക്കുന്നുണ്ട്. പുരയിടങ്ങളിലെല്ലാം മദ്യനിർമ്മാണത്തിന് ആവശ്യമായ അരിയും മറ്റ് അസംസ്കൃത വസ്തുക്കളും കുപ്പികളും സ്റ്റിക്കറുകളും പാക്കിങ് മെറ്റീരിയലുകളും ശേഖരിച്ച് വെച്ചിരിക്കുന്നു. പല അടുപ്പുകളിലായി വിറക് കത്തിച്ച് മൂന്നു തട്ടുകളിൽ പാത്രങ്ങൾ അടുക്കി ബാഷ്പീകരിച്ച് മദ്യ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്നു. കൂടുതലായും സ്ത്രീകളാണ് ആ ജോലികളിൽ ഏർപ്പെട്ടിരിക്കുന്നത്.

അവർ ഞങ്ങൾക്ക് പല ഗ്രേഡിലുള്ള മദ്യങ്ങൾ രുചിക്കാൻ തന്നു. അതിൽ കൈവിരൽ മുക്കി തീ കൊളുത്തി അതിന്റെ വീര്യം ഞങ്ങൾ പരിശോധിച്ചു. വിരലിൽ നിന്ന് കത്തുന്നുണ്ട് ആ മദ്യം. വീടിനോട് ചേർന്നുള്ള കെട്ടിടങ്ങളിൽ വലിയ വലിയ ജാറുകളിൽ ആ മദ്യം ശേഖരിച്ചു വെച്ചിരിക്കുകയാണ്. ഒരു തീപ്പൊരി വീണാൽ, ആ പരിസരം മുഴുവൻ കത്തിച്ചാമ്പലാകാൻ പോന്നത്ര വലിയ മദ്യ ശേഖരം ഉണ്ട് അവിടെ. ദിവസവും ശരാശരി 100 ലിറ്റർ മദ്യം ഉൽപ്പാദിപ്പിക്കുന്നുണ്ട് ആ വീടുകളിൽ ഓരോന്നിലും.

ഞങ്ങൾ അതെല്ലാം വിശദമായി വീഡിയോയിൽ പകർത്തി. അവർക്കൊരു കൂസലുമില്ല, വിരോധവുമില്ല. ഒരു മദ്യനിരോധന സംസ്ഥാനത്താണ് ഇതൊക്കെ സംഭവിക്കുന്നതെന്ന് മനസ്സിലാക്കണം. അതും റോഡരികിലുള്ള വീടുകളിൽ തന്നെ. നിയമം അതിന്റെ വഴിക്ക് പോകുന്നു. മദ്യനിർമ്മാണവും ഉപഭോഗവും അതിന്റെ വഴിക്കും പോകുന്നു.

അടുത്തതായി ഡയാനാ കോം ഞങ്ങളെ കൊണ്ടുപോയത് ആൻഡ്രോ ഗ്രാമത്തിനുള്ളിൽ നെയ്ത്ത് ഉള്ള ഒരു വീട്ടിലേക്കാണ്. സ്ത്രീകൾ ഉപയോഗിക്കുന്ന മുണ്ട് പോലെയുള്ള പരമ്പരാഗത വസ്ത്രമാണ് അപ്പോൾ അവിടെ നെയ്തുകൊണ്ടിരുന്നത്. അതൊരു കമ്പിളി വസ്ത്രം കൂടെ ആയിരുന്നു. വിലയാകട്ടെ തുച്ഛമായ 500 രൂപ. അതിലൊന്ന് വേണമെന്ന് പറഞ്ഞപ്പോൾ തറിയിൽ നിന്ന് തുണി മുറിച്ചെടുത്ത് അരിക് തുന്നിത്തന്നു നെയ്ത്തുകാരി.

ഈ സമയമത്രയും ഡയാന കോം ഞങ്ങൾക്ക് വേണ്ടി ഒരു ഗൈഡിനെപ്പോലെ കാത്തു നിന്നു. ശേഷം അവരുടെ വീട് ഞങ്ങൾ സന്ദർശിക്കുകയും ഒരു കോട്ടൺ മുണ്ട് അവരിൽ നിന്ന് വാങ്ങുകയും ചെയ്തു. അവർ ഞങ്ങൾക്ക് വലിയ ബബ്ളൂസ് നാരങ്ങകൾ സമ്മാനിച്ച്, ഇനിയും ആൻഡ്രോയിൽ വരണമെന്ന് പറഞ്ഞ് യാത്രയാക്കി.

മഹാരാജ ജയ് സിങ്ങിന്റെ ശിലാ ശിഖിതം കാണാൻ വീണ്ടും ഞങ്ങൾ ചെന്നു. ഇപ്രാവശ്യം വാച്ച് മാൻ കൂടെയായ പൂജാരി സ്ഥലത്തുണ്ട്. ചെരുപ്പ് ഊരിയിട്ട് ക്ഷേത്രസമാനമായ ആ കെട്ടിടത്തിലേക്ക് കടന്ന ഞങ്ങളെ അദ്ദേഹം തീർത്ഥം തെളിച്ച് സ്വീകരിച്ചു. പക്ഷേ ഒരു വാക്കുപോലും അദ്ദേഹം ഹിന്ദിയിൽ സംസാരിക്കുന്നില്ല. മണിപ്പൂരിൽ സംസാരിച്ചത് ഒന്നും ഞങ്ങൾക്ക് മനസ്സിലായതുമില്ല.

ക്ഷേത്രസമാനമായ ആ കെട്ടിടത്തിന് അകത്തുള്ള ഒന്നും തന്നെ ചിത്രീകരിക്കാൻ അനുവാദമില്ല. ഭാഷയും തടസ്സം നിൽക്കുന്നു. ചരിത്രം പ്രചരിപ്പിക്കപ്പെടാതെ അടച്ചുപൂട്ടി വെച്ചിരിക്കുന്ന മറ്റൊരു ഇടം കൂടെ. അധികം സമയം കളയാതെ അവിടെനിന്ന് ഇറങ്ങി. സന്ദർശന പുസ്തകത്തിൽ ഫോട്ടോഗ്രാഫി അനുവദിക്കണമെന്ന് എഴുതിച്ചേർത്തിട്ടാണ് ഞാൻ പോന്നത്. മറ്റെന്ത് ചെയ്യാൻ?!

അടുത്തതായി സന്ദർശിക്കാൻ ഉള്ളത് ഇംഫാലിലെ വാർ സെമിത്തേരിയാണ്. നാഗാലാൻഡിലെ കോഹിമയിൽ ഉള്ള വാർ മ്യൂസിയത്തിന്റെ ചരിത്ര തുടർച്ച തന്നെയാണ് ഈ മ്യൂസിയത്തിനും പറയാനുള്ളത്.

ഞങ്ങൾ എത്തുമ്പോൾ ഗേറ്റ് അടച്ചിട്ടിരിക്കുന്നു പക്ഷേ സഞ്ചാരികൾ ഗേറ്റ് ചാടിക്കടന്ന് അകത്തേക്ക് പോകുന്നുണ്ട്. ഞങ്ങളും ഗേറ്റ് ചാടിക്കടന്നു.

രണ്ടാം ലോകമഹായുദ്ധകാലത്ത് ജപ്പാനുമായി പൊരുതി മരിച്ച 1600 കോമൺവെൽത്ത് പട്ടാളക്കാരെയാണ് ഇവിടെ അടക്കം ചെയ്തിരിക്കുന്നത്. അക്കൂട്ടത്തിൽ ഹിന്ദുവും ക്രിസ്ത്യാനിയും മുസ്ലീമും ജൂതനും നാഗനും സിക്കും ഒക്കെയുണ്ട്. തിരിച്ചറിയപ്പെടാതെ പോയ 40 പേർ വേറെയും. ആ കുഴിമാടങ്ങളിൽ Known unto the god എന്ന് അടയാളപ്പെടുത്തിയിരിക്കുന്നു.

മരിച്ചു കഴിഞ്ഞാൽ നിങ്ങളെ ഏറ്റെടുക്കാൻ ആരും വരുന്നില്ലെങ്കിൽ, പിന്നെ ജാതിയും മതവും ദേശവും ഭാഷയും സംസ്കാര ചടങ്ങുകളും ഒന്നും ആർക്കും ബാധകമാകുന്നില്ല എന്നും എല്ലാവർക്കും തുല്യരായി ഈ മണ്ണിൽ വിശ്രമിക്കാമെന്നും ഓർമ്മപ്പെടുത്തുന്ന ഒരു ഇടമാണ് അത്.

ജി. ആർ. നിമ്മോ എന്ന ഒരു സ്കോട്ടിഷ് മേജറിൻ്റെ കല്ലറയ്ക്ക് മുകളിൽ ഇന്ന് ആരോ അർപ്പിച്ച് പോയ വാടാത്ത പുഷ്പങ്ങളും അദ്ദേഹത്തിന്റെ വിവരങ്ങൾ അടങ്ങുന്ന ഒരു ലഘുലേഖയും കണ്ടു. അക്കാര്യത്തിലെങ്കിലും അദ്ദേഹം ഭാഗ്യവാനാണ്. അനേകം പതിറ്റാണ്ടുകൾക്ക് ശേഷവും വേണ്ടപ്പെട്ട ആരെങ്കിലുമൊക്കെ ആ കുഴിമാടം സന്ദർശിച്ച് പൂക്കൾ അർപ്പിക്കുന്നുണ്ടല്ലോ.

85000ൽപ്പരം വരുന്ന ജാപ്പാനീസ് പട്ടാളക്കാരുടെ മൂന്നിൽ രണ്ടു ഭാഗവും, 16500 കോമൺവെൽത്ത് പട്ടാളക്കാരുമാണ് രണ്ടാം ലോകമഹായുദ്ധ കാലത്ത് ഈ പ്രദേശങ്ങളിൽ ജീവൻ വെടിഞ്ഞത്.

സെമിത്തേരിക്ക് പുറത്തുള്ള മരത്തണലിൽ ചായ വിൽക്കുന്ന സ്വദേശി സ്ത്രീയിൽ നിന്ന് ചായ വാങ്ങി കുടിച്ച ശേഷം അവിടന്ന് യാത്രയായി.

കുറേനേരം ഇമ മാർക്കറ്റിൽ അലഞ്ഞ് തിരിഞ്ഞു നടന്നു. വല്ലാത്തൊരു ചന്ത തന്നെയാണ് അത്. കേരളത്തിലോ മറ്റേതെങ്കിലും സംസ്ഥാനത്തിലോ അത്രയും വലിയ ഒരു മാർക്കറ്റ് ഞാൻ കണ്ടിട്ടില്ല. 5000 മുതൽ 6000 വരെ അമ്മമാർ കച്ചവടം നടത്തുന്ന മാർക്കറ്റ് എന്ന് പറഞ്ഞാൽ ചെറിയ കാര്യമല്ലല്ലോ.

മാർക്കറ്റിന് സമീപത്തുള്ള തെരുവിൽ നിന്ന് ഭക്ഷണം കഴിച്ച് ഹോം സ്റ്റേയിലേക്ക് മടങ്ങിയപ്പോഴേക്കും എട്ടുമണി കഴിഞ്ഞിരുന്നു.

നാളെ കൻങ്കല കോട്ട സന്ദർശിച്ച ശേഷം ഇംഫാലിനോട് വിട പറയുകയാണ്.

ശുഭരാത്രി.

#greatindianexpedition2025_26
#greatindianexpedition
#niraksharan
#northeastindia
#motorhome
#northeast
#Manipur
#warcemetery
#imphal
#warcemeteryimphal

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>