രാവിലെ 6 മണിക്ക് ഹൂബ്ലിയിലെ സർക്കീട്ട് ഹൗസിൽ നിന്ന് സത്താറയിലേക്ക് പുറപ്പെട്ടു. സത്താറയിലേക്ക് 317 കിലോമീറ്റർ ദൂരമുണ്ട് ഹൂബ്ലിയിൽ നിന്ന്.
ഇന്നലെ ഞാൻ ഹൂബ്ലിയിൽ എത്തിയെന്ന് ഫേസ്ബുക്ക് വഴി മനസ്സിലാക്കിയ ഡോ:ശരണ്യ ബ്രേക്ക്ഫാസ്റ്റ് വാഗ്ദാനം ചെയ്തിരുന്നു. അത് പ്രകാരം, മാർഗ്ഗമദ്ധ്യേയുള്ള ഇഞ്ചൽ എന്ന സ്ഥലത്ത് ശരണ്യയുടെ വീട്ടിൽ കയറി കുളിക്കുക, അലക്കുക, പ്രാതൽ കഴിക്കുക, ശരണ്യയെ ഓഫ്‌ലൈൻ ആക്കുക എന്നിങ്ങനെ പല ഉദ്ദേശങ്ങൾ എനിക്കുള്ള കാര്യം പാവം ശരണ്യയ്ക്ക് അറിയില്ലായിരുന്നു. ഇതിനൊക്കെ പുറമേ എൻ്റെ പേര് കൊത്തിയ ഒരു ‘സ്വർണ്ണ ചായക്കപ്പ് ‘ കൂടെ തന്നാണ് ശരണ്യ യാത്രയാക്കിയത്.
ശരണ്യയുടെ വീട്ടിൽ പോയില്ലെങ്കിൽ, ദേശീയ പാതയിൽ അഞ്ചാം ഗിയറിൽ ഓടി വിരസമാകുമായിരുന്ന ദൂരമത്രയും, ഇഞ്ചൽ ഗ്രാമത്തിന്റെ കൃഷിയിടങ്ങളിലൂടെ സഞ്ചരിച്ച് ധന്യമാക്കി. ഗ്രാമം ആയിട്ട് പോലും ചിലയിടങ്ങളിൽ അന്തരീക്ഷത്തിന് വല്ലാത്ത ദുർഗ്ഗന്ധം ഉണ്ടായത് കരിമ്പിൻ ഫാക്ടറികളിൽ നിന്നുള്ള മാലിന്യത്തിൻ്റേതാണെന്ന് ശരണ്യയിൽ നിന്ന് മനസ്സിലാക്കി.
ദേശീയ പാത വികസനം നടക്കുകയാണ് പലയിടങ്ങളിലും. അതിനിടയിലൂടെ കർണ്ണാടക വിട്ട് മഹാരാഷ്ട്രയിൽ പ്രവേശിച്ചത് എപ്പോഴാണെന്ന് പോലും എനിക്ക് പിടികിട്ടിയില്ല.
ഉച്ചയോടെ കോലാപ്പൂരിൽ എത്തി. അവിടെ ഞാനിതുവരെ കാണാത്ത അരുൺ സ്വാമി എന്ന ഒരു മനുഷ്യൻ എന്നെക്കാത്ത് ഹൈവേയിൽ നിൽക്കുന്നുണ്ടായിരുന്നു. മൈസൂർ റാണിയുടെ Rani B Menon സുഹൃത്തായ (ഇപ്പോൾ എന്റേയും) അരുൺ സ്വാമിയാണ് വൈകീട്ട് ഭാഗിക്ക് വിശ്രമിക്കാനുള്ള സ്ഥലം സത്താറയിൽ ഏർപ്പാട് ചെയ്തിരിക്കുന്നത്. അദ്ദേഹം എനിക്ക് വടാ പാവും കരിമ്പിൻ നീരും വാങ്ങിത്തന്ന് സത്താറയ്ക്ക് യാത്രയാക്കി.
കോലാപ്പൂരിൽ നിന്ന് രണ്ട് മണിക്കൂർ ഓട്ടമുണ്ട് സത്താറയിലേക്ക്. അതിനിടയ്ക്ക് പരിചയമില്ലാത്ത ഒരു നമ്പറിൽ നിന്ന് വിളി വന്നു. KBP എഞ്ചിനീയറിംഗ് കോളേജിലെ മെക്കാനിക്കൽ വിഭാഗം തലവനാണ് മറുവശത്ത്.
“താങ്കൾ എപ്പോൾ എത്തും, ഞങ്ങൾ കാത്തിരിക്കുകയാണ്.”
എനിക്കാകെ അങ്കലാപ്പായി.
ഞങ്ങൾ ?…
കാത്തിരിക്കുന്നു ?…
എന്തിന്?…..
എന്താണ് സംഭവിക്കുന്നത്? പണ്ട് കുറച്ച് നാൾ മഹാരാഷ്ട്രയിൽ ജോലി ചെയ്തിട്ടുണ്ട്. പക്ഷേ, കാര്യമായ അലമ്പൊന്നും ഉണ്ടാക്കാതെയാണ് അന്ന് മറാഠ വിട്ടത്. പിന്നെന്താണ് പ്രശ്നം. എന്തിനാണ് ഇവർ കാത്തിരിക്കുന്നത്? ആരൊക്കെയാണ് ഇവർ? ആലോചിച്ച് കാട് കയറിയാൽ കിളി പോകും. പോയി നോക്കുക തന്നെ.
KBP കാമ്പസിൽ ചെന്ന് കയറിയപ്പോൾ, മെക്കാനിക്കൽ ഹെഡ്, റിക്രൂട്ട്മെന്റ് ഹെഡ്, സെക്യൂരിറ്റി ഹെഡ് എന്നീ 3 പേർ കാത്ത് നിൽപ്പുണ്ട്. അവരെന്നെ നേരെ പ്രിൻസിപ്പാളിൻ്റെ മുറിയിലേക്ക് കൊണ്ടുപോയി, ബൊക്കെയും രുചികരമായ കാവയും തന്ന് സ്വീകരിച്ച് സൽക്കരിച്ചു. എന്റെ ശ്വാസം നേരെ വീണു.
സംഭവം ഇങ്ങനെയാണ്. അരുൺ സ്വാമിയുടെ വളരെ അടുത്ത സുഹൃത്താണ് കോളേജ് പ്രിൻസിപ്പാൾ ആത്തർ സർ. സ്വാമി പ്രിൻസിയെ വിളിച്ച് ഒരു വാഹനം പാർക്ക് ചെയ്യാനുള്ള സൗകര്യം ആവശ്യപ്പെടുന്നു. പൂവ് ചോദിച്ചവന് പ്രിൻസിപ്പാൾ ഒരു പൂക്കാലം തന്നെ കൊടുക്കുന്നു.
GIE തുടങ്ങിയതിന് ശേഷം എത്രയെത്ര കൂതറ ശൗചാലയങ്ങൾ ഞാൻ കണ്ടിരിക്കുന്നു. ആ നിലവാരം വെച്ചാണെങ്കിൽ കോളേജിലെ ആൺകുട്ടികളുടെ റസ്റ്റ് റൂമിന് ത്രീസ്റ്റാർ റേറ്റിങ്ങ് ഞാൻ കൊടുക്കും. പക്ഷേ, അത് ഞാൻ ഉപയോഗിക്കാൻ പാടില്ല പോലും! പ്രിൻസിയുടെ മുറിയിലെ 7സ്റ്റാർ റസ്റ്റ് റൂം തന്നെ ഉപയോഗിക്കണമത്രേ!
സത്യത്തിൽ, 1990ൽ കണ്ണൂർ എഞ്ചിനീയറിങ്ങ് കോളേജ് വിട്ടതിന് ശേഷം മറ്റൊരു എഞ്ചിനീയറിംഗ് കോളേജിൽ എന്നെ കയറ്റിയിട്ട് പോലുമില്ല. അതുകൊണ്ട് തന്നെ എനിക്കിപ്പോഴും ഇതൊക്കെ അങ്ങോട്ട് വിശ്വാസമായിട്ടില്ല.
രാത്രി 0830ന് അദ്ധ്യാപകർ വീണ്ടും വന്നു. പുറത്ത് ഒരു മുന്തിയ റസ്റ്റോറന്റിൽ കൊണ്ടുപോയി എനിക്ക് ഭക്ഷണം വാങ്ങിത്തരുന്ന ചടങ്ങ് കൂടെ ബാക്കിയുണ്ടത്രേ!
അഹം സിനിമയിലെ പാട്ടെൻ്റെ ചുറ്റിലും മൂളിപ്പറക്കുന്നു.
” നന്ദിയാരോട് ഞാൻ ചൊല്ലേണ്ടൂ.”
ഇന്നത്തെ ദിവസം നന്ദി ആരോടൊക്കെ ഞാൻ ചൊല്ലേണ്ടൂ?
ഡോ:ശരണ്യയോടോ?
മൈസൂർ റാണിയോടോ?
അരുൺ സ്വാമിയോടോ?
KBP കോളേജിലെ അദ്ധ്യാപകരോടോ?
പ്രിൻസിപ്പാൾ ആത്തർ സാറിനോടോ?
എനിക്കീ ഗംഭീര അനുഭവങ്ങൾ സമ്മാനിക്കുന്ന എൻ്റെ സ്വന്തം കോട്ടകളോടോ?
(തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…)
#gie_by_niraksharan
#gie_rajasthan
#fortsofrajasthan
#boleroxlmotorhome
#motorhomelife
#rbpcollegesathara