
ജീവിതത്തിൽ എല്ലായ്പ്പോളും കടന്ന് വരാൻ സാദ്ധ്യതയില്ലാത്ത ഒരു ഗംഭീര സായാഹ്നം ആയിരുന്നു ഇന്നലത്തേത്.
എറണാകുളം സെയ്ൻ്റ് ട്രീസാസ് കോളേജിൽ വെച്ച് വിശ്വവിഖ്യാത എഴുത്തുകാരി അരുന്ധതി റോയിയുടെ ഏറ്റവും പുതിയ പുസ്തകത്തിന്റെ (Mother Mary comes to me) ഗ്ലോബൽ ലോഞ്ച് ഇന്നലെയായിരുന്നു. രജിസ്ട്രേഷൻ മുഖേനയായിരുന്നു പ്രവേശനം നിയന്ത്രിച്ചിരുന്നത്.
എറണാകുളത്തിന് വെളിയിൽ നിന്നുള്ള ജില്ലകളിൽ നിന്ന് മാത്രമല്ല അങ്ങ് ഡൽഹിയിൽ നിന്നും ബംഗാളിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വിദേശത്ത് നിന്നും ആരാധകരും വായനക്കാരും തിങ്ങി നിറഞ്ഞ സദസ്സ്. വിദേശ മാദ്ധ്യമങ്ങളുടേയും വിദേശ പ്രസാധകരുടേയും സാന്നിദ്ധ്യം.
‘പള്ളിക്കൂട’ത്തിലെ പൂർവ്വ വിദ്യാർത്ഥികളുടേയും അരുന്ധതി റോയിയുടെ ബന്ധുജനങ്ങളുടേയും ബാഹുല്യം.
സെൻ്റ് മേരീസ് ഹാൾ നിറഞ്ഞു കവിഞ്ഞപ്പോൾ അതിനേക്കാൾ ഏറെ പേരെ മുകളിലുള്ള ഹാളിൽ ഇരുത്തി വെർച്വലായി ചടങ്ങിൽ പങ്കെടുപ്പിക്കേണ്ടി വന്നു.
അരുന്ധതി റോയിയുടെ സഹോദരൻ എൽകെസി റോയിയുടെ മനോഹരമായ ഇംഗ്ലീഷ് ഗാനാലാപനങ്ങൾ, രണ്ട് ഘട്ടമായി ഗ്രന്ഥകാരിയുടെ പുസ്തകം വായന, ഗ്രന്ഥകാരിയുമായുള്ള അഭിമുഖം, ചോദ്യോത്തരങ്ങൾ. രണ്ട് മണിക്കൂറിൽ അധികം നീണ്ട പ്രൗഢഗംഭീരമായ ചടങ്ങ്. ഏതൊരു ഗ്രന്ഥകർത്താവും കൊതിച്ച് പോകുന്ന തരത്തിലുള്ള ഒരു ബുക്ക് ലോഞ്ച്. ഞാൻ ആദ്യമായാണ് ഇത്തരത്തിൽ ഒരു പുസ്തക ചടങ്ങിൽ പങ്കെടുക്കുന്നത്. ഇത് കാണാൻ പറ്റിയില്ലായിരുന്നെങ്കിൽ വലിയ നഷ്ടം ആകുമായിരുന്നു. ഈ പുസ്തകത്തിന്റെ ആദ്യത്തെ ഗ്ലോബൽ ലോഞ്ച് ആണ് എറണാകുളത്ത് ഇന്നലെ നടന്നത്. ഇനിയുള്ള ദിവസങ്ങളിൽ ഇംഗ്ലണ്ടിലും അമേരിക്കയിലും ലോഞ്ച് നടക്കും.
രജിസ്റ്റർ ചെയ്യാതിരുന്നിട്ടും ആദ്യത്തെ പത്ത് നിരയ്ക്കുള്ളിൽ സീറ്റ് കിട്ടിയത് വലിയ ഭാഗ്യം. ചുറ്റും ഇരുന്നിരുന്നത് പൃഥ്വിരാജും ലോക്നാഥ് ബെഹ്റയും അടക്കമുള്ള സെലിബ്രിറ്റികൾ!
പരിപാടി തുടങ്ങുന്നതിന് തൊട്ട് മുൻപ് എന്റെ ഇടത് വശത്തെ സീറ്റിൽ വന്നിരുന്നത് മുൻ DGPയും RAW തലവനും ആയിരുന്ന സാക്ഷാൽ ശ്രീ.ഹോർമിസ് തരകൻ. എനിക്ക് ഒറ്റനോട്ടത്തിൽ ആളെ മനസ്സിലായി. അടുത്തിരിക്കുന്ന ആളോട് കാണിക്കാവുന്ന സാമാന്യ മര്യാദയിൽ അദ്ദേഹം എന്നോട് കുശലങ്ങൾ ചോദിച്ചു.
“ഞാൻ ഹോർമിസ് തരകൻ” എന്ന് സ്വയം പരിചയപ്പെടുത്തി.
“എനിക്കറിയാം സർ.” എന്ന് ഞാൻ വിനയാന്വീതനായി.
“എന്ത് ചെയ്യുന്നു?”
“നിലവിൽ രാജ്യത്തുള്ള കോട്ടകളുടെ കണക്കെടുത്തു കൊണ്ടിരിക്കുന്നു.”
ആ മറുപടിയിൽ അദ്ദേഹത്തിന് താൽപ്പര്യം വർദ്ധിച്ചു. കൂടുതൽ കാര്യങ്ങൾ അതേപ്പറ്റി ചോദിച്ച് മനസ്സിലാക്കി.
“കേട്ടിട്ട് കൊതിയാകുന്നു. പ്രായം ഏറിപ്പോയി. അല്ലെങ്കിൽ ഞാനും കൂടിയേനെ ഈ യാത്രയിൽ.”
ഹോർമിസ് സാറിനെപ്പോലൊരു വ്യക്തി അങ്ങനെ പറയുമ്പോൾ എനിക്കുള്ള സന്തോഷം എങ്ങനെ അളക്കാനാണ്?!
പരിപാടി മുന്നോട്ട് നീങ്ങവേ, ഗ്രന്ഥകാരിയുടെ മാതാവ് മേരി റോയിയുമായി ബന്ധപ്പെട്ട് ഒരു അനുഭവം അദ്ദേഹം എന്നോട് പങ്കുവച്ചു.
ശ്രീമതി മേരി റോയ് ക്രിസ്ത്യൻ പിന്തുടർച്ചവകാശ നിയമങ്ങൾക്കെതിരെയുള്ള പോരാട്ടം നടത്തി സുപ്രീം കോടതിയിൽ നിന്ന് അനുകൂല വിധി നേടിയിരിക്കുന്ന കാലം. വിധി അനുകൂലമായിട്ടും അവരുടെ സഹോദരൻ സ്വത്ത് വകകൾ അവർക്ക് വിട്ട് നൽകാൻ തയ്യാറായില്ല. (വിധി വന്ന ശേഷമുള്ള ആ പോരാട്ടവും എല്ലാവർക്കും അറിവുള്ളത് തന്നെ.) അവസാനം ശ്രീമതി മേരി റോയ്, അന്നത്തെ DGP ആയിരുന്നു ശ്രീ ഹോർമിസ് തരകനെ സമീപിക്കുന്നു.
ചിരിച്ചുകൊണ്ട് അദ്ദേഹം എന്നോട് പറഞ്ഞ അവസാന വാക്കുകൾ ഇങ്ങനെയായിരുന്നു.
“സുപ്രീംകോടതിയല്ല അതിനപ്പുറത്തെ കോടതി വിധിച്ചാലും, ലോക്കൽ സബ് ഇൻസ്പെക്ടർ പറയാതെ സ്വത്ത് വിട്ടു കൊടുക്കാൻ അവരുടെ സഹോദരൻ തയ്യാറല്ല. അതിനായാണ് എന്നെ സമീപിച്ചിരിക്കുന്നത്.”
ഞാൻ ശരിക്കും അത്ഭുതം കൂറി തരിച്ചിരിക്കുകയാണ്. ഇന്ത്യൻ ചരിത്രത്തിൽത്തന്നെ അസാധാരണമായ ഒരു വിധി നേടിയെടുത്ത മേരി റോയ് എന്ന സ്ത്രീയാണ് പുസ്തകത്തിലെ നായിക. ആ സ്ത്രീയുടെ അതിപ്രശസ്തയും പുസ്തകത്തിന്റെ ഗ്രന്ഥകാരിയുമായ മകളാണ് സ്റ്റേജിൽ ഇരിക്കുന്നത്. ആ വിധിയുമായി ബന്ധപ്പെട്ട്, അതിൽ ഇടപെട്ട കേരളത്തിലെ ഏറ്റവും ഉന്നതനായിരുന്ന ഒരു പോലീസ് ഉദ്യോഗസ്ഥനാണ് എന്റെ ഇടതുവശം ചേർന്നിരുന്ന്, നായികയുമായി ബന്ധപ്പെട്ട ഈ സംഭവം എന്നോട് പറയുന്നത്. ചരിത്രം എന്നെ മുട്ടിയുരുമ്മി നിൽക്കുന്നത് പോലെ എന്നല്ലാതെ മറ്റെന്ത് വിശേഷിപ്പിക്കാൻ!?
ഈ ഗംഭീര സായാഹ്നത്തിന് നന്ദി പറയാനുള്ളത് ഡി.സി. ബുക്സിനോടും അലനോടും സജിത മഠത്തിലിനോടും ആണ്. അലൻ ബുക്ക് ചെയ്ത രണ്ട് ടിക്കറ്റുകളിൽ ഒന്നിൽ, നുഴഞ്ഞ് കയറുകയായിരുന്നു ഞാൻ.
വാൽക്കഷണം:- എഴുത്തുകാരിയുടെ കയ്യൊപ്പോടുകൂടിയ പുസ്തകം കിട്ടണമെങ്കിൽ പുസ്തകം വാങ്ങാനും ഒപ്പിടീക്കാനുമുള്ള വലിയ നിരകളിൽ കാത്തു നിൽക്കണം. ഇന്നലെ അതിനുള്ള ഒരു സാഹചര്യം എനിക്ക് ഉണ്ടായിരുന്നില്ല. എഴുത്തുകാരി തുല്ല്യം ചാർത്തിയ പുസ്തകം ഒരെണ്ണം ഇന്ന് ഡിസിയിൽ നിന്ന് സംഘടിപ്പിച്ചെങ്കിലും അത് അവരുടെ കയ്യിൽ നിന്ന് നേരിട്ട് വാങ്ങാൻ പറ്റാതിരുന്നതിനുള്ള വിഷമം എന്നും ബാക്കി നിൽക്കും.
#mothermarycomestome
