ഇന്ന് ഫേസ്ബുക്കിൽ കണ്ട ഒരു പരസ്യമാണ് ചിത്രത്തിൽ. 3000 രൂപ മാത്രമാണ് അതീവ സെക്സിയായ ഈ സൈക്കിളിന്റെ വില !!
രണ്ട് വയസ്സുകാർ ചവിട്ടുന്ന മൂന്ന് ചക്രമുള്ള സൈക്കിൾ പോലും 3000 രൂപയ്ക്ക് കിട്ടില്ലെന്നിരിക്കേ, കടം വാങ്ങിയിട്ടായാലും ഈ ഓഫറിന് പിന്നാലെ ചാടിപ്പുറപ്പെടുന്നവർ ‘പെട്ടു‘ എന്ന് പ്രത്യേകം പറയേണ്ടി വരുന്നത്, വെറുതെ കിട്ടിയാൽ വിഷവും കുടിക്കുന്ന സാക്ഷരന്മാരുടെ നാട് കൂടെയാണ് നമ്മുടേത് എന്നതുകൊണ്ടാണ്. നൈജീരിയയിൽ നിന്നെത്തി ഉടായിപ്പ് കാണിച്ച് കാശടിക്കുന്നവർക്ക് തലവെച്ച് ലക്ഷങ്ങൾ നഷ്ടപ്പെട്ട കണ്ണൂർക്കാരനായ ഒരു ജഡ്ജി പോലുമുണ്ട് നമുക്ക് മാതൃകയും മകുടോദാഹരണവുമായി.
എല്ലാ സാധനങ്ങൾക്കും അതിന്റേതായ മാർക്കറ്റ് വിലയുണ്ട്. അതിനേക്കാൾ ഏറെ കുറഞ്ഞ് എന്തെങ്കിലും സാധനം ഓൺലൈൻ വഴി കിട്ടുമെന്ന് വന്നാൽ, ആ നിമിഷം സംശയം തലപൊക്കണം. എന്നിട്ടതൊന്ന് മനസ്സിലാക്കാൻ ശ്രമിക്കണം. ഉദാഹരണത്തിന് ഈ ഓഫർ തന്നെ എടുക്കാം. ഇത് ഉടായിപ്പാണെന്ന് തെളിയിക്കുന്ന ധാരാളം കമന്റുകൾ ആ പോസ്റ്റിന് കീഴെ കാണാം. COD (Cash On Delivery) നടക്കുമെങ്കിൽ ശ്രമിച്ച് നോക്കിക്കോളൂ എന്ന കമന്റുകളും കാണാം. ഇത്തരത്തിൽ എന്തെങ്കിലുമൊക്കെ സൂചനകൾ മുന്നറിയിപ്പായി കിട്ടിയിട്ടും 3000 രൂപ അടച്ച് കാത്തിരിക്കുന്നവരെ നമ്മളായിട്ട് പിന്തിരിപ്പിക്കരുത് എന്നാണെന്റെ പക്ഷം.
ഓൺലൈനിൽ പണമടച്ച് പറ്റിക്കപ്പെട്ടത് രണ്ടേ രണ്ട് പ്രാവശ്യം മാത്രമാണ്. 299 രൂപയും 199 രൂപയും ആ വഴിക്ക് പോയിക്കിട്ടി. അത്രയ്ക്ക് തന്നെ മൂല്യമേ ആ ഓർഡറുകൾക്ക് ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് ഒറ്റയടിക്ക് തട്ടിപ്പ് പിടികിട്ടിയില്ല. അതിനുശേഷം ഇന്നുവരെ വിൽപ്പനക്കാരന്റെ ജാതകം ഇഴകീറി പരിശോധിച്ചശേഷമേ ഓർഡർ ചെയ്യാറുള്ളൂ. നഷ്ടമായ 498 രൂപ, ഇത്തരം തട്ടിപ്പുകളിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം എന്ന് പഠിക്കാനായി ഒരു ഓൺലൈൻ കോഴ്സിന് ചേർന്ന വകയിലുള്ള ഫീസായി കണക്കാക്കിയതോടെ പറ്റിക്കപ്പെട്ടു എന്ന മനപ്രയാസം മാറിക്കിട്ടുകയും ചെയ്തു.
സത്യത്തിൽ ഇത്തരം ഫ്രോഡുകളെ കണ്ടെത്തി അകത്താക്കാൻ സർക്കാറും ഇങ്ങനെയുള്ളവരുടെ പരസ്യം കൊടുക്കാതിരിക്കാൻ സുക്കറണ്ണനും ഒരുപോലെ ബാദ്ധ്യസ്ഥരല്ലേ ?
വാൽക്കഷണം 1:- തിരിച്ച് കിട്ടില്ല എന്നറിഞ്ഞുകൊണ്ടുതന്നെ 10,000 രൂപ വെറുതെ കൊടുക്കാൻ തയ്യാറാണ്. പക്ഷേ 10 രൂപ പറ്റിച്ച് കൊണ്ടുപോയാൽ സഹിക്കാൻ പറ്റാത്ത വേദനയാണ്.
വാൽക്കഷണം 2:- ഇനി ശരിക്കും ബിരിയാണി കൊടുക്കുന്നുണ്ടോ എന്ന് സംശയമുള്ളവർക്ക് പരീക്ഷിച്ചുനോക്കാൻ തീരെ വൈകിയിട്ടില്ല. ഈ ഓഫർ സ്റ്റോക്ക് തീരുന്നത് വരെ മാത്രം.