മനോറിൽ, രാത്രി ഞാൻ കിടന്നുറങ്ങിയ പരിസരത്തെ റസ്റ്റോറന്റിൽ നിന്ന് തന്നെ പ്രാതൽ കഴിച്ചശേഷം 7 മണിയോടെ അഹമ്മദാബാദ് ലക്ഷ്യമാക്കി നീങ്ങി.
ഇന്നലെ രാത്രി മനോറിൽ യാത്ര അവസാനിപ്പിക്കാൻ തോന്നിയത് മഹാഭാഗ്യം. അവിടന്ന് മുന്നോട്ട് റോഡ് മോശം. പലയിടത്തും റോഡ് പണി നടക്കുന്നതുകൊണ്ടുള്ള വഴി തിരിച്ച് വിടൽ എന്നിങ്ങനെ പലപല പ്രശ്നങ്ങൾ. ആ വഴിക്ക് രാത്രി സഞ്ചരിച്ചിരുന്നെങ്കിൽ പെട്ട് പോകുമായിരുന്നു.
ആറ് വരി പാത ഉണ്ടെന്ന് പറഞ്ഞിട്ട് ഒരു കാര്യവുമില്ല. മുഴുവൻ പാതയിലും തിങ്ങിനിറഞ്ഞ് നിരങ്ങി നീങ്ങുന്ന വലിയ ട്രക്കുകൾ. ഫാസ്റ്റ് ട്രാക്ക് പോലും ചെറിയ വാഹനങ്ങൾക്ക് കിട്ടുന്നില്ല. ഏതാണ്ട് ബറോഡ വരെ അത് തന്നെ അവസ്ഥ.
അതിനിടയ്ക്ക് ആഷയുടെ സന്ദേശം വന്നു. “സൂറത്ത് വഴി വരുന്നുണ്ടെങ്കിൽ ഉച്ചയൂണ് വീട്ടിൽ നിന്നാക്കാം”. 2007 മുതലുള്ള സൗഹൃദമാണ് ആഷയോടും സതീഷിനോടും. GIE തെലുങ്കാന ചെയ്തപ്പോൾ ഒരുപാട് ദിവസം തങ്ങിയത് ആഷയുടെ ഹൗസിങ്ങ് സൊസൈറ്റിയുടെ ഗസ്റ്റ് റൂമിലാണ്. ഞങ്ങൾ ഒരുമിച്ച് പലയിടങ്ങളിലും കറങ്ങുകയും ചെയ്തു. ആഷയുടെ ഫോട്ടോഗ്രാഫി അതിഗംഭീരമാണ്.
ആഷയുടെ വീട്ടിൽ നിന്ന് മീൻകറിയും മറ്റ് വിഭവങ്ങളും ചേർത്ത് ഊണ് കഴിച്ച് അഹമ്മദാബാദിലേക്ക് യാത്ര തുടർന്നു.
അഹമ്മദാബാദിലും ഹൂബ്ലിയിലും ഒരു കാര്യം പ്രത്യേകം ശ്രദ്ധിച്ചു. റോഡിന്റെ നടുഭാഗത്ത് ബസ്സുകൾക്കുള്ള ലേൻ ആണ്. അതിനുള്ളിൽത്തന്നെ ബസ്സ് ഷെൽട്ടറും ഉണ്ട്. മറ്റ് വാഹനങ്ങൾ പുറത്തുള്ള ലേനിൻക്കൂടെ മാത്രം സഞ്ചരിക്കണം.
അഹമ്മദാബാദിൽ, ഭാഗി കിടക്കാൻ പോകുന്നത് ‘സെന്റ് സേവ്യേഴ്സ് ഹൈസ്ക്കൂൾ ലൊയോള ഹാൾ’ മതിൽക്കെട്ടിനകത്താണ്. എനിക്കുള്ള ശൗചാലയ സൗകര്യവും അതിനകത്ത് തന്നെ. മൈസൂർ റാണിയും അദ്ദേഹത്തിന്റെ സഹപാഠി പ്രസാദ് ചാക്കോയും ചേർന്നാണ്, ഭാഗിക്കും എനിക്കും വേണ്ടി ഈ ഏർപ്പാട് ചെയ്തിരിക്കുന്നത്. സ്ക്കൂളിന്റെ തലൈവർ ഫാദർ ക്രെഡിക് പ്രകാശ് ആ സൗകര്യങ്ങൾ എല്ലാം എനിക്ക് കാണിച്ചുതന്നു. പശ്ചാത്തലത്തിൽ വീണ്ടും “നന്ദിയാരോട് ഞാൻ ചൊല്ലേണ്ടൂ” ഗാനം മൂളിപ്പറക്കുന്നു.
അഹമ്മദാബാദിലും സൂറത്തിലും, ഇരുചക്രവാഹനങ്ങളുടെ ഹാൻഡിലിൽ നിന്ന് മൂന്നടിയിൽ കൂടുതൽ ഉയരത്തിൽ നിൽക്കുന്ന ഒരു വളഞ്ഞ കമ്പി കൗതുകമുണർത്തി. പക്ഷേ, അതെന്തിനാണെന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് പിടികിട്ടിയില്ല. അതിന്റെ പ്രയോജനം പറഞ്ഞ് തന്നത് പ്രസാദാണ്. മകരസംക്രാന്തി ദിവസങ്ങളിൽ ഈ ഭാഗത്തെല്ലാം പട്ടം പറത്തൽ വ്യാപകമായി നടക്കും. പൊട്ടിയ പട്ടങ്ങളുടെ ചരടുകൾ പലയിടത്തും തങ്ങിനിൽക്കുകയും അത് കഴുത്തിൽ കുടുങ്ങി ഇരുചക്രവാഹനക്കാർക്ക് അപകടം ഉണ്ടാകുകയും പതിവുണ്ട്. മരണം വരെ സംഭവിച്ചിട്ടുണ്ട്. പട്ടത്തിൻ്റെ ചരട് കഴുത്തിൽ കുടുങ്ങാതിക്കാനാണ് വളഞ്ഞ കമ്പി ഇരുചക്രവാഹനങ്ങളിൽ പിടിപ്പിച്ചിരിക്കുന്നത്. ചരട് ആദ്യം പോയി കുടുങ്ങുന്നത് ഈ കമ്പിയിലായിരിക്കും. കഴുത്തും ജീവനും രക്ഷപ്പെടും.
ഗുജറാത്തിൻ്റെ കീഴ്ത്താടി ഭാഗത്തെ സൗരാഷ്ട്ര എന്നും മേൽത്താടി ഭാഗത്തെ കച്ച് എന്നുമാണ് പറയുന്നതെന്ന് ഇന്നാണ് മനസ്സിലാക്കിയത്. സ്ക്കൂളിൽ പഠിപ്പിച്ചിട്ടുണ്ടാകാം. പക്ഷേ, അന്നെനിക്ക് വയറ് വേദനയായിരുന്നു.
പ്രസാദ് അദ്ദേഹത്തിന്റെ വീട്ടിൽ എനിക്കായി അത്താഴം ഒരുക്കിയിട്ടുണ്ടായിരുന്നു. അത് കഴിഞ്ഞ് എന്നെ സ്ക്കൂളിൽ, ഭാഗിയുടെ അടുത്ത് തിരികെ കൊണ്ടുവന്നാക്കി.
തണുപ്പ് കൂടിക്കൂടി വരികയാണ്. അതുകൊണ്ട് ഇന്ന് മുതൽ സ്ലീപ്പിങ്ങ് ബാഗിലായിരിക്കും ഉറക്കം. ശുഭരാത്രി കൂട്ടരേ.
(തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…)
#greatindianexpedition
#gie_by_niraksharan
#gie_rajasthan
#boleroxlmotorhome
#motorhomelife