ഇന്ന് റിപ്പബ്ലിക് ഡേ. ഈ ദിവസം ആഘോഷിക്കാൻ ഏറ്റവും പറ്റിയ സ്ഥലം ഒരു കോട്ടയാണ്. അത് എൻ്റെ നൂറ്റി അൻപതാമത്തെ കോട്ട കൂടെ ആണെങ്കിലോ? അങ്ങനെ ഒരു കോട്ട ഒത്തു വന്നു. പദ്ധതിയിട്ട് ഉണ്ടാക്കിയതല്ല.
ഉപ്ലേട്ടയിൽ നിന്ന് യാത്ര തുടരാനുള്ളത് ജുനഗഡ് ജില്ലയിലേക്കാണ്. ജുനഗഡ് എന്ന പേരിൽത്തന്നെ അവിടെ ഒരു കോട്ട ഉണ്ടായിരുന്നു. പക്ഷേ ഇപ്പോൾ അവശേഷിക്കുന്നത് ആ കോട്ടയുടെ ചില കവാടങ്ങളും അതിനകത്തുള്ള പ്രധാനപ്പെട്ട സ്മാരകങ്ങളും മാത്രമാണ്. ബാക്കിയെല്ലാം കയ്യേറ്റം ചെയ്യപ്പെട്ടു. ഒരു വലിയ നഗരം ഈ കോട്ടയ്ക്കുള്ളിൽ ഉണ്ടായിരുന്നു. നിലവിലുള്ള നഗരത്തിന്റെ റോഡുകളിലൂടെ സഞ്ചരിച്ചാൽ കോട്ടയുടെ പഴയ മതിലുകൾ ചിലയിടങ്ങളിൽ ഇപ്പോഴും നിലനിൽക്കുന്നത് കാണാനാവും. സാധാരണ കോട്ടമതിലുകൾ അല്ല അത്. പട്ടാളക്കാർക്ക് അല്ലെങ്കിൽ കോട്ടയിലെ കാവൽക്കാർക്ക് തങ്ങാൻ പാകത്തിന് കൊച്ചുകൊച്ചു മുറികൾ, അതിനിടയിലൂടെ ചെറിയ കവാടങ്ങൾ എന്നതൊക്കെ ആ മതിലിൽ ഉണ്ട്. അത്തരം കോട്ടഭാഗങ്ങൾ പുതുക്കിയെടുത്ത് ചിലർ അതിൽ കച്ചവടം ചെയ്യുന്നുണ്ട്. ചില ഭാഗങ്ങളിൽ കോട്ടയോളം പഴക്കത്തിൽ ആ മതിലുകൾ പൊടി പിടിച്ച് ക്ഷയിച്ച് നിൽക്കുന്നു. കയ്യേറ്റം ചെയ്യാൻ സമയം കിട്ടാതെ പോയതുകൊണ്ടാകാം കോട്ടയുടെ ആ അടയാളങ്ങൾ ബാക്കിയായത്.
മജേവാടി കവാടത്തിനുള്ളിലൂടെയും സർദാർ വല്ലഭായി കവാടത്തിനുള്ളിലൂടെയും കയറിയിറങ്ങി, ഒരുപാട് സമയം ഞാൻ കോട്ടയ്ക്ക് അകത്തും പുറത്തും കോട്ട ഭാഗങ്ങൾ തിരക്കി അലഞ്ഞ് നടന്നു. കോട്ടയുടെ ഉള്ളിൽ പലയിടത്തും വഴികൾ ഇടുങ്ങുമ്പോൾ ഭാഗിയുമായുള്ള യാത്ര ദുഷ്ക്കരമാകുന്നു.
കോട്ടയ്ക്ക് അകത്തുള്ള പ്രധാന സ്മാരകങ്ങൾ രണ്ട് മഖ്ബറകളാണ്. ഒന്ന് 19-)ം നൂറ്റാണ്ടിലെ ജുനഗഡ് ഭരണാധികാരി ആയിരുന്ന നവാബ് മഹബ്ബത്ത് ഖാൻ രണ്ടാമൻ്റേതും രണ്ടാമത്തേത് അദ്ദേഹത്തിന്റെ ദിവാൻ ബഹാവുദ്ദീൻഭായിയുടേതും. എത്ര ഗംഭീര സ്മാരകങ്ങളാണ് അതെന്നോ! ഇന്തോ-അറബിക്-യൂറോപ്പ് ശൈലികൾ എല്ലാം ആ കെട്ടിടത്തിൽ പ്രതിഫലിക്കുന്നു.
കുട്ടികളുടേയും മുതിർന്നവരുടേയും അടക്കം ഒരുപാട് ഖബറുകൾ അതിനുള്ളിൽ ഉണ്ട്.
ഈ മഖ്ബറകളോട് ചേർന്ന് അതേ ശൈലിയിൽ നിർമ്മിച്ചിട്ടുള്ള മസ്ജിദും ഉണ്ട്. ഈ മൂന്ന് നിർമ്മിതികളും ചേർന്ന് ആ പരിസരത്തിന് നൽകുന്ന പ്രൗഢി ചില്ലറയൊന്നുമല്ല. മസ്ജിദിന് തൊട്ടടുത്തുതന്നെയായി ഏതെങ്കിലും സംസ്ഥാനത്തിന്റെ കളക്ടറേറ്റിനെയോ നിയമസഭയെയോ വെല്ലുന്ന തരത്തിലുള്ള സ്കൂൾ കെട്ടിടം. അവിടെ മിനുക്ക് പണികൾ നടക്കുന്നതുകൊണ്ട് ആ വഴിക്ക് പോകാൻ നിവൃത്തിയില്ല.
മഖ്ബറകൾക്ക് നേരെ എതിർവശത്താണ് മജിസ്ട്രേറ്റ് കോടതി കെട്ടിടം നിലകൊള്ളുന്നത്. 1949 നിർമ്മിച്ച കെട്ടിടമാണ് അത്.
ഉച്ചഭക്ഷണത്തിന് ശേഷം ഊപ്പർകോട്ട് കോട്ടയിലേക്ക് തിരിച്ചു. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന കോട്ടയുടെ ഉള്ളിൽ തന്നെയുള്ള ഇടവഴികളിലൂടെ കയറി വേണം അങ്ങോട്ടെത്താൻ.
ഒറ്റനോട്ടത്തിൽ അത് വേറൊരു കോട്ടയാണെന്ന് തോന്നുമെങ്കിലും, അതിവിശാലമായ ജുനഗഡ് കോട്ടയിൽ പൊതുജനങ്ങൾ താമസിച്ചിരുന്നത് കീഴ്ഭാഗത്തും രാജകുടുംബാംഗങ്ങളും മറ്റും ഊപ്പർകോട്ട് കോട്ടയിലുമാണ് താമസിച്ചിരുന്നത് എന്ന് മനസ്സിലാക്കാനാവും. താഴെയുള്ള കോട്ട ഭാഗം കയ്യേറ്റം ചെയ്യപ്പെട്ട് പോയെങ്കിലും മുകളിലുള്ള ഭാഗം സംരക്ഷിക്കാൻ കഴിഞ്ഞു. അതിപ്പോൾ ഊപ്പർകോട്ട് കോട്ട എന്ന പേരിൽ പ്രത്യേകമായി നിലകൊള്ളുന്നു എന്ന് മാത്രം.
കോട്ടയുടെ സവിശേഷതകൾ അക്കമിട്ട് പറയാം.
* ഗിർനാർ കുന്നിന്റെ താഴ്വരയിലാണ് കോട്ട നിലകൊള്ളുന്നത്.
* കോട്ടയം നഗരവും ഉണ്ടാക്കിയത് മൗര്യ രാജവംശമാണ്. ഗുപ്ത കാലഘട്ടത്തിൽ ഇതിന്റെ ഉപയോഗം തുടർന്നു പോന്നു.
* നാല് ഗംഭീര പടിക്കിണറുകൾ ആണ് ഇതിനകത്ത് ഉള്ളത്.
1. ലഷ്ക്കരി വാവ്
2. നവ്ഖാൻ കുവോ
3. ആദി വാവ്
4. കടി വാവ്
പടിക്കിണറുകളെ ഇഷ്ടപ്പെടുന്നവർ ഉണ്ടെങ്കിൽ നിങ്ങൾക്ക് ഊപ്പർകോട്ട് കോട്ട ഒഴിവാക്കാനാവില്ല. എന്നെങ്കിലും ഈ വഴി വന്നേ തീരൂ.
* പീരങ്കികൾ ധാരാളം ഇതിനകത്തുണ്ടെങ്കിലും, ദിയുവിൽ നിന്ന് കൊണ്ടുവന്ന 24 അടി നീളമുള്ള മനേക് എന്ന പഞ്ചലോഹത്തിന്റെ പീരങ്കിയാണ് ഒരു പ്രധാന ആകർഷണം.
* റാണിയുടെ കൊട്ടാരം ഇപ്പോഴും വലിയ കേടുപാടില്ലാതെ ഇതിനകത്ത് നിലകൊള്ളുന്നു. തൂണുകളാണ് ഈ കൊട്ടാരത്തിന്റെ വലിയ ആകർഷണം. അതിപ്പോൾ മ്യൂസിയമായാണ് നിലകൊള്ളുന്നത്.
* വലിയ ഒരു തടാകവും വലിയ ധാന്യസംഭരണിയും ഇതിനകത്ത് ഉണ്ട്.
* ആംഫി തീയേറ്റർ പോലെ ഒന്നുള്ളത് പഴയ നിർമ്മിതിയാണോ പുതിയ നിർമ്മിതി ആണോ എന്ന് വ്യക്തമാകുന്നില്ല.
* ഏറ്റവും എടുത്ത് പറയേണ്ടത് ബുദ്ധ സന്യാസിമാരുടെ ഗുഹ ആണ്. അതിനകത്ത് കയറാൻ 20 രൂപയുടെ ഓൺലൈൻ ടിക്കറ്റ് വേറെ എടുക്കണം.
* പ്രവേശന ഫീസ് 100 രൂപയാണ്. 100 രൂപ കെട്ടി വെക്കുകയും വേണം. തിരിച്ചിറങ്ങുമ്പോൾ അത് മടക്കി തരും.
* ബഗ്ഗി കാറുകളിലും സൈക്കിളിലും കോട്ടയ്ക്കുള്ളിൽ ചുറ്റിയടിക്കാനുള്ള സൗകര്യം ഉണ്ട്.
* അഞ്ച് കിലോമീറ്ററോളം വരുന്ന കോട്ടയുടെ ചുറ്റുമതിലിലൂടെ ചുറ്റി വരാനുള്ള നടപ്പാതയും ഉണ്ട്.
* കോട്ടയിൽ കയറിയ സഞ്ചാരികളെ ട്രാക്ക് ചെയ്ത് പിടിക്കാൻ കയ്യിലൊരു ബാൻഡ് കെട്ടിയാണ് അകത്തേക്ക് വിടുന്നത്. കാട്ടിൽ ആനയ്ക്കും പുലിക്കും ഒക്കെ കോളർ പിടിപ്പിക്കുന്നതുപോലെ.
* ആറ് മണിക്ക് മുൻപ് എല്ലാവരും കോട്ടയിൽ നിന്ന് വെളിയിൽ കടന്നിരിക്കണം.
ഊപ്പർകോട്ട് കോട്ട ഒരു ഗംഭീര അനുഭവമായിരുന്നു. കോട്ടകൾ ഇഷ്ടമല്ലാത്തവർ പോലും ഒരിക്കലെങ്കിലും ഇവിടം സന്ദർശിച്ചിരിക്കണമെന്ന് ഞാൻ ശുപാർശ ചെയ്യുന്നു. ഒരുപക്ഷേ നിങ്ങൾക്ക് ഇതിനകത്തെ പടിക്കിണറുകൾ ഇഷ്ടമായേക്കാം. അല്ലെങ്കിൽ ബുദ്ധ സന്യാസിമാരുടെ ഗുഹ ഇഷ്ടമായേക്കാം. അതുമല്ലെങ്കിൽ ഈ കോട്ടയിൽ നിന്ന് കാണുന്ന ഗിർനാർ കുന്നുകളുടെ മനോഹര ദൃശ്യം ഇഷ്ടമായേക്കാം.
കോട്ടയിൽ നിന്ന് ഇറങ്ങി ഞാൻ രാജ്കോട്ട് ദേശീയപാതയിലൂടെ നീങ്ങി. ഭാഗിക്കും എനിക്കും തങ്ങാൻ പറ്റിയ ഒരു ഇടം കണ്ടുപിടിക്കൽ ആയിരുന്നു ലക്ഷ്യം. 5 കിലോമീറ്റർ ഉള്ളിലൊരു ഗ്യാസ് സ്റ്റേഷൻ തരപ്പെട്ടു. അവിടന്ന അൽപ്പം മാറി, റോഡിൽത്തന്നെ പാർക്ക് ചെയ്ത് ഡാറ്റ ബാക്ക് അപ്പ് എടുക്കുകയും അതേസമയം ഭക്ഷണം ഉണ്ടാക്കി കഴിക്കുകയും ചെയ്തു.
ജുനഗഡിലെ കാഴ്ചകൾ തീരുന്നില്ല. നാളെയും മറ്റന്നാളും ഇവിടെത്തന്നെ തങ്ങേണ്ടി വരും.
തണുപ്പ് പോയ വഴിയില്ല. ഇന്ന് പകൽ നല്ല ചൂടും ഉണ്ടായിരുന്നു. ചൂട് വർദ്ധിച്ചതുകൊണ്ട്, രാത്രി ക്ഷീണിച്ച് കിടന്നാണ് ഉറങ്ങുന്നത്.
ശുഭരാത്രി.