Monthly Archives: October 2016

പിങ്ക്


8

ദ്യരംഗം മുതൽക്കുള്ള ഓരോ നിമിഷവും അടുത്തരംഗം എന്താണെന്ന് അറിയാനുള്ള ജിജ്ഞാസ ജനിപ്പിച്ചുകൊണ്ടാണ് പിങ്ക് തുടങ്ങുന്നതും മുന്നോട്ട് നീങ്ങുന്നതും. രണ്ടാം പകുതിയിൽ കൂടുതലും കോ‍ടതി രംഗങ്ങളായിട്ട് കൂടെ സിനിമ അവസാനിക്കുന്നതുവരെ കഥയുടെ തീവ്രത പ്രേക്ഷകരെ വരിഞ്ഞുമുറുക്കി നിൽക്കുകയും ചെയ്യുന്നു. പാട്ട്, ഡാൻസ്, കോമഡി എന്നിവയൊന്നും ഇല്ലാതെ ഒരു ഹിന്ദി സിനിമയിൽ അങ്ങനെ സർവ്വസാധാരണമായിട്ട് സംഭവിക്കുന്ന കാര്യങ്ങളല്ല ഇതൊക്കെ.

കഥ നമ്മളൊക്കെ ഈ ഓൺലൈൻ ഇടങ്ങളിലും നിത്യജീവിതത്തിലും കുറേ നാ‍ളുകളായി ചർച്ച ചെയ്യുന്ന മനസ്സുലക്കുന്ന വിഷയങ്ങൾ ചേർത്തുണ്ടാക്കിയത് തന്നെ. സ്ത്രീ സുരക്ഷ, സ്ത്രീകളോടുള്ള കാഴ്ച്ചപ്പാട്, അതിക്രമം, ബലാത്സംഗശ്രമം എന്നതൊക്കെ ചേർത്തിണക്കി, അക്കഥ അവതരിപ്പിക്കാൻ സ്വാഭാവികമായ അഭിനയം കാഴ്ച്ചവെക്കുന്ന കുറേ അഭിനേതാക്കളും അവർക്കെല്ലാം ഒരു ലീഡറെന്ന പോലെ അമിതാ‍ഭ് ബച്ചനും കൂടെ ആയപ്പോൾ പിങ്ക് അവശ്യം കണ്ടിരിക്കേണ്ട ഒരു ചിത്രമായി മാറുകയാണ്.

സ്ത്രീകൾക്കെതിരെയുള്ള അതിക്രമം ഒരു കേസായിക്കഴിയുമ്പോൾ കോടതിയിൽ വക്കീലന്മാർ ചോദിക്കാനിടയുള്ള ചോദ്യങ്ങളൊക്കെ നമുക്കിതിനകം നല്ലവണ്ണമറിയാം. സമൂഹം സ്ത്രീകൾക്ക് കൽ‌പ്പിച്ചിട്ടുള്ള വിലക്കുകളും അതിർ‌വരമ്പുകളും എല്ലാവർക്കും നല്ല നിശ്ചയമാണ്. അതിന്റെയെല്ലാം അടിസ്ഥാനത്തിൽ നായകനായ വക്കീൽ പരിഹാസ രൂപേണ അക്കമിട്ട് നിരത്തുന്ന ചില നിയമങ്ങൾ ഇന്നത്തെ സാമൂ‍ഹ്യവ്യവസ്ഥിതിയിലും കാ‍ലഘട്ടത്തിലും ഓരോരുത്തർക്കും സ്വയവിമർശനത്തിനുള്ള കൂരമ്പുകൾ കൂടെയാണ്.

അമ്പലത്തിൽ വെച്ച് കാണുന്ന സ്ത്രീയോടുള്ള സമീപനമല്ല, മ്യൂസിക്ക് കൺസേർട്ടിനിടയ്ക്ക് കാണുന്ന സ്ത്രീയോട്. പുരുഷൻ മദ്യപിച്ചാലും അതൊരു ആരോഗ്യപ്രശ്നം മാത്രം. സ്ത്രീ മദ്യപിക്കുമ്പോൾ ആരോഗ്യപ്രശ്നത്തിനപ്പുറത്തേക്ക് കടന്ന് അവൾ അഭിസാരികയുടെ തലത്തിലേക്ക് വരെ എത്തിപ്പെടുന്നു. അങ്ങനെ ഒരുപാട് മിഥ്യാധാരണകളുടെ പുറത്ത് കെട്ടിപ്പൊക്കിയിട്ടുള്ള സ്ത്രീ സങ്കൽ‌പ്പങ്ങൾക്ക് അവധി കൊടുക്കുകയാണ് സംവിധായകൻ അനിരുദ്ധ റോ‍യ് ചൌധരിയും കഥാകൃത്ത് റിതേഷ് ഷായും പിങ്ക് എന്ന ചിത്രത്തിലൂടെ.

ഒരു ഫ്ലാഷ്ബാക്കിന്റെ പോലും സഹായമില്ല്ലാതെ കോടതി മുറിയിലെ രംഗങ്ങളിൽ നിന്ന് കഥയുടെ ഉൾവഴികളിലേക്ക് സ്വയം കടന്നുചെല്ലാനും ചിന്തിക്കാനും പ്രേക്ഷകന് അവസരമൊരുക്കിക്കൊണ്ടുള്ള രീതിയാണ് ചിത്രത്തിൽ അവലംബിച്ചിട്ടുള്ളത്.

കണ്ടിരിക്കേണ്ട അത്യധികം കാലികപ്രാധാന്യമുള്ള ഒരു സിനിമയാണ് പിങ്ക്.  പ്രായപൂർത്തിയായ പെൺ‌മക്കളുള്ളവർ അവരേയും കൂട്ടി അവശ്യം കാണേണ്ട ഒരു സിനിമയാണ് പിങ്ക് എന്നുകൂടെ എടുത്ത് പറയേണ്ടിയിരിക്കുന്നു.

ചിത്രം കണ്ടിറങ്ങിയപ്പോൾ കടന്നുവന്ന പ്രധാനപ്പെട്ട ചിന്തയൊന്ന് ഇപ്രകാരമാണ്. അമിതാഭ് ബച്ചനെന്ന അഭിനേതാവ് എത്രയോ വർഷങ്ങൾക്ക് മുൻപ് അഭിനയം നിറുത്തുകയാണെന്ന് (ഹുദാ ഗവാ എന്ന ചിത്രത്തോടെ ആണെന്നാണ് ഓർമ്മ) ശ്രുതിയുണ്ടായിരുന്നു. അതിനുശേഷം ബ്ലാക്ക്, പാ, ചീനി കം, പീകു, ഇപ്പോൾ ദാ പിങ്കും അടക്കം എന്നിങ്ങനെ എത്രയോ മികച്ച വേഷങ്ങളാണ്  അദ്ദേഹം ചെയ്തത്. എല്ലാം അദ്ദേഹത്തിന്റെ പ്രായത്തിനനുസരിച്ചുള്ള കഥാപാത്രങ്ങളായിരുന്നു. ചീനി കം എന്ന ചിത്രത്തിൽ എഴുപതിന് മുകളിൽ പ്രായമുള്ള ഒരാളുടെ പ്രണയം അടങ്ങുന്ന കഥ വളരെ മനോഹരമായി ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. നാൽ‌പ്പത് വയസ്സുകാരുടെ വേഷങ്ങൾ മാത്രമേ ഇപ്പോഴും ചെയ്യൂ എന്ന് ശഠിക്കുന്ന നമ്മുടെ മലയാളം സൂപ്പർ താരങ്ങൾ ബച്ചനെപ്പോലെ പ്രായത്തിനനുസരിച്ചുള്ള വേഷങ്ങൾ സ്വീകരിച്ചിരുന്നെങ്കിൽ എത്രയോ മികച്ച സിനിമകളും  കഥാപാത്രങ്ങളും ബഹുമതികളും ഈ കൊച്ചുമലയാളത്തിന് കിട്ടുമായിരുന്നു.