Monthly Archives: March 2017

റോയൽറ്റി എന്ന ആക്രാന്തം !!


5555

യേശുദാസ് പാടിയ പാട്ടുകൾ മറ്റാരെങ്കിലും അമ്പലപ്പറമ്പിൽ പോലും പാടിയാൽ യേശുദാസിന് റോയൽറ്റി കൊടുക്കണമെന്ന് പറഞ്ഞ് അദ്ദേഹം വന്നിരുന്നു കുറെ മുൻപ്. അതിന് നല്ല എതിർപ്പുണ്ടായി, വാദപ്രതിവാദമായി. ത്യാഗരാജസ്വാമികളുടെ കീർത്തനങ്ങൾ പാടുന്ന യേശുദാസ്, സ്വാമികളുടെ ഇളം തലമുറയ്ക്ക് റോയൽറ്റി കൊടുക്കുന്നുണ്ടോ എന്ന് വരെ ചോദ്യങ്ങൾ ഉയർന്നു.

പാട്ട് പണം മുടക്കി നിർമ്മിച്ച സിനിമാനിർമ്മാതാവിന് മാത്രമേ റോയൽറ്റി ചോദിക്കാൻ അവകാശമുള്ളൂ എന്ന പക്ഷക്കാരനാണ് ഞാൻ. പാട്ടുകാരനും തബല വായിച്ചവനും സംഗീതം നൽകിയവനും പാട്ടിന്റെ വരികൾ എഴുതിയവനുമൊക്കെ പണം നൽകി പാട്ടുണ്ടാക്കിയത് സിനിമാ നിർമ്മാതാവാണ്. പാട്ടിന്റെ റോയൽറ്റി യേശുദാസിന് കൊടുക്കണമെങ്കിൽ തബലിസ്റ്റ് അടക്കം മേൽപ്പറഞ്ഞ എല്ലാവർക്കും റോയൽറ്റി കൊടുക്കണം. എത്രപേർ യേശുദാസിന് ഇതുവരെ റോയൽറ്റി കൊടുത്തോ എന്തോ ? ഒരുപിടിയുമില്ല.
.
അമേരിക്കയിൽ മ്യൂസിക്ക് ആൽബങ്ങളാണുള്ളത്. അത് നിർമ്മിക്കുന്നത് മിക്കവാറും പാടുന്നയാൾ തന്നെ ആയിരിക്കാം. അങ്ങനാകുമ്പോൾ അവിടെ പാട്ടുകാരനായ നിർമ്മാതാവിന് റോയൽറ്റി ചോദിക്കാൻ അവകാശമുണ്ട്. കുറേനാൾ അമേരിക്കയിൽ ജീവിച്ചപ്പോൾ, സ്വന്തം ജീവിതഗതി എവിടെ നിന്നാണ് തുടങ്ങിയതെന്നും അവിടത്തെ സാഹചര്യങ്ങൾ എന്താണെന്നുമൊക്കെ മറന്ന് പോയതുകൊണ്ടാകാം താൻ പാടിയ മലയാള സിനിമാപ്പാട്ടുകളുടെ റോയൽറ്റി സ്വന്തം അവകാശമാണെന്ന് ഗാനഗന്ധർവ്വന് തോന്നിത്തുടങ്ങിയത്. അമേരിക്കൻ ‘പൌരന്മാരായ’ മക്കളുടെ തലതിരിഞ്ഞ ഉപദേശവും ഈ വിഷയത്തിൽ അദ്ദേഹത്തിന് ഗുണകരമല്ലാതെ വന്ന് ഭവിച്ചിട്ടുണ്ടാകാം.

വിവാദപരമായ ആ വിഷയത്തിൽ പിന്നോക്കം പോകാൻ അദ്ദേഹം തയ്യാറായിരുന്നില്ല. വീണ്ടുമൊരു നീക്കം നടത്തിയപ്പോൾ അക്കൂട്ടത്തിൽ ശക്തരായ രണ്ട് സംഗീതജ്ഞരെക്കൂടെ ഒപ്പം ചേർത്തിരുന്നു. ഗായകരായ ഹരിഹരനും എസ്.പി,ബാലസുബ്രഹ്മണ്യവുമായിരുന്നു ആ രണ്ട് പേർ. അതിന് ശേഷം റോയൽറ്റി വല്ലതും തടഞ്ഞോ എന്ന് ഒരുപിടിയുമില്ല.

ഇപ്പോൾ ദാ സമാനമായ ഒരു വിഷയത്തിൽ ഇളയരാജ എസ്.പി.ബാലസുബ്രഹ്മണ്യത്തിനും കെ.എസ്.ചിത്രയ്ക്കും എതിരെ കേസുമായി വന്നിരിക്കുന്നു. തന്റെ കമ്പോസിങ്ങ് അനുവാദമില്ലാതെ കോപ്പി ചെയ്ത് ഇക്കൂട്ടർ പാടി എന്നതാണ് അദ്ദേഹത്തിന്റെ കേസിനാധാരം.

556

യേശുദാസിനൊപ്പം ചേർന്ന് റോയൽറ്റി പിരിക്കാൻ ഇറങ്ങിയ എസ്.പി.ബാലസുബ്രഹ്മണ്യത്തിന് ഒരു പണി ഇളയരാ‍ജ കൊടുത്തതാണോ ? അക്കൂട്ടത്തിൽ ചിത്രയ്ക്കും പണി കിട്ടിയതായിക്കൂടെ ? കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് എസ്.പി.യ്ക്ക് ഇപ്പോൾ മനസ്സിലായിക്കാണില്ലേ ? ഇതിന്റെയൊക്കെ ആണിക്കല്ല് ഗാനഗന്ധർവ്വൻ തന്നെയല്ലേ ? എന്നൊക്കെയുള്ള ചിന്തകളാണ് ഈ അവസരത്തിൽ എനിക്കുള്ളത്. വെറും ചിന്തകൾ മാത്രം. വിഷയം ചർച്ച ചെയ്യപ്പെടേണ്ടതാണ്.

യേശുദാസിന്റെ കാര്യത്തിൽ അഭിപ്രായപ്പെട്ടത് പോലെ തന്നെ, ഇളയരാജ വിഷയത്തിൽ പാട്ട് ഉണ്ടാക്കിയ സിനിമാ നിർമ്മാതാവിനാണ് അതിന്റെ ട്യൂണിന് മേലുള്ള അവകാശം എന്നതാണ് എന്റെ വ്യക്തിപരമായ നിലപാട്. പാട്ട് നിർമ്മിച്ചത് ഇളയരാജ സ്വന്തമായാണെങ്കിൽ, അല്ലെങ്കിൽ പാ‍ട്ടുകളുടെ ട്യൂണിൽ നിയമപരമായി അദ്ദേഹത്തിന് കോപ്പി റൈറ്റ് ഉണ്ടെങ്കിൽ, അദ്ദേഹത്തിന്റെ കേസ്, ന്യായം തന്നെ.

എന്തു തോന്നുന്നു ? അഞ്ച് പൈസ പോലും ചിലവാക്കാതെ പാട്ട് കേട്ട് ആസ്വദിക്കുന്നത് അവിടെ നിൽക്കട്ടെ. പാട്ടുണ്ടാക്കാൻ പലതരത്തിൽ ഒത്തുചേർന്നവർ തല്ലുകൂടുമ്പോൾ ഏതെങ്കിലുമൊരു പക്ഷത്ത് നിൽക്കേണ്ട ബാദ്ധ്യതയെങ്കിലും നമുക്കില്ലേ ? :) :) :) ഒരു ചർച്ചയ്ക്ക് സാദ്ധ്യതയില്ലേ ?

വാൽക്കഷണം :- സാങ്കേതികവും നിയമപരവുമായ ന്യായാന്യായങ്ങൾ എന്തൊക്കെ ആയാലും,  സംഗീതപ്രേമികൾ അവരുടെ മനസ്സിൽ നിങ്ങൾ സംഗീതജ്ഞന്മാർക്ക് നൽകിയിട്ടുള്ള വലിയൊരു സ്ഥാനമാണ് ഇത്തരം പ്രവർത്തികളിലൂടെ  നഷ്ടമാകുന്നത്.