ഇന്നലെ രാത്രി കൃഷിയിടത്തിന് നടുവിൽ ഉറങ്ങിയത് കൊണ്ടാകാം തണുപ്പ് കൂടുതലായി അനുഭവപ്പെട്ടു. നല്ല മഞ്ഞ് ഉണ്ടായിരുന്നു. എഴുന്നേറ്റ് നോക്കുമ്പോൾ ഭാഗിയുടെ ചില്ലുകൾ നനഞ്ഞ് നിൽക്കുന്നു. 4 ഡിഗ്രി എന്നാണ് താപമാനം കാണിക്കുന്നത്.
ഹിമാചലിൽ മഞ്ഞ് വീണതായി റിപ്പോർട്ടുണ്ട്. 13 കിലോമീറ്റർ അപ്പുറം ഹിമാചൽ പ്രദേശ് ആണ്. 30 കിലോമീറ്റർ മാറിയാൽ പഞ്ചാബ്. മറ്റൊരു വശത്ത് യു.പി. ഈ മൂന്ന് സംസ്ഥാനങ്ങൾക്കും ഇടയിലുള്ള ഒരു ഇടുക്കിലാണ് ഞാൻ നിൽക്കുന്ന പഞ്ചഗുള എന്ന ഹരിയാനയുടെ വടക്ക് കിഴക്കൻ സംസ്ഥാനം.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശൈത്യ തരംഗം ആണെന്ന് ഏഷ്യാനെറ്റ് വാർത്തയും കണ്ടു.
ഇന്ന് സ്ലീപ്പിങ് ബാഗിൽ നിന്ന് പുറത്തിറങ്ങിയതും, പതിവിന് വിപരീതമായി കാലുകളും മരവിച്ചു. തോട്ടം മുഴുവൻ മഞ്ഞുമൂടി നിൽക്കുകയാണ്. അപ്പോഴേക്കും ഗ്രാമവാസികൾ നാലഞ്ച് പേർ എത്തി. അവർ എന്നോട് കുശലം ചോദിച്ചതിന് ശേഷം പാടത്തിന്റെ മദ്ധ്യഭാഗത്തേക്ക് വിളിച്ചു കൊണ്ടു പോയി. അവിടെ തീ കായാനുള്ള സജ്ജീകരണങ്ങൾ ഉണ്ട്. അത് മഞ്ഞുകാലത്തെ അവരുടെ സ്ഥിരം ഏർപ്പാടാണ്. ഒന്നൊന്നര മണിക്കൂർ തീ കായും പിന്നീട് കൃഷിയിടത്തെ ജോലികളിലേക്ക് ഇറങ്ങും.
ഒരു മണിക്കൂർ തീ കാഞ്ഞതും ശരീരം ചൂടായി. കൈകാലുകളിലെ മരവിപ്പ് കുറഞ്ഞു.
ഇന്നലെ എനിക്ക് കോളിഫ്ലവർ തന്ന കർഷകൻ രാംലാൽ എത്തിയത് മരുന്നടിക്കാനുള്ള ബക്കറ്റും മോട്ടറുമായാണ്. കീടനാശിനിയും വളവും കളയ്ക്കുള്ള മരുന്നും എല്ലാം ചേർത്ത് കലക്കി, പലവട്ടം തോട്ടത്തിൽ പോയി അദ്ദേഹം മരുന്ന് തെളിച്ചുകൊണ്ടിരുന്നു.
ഞാൻ അപ്പോഴേക്കും കട്ടൻ ചായയും പ്രാതലും ഉണ്ടാക്കി കഴിച്ച്, ജനറേറ്റർ സ്റ്റാർട്ട് ചെയ്ത് ഡാറ്റ ബാക്കപ്പ് എടുത്തു.
രാത്രി സ്ലീപ്പിങ് ബാഗിനുള്ളിലേക്ക് തണുപ്പ് അരിച്ച് ഇറങ്ങുന്നുണ്ടോ എന്നൊരു സംശയം ഇല്ലാതില്ല. ഇന്ന് ഏതെങ്കിലും ഒരു പട്ടണത്തിലൂടെ കടന്ന് പോകുമ്പോൾ നല്ലൊരു കമ്പിളി വാങ്ങി സ്ലീപ്പിങ് ബാഗിന് മുകളിലൂടെ ഇടണം. മാത്രമല്ല ഹിമാചൽ പ്രദേശത്തിന്റെ പരിസരത്ത് നിന്ന് മാറി തെക്കോട്ടുള്ള ഹരിയാന ജില്ലകളിലേക്ക് നീങ്ങണം. “വടക്കേ ഇന്ത്യയിൽ അതിശൈത്യം. മോട്ടോർ ഹോമിൽ കിടന്നുറങ്ങിയ അക്ഷരാഭ്യാസമില്ലാത്ത ഒരുവൻ തണുത്ത് മരവിച്ച് ചത്തു” എന്ന് വാർത്ത വന്നാൽ…ഛായ്… ലജ്ജാവഹം.
റായ്പൂർ റാണിയുടെ കോട്ട മാത്രമാണ്, പഞ്ച്ഗുള എന്ന ഈ ഹബ്ബിൽ കാണാൻ ബാക്കിയുള്ളത്. അങ്ങോട്ടുള്ള 45 കിലോമീറ്റർ സഞ്ചരിച്ച് ചെന്നെത്തിയപ്പോൾ 12:00 മണി.
പട്ടണത്തിൽ നിന്ന് ചെറുതായി ഉള്ളിലേക്ക് കടന്ന്, ഇടുങ്ങിയ ഗളികൾക്കുള്ളിലൂടെ നീങ്ങിയാൽ കോട്ടയിൽ എത്താം. കോട്ടയ്ക്ക് ചുറ്റുമായി നഗരം വികസിച്ചിട്ടുള്ള എല്ലായിടത്തും ഇങ്ങനെ തന്നെ. രാജസ്ഥാനിലും ഹരിയാനയിലും ഒന്നും അതിന് മാറ്റമില്ല.
കോട്ടയ്ക്ക് ചുറ്റും വീടുകളാണ്. കഷ്ടി ഒരു ഓട്ടോറിക്ഷയ്ക്ക് പോകാനുള്ള വഴി ചുറ്റിനുമുണ്ട്. കോട്ടയുടെ കവാടം തുറന്ന് കിടക്കുന്നു. ഞാൻ ശങ്കിച്ചു നിൽക്കാതെ അകത്തേക്ക് കയറി. ഒന്ന് രണ്ട് പേർ അതിൽ നിന്ന് പുറത്തേക്ക് ഇറങ്ങിപ്പോയി. ഒരാൾ അവിടെത്തന്നെ ചുറ്റിക്കറങ്ങുന്നുണ്ട്. വാച്ച്മാൻ ആകാം എന്നാണ് ആദ്യം കരുതിയത്. പിന്നീടാണ് കാര്യങ്ങൾ വ്യക്തമായത്.
കോട്ടക്കകത്ത് ഒരു ചെറിയ ക്ഷേത്രമുണ്ട്. അങ്ങോട്ട് ജനങ്ങൾ ചെന്നുകൊണ്ടിരിക്കും അതുകൊണ്ട് കോട്ട അടച്ചിടാൻ പറ്റില്ല. ദൈവങ്ങളെക്കൊണ്ട് അങ്ങനെ ഒരു ഗുണം എനിക്കുണ്ടായി.
റായ്പൂർ റാണി കോട്ട എന്നൊക്കെ കേട്ടപ്പോൾ, ബൃഹത്തായ ഒരു കോട്ട ആയിരിക്കുമെന്നും ടിക്കറ്റ് വെച്ച് ആളെ കയറ്റുന്നുണ്ടാകും എന്നൊക്കെയാണ് കരുതിയത്. കോട്ട സാമാന്യം വലുത് തന്നെ. പക്ഷേ ജീർണ്ണാവസ്ഥയിലാണ്. സംരക്ഷിച്ച് മിനുക്കിയെടുക്കാൻ ASI യ്ക്ക് പോലും താല്പരമില്ലെന്ന് തോന്നുന്നു.
*:അജ്മീറിൽ നിന്ന് വന്ന റാവു റായ് സിങ്ങ് ആണ് 1420ൽ ഈ കോട്ട നിർമ്മിച്ചത്.
* സ്വാതന്ത്ര്യം കിട്ടുന്നതുവരെ റായ് സിങ്ങിന്റെ അനന്തരാവകാശികളാണ് ഈ പ്രദേശം ഭരിച്ചത്. റാവു സാഹിബ് എന്ന് അവർ അറിയപ്പെട്ടു.
കോട്ടയുടെ കൂടുതൽ വിവരങ്ങൾ ഒന്നും ലഭ്യമല്ല. ഞാൻ പടങ്ങൾ എടുത്ത് കോട്ടയ്ക്ക് ചുറ്റും നടക്കുന്നത് കണ്ടപ്പോൾ, ആ തെരുവിലുള്ള ഒന്നുരണ്ട് വീട്ടുകാർ അടുത്തുകൂടി വിവരങ്ങൾ അന്വേഷിക്കാൻ തുടങ്ങി. സുൽത്താൻപൂർ കോട്ടയിൽ ഉണ്ടായ മോശം അനുഭവം ഞാൻ മറന്നിട്ടില്ല. നാട്ടുകാർ കുശലം അന്വേഷിക്കുന്നത് വളർത്താനാണോ കൊല്ലാനാണോ എന്നറിയില്ലല്ലോ. ഞാൻ കോട്ടകൾ കാണാൻ ഇറങ്ങിയ ഒരാൾ എന്ന് പറഞ്ഞിട്ട് അവർക്ക് അത്ര വിശ്വാസം ആയിട്ടില്ല. ഡിപ്പാർട്ട്മെന്റിന്റെ ആളാണോ എന്നൊരു ചോദ്യം പലയിടത്ത് നിന്നും കേട്ടിട്ടുണ്ട്. ഇവിടെയും അതുണ്ടായി. “അല്ല” എന്ന് പറഞ്ഞ് കൂടുതൽ വിശദീകരണങ്ങൾക്ക് നിൽക്കാതെ സ്ഥലം കാലിയാക്കി.
അടുത്ത ഹബ്ബ് ഫത്തേഹാബാദ് ആണ്. അങ്ങോട്ട് 5 മണിക്കൂറിൽ അധികം യാത്രയുണ്ട്. ഇന്ന് ഇരുട്ടുന്നതിന് മുൻപ് എത്തില്ല. മാത്രമല്ല ഇന്നലെ പർമൽ ജഗ്ലൻ സാഫിഡോണിൽ നിന്ന് വിളിച്ചിരുന്നു. ഫത്തേഹാബാദിലേക്കുള്ള യാത്ര സാഫിഡോൺ വഴി ആയതുകൊണ്ട്, ആ പോക്കിൽ ഇവിടെ വീണ്ടും തങ്ങില്ലേ എന്നായിരുന്നു അദ്ദേഹത്തിൻ്റെ ചോദ്യം. അതൊരു നല്ല കാര്യമായി എനിക്ക് തോന്നി. ഇന്ന് രാത്രി സാഫിഡോണിൽ പർമൽ റസ്റ്റോറന്റിന് മുന്നിൽ തങ്ങുക. നാളെ ഫത്തേഹാബാദിലേക്ക് തിരിക്കുക.
തൊട്ടടുത്ത് കിടക്കുന്ന, ഹരിയാന സംസ്ഥാനത്തിന്റെ തലസ്ഥാനമായ ഛണ്ടിഗഡിൽ പോകാതെയാണ് മടങ്ങുന്നത് എന്നൊരു സങ്കടമുണ്ട്. അടുത്തവർഷം പഞ്ചാബിലേക്കും ഹിമാചലിലേക്കും പോകുമ്പോൾ ഛണ്ടീഗഡിൽ കയറാം എന്ന ആശ്വാസത്തിലാണ് മടങ്ങുന്നത്.
സാഫിഡോണിലേക്കുള്ള യാത്രയ്ക്കിടെ ചിലയിടങ്ങളിലെ ഇലക്ട്രിക് പോസ്റ്റും വയറുകളും ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. ഇൻസുലേറ്റ് ചെയ്ത ഒറ്റ കേബിളാണ് പോസ്റ്റുകളിലൂടെ പോകുന്നത്. Transmission loss കുറയ്ക്കാനും മരങ്ങളുടെ ചില്ലകൾ ഉരഞ്ഞുള്ള പ്രശ്നങ്ങൾ ഒഴിവാക്കാനും ഒക്കെ അത് സഹായിക്കും. കേരളത്തിൽ എന്തുകൊണ്ട് അങ്ങനെയൊന്ന് നടപ്പിലാക്കുന്നില്ല. ഭൂഗർഭ കേബിളുകൾ സ്ഥിരം മഴയുള്ള കേരളത്തിൽ വരുമെന്ന് സങ്കൽപ്പിക്കാൻ പോലും വയ്യ.
ഇരുട്ടുന്നതിന് മുൻപ് സാഫിഡോണിൽ എത്തി. ഇവിടെ, നാളെ രാവിലെ 3 ഡിഗ്രിയാണ് കാണിക്കുന്നത്. ഇന്നൊരു രാത്രി കൂടെ തണുപ്പ് സഹിക്കേണ്ടിവരും. നാളെ എവിടെ നിന്നെങ്കിലും നല്ല കട്ടിയുള്ള കമ്പിളി വാങ്ങി സ്ലീപ്പിങ്ങ് ബാഗിന് മുകളിൽ വിരിക്കണം.
ശുഭരാത്രി.