ശ്രേഷ്ഠമലയാളവും തട്ടിക്കൂട്ട് ഗവേഷണങ്ങളും


555
വേഷണ പ്രബന്ധത്തിലെ വരികൾ പോലും ‘ആശയം കടമെടുത്തു’കൊണ്ടുള്ള ലജ്ജാഭരിതമായ ഡോക്ടറേറ്റ് വിവാദങ്ങൾ കത്തി നിൽക്കുമ്പോൾ ആരെങ്കിലും പറയുമെന്ന് ആശിച്ച് കാത്തിരുന്ന ചില കാര്യങ്ങളുണ്ട്. പ്രബുദ്ധരായവരൊന്നും കാര്യമായൊന്നും പറഞ്ഞുകണ്ടില്ല എന്നതുകൊണ്ട്, വിവാദം കെട്ടടങ്ങുന്നതിന് മുൻപേ എനിക്ക് പറയാനുള്ളത് കൂടെ രേഖപ്പെടുത്തട്ടേ.

വസന്തതിലകം എന്ന വൃത്തത്തിൽ എഴുതിയ തൻ്റെ താതവാക്യം എന്ന കവിത, ഗവേഷണം ചെയ്ത് ഡോക്ടറേറ്റ് ലഭിച്ച ഒരു വ്യക്തിയേയും അയാൾക്ക് ഡോക്ടറേറ്റ് നൽകിയ സർവ്വകലാശാലയേയും പേരുപറയാതെ പരാമർശിച്ചുകൊണ്ടുള്ള, കവി ബാലചന്ദ്രൻ ചുള്ളിക്കാടിൻ്റെ പ്രഭാഷണം കേൾക്കാനിടയായി. ഇക്കാര്യത്തിൽ നീരസമാണ് ശ്രീ. ബാലചന്ദ്രൻ ചുള്ളിക്കാടിനുള്ളത്. ആയതിനാൽ തൻ്റെ കവിതകൾ തുടർന്നങ്ങോട്ട് കലാലയങ്ങളിലും സർവ്വകലാശാലകളിലും പഠിപ്പിക്കരുതെന്നും ഗവേഷണ വിഷയമാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെടുന്നുമുണ്ട്.

ഈ വിഷയത്തെ ആസ്പദമാക്കിയാണ് പറയാനുള്ളത്.

താതവാക്യം എന്ന കവിത വസന്തതിലകം എന്ന വൃത്തത്തിലാണ് എഴുതിയിരിക്കുന്നതെന്ന് ശ്രീ. ബാലചന്ദ്രൻ ചുള്ളിക്കാട് പറയുന്നു. പക്ഷേ ഗവേഷണ പ്രബന്ധത്തിൽ പറയുന്നത് താതവാക്യം കേക വൃത്തിലാണ് എന്നാണ്. കേകയിൽ ചുള്ളിക്കാട് വരുത്തിയിരിക്കുന്ന മാറ്റങ്ങളെ അഭിനന്ദിച്ചിരിക്കുന്നു പ്രബന്ധത്തിൽ! പ്രബന്ധം പുസ്തകമാക്കിയും ഇറക്കിയിട്ടുണ്ടത്രേ!

സത്യത്തിൽ ഈ ഗവേഷണം നടത്തിയ വ്യക്തിക്കോ അയാളുടെ സൂപ്പർവൈസർക്കോ, അയാളെ എക്സാമിൻ ചെയ്തവർക്കോ അയാളുടെ ഗൈഡിനോ കേക എന്താണെന്ന് അറിയില്ല. വസന്തതിലകം എന്താണെന്ന് അറിയില്ല. ഗണം തിരിച്ച് ഗുരു ലഘു അടയാളപ്പെടുത്തി വൃത്തം കണ്ടുപിടിക്കാൻ അറിയില്ല. ‘അഞ്ജനമെന്നത് ഞാനറിയും, മഞ്ഞള് പോലെ വെളുത്തിരിക്കും‘ എന്ന അവസ്ഥ.

ഏതെങ്കിലുമൊരു കവിതയിൽ ഇത്ര വലിയ ഗവേഷണം നടത്താൻ എന്തെങ്കിലുമുണ്ടോ എന്നത് ഈയുള്ളവൻ്റെ വലിയൊരു സംശയമാണ്. മറ്റുള്ളവർക്ക് ശമ്പളവർദ്ധന സംഘടിപ്പിക്കാനോ സർവ്വകലാശാലകളിലോ കലാശാലകളിലോ പഠിപ്പിക്കാനോ വേണ്ടിയല്ല താൻ കവിതയെഴുതിയതെന്നും അത്ര വലിയ സംഭവമല്ല ഇതെന്നും കവി തന്നെ വ്യക്തമാക്കുമ്പോൾ മനസ്സിലാക്കേണ്ടത് അങ്ങനെ തന്നെയല്ലേ? ചുള്ളിക്കാടിന്റെ കവിതയെടുത്ത് ഗവേഷണം നടത്തുന്നവർ എന്തുകൊണ്ടാണ് അദ്ദേഹവുമായി ബന്ധപ്പെടാതിരുന്നത്? അദ്ദേഹത്തോട് ചോദിച്ചിരുന്നെങ്കിൽ കവിത ഏത് വൃത്തത്തിലാണ് എഴുതിയതെന്ന് മനസ്സിലാക്കാൻ പറ്റുമായിരുന്നില്ലേ ? കേകയിൽ മാറ്റം വരുത്തിയതല്ല വസന്തതിലകമാണ് എന്ന് അദ്ദേഹം പറഞ്ഞുകൊടുക്കുമായിരുന്നില്ലേ? ചുള്ളിക്കാടിന് മലയാളത്തിൽ 35% മാർക്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നതിനാലാണോ കവിത എഴുതിയ അദ്ദേഹത്തെപ്പോലും ഒഴിവാക്കിയത്? ഒരു വിഷയത്തിൽ ഗവേഷണം നടക്കുമ്പോൾ അതുമായി ബന്ധപ്പെട്ടവർ ജീവനോടെയിരിക്കുന്നു എന്നതൊരു അനുഗ്രഹമല്ലേ? ഗവേഷണം അത്രയും എളുപ്പമാകുകയല്ലേ?

അൽപ്പം കൂടെ ആഴത്തിൽ വിഷയത്തിലേക്ക് വരാം. 34 വർഷം മുൻപ്, ഞാൻ പത്താം തരം പഠിക്കുമ്പോൾ, ഗണം തിരിച്ച് ഗുരു ലഘു അടയാളപ്പെടുത്തി കവിതയുടെ ലക്ഷണം കണ്ടുപിടിക്കുന്ന പാഠങ്ങൾ ഉണ്ടായിരുന്നു. വൃത്തങ്ങളുടെ ലക്ഷണങ്ങൾ മനഃപ്പാഠം ആക്കുന്ന കുട്ടികൾക്ക് പോലും വൃത്തം കണ്ടുപിടിക്കുന്ന ചടങ്ങ് ഒരു കീറാമുട്ടി ആയിരുന്നിരിക്കണം. ഒരു മാർക്ക് പോലും നഷ്ടപ്പെടുത്താതെ റാങ്ക് എന്ന ലക്ഷ്യം മുന്നിൽക്കണ്ട് പഠിക്കുന്നവർ മാത്രമേ പലപ്പോഴും ആ സാഹസത്തിന് മുതിർന്ന് കാണൂ. ബഹുഭൂരിപക്ഷം വിദ്യാർത്ഥികളും ലക്ഷണം നോക്കി വൃത്തം കണ്ടുപിടിക്കുന്ന ഭാഗം ഒഴിവാക്കിത്തന്നെയാണ് മലയാളം പരീക്ഷ നേരിട്ട് പോന്നത്.

എൻ്റെ കാര്യത്തിൽ പക്ഷേ, അമ്മാവൻ മലയാളം അദ്ധ്യാപകനായതുകൊണ്ട്, പരീക്ഷക്കാലത്ത് അമ്മ എന്നെക്കൊണ്ടുപോയി അമ്മാവൻ്റെ ശിക്ഷണത്തിലാക്കിയിരുന്നു. ദിവസം മുഴുവൻ ഗുരു ലഘു തിരിച്ച്, തെറ്റിച്ചാൽ വഴക്ക് കേട്ട് വീണ്ടും വീണ്ടും ചെയ്ത് ചെയ്ത്, അൽപ്പസ്വൽപ്പം മാർക്ക് ആയിനത്തിൽ മലയാളം പരീക്ഷയ്ക്ക് നേടിയിട്ടുണ്ടെന്നത്, ഇന്ന് തിരിഞ്ഞ് നോക്കുമ്പോൾ സന്തോഷം തരുന്നുണ്ട്.

എങ്കിലും, വൃത്തത്തിന്റെ ലക്ഷണങ്ങൾ പലതും മറന്ന് തുടങ്ങിയിരിക്കുന്നു. ഈ കുറിപ്പ് തയ്യാറാക്കുന്നതിന് വേണ്ടി അമ്മാവനിൽ (സുധാംശു മോഹൻ) നിന്ന് ഓർമ്മ പുതുക്കിയ കേകയുടേയും വസന്തതിലകത്തിൻ്റേയും ലക്ഷണങ്ങൾ താഴെ കുറിക്കാം.

കേക:-

മൂന്നും രണ്ടും രണ്ടും മൂന്നും
രണ്ടും രണ്ടെന്നെഴുത്തുകൾ.
പതിനാലിന്നാറു ഗണം,
പാദം രണ്ടിലുമൊന്നുപോൽ.
ഗുരുവോരോന്നെങ്കിലും വേണം
മാറാതോരോ ഗണത്തിലും.
നടുക്കുയതി പാദാദി
പൊരുത്തമിത് കേകയാം.

ചെറു വരയാണ് ഗുരുവെങ്കിൽ, ചന്ദ്രക്കലയാണ് ലഘു അടയാളപ്പെടുത്താൻ ഉപയോഗിക്കുക. (ചിത്രം നോക്കുക.) മൂന്നക്ഷരം വരെ ഉൾക്കൊള്ളുന്ന വിധത്തിൽ കുറുകെയുള്ള വരകളിട്ടാണ് ഗണം തിരിക്കേണ്ടത്.

കേകയാകണമെങ്കിൽ 3, 2, 2, 3, 2, 2 എന്നീ ക്രമത്തിൽ 14 അക്ഷരത്തിൽ 6 ഗണങ്ങൾ വരണം. എല്ലാ ഗണത്തിലും ഒരു ഗുരുവെങ്കിലും വേണം. നടുക്ക് യതി, അതായത് 7 അക്ഷരങ്ങൾ കഴിയുമ്പോൾ ഒരു നിർത്ത് അനുഭവപ്പെടണം. ചൊല്ലി നോക്കുമ്പോൾ അത് വ്യക്തമാകുകയും ചെയ്യും. രണ്ട് പാദത്തിലും ഈ നിയമം പാലിച്ചിരിക്കണം. രണ്ടാം പാദത്തിലെ അഞ്ചാം ഗണത്തിൽ പ്രത്യക്ഷത്തിൽ ഗുരു ഇല്ല, അഥവാ ഉണ്ടാകണമെന്നില്ല. പക്ഷേ പാടി നീട്ടി ലഘുക്കളെ ഗുരുവാക്കാം ഇച്ഛപോലെ എന്ന ആനുകൂല്യ പ്രകാരം ‘ടു‘ (ചു’ടു’ കണ്ണീർ) എന്നതിനെ പാടി നീട്ടി ‘ടൂ‘ ആക്കാം.

ഇനി മലയാളിക്ക് ഏറെ പരിചിതമായ വരികൾ തന്നെ കേകയുടെ ഉദാഹരണമായി എടുക്കാം. യുവജനകമ്മീഷൻ അദ്ധ്യക്ഷ ചിന്താ ജെറോമിൻ്റെ ഗവേഷണ പ്രബന്ധം പ്രകാരം, നടാത്ത വാഴയിൽ നിന്ന് വാഴക്കുല സ്വന്തമാക്കിയ വൈലോപ്പിള്ളി ശ്രീധരമേനോൻ്റെ മാമ്പഴം എന്ന കവിത കേക വൃത്തത്തിലാണ്.

അങ്കണത്തൈമാവിൽ നിന്നാദ്യത്തെപ്പഴം വീഴ്കെ,
അമ്മതൻ നേത്രത്തിൽ നിന്നുതിർന്നൂ ചുടുകണ്ണീർ.

എന്ന വരികൾ കേക വൃത്തത്തിലാണെന്നും എഴുതിയത് വൈലോപ്പിള്ളി ആണെന്നും അറിയില്ലെങ്കിലും ആ വരികൾ കേൾക്കാതെ പത്താം തരം കടന്ന മലയാളി ഉണ്ടാകില്ലെന്നുറപ്പ്.

(ഈ വരികൾ ഗണം തിരിച്ച് ഗുരു ലഘു അടയാളപ്പെടുത്തിയത് ചിത്രത്തിൽ കാണാം.)

അടുത്തതായി വസന്തതിലകത്തിൻ്റെ ലക്ഷണം എന്താണെന്ന് നോക്കാം.

വസന്തതിലകം:-

ചൊല്ലാം വസന്തതിലകം തഭജം ജഗംഗം.

കഴിഞ്ഞു. അത്രേയുള്ളൂ ലക്ഷണം. ആ ലക്ഷണത്തിൻ്റെ ചൊല്ല് പോലും വസന്തതിലകത്തിലാണ് എന്നതാണ് ആ ചൊല്ലിൻ്റേയും വൃത്തത്തിൻ്റേയും പ്രത്യേകത. (ഈ വരികളെ ഗണം തിരിച്ചിട്ടുള്ളത് ചിത്രത്തിൽ കാണാം.)

പ്രത്യേകിച്ച് മറ്റൊരു ഉദാഹരണത്തിലേക്ക് പോകേണ്ടതില്ല എന്ന് സാരം. എന്നിരുന്നാലും മറ്റൊരുദാഹരണം നിർബന്ധമാണെങ്കിൽ കുമാരനാശാൻ്റെ വീണപൂവ് എടുക്കാം. വസന്തതിലകം വൃത്തത്തിലാണ് ആശാൻ വീണപൂവ് രചിച്ചിരിക്കുന്നത്.

അന്ത്യലഘു – തഗണം
ആദിഗുരു – ഭഗണം
മദ്ധ്യഗുരു – ജഗണം
ഗുരു ഗുരു – ഗ ഗ.

എന്നീ ചില കാര്യങ്ങൾ കൂടെ അറിഞ്ഞിരുന്നാൽ മാത്രമേ ഗണം തിരിച്ച ശേഷം വസന്തതിലകത്തിന്റെ ലക്ഷണം ഗ്രഹിച്ചെടുക്കാനാവൂ.

കേകയുടേയും വസന്തതിലകത്തിൻ്റേയും ലക്ഷണങ്ങൾ മനസ്സിലാക്കിയ നിലയ്ക്ക് നമുക്ക് ഗവേഷണ വിഷയത്തിലേക്ക് തിരികെ പോകാം.

ചുള്ളിക്കാടിൻ്റെ താതവാക്യം എന്ന കവിത ഗവേഷണ വിഷമാക്കിയ വ്യക്തിക്കോ അദ്ദേഹത്തിൻ്റെ ഗൈഡിനോ സൂപ്പർവൈസർക്കോ എക്സാമിനർമാർക്കോ കേകയെന്താണെന്നോ വസന്തതിലകം എന്താണെന്നോ അറിയില്ലെന്നത് പകൽ പോലെ വ്യക്തം. വൃത്തം കണ്ടുപിടിക്കുന്ന ചടങ്ങ് മരുന്നിന് പോലും ഇക്കൂട്ടർക്ക് അറിയാമായിരുന്നെങ്കിൽ വസന്തതിലകതെ കേകയാക്കി മാറ്റില്ലായിരുന്നു. അല്ലെങ്കിലും ഭാഷയിൽ സാമാന്യ ജ്ഞാനം പോലും ഇല്ലെന്ന് ഗവേഷണത്തിലൂടെ തെളിയിച്ച ഇക്കൂട്ടർ ആരാണ് വൃത്തത്തിൽ വ്യതിയാനങ്ങൾ വന്നിരിക്കുന്നെന്ന് അഭിപ്രായപ്പെടാൻ? കഷ്ടം തന്നെ.

ശാസ്ത്രത്തിലോ പരിസ്ഥിതിയിലോ രസതന്ത്രത്തിലോ ചരിത്രത്തിലോ നടത്തുന്ന ഗവേഷണങ്ങൾ കൊണ്ട് ഇന്നല്ലെങ്കിൽ നാളെ മനുഷ്യസമൂഹത്തിന് മുഴുവൻ പല ഗുണങ്ങളും ഉണ്ടായെന്ന് വരാം. എന്നാൽ ഭാഷയിലോ അല്ലെങ്കിൽ കവിതയിലോ നടക്കുന്ന ഒരു ഗവേഷണം കൊണ്ട് പൊതുജനത്തിന് എന്താണ് ഗുണം? ഞാൻ മനസ്സിലാക്കുന്നത് ഇപ്രകാരമാണ്.

ഭാഷ ആഴത്തിൽ പഠിക്കുന്നവർക്ക്, ഭാഷയിൽ കൂടുതൽ സംഭാവന ചെയ്യണമെന്നുള്ളവർക്ക്, ഭാഷാ വിദ്യാർത്ഥികൾക്ക്, ഒക്കെ ഈ ഗവേഷണം ഉപകരിച്ചെന്ന് വരാം. മൂന്നരക്കോടി ജനങ്ങൾ മാത്രം കൈകാര്യം ചെയ്യുന്ന മലയാളം എന്ന ഭാഷയിൽ ഈ ഗവേഷണത്തിൻ്റെ ഫലം അനുഭവിക്കാൻ പോകുന്നത് വളരെ തുച്ഛമായ ഒരു എണ്ണമാണെന്ന് കൂടെ മനസ്സിലാക്കുക. അവർ പോലും അത് തെറ്റായാണ് മനസ്സിലാക്കുന്നതെങ്കിൽ, അഥവാ അവരിലേക്ക് എത്തുന്ന ഗവേഷണഫലം തെറ്റാണെങ്കിൽ ഗുണത്തേക്കാളുപരി ദൂഷ്യമല്ലേ ആ ഗവേഷണം നൽകുന്നത്?

പഴയ പത്താം ക്ലാസ്സ് സിലബസ്സിലുള്ള പാഠ്യവിഷയം പ്രകാരം, അന്നത്തെ വിദ്യാർത്ഥി സമൂഹം പഠിച്ച് മാർക്ക് വാങ്ങിയിരുന്ന കാര്യം പോലും ഇന്നത്തെ ഭാഷാ ഗവേഷകർക്കും അവരെ സഹായിക്കുന്നവർക്കും അറിയില്ലെങ്കിൽ അത്തരം ഗവേഷണങ്ങൾ ചവറ്റുകുട്ടയിൽ തള്ളുകയല്ലേ വേണ്ടത് ? ആ ഡോക്ടറേറ്റുകൾ തിരികെയെടുത്ത് അതിൻ്റെ പിന്നിൽ പ്രവർത്തിച്ചവരെയെല്ലാം അയോഗ്യരാക്കുകയല്ലേ വേണ്ടത്. കേകയും വസന്തതിലകവും തിരിച്ചറിയാത്തവരുടെ ഗവേഷണ പ്രബന്ധങ്ങൾ ഈ കവിതകൾക്കൊപ്പം വായിക്കണമെന്നും പഠിക്കണമെന്നും പറയുന്നതിനേക്കാൾ വലിയ ദുരവസ്ഥയും മൂല്യശോഷണവും ഭാഷയിൽ വേറെയുണ്ടോ ?

ആയതിനാൽ ശ്രീ.ബാലചന്ദ്രൻ ചുള്ളിക്കാടിൻ്റെ താതവാക്യം ഗവേഷണമാക്കി ഡോക്ടറേറ്റ് നേടിയ വ്യക്തിയുടെ ഗവേഷണം റദ്ദാക്കണം, ഡോക്ടറേറ്റ് തിരിച്ചെടുക്കണം. അയാൾക്കതിന് സഹായമൊരുക്കിയ ഗൈഡ് അടക്കമുള്ള എല്ലാവരേയും അയോഗ്യരാക്കണം. ഇനിയൊരു ഭാഷാ ഗവേഷണത്തിന് അവർക്ക് അനുമതിയുണ്ടാകരുത്. അല്ലെങ്കിൽ ഇവരെല്ലാം കൂടെ ശ്രേഷ്ഠമലയാളത്തെ കുഴിവെട്ടി മൂടും.

കൂടാതെ, പാർട്ടി നേതാക്കൾക്കും ഭരണചക്രത്തിലിരിക്കുന്നവർക്കും കൃതജ്ഞതാപ്രദർശനം (acknowledgement) നൽകി, സോപ്പിട്ട് ഗവേഷണപ്രബന്ധങ്ങൾ നൽകി ഡോക്ടറേറ്റുകൾ സമ്പാദിച്ചവർക്കെല്ലാം എതിരെ നടപടിയുണ്ടാകണം. അവരെല്ലാം വിഷയ വിദഗ്ദ്ധർക്ക് മുൻപിൽ തങ്ങളുടെ ഗവേഷണം വീണ്ടും അവതരിപ്പിക്കാൻ തയ്യാറാകണം. തള്ളിക്കളയാനുള്ള ഗവേഷണങ്ങൾ തള്ളിക്കളയണം. അയോഗ്യത കൽപ്പിക്കാനുള്ളവരെ ആ ചാപ്പകുത്തി ജനസമക്ഷം കൊണ്ടുവരണം.

അല്ലാതെ തങ്ങളുടെ ആൾക്കാർക്കും റാൻ മൂളികൾക്കും തങ്ങളുടെ പാർട്ടിക്കാർക്കും ഉത്തരക്കടലാസ് മുതൽ ചോദ്യപ്പേപ്പർ വരെ ചോർത്തി നൽകി ജയിപ്പിച്ച് ഏത് ബിരുദവും ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും അതിൻ്റെ പേരിൽ ജോലിയും സ്ഥാനക്കയറ്റവുമൊക്കെ നൽകാൻ തുടങ്ങിയാൽ ചരിത്രം പൊറുക്കില്ല, വരുംകാലം പൊറുക്കില്ല, ഭാഷ പൊറുക്കില്ല.

സമ്പൂർണ്ണ സാക്ഷരതക്കാരാണെന്ന് വീമ്പ് പറഞ്ഞാൽ കണ്ടുനിൽക്കുന്നവനും കേട്ടുനിൽക്കുന്നവനുമൊക്കെ മുഖത്താട്ടും. കേരളത്തിലെ യൂണിവേർസിറ്റികളിൽ നിന്നുള്ള ബിരുദവും ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റുമൊക്കെ ഉണ്ടെന്ന് പറഞ്ഞാൽ ലോകത്തൊരിടത്തും പ്യൂണിൻ്റെ ജോലി പോലും കിട്ടാത്ത അവസ്ഥയുണ്ടായെന്ന് വരും.

സ്വജനപക്ഷപാതം ഊട്ടിയുറപ്പിക്കാൻ വേണ്ടി ഭാഷയെ ബലി കൊടുക്കരുത്, വിദ്യാഭ്യാസ രംഗത്തെ കൊന്ന് കൊലവിളിക്കരുത്. അപേക്ഷയാണ്.

Comments

comments

One thought on “ ശ്രേഷ്ഠമലയാളവും തട്ടിക്കൂട്ട് ഗവേഷണങ്ങളും

 1. ഒരു പ്രത്യേക വിഷയത്തിൽ ഗവേഷണം ആരംഭിക്കണമെന്ന് ഞാനാഗ്രഹിച്ചിരുന്നു. വിഷയം എന്താണെന്ന് എല്ലാവർക്കും ഊഹിക്കാവുന്നതേയുള്ളൂ.
  .
  അപ്പോളാണറിഞ്ഞത് ബിരുദാനന്തര ബിരുദം ചെയ്യാത്തവർക്ക് ഗവേഷണം ചെയ്യാനാവില്ലെന്ന്. വേറൊരാൾ പറഞ്ഞു അക്ഷരാഭ്യാസം ഇല്ലാത്തവർക്ക് സർവ്വകലാശാല ഗവേഷണം തീരെ അനുവദിക്കുന്നില്ലെന്ന്. ഇനിയൊരാൾ പറഞ്ഞു, ചില പ്രത്യേക കൂട്ടരുടെ റാൻ മൂളിയാകാമെങ്കിൽ എത്ര ഗവേഷണങ്ങൾ വേണമെങ്കിലും നടത്താമെന്നും ‘ആശയം കടമെടുത്ത് ‘ എന്തെങ്കിലും തല്ലിക്കൂട്ട് പ്രബന്ധം ഉണ്ടാക്കിക്കൊടുത്താൽ ഡോക്ടറേറ്റ് നേടാനാവുമെന്നും.
  .
  ഒന്നുരണ്ട് ദിവസം ഡോ:നിരക്ഷരൻ എന്ന ബോർഡ് ശൂലഗിരിയിലെ ഗേറ്റിന് മുന്നിൽ തൂങ്ങുന്നത് സ്വപ്നം കണ്ട് കോൾമയിർ കൊണ്ട് ഞാനുറങ്ങി. ഗ്രാമവാസികളായ തമിഴ് മക്കളാരെങ്കിലും പനിക്കോ വയറിളക്കത്തിനോ മരുന്ന് ചോദിച്ച് വന്നാൽ കുഴയുമല്ലോ എന്നോർത്തപ്പോൾ ആ പൂതി ഇടം വലം നോക്കാതെ ഞാനുപേക്ഷിച്ചു.
  .
  നടൻ ശ്രീനിവാസൻ്റെ വാക്കുകളുടെ ആശയം കടമെടുത്ത് പറഞ്ഞാൽ, ചെയ്യാതെ ഉപേക്ഷിച്ച ആ ഗവേഷണമാണ് ശ്രേഷ്ഠമലയാളത്തിനും ശൂലഗിരി തമിഴർക്കും ഞാൻ നൽകുന്ന ഏറ്റവും വലിയ സംഭാവന.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>