റോഡിലെ മരണക്കെണികൾ


99
റണാകുളം ഓൾഡ് റെയിൽവേ സ്റ്റേഷൻ റോഡിൻെറ കസ്ബ പൊലീസ് സ്റ്റേഷൻ ഭാഗത്തെ, ദൃശ്യമാണ് ഇത്. ഓവുചാലിന് പുതിയ സ്ലാബ് ഇട്ടപ്പോൾ റോഡിൽ നിന്ന് നാലിഞ്ച് ഉയരം കൂടുതൽ!

വശങ്ങളിലെ വീടുകളിൽ നിന്ന് റോഡിലേക്ക് ഇറങ്ങുന്നവർക്ക് അത് ബുദ്ധിമുട്ട് ആയപ്പോൾ കോൺക്രീറ്റ് കൊണ്ട് ഒരു ഏച്ചുകെട്ട് പണിതു. അതവർ സ്വയം ചെയ്തതാണോ അതോ കൊച്ചിൻ കോർപ്പറേഷൻ ചെയ്തതാണോ എന്നറിയില്ല.

ആര് ചെയ്തതായാലും ആ ഭാഗത്ത് എത്തുമ്പോൾ വാഹനങ്ങൾ, പ്രത്യേകിച്ച് ഇരുചക്രവാഹനങ്ങൾ, നിർത്തി മുന്നോട്ട് എടുത്തില്ലെങ്കിൽ അപകടം ഉറപ്പ്. ഏറ്റവും കുറഞ്ഞ വേഗതയിൽ കടന്നു പോകുന്ന ഒരു വാഹനം പോലും ആ കോൺക്രീറ്റ് തിട്ടയിൽ ഇടിച്ചാൽ വാഹനം പാളി അപകടം ഉണ്ടാകുമെന്ന കാര്യത്തിൽ സംശയവും വേണ്ട. രണ്ട് വാഹനങ്ങൾക്ക് കഷ്ടിച്ച് കടന്ന് പോകാൻ മാത്രം വീതിയുള്ള ആ റോഡിൽ ഒരു വാഹനം ഈ തിട്ടയിൽകയറാതിരിക്കാനായി റോഡിന് നടുവിലേക്ക് വാഹനം തിരിക്കുമ്പോൾ, മറുവശത്ത് നിന്ന് വരുന്ന വാഹനം നിർത്തിക്കൊടുക്കേണ്ട അവസ്ഥ. ഫലം ഗതാഗതസ്തംഭനം.

കേരളത്തിൽ പലയിടത്തും ഇത്തരം റോഡ് – കാണ നിർമ്മാണ വൈദഗ്ദ്ധ്യം കാണാൻ നമുക്കാവും. റോഡ് പണിയുന്നവരും കാണ പണിയുന്നവരും വെവ്വേറെ ഗ്രഹങ്ങളിൽ നിന്ന് വരുന്നവർ ആയതുകൊണ്ട് സംഭവിക്കുന്ന പ്രതിഭാസമാണിത്.

ഈ പ്രതിഭാസത്തിന്റെ മറ്റൊരു വകഭേദം, റോഡ് പണിയുന്നവരും കേബിൾ/പൈപ്പ് കുഴിച്ചിടുന്നവരും തമ്മിൽ ഏകോപനം ഇല്ലാത്തതുകൊണ്ട് കാലാകാലങ്ങളായി നമ്മൾ കാണുന്നുണ്ട്. ഒരാൾ പണിയുമ്പോൾ മറ്റേയാൾ കുഴിക്കുകയോ വെട്ടിപ്പൊളിക്കുകയോ ചെയ്യും.

ഒരു പരാതി കൊടുത്താൽ പോലും ഇതിനൊന്നും ഒരവസാനം ഉണ്ടാകുമെന്ന് യാതൊരു പ്രതീക്ഷയും വെച്ച് പുലർത്തരുത്. അടുത്ത പ്രാവശ്യം റോഡ് പണി നടക്കുമ്പോൾ രണ്ടോ മൂന്നോ ഇഞ്ച് ഉയരം റോഡിന് കൂടുമ്പോൾ മാത്രമാണ് ഈ പ്രശ്നത്തിന് സ്വഭാവികമായ ഒരു പരിഹാരം ഉണ്ടാകുക. അതുവരെ ഈ മരണക്കെണികളിലൂടെ ജീവനും കൈയിൽ പിടിച്ച് കടന്ന് പോകുക. അടുത്ത റോഡ് പണി ആകുമ്പോഴേക്കും കാണയുടെ സ്ലാബ് തകർന്നിട്ടുണ്ടെങ്കിൽ ഈ ചക്രം ആവർത്തിക്കും.

ഇത്തരത്തിലാണ് നമ്മുടെ പൊതുനിർമ്മിതികളും റോഡുകളും പാലങ്ങളുമൊക്കെ പടച്ചുണ്ടാക്കിയിരിക്കുന്നത് എന്ന ധാരണയോടെ നിരത്തിൽ വാഹനമോടിക്കുക. നമുക്ക് പരിചയമില്ലാത്ത ഏതൊരു റോഡിലും ഇത്തരമൊരു ചതിക്കെണി ഉണ്ടെന്ന വിചാരം എപ്പോഴും വേണം. അതേയുള്ള പ്രതിവിധി.

നമ്മൾ തിരഞ്ഞെടുക്കുന്നവരെക്കൊണ്ടോ നമ്മുടെ സർക്കാർ ജീവനക്കാരെക്കൊണ്ടോ ഫലപ്രദമായി ഭരണമോ ജോലിയോ ചെയ്യിക്കാൻ കഴിവില്ലാത്ത, നിസ്സഹായരായ വോട്ട് കുത്ത് കഴുതകൾ മാത്രമാണ് നമ്മളെന്ന വിചാരം എല്ലായ്പ്പോഴും തലച്ചോറിൽ വഹിക്കുക. നമ്മൾ സൂക്ഷിച്ചാൽ നമുക്ക് നല്ലത്, നമ്മുടെ കുടുംബത്തിന് നല്ലത്.

വാൽക്കഷണം:- ഒരിഞ്ച് പോലും വീതി കൂട്ടാൻ പറ്റാത്തവിധം ഇരുവശങ്ങളിലും നിർമ്മിതികൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ് നമ്മുടെ റോഡുകൾ. വാഹനപ്പെരുപ്പവും അതുമൂലമുള്ള ഗതാഗത കുരുക്കുകളും കാരണം വീർപ്പുമുട്ടുകയാണ് എല്ലാ നഗരങ്ങളും. ആ സമയത്ത് നിലവിലുള്ള റോഡുകൾ ഫലപ്രദമായി ഉപയോഗിക്കുന്നതിന് പകരം, അതിന്റെ അവസ്ഥ ഇങ്ങനെ ആക്കുന്നവരെ പൂവിട്ട് പൂജിക്കണം.

#കേരളത്തിലെ_റോഡുകൾ

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>