Yearly Archives: 2020

2020 ലെ ഹർത്താൽ കണക്കുകൾ


Format - Copy
2020ൽ മൊത്തം 11 ഹർത്താലുകളാണ് സംസ്ഥാന വ്യാപകമായും പ്രാദേശികമായുമൊക്കെ കേരളത്തിൽ നടന്നത്. ഏതൊക്കെ കൂട്ടർ എത്ര ഹർത്താലുകൾക്ക് ആഹ്വാനം നൽകി എന്ന പട്ടിക താഴെ.

യു.ഡി.എഫ്. – 2 എണ്ണം
എൽ.ഡി.എഫ് – 1 എണ്ണം
സി.പി.എം. – 1 എണ്ണം
ബി.ജെ.പി. – 2 എണ്ണം
പ്രതിപക്ഷ തൊഴിലാളി സംഘടനകൾ – 2 എണ്ണം
ദളിത് സംയുക്ത സമിതി – 1 എണ്ണം
കോൺഗ്രസ്സ് ബ്ലോക്ക് കമ്മറ്റി – 1 എണ്ണം
മതമൈത്രി സമിതി – 1 എണ്ണം

കഴിഞ്ഞ വർഷങ്ങളിലെ ഹർത്താൽ കണക്കുകൾ താഴെ ചേർക്കുന്നു. ഹർത്താലുകളുടെ കാര്യത്തിൽ കേരളത്തിലുണ്ടായ അഭൂതപൂർവ്വമായ വ്യതിയാനം മനസ്സിലാക്കാൻ ആ കണക്കുകൾ തീർച്ചയായും ഉപകരിക്കും.

2017 – 120 ഹർത്താലുകൾ
2018 -  98 ഹർത്താലുകൾ
2019 -  12 ഹർത്താലുകൾ
2020 -  11 ഹർത്താലുകൾ

ഈ വർഷം കോവിഡ് കാരണം ഒരുപാട് ദിവസങ്ങൾ അടച്ചുപൂട്ടി വീട്ടിൽ ഇരിക്കേണ്ടി വന്നിട്ടും പിന്നെയും, പണിയെടുക്കാതെ തള്ളിനീക്കാൻ ഹർത്താലുകളെ ആശ്രയിച്ച കക്ഷിരാഷ്ട്രീയക്കാർക്കും അവർക്കൊപ്പം നിന്ന മലയാളികൾക്കും സത്യത്തിൽ കാര്യമായ ചികിത്സ നൽകേണ്ടിയിരിക്കുന്നു.

എന്തായാലും ഹൈക്കോടതിയുടെ കർശനമായ ഇടപെടൽ ഹർത്താലുകളെ തുരത്താൻ ഏറെ സഹായിച്ചെങ്കിലും നേരത്തേ കാലത്തേ നോട്ടീസ് കൊടുത്ത് മാത്രമേ ഹർത്താൽ നടത്താൻ പാടുള്ളൂ എന്ന കോടതി നിർദ്ദേശം കാറ്റിൽപ്പറത്തിക്കൊണ്ട് ഇപ്പോഴും മിന്നൽ ഹർത്താലുകൾ നടന്നുകൊണ്ടിരിക്കുന്നു എന്നത് വ്യസനാജനകമാണ്. ഏറ്റവും അവസാനം കാഞ്ഞങ്ങാട് നടന്ന ഹർത്താൽ തന്നെ ഇതിനുദാഹരണം.

മറ്റെല്ലാ സംസ്ഥാനങ്ങളിലും പണിമുടക്ക് ആഹ്വാനം ചെയ്യപ്പെടുമ്പോൾ അതേ പണിമുടക്ക് കേരളത്തിൽ മാത്രം ഹർത്താലായി മാറുന്നത് മലയാളിക്ക് ഇനിയും ഹർത്താൽ പ്രേമം അഥവാ ഹർത്താൽ ഭയം വിട്ടുമാറിയിട്ടില്ല എന്നതാണ് കാണിക്കുന്നത്.

അതേസമയം തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് നടക്കുന്നതുകൊണ്ട് കർഷക സമരത്തെ അനുകൂലിച്ചുകൊണ്ട് രാജ്യവ്യാപകമായി ആഹ്വാനം ചെയ്യപ്പെട്ട ഭാരത് ബന്ത് കേരളത്തിൽ മാത്രം നടന്നില്ല. ഇതിൽ നിന്ന് മനസ്സിലാക്കാൻ പറ്റുന്നത് കക്ഷിരാഷ്ട്രീയക്കാരുടെ അന്നത്തിൽ പാറ്റ വീഴുന്ന സമയങ്ങളിൽ ഹർത്താൽ നടക്കില്ലെന്നും സാധാരണക്കാരന്റെ അന്നം മുട്ടിക്കുന്ന അവസരങ്ങളിൽ ഇടം വലം നോക്കാതെ ഹർത്താലുകൾ നടത്തപ്പെടും എന്നതുമാണ്. ഈ കാപട്യം പ്രബുദ്ധരായ പൊതുജനം മനസ്സിലാക്കാത്തിടത്തോളം കാലം കക്ഷിരാഷ്ട്രീയക്കാരുടെ പാവകളായി അവർ തുള്ളിക്കൊണ്ടിരിക്കുക തന്നെ ചെയ്യും. അതിൽ നിന്ന് ജനങ്ങൾ പുറത്ത് കടക്കുന്ന കാലത്ത് കേരളത്തിലെ ഹർത്താലുകളുടെ എണ്ണം ഒരു കൈയിലെ വിരലുകളിൽ എണ്ണാവുന്നതായി മാറും. സംശയം വേണ്ട. Say No To Harthal