ഈ യാത്രാവിവരണം മനോരമ ഓണ്‍ലൈനില്‍ വന്നപ്പോള്‍ .
ശ്രാവണബേളഗോളയിലെത്തി ഗോമടേശ്വരനെക്കണ്ടുകഴിഞ്ഞപ്പോഴേക്കും വൈകുന്നേരമായി. ഹസ്സന്‍ ജില്ലയിലെ(കര്‍ണ്ണാടക) അടുത്ത ലക്ഷ്യമായ ബേലൂര്‍ പട്ടണത്തിലേക്ക് വളരെ ആസ്വദിച്ച് മെല്ലെയാണ് സഹയാത്രികന്‍ ഹരി വണ്ടിയോടിച്ചിരുന്നത്. അതുകൊണ്ടുതന്നെ ബേലൂരെത്തിയപ്പോളേക്കും സൂര്യനസ്തമിച്ചുകഴിഞ്ഞിരുന്നു.
രാവിലെ ബാംഗ്ലൂരുനിന്ന് തുടങ്ങിയ യാത്രയാണ്. വിന്ധ്യഗിരിമലകയറ്റവും, ചുറ്റിത്തിരിയലും വാഹനമോടിക്കലുമൊക്കെയായി ഹരിയും, ഞാനും ക്ഷീണിച്ചിരുന്നു. ഇനി എവിടെയെങ്കിലും തങ്ങി ഭക്ഷണമൊക്കെ കഴിച്ച് വിശ്രമിച്ച് നാളെയാകാം ബാക്കിയുള്ള സഞ്ചാരമെന്ന് തീരുമാനിച്ചു. അല്ലെങ്കിലും ഇരുട്ടത്ത് എന്ത് കാഴ്ച്ച കാണാനാണ് ?
മുന്‍കൂട്ടി ബുക്കിങ്ങ് ഒന്നും നടത്തിയിട്ടില്ലെങ്കിലും ബേലൂര്‍ പട്ടണത്തില്‍‘ഹോട്ടല്‍ മയൂര വേലാപുരി’യില്‍ ഒരു മുറി കിട്ടാന്‍ ബുദ്ധിമുട്ടൊന്നുമുണ്ടായില്ല. ഭക്ഷണമൊക്കെ കഴിച്ച് അടുത്ത ദിവസത്തെ യാത്രയ്ക്കാവശ്യമായ അത്യാവശ്യം തയ്യാറെടുപ്പുകളൊക്കെ നടത്തിയ ശേഷം കട്ടിലിലേക്ക് മറിഞ്ഞതും നിദ്രാദേവി കനിഞ്ഞു.
“സ്നാന ആയിട്ടാ ? “
പരിചയമില്ലാത്ത ഭാഷയില്‍ ഒരു സ്ത്രീശബ്ദം കേട്ടാണ് രാവിലെ ഉറക്കമുണര്‍ന്നത്.
റൂം സര്‍വ്വീസ് സ്ത്രീയും, ഹരിയും അതിഭയങ്കരമായി കന്നടയില്‍ ‘ഗൊത്തി’ക്കൊണ്ടിക്കുകയാണ്.ഹരി രാവിലെ തന്നെ ഉണര്‍ന്ന് പുകഞ്ഞുകൊണ്ടിരിക്കുന്ന ഒരു സിഗററ്റിന്റെ മറുതലയ്ക്ക് കടിച്ചുതൂങ്ങിയിട്ടുണ്ട്.അധികം താമസിയാതെ 2 വലിയ ബക്കറ്റില്‍ ചൂടുവെള്ളമെത്തി. അല്‍പ്പം തണുപ്പുള്ള ദിവസങ്ങളായിരുന്നു.കുളിക്കണമെങ്കില്‍ ചൂടുവെള്ളമില്ലാതെ പറ്റില്ല.
പ്രഭാതകൃത്യങ്ങളൊക്കെ കഴിഞ്ഞ് ഹോട്ടല്‍ മുറി വേക്കേറ്റ് ചെയ്ത് വെളിയിലിറങ്ങി. പുറത്തെ തെരുവിലുള്ള ഹോട്ടലുകളിലൊന്നില്‍ നിന്ന് ബ്രേക്ക്‍ഫാസ്റ്റ് കഴിച്ച് ആ ദിവസത്തെ യാത്ര ആരംഭിച്ചു. അതേ തെരുവിലൂടെ 200 മീറ്ററോളം പോയാല്‍ ചെന്നെത്തുന്നത് ലക്ഷ്യസ്ഥാനമായ ബേലൂര്‍ ചെന്നകേശവ ക്ഷേത്രത്തിലേക്കാണ്.
പാദരക്ഷയിട്ട് അകത്തേക്ക് പ്രവേശനമില്ല. ഷൂ വാഹനത്തില്‍ത്തന്നെ ഊരിയിട്ട് കാമശാസ്ത്രശില്‍പ്പങ്ങളടക്കമുള്ള ബിംബങ്ങളാല്‍ അലംകൃതമായതും, മെറ്റല്‍ ഡിക്‍റ്റക്‍റ്റര്‍ ഘടിപ്പിച്ചതുമായ ക്ഷേത്രഗോപുരത്തിന്റെ വാതിലിലൂടെ അകത്തേക്ക് കടന്നു.
രാജഭരണകാലത്ത് ഹോയ്‌സള രാജവംശത്തിന്റെ തലസ്ഥാനമായിരുന്ന ബേലൂരിലെ പ്രധാന ആകര്‍ഷണമാണ് ചെന്നകേശവക്ഷേത്രം. സുന്ദരനായ വിഷ്ണു എന്നാണ് ചെന്നകേശവ എന്ന പദം കൊണ്ട് അര്‍ത്ഥമാക്കുന്നത്. വിഷ്ണുവിന്റെ വാഹനമായ ഗരുഡന്റെ ഒരു കല്‍പ്രതിമ കൊടിമരത്തിന് കീഴെത്തന്നെയുണ്ട്.
ഹൊയ്‌സള ക്ഷേത്രനിര്‍മ്മാണരീതികളുടെ മകുടോദാഹരണമാണ് ബേലൂര്‍ ചെന്നകേശവക്ഷേത്രം എന്നുള്ളതുകൊണ്ടുതന്നെ സഞ്ചാരികളുടേയും, ചരിത്രകാരന്മാരുടേയുമൊക്കെ കണ്ണില്‍ ഇന്നും ഈ ക്ഷേത്രം ഒരത്ഭുതമായി നിലകൊള്ളുന്നു.
ഇത്തരം ചരിത്രപ്രധാനമായ സ്ഥലങ്ങളില്‍ച്ചെന്നാല്‍ ഒരു ഗൈഡിന്റെ സഹായം അത്യാവശ്യമാണ്. അല്ലെങ്കില്‍ കഥയറിയാതെ ആട്ടം കണ്ട് മടങ്ങിപ്പോരാം. 150 രൂപയ്ക്ക് കര്‍ണ്ണാടക സര്‍ക്കാറിന്റെ അംഗീകൃത ഗൈഡിന്റെ സേവനം ലഭ്യമാണ്. മജ്ഞുനാഥ് എന്നുപേരുള്ള ഗൈഡിനൊപ്പം ക്ഷേത്രനടയിലേക്ക് നടക്കുമ്പോള്‍ത്തന്നെ ചരിത്രവും, പുരാണവുമൊക്കെച്ചേര്‍ന്നുള്ള ക്ഷേത്രമഹിമയുടെ ഉറുക്കഴിക്കാന്‍ തുടങ്ങിയിരുന്നു അദ്ദേഹം.
1117ല്‍ ചോളരാജാക്കന്മാര്‍ക്ക് മേലെ കൈവരിച്ച വിജയത്തെ അനുസ്മരിപ്പിക്കാന്‍ വേണ്ടിയാണ് വിഷ്ണുവര്‍ദ്ധന രാജാവ് ഈ ക്ഷേത്രം നിര്‍മ്മിക്കാനാരംഭിച്ചത്. (വിഷ്ണുവര്‍ദ്ധന മഹാരാജാവ് ജൈനമതം ഉപേക്ഷിച്ച് വൈഷ്ണവനായിത്തീര്‍ന്നതുകൊണ്ടാണീ ക്ഷേത്രം ഉണ്ടാക്കിയതെന്ന് മറ്റൊരു ഭാഷ്യവുമുണ്ട്.)
ക്ഷേത്രകവാടത്തിന് ഇടതുവശത്തുകാണുന്ന, പുലിയെ ആക്രമിച്ച് കീഴടക്കാന്‍ ശ്രമിക്കുന്ന മനുഷ്യന്റെ പ്രതിമ ഹോയ്‌സള രാജവംശത്തിന്റെ പ്രതീകമായി എല്ലാ ഹോയ്‌സള ക്ഷേത്രങ്ങളിലും, കൊട്ടാരങ്ങളിലുമൊക്കെ കാണുന്ന രാജചിഹ്നമാണത്രേ.
കവാടത്തിന്റെ മുകളിലും വശങ്ങളിലും എന്നുവേണ്ട ക്ഷേത്രത്തിന്റെ ഓരോ മുക്കും മൂലയും അതിസങ്കീര്‍ണ്ണമായ കൊത്തുപണികള്‍ കൊണ്ട് മോടിപിടിപ്പിച്ചിരിക്കുന്നു.
ക്ഷേത്രത്തിനകത്ത് കടക്കുന്നതിന് മുന്‍പ് പുറത്തുള്ള കൊത്തുപണികള്‍ കണ്ട് മനസ്സിലാക്കി പോകുന്നതാണ് നല്ലതെന്നുള്ള മജ്ഞുനാഥിന്റെ നിര്‍ദ്ദേശമനുസരിച്ച് വെളിയിലൂടെ ഒരു പ്രദക്ഷിണമാണ് ആദ്യം നടത്തിയത്. ഓരോ അടി നീങ്ങുന്തോറും മുന്നില്‍ വന്നുപെട്ട ക്ഷേത്രകലയുടെ ദൃശ്യങ്ങള്‍ ഞങ്ങളെ അത്ഭുതപരതന്ത്രരാക്കിക്കൊണ്ടിരുന്നു.
പല പടയോട്ടക്കാലങ്ങളിലും നശിപ്പിക്കപ്പെടാതെ സംരക്ഷിക്കപ്പെട്ടിട്ടുള്ള ഈ ക്ഷേത്രത്തിലെ ചില കൊത്തുപണികള്‍ പക്ഷെ സ്വാതന്ത്ര്യത്തിനുശേഷമുള്ള വര്‍ഷങ്ങളില്‍ വിവരദോഷികളായ നാട്ടുകാരാല്‍ നശിപ്പിക്കപ്പെട്ടിരിക്കുന്നു. 92ല്‍പ്പരം ശില്‍പ്പങ്ങള്‍ അടര്‍ത്തിയെടുത്തുകൊണ്ടുപോയിരിക്കുന്നു. 1958ലെ 24-)0 ആക്‍ട് പ്രകാരം 3 മാസം തടവോ 5000 രൂപവരെ പിഴയോ ആണ് ഇമ്മാതിരി തോന്ന്യാസങ്ങള്‍ക്കുള്ള ശിക്ഷ. അതൊരു ജീവപര്യന്തം ശിക്ഷയെങ്കിലും ആക്കി മാറ്റണമെന്നാണ് എന്റെ അഭിപ്രായം.
വിഷ്ണുവര്‍ദ്ധനന്റെ മകന്‍ വിജയ നരസിംഹനും, അദ്ദേഹത്തിന്റെ മകന്‍ വീരബല്ലാലയും അടക്കമുള്ള 3 തലമുറകള്‍ 103 വര്‍ഷത്തോളമെടുത്താണ് ഈ ക്ഷേത്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയതെന്നും, അതിന്റെ നിര്‍മ്മാണത്തിനുപിന്നില്‍ ഒരുപാട് അദ്ധ്വാനവും, പണച്ചിലവും,ബുദ്ധിമുട്ടുകളുമൊക്കെയുണ്ടായിട്ടുണ്ടെന്ന് മനസ്സിലാക്കാന്‍ കഴിയാത്ത അത്തരം സാമദ്രോഹികളെ മനസ്സുകൊണ്ട് വെറുക്കാതെ ആ കാഴ്ച്ച കണ്ടുനില്‍ക്കാന്‍ ആര്‍ക്കുമാവില്ല.
വെളിയിലുള്ള കൊത്തുപണികളില്‍ പ്രധാനം മേല്‍ക്കൂരയുടെ കീഴിലായി അണിനിരക്കുന്ന ദര്‍പ്പണസുന്ദരി,ശുകഭാഷിണി,ബസന്ദക്രീഡ, കീരാവാണി,കേശശൃഗാരം, തൃഭംഗിനര്‍ത്തന,
കാപാലഭൈരവി,വേണുഗോപാല,ഗായകി, നാട്യസുന്ദരി,രുദ്രവീണ, കുടിലകുന്തള, വനറാണി, വികടനര്‍ത്തന,ചന്ദ്രിക, രുന്ദ്രിക,മോഹിക, രേണുക , ജയനിഷാദ, ഭസ്മമോഹിനി, വിഷകന്യക,
അദ്ധ്യാപിക, ശകുനശാരദ, നര്‍ത്തകി, നാഗവീണസുന്ദരി,ഗര്‍വ്വിഷ്ട, മയൂരശിഖ, കുറവഞ്ചി നര്‍ത്തകി, അശ്വകേശി, പാദാംഗുലി, ഗാനമജ്ഞിറ, തില്ലാന, നാട്യശാന്തള,
സമദുരഭാഷിണി, കേശശൃംഗാരം, ഗന്ധര്‍വ്വ കന്യക, എന്നിങ്ങനെയുള്ള 38 ‘ശിലാബാലിക‘മാരാണ്. ഇതുകൂടാതെ 4 ശിലാബാലികമാര്‍ ക്ഷേത്രത്തിന് അകത്തുമുണ്ട്. ഈ ശിലാബാലികമാര്‍ തന്നെയാണോ വിക്രമാദിത്യകഥകളിലെ സാലഭജ്ഞികമാര്‍ എന്നുള്ളത് ഇപ്പോഴും എന്റെ ഒരു സംശയമായി അവശേഷിക്കുന്നു.
എല്ലാ പ്രധാന ശില്‍പ്പങ്ങളിലേയും കൊത്തുപണിയിലുള്ള കൊച്ചുകൊച്ചു കാര്യങ്ങള്‍വരെ വിശദമാക്കിത്തന്ന്, ഗൈഡില്ലായിരുന്നെങ്കില്‍ ഉണ്ടാകുമായിരുന്നുള്ള ശൂന്യത ഇല്ലാതാക്കിക്കൊണ്ടാണ് മജ്ഞുനാഥ് മുന്നോട്ട് നീങ്ങുന്നത്.
തറയുടെ അടിഭാഗത്തുനിന്ന് മുകളിലേക്കുള്ള കൊത്തുപണികള്‍ പലയിടത്തും ഒരു പ്രത്യേകശൈലിയിലുള്ളതാണ്. അതായത്, ഏറ്റവും അടിയില്‍ ശക്തിയുടെ പര്യായമായി ആനകള്‍, അതിന് മുകളില്‍ ധൈര്യത്തെ കാണിക്കാനായി സിംഹങ്ങള്‍, പിന്നെ വേഗതയുടെ പര്യായമായി കുതിരകള്‍, സൌന്ദര്യം കാണിക്കാനായി പൂവള്ളിപ്പടര്‍പ്പുകള്‍, അങ്ങനെ പോകുന്നു ആ ശില്‍പ്പങ്ങള്‍. 644 ല്‍പ്പരം ആനകളുടെ കൊത്തുപണികള്‍ ഈ ക്ഷേത്രത്തിലുണ്ടത്രേ !
32 മൂലകളാണ് ഇവിടത്തെ മറ്റൊരു പ്രത്യേകത. ഒരു നക്ഷത്രത്തിന്റെ ആകൃതിയിലായിരിക്കും ഇത്രയും മൂലകളുള്ള ഈ ക്ഷേത്രത്തിന്റെ ഒരു ആകാശക്കാഴ്ച്ചയ്ക്ക്.
ക്ഷേത്രത്തിന്റെ ഒരുവശത്ത് നാശം സംഭവിച്ചുപോയ ചിലകൊത്തുപണികള്‍ പുനഃസ്ഥാപിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അതൊന്ന് നോക്കിയാല്‍ത്തന്നെ ഇത്രയും സാങ്കേതികവിദ്യയും സൌകര്യങ്ങളുമൊക്കെയുണ്ടായിട്ടും, പഴയകാലത്തുണ്ടാക്കിയ ശില്‍പ്പങ്ങളുടെ പത്തിലൊന്ന് പൂര്‍ണ്ണതയോടെ നമുക്ക് ഇക്കാലത്ത് അതിന്റെ കേടുപാടുകളൊന്ന് തീര്‍ക്കാന്‍ പോലും സാധിച്ചിട്ടില്ലെന്ന് മനസ്സിലാക്കാനാവും.
അത് നോക്കിനിന്ന് താരതമ്യപഠനം നടത്തുന്നതിനിടയില്‍ പെട്ടെന്ന് ഹരിയുടെ ചുണ്ടനങ്ങിയത് ഇങ്ങനെയാണ്.
“നമ്മളൊക്കെ വെറും പോഴന്മാരാണ് മനോജേ, കണ്ടില്ലേ കാണിച്ച് വെച്ചിരിക്കുന്നത് ? “
ശ്രദ്ധിക്കപ്പെടുന്ന മറ്റൊരു ശില്‍പ്പത്തിലെ സ്ത്രീരൂപമാണെന്ന് തോന്നുന്ന ഒന്നിന് പക്ഷെ കഴുതയുടെ മുഖമാണ്. അത് പ്രേമത്തിനെപ്പറ്റിയുള്ള ഒരു തത്വമാണെന്നാണ് മജ്ഞുനാഥിന്റെ വര്‍ണ്ണന. പ്രേമം എന്നൊന്ന് തുടങ്ങിക്കഴിഞ്ഞാല്‍പ്പിന്നെ മറ്റുള്ളവര്‍ പറയുന്നതൊന്നും കമിതാക്കള്‍ക്ക് മനസ്സിലാകില്ലപോലും! കഴുതയുടെ തലയാണ് കാമുകിക്ക് എന്നിരുന്നാലും കാമുകനതൊന്നും പ്രശ്നമാകില്ല. അവിടെ പ്രേമത്തിന് മാത്രമാണ് സ്ഥാനം.
വിഷ്ണുവിന്റെ അവതാരങ്ങളും, ഹിന്ദുപുരാണങ്ങളിലെ മറ്റ് പ്രധാനരംഗങ്ങളും, ദേവന്മാരുമൊക്കെയായി 10,000 ല്‍പ്പരം ശില്‍പ്പങ്ങള്‍ ക്ഷേത്രത്തിന്റെ പുറം ചുമരുകള്‍ അലങ്കരിക്കുന്നു.ബ്രഹ്മാവിന്റെ ഒരു ശില്‍പ്പം ഇവിടെയല്ലാതെ വേറൊരിടത്തും ഞാന്‍ കണ്ടിട്ടില്ല. ഒരു മുഖം പുറകുവശത്താണെന്ന സങ്കല്‍പ്പത്തില്‍ അതിനെ ചതൂര്‍മുഖനായ ബ്രഹ്മാവായിട്ടാണ് കണക്കാക്കുന്നത്.
ഹിരണ്യകശിപുവിന്റെ കുടല്‍മാല വലിച്ചൂരി മാലയാക്കിയിട്ടിരിക്കുന്ന നരസിംഹാവതാരത്തിന്റെ കൊത്തുപണിയെല്ലാം ചെയ്തിരിക്കുന്നത് അതിമനോഹരമായിട്ടാണ്. എല്ലാം ബിംബങ്ങളിലും ഏറ്റവും ചെറിയ കാര്യങ്ങള്‍പോലും വ്യക്തതയോടെയും കൃത്യതയോടെയും ചെയ്തിരിക്കുന്നത് ശില്‍പ്പികളുടെ കഴിവും ചെയ്ത ജോലിയോടുള്ള അത്മാര്‍ത്ഥതയും എടുത്തുകാണിക്കുന്നു.
എന്നിരുന്നാലും ഈ ക്ഷേത്രത്തിന്റെ ഉള്‍ഭാഗത്തിനാണ് പ്രാധാന്യമെന്നാണ് മജ്ഞുനാഥ് പറയുന്നത്. ബേലൂരുനിന്ന് 17 കിലോമീറ്റര്‍ ദൂരെയുള്ള ഹാളെബീഡു എന്ന സ്ഥലത്തെ മറ്റൊരു ഹൊയ്‌സള ക്ഷേത്രത്തിലാണ് പുറം ചുമരിലെ ശില്‍പ്പങ്ങള്‍ക്ക് പ്രാധാന്യം കൂടുതലുള്ളതത്രേ ? ബേലൂര്‍ എത്തുന്ന സഞ്ചാരികളെല്ലാവരും ഹാലെബീഡു കൂടെ കാണാതെ മടങ്ങാറില്ല്ല. ഞങ്ങളുടെ അടുത്ത ലക്ഷ്യവും ഹാളെബീഡു തന്നെ.
ശ്രദ്ധിക്കപ്പെട്ട മറ്റൊരു ശില്‍പ്പത്തിലെ മൃഗത്തിനെ വേറെങ്ങും പടങ്ങളില്‍പ്പോലും കണ്ടതായി ഓര്‍മ്മയില്ല. അതൊരു സങ്കല്‍പ്പമൃഗമാണ്. പന്നിയുടെ ശരീരം, മയിലിന്റെ വാല്, സിംഹത്തിന്റെ കാല്, മുതലയുടെ വായ, ആനയുടെ നാക്ക്, കുരങ്ങന്റെ കണ്ണുകള്‍, പശുവിന്റെ ചെവി, എന്നിങ്ങനെ 7 ജന്തുക്കളുടെ ശരീരഭാഗങ്ങള്‍ ചേര്‍ന്ന ഈ ജീവിയെ മക്കാറ എന്നാണ് വിളിക്കുന്നത്.
പുരാണകഥകളും, ഹൊയ്‌സള രാജവംശത്തിന്റെ കഥകളുമൊക്കെ കേട്ടും, ശില്‍പ്പങ്ങളുടെയൊക്കെ പടങ്ങളെടുത്തും, ഒരുപാട് സമയം വെളിയില്‍ത്തന്നെ ഞങ്ങള്‍ ചിലവാക്കുമെന്ന് മജ്ഞുനാഥ് കരുതിക്കാണില്ല. അദ്ദേഹത്തിന് ഒരു വിസിറ്ററെക്കൂടെ അറ്റന്റ് ചെയ്യാനുള്ള സമയം കൂടെ ഞങ്ങള്‍ അപഹരിച്ചെങ്കിലും അതിന്റെ ഈര്‍ഷ്യയൊന്നും കാണിക്കാതെതന്നെ ഞങ്ങളെ അദ്ദേഹം ക്ഷേത്രത്തിനകത്തേക്ക് സ്വാഗതം ചെയ്തു.
അകത്തുള്ള കാഴ്ച്ചകളില്‍ പ്രധാനം ഒറ്റക്കല്ലില്‍ ഉണ്ടാക്കിയ 48 തൂണുകളാണ്. ഇതില്‍ ഒന്നുപോലും മറ്റൊന്നിനെപ്പോലുള്ളതല്ല. എല്ലാം ഒറ്റനോട്ടത്തില്‍ത്തന്നെ എടുത്തുപറയത്തക്ക വ്യത്യാസമുള്ളവയാണ്. അതിസങ്കീര്‍ണ്ണമായ തൂണുകള്‍ എല്ലാം യന്ത്രത്തില്‍ കടഞ്ഞെടുത്തതിനേക്കാള്‍ കൃത്യമായ അളവുകളുള്ളതാണെന്ന് തോന്നിക്കുന്ന തരത്തിലുള്ളവയാണ്.
അകത്ത് വെളിച്ചം കുറവാണ്. പടങ്ങളെടുക്കുന്നതിന് വെളിച്ചക്കുറവിനൊപ്പം ട്രൈപ്പോഡ് ഉപയോഗിക്കാന്‍ പാടില്ല എന്ന നിബന്ധനയും തടസ്സം നിന്നു. ട്രൈപ്പോഡ് ഉപയോഗിക്കുന്നത് വീഡിയോ ക്യാമറയ്ക്ക് വേണ്ടിയാണ് എന്ന ധാരണയാണിതിനുപിന്നിലെന്നാണ് എനിക്ക് തോന്നിയത്. വീഡിയോ ക്യാമറ ഉപയോഗിക്കാന്‍ പാടില്ല ഇവിടെ. അതിനെച്ചൊല്ലി സെക്യൂരിറ്റിയില്‍ ഹരി അത്യാവശ്യം വാദപ്രതിവാദമൊക്കെ നടത്തിയെങ്കിലും കന്നടഭാഷ വളരെ നന്നായി കൈകാര്യം ചെയ്യാന്‍ ഹരിക്കും ബുദ്ധിമുട്ടുള്ളതുകൊണ്ട് ഞങ്ങള്‍ പരാജയപ്പെടുകയാണുണ്ടായത്.
ഗര്‍ഭഗൃഹ എന്നറിയപ്പെടുന്ന ക്ഷേത്രത്തിന്റെ അകത്ത് സ്ഥാപിച്ചിട്ടുള്ള ഒരു വലിയ ലൈറ്റ് ഇടയ്ക്കിടയ്ക്ക് തെളിയുന്നത് പടമെടുക്കാന്‍ പ്രയോജനപ്പെടുത്തി നോക്കി. പക്ഷെ ആ ലൈറ്റ് അടിക്കണമെങ്കില്‍ അത് പിടിച്ച് നില്‍ക്കുന്ന പയ്യന് കൈമടക്കണം. ദൈവത്തിന്റെ തിരുമുന്‍പില്‍ത്തന്നെ അവരെ വെച്ച് കച്ചവടം നടത്തുന്നത് കഷ്ടം തന്നെ.
തൂണുകളില്‍ ഏറ്റവും ആകര്‍ഷണമായത് നരംസിഹ പില്ലര്‍ തന്നെയാണ്. കാലാകാലങ്ങളായിട്ട് ചെയ്‌തിരിക്കുന്ന നിരവധി ചെറിയ കൊത്തുപണികളാണതിലുള്ളത്. അതിലൊരു കള്ളി ഒഴിഞ്ഞുകിടക്കുന്നുണ്ട്. വരും കാലങ്ങളില്‍ കൊത്താനുള്ള ശില്‍പ്പത്തിനായി ഒഴിവിട്ടിരിക്കുകയാണവിടെ. കല്ലുകൊണ്ടുതന്നെയുണ്ടാക്കിയ ബെയറിങ്ങുകളില്‍ കറങ്ങുന്ന രീതിയിലാണ് നരംസിഹ പില്ലര്‍ നിര്‍മ്മിച്ചിരിക്കുന്നത്. പക്ഷെ ഇപ്പോള്‍ സുരക്ഷാകാരണങ്ങളാല്‍ അത് കറക്കാന്‍ അനുവദിക്കാറില്ല.
ക്ഷേത്രനടയുടെ ഇടതുവശത്തായി ഒരാള്‍പ്പൊക്കത്തില്‍ നിലകൊള്ളുന്ന മോഹിനിയുടെ ശില്‍പ്പഭംഗി ആരെയും ആകര്‍ഷിക്കാതിരിക്കില്ല. ശില്‍പ്പശാസ്ത്രപരമായും, തച്ചുശാസ്ത്രപരമായും എല്ലാ കണക്കുകളും സമന്വയിപ്പിച്ച് ചെയ്തിരിക്കുന്ന ഒന്നാണത്.
രാജശില്‍പ്പി എന്ന സിനിമയില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രം ഒരു സ്ത്രീശില്‍പ്പത്തിന്റെ അളവുകള്‍ വര്‍ണ്ണിക്കുന്ന രംഗമാണ് മജ്ഞുനാഥ് മോഹിനിയെ വര്‍ണ്ണിക്കുന്നതുകേട്ടപ്പോള്‍ എനിക്കോര്‍മ്മ വന്നത്. മോഹിനീശില്‍പ്പത്തിനും നാശം വന്നിരിക്കുന്നു. രണ്ട് കൈകളും നഷ്ടപ്പെട്ട നിലയിലാണത് നില്‍ക്കുന്നത്.
തിരുനടയിലേക്ക് നോക്കിയാല്‍ ഒന്ന് തൊഴുത് പ്രാര്‍ത്ഥിക്കണമെന്ന് കര്‍ണ്ണാടകത്തിലേയും, തമിഴ്‌നാട്ടിലേയും പല ക്ഷേത്രങ്ങളിലും എനിക്ക് തോന്നാറില്ല. പൂജാരികള്‍ എന്നുപറയുന്ന ഒരു സംഘം ആള്‍ക്കാര്‍ അതിനകത്ത് വളഞ്ഞിരുന്ന് വെടിപറയുന്നതാണ് ഈ വിരോധത്തിന് പിന്നിലെ കാരണം. എന്നാലും മനസ്സിലൊന്ന് തൊഴുത് കാണിക്കയിട്ട് പ്രസാദമൊക്കെ വാങ്ങി.
കുറേയധികം സമയം ഗര്‍ഭഗൃഹത്തില്‍ ചിലവഴിച്ചശേഷം പുറത്തേക്ക് കടന്നു. ഒരാഴ്ച്ചയോ ഒരു മാസമോ എടുത്താല്‍പ്പോലും പഠിച്ച് കഴിയാത്ത അത്രയും ശില്‍പ്പങ്ങളാണ് ക്ഷേത്രത്തിനകത്തും പുറത്തുമായിട്ടുള്ളത്. പക്ഷെ അരദിവസം മാത്രമേ ഞങ്ങളുടെ കയ്യിലുള്ളൂ.
ക്ഷേത്രത്തിന് വെളിയില്‍ പിന്‍ക്കാലത്ത് പണികഴിക്കപ്പെട്ടിട്ടുള്ള ചെന്നിഗരായ, വിജയനാരായണ, സൌമ്യനായകി, രംഗനായകി(ആണ്ടാള്‍) എന്നീ ക്ഷേത്രങ്ങളുടേയും, കല്യാണമണ്ഡപത്തിന്റേയുമൊക്കെ ഭംഗി പ്രധാനക്ഷേത്രത്തിനോട് കിടപിടിക്കാന്‍ പോന്നതുതന്നെ.നിരവധി കല്‍ത്തൂണുകളുള്ള മണ്ഡപത്തോട് കൂടിയതാണ് ആണ്ടാള്‍ അധവാ രംഗനായകി ക്ഷേത്രം.
15-)0 നൂറ്റാണ്ടിലുണ്ടാക്കിയ കല്യാണമണ്ഡപത്തിലും തൂണുകളുടെ ബാഹുല്യമാണ് കാണാന്‍ സാധിക്കുക.
വീരനാരായണ ക്ഷേത്രത്തിന്റെ പുറം ചുമരുകളില്‍ വൈഷ്ണവ ശൈവ വിശ്വാസങ്ങളിലെ ശില്‍പ്പങ്ങള്‍ നിറഞ്ഞുനില്‍ക്കുന്നു. വിഷ്ണു, ശിവന്‍, ബ്രഹ്മാവ്, പാര്‍വ്വതി, സരസ്വതി, ഭൈരവന്‍, ഗണപതി,മഹിഷാസുരമര്‍ദ്ദിനി എന്നുതുടങ്ങി 59ല്‍പ്പരം ശില്‍പ്പങ്ങളാണ് അക്കൂട്ടത്തിലുള്ളത്. എല്ലാം ശില്‍പ്പകലയുടെ മഹനീയത വിളിച്ചോതുന്ന കലാസൃഷ്ടികള്‍ തന്നെ.
ചുറ്റുമതിലിനോട് ചേര്‍ന്ന് ക്ഷേത്രരഥങ്ങള്‍ക്കുള്ള ലായങ്ങള്‍ കാണാം.
അതില്‍നിന്നൊക്കെ വേറിട്ട് നില്‍ക്കുന്ന 35 അടിയോളം ഉയരവും 15 ടണ്‍ ഭാരവുമുള്ള ഒറ്റക്കല്ലിലുള്ള വിജയസ്തംഭം അരുടേയും ശ്രദ്ധയില്‍പ്പെടാതെ പോകില്ല. ഈ സ്തംഭത്തിന് ഒരു പ്രത്യേകതയുണ്ട്. അതിന്റെ 3 മൂലകള്‍ മാത്രമേ തറയില്‍ ഉറപ്പിച്ച് നിര്‍ത്തിയിട്ടുള്ളൂ. ഉറപ്പിക്കാതെ നില്‍ക്കുന്ന നാലാമത്തെ മൂലയിലൂടെ സ്വന്തം തൂവാല കടത്തി വലിച്ചെടുത്ത് സംഗതി സത്യമാണെന്ന് ഹരി ഉറപ്പുവരുത്തി.
46 അടിയോളം താഴ്ച്ചയുള്ള ക്ഷേത്രക്കുളമാണ് മറ്റൊരാകര്‍ഷണം. ആഴക്കൂടുതലായതുകൊണ്ടാകാം വെള്ളത്തിന് നല്ല പച്ചനിറം. കല്‍പ്പടവുകള്‍ക്ക് വശങ്ങളില്‍ വരെ കൊത്തുപണികള്‍ ചെയ്ത് വെച്ചിരിക്കുന്നുണ്ട്.
കാഴ്ച്ചകളൊക്കെ ഒരുവിധം കണ്ടുകഴിഞ്ഞിരിക്കുന്നു. അടുത്തതായി പോകാന്‍ ഉദ്ദേശിച്ചിരുന്നത് ഹാളേബീഡു ക്ഷേത്രത്തിലേക്കാണ്. എന്നാലും കുറേനേരം കൂടെ ആ ക്ഷേത്രപ്പടവുകളില്‍ സ്വസ്ഥമായി ചടഞ്ഞിരിക്കണമെന്ന് തോന്നി. എപ്പോഴുമൊക്കെ വരാന്‍ പറ്റുന്ന സ്ഥലമല്ലല്ലോ ? അപ്പോള്‍പ്പിന്നെ കുറച്ചധികം സമയം അവിടൊക്കെ ചിലവഴിക്കുന്നതുകൊണ്ട്‍ വല്ല നഷ്ടവുമുണ്ടോ ?
മജ്ഞുനാഥിനോട് യാത്രപറഞ്ഞ് ക്ഷേത്രമതിലിന് വെളിയില്‍ കടന്നപ്പോള്‍ ഇടതുവശത്തായി വലിയൊരു ക്ഷേത്രരഥം കണ്ടു.അകത്തുകണ്ട രഥങ്ങളേക്കാള്‍ നല്ല വലിപ്പമുണ്ടതിന്. ഉത്സവകാലത്ത് രഥം എഴുന്നുള്ളിക്കുന്നുണ്ടാകാം ഇവിടെയും.
കൂറേയധികം സ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ വന്നിറങ്ങി ക്യൂ നിന്ന് അകത്തേക്ക് കയറാന്‍ തുടങ്ങുന്നുണ്ട്.തിരക്ക് കൂടുന്നതിനുമുന്‍പ് എല്ലാം കാണാന്‍ പറ്റിയത് വലിയൊരാശ്വാസം തന്നെ.
പെട്ടെന്ന് രണ്ട് ജീപ്പ് നിറയെ പൊലീസുകാര്‍ വന്നിറങ്ങി, തിടുക്കത്തില്‍ അകത്തേക്ക് കയറിപ്പോയി. എന്തോ കുഴപ്പമുള്ളതുപോലെ. കാലം മഹാമോശമാണ്, വല്ല തീവ്രവാദികളും അമ്പലത്തിനകത്ത് ബോംബോ മറ്റോ വെച്ചിട്ടുണ്ടാകുമോ എന്നൊക്കെ ചിന്തിച്ച് നില്‍ക്കുമ്പോഴേക്കും ഹരിയുടെ മൊബൈല്‍ ഫോണ്‍ ചിലച്ചു.മറുതലയ്ക്ക് വയനാട്ടില്‍ നിന്ന് മറ്റൊരു സുഹൃത്ത് അജി ജോയ്.
ഹരിയുടെ മുഖഭാവങ്ങള്‍ മാറിമറിയുന്നു. “എവിടെ ?എപ്പോള്‍? എന്നിട്ട് ? എന്നുമാത്രമുള്ള ചോദ്യങ്ങള്‍ക്ക് പരിഭ്രാന്തിയുടെ ഭാവങ്ങളുണ്ട്. ഒന്നും മനസ്സിലാകാതെ അതിനേക്കാള്‍ പരിഭ്രാന്തനായി ഞാനും.
…..തുടര്‍ന്ന് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ……
വിഷുവൊക്കെ ആയില്ലേ ? ഇപ്രാവശ്യം വിഷുവിന് നമുക്കൊരു ചരിത്രപ്രാധാന്യമുള്ള പഴയ വിഷ്ണുക്ഷേത്രത്തിലേക്ക് യാത്രപോയാലോ ? വരൂ സഞ്ചാരികളെ, കര്‍ണ്ണാടകയിലെ ഹസ്സന്‍ ജില്ലയിലുള്ള, ബേലൂര്‍ ചെന്നകേശവ ക്ഷേത്രത്തിലേക്ക്.
എല്ലാവര്‍ക്കും, ഈസ്റ്റര്‍-വിഷു ആശംസകള്‍.
നിരക്ഷരാ ഇത് വരെ താങ്കള്‍ എഴുതിയ യാത്ര ബ്ലോഗ്ഗുകളില്‍ ഇത് തന്നെ ഒന്നാം സ്ഥാനം .നന്നായിരിക്കുന്നു എന്ന് ഞാന്‍ പറയുന്നതിനേക്കാള്‍ തീര്‍ച്ചയായും ഞാന്‍ അവിടം പോയിക്കാണും എന്ന് പറയാന്‍ ഇഷ്ടപെടുന്നു .തുടര്ച്ചാ ഭാഗത്തിനായി കാത്തിരിക്കുന്നു ചൂടാറും മുമ്പേ അടുത്ത പോസ്റ്റ് ഇടണേ .
ഓടോ.ഷൂ വണ്ടിയില്‍ തന്നെ വെച്ചത് നന്നായി അല്ലെങ്കില്‍ സ്വസ്ഥമായി ക്ഷേത്ര പടവുകളില്‍ ഇരിക്കുന്നതിനു പകരം ഷൂ വരെ ഇവന്മാര്‍ അടിച്ചോണ്ട് പോയല്ലോ എന്നോര്‍ത്തിരിക്കുന്ന നിരക്ഷരനെ കാണേണ്ടി വന്നേനെ
ഒന്ന് മറന്നു ഈസ്റ്റര്‍ വിഷു ആശംസകള്‍ താങ്കള്‍ക്കും ഇനി ഇവിടെ വരുന്നവര്‍ക്കും
വിഷു ആശംസകള്‍…
അവസാനം കൊണ്ട് വന്നു മുള് മുനയില്‍ നിറുത്തി അല്ലെ.. കാത്തിരിക്കാം അല്ലാതെന്തു ച്ചെയ്യും..
nalla vivaranam…nandi
ഞാനൊരു സത്യം പറയട്ടേ…?
(വല്ലപ്പോഴുമെങ്കിലും)
താങ്കളുടെ ഓരോ ഫോട്ടോയിലും, ഓരോ മുഖഷെയ്പ്പ് ആണ്. ഇതിങ്ങനെ തന്നെ മാറുന്നതാണോ, അതോ…
നിരക്ഷരന്‍ എന്ന അടിക്കുറിപ്പില്ലാത്ത ഒരു ഫോട്ടോ കണ്ടാല്‍, എനിക്കു തിരിച്ചറിയാന്‍ കഴിയില്ല!…….തീര്‍ച്ച.
”രാജശില്‍പ്പി എന്ന സിനിമയില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രം ഒരു സ്ത്രീശില്‍പ്പത്തിന്റെ അളവുകള്‍ വര്‍ണ്ണിക്കുന്ന രംഗമാണ് മജ്ഞുനാഥ് മോഹിനിയെ വര്‍ണ്ണിക്കുന്നതുകേട്ടപ്പോള്‍ എനിക്കോര്‍മ്മ വന്നത്.”
ini njaanayitt onnum parayandallo………
ഗംഭീരമായിട്ടുണ്ട് നീരു….
ചിത്രങ്ങള്‍ കിടിലം….
അഭിനന്ദനങ്ങള്‍….
കൂടെ വിഷുദിനാശംസകളും…
wow!
vishu aasamsakal..
കിടിലന്‍ ആയി ട്ടോ
ഏതാ പച്ചമനുഷ്യന്?
നീരുവിന്റെ ഒരോ യത്രാവിവരണവും വായിക്കുമ്പോള്‍ അതു വഴി പോകണം എന്ന് മനസ്സില്‍ കുറിച്ചിടുന്നു പക്ഷെ ഈ പടി കയറ്റം നടക്കുമെന്ന് തോന്നുന്നില്ല അതു കൊണ്ട് തന്നെ
ശ്രാവണബേളഗോളയിലെ വിവരണം ആദ്യം വായിച്ചു
പിന്നെ ബേലൂരും – ജൈനസംസ്കാരത്തെ കൂറിച്ച് ഇത്രയൊന്നും അറിയില്ലായിരുന്നു.. വളരെ നല്ല തെളിഞ്ഞ വിവരണം, ചിത്രങ്ങള്‍ അതിവ സൂക്ഷ്മം
നേരില്‍ കണ്ട പ്രതീതി ..
ചെന്നകേശവക്ഷേത്രം ശില്പങ്ങളുടെ ഭംഗിയും വിവരണവും എത്ര അഭിനന്ദിച്ചാലും മതിയാവില്ല.
‘മക്കാറ’ യുടെ വിവരണം അസലായി .. ഇങ്ങണെ ഓരോ വരിയും എടുത്ത് പറയത്തക്കതാണീ പോസ്റ്റിലുള്ളത് ..
നന്ദി നീരു കൂട്ടി കൊണ്ടു പോയതിന്..
കൈകള്‍ പോയ മോഹിനീ ശില്‍പ്പം
മാത്രം ഒരു ചെറിയ സങ്കടം..
ബാക്കിയെല്ലാം കൊതിപ്പിച്ചു..
എനിക്ക് നിരക്ഷരനോട് ഒടുക്കത്തെ അസൂയയാണ്..
യാത്രകള്‍..യാത്രകള്‍…ഹോ!
ചെന്ന കേശവക്ഷേത്രത്തിന്റെ ചരിത്രപരമായ വിവരങ്ങൾക്ക് നന്ദി. ഈ പോസ്റ്റിന്റെ എടുത്തുപറയേണ്ട പ്രത്യേകത ഇതിലെ ചിത്രങ്ങളാണെന്നാണ് എനിയ്ക്കു തോന്നുന്നത്. അവയ്ക്കു ചേർന്ന വിവരണങ്ങൾ കൂടിയായപ്പോൾ എല്ലാം നേരിൽ കണ്ട പ്രതീതി.
നീരു മാഷെ,
മാഷിന്റെ യാത്രാ വിവരണങ്ങള്‍ വായിക്കുമ്പോള്‍ അറിവും താല്പര്യവും കൂടുതലായി എന്നില്‍ ഉണ്ടാക്കുന്നുണ്ട്. ഓരൊ വരികളും ഓരൊ ഫ്രെയിമുകളാണ്..!
കുറച്ചു കാലത്തിനു ശേഷമാണ് ഞാനിവിടെ വന്നത് അതും യാദൃശ്ചികമായി. പക്ഷെ വന്നപ്പോള്‍ നല്ലൊരു സദ്യ ലഭിച്ചതുപോലെയായി.
ഒരു നിരീക്ഷണം..നിരുഭായിയുടെ യാത്രകളില്‍ ആരെങ്കിലും (നാട്ടില്‍) കൂടെ ഉണ്ടാകാറുണ്ട്. ഒറ്റക്കുള്ള യാത്രയേക്കാള്‍ മനോഹാരിത കിട്ടുന്നുണ്ടൊ കൂടെ ഒരാള്‍ കൂടി ഉണ്ടെങ്കില്‍? ചിലര്‍ക്ക് (സഞ്ചാരയാത്ര നടത്തുന്നവര്‍ക്ക്) ഒറ്റയ്ക്ക് സഞ്ചരിക്കാനാണ് ഇഷ്ടം. കാരണമായി എനിക്കുതോന്നുന്നത് സമയം തന്നെ. ആര്‍ക്കും വേണ്ടി കാത്തു നില്‍ക്കുകയൊ, എത്ര സമയം വേണമെങ്കിലും ഒരു ഫ്രെയിമിനു വേണ്ടി കാത്തിരിക്കുകയൊ ചെയ്യാമെന്നുള്ളതുകൊണ്ട്.
നിരു ഭായിക്കും കുടുംബത്തിനും എന്റെ വിഷു ആശംസകള്‍..!
ഒരു ഓഫ് : മാഷെ വോട്ടുണ്ടൊ ? പ്രവാസിയെന്ന ലേബല്‍ ഉണ്ടൊ എന്നുള്ള ധ്വനി.
ഓരോ കൊത്തുപണിയും വളരെ ശ്രദ്ധയോടെ കാണാനും ചോദിച്ച് മനസ്സിലാക്കാനും നല്ല ക്ഷമയും താത്പര്യവും വേണം. അഭിനന്ദനങ്ങള്‍.
സസ്പെന്‍സില്‍ നിര്‍ത്തിയിരിക്കുകയാണല്ലോ, എന്നാ അവിടെ പോയത്?
വിഷു ആശംസകള്‍
ഞാനും എന്റെ ലോകവും – നന്ദി മാഷേ:) അടുത്തഭാഗം ഇന്ന് എഴുതിത്തുടങ്ങും.
പകല്‍ക്കിനാവന്‍ – അതൊക്കെ ഒരു നമ്പറല്ലേ മാഷേ ? 15,000 മലയാളി ബ്ലോഗര്‍മ്മാരുടെ ഇടയില്‍ പിടിച്ച് നില്‍ക്കണമെങ്കില്‍ ഇങ്ങനൊക്കെ ചില ചെപ്പടിവിദ്യകള്‍ ഇറക്കേണ്ടി വരും നന്ദി മാഷേ.
ജയേഷ് സാന്‍ – നന്ദി മാഷേ
സജി – അതും ഒരു നമ്പറാണ് മാഷേ. ബ്ലോഗെന്നും പറഞ്ഞ് വല്ല തോന്ന്യാസവുമൊക്കെ എഴുതിപ്പോയാലും വെളിയില്‍ ഇറങ്ങുമ്പോള്‍ ജനം തിരിച്ചറിഞ്ഞ് കുനിച്ചുനിര്‍ത്തി കൂമ്പിടിച്ച് കലക്കാതിരിക്കാനുള്ള ഒരു ചിന്ന അടവ്. അതെങ്ങനെ സാധിക്കുന്നു എന്നുചോദിച്ചാല്‍ ‘അമീബാ’ ദേവിയെ പ്രാര്‍ത്ഥിക്കാന്‍ ഞാന്‍ പറയും. പുള്ളിക്കാരിയാണ് എനിക്കാ വരം തന്നത്
മുരളിക – വേണ്ടാ വേണ്ടാ :):)നന്ദി.
ചാണക്യന്‍ – നന്ദി
പാമരന്‍ – വായില്‍ ചൂടുള്ളത് വല്ലതും ഇട്ടോ പാമൂ :)നന്ദി.
പ്രിയ ഉണ്ണികൃഷ്ണന്‍ – പച്ചയായ മനുഷ്യന്‍ തന്നെ :)നന്ദി.
മാണിക്യേച്ചീ – നന്ദി ചേച്ചീ:) അടുത്തക്ഷേത്രം ഇതിലും മനോഹരമാണ്.
സെറീന – സങ്കടങ്ങള്‍ പലതും എനിക്കുമുണ്ടായിരുന്നു അവിടന്നിറങ്ങിയപ്പോള്‍. ഇതുവഴി വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി മാഷേ
ബിന്ദു കെ.പി. – നന്ദി :)പോയിട്ടുണ്ടെന്ന് തോന്നുന്നല്ലോ അവിടെ ?
കുഞ്ഞന്‍ – കുറേ നാളുകള്‍ക്ക് ശേഷം കാണാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷം. വിലയേറിയ ആ അഭിപ്രായം കിട്ടിയതില്‍ അതിലേറെ സന്തോഷം. യാദൃശ്ചികമായല്ലാതേയും ഈ വഴിയൊക്കെ വരാം കേട്ടോ ?
കുഞ്ഞന്റെ നിരീക്ഷണം വളരെ ശരിയാണ്. എവിടെയെങ്കിലും യാത്രപോകുമ്പോള്‍ ആ പരിസരത്തുള്ള ഏതെങ്കിലുംസുഹൃത്തുക്കളെ നേരത്തേ തന്നെ ശട്ടം കെട്ടി യാത്രയില്‍ കൂടെക്കൂട്ടാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. പ്രത്യേകിച്ചും ദൂരയാത്രയാകുമ്പോള്‍. അതിന് പല ഗുണങ്ങളുണ്ട്. ആ പ്രദേശത്ത് ചെന്നിട്ട് നമ്മള്‍ക്കെന്തെങ്കിലും പ്രശ്നം ഉണ്ടായാല്‍ നാട്ടുകാരനായ നമ്മുടെ സുഹൃത്തിന് ഒരുപാട് കാര്യങ്ങള്‍ ചെയ്യാനാവും. പിന്നെ ആ സ്ഥലങ്ങളെപ്പറ്റിയും, വഴിയെപ്പറ്റിയുമൊക്കെ അയാള്‍ക്ക് നല്ലപിടിയുണ്ടാകും. അത് നമ്മുടെ യാത്രാസമയവും ബുദ്ധിമുട്ടുമൊക്കെ കുറയ്ക്കും. ഭാഷയുടെ കാര്യത്തിലും അതുതന്നെ സത്യം. ഇതിനൊക്കെപ്പുറമേ ദൂരയാത്രയില്‍ ഒറ്റയ്ക്ക് വണ്ടിയോടിക്കുന്നതിന്റെ ഒരു മടുപ്പ് ഒഴിവാക്കാമല്ലോ ? മിണ്ടീം പറഞ്ഞും ഇരിക്കാന്‍ ഒരാളുള്ളതിന്റെ സുഖം ഒന്ന് വേറെയല്ലേ ? ഈ യാത്ര ഞാന്‍ എറണാകുളത്തുനിന്ന് തുടങ്ങിയതാണ്. തുഷാരഗിരി വഴി വയനാട്ടില്‍ച്ചെന്ന് അവിടന്ന് ഹരിയേയും കൂട്ടി ബാംഗ്ലൂരെത്തി അവിടെത്തങ്ങി. അടുത്ത ദിവസം ശ്രാവണബേലഗോള വഴിയാണ് ബേലൂരെത്തിയത്. ബേലൂരുനിന്ന് ഹാലേബീഡു കണ്ട് തിരിച്ച് വയനാട്ടിലെത്തി മറ്റൊരു സുഹൃത്തിന്റെ കൂടെ ചെമ്പ്ര പീക്കിലും , ഇടയ്ക്കല്‍ ഹുഹയിലും പോയതിനുശേഷം കണ്ണൂര് ചെന്ന് അറയ്ക്കല്‍ കെട്ട് കണ്ട് എറണാകുളത്തേക്ക് മടങ്ങി. ഇത്രയും യാത്ര ചെയ്യുമ്പോള്‍ ഒരാള്‍ കൂടെയുള്ളത് എപ്പോഴും സൌകര്യമാണ്. എന്നിരുന്നാലും ഒറ്റയ്ക്കുള്ള യാത്രകളും ഇതേയളവില്‍ ഞാനാസ്വദിക്കാറുണ്ട്.
ഞാന്‍ പ്രവാസി തന്നെ. പക്ഷെ ഇടയ്ക്കിടയ്ക്ക് നാട്ടിപ്പോകുന്ന ആളായതുകൊണ്ട് വോട്ടും ഉണ്ട്. പക്ഷെ ഇപ്രാവശ്യം അത് ആരെങ്കിലും കള്ളവോട്ട് ചെയ്യുമോന്നാണ് എന്റെ പേടി.
ബിന്ദു ഉണ്ണീ – ആ ബുദ്ധി കയ്യിലിരിക്കട്ടെ. എന്നാ അവിടെ പോയതെന്ന് മനസ്സിലാക്കിയാല്‍ സസ്‌പെന്‍സ് അവസാനിപ്പിക്കാന്‍ വളരെ എളുപ്പമാണ്. വേണ്ടാ വേണ്ടാ…
എല്ലാവര്‍ക്കും ഒരിക്കല്‍ക്കൂടെ ഈസ്റ്റര്‍-വിഷു ആശംസകള്‍.
വളരെ നന്നായി വിവരണവും ചിത്രങ്ങളും. ഒരു ബേലൂര്‍ യാത്ര നടത്തിയ നിറവുണ്ട് വായനക്ക്.
“…..ഒരുപാട് അദ്ധ്വാനവും, പണച്ചിലവും,ബുദ്ധിമുട്ടുകളുമൊക്കെയുണ്ടായിട്ടുണ്ടെന്ന് മനസ്സിലാക്കാന്‍ കഴിയാത്ത അത്തരം സാമദ്രോഹികളെ മനസ്സുകൊണ്ട് വെറുക്കാതെ ആ കാഴ്ച്ച കണ്ടുനില്‍ക്കാന്‍ ആര്‍ക്കുമാവില്ല.”
ഒരു ഭേദഗതി ഉണ്ട്. ഇതൊക്കെ ശരിക്കു മനസ്സിലായിട്ടു തന്നെയാണ് ഒരു പീസ് വീട്ടീ കൊണ്ടോവാം എന്നു വിചാരിക്കണത് കശ്മലന്മാര്‍
:)Nice !!! And thanks for sharing.
In that temple, they show light to the roof, and you can see some more amazing work on the roof. I think that is what that big light that you were referring (“ഗര്‍ഭഗൃഹ എന്നറിയപ്പെടുന്ന ക്ഷേത്രത്തിന്റെ അകത്ത് സ്ഥാപിച്ചിട്ടുള്ള ഒരു വലിയ ലൈറ്റ് ഇടയ്ക്കിടയ്ക്ക് തെളിയുന്നത് പടമെടുക്കാന്‍ പ്രയോജനപ്പെടുത്തി നോക്കി” ) note: I visited this place close to 12 years back, there is a possibility i am confusing the light with some other temple.
Waiting for the next part…..
i think this is one of the best travel post from u….the reading experience was more enjoyable and has a prof. touch. Keep it up !!
ബിനോയ് – ആ അഭിപ്രായം എനിക്ക് ക്ഷ പിടിച്ചു. അങ്ങനാണെങ്കില്‍ ഈ പീസുകളെല്ലാം ആദ്യം ഇളക്കിയെടുത്ത് വീട്ടില്‍ കൊണ്ടുപോകേണ്ടത് ഞാനായിരുന്നു നന്ദി മാഷേ.
ആഷ്‌ലീ – താങ്കള്‍ പറഞ്ഞ ലൈറ്റ് ഈ ക്ഷേത്രത്തിലേതുതന്നെ. ഗര്‍ഭഗൃഹത്തിന് മുകളിലുള്ള കൊത്തുപണികളും, അകത്തുള്ള മറ്റ് 4ശിലാബാലികമാരേയുമൊക്കെ കാണാന്‍ ആ ലൈറ്റ് സഹായിക്കുന്നുണ്ട്. ഞാനവിടെ ഒന്ന് ഉഴപ്പിപ്പറഞ്ഞ് പെട്ടെന്ന് പുറത്തുകടന്നതാണ്. അത് ആഷ്‌ലിയെപ്പോലെ അവിടം സന്ദര്‍ശിച്ചിട്ടുള്ള ആരെങ്കിലും കണ്ടുപ്പിടിക്കുമെന്ന് അറിഞ്ഞുകൊണ്ടുതന്നെ കുറച്ചൊക്കെ എന്തെങ്കിലും ബാക്കിവെക്കണ്ടേ മാഷേ നേരിട്ട് കാണാന്‍ പോകുന്നവര്‍ക്കായി? എല്ലാം ബ്ലോഗിലൂടെ പറഞ്ഞും കാട്ടിയും കൊടുക്കുന്നത് കടുത്ത അനീതിയല്ലേ ? അതുമാത്രമല്ല ഇതുപോലുള്ള ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളെപ്പറ്റി എഴുതുന്നത് ഇത്തിരി കടുപ്പമുള്ള പണിയാ മാഷേ
അഭിപ്രായത്തിനും, മനസ്സിരുത്തിയുള്ള വായനയ്ക്കും നന്ദി.
ഈ പോസ്റ്റില്‍ ഞാന്‍ ഉന്നയിച്ചിരുന്ന ഒരു സംശയത്തിന് ഉത്തരം കിട്ടിയിരിക്കുന്നു.
ശിലാബാലികമാരാണോ വിക്രമാദിത്യസദസ്സിലെ സാജഭജ്ഞികമാര്‍ എന്നതായിരുന്നു സംശയം.
അമേരിക്കയില്‍ നിന്നും പേര് പുറത്തുപറയാന്‍ താല്‍പ്പര്യമില്ലാത്ത ഒരു സുഹൃത്ത് 32 സാജഭജ്ഞികമാരുടെ പേര് അയച്ച് തന്നത് താഴെക്കൊടുക്കുന്നു. ശിലാബാലികമാര്‍ 38+4=42 പേര് ഉണ്ടായിരുന്നു ബേലൂര്‍ ക്ഷേത്രത്തില്‍ അകത്തും പുറത്തുമായി എന്നതും അവരുടെയൊക്കെ പേര് വേറെയായിരുന്നു എന്നതും ശ്രദ്ധിക്കുമല്ലോ ?
സാലഭജ്ഞികമാര്‍
—————
1.വിനോദരജ്ഞിതവല്ലി
2.മദനാഭിഷേകവല്ലി
3.കോമളവല്ലി
4.മംഗളവല്ലി
5.മന്ത്രമനോന്മണി
6.മോഹനവല്ലി
7.മദനവല്ലി
8.സുന്ദരവല്ലി
9.നവരത്നവല്ലി
10.കനകാഭിഷേകവല്ലി
11.കമനീയാംഗവല്ലി
12.ശാന്തഗുണവല്ലി
13.സുര്യപ്രകാശവല്ലി
14.പൂര്‍ണ്ണചന്ദ്രവല്ലി
15.അമൃതസഞ്ജീവനിവല്ലി
16.കൃപാപൂര്‍ണ്ണവല്ലി
17.കരുണാകരവല്ലി
18.മരതകവല്ലി
19.സല്‍ഗുണവല്ലി
20.വിനോദവല്ലി
21.കനകരഞ്ജിതവല്ലി
22.പങ്കളവല്ലി
23.പാരിജാതവല്ലി
24.ശൃംഗാരമോഹനവല്ലി
25.സ്വര്‍ണ്ണകാന്തവല്ലി
26.സകലകലാവല്ലി
27.മാണിക്യവല്ലി
28.മനുനീതിവല്ലി
29.രതിമോഹനവല്ലി
30.പ്രേമാമൃതവല്ലി
31.നീതിവാക്യവല്ലി
32.ജ്ഞാനപ്രകാശവല്ലി
അമേരിക്കന്‍ അനോണി സുഹൃത്തിന് നന്ദി
ഇത് ഗംഭീരമായിരിയ്ക്കുന്നു നിരൻ… ആ കല്പ്രതിമകൾ കണ്ട് കൊതിയാവുന്നു…
ഹരിയുടെ കാമുകിയെകുറിച്ചുള്ള കാഴ്ചപ്പാട് അസ്സലായി..:)
പിന്നെ, ശരിയ്ക്കും പച്ചയായിരുന്നോ? സത്യം പറ..
സസ്പെൻസ് കൊണ്ട് എനിയ്ക്കിരിയ്ക്കാൻ വയ്യെ…
This comment has been removed by the author.
മാഷെ…
എന്നത്തെയും പൊലെ വളരെ നല്ല പൊസ്റ്റ്
ശങ്കരാഭരണം മുതല്‍ പല സിനിമകളിലും നൃത്തരംഗങ്ങളില്‍ ഈ ക്ഷേത്രം കണ്ടിട്ടുണ്ട് …ഇതു എവിടാണെന്ന് കുറേ തിരക്കി , ഇപ്പോള്‍ പോയി കണ്ട ഒരു പ്രീതീതി … നന്ദി …
[സസ്പെന്‍സ് എന്ന് പൊട്ടിക്കും ]
വളരെ നല്ല വിവരണം, കൂടെ നല്ല ഫോട്ടോകളും. ഇങ്ങനെ ഒരു സ്ഥലത്തെ പരിചയപ്പെടുത്തിയതിനു നന്ദി മാഷേ. ഒരു സംശയം ഒറ്റക്കല്ലില്‍ 48 തൂനുകലാണോ അതോ നാല്പതിയെട്ടും ഓരോ കല്ലുകളില്‍ ആണോ?
അസാദ്ധ്യ വിവരണം മാഷെ.
ഇനി എവിടെയെങ്കിലും പോകുമ്പോൾ ഗൈഡും വിവരങ്ങളും കൂടെ കൂട്ടണം. ഈ ബേലൂർ അമ്പലത്തിന്റെ പ്രധാന പ്രതിമയുടെ കൊത്തുപണിയുമായി ബന്ധപ്പെട്ടുള്ള ഒരു കഥ പഠിക്കാനുണ്ടായിരുന്നു.
ക്ഷേത്രങ്ങളും ശില്പങ്ങളും എനിക്കും വളരെ ഇഷ്ടമുള്ള വിഷയം തന്നെ. അവസാനത്തെ സസ്പെൻസ് ഒരു പുതിയ സംഭവം ആണല്ലൊ
ഈ വിവരണം വായിച്ചിട്ട് പോയിരുന്നെങ്ങില്‍ എന്നാശിച്ചു പോകുന്നു..മനോഹരമായ അവതരണം………നന്ദി സുഹൃത്തേ…
ഈ വിവരണം വായിച്ചിട്ട് പോയിരുന്നെങ്ങില്‍ എന്നാശിച്ചു പോകുന്നു..മനോഹരമായ അവതരണം………നന്ദി സുഹൃത്തേ…