‘മോശം വർഷം’ എന്ന ഭൂരിപക്ഷ ചാപ്പ കുത്തലോടെ 2020 തീരാൻ പോകുന്നു. സാധാരണ നിലക്ക്, പഴയ വർഷത്തോട് വിടപറയുകയും പുതുവർഷത്തെ സ്വാഗതം ചെയ്യുകയും പതിവാണല്ലോ. അങ്ങനെ പരസ്പരം പുതുവത്സര ആശംസകൾ അറിയിച്ചവർ, പിന്നീട് തമാശയ്ക്കെങ്കിലും 2020ലെ ആ ആശംസകളെ തള്ളിപ്പറയുന്നതും കാണാനായി.
അങ്ങനെ നോക്കിയാൽ 2021നെ സധൈര്യം സ്വാഗതം ചെയ്യാനാകുമോ? പുതുവർഷത്തിൽ എല്ലാം ശരിയാകുമെന്ന് പ്രതീക്ഷയുണ്ടോ? 2021 അവസാനത്തോടെയെങ്കിലും കോവിഡ് പ്രശ്നങ്ങൾ (മറ്റ് പ്രശ്നങ്ങൾ ഇല്ലെന്നല്ല) പൂർണ്ണമായും പരിഹരിക്കപ്പെടുമെന്ന് കരുതുന്നുണ്ടോ ?
ആരൊക്കെ എന്തൊക്കെ കുറ്റം പറഞ്ഞാലും, 2020 വ്യക്തിപരമായി എനിക്ക് മോശം വർഷമായിരുന്നില്ല. ഔദ്യോഗികമായും സാമ്പത്തികമായും ഏറെ ഭേദപ്പെട്ട വർഷമായിരുന്നു. ഡെങ്കു പിടിപെട്ട് 10 ദിവസം ഒറ്റയ്ക്ക് ഒരു വീട്ടിൽ ബുദ്ധിമുട്ടി എന്നതൊഴിച്ചാൽ മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഒന്നുമുണ്ടായില്ല. ഡെങ്കു വന്നപ്പോൾപ്പോലും ആശുപത്രിയിൽ കിടക്കേണ്ടി വന്നില്ല. സോമനടി കേസിൽ കോടതിയനുകൂല നിലപാടുണ്ടായി. എനിക്കെതിരെ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് നൽകിയ പരാതി/ആവശ്യം ഹൈക്കോടതി തള്ളി.
11 മാസം ഓടാനോ സൈക്കിൾ ചവിട്ടാനോ പറ്റിയില്ല എന്നത് നിഷേധിക്കുന്നില്ല. രണ്ട് ബാംഗ്ലൂർ-കൊച്ചി യാത്രകളും ഒരു കാരമട(തമിഴ് നാട്) യാത്രയും നിത്യേനയുള്ള ഓഫീസ് യാത്രകളുമല്ലാതെ മറ്റൊരു യാത്രയും നടന്നില്ല എന്നതിലും ദുഃഖമുണ്ട്.
കൊറോണയ്ക്ക് മുൻപ്, ഓഫീസിലേക്കുള്ള യാത്ര മെട്രോയിൽ ആയിരുന്നതുകൊണ്ട് രാവിലേയും വൈകുന്നേരവും അരമണിക്കൂർ വീതം വായന മുടങ്ങില്ലായിരുന്നു. കൊറോണ കാരണം, മെട്രോ മുടങ്ങിയതോടെ വായനയിലും ഇടിവുണ്ടായി.
പക്ഷേ ഒരുപാട് കാര്യങ്ങൾ പഠിക്കാൻ ഇക്കാലം ഉപകരിച്ചു. ഏറ്റവും അപകടകരമായ ഘട്ടങ്ങളിൽ പോലും മനുഷ്യകുലം ഏതൊക്കെ രീതിയിൽ പെരുമാറുമെന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. അങ്ങനെയങ്ങനെ ഒരുപാട് കാര്യങ്ങൾ. ഒരുപക്ഷേ സാധാരണ നിലയ്ക്ക് ലോകം മുന്നോട്ട് പോയിരുന്നെങ്കിൽ മനസ്സിലാക്കാൻ പറ്റുന്നതിനേക്കാളേറെ കാര്യങ്ങൾ!
പ്രകൃതി വശാൽ, രാത്രി, പകൽ, ഋതുക്കൾ എന്നിങ്ങനെ മാത്രമല്ലേ സമയത്തിന്റെ കാര്യത്തിൽ വ്യത്യാസമുള്ളൂ. മനുഷ്യരാശി അതിനെ ആഴ്ച്ചകളായും മാസങ്ങളായും തിരിച്ചു. അതിൽ കുറേ ദിവസങ്ങൾ ഇതേ മനുഷ്യന്റെ കയ്യിലിരിപ്പ് കാരണം അവന് ഉപയോഗശൂന്യവും വൃത്തിഹീനവുമായി. അതിനിപ്പോൾ രാവുകളേയും പകലുകളേയും ഋതുക്കളേയും കുറ്റം പറയാനാവില്ലല്ലോ. പക്ഷേ മനുഷ്യൻെറ ആ പിഴവുകാരണം പ്രകൃതി കുറച്ച് കാലത്തേക്കെങ്കിലും വൃത്തിയുള്ളതായി മാറി. അതിൽ സന്തോഷിക്കുകയല്ലേ വേണ്ടത്?
ആയതിനാൽ 2020നെ മോശമായി കാണാൻ ഞാനില്ല. ഈ ആയ്ഷ്ക്കാലത്ത് ഏറ്റവും കൂടുതൽ ഓർത്തിരിക്കാൻ പോന്ന വർഷങ്ങൾ എന്ന നിലയ്ക്കാണ് 2020 നേയും പ്രളയവർഷമായ 2018 നേയും കാണുന്നത്.
2020ന് വിട. ഇത്രയും പറഞ്ഞ് നിലപാട് വ്യക്തമാക്കിയ സ്ഥിതിക്ക് ധൈര്യമായി 2021നെ സ്വാഗതം ചെയ്യാമല്ലോ അല്ലേ? എല്ലാവർക്കും പുതുവർഷ ആശംസകൾ