രാവിലെ ആറ് മണിക്ക് തന്നെ ശൂലഗിരിയിൽ നിന്ന് മംഗലാപുരത്തേക്ക് പുറപ്പെടണം എന്നാണ് കരുതിയിരുന്നത്. പക്ഷേ നേരം വെളുക്കാൻ കുറച്ചു കൂടി സമയമെടുത്തു. പരിചയമില്ലാത്ത സ്ഥലങ്ങളിൽ ഇരുട്ടത്ത് യാത്ര ചെയ്യരുത് എന്നത് ഈ യാത്രയിലെ ഒരു നിഷ്ക്കർഷയാണ്.
വെളിച്ചം വന്നശേഷം ഫാമിൽ നിന്ന് ഇറങ്ങി ഹൈവേയിൽ എത്തി പ്രാതൽ (ബട്ടൺ ഇഡ്ഡലി) കഴിച്ചു.
മൈസൂർ, മടിക്കേരി, സുള്ളിയ, പുത്തൂർ വഴിയാണ് യാത്ര പദ്ധതി ഇട്ടിരുന്നതെങ്കിലും ഗൂഗിൾ മാപ്പ് എന്നെ തുംകൂർ റോട്ടിലേക്ക് നയിച്ചു. അവിടന്ന് നേരെ മംഗലാപുരത്ത് എത്താം.
ഹസ്സൻ എത്തുന്നതിന് തൊട്ടുമുമ്പ് കൈലാഷ് പർബത് എന്ന വെജിറ്റേറിയൻ റസ്റ്റോറന്റിൽ നിന്ന് ഉച്ചഭക്ഷണം. ലോകമെമ്പാടും ശാഖകൾ ഉള്ള വലിയ ഒരു റസ്റ്റോറന്റ് ശൃംഖലയാണ് അത്. കൂടുതൽ ബ്രാഞ്ചുകൾക്കായി അവർ അപേക്ഷ ക്ഷണിക്കുന്നുണ്ട്. കൊച്ചിയിൽ ആർക്കെങ്കിലും താല്പര്യമുണ്ടെങ്കിൽ ശ്രമിച്ച് നോക്കൂ. അതിന്റെ ഒരു കുറവ് കൊച്ചിയിൽ ഉണ്ടാകരുതല്ലോ.
ഇടയ്ക്ക് കരിമ്പിൻ ജ്യൂസ് കുടിക്കാൻ നിർത്തിയത്, അതുണ്ടാക്കുന്ന ചെറിയ പയ്യനെ കണ്ടിട്ടാണ്. 15 വയസ്സ് തികയില്ല അവന്. ബാലവേലയാണ് ചെയ്യുന്നത്. “സ്കൂളിൽ പോകുന്നില്ലേ” എന്ന് ചോദിച്ചപ്പോൾ ഒരു പുഞ്ചിരി മാത്രം. എത്ര ചോദിച്ചിട്ടും കൂടുതലൊന്നും അവൻ പറഞ്ഞതുമില്ല. ചിലപ്പോൾ, നിറയെ പ്രാരാബ്ദ്ധങ്ങൾ ഉള്ളതുകൊണ്ടും ആവാം.
ഗാട്ട് റോഡുകൾ കുറച്ച് പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നുണ്ട് എന്നതൊഴിച്ചാൽ, 412 കിലോമീറ്റർ, വലിയ കുഴപ്പമൊന്നുമില്ലാത്ത ഡ്രൈവ് ആയിരുന്നു. ഇരുട്ടുന്നതിന് മുമ്പ് മംഗലാപുരത്ത് എത്തി.
സഹപാഠിയും സഹപ്രവർത്തകനുമായിരുന്ന ശേഷഗിരി Sheshagiri Shenoy മംഗലാപുരത്ത് ഉണ്ടായിരുന്നു. എപ്പോൾ കണ്ടാലും പറഞ്ഞു തീർക്കാൻ പറ്റാത്ത അത്രയും വിശേഷങ്ങൾ ഞങ്ങൾക്കിടയിൽ ഉണ്ട്. ഒരുപാട് സമയം അങ്ങനെ പോയി.
മംഗലാപുരം കടന്ന് പോകുമ്പോൾ സൂറത്ത്ക്കൽ NIT ക്യാമ്പസിൽ ദീപുവിന്റെ Deepu Vijayasenan കോർട്ടേർസിൽ ആണ് മുൻപും ഞാൻ താമസിച്ചിട്ടുള്ളത്. ഇവിടെ മാത്രമാണ് ഭാഗിയെ തനിച്ചാക്കി ഞാൻ ഒരു വീടിനകത്ത് കിടക്കാറുള്ളത്. ദീപുവുമായി കുറേ വിശേഷങ്ങൾ പറഞ്ഞിരിക്കാൻ ഉണ്ടാകും എന്നത് തന്നെ കാരണം. അതുകൊണ്ട് തന്നെയാണ് ഇന്നത്തെ കുറിപ്പ് ഇത്രയും വൈകിയത്. ഓൺലൈനിൽ നിന്ന് കിട്ടിയ വലിയ സൗഹൃദങ്ങളിൽ ഒന്നാണ് ദീപുവിൻ്റേത്.
അൽപ്പം മുൻപ് മഴ പെയ്തു. നാളെ സഞ്ചരിക്കാനുള്ളത് അർജുനെ കാണാതായ വഴിയിലൂടെയാണ്. ഗോവയാണ് നാളത്തെ ലക്ഷ്യസ്ഥാനം.
ശുഭരാത്രി.