ഇന്ന് രാവിലത്തെ 3 ഡിഗ്രി താപമാനത്തിൽ ഞാൻ ശരിക്കും വലഞ്ഞു.
കിടക്കയിൽ എനിക്ക് പ്രശ്നമില്ല. സ്ലീപ്പിങ് ബാഗിൽ നിന്ന് പുറത്തുവന്നതും കയ്യും കാലും മരവിച്ചു. കാലിന്റെ മരവിപ്പ് നടത്തത്തെ പോലും ബാധിച്ചു. ഗ്യാസ് സ്റ്റേഷന്റെ എതിരെയുള്ള ഒരു കടയിൽ പോയി ചായ കുടിച്ച് തീ കാഞ്ഞാണ് ആ പ്രശ്നമെല്ലാം പരിഹരിച്ചത്.
അത്തരം ചെറിയ കടകൾ ഹരിയാനയുടേയും രാജസ്ഥാന്റേയും റോഡുകളിൽ ഈ ദിവസങ്ങളിൽ ധാരാളമായി കണ്ടിരുന്നു. തണുപ്പുകാലത്ത് അതൊരു കച്ചവടം ആണ്. ചായ ഉണ്ടാക്കാനുള്ള സംവിധാനം, ഒരു വലിയ ഹുക്ക, കുറച്ച് വിറക് കത്തിക്കാൻ ഒരു തീക്കുണ്ടം. ഇത്രയും ഉണ്ടെങ്കിൽ, ലോറിക്കാരും ഇരുചക്ര വാഹനക്കാരും അവിടെ നിർത്തി ഒരു ചായകുടിച്ച് അല്പനേരം തീ കാഞ്ഞ് മൂന്നുനാല് കവിൾ ഹുക്കയും വലിച്ച് 20 രൂപയും കൊടുത്ത് പോകും. ഹുക്ക ഒഴികെയുള്ള രണ്ട് കാര്യങ്ങൾ പലയിടങ്ങളിൽ ഞാനും അനുഭവിച്ചതാണ്.
25 കിലോമീറ്റർ ദൂരമാണ് ലോഹറു കോട്ടയിലേക്ക്; അരമണിക്കൂർ യാത്ര. അതിനിടയ്ക്ക് ഒരു റസ്റ്റോറന്റിൽ കയറി പ്രാതൽ കഴിച്ചു. അവിടെത്തന്നെ ഇരുന്ന് രണ്ടു ദിവസത്തെ ഡാറ്റ ബാക്കപ്പ് എടുത്ത ശേഷം ലോഹറുവിലേക്ക് യാത്ര തുടർന്നു.
നഗര മദ്ധ്യത്തിലാണ് ലോഹറു കോട്ട. സന്തോഷം തോന്നിയ ഒരു കാര്യം കോട്ടയ്ക്ക് ചുറ്റും വലിയൊരു പാർക്ക് ഉണ്ടാക്കിയിട്ടുണ്ട് എന്നതാണ്. ഒരുപാട് പേർ പാർക്കിൽ വന്നിരുന്ന് സമയം ചിലവഴിക്കുന്നു.
പക്ഷേ കോട്ടയുടെ ഉള്ളിലേക്ക് കടന്നാൽ എല്ലാം ജീർണാവസ്ഥയിലാണ്. പല ഭാഗങ്ങളും നന്നാക്കി എടുക്കാൻ പറ്റാത്ത നിലയിൽ ഇടിഞ്ഞ് വീണിരിക്കുന്നു. പലഭാഗത്തുനിന്നും മരത്തിൻ്റെ കതകുകളും കട്ടളകളും ജനാല കട്ടളുകളും ഇളക്കിക്കൊണ്ട് പോയിരിക്കുന്നു. കെട്ടിടം ഇടിഞ്ഞുവീഴാൻ ആക്കം കൂട്ടിയത് അത്തരം മോഷണങ്ങളാണ്.
* പതിനാറാം നൂറ്റാണ്ടിലാണ് ലോഹറു കോട്ട നിർമ്മിക്കപ്പെട്ടത്.
* 1570ൽ നടന്ന ശിലാസ്ഥാപനത്തിന് ശേഷം ഷേഖാവത്ത് ഭരണാധികാരികളിൽ നിന്നും, ഈ കോട്ട ആൽവാറിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടു.
* ബ്രിട്ടീഷ് ഭരണകാലത്ത് ഇത് അവരുടെ കൈവശം എത്തി.
* ബ്രിട്ടീഷുകാർ പിന്നീട് ഇതിനെ ലോഹറിലെ നവാബ്, അഹമ്മദ് ഭക്ഷ് ഖാന് നൽകി.
* 1971ൽ നവാബ് കുടുംബം ഇത് ഹരിയാന സർക്കാരിന് വിറ്റു.
* രണ്ട് യുദ്ധങ്ങൾ നടന്നിട്ടുള്ള കോട്ടയാണ് ഇത്.
* ലോഹറു രാജാവായിരുന്ന മദൻ സിംഗും ഔറംഗസീബിന്റെ കാലത്ത് മുകൾ ഗവർണ്ണർ ആയിരുന്ന ഹിസറും തമ്മിൽ, ഭൂനികുതിയെ ചൊല്ലിയായിരുന്നു 1671ലെ ആദ്യ യുദ്ധം.
* ലോഹറു ഭരണാധികാരിയായിരുന്ന കിരാത് സിങ്ങും ജയ്പൂർ പ്രവിശ്യയിലെ ഖേത്രി രാജവംശത്തിലെ ഭോപ്പാൽ സിങ്ങും തമ്മിൽ 1770ൽ ആയിരുന്നു രണ്ടാമത്തെ യുദ്ധം. ലോഹറു കോട്ട ഖേത്രിയുടെ ഭാഗമാണെന്ന് ഭോപ്പാൽ സിംഗിന്റെ അവകാശവാദമാണ് യുദ്ധത്തിൽ കലാശിച്ചത്. ആ യുദ്ധത്തിൽ, കോട്ടയ്ക്ക് മുന്നിൽവെച്ച് ഭോപ്പാൽ സിംഗ് കൊല്ലപ്പെട്ടു.
* 8 ഏക്കറോളം സ്ഥലത്താണ് കോട്ട നിലനിൽക്കുന്നത്.
* മുഗൾ, രജപുത്, ബ്രിട്ടീഷ്, എന്നീ രീതികൾ ഉൾക്കൊള്ളുന്ന നിർമ്മിതിയാണ് ഇപ്പോൾ നിലം പൊത്താറായി തീർന്നിരിക്കുന്നത്.
പറ്റാവുന്ന ഭാഗങ്ങളിൽ എല്ലാം ഞാൻ കയറിയിറങ്ങി. വളരെ അപകടം പിടിച്ച ഭാഗങ്ങളിൽ നിന്ന് വിട്ടു നിന്നു. ധാരാളം ചെറുപ്പക്കാർ, ഇടിഞ്ഞു നിൽക്കുന്ന കെട്ടിടത്തിന്റെ മുകളിൽ കയറി ഇറങ്ങുന്നുണ്ട്. അങ്ങനെയൊരു സാഹസം കാണിക്കാൻ എനിക്ക് വയ്യ.
ലോഹറു കോട്ടയിൽ നിന്ന് കഷ്ടി 40 കിലോമീറ്റർ ആണ് മഹേന്ദ്രഗഡിലേക്ക്. 50 മിനിറ്റുകൊണ്ട് ഞാൻ അങ്ങോട്ട് എത്തി. ഇരുവശങ്ങളും തണൽ വൃക്ഷങ്ങൾ നിറഞ്ഞ്, നന്നായി ടാർ ചെയ്ത നല്ല ഭംഗിയുള്ള വഴിയാണ് അത്!
മഹേന്ദ്ര കോട്ടയും നഗരത്തിന്റെ മദ്ധ്യത്തിൽ തന്നെയാണ്. കോട്ടയെ ചുറ്റിപ്പറ്റി ഉയർന്നുവന്ന നഗരം എന്ന് നിസ്സംശയം പറയാം. പക്ഷേ കോട്ട അവഗണിക്കപ്പെട്ട് നാശത്തിന്റെ പാതയിലാണ്. ഇപ്പോൾ ചില്ലറ മിനുക്ക് പണികൾ ആരംഭിച്ചിട്ടുണ്ട്. കോട്ടയ്ക്കകത്ത് 50 വർഷം പഴക്കം പറയാവുന്ന നിർമ്മിതികൾ ധാരാളമുണ്ട്. ഏതൊക്കെയോ സർക്കാർ ഓഫീസുകൾ മുൻപ് ഇതിനകത്ത് നടന്നിട്ടുണ്ട്. പക്ഷേ പരിപാലനം ഒന്നും ഉണ്ടായിട്ടില്ല. കോട്ടയെ പോലെ തന്നെ അതും നശിച്ച് കാട് കയറി കിടക്കുന്നു.
* 1755ൽ, മറാഠ ഭരണാധികാരിയായിരുന്ന താന്തിയ തോപ്പ് ആണ് ഈ കോട്ട നിർമ്മിച്ചത്.
* 1860ൽ, ബ്രിട്ടീഷ് ഭരണകാലത്ത് ഇത് പട്യാല പ്രവിശ്യയുടെ കീഴിലായി.
* കനോദ് എന്നായിരുന്നു കോട്ടയുടെ പഴയ പേര്.
* പട്യാല ഭരണാധികാരിയായിരുന്ന നരേന്ദ്ര സിംഗ് തൻ്റെ മകന്റെ പേരിലേക്ക് (നരേന്ദ്ര സിംഗ്) കോട്ട മാറ്റുകയാണ് ഉണ്ടായത്.
കോട്ടവാതിൽ തുറന്നാണ് കിടക്കുന്നത്. ഞാൻ അകത്തേക്ക് കടന്ന് ആവശ്യാനുസരണം പടങ്ങൾ എടുത്തു. ‘വാഹനങ്ങൾ അകത്തേക്ക് കൊണ്ടുപോകാൻ ടോക്കൺ എടുക്കണം’ എന്നൊരു പഴയ ബോർഡ് കോട്ട വാതിലിൽ തൂങ്ങുന്നുണ്ട്. അന്യാധീനപ്പെട്ട് തകർന്നു കിടക്കുന്ന ഒരു കോട്ടയിൽ, ടോക്കൺ ആര് നൽകുന്നു, എവിടെ നൽകുന്നു? ആർക്കറിയാം?
കോട്ടയെ ചുറ്റി നഗരത്തിലൂടെ കുറച്ചുനേരം നടന്നു. ഇന്ന് തങ്ങാനുള്ള സ്ഥലം രണ്ട് കിലോമീറ്റർ മുന്നേ കണ്ടുവെച്ചിരുന്നു. കൻഹ ജി എന്ന റെസ്റ്റോറൻ്റിൻ്റെ മുന്നിലാണ് ഇന്നത്തെ ക്യാമ്പ്.
നാളെ വെളുപ്പിന് ഒരു ഡിഗ്രി തണുപ്പ് കുറവ് കാണിക്കുന്നുണ്ട് ഇവിടെ. എന്നുവച്ചാൽ 4 ഡിഗ്രി. പത്ത് മണിയോടെ ഭക്ഷണം കഴിച്ച് അല്പനേരം തീ കാഞ്ഞ ശേഷം സ്ലീപ്പിങ് ബാഗിലേക്ക് കയറണം.
ശുഭരാതി