ദിവസം 008 – നിലമ്പൂർ തേക്ക് മ്യൂസിയം [GIE Trial]


ഴാം ദിവസം വൈകീട്ട് അഞ്ച് മണിയോടെയാണ് കോയമ്പത്തൂരിൽ എത്തിയത്. കോർപ്പറേഷൻ ബസ്സ് സ്റ്റാൻഡിന്റെ തൊട്ടടുത്തുള്ള ഹോട്ടലിൽ ഓൺലൈൻ വഴി മുറി ബുക്ക് ചെയ്തത് ബുദ്ധിമോശമായെന്ന് തോന്നാൽ പല കാരണങ്ങളുണ്ടായിരുന്നു. ഹോട്ടൽ കൺ‌മുന്നിലുണ്ടെങ്കിലും അങ്ങോട്ടുള്ള വഴി വൺ-വേ ആണ്. ആയതിനാൽ അരമണിക്കൂറോളം സമയമെടുത്തു ഹോട്ടലിന്റെ ബേസ്മെന്റ് പാർക്കിങ്ങിൽ ചെന്ന് കയറാൻ.

ആ തത്രപ്പാടിനിടയ്ക്ക് രാത്രി ഭക്ഷണം കഴിക്കാനുതകുന്ന ഭോജനശാ‍ലകൾ പലതും കണ്ടുവെച്ചിരുന്നു. അതിലൊന്നിൽ നിന്ന് അത്താഴം കഴിച്ചശേഷം എഴുത്തും വീഡിയോ എഡിറ്റിങ്ങും ആരംഭിച്ചു. പന്ത്രണ്ട് മണിയോടെ ഞങ്ങൾ രണ്ടാളും ആ ജോലികൾ തീർത്തു. എനിക്ക് ഉടനെ തന്നെ യാത്രാവിവരണം പ്രസിദ്ധീകരിക്കാൻ ആകുമെങ്കിലും വീഡിയോയുടെ കാര്യം അങ്ങനെയല്ല. സ്റ്റെബിലൈസേഷൻ, എക്സ്പോർട്ടിങ്ങ്, അപ്‌ലോഡിങ്ങ് എന്നീ പരിപാടികൾക്കായി നാലഞ്ച് മണിക്കൂറുകൾ പിന്നെയും വേണം. ഇന്റർനെറ്റിന് വേഗത കുറവാണെങ്കിൽ വീണ്ടും സമയമെടുക്കും. എന്തായാലും രാവിലെ ആയപ്പോഴേക്കും വീഡിയോ പബ്ലിഷ് ചെയ്ത് ഹോട്ടലിൽ നിന്ന് കിട്ടിയ ബ്രേക്ക് ഫാസ്റ്റ് കഴിച്ച് ഞങ്ങൾ കോയമ്പത്തൂരിനോട് വിടപറഞ്ഞു.

IMG_20190531_095410
                 വാഗമരങ്ങൾ ചുവപ്പ് പരവതാനി വിരിക്കുന്ന പാത

ആനക്കട്ടി, അഗളി, അട്ടപ്പാടി, മണ്ണാർക്കാട്, വഴി നിലമ്പൂരാണ് ലക്ഷ്യം. ആദ്യത്തെ ഏതാനും കിലോമീറ്ററുകൾ കോയമ്പത്തൂർ നഗരത്തിന്റെ തിരക്കുകളിലൂടെ തന്നെയാണ്. പിന്നീടത് പെട്ടെന്ന് വഴി തിരിഞ്ഞ് തീരെ ഗതാഗതത്തിരക്കില്ലാത്ത നല്ല ഒന്നാന്തരം റോഡിലൂടെ മുന്നേറുന്നു. ഈ പാതയുടെ ഇരുവശവും വാഗമരങ്ങൾ നിയന്ത്രണം വിട്ട്  പൂത്തുനിൽക്കുന്നു. അതിൽ നിന്ന് പൊഴിഞ്ഞ് വീഴുന്ന പൂക്കൾ ചുവന്ന പരവതാനി വിരിച്ചിരിക്കുന്നു വഴിനീളെ.  റോഡിന്റെ രണ്ട് ഭാഗത്തുമായി സഹ്യനേയും കാണാനാകുന്നുണ്ട്. സഹ്യന്റെ താഴ്വാരങ്ങളിൽ, അരൾവായ്മൊഴിയിൽ നിന്ന് മടങ്ങുമ്പോൾ കണ്ടതുപോലെ ധാരാളം ഇഷ്ടികക്കളങ്ങളുണ്ട്. ഇവിടത്തെ ഇഷ്ടികക്കളങ്ങൾക്കെല്ലാം നല്ല ഉയരത്തിൽ പുകക്കുഴലുകളുണ്ട്. മൊബൈൽ ടവറുകൾ പോലെ സ്റ്റീലിൽ തീർത്ത ആ കുഴലുകൾ മലയടിവാരത്ത് നിൽക്കുന്നത് കണ്ടപ്പോൾ പങ്കയില്ലാത്ത കാറ്റാടി യന്ത്രങ്ങളെപ്പോലെയാണ് എനിക്ക് തോന്നിയത്. ഞങ്ങളവിടെ വാഹനം നിർത്തി ധാരാളം പടങ്ങളെടുത്തു.

IMG_20190531_101533
                                  ഇഷ്ടിക്കക്കളങ്ങളുടെ പുകക്കുഴലുകൾ

അധികം മുന്നോട്ട് പോകുന്നതിന് മുന്നേ ആനക്കട്ടിയിലേക്കുള്ള കയറ്റം ആരംഭിക്കുകയായി. അവിടം മുതൽ റോഡ് കൂടുതൽ നിലവാരമുള്ളതായി മാറുകയും ചെയ്തു. അത്രയും നല്ല റോഡായിട്ടും വേഗത വർദ്ധിപ്പിക്കാൻ എനിക്ക് തോന്നിയില്ല. ഇരുവശവും അത്രയ്ക്ക് നല്ല ദൃശ്യങ്ങളാണ്. അതെല്ലാം അവഗണിച്ച് തിരക്കിട്ട് എങ്ങോട്ടാണ് ഓടിച്ച് പോകേണ്ടത് ? ഈ പാതയിൽ ഉടനീളം ആനത്താരികൾ ഉണ്ടെന്ന് ഇടയ്ക്കിടയ്ക്ക് കാണുന്ന ബോർഡുകൾ ഓർമ്മിപ്പിച്ചുകൊണ്ടേയിരിക്കുന്നു. വാഹനമോടിച്ച് കോയമ്പത്തൂർ പോകുന്ന മലയാളികൾ ഇടയ്ക്കെങ്കിലും ആനക്കട്ടി വരെയുള്ള റൂട്ടിൽ സഞ്ചരിക്കണമെന്ന് ഞാൻ ശുപാർശ ചെയ്യുന്നു.

പക്ഷേ, ആനക്കട്ടി കഴിയുന്നതോടെ റോഡ് മോശമാകുന്നു. തമിഴ്നാട് കഴിഞ്ഞ് കേരളത്തിലേക്ക് കടന്നു എന്ന് മനസ്സിലാക്കാൻ റോഡുകൾ താരത‌മ്യം ചെയ്താൽ മാത്രം മതി. മണ്ണാർകാട് വരെ ഈ റോഡിലൂടെ പോകാൻ ഞാൻ ശുപാർശ ചെയ്യുന്നില്ല. മണ്ണാർകാട് നിന്ന് ഉച്ചഭക്ഷണം കഴിച്ച് മൂന്ന് മണിയോടെ ഞങ്ങൾ നിലമ്പൂരെത്തി. തേക്ക് മ്യൂസിയം കാണുക എന്നതാണ് ലക്ഷ്യം. ഞാൻ മുൻപും തേക്ക് മ്യൂസിയം  സന്ദർശിച്ചിട്ടുണ്ടെങ്കിലും ജോഹർ ആദ്യമായിട്ടാണിവിടെ . നിലമ്പൂർ സുഹൃത്തുക്കളായ സാലിക്കും സാബൂനും നസീറിനുമൊപ്പം 2009 ലാണ് ഞാനാദ്യമായി മ്യൂസിയം സന്ദർശിച്ചത്.

Teak-Museum-Nilambur-158
                     ഇല്ലികള്‍ കമാനം തീര്‍ത്ത വഴി

ഇരുവശത്തും മുളങ്കാടുകള്‍ കാമാനാകൃതിയില്‍ വളഞ്ഞുനിന്ന് സ്വാഗതമാശംസിക്കുന്നു. മ്യൂസിയത്തിന്റെ മതില്‍ക്കെട്ടിനകത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൌകര്യം ധാരാളമുണ്ട്.
വണ്ടി പാര്‍ക്ക് ചെയ്ത് മ്യൂസിയത്തിലേക്ക് കടക്കാനുള്ള ടിക്കറ്റെടുത്ത് ഞങ്ങൾ  കെട്ടിടത്തിനകത്തേക്ക് നടന്നു. വീഡിയോ ക്യാമറയ്ക്ക് 300 രൂപ. പ്രവേശന ഫീസ് ആളൊന്നുക്ക് 50 രൂപ. പാർക്കിങ്ങിന് 25 രൂപ.  എന്നിങ്ങനെയാണ് പ്രവേശന നിരക്കുകൾ.

Teak-Museum-Nilambur-004
                                              തേക്ക് മരത്തിന്റെ വേരുപടലം

കൂറ്റനൊരു തേക്കിന്റെ പാര്‍ശ്വവേരുകളുള്‍ അടക്കമുള്ള കടഭാഗമാണ് തേക്ക് മ്യൂസിയത്തിന്റെ കെട്ടിടത്തിനുമുന്നില്‍ കാത്തുനില്‍ക്കുന്നത്. ആ വേരുപടലം നിലമ്പൂര്‍ റേഞ്ചിലെ കുരിറ്റി ബീറ്റില്‍ നിന്നുള്ളതാണ്. പ്രായമായ തേക്കിന് തായ്‌വേരുണ്ടാകില്ലെന്നും, പ്രായമാകുമ്പോള്‍ തായ്‌വേര് ശുഷ്‌ക്കിച്ച് പോകുകയും പാര്‍ശ്വവേരുകളാല്‍ സമ്പുഷ്ടമായ ഒരു വേരുപടലം ഉണ്ടാകുകയും ചെയ്യുമെന്ന് മനസ്സിലാക്കാന്‍ ആ വേരുപടലം നല്ലൊരുദാഹരണമാണ്. കെട്ടിടത്തിനകത്ത് പാദരക്ഷകൾ അനുവദിക്കുന്നില്ല. സന്ദർശകർ എല്ലാവരും തേക്കിന്റെ പാർശ്വവേരിന് ചുറ്റും ചെരിപ്പുകൾ അഴിച്ച് വെച്ച് അകത്തേക്ക് കടക്കുന്നത് കാണാം.

Teak-Museum-Nilambur-102
                              തേക്ക് മ്യൂസിയത്തിന്റെ പ്രധാന കവാടം

തേക്കില്‍ പണിതീര്‍ത്തിരിക്കുന്ന പടുകൂറ്റന്‍ ഒരു വാതിലാണ് മ്യൂസിയത്തിന്റേത്. ഒരു തേക്ക് മ്യൂസിയത്തിന്റെ അന്തസ്സിനും ആഭിജാത്യത്തിനും അലങ്കാരത്തിനുമൊക്കെ പോന്ന ഒന്നാന്തരമൊരു കവാടം തന്നെയാണത്.

മ്യൂസിയത്തിനകത്തേക്ക് കടന്നാൽ, തേക്ക് മരത്തെപ്പറ്റി നാളിതുവരെ ഒരാൾക്കുള്ള അജ്ഞതകൾ ഒരു പരിധിവരെയെങ്കിലും മാറിക്കിട്ടുമെന്ന കാര്യത്തിൽ സംശയം വേണ്ട.

തേക്ക് എന്ന ദക്ഷിണേന്ത്യന്‍ പദത്തില്‍ നിന്നുതന്നെയാണ് ടീക്ക് എന്ന ഇംഗ്ലീഷ് പദത്തിന്റെ ഉത്ഭവം. ടെക്‍റ്റോണ എന്ന ജനുസ്സില്‍പ്പെടുന്ന മരമാണ് തേക്ക്. ഗ്രീക്ക് ഭാഷയില്‍ ‘ആശാരി’ എന്ന അര്‍ത്ഥം വരുന്ന ടെക്‍റ്റണ്‍ എന്ന പദത്തില്‍ നിന്നാണ് ഈ ജനിതകനാമത്തിന്റെ ഉത്ഭവം. നമ്മുടെ നാട്ടില്‍ കാണപ്പെടുന്ന ടെക്‍റ്റൊണ ഗ്രാന്‍സിസ്, ദക്ഷിണ പൂര്‍വ്വേഷ്യന്‍ രാജ്യങ്ങളില്‍ കാണുന്ന ടെക്‍റ്റോണ ഹാമില്‍ട്ടോണിയാന, ടെക്‍റ്റോണ ഫിലിപ്പിനെന്‍സിസ് എന്നിവയാണ് തേക്ക് കുടുംബത്തിലെ പ്രധാന അംഗങ്ങള്‍.

മ്യൂസിയത്തിനകത്ത് കേരളത്തിലെ തേക്കിന്റെ ചരിത്രം മുതല്‍ തേക്ക് നട്ടുപിടിപ്പിക്കുന്നതും, മുറിച്ചെടുത്തുകൊണ്ടുപോയി ഉരുപ്പിടിയാക്കി മാറ്റുന്നതടക്കമുള്ള കാര്യങ്ങളെല്ലാം വളരെ വിശദമായി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

തേക്കിന്റെ വന്‍‌തോതിലുള്ള കയറ്റുമതി മലബാറില്‍ നിന്നുതന്നെയായിരുന്നു. ഉള്‍നാടന്‍ ജലാശയങ്ങളിലൂടെ നഗരങ്ങളിലേക്കും കടലിനപ്പുറം അറേബ്യന്‍ നാടുകളിലേക്കും തേക്ക് കയറ്റുമതി ചെയ്തിരുന്നതായി ചരിത്രരേഖകള്‍ പറയുന്നുണ്ട്. കോളനി ഭരണകാലങ്ങളില്‍ കപ്പല്‍ നിര്‍മ്മാണത്തിനാവശ്യമായ തേക്കുമരമത്രയും കിട്ടിക്കൊണ്ടിരുന്നത് സ്വാഭാവികവനങ്ങളില്‍ നിന്നായിരുന്നു. തീവണ്ടി ഗതാഗതം ആരംഭിച്ചതോടെ തേക്കിന്റെ ഉപഭോഗം കൂടിക്കൂടിവന്നു. വന്‍‌തോതിലുള്ള ഉപഭോഗം മൂലം സ്വാഭാവിക വനങ്ങളില്‍ ദുര്‍ലഭമായിത്തീര്‍ന്ന തേക്കിനെ കൃത്രിമ വനത്തോട്ടങ്ങളിലൂടെ മാത്രമേ സുലഭമാക്കാനാവൂ എന്നാദ്യം മനസ്സിലാക്കിയത് ഇംഗ്ലീഷുകാര്‍ തന്നെയായിരുന്നു.

Teak-Museum-Nilambur-089
                                 ശ്രീ തോമസ് ഹാല്‍ട്ടന്‍ ബോര്‍ഡില്ലോണ്‍

തേക്കുതോട്ടങ്ങളുടെ ചരിത്രം പറയുമ്പോള്‍ അവഗണിക്കാനാവാത്ത ഒരു പേരാണ് തോമസ് ഹാല്‍‍ട്ടന്‍ ബോര്‍ഡില്ലോണ്‍ എന്ന സായിപ്പിന്റേത്. 1891 മുതല്‍ 1909 വരെ തിരുവിതാംകൂറില്‍ വനപാലകനായി ഇദ്ദേഹം സേവനമനുഷ്ടിച്ചിരുന്നപ്പോൾ 6793 ഹെക്‍ടര്‍ സ്ഥലത്ത് തേക്ക് വെച്ചുപിടിപ്പിക്കുകയുണ്ടായി. തൈക്കുറ്റി നട്ട് തേക്ക് പിടിപ്പിക്കുന്ന രീതി ആദ്യമായി ആവിഷ്ക്കരിച്ചത് ഇദ്ദേഹമാണ്. കൊല്ലം ജില്ലയിലെ ആര്യങ്കാവ് വനപ്രദേശത്തുള്ള ബോര്‍ഡില്ലോണ്‍ ഇദ്ദേഹത്തിന്റെ സ്മരണ നിലനിര്‍ത്തുന്ന ഒരു തേക്ക് വനമാണ്.

Teak-Museum-Nilambur-014
                            116 വര്‍ഷം പഴക്കമുള്ള തേക്ക്

വള്ളുവശ്ശേരി ബീറ്റില്‍ നിന്നും മുറിച്ചെടുത്ത് കൊണ്ടുവന്ന് പ്രദര്‍ശിപ്പിച്ചിരിക്കുന്ന 116 വര്‍ഷം പഴക്കമുള്ള, 38 മീറ്റര്‍ നീളവും 3.90 മീറ്റര്‍ ചുറ്റളവുമുള്ള ഒരു തേക്ക് മരമാണ് മ്യൂസിയത്തിനകത്തെ പ്രധാനപ്പെട്ട കാഴ്ച്ചകളില്‍ ഒന്ന്. രണ്ടായി മുറിച്ചെടുത്താണ് മരം മ്യൂസിയത്തിനകത്ത് കിടത്തിയിരിക്കുന്നത്.

IMG_20190531_152507
                                മ്യൂസിയത്തിനകത്തെ മറ്റൊരു ദൃശ്യം

2 മീറ്റര്‍ അകലത്തിലാണ് തേക്ക് തൈകള്‍ നടുന്നത്. പിന്നീട് അവയുടെ വളര്‍ച്ചയ്ക്കാവശ്യമായ ഇടം ഉണ്ടാക്കുന്നതിനു വേണ്ടി ഇടമുറിക്കല്‍ നടത്തുന്നു. കേരളത്തില്‍ 50 മുതല്‍ 80 വര്‍ഷം വരെയുള്ള കാലയളവിലാണ് വിളവെടുപ്പ് നടത്തുന്നത്.

Teak-Museum-Nilambur-033
                                  തേക്കിന്റെ വേരുഭാഗത്തിന്റെ ഛേദം

1542 ല്‍ നട്ട് 452 വര്‍ഷങ്ങള്‍ക്ക് ശേഷം മുറിച്ചെടുത്ത ഒരു കൂറ്റന്‍ തേക്കിന്റെ വേരുഭാഗത്തിന്റെ നെടുകെയുള്ള ഛേദമാണ് മ്യൂസിയത്തിലെ മറ്റൊരാകര്‍ഷണം. കോട്ടയം ഫോറസ്റ്റ് ഡിവിഷനിലെ നഗരം‌പാറ റേഞ്ചിലെ കടുവാക്കുഴി എന്ന സ്ഥലത്തുനിന്നും 1994 ല്‍ മുറിച്ച് നീക്കിയപ്പോള്‍ 20.40 മീറ്റര്‍ നീളമുണ്ടായിരുന്ന ഈ മരം തലക്കോട് ഡിപ്പോയില്‍ വെച്ച് 10,84,333 രൂപയ്ക്കാണ് ലേലത്തില്‍ വിറ്റുപോയത്.

അക്‍ബര്‍ ചക്രവര്‍ത്തിയുടെ ജനനം(1542), ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിതമായത്(1600), ശിവജിയുടെ ജനനം(1627), റാണി ലക്ഷ്മീഭായിയുടെ ജനനം(1837), ഇന്ത്യയിലെ പ്രഥമ തേക്കിന്‍ തോട്ടം നിലമ്പൂരില്‍ ‍(1840), ഒന്നാം സ്വാതന്ത്രസമരം(1857), രബീന്ദ്രനാഥ ടാഗോറിന്റെ ജനനം(1861), സ്വാമി വിവേകാനന്ദന്റെ ജനനം(1863), മഹാത്മാഗാന്ധിയുടെ ജനനം(1869), ഒന്നാം ലോകമഹായുദ്ധം(1914-1918), രണ്ടാം ലോകമഹായുദ്ധം(1939-1945), ജാലിയന്‍ വാലാ ബാഗ്(1919), മാപ്പിളലഹള(1921), ദണ്ഡിയാത്ര(1930),
ഇന്ത്യൻ സ്വതന്ത്രലബ്ദ്ധി(1947), ഇന്ത്യ ചൈന യുദ്ധം(1962), കേരള വന ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിതമായത്(1975) തുടങ്ങി ഒട്ടേറേ ചരിത്രമുഹൂര്‍ത്തങ്ങള്‍ നടക്കുമ്പോള്‍ ഈ മരം വളര്‍ന്ന് വലുതായിക്കൊണ്ടിരിക്കുകയായിരുന്നു. ഇത്രയും പഴക്കമുള്ള ഒരു മരത്തിന്റെ വേര് ഭാഗം മറ്റെവിടെയെങ്കിലും കാണാന്‍ പറ്റുന്ന ഒന്നല്ല.  ചരിത്രത്തിന്റെ സാക്ഷി എന്ന പേരില്‍, മേൽ‌പ്പറഞ്ഞ ചരിത്ര വർഷങ്ങൾ എണ്ണിപ്പറഞ്ഞ് ആ വേരിന്റെ ഛേദം അവിടെ അവതരിപ്പിച്ചിരിക്കുന്നതില്‍ ഒരു അതിശയോക്തിയുമില്ല.

Teak-Museum-Nilambur-073
                              തേക്ക് തോട്ടങ്ങളിലെ വിവിധതരം ശലഭങ്ങള്‍

മണ്ണില്‍ കാണുന്ന വ്യതിയാനം, ഡ്രിപ്പ് ഇറിഗേഷന്‍ വഴിയുള്ള ജലസേചനം, വിത്ത് തരം തിരിക്കലും പാകപ്പെടുത്തലും, ചിതലുകളുടെ സഹായത്തോടെ വിത്ത് പാകപ്പെടുത്തല്‍ , തേക്കില്‍ ക്ലോണിങ്ങ് നടത്തുന്ന രീതി, ഗ്രാഫ്‌റ്റിങ്ങ്, ടിഷ്യൂ കള്‍ച്ചര്‍ , വേരുപിടിപ്പിക്കല്‍ മുതലായ കായകപ്രജനന രീതികള്‍ , ഇലപ്പുള്ളി രോഗം, ബാക്‍ടീരിയ മൂലമുള്ള വാട്ടം, റസ്റ്റ് രോഗം, പിങ്ക് രോഗം, ഹാര്‍ട്ട് റോട്ട്, എന്നിങ്ങനെ തേക്കിനെ ബാധിക്കുന്ന പ്രധാന രോഗങ്ങള്‍ , തേക്കിന്റെ പ്രധാന ശത്രുവായ ഇലതീനിപ്പുഴു, അതിന്റെ ശത്രുവായ ഷട്ട്പദങ്ങള്‍ , തണ്ടുതുരപ്പന്‍, തൈ തുരപ്പന്‍ എന്നീ വണ്ടുകള്‍ , തേക്കിന്റെ ഗുണമേന്മകള്‍ , തേക്കില്‍ കാണുന്ന വൈകല്യങ്ങളും ന്യൂനതകളും എന്നിങ്ങനെ തേക്കിനെപ്പറ്റി ഒന്നൊഴികാതെ എല്ലാ വിവരങ്ങളും പ്രദര്‍ശനങ്ങളും മ്യൂസിയത്തിലുണ്ട്.

പാലക്കാട് ജില്ലയിലെ പറമ്പിക്കുളം ഡിവിഷനിലെ തൂണിക്കടവ് റേഞ്ചിലെ 500 ല്‍ അധികം വര്‍ഷം പ്രായമുള്ള കന്നിമാറ എന്ന തേക്കുമരത്തിന്റെ ചിത്രം ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. 49 മീറ്റര്‍ ഉയരവും 7 മീറ്റര്‍ ചുറ്റളവുമുള്ള ഈ മരത്തിന് ഭാരത സര്‍ക്കാറിന്റെ മഹാവൃക്ഷപുരസ്ക്കാരം ലഭിച്ചിട്ടുണ്ട്. മുൻപൊരിക്കൽ പറമ്പികുളം സന്ദർശിച്ചപ്പോൾ ഈ തേക്കിനെ വട്ടം പിടിക്കാൻ ഞാൻ ശ്രമിച്ചിട്ടുള്ളതാണ്. വൻ‌മതിലിനെ ആലിംഗനം ചെയ്യാൻ ശ്രമിച്ചതുപോലുള്ള അനുഭവമായിരുന്നു അത്. പറമ്പികുളത്ത് പോകുന്ന ഏതൊരു സഞ്ചാരിയും ആ വൻ‌മരം സന്ദർശിക്കാതെ മടങ്ങുക പതിവല്ല.

Parambikulam-SLR-028
 കണ്ണിമാറ തേക്ക്  – മറ്റൊരു യാത്രയ്ക്കിടയില്‍ എടുത്ത ചിത്രം

ഇന്ത്യാ, മ്യാണ്‍‌മാര്‍ , ലാവോസ്, തായ്‌ലാന്റ് എന്നീ രാജ്യങ്ങളിലെ ഇലപൊഴിയും കാടുകളിലെ സ്വാഭാവിക വനങ്ങളില്‍ കണ്ടുവരുന്നതിനുപുറമേ തേക്കിന്റെ സവിശേഷതകളും വിലയുമൊക്കെ കാരണം 40ല്‍പ്പരം രാജ്യങ്ങളില്‍ കൃത്രിമ വനത്തോട്ടങ്ങളില്‍ തേക്ക് കൃഷി ചെയ്യപ്പെടുന്നുണ്ട്. സംസ്ക്കാരത്തിനും അതിര്‍ത്തികള്‍ക്കുമപ്പുറം അരുമയോടെ വളര്‍ത്തപ്പെടുന്ന ഏകമരം ഒരുപക്ഷേ തേക്ക് മാത്രമായിരിക്കും.

Teak-Museum-Nilambur-036
                            ശ്രീ വി.എച്ച്.കനോലി

തേക്കിനും, നിലമ്പൂരിനും ചരിത്രത്തില്‍ സ്ഥാനം നേടിക്കൊടുത്തത് ശ്രീ.എച്ച്.വി.കനോലി എന്നുപേരുള്ള സായിപ്പാണ്. മലബാര്‍ കളക്‍ടറായിരുന്ന ഇദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം ഫോറസ്റ്റ്‌ കണ്‍സര്‍വേറ്ററായിരുന്ന ചാത്തുമേനോന്‍ വെച്ചുപിടിപ്പിച്ച കനോലി പ്ലോട്ട് ഇന്നും നിലംബൂരിലെത്തുന്ന സഞ്ചാരികളുടെ ഒരു പ്രധാന ആകര്‍ഷണകേന്ദ്രമാണ്. ചാലിയാറിന് അപ്പുറത്തേക്ക് തൂക്കുപാലം വഴി കടന്ന് ഞാനാ പ്ലോട്ടിൽ മുൻപ് പോയിട്ടുണ്ട്.  ഞങ്ങൾ പക്ഷേ ഈ പരീക്ഷണ യാത്രയ്ക്കിടയിൽ അവിടെ പോകാൻ ഉദ്ദേശിക്കുന്നില്ല. GIE കേരളത്തിലെത്തുമ്പോൾ ഇവിടെയെല്ലാം വീണ്ടും പോകാനുള്ളതാണ്.

മ്യൂസിയത്തിനകത്തെ കാഴ്ച്ചകളും പടമെടുക്കലുമൊക്കെ കഴിഞ്ഞപ്പോൾ ഞങ്ങൾ കെട്ടിടത്തിന് പുറകിലുള്ള ജൈവ വിഭവ ഉദ്യാനത്തിലേക്ക് കടന്നു. വർഷങ്ങൾക്ക് മുൻപ് ഞാൻ കണ്ട ഉദ്യാനത്തിലെ മരങ്ങളൊക്കെ ധാരാളം വളർന്ന് സത്യത്തിൽ  അതൊരു  കാടായി മാറിയിരിക്കുന്നു.

ആദിമകാല കരസസ്യങ്ങളായി കണക്കാക്കപ്പെട്ടിരുന്ന മോസ്സുകള്‍ക്കും സസ്യലോകത്തെ തന്നെ ഏറ്റവും താഴെ തട്ടിലുള്ള പായലുകള്‍ക്കുമൊക്കെയുള്ള ഉദ്യാനങ്ങളവിടെയുണ്ട്. ഭൂമിയില്‍ ആകെ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ഓക്‍സിജന്റെ 90 %, പായലുകളില്‍ നിന്നാണെന്നുള്ള അവിശ്വസനീയമായ അറിവെനിക്ക് 10 വർഷം മുൻപ് കിട്ടിയത് ഈ ഉദ്യാനത്തിൽ നിന്നായിരുന്നു.

മരുപ്രദേശങ്ങളില്‍ വളരുന്ന ചെടികള്‍ക്കും, ഔഷധഗുണമുള്ള സസ്യങ്ങള്‍ക്കും, പന്നല്‍ച്ചെടികള്‍ക്കുമൊക്കെയായി വെവ്വേറെ ഗൃഹങ്ങള്‍ തന്നെ ഇവിടെയുണ്ട്. 180ല്‍പ്പരം ഔഷധ സസ്യങ്ങളാണിവിടെയുള്ളത്. ഇതിനൊക്കെപ്പുറമെ എതൊരാളെയും വല്ലാതെ ആകര്‍ഷിക്കാൻ സാദ്ധ്യതയുള്ളത് ഇവിടത്തെ ശലഭങ്ങളുടെ ഉദ്യാനമാണ്. കേരളത്തിലെ തന്നെ ആദ്യത്തെ ശലഭോദ്യാനമാണിത്. ചിത്രശലഭങ്ങളും അവയുടെ പ്രാരംഭ ദശയായ ലാര്‍വ്വകളും ഭക്ഷിക്കുന്ന പ്രത്യേകയിനം ആഹാരസസ്യങ്ങൾ നട്ടുവളര്‍ത്തി ചിത്രശലഭങ്ങളെ ആകര്‍ഷിക്കുകയും അവയെ അവിടത്തന്നെ ജീവിക്കാന്‍ പ്രേരിപ്പിക്കുകയുമാണ് ഈ ഉദ്യാനത്തില്‍ ചെയ്തിട്ടുള്ളത്. ഓരോ ചിത്രശലഭത്തിന്റേയും ലാര്‍വ്വയ്ക്ക് അവ ഭക്ഷിക്കുന്ന ചില പ്രത്യേകയിനം ആഹാരസസ്യങ്ങളുണ്ട്. ചിത്രശലഭങ്ങളാകട്ടെ പൂക്കളില്‍ നിന്ന് തേനും, നന്നായി പഴുത്ത പഴങ്ങളില്‍ നിന്നോ മറ്റു സസ്യങ്ങളിൽ നിന്നോയുള്ള ശ്രവങ്ങളുമാണ് ഭക്ഷിക്കുക. ചെറുനാരകം, വാക, ഈശ്വരമൂലി, കറിവേപ്പില എന്നീ സസ്യങ്ങള്‍ ലാര്‍വ്വകള്‍ക്ക് ആഹാരമാകുമ്പോള്‍, കിങ്ങിണി, ചെണ്ടുമല്ലി, സീനിയ എന്നിവയുടെ തേനാണ് ചിത്രശലഭത്തിന്റെ ആഹാരം. തെച്ചി, മുസാണ്ട എന്നീ സസ്യങ്ങള്‍ ശലഭങ്ങളുടേയും ലാര്‍വ്വകളുടേയും ആഹാരമാകാറുണ്ട്.

IMG_20190531_161830
                                                           ഉദ്യാനക്കാഴ്ച്ചകൾ
IMG_20190531_162057
                                                           ഉദ്യാനക്കാഴ്ച്ചകൾ

ശലഭോദ്യാനവും ഒരുപാട് മാറിയിരിക്കുന്നു. 10 വർഷത്തിനുള്ളിൽ അപാരമായ വളർച്ചയുണ്ടായിരിക്കുന്നു ഉദ്യാനത്തിന്. പലതരം ശലഭങ്ങളുടെ വിഹാരകേന്ദ്രമാണത്.  ഇങ്ങനെ ശലഭങ്ങള്‍ക്ക് വളരാനാവശ്യമായ ഒരു അന്തരീക്ഷം നമ്മുടെ തൊടിയിലും ഉദ്യാനത്തിലുമൊക്കെ ഉണ്ടാക്കിയെടുക്കാന്‍ പറ്റിയാല്‍, സ്വന്തം പൂന്തോട്ടവും ശലഭങ്ങളുടെ പറുദീസയാക്കി മാറ്റാന്‍ പറ്റുമെന്ന കാര്യത്തിൽ സംശയം വേണ്ട.

ജോഹർ ആ ഉദ്യാനത്തിന്റെ പടങ്ങളെടുത്ത് കുഴഞ്ഞുപോകുമെന്നെനിക്ക് തോന്നി. കുറേയധികം പടങ്ങൾ ഞാനുമെടുത്തു. ക്യാമറ എങ്ങനെ പിടിച്ചാലും ഒരു ഗംഭീര ഫ്രെയിം ആണ് ഉദ്യാനം സമ്മാനിക്കുന്നത്.

IMG_20190531_162718
                                                              ഉദ്യാനക്കാഴ്ച്ചകൾ
IMG_20190531_155549
                                                              ഉദ്യാനക്കാഴ്ച്ചകൾ

GIE ഇങ്ങെത്തുമ്പോൾ ഒരു മുഴുവൻ ദിവസം ചിലവഴിച്ച് കുറേക്കൂടെ വിശദമായി ഈ ഉദ്യാനം പകർത്താമെന്ന ധാരണയിലും ഉറപ്പിലും ഞങ്ങൾ ഉദ്യാനത്തിൽ നിന്ന് വെളിയിൽ കടന്ന് വാഹനം പാർക്ക് ചെയ്തിരിക്കുന്നയിടത്തേക്ക് നടന്നു. വൈകീട്ട് അഞ്ച് മണിക്ക് തേക്ക് മ്യൂസിയത്തിലെ സന്ദർശന സമയം അവസാനിക്കുകയാണ്. ഞങ്ങൾക്ക് ഇന്ന് രാത്രി തങ്ങാനുള്ള സത്രത്തിന്റെ കാര്യം ഏർപ്പാടായിട്ടുണ്ട്. വാഹനം അങ്ങോട്ട് നീങ്ങി.

കാര്യമായ പ്രശ്നങ്ങളില്ലാതെയാണ് ഈ രണ്ട് ദിവസവും കടന്നുപോയതെന്ന കാര്യം സന്തോഷമുളവാക്കുന്നുണ്ട്. ഞങ്ങൾ GIEന് യോഗ്യരായിക്കൊണ്ടിരിക്കുകയാണ്. പക്ഷെ ടെന്റടിച്ചുള്ള താമസം ഇതുവരെ സാദ്ധ്യമായിട്ടില്ല. നാളെ അതൊന്ന് പരീക്ഷിക്കുക തന്നെ വേണം.

——————————————————————————————–
തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
ഈ യാത്രയുടെ വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
ഇതിന്റെ ഇംഗ്ലീഷ് പരിഭാഷ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
ഈ യാത്രയുടെ ശബ്ദരേഖ കേൾക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Comments

comments

One thought on “ ദിവസം 008 – നിലമ്പൂർ തേക്ക് മ്യൂസിയം [GIE Trial]

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>