ചിക്കൻ പോക്സിൽ നിന്ന് ഒളിച്ചോടേണ്ടതുണ്ടോ?


Chicken-Pox
ചിക്കൻ പോക്സ് വന്ന് കോട്ടയത്ത് ഒരാൾ മരിച്ചു. ഈ വിഷയത്തിൽ ഡോ: മനോജ് വെള്ളനാട് എഴുതിയ വളരെ ഉപകാരപ്രദമായ ഫേസ്ബുക്ക് ലേഖനത്തിന് കീഴെ ഞാനെഴുതിയ ദീർഘമായ കമൻ്റാണ് താഴെ.

“ വിസിറ്റേർസിനോട് ഗെറ്റ് ഔട്ട് ഹൗസ് എന്ന് തന്നെ പറയണം“ എന്ന് ഡോക്ടർ പറയുന്ന പോയൻ്റിനോട് വിയോജിപ്പുണ്ട്.

പല വിദേശരാജ്യങ്ങളിലും ചിക്കൻ പോക്സ് വന്ന് കഴിഞ്ഞാൽ കുടുംബസുഹൃത്തുക്കളേയും സുഹൃത്തുക്കളേയും ബന്ധുക്കളേയുമൊക്കെ വിളിച്ചുകൂട്ടി പാർട്ടി നടത്തുന്ന ശീലമുണ്ട്. ഗർഭിണികളെ മാത്രം അതിൽ നിന്ന് മാറ്റി നിർത്തും.

ഇങ്ങനെ സൽക്കാരം നൽകുന്നതിൻ്റെ ലക്ഷ്യം,… അതുവരെ ചിക്കൻ പോക്സ് വന്നിട്ടില്ലാത്തവരിലേക്ക് അത് പടർത്തുക എന്നത് തന്നെയാണ്. ഈ ശീലം കാലാകാലങ്ങളായി നടത്തിക്കൊണ്ട് പോകുന്ന ഒരു കമ്മ്യൂണിറ്റിയിൽ, പ്രായമായവർക്ക് ചിക്കൻ പോക്സ് അതിനകം വന്ന് പോയിട്ടുണ്ടാകും. അവർക്ക് പിന്നീട് വരാനുള്ള സാദ്ധ്യത വിരളം.

(എറണാകുളത്ത് എല്ലാ സീസണിലും ചിക്കൻ പോക്സ് വരുന്ന ഒരാളെ എനിക്കറിയാം. അതെല്ലാം അപൂർവ്വങ്ങളിൽ അപൂർവ്വമാണ്.)

എന്നുവെച്ചാൽ, അവരുടെ കൂട്ടത്തിൽ, കുട്ടികൾക്കാണ് ഈ അസുഖം വരാതെ ബാക്കി കാണുക. കുട്ടികൾക്ക് കൂടെ ഈ സൽക്കാരം കഴിയുന്നതോടെ ചിക്കൻ പോക്സ് വരും. എന്നുവെച്ചാൽ അവർ കുട്ടികൾക്ക് ചെറുപ്പത്തിലേ ചിക്കൻ പോക്സ് വരുത്തി ഇമ്മ്യൂണിറ്റി ഉണ്ടാക്കാൻ താൽപ്പര്യപ്പെടുന്നു. അതുകൊണ്ട് പല ഗുണങ്ങൾ ഉണ്ട്. എൻ്ററിവിൽ ചെറുപ്രായത്തിൽ വലിയ വേദനകളും പ്രശ്നങ്ങളും ഇല്ലാതെ ചിക്കൻ പോക്സ് വന്ന് പോകുന്നു. പ്രായമാകുന്തോറും പ്രശ്നം കൂടുതലാണ്. (ഈ കേട്ടറിവ് തെറ്റാണെങ്കിൽ തിരുത്തുക).

മറ്റൊരു ഗുണം എൻ്റെ അനുഭവത്തിൽ നിന്ന് പറയാം. എൻ്റെ ചേച്ചിയുടെ മകൻ്റെ പത്താം ക്ലാസ്സ് പരീക്ഷക്കാലത്ത്, നാട്ടിൽ ചിക്കൻ പോക്സ് പടർന്ന് പിടിച്ചു. വീട്ടിലും ഒരുമിക്ക എല്ലാവർക്കും വന്നു. ഞാനന്ന് വീട്ടിൽ ഇല്ലാത്തതുകൊണ്ട് എന്നെ ബാധിച്ചില്ല. അന്ന് അവനെ മറ്റേതോ ഒരു സുഹൃത്തിൻ്റെ വീട്ടിൽ കൊണ്ടുപോയി ഒളിവിൽ താമസിപ്പിച്ചാണ് രോഗത്തിൽ നിന്ന് രക്ഷപ്പെട്ടത്.

പരീക്ഷക്കാലത്ത് മറ്റൊരിടത്ത് പോയി നിൽക്കേണ്ടി വരുന്നത് കുട്ടികളുടെ താളം തെറ്റിക്കാം. പരീക്ഷകൾ മോശമാകാം. പത്താം ക്ലാസ്സ് പരീക്ഷക്കാലത്ത് റിസ്ക് എടുക്കാനുമായില്ല. സായിപ്പിന് അങ്ങനെ പിള്ളേരെ മറ്റൊരിടത്ത് കൊണ്ടാക്കുന്ന സംസ്ക്കാരം ഇല്ല. അത്തരത്തിൽ ഏറ്റെടുക്കാൻ പോന്ന ഒരാളും ഉണ്ടാകുകയുമില്ല. ആയതിനാൽ കുട്ടികൾക്ക് 10 വയസ്സ് ആകുന്നതിന് മുൻപ് ഇത്തരം പാർട്ടികളിൽ പങ്കെടുത്ത് പരസ്പ്പരം കെട്ടിപ്പിടിച്ചും കെട്ടിമറിഞ്ഞും അവർ ചിക്കൻ പോക്സ് വരുത്തി പ്രതിരോധിക്കുന്നു. പത്താം ക്ലാസ്സ് പരീക്ഷ, അതായത് 15 വയസ്സ് ആകുമ്പോഴേക്കും സായിപ്പ് കുഞ്ഞുങ്ങൾക്ക് ചിക്കൻ പോക്സ് വന്ന് പോയിട്ടുണ്ടാകും. ജീവിതത്തിൽ പിന്നങ്ങോട്ട് എല്ലാം പരീക്ഷകളും പ്രധാനപ്പെട്ട ഇവൻ്റുകളുമൊക്കെയാണ്. അതൊക്കെ ചിക്കൻ പോക്സിനെ പേടിച്ച് മാറ്റിവെക്കുകയോ ഒളിച്ച് നിൽക്കുകയോ ചെയ്യുന്നതിന് പകരം ചെറുപ്രായത്തിൽത്തന്നെ പിടികൊടുക്കുന്നതിനെപ്പറ്റി നമ്മുടെ ആരോഗ്യരംഗം എന്തുകൊണ്ട് ആലോചിക്കുന്നില്ല?

കൊറോണ വന്നപ്പോളും ഇത്തരമൊരു നീക്കം ചില വികസിത രാജ്യങ്ങളിലെ ആരോഗ്യരംഗത്തെ തലവന്മാരുടെ ഭാഗത്ത് നിന്ന് ഉണ്ടായതാണ്. കൊറോണ വീണ്ടും വരുമെന്ന് അറിഞ്ഞിട്ടാണോ അറിയാതെയാണോ അത്തരം നീക്കങ്ങൾക്ക് അവർ തുനിഞ്ഞതെന്ന് അറിയില്ല.

എന്തായാലും ബഹുഭൂരിപക്ഷത്തിനും ഒരിക്കൽ വന്നാൽ പിന്നെ വരാത്ത ഒരു രോഗത്തിൽ നിന്ന് ഒളിച്ചോടുകയല്ല, അതിന് പിടികൊടുക്കുകയാണ് വേണ്ടതെന്നാണ് എൻ്റെ അഭിപ്രായം. നമ്മുടെ ആരോഗ്യരംഗവും ഉദ്യോഗസ്ഥരും ഇങ്ങനൊരു കാര്യം കേട്ടിട്ട് പോലും ഉണ്ടാകില്ല. കേട്ടാലും ഇതേപ്പറ്റി പഠിക്കാൻ കൊറോണ ബാധിച്ച സായിപ്പിൻ്റെ നാട്ടിലേക്കും വീട്ടിലേക്കും പഠനമെന്ന പേരിൽ ടൂർ പോകാൻ പോലും ആർക്കും താൽപ്പര്യം ഉണ്ടാകില്ല.

വാൽക്കഷണം:- ഏതോ ഒരു ദേവിയുടെ കടാക്ഷമാണ് ചിക്കൻ പോക്സ് എന്നൊക്കെ പറയുന്നത് കേട്ടിട്ടുണ്ട്. പക്ഷേ മറ്റെല്ലാ അർത്ഥത്തിലും സമ്പൂർണ്ണ വിശ്വാസി ആണെങ്കിലും ഈ ഒരു കാര്യത്തിൽ മാത്രം ദേവിയെ പടിക്ക് പുറത്ത് നിർത്താൻ പലർക്കും വിശ്വാസം ഒരു തടസ്സമാകുന്നില്ല.

Comments

comments

One thought on “ ചിക്കൻ പോക്സിൽ നിന്ന് ഒളിച്ചോടേണ്ടതുണ്ടോ?

  1. എന്തിന് വളഞ്ഞ് മൂക്കു പിടിക്കുന്നു?? വാക്സിന്‍ എടുത്താല്‍ മതിയല്ലോ.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>