തുമ്മാരുകുടിയുടെ ‘ചായ് പേ ചർച്ച’കൾ


പോകുന്ന രാജ്യങ്ങളിലെല്ലാം ഓൺലൈനിലൂടെയും അല്ലാതെയും പരിചയമുള്ള മലയാളി സുഹൃത്തുക്കളെയെല്ലാം കാണാൻ ശ്രമിക്കുന്ന ആളാണ് മുരളി തുമ്മാരുകുടി. ‘ചായ് പേ ചർച്ച‘ എന്ന പേരിൽ അല്ലെങ്കിൽ പരമ്പൊരി പേ ചർച്ച അതുമല്ലെങ്കിൽ ആ രാജ്യത്തുള്ള ഏതെങ്കിലുമൊരു നല്ല പലഹാരത്തിന്റെ പേരിൽ ചർച്ച അഥവാ സുഹൃത്ത്സംഗമം സ്വന്തം ചിലവിൽ സംഘടിപ്പിക്കുന്ന ആളാണദ്ദേഹം.

തുമ്മാരുകുടിയെ ഓൺലൈൻ വായനക്കാർക്ക് പരിചയപ്പെടുത്തുന്നത് അക്ഷന്തവ്യമായ അപരാധമാണെന്നറിയാം. എങ്കിലും അറിയാത്തവർക്ക് വേണ്ടി മാത്രം ആ സാഹസത്തിന് മുതിരുന്നു.

വർഷങ്ങൾക്ക് മുന്നേ തന്നെ പത്രമാദ്ധ്യമങ്ങളിൽ കോളമെഴുതുന്ന വ്യക്തിയാണദ്ദേഹം. നിലവിൽ, ഐക്യരാഷ്ട്ര പരിസ്ഥിതി പ്രോഗ്രാമിൽ, ദുരന്ത അപകട സാദ്ധ്യതാ വിഭാഗത്തിന്റെ തലവനാണ് പെരുമ്പാവൂരുകാരനായ തുമ്മാരുകുടി. അദ്ദേഹത്തിന്റെ ഈ വിഷയങ്ങളിലുള്ള പരിചയസമ്പന്നതയും അനുഭവസമ്പത്തും കാരണം, കേരള സർക്കാരും അദ്ദേഹത്തിന്റെ ഉപദേശങ്ങൾ കൈക്കൊള്ളുക പതിവാണ്. ദുരന്ത നിവാരണ / അപകട സാദ്ധ്യത വിഷയങ്ങൾക്ക് പുറമേ വിദ്യാഭ്യാസ വിഷയത്തിലും റോഡ് സുരക്ഷാ വിഷയത്തിലും വിദേശപഠനം ജോലിസാ‍ദ്ധ്യത എന്നിങ്ങനെ എണ്ണമറ്റ വിഷയങ്ങളിലും വ്യക്തമായ നിർദ്ദേശങ്ങൾ നൽകാൻ പോന്ന വിജ്ഞാനവും അനുഭവസമ്പത്തുമുള്ള വ്യക്തി. അതൊക്കെയും ഫേസ്ബുക്കിലൂടെ അല്ലെങ്കിൽ മറ്റ് ഓൺലൈൻ ഇടങ്ങളിലൂടെയും പത്രമാദ്ധ്യമങ്ങളിലെ കോളങ്ങളിലൂടെയും പുസ്തകങ്ങളായുമൊക്കെ അദ്ദേഹം പങ്കിവെച്ചിട്ടുമുണ്ട്. ജോലി സംബന്ധമായുള്ള എണ്ണമറ്റ യാത്രകൾ കൂടെയാകുമ്പോൾ യാത്രാവിവരണവും അദ്ദേഹത്തിന്റെ വിഷയങ്ങളിൽ ഒന്നായി മാറുന്നു.

കഴിഞ്ഞ കുറേ നാളുകളായി അദ്ദേഹം സംഘടിപ്പിക്കുന്ന ‘ചായ് പേ ചർച്ച‘കളുടെ ചിത്രങ്ങൾ ഫേസ്ബുക്കിൽ കാണുന്നുണ്ടെങ്കിലും എറണാകുളത്ത് വെച്ച് നടത്ത അത്തരമൊരു ചർച്ചയിൽ പങ്കെടുക്കാൻ എനിക്ക് കഴിയാതെ പോയി. അതുകൊണ്ടുതന്നെയാണ് തൃശൂരിൽ ഇന്നലെ നടന്ന ചർച്ച ഒഴിവാക്കരുതെന്ന് തീരുമാനിച്ചത്.

തൃശൂര് ചെന്നപ്പോൾ കാണാനായത്, തുമ്മാരുകുടി ചർച്ചകളുടെ ജനപ്രീതി ദിനം‌പ്രതി കൂടിക്കൂടി വരുന്നതായിട്ടാണ്. 10, 20, 30, എന്നിങ്ങനെ കൂടിക്കൂടി വന്ന് അവസാനം ജവഹർ ബാലഭവന്റെ ഹാൾ നിറഞ്ഞുകവിഞ്ഞു ചർച്ചയ്ക്കെത്തിയവർ.

1
ചർച്ചയ്ക്ക് തടിച്ച് കൂടിയവർ

ആഗോളതാപനം, സുരക്ഷ, സ്ത്രീകളുടെ സുരക്ഷ, വീട്ടിലും ഓഫീസ് ഇടങ്ങളിലുമുള്ള സുരക്ഷ, റോഡ് സുരക്ഷ, പൊതുശൌചാലയങ്ങൾ, പരിസ്ഥിതി, മാലിന്യം, വിദ്യാഭ്യാസരംഗം, എന്നുതുടങ്ങി വിവാഹവും ലൈംഗിക പ്രശ്നങ്ങളും വരെ ചർച്ചയിൽ കടന്നുവരുന്നു. ഓൺലൈനിൽ നേരിട്ട് സംവദിച്ചും അല്ലാതെയും ഈ കാര്യങ്ങളിലൊക്കെ മനസ്സിലാക്കുന്നവരാണെങ്കിലും അദ്ദേഹവുമായി നേരിട്ടിരുന്ന് ഇതൊക്കെ സംസാരിക്കുന്നതിന്റെ മാധുര്യം തന്നെയാകാം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സുഹൃത്തുക്കളും വിദേശത്തുനിന്ന് ലീവിനെത്തിയിരിക്കുന്നവരുമടക്കം വലിയൊരു ജനാവലി ചർച്ചയ്ക്കെത്തുന്നത്. വട്ടം വളഞ്ഞിരുന്ന് സംസാരിക്കാം എന്ന നിലയിൽ നിന്ന് മൈക്ക് ഉപയോഗിച്ച് സംസാരിക്കേണ്ടി വരുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ കടക്കുന്നത് ജനബാഹുല്യം കൊണ്ടാണെന്ന് എടുത്ത്പറയേണ്ടതില്ലല്ലോ ? അതും ഗതാഗത നിയന്ത്രണവും കുരുക്കും കാരണം തൃശൂർ നഗരം പൊറുതിമുട്ടിയ ഇന്നലെ വൈകുന്നേരം.

ജവഹർ ഭവന്റെ താഴെയുള്ള ഹാളിൽ ഒരു പാർട്ടിയുടെ സമ്മേളനത്തിന് ആൾക്കാർ വന്നിരിക്കുന്നതും മുകളിലെ നിലയിൽ ഈ ചർച്ചയ്ക്ക് ആള് വന്നിരിക്കുന്നതും തമ്മിൽ ഒരേയൊരു വ്യത്യാസം മാത്രമേയുള്ളൂ. ആദ്യത്തേത് നിർബന്ധപൂർവ്വമുള്ളത് അല്ലെങ്കിൽ നിവൃത്തികേടുകൊണ്ടുള്ളത്, അതുമല്ലെങ്കിൾ ആർക്ക് വേണ്ടിയെന്നോ എന്തിന് വേണ്ടിയെന്നോ കൃത്യമായി ധാരണയൊന്നും ഇല്ലാത്തത്. രണ്ടാമത്തേത് സ്വതാൽ‌പ്പര്യപ്രകാരമുള്ളത്.

പക്ഷെ, തുമ്മാരുകുടി സ്വയം പറയുന്നത് ഇപ്രകാരമാണ്. മേൽ‌പ്പറഞ്ഞ വിഷയങ്ങളിൽ മുരളി തുമ്മാരുകുടി സംസാരിക്കുന്നു എന്ന് പറഞ്ഞാൽ എത്ര ജനങ്ങൾ സ്വതാൽ‌പ്പര്യപ്രകാരം വന്നുചേരും ? സണ്ണി ലിയോണിനെ കാണാൻ തടിച്ചുകൂടിയ അത്രയും വലിയ കൂട്ടം ഇത്തരം വിഷയങ്ങൾ ശ്രവിക്കാൻ ഉണ്ടാക്കുകയെന്നത് ബുദ്ധിമുട്ടാണ്. അതുകൊണ്ട് സണ്ണി ലിയോണിനെക്കൊണ്ട് അല്ലെങ്കിൽ അതുപോലെ കാണികൾ തടിച്ചുകൂടാൻ സാദ്ധ്യതയുള്ള പ്രമുഖരെക്കൊണ്ട് ഇത്തരം വിഷയങ്ങൾ അഞ്ച് മിനിറ്റ് നേരത്തേക്കെങ്കിലും പറയിപ്പിക്കുക എന്നതൊരു തന്ത്രമായി സ്വീകരിക്കേണ്ടിയിരിക്കുന്നു. രാജ്യനന്മയ്ക്കായുള്ള കാര്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ എന്ത് കുതന്ത്രവും സ്വീകരിക്കുന്നതിൽ തെറ്റില്ല.

4
ചർച്ച പുരോഗമിക്കുന്നു.

എന്തായാലും ഇത്തരം ഒരു ചായ് പേ ചർച്ചയിൽ നിന്ന് മനസ്സിലാക്കേണ്ട വേറെയും ചില കാര്യങ്ങളുണ്ട്. ആധികാരികമായി ഒരാൾ ചില വിഷയങ്ങൾ എഴുതാനും അതേപ്പറ്റി സംവദിക്കാനും തയ്യാറായി വന്നാൽ ഓൺലൈനിൽ മാത്രമല്ല ഓഫ്‌ലൈനിലും അത് കേൾക്കാൻ കുറച്ചുപേരെങ്കിലുമുണ്ട്. അവർ രാജ്യത്തിന്റെ പുരോഗതിയിലും രാഷ്ട്രീയത്തിലും പരിസ്ഥിതിയിലും വിദ്യാഭ്യാസ രംഗത്തിലും മറ്റ് ആഗോള പ്രശ്നങ്ങളിലുമൊക്കെ ആശങ്കയുള്ളവരാണ്. മാറ്റങ്ങൾ ആഗ്രഹിക്കുന്നവരാണ്. മാറാൻ തയ്യാറുള്ളവരാണ്.

എഴുത്തുകാരൻ എന്ന നിലയ്ക്കോ സമൂഹ മാദ്ധ്യമജീവി എന്ന നിലയ്ക്കോ എഴുതാനുള്ളത് എഴുതിവിടുന്നതിനപ്പുറം അതിന്റെ സാദ്ധ്യതകൾ ചർച്ച ചെയ്യാൻ ഒരാൾ തയ്യാറായി വന്നാൽ, ആ എഴുത്തുകൾ കാമ്പുള്ളതാണെങ്കിൽ, അതേപ്പറ്റി ചർച്ച ചെയ്യാൻ ആളുണ്ടാകുക തന്നെ ചെയ്യും. തുമ്മാരുകുടി ഇതുവരെ എഴുതിയ പുസ്തകങ്ങൾ എല്ലാം വായനയ്ക്ക് വിധേയമാക്കി ഇടയ്ക്കെങ്കിലും അതൊരോന്നും പ്രത്യേകം പ്രത്യേകം ചർച്ചാ വിഷയമാക്കിയാൽ നന്നാകുമെന്നും വിഷയത്തിൽ ഊന്നിയുള്ള ചർച്ചയ്ക്ക് അതുപകരിക്കുമെന്നും അഭിപ്രായമുണ്ട്. നിലവിൽ സംഭവിക്കുന്നതും അതൊക്കെത്തന്നെയാണ്. പക്ഷെ, പുസ്തകങ്ങളിലൂടെയും ലേഖനങ്ങളിലൂടെയും അദ്ദേഹം പറഞ്ഞുകഴിഞ്ഞത് വായിക്കപ്പെടാതെ വീണ്ടും ചർച്ചാവിഷയമാകുന്നതുകൊണ്ടുള്ള സമയനഷ്ടം ഒഴിവാക്കാം എന്നതുകൊണ്ട് മാത്രമാണ് ഇങ്ങനെയൊരു അഭിപ്രായം.

2
കഥാനായകനെ ഓഫ്‌ലൈൻ ആക്കിയപ്പോൾ

ഗ്രന്ഥകർത്താവുമായി സംവാദം സംഘടിപ്പിക്കുന്നത് പുസ്തകവിൽ‌പ്പനയുടെ ഭാഗമായി പല പ്രസാധകരും ചെയ്യുന്ന ഏർപ്പാട് തന്നെയാണ്. പക്ഷെ, തുമ്മാരുകുടിയുടെ ചായ് പേ ചർച്ചകൾ അങ്ങനെയല്ല. അത് അദ്ദേഹം തന്നെ സൌഹൃദവലയത്തിലുള്ളവർക്ക് വേണ്ടി സ്വയം സംഘടിപ്പിക്കുന്നതാണ്. ഇന്നലെ അവിടെ ചെന്നവർക്കെല്ലാം ‘എന്തുപഠിക്കണം, എങ്ങനെ തൊഴിൽ നേടാം’ എന്ന പുസ്തകം സൌജന്യമായി വിതരണം ചെയ്തതിൽ നിന്ന് അക്കാര്യം തിരിച്ചറിയാനും എളുപ്പമാണ്.

ഇന്നലത്തെ ചായ് പേ ചർച്ച ഒരു പുസ്തകപ്രകാശനത്തിന്റെ കൂടെ ഭാഗമായിരുന്നു. ലോകത്തിന്റെ പലഭാഗത്തുനിന്നുള്ള ഓൺലൈൻ സുഹൃത്തുക്കൾ തുമ്മാരുകുടി എന്ന ആശാന്റെ നേതൃത്വത്തിൽ കിനാശ്ശേരി എന്നൊരു കൂട്ടായ്മ ഉണ്ടാക്കുന്നു. ആ പേരിൽ നിന്നുതന്നെ കൂട്ടായ്മയുടെ കുന്നോളമുള്ള ലക്ഷ്യങ്ങളും ആഗ്രഹങ്ങളും വ്യക്തമാണല്ലോ ? അവരെല്ലാം ഒത്തുചേർന്ന് രചിച്ച ‘അവിയൽ‘ എന്ന പുസ്തകത്തിന്റെ പ്രകാശനം കർമ്മം കൂടെ ചർച്ചയ്ക്ക് ശേഷം നടന്നു. നടനും എം.പി.യുമായി സുരേഷ് ഗോപിയും ഐ.എ.എസ്.ബ്രോ പ്രശാന്ത് നായരും ചേർന്ന് പുസ്തകം പ്രകാശനം ചെയ്തു.

3
അവിയൽ പുസ്തകപ്രകാശനച്ചടങ്ങിന്റെ ഒരു ദൃശ്യം.

ചായ് പേ ചർച്ചകൾ ഇനിയുമുണ്ടാകട്ടെ. പാർട്ടിക്കാ‍ർ വിളിച്ച് ചേർക്കുന്ന സമ്മേളനങ്ങളുടേയും ദൈവങ്ങളുടെ പേരിൽ ഇന്നോളം ഉണ്ടാകാത്ത ഘോഷയാത്രകളുടേയും പേരിൽ ഒരു നഗരം സ്തംഭിക്കുന്നതിനുപകരം, ലോകനന്മയ്ക്കായി തികച്ചും അനൌപചാരികവും അനൌദ്യോഗികവുമായി സംഘടിപ്പിക്കപ്പെടുന്ന ഒരു ചായ് പേ ചർച്ചയുടെ പേരിൽ നഗരം ഇളകിമറിയുകയും ഗതാഗതക്കുരുക്കിൽപ്പെടുകയും ചെയ്യുന്ന ഒരു കിനാശ്ശേരി ഉണ്ടായി വരുമാറാകട്ടെ.

വാൽക്കഷണം:- ഏഴ് വർഷങ്ങൾക്ക് മുൻപ് മുല്ലപ്പെരിയാർ സുരക്ഷയുമായി ബന്ധപ്പെട്ട് ഒരു ചർച്ച നേരിട്ടാകാമെന്ന് പറയുകയും, പലകാരണങ്ങളാൽ അത് നടക്കാതെ പോയെങ്കിലും, മുരളി തുമ്മാരുകുടി എന്ന സുരക്ഷാ വിദഗ്ദ്ധനെ ഇന്നലെ നേരിൽ കണ്ട് ഓ‌ഫ്‌ലൈൻ ആക്കാൻ കഴിഞ്ഞതിന്റേയും, ബ്ലോഗ്- ഫേസ്ബുക്ക്-വിക്കിപ്പീഡിയ മേഖലകളിൽ നിന്ന് പലപ്പോഴായി കൂട്ടുകൂടിയിട്ടുള്ള ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ളവരെ കാണാനായതിന്റേയും, കോളേജിൽ നിന്നിറങ്ങിയശേഷം, അതായത് 25 വർഷങ്ങളോളം കണ്ടുമുട്ടാതെ പോയ രാം‌കുമാർ എന്ന സഹപാഠിയെ കാണാനായതിന്റേയും സന്തോഷം ഈ തുമ്മാരുകുടി ചായ് പേ ചർച്ച അഥവാ പഴമ്പൊരി പേ ചർച്ചയ്ക്ക് മാത്രം അവകാശപ്പെട്ടതാണ്.

ചിത്രങ്ങൾ:- വിശ്വപ്രഭ, വഹീദ ഷംസുദ്ദീൻ

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>