Monthly Archives: May 2026

വാഹനങ്ങളിലെ മാറ്റങ്ങളും ചിരിക്കുന്ന മുഖ്യമന്ത്രിയും


11
ന്നലെ മാദ്ധ്യമങ്ങളിലും നവമാദ്ധ്യമങ്ങളിലും നിറഞ്ഞു നിന്നത് മുഖ്യമന്ത്രി ശ്രീ. വി.ഡി.സതീശന്റെ ചുണ്ട് കടിച്ചുള്ള ചിരി ആയിരുന്നു. ചിരിക്കുകയും തോളിൽ കൈയിടുകയും കെട്ടിപ്പിടിക്കുകയും ചെയ്യുന്ന ഒരു മുഖ്യമന്ത്രിയെ കിട്ടിയതിലുള്ള സന്തോഷം നല്ലൊരു വിഭാഗം ജനങ്ങളെപ്പോലെ എനിക്കുമുണ്ട്.

ഇനി വിഷയത്തിലേക്ക് കടക്കാം.

വാഹനങ്ങളിൽ അപകടകരമല്ലാത്ത രീതിയിൽ മാറ്റങ്ങൾ വരുത്താൻ അനുവദിക്കുമെന്ന് ഇലക്ഷന് മുന്നേ തന്നെ ശ്രീ.വി.ഡി. സതീശൻ പറഞ്ഞിരുന്നു. അത് ഒരുപാട് ചെറുപ്പക്കാരുടെ വോട്ടുകൾ കിട്ടാൻ സഹായിച്ചിട്ടുണ്ടാകാം. വണ്ടിഭ്രാന്തന്മാരായ ചെറുപ്പക്കാർ അവരുടെ വാഹനങ്ങളിൽ മാറ്റങ്ങൾ വരുത്തുന്നത് ചില്ലറയൊന്നുമല്ല. പക്ഷേ അത്തരം മാറ്റങ്ങൾ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ്(MVD) കണ്ടാൽ ഫൈൻ അടിക്കാനും തുടർനടപടികൾക്കും വകുപ്പുള്ളതാണ്. ‘വാഹനങ്ങളിലെ അപകടകരമല്ലാത്ത മാറ്റങ്ങൾ അനുവദിക്കും’ എന്നാണ് മുഖ്യമന്ത്രി V D Satheesan പറഞ്ഞിരുന്നത്. പഴയ ഗതാഗത വകുപ്പ് മന്ത്രി ഗണേശൻ അപ്പോൾത്തന്നെ ഈ പ്രസ്താവനയ്ക്ക് എതിരെ വന്നിരുന്നു.

നമുക്ക് ഇതിന്റെ വസ്തുകൾ ഒന്ന് പരിശോധിച്ചാലോ?

അതിന് മുൻപ് ഒരു കാര്യം സൂചിപ്പിക്കട്ടെ. വാഹനം ഷോറൂമിൽ നിന്ന് വാങ്ങിയപടി ഉപയോഗിക്കുന്ന ശീലമാണ് സാധാരണ നിലയ്ക്ക് എനിക്കുള്ളത്. വിശ്വാസി അല്ലാത്തതുകൊണ്ട് ഡാഷ്ബോർഡിൽ ദൈവങ്ങളുടെ കുഞ്ഞ് പ്രതിമയോ ഫോട്ടോ പോലും കാണില്ല എന്റെ വാഹനത്തിൽ. പക്ഷേ കഴിഞ്ഞ 3 വർഷത്തിലേറെയായി ഇന്ത്യ മുഴുവൻ വിശദമായി ചുറ്റിക്കാണണം എന്നുള്ള ആഗ്രഹം നടപ്പിലാക്കാൻ, ഒരു മോട്ടോർ ഹോം അഥവാ കാരവാൻ സജ്ജമാക്കേണ്ടി വന്നു. വാഹനത്തിൽ (Bolero XL) അടുക്കളയും കിടക്കയും ശൗചാലയവും വാട്ടർ ടാങ്കും അടക്കമുള്ള സൗകര്യങ്ങൾ ഘടിപ്പിക്കേണ്ടി വന്നു. MVD പിടികൂടിയാൽ ഫൈന് പുറമേ വാഹനം കണ്ടുകെട്ടാൻ വരെ വകുപ്പുള്ള കുറ്റങ്ങളാണ് അത്. പക്ഷേ നമ്മുടെ നാട്ടിൽ കമ്പനി നിർമ്മിതമായ ചെറിയ കാരവാനുകൾ അല്ലെങ്കിൽ ക്യാമ്പർവാനുകൾ ലഭ്യമല്ലാത്തതുകൊണ്ടും സ്വന്തം വാഹനത്തിൽ മാറ്റങ്ങൾ വരുത്തി അത്തരത്തിൽ ഒന്ന് ഉണ്ടാക്കാൻ നിയമം അനുവദിക്കാത്തത് കൊണ്ടും, കാര്യം നടക്കണമെങ്കിൽ നിയമം ലംഘിക്കേണ്ടതായി വന്നു. പിടിക്കപ്പെട്ടാൽ മറുത്ത് ഒരക്ഷരം പറയാതെ നിയമത്തിന് കീഴടങ്ങാം എന്നുള്ള തീരുമാനത്തോടെയാണ് അങ്ങനെ ചെയ്തത്. അപ്പോൾ പോലും അപകടകരമായ രീതിയിലുള്ള മാറ്റങ്ങൾ ഒന്നും വാഹനത്തിൽ വരുത്തിയിരുന്നില്ല. പുറമേ നിന്ന് കണ്ടാൽ ഇത്രയും മാറ്റങ്ങൾ വരുത്തിയ വാഹനമാണെന്ന് മനസ്സിലാക്കാനും പറ്റുമായിരുന്നില്ല. അതിന്റെ ചിത്രങ്ങളും വീഡിയോകളും ധാരാളമായി ഞാൻ സോഷ്യൽ മീഡിയയിൽ പങ്കിട്ടിട്ടുള്ളതാണ്. https://www.facebook.com/share/v/1ChJ2mxDos/

രാജ്യത്ത് ഇപ്പോഴും മോട്ടോർ ഹോം അഥവാ കാരവൻ സംസ്കാരം ഇല്ലാത്തത്, മോട്ടോർ വാഹന വകുപ്പ്, ജാംബവാന്റെ കാലത്തെ മനോനില പിന്തുടരുന്നത് കൊണ്ടാണ് എന്നാണ് എന്റെ വിലയിരുത്തൽ. കാറ് പോലുള്ള LMV-യിൽ കാരവാനുകൾക്കായി മാറ്റം വരുത്താനേ പാടില്ല എന്നാണ് നിയമം. ടെമ്പോ മുതൽ മുകളിലേക്കുള്ള വലിയ വാഹനങ്ങളിൽ നിലവിലുള്ള നിബന്ധനകൾക്ക് അനുസരിച്ച് മാറ്റങ്ങൾ വരുത്തുകയും ആവാം. എൻജിനിലോ ചാസിയിലോ (chassis) മാറ്റം വരുത്താൻ പാടില്ല എന്ന് നിയമമുണ്ട്. എന്നുവെച്ചാൽ ബോഡിയിലും ഉള്ളിലും അത്യാവശ്യം മാറ്റങ്ങൾ ആവാം.

മുൻഗതാഗത വകുപ്പ് മന്ത്രി ഗണേശൻ പറഞ്ഞത് വസ്തുതയാണ്. വാഹന സംബന്ധിയായ ഈ നിയമങ്ങൾ കേന്ദ്രത്തിൽ നിന്നുള്ളതാണ്. കേരളത്തിന് അതിൽ മാറ്റങ്ങൾ വരുത്താൻ ആവില്ല. കേരളത്തിൻ്റെ എന്നല്ല ഒരു സംസ്ഥാന മുഖ്യമന്ത്രിക്കും അതിന് കഴിയില്ല. കേന്ദ്രം തീരുമാനിച്ച് മാറ്റം വരുത്തി നടപ്പിലാക്കേണ്ട നിയമമാണ് അത്.

എന്നിട്ടും ശ്രീ.വി.ഡി.സതീശൻ Chief Minister VDS എന്തുകൊണ്ട് ഈ വാഗ്ദാനം മുന്നോട്ട് വെച്ചു? അതാണ് വിശകലനം ചെയ്യാൻ ഉദ്ദേശിക്കുന്നത്.

മുകളിൽ ഞാൻ സൂചിപ്പിച്ച എന്റെ മോട്ടോർ ഹോമുമായി ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ചുറ്റിയടിച്ചപ്പോൾ ഉണ്ടായ അനുഭവങ്ങളുടെ വെളിച്ചത്തിൽ ഇത് വിശദീകരിക്കാനും അപഗ്രഥിക്കാനും ശ്രമിക്കാം.

2024-ൽ രാജസ്ഥാനിലെ ജയ്സാൽമേറിൽ വെച്ച്, നോ പാർക്കിങിൽ എന്റെ മോട്ടോർ ഹോം വാഹനം ഇട്ടതിന് ലോക്കൽ പൊലീസ് എനിക്ക് ഫൈൻ ചീട്ട് എഴുതാൻ തുടങ്ങി. സത്യത്തിൽ, നോ പാർക്കിംഗ് ബോർഡ് ഇല്ലാത്ത ചെറിയ ഒരു മൈതാനം ആയിരുന്നു അത്. ഇക്കാര്യം സൂചിപ്പിച്ച് ഞാൻ തർക്കം തുടങ്ങി.

“ഇത് നോ പാർക്കിങ്ങ് ആണെന്ന് ഇവിടെ എല്ലാവർക്കും അറിയുന്ന കാര്യമാണ് “…. എന്നായിരുന്നു പൊലീസിൻ്റെ മറുപടി.

“കേരളത്തിൽ നിന്നും ഇത്തരത്തിൽ ഒരു മോട്ടോർഹോമിൽ യാത്ര ചെയ്ത് വരുന്ന ഞാൻ, ബോർഡ് ഇല്ലെങ്കിൽ എങ്ങനെയാണ് ഇത് നോ പാർക്കിംഗ് ആണെന്ന് അറിയുക?”

പൊലീസുകാർ വീണ്ടും എൻ്റെ വാഹനത്തിനടുത്തേക്ക് വന്ന് അതിനെ വിശദമായി പരിശോധിച്ചു. മോട്ടോർ ഹോം സൗകര്യങ്ങൾ കണ്ട് ആശ്ചര്യം പ്രകടിപ്പിച്ചു. അതിന്റെ പടങ്ങൾ എടുത്ത് വീട്ടിലുള്ള വണ്ടിഭ്രാന്തന്മാർ മക്കൾക്കും മറ്റ് സുഹൃത്തുക്കൾക്കും അയച്ചു കൊടുത്തു. ശേഷം, എന്റെ ഫൈൻ റദ്ദാക്കി, യാത്രയുടെ വിശദാംശങ്ങൾ ചോദിച്ചറിഞ്ഞ് എന്നെ പോകാൻ അനുവദിച്ചു.

പറഞ്ഞുവന്നത്…. രാജസ്ഥാൻ പൊലീസുകാർക്ക് വേണമെങ്കിൽ, വാഹനത്തിൽ മോഡിഫിക്കേഷൻ നടത്തിയെന്ന് പറഞ്ഞ് ഫൈൻ അടിച്ചേൽപ്പിക്കാമായിരുന്നു. നിയമത്തിലുള്ള അജ്ഞത കൊണ്ടാണോ അതോ എന്നെപ്പോലൊരു സഞ്ചാരിയോട് കാണിച്ച അനുകമ്പ കൊണ്ടാണോ അങ്ങനെയൊരു നടപടി ഉണ്ടായില്ല. MVD ചെയ്യേണ്ട ജോലി പൊലീസുകാർ ചെയ്യേണ്ട എന്ന് തീരുമാനിച്ചതാകാനും മതി. അതെന്തായാലും തൽക്കാലം ഞാൻ രക്ഷപ്പെട്ടു.

തികച്ചും വ്യത്യസ്തമായ ഒരനുഭവം ഹരിയാനയിൽ വെച്ചും ഉണ്ടായി. അപ്പോൾ ഞാൻ ഓടിച്ചിരുന്നത് മേൽപ്പറഞ്ഞ അതേ കാരവൻ തന്നെ. ആ സമയത്ത്, ഹരിയാനയിലുള്ള മലയാളി സുഹൃത്ത് ബ്രിട്ടോയും Britto Zacharias വാഹനത്തിൽ ഉണ്ടായിരുന്നു. ഇപ്രാവശ്യം പൊലീസ് പിടിച്ചത് 10 വർഷത്തിൽ അധികം പഴക്കമുള്ള വാഹനം ഓടിച്ചതിനാണ്. നാഷണൽ ക്യാപ്പിറ്റൽ റീജിയണിൽ (NCR), അത്രയും പഴക്കമുള്ള വാഹനങ്ങൾ നിരോധിച്ചിട്ടുണ്ട്. ഡൽഹിയും പരിസരപ്രദേശങ്ങളും ആണ് NCR എന്ന് എനിക്കറിയാമായിരുന്നു എങ്കിലും ഹരിയാനയിലെ ഗുഡ്ഗാവിൽ ഈ പ്രശ്നം ഉണ്ടെന്ന് അറിയില്ലായിരുന്നു.

₹25000 ഫൈനിന് പുറമേ വാഹനം കണ്ടുകെട്ടുമെന്നും പൊലീസുകാർ പറഞ്ഞു. അപ്പോൾപ്പോലും വാഹനത്തിലെ മോഡിഫിക്കേഷൻ്റെ പേരിൽ ഒരു പ്രശ്നവും അവർ ഉന്നയിച്ചില്ല. രാജസ്ഥാൻ പൊലീസിനെപ്പറ്റിയുള്ള മേൽപ്പറഞ്ഞ എന്റെ നിഗമനങ്ങൾ പോലെ തന്നെ ആയിരിക്കാം ഹരിയാന പോലീസിന്റെ കാര്യത്തിലും ഉണ്ടായത്. കാര്യമായ പരുക്കില്ലാതെ അവിടന്നും ഞാൻ തടിയൂരി. (ഇത് വിശദമായി തന്നെ മുൻപ് എഴുതിയിരുന്നു.)

മടക്കയാത്രയിൽ പനാജി കഴിഞ്ഞതും ഗോവൻ പോലീസ് പൊക്കി. അമിതവേഗം ആയിരുന്നു കാരണം പറഞ്ഞത്. പക്ഷേ അവരുടെ ക്യാമറ വിശദമായി പരിശോധിച്ചപ്പോൾ അമിതവേഗത്തിൽ കടന്നുപോയത് മറ്റൊരു കാറുകാരൻ ആയിരുന്നു. ഞാൻ വേഗ പരിധി തെറ്റിച്ചിട്ടില്ലായിരുന്നു. പക്ഷേ അതിനിടയ്ക്ക് പൊലീസുകാരൻ എന്റെ വാഹനത്തിനുള്ളിലെ മാറ്റങ്ങൾ ശ്രദ്ധിച്ചു.

” ഇതെല്ലാം നിയമവിരുദ്ധമാണ്. ഇതിന് വേറെ ഫൈൻ ഉണ്ട്. “ എന്നായി പൊലീസുകാരൻ.

“സഞ്ചാരിയാണ്. നിരക്ഷരനാണ്. ഒരു ഗതിയും പരഗതിയും ഇല്ലാത്തവനാണ്.”…. എന്നൊക്കെ ഞാൻ പ്രാരാബ്ദ്ധങ്ങളുടെ ഭാണ്ഡം തുറന്നു.

സത്യത്തിൽ ഗോവൻ പൊലീസിന് ഫൈൻ അടിക്കാമായിരുന്നു. അങ്ങേർക്ക് നിയമം അറിയാമെന്ന് വ്യക്തം. പക്ഷേ…

“ഇതെല്ലാം MVD-യുടെ ജോലിയാണ്. മാത്രമല്ല താങ്കളുടെ യാത്ര അലോസരപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല.”… എന്ന് പറഞ്ഞ് പൊലീസുകാരൻ ദയ കാണിച്ചു. നന്ദി പറഞ്ഞ് ഞാൻ സ്കൂട്ടായി.

ഈ അനുഭവങ്ങളിൽ നിന്ന് ഞാൻ മനസ്സിലാക്കുന്നത്, നിയമം കേന്ദ്രത്തിന്റേത് ആണെങ്കിലും, അത് നടപ്പിലാക്കേണ്ടത് അതാത് സംസ്ഥാനങ്ങളാണ്. ഏത് തരത്തിലുള്ള മോഡിഫിക്കേഷനുകൾ വരെ അനുവദിക്കാം അല്ലെങ്കിൽ കണ്ണടയ്ക്കാം എന്ന വിവേചന അധികാരം അല്ലെങ്കിൽ ഔദാര്യം സംസ്ഥാന സർക്കാരിനുണ്ട്. അതുതന്നെ ആകും തന്റെ പ്രസ്താവനയിലൂടെ ശ്രീ.വി.ഡി.സതീശൻ ഉദ്ദേശിച്ചതും.

അപകടകരമായ മാറ്റങ്ങൾ വരുത്തിയിട്ടുള്ള വാഹനങ്ങൾ പിടികൂടും. അതായത്……

1. പുറത്തേക്ക് ചാടി നിൽക്കുന്ന ടയറുകളോ വാഹനഭാഗങ്ങളോ ഉള്ള വാഹനങ്ങൾ.

2. ചാസികളിലും എൻജിനിലും മാറ്റം വരുത്തിയിട്ടുള്ള വാഹനങ്ങൾ.

3. കാതടപ്പിക്കുന്ന ശബ്ദമുള്ള എക്ട്രാ ഹോണുകൾ പിടിപ്പിച്ച വാഹനങ്ങൾ.

4. സൈലൻസറിൽ മാറ്റം വരുത്തി വായു മലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങൾ.

5. മോഡിഫിക്കേഷൻ കാരണം റോഡിലുള്ള മറ്റ് വാഹനങ്ങൾക്കോ കാൽനടക്കാർക്കോ അപകടങ്ങൾ ഉണ്ടാക്കാൻ പോന്ന തരത്തിലുള്ള വാഹനങ്ങൾ.

എന്നിങ്ങനെയുള്ള വാഹനങ്ങൾ നിരത്തിൽ അനുവദിച്ചെന്ന് വരില്ല. അല്ലാതെയുള്ള വാഹനങ്ങളെ ഒഴിവാക്കിയെന്ന് വരാം. ഇത്തരത്തിൽ സർക്കാർ തീരുമാനിച്ച് കണ്ണടയ്ക്കേണ്ട വാഹനങ്ങൾ ഒഴിവാക്കി വിടാൻ MVD-ക്ക് നിർദ്ദേശം നൽകിയാൽ, മുഖ്യമന്ത്രി കണ്ണിറുക്കി കാണിച്ച ആ വാഗ്ദാനം സുഖസുന്ദരമായി നടപ്പിലാക്കാനാവും. കേന്ദ്രത്തിൽ നിന്ന് ആരും വന്ന് ചോദ്യം ചെയ്യാൻ പോകുന്നില്ല. അഥവാ അങ്ങനെയൊരു ചോദ്യം ചെയ്യൽ ഉണ്ടായാൽ കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളിലെ നല്ലൊരു ശതമാനം വാഹനങ്ങൾ നിരത്തിലിറക്കാൻ പറ്റില്ല. മറ്റ് സംസ്ഥാനങ്ങളിൽ മോഡിഫിക്കേഷൻ്റെ അയ്യര് കളിയാണ്. വാളയാറിന് പുറത്തേക്ക് വാഹനം ഓടിച്ചിട്ടുള്ളവർക്ക് അത് കൃത്യമായി ബോദ്ധ്യമുള്ള കാര്യമായിരിക്കും.

(മുകളിലെ 5 ഇനങ്ങൾ ഞാൻ ഊഹിക്കുന്നത് മാത്രമാണ്. MVD-യ്ക്ക് അതിൽ കൂടുതലും ലിസ്റ്റിൽ ചേർക്കാം. കാരണം ഇത് സർക്കാരിന്റെ ഒരു വരുമാന മാർഗ്ഗം കൂടെയാണ്.)

ചെറുപ്പക്കാർക്ക് മുഖ്യമന്ത്രി നൽകിയ വാഗ്ദാനം ഇത്തരത്തിലാണ് നടപ്പിലാക്കാൻ പോകുന്നത് എന്നാണ് ഞാൻ ഊഹിക്കുന്നത്. ഷഷ്ടിപൂർത്തിയുടെ വക്കത്ത് എത്തിനിൽക്കുന്ന എനിക്കും മുഖ്യമന്ത്രിയുടെ ഈ വാഗ്ദാനം ഏറെ ആശ്വാസം നൽകുന്നുണ്ട്. കാരണം, ഹരിയാന പോലീസ് പിടികൂടിയ വാഹനം മൈസൂരിൽ കൊണ്ടുചെന്ന് സ്ക്രാപ്പ് ചെയ്ത് കളഞ്ഞെങ്കിലും അതിനുശേഷം വാങ്ങിയ വാഹനത്തിൻ്റെ ഉള്ളിലും കിടക്കാനും പാചകം ചെയ്യാനുമുള്ള സൗകര്യങ്ങൾ ഒരുക്കി തന്നെയാണ് ഞാൻ യാത്ര തുടർന്നത്. ഇനിയങ്ങോട്ടുള്ള രണ്ടോ മൂന്നോ വർഷങ്ങളിലും, ഇതുപോലുള്ള മാറ്റങ്ങൾ വാഹനത്തിൽ വരുത്തിയാൽ മാത്രമേ Great Indian Expedition എന്ന എന്റെ ഇന്ത്യൻ യാത്രകൾ തുടരാനും പൂർത്തിയാക്കാനും കഴിയൂ.

ആയതിനാൽ, ഇന്നലെ മുഖ്യമന്ത്രി കണ്ണിറുക്കി ചിരിച്ചത് എന്റെ കൂടെ പ്രതീക്ഷകൾക്ക് നേരെയാണ് എന്നുള്ളതിൽ സംശയമില്ല. എത്തരത്തിലുള്ള മാറ്റങ്ങൾ വരെ അനുവദിക്കും, അപകടകരമായ ഏതെല്ലാം മാറ്റങ്ങൾ അനുവദിക്കില്ല എന്ന കൃത്യമായ നിബന്ധനയോടെ മോട്ടോർ വാഹന വകുപ്പിലേക്ക് മുഖ്യമന്ത്രിയുടെ നിർദ്ദേശം ഉണ്ടാകും എന്ന് പ്രതീക്ഷയോടെ ഞാനും കാത്തിരിക്കുന്നു.

ഇനി അഥവാ ഈ പ്രതീക്ഷ ആസ്ഥാനത്തായാലും, എനിക്ക് യാത്ര തുടരാതിരിക്കാൻ ആവില്ല. അതിനായി ചില്ലറ മാറ്റങ്ങൾ വാഹനത്തിൽ വരുത്തിയേ പറ്റൂ. മാറ്റങ്ങൾ വരുത്തിയ വാഹനം പിന്നെ ഞാൻ കേരളം കാണിക്കില്ല. കേരളത്തിന് പുറത്ത് ഈ നിയമങ്ങളൊക്കെ എത്തരത്തിലാണ് പരിപാലിക്കപ്പെടുന്നതെന്ന് മുകളിലെ ഉദാഹരണങ്ങളിൽ നിന്ന് വ്യക്തമാണല്ലോ. അത്രേയുള്ളൂ കാര്യം.

നിയമലംഘനം അല്പം പോലും ആഗ്രഹിക്കുന്നില്ല. പക്ഷേ കാലത്തിനനുസരിച്ച് നിയമങ്ങൾ മാറിയില്ലെങ്കിൽ, ഒഒരാൾ മണ്ണടിഞ്ഞ് പോകുന്നതിന് മുൻപ് മറ്റാർക്കും ഉപദ്രവമില്ലാതെ ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ എങ്ങനെ നടപ്പിലാക്കുമെന്നാണ്?

വാൽക്കഷണം:- ചെറു വാഹനങ്ങളിലും കാര്യമായ മാറ്റങ്ങൾ വരുത്താനുള്ള നിയമങ്ങൾ കേന്ദ്രത്തിന്റെ ഭാഗത്തു നിന്ന് കൊണ്ടുവരണമെന്ന് അഭ്യർത്ഥിച്ച്, കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രിക്ക് ഒരു കത്ത് എഴുതി തുടങ്ങിയിട്ട് കുറച്ചുനാളായി. മടിയും നിരക്ഷരത്വവുമാണ് ആ കത്ത് പൂർത്തിയാക്കുന്നതിൽ നിന്ന് പിന്നോട്ടടിപ്പിക്കുന്നത്. കേരളത്തിലെ വണ്ടി ഭ്രാന്തന്മാർ എല്ലാവരും കൂട്ടത്തോടെ അത്തരത്തിലുള്ള കത്തുകൾ കേന്ദ്രത്തിലേക്ക് അയച്ച് കാലഘട്ടത്തിന് അനുയോജ്യമായ നിയമ മാറ്റങ്ങൾ ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കാൻ വൈകിയിരിക്കുന്നു. കാരവൻ പോലുള്ള സംവിധാനങ്ങൾ വന്നാൽ ഇന്ത്യയുടെ സഞ്ചാര ഭൂപടത്തിന് തന്നെയാണ് മാറ്റം ഉണ്ടാകാൻ പോകുന്നത്. ആഡംബര കാറുകളിൽ സഞ്ചരിക്കുന്ന മന്ത്രിമാർക്ക് അത് സ്വയം മനസ്സിലാകണമെന്നില്ല. നമ്മൾ പറഞ്ഞ് ബോദ്ധ്യപ്പെടുത്തി കൊടുക്കേണ്ടി വരും.